“എന്ത് കൊണ്ട്?” (Why?) ചോദ്യങ്ങളെ ഭയപ്പെടുന്നവർ!
Philosophy v/s science: which can answer the big questions of life?
“തത്ത്വചിന്ത v/s ശാസ്ത്രം: ജീവിതത്തിൻ്റെ വലിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്നത് ഇവയിൽ ഏതിന്?”
എന്നാണ് The Guardian നിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു സംവാദ അവലോകനത്തിൻ്റെ തലക്കെട്ട് ! ശാസ്ത്രവും ഫിലോസഫിയും തമ്മിൽ ഒരു താത്വികയുദ്ധം നടക്കുന്നുണ്ടൊ?
തീർച്ചയായും ഇല്ല. കാരണം ഫിലോസഫിയാണ് ശാസ്ത്രത്തിൻ്റെ അടിത്തറ. ശാസ്ത്രീയ രീതി (scientific method) നിലകൊള്ളുന്നത് തന്നെ ഫിലോസഫിയുടെ മടിയിലാണ്. ശാസ്ത്രത്തിൻ്റെ തത്ത്വശാസ്ത്രം (philosophy of science) എന്ന വിജ്ഞാന ശാഖ തന്നെ ശാസ്ത്രീയ രീതിയുടെ സ്രോതസ്സും മാർഗങ്ങളുമാണല്ലൊ കൈകാര്യം ചെയ്യുന്നത്. തത്ത്വശാസ്ത്രവും ഗണിതവും ഇല്ലെങ്കിൽ ശാസ്ത്രമില്ല.
പിന്നെ എന്നു മുതലാണ് “തത്ത്വചിന്ത v/s ശാസ്ത്രം” സംവാദങ്ങൾ ആരംഭിച്ചത് ?! നവനാസ്തികർ ശാസ്ത്ര കുത്തക വാദിക്കാനാരംഭിച്ചപ്പോളാണ് ഈ പ്രവണത മൊട്ടിട്ടത്. ശാസ്ത്രീയ രീതിയും (scientific method), ശാസ്ത്രത്തിൻ്റെ തത്ത്വശാസ്ത്രവും (philosophy of science), ഇൻ്റക്ഷനും (induction), ഡിഡക്ഷനും (deduction) ഒന്നും അറിയാത്തവർ സയൻ്റിസം (Scientism*) തങ്ങളുടെ അഭിനവ “മത”മായി സ്വീകരിച്ചതോടെ ഫിലോസഫിക്കെതിരെയുള്ള യുദ്ധവും കൊടുമ്പിരി കൊണ്ടു.
(*ശാസ്ത്രവും ശാസ്ത്രീയ രീതിയുമാണ് ലോകത്തെയും യാഥാർത്ഥ്യത്തെയും കുറിച്ച് സത്യം അവതരിപ്പിക്കാനുള്ള ഏക മാർഗമെന്നും യാഥാർത്ഥ്യവും മനുഷ്യൻ്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കുമുളള ഉത്തരം ശാസ്ത്രം മാത്രമാണെന്നുമുള്ള വിശ്വാസമാണ് ശാസ്ത്രവാദം Scientism: https://bigthink.com/13-8/science-vs-scientism/)
സയൻ്റിസം സ്വമേധയാ ഒരു ഫിലോസഫിയാണെന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. ഏതായാലും മതത്തിന് പിന്നാലെ നവനാസ്തികർ ഫിലോസഫിയേയും ആക്രമിക്കാനാരംഭിച്ച് നാളിത്തിരിയായി. അതിന് ഫിലോസഫി എന്ത് പിഴച്ചു ?! എന്ന ചോദ്യത്തിനുളള ഉത്തരമിവയാണ്:
1) ശാസ്ത്രം പിന്തുടരുന്നത് “എങ്ങനെ ?” (How ?) എന്ന ചോദ്യത്തെയാണെങ്കിൽ ഫിലോസഫി ഉത്തരമന്വേഷിക്കുന്ന മുഖ്യ ചോദ്യം “എന്തു കൊണ്ട്?” (Why?) എന്നതാണ്. ജീവിതത്തിൻ്റെയും പ്രപഞ്ചത്തിൻ്റെയും യാഥാർത്ഥ്യത്തിൻ്റെയും (Reality) അർത്ഥവും ലക്ഷ്യവും -മതത്തെ പോലെ- ഫിലോസഫിയും അന്വേഷിക്കുന്നു.
2) അർത്ഥവും ലക്ഷ്യവും ഉണ്ടായാൽ തുടർന്ന് ജീവിതത്തിനും പ്രപഞ്ചത്തിനും അസ്തിത്വങ്ങൾക്കും ധർമ്മവും ദൗത്യവും ഉണ്ടെന്ന് സ്ഥാപിതമാവുന്നു, അഥവാ ധാർമ്മികതയെ കുറിച്ച അന്വേഷണത്തിന് -മതത്തെ പോലെ – ഫിലോസഫിയും തുടക്കം കുറിക്കുന്നു.
ഈ അന്വേഷണം ആരംഭിച്ചാൽ അവ ഒടുങ്ങുക ദൈവത്തിലും മതത്തിലും ആണെന്ന് നാസ്തികൻ തിരിച്ചറിയുന്നു. അപ്പോൾ ദൈവത്തിൻ്റെയും മതത്തിൻ്റെയും സത്യതയെ തെളിയിക്കാനുള്ള അന്തർലീന ശക്തിയുള്ള ഒരു മതേതര വിജ്ഞാന ശാഖയാണ് ഫിലോസഫി എന്ന് അവൻ വിശ്വസിക്കുന്നു. ഇത് നാസ്തിക ആശയങ്ങളുടെ ചരിത്രപരമായ തകർച്ചകളുടെ തനിയാവർത്തനമാണ്. ഈ അപകടത്തെ ചെറുക്കാൻ രണ്ടു നിർദ്ദേശങ്ങൾ നവനാസ്തികർ മുന്നോട്ട് വെക്കുന്നു.
1. ശാസ്ത്രം പിന്തുടരുന്ന ” എങ്ങനെ ?” (How ?) ചോദ്യങ്ങൾ മാത്രമെ മനുഷ്യർ ചോദിക്കാവൂ. ജീവിതത്തിൻ്റെയും പ്രപഞ്ചത്തിൻ്റെയും യാഥാർത്ഥ്യത്തിൻ്റെയും (Reality) അർത്ഥവും ലക്ഷ്യവും അന്വേഷിക്കുന്ന “എന്തു കൊണ്ട്?” (Why?) ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല.
2. ശാസ്ത്രം പിന്തുടരുന്ന “എങ്ങനെ ?” (How ?) ചോദ്യങ്ങളിലൂടെയും അവയുടെ ഉത്തരങ്ങളിലൂടെയും മാത്രം, ജീവിതത്തിൻ്റെയും പ്രപഞ്ചത്തിൻ്റെയും യാഥാർത്ഥ്യത്തിൻ്റെയും (Reality) അർത്ഥവും ലക്ഷ്യവും അന്വേഷിക്കുന്ന “എന്തു കൊണ്ട്?” (Why?) ചോദ്യങ്ങൾ ഉത്തരം നൽകാൻ സാധിക്കും !!
ഈ രണ്ട് വിദണ്ഡ വാദങ്ങളിൽ ഒന്നാമത്തേതാണ് “തത്ത്വചിന്ത v/s ശാസ്ത്രം” സംവാദങ്ങളുടെ കാരണം. “ശാസ്ത്രമാണ് അഖിലസാരമൂഴിയിൽ ശാസ്ത്ര സാരമിഹ സത്യമേകമാം മോഹനം ഭുവനസംഗമിങ്ങതില്‍ ശാസ്ത്രമൂലമമലേ! വെടിഞ്ഞു ഞാന്‍” എന്ന് നവനാസ്തികൻ നീട്ടിയങ്ങ് പാടുന്നു.
ശാസ്ത്രവായ്ക്ക് എതിർവാ ഇല്ലാത്ത ആധുനിക മതമായി അവർ ശാസ്ത്രത്തെ പൂജിക്കുന്നു. അതു കൊണ്ട് തന്നെ ശാസ്ത്രത്തിൻ്റെതല്ലാത്ത വല്ല മേഖലയുണ്ടെങ്കിൽ അവയെല്ലാം വ്യർത്ഥ വിജ്ഞാനങ്ങളാണ്. ശാസ്ത്രത്തിന് ഉത്തരമില്ലാത്ത വല്ല ചോദ്യങ്ങളുമുണ്ടെങ്കിൽ അവ അടിച്ചമർത്തപ്പെടണം. പരിഹസിച്ചു തള്ളണം. രാഷ്ട്രീയ സ്വാധീനവും ഒത്തു വന്നാൽ ബലവും പ്രയോഗിച്ച് തമസ്കരിക്കണം. ചുരുക്കി പറഞ്ഞാൽ ശാസ്ത്രത്തിൻ്റെ മറവിൽ നാസ്തികത വിറ്റ് ജീവിക്കുന്ന “പൗരോഹിത്യം.”
മതം പറഞ്ഞ് മനുഷ്യരെ ചൂഷണം ചെയ്യാൻ സാധിക്കില്ലെന്ന് കണ്ട ചില പണ്ഡിതർ മതത്തിൻ്റെ കുത്തക ആദ്യം വിശ്വാസികളിൽ നിന്നും അപഹരിച്ചു. എന്നിട്ട് തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് മതത്തിന് സദൃശ്യമായ ഒരു ചൂഷണ മൂർത്തി നിർമ്മിച്ചു. അതാണല്ലൊ പൗരോഹിത്യം. പിന്നീട് മതം എന്നത്, പൗരോഹിത്യം പറയുന്ന കാര്യങ്ങളാണെന്ന് മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു. പൗരോഹിത്യത്തിന് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തമസ്കരിക്കപ്പെട്ടു. പൗരോഹിത്യത്തിന് എതിരായ നിലപാടുകൾ മത വിരുദ്ധതയായി കുറ്റപ്പെടുത്തി. മതത്തിൻ്റെ പൗരോഹിത്യ (വിഡ്ഢി) വ്യാഖ്യാനങ്ങൾക്ക് എതിരായി വരുന്ന സർവ്വ വിജ്ഞാന ശാഖകളെയും – ശാസ്ത്രമടക്കം – മതവിരുദ്ധമായി അവമതിച്ചു. ഇതാണ് “മതം v ശാസ്ത്രം” സംവാദങ്ങൾക്ക് ആരംഭ കാരണമായത്; അല്ലാതെ മതമല്ല.
നവനാസ്തികർ ശാസ്ത്രത്തെ ചുറ്റിപ്പടരുന്ന “പൗരോഹിത്യ” ഇത്തിക്കണ്ണികളാണ്. ശാസ്ത്രം പറഞ്ഞ് മനുഷ്യരെ ചൂഷണം ചെയ്യാൻ സാധിക്കില്ലെന്ന് കണ്ട ചില നവനാസ്തികർ ശാസ്ത്രത്തിൻ്റെ കുത്തക ആദ്യം മനുഷ്യരിൽ നിന്നും ഹൈജാക് ചെയ്തു. എന്നിട്ട് തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് ശാസ്ത്രത്തിന് സദൃശ്യമായ ഒരു ചൂഷണ മൂർത്തി നിർമ്മിച്ചു. പിന്നീട് ശാസ്ത്രം എന്നത്, നവനാസ്തിക പൗരോഹിത്യം പറയുന്ന കാര്യങ്ങളാണെന്ന് ശാസ്ത്ര കുതുകികളെ തെറ്റിദ്ധരിപ്പിച്ചു. നാസ്തികർക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തമസ്കരിക്കപ്പെട്ടു. നാസ്തികർക്ക് എതിരായ നിലപാടുകൾ ശാസ്ത്ര വിരുദ്ധതയായി കുറ്റപ്പെടുത്തി. ശാസ്ത്രത്തിൻ്റെ പൗരോഹിത്യ (വിഡ്ഢി) വ്യാഖ്യാനങ്ങൾക്ക് എതിരായി വരുന്ന സർവ്വ വിജ്ഞാന ശാഖകളെയും – ഫിലോസഫിയടക്കം – ശാസ്ത്രവിരുദ്ധമായി അവമതിച്ചു.
ഇതാണ് “തത്ത്വചിന്ത v/s ശാസ്ത്രം” സംവാദങ്ങൾക്ക് ആരംഭ കാരണമായത്; അല്ലാതെ ശാസ്ത്രമല്ല.
ശാസ്ത്രത്തെ മതവൽകരിക്കുക, സർവ്വതിനുമുള്ള ഉത്തരമായി സമഗ്രവൽക്കരിക്കുക, മറ്റു വിജ്ഞാന സ്രോതസ്സുകളെയും ശാഖകളെയും ഇല്ലാതാക്കാൻ പരിശ്രമിക്കുക, ചുരുങ്ങിയ പക്ഷം, അവ അപ്രസക്തമായ മേഖലകളായി ഒതുക്കുക… തുടങ്ങിയ കുത്സിത ശ്രമങ്ങൾ സമൂഹത്തിൽ സജീവമായി നടക്കുന്നുണ്ട്. നവനാസ്തിക പുരോഹിതരുടെ ഈ അതിരു തിക്കലിന് ‘mission creep’ എന്നാണ് വിശ്രുത തത്ത്വചിന്തകർ നൽകുന്ന നാമം.
ശാസ്ത്രം ഒരു പ്രകൃതിശാസ്‌ത്രം (natural science) അല്ലെങ്കിൽ നിശ്ചിതശാസ്ത്രമാണ് (positive science). അഥവാ അവയുടെ ലക്ഷ്യം വിവരണാത്മകമായ (descriptive) വിവരങ്ങൾ നൽകൽ മാത്രമാണ്.
അതേ സമയം, ധർമ്മശാസ്‌ത്രം (Ethics), സൗന്ദ്രര്യശാസ്‌ത്രം (aesthetics) എന്നിവ ആദർശാത്മകമായ ശാസ്ത്രങ്ങൾ (normative science) ആണ്. അഥവാ അവയുടെ ലക്ഷ്യം നിർദ്ദേശാത്മകമായ (prescriptive) വിവരങ്ങൾ നൽകലാണ്. മതം, ഫിലോസഫി, കല, സാഹിത്യം തുടങ്ങിയവ ഭാഗികമായി normative science കൾ ആണ്.
natural science അല്ലെങ്കിൽ positive science ആയത് കൊണ്ട് തന്നെ, ജീവിതം, ലോകം, പ്രപഞ്ചം, യാഥാർത്ഥ്യം എന്നിവ “എന്താണ് ” (What is) എന്ന് വിവരിക്കുക (descriptive) മാത്രമെ ശാസ്ത്രം ചെയ്യുകയുള്ളു. എന്നാൽ ജീവിതം, ലോകം, പ്രപഞ്ചം, യാഥാർത്ഥ്യം
“എന്തായിരിക്കണമെന്ന്” (What ought to) നിർദ്ദേശിക്കാൻ (prescriptive) ശാസ്ത്രത്തിന് കഴിയില്ല.
ധർമ്മശാസ്‌ത്രം (Ethics), സൗന്ദര്യശാസ്‌ത്രം (aesthetics) എന്നിവ ആദർശാത്മകമായ ശാസ്ത്രങ്ങൾ (normative science) ആയത് കൊണ്ട് തന്നെ ജീവിതം, ലോകം, പ്രപഞ്ചം, യാഥാർത്ഥ്യം തുടങ്ങിയവ “എന്തായിരിക്കണമെന്ന്” (What ought to) നിർദ്ദേശിക്കാൻ (prescriptive) ആദർശാത്മകമായ ശാസ്ത്രങ്ങൾക്ക് കഴിയുന്നു; മതവും ഫിലോസഫിയും അതിനാൽ തന്നെ -ഭാഗികമായെങ്കിലും – ആദർശാത്മകമായ ശാസ്ത്രങ്ങൾ (normative science) ആണ്.
(ETHICS: SLM, MA PHILOSOPHY SNGOU, https://brainly.in/question/59564608)
വ്യത്യസ്ത വിജ്ഞാന ശാഖകളുടെ ഈ വ്യതിരിക്തമായ സവിശേഷത പക്ഷെ, നാസ്തിക പൗരോഹിത്യത്തിന് അംഗീകരിക്കാൻ കഴിയില്ല. അംഗീകരിച്ചാൽ തങ്ങളുടെ ശാസ്ത്ര കുത്തകാവകാശ വാദവും ശാസ്ത്ര സമഗ്രതാ വാദവും തകർന്ന് തരിപ്പണമാവും. അതു കൊണ്ട്
1. ആദർശാത്മകമായ ശാസ്ത്രങ്ങളെ (normative science) എല്ലാം ഇല്ലാതാക്കുക.
(വൈകാതെ, സൗന്ദര്യശാസ്‌ത്രത്തെയും (aesthetics) നാസ്തിക പൗരോഹിത്യം വിമർശിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ തന്നെ, കലയെയും സാഹിത്യത്തെയും പുച്ഛഭാവത്തോടെ കൈകാര്യം ചെയ്യൽ ഈ നാസ്തിക പുരോഹിതരുടെ സ്വഭാവമാണ്.)
2. അല്ലെങ്കിൽ പ്രകൃതിശാസ്‌ത്രത്തിന് (natural science), ആദർശാത്മകമായ ശാസ്ത്രങ്ങളുടെ (normative science) പണിയെടുക്കാൻ കഴിയുമെന്ന് പെരും നുണ പ്രചരിപ്പിക്കുക. സാം ഹാരിസും മൈക്കൽ ഷെർമറുമെല്ലാം ഈ വിഭാഗത്തിൽ പെടുന്നു.
ജീവിതം, ലോകം, പ്രപഞ്ചം, യാഥാർത്ഥ്യം തുടങ്ങിയവക്ക് അർത്ഥവും വ്യാപ്തിയും ലക്ഷ്യവും വരുമ്പോൾ/ സങ്കൽപ്പിക്കുമ്പോളാണ് ആദർശാത്മകമായ ശാസ്ത്രങ്ങൾക്ക് (normative science) പ്രസക്തി ഉദിക്കുന്നത്. അതു കൊണ്ട് തന്നെ, “അർത്ഥം” അന്വേഷിക്കുന്നതും “എന്ത് കൊണ്ട് ?” (Why) എന്ന് ചോദിക്കുന്നതും നാസ്തിക പുരോഹിതർക്ക് പേടിയാണ്.
“തത്ത്വചിന്ത v/s ശാസ്ത്രം: ജീവിതത്തിൻ്റെ വലിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്നത് ഇവയിൽ ഏതിന്?”
എന്ന വിഷയത്തിൽ, സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും നാസ്തിക “പുരോഹിത”നുമായ ലോറൻസ് ക്രോസും, തത്ത്വചിന്തകൻ ജൂലിയൻ ബഗ്ഗിനിയും തമ്മിൽ നടന്ന വാദപ്രതിവാദത്തിൽ ലോറൻസ് ക്രോസ് നടത്തിയ ഒരു പ്രസ്‌താവന ശ്രദ്ധിക്കൂ:
“എന്തുകൊണ്ട്” (why ?) ചോദ്യങ്ങൾ യഥാർത്ഥത്തിൽ “എങ്ങനെ” (How ?) ചോദ്യങ്ങളാണ്, എല്ലാ “എന്തുകൊണ്ട്” ചോദ്യങ്ങൾക്കും അർത്ഥമില്ലെന്ന് നിങ്ങൾ സമ്മതിക്കുമോ? കാരണം “എന്തുകൊണ്ട്” (why ?) ചോദ്യങ്ങൾക്ക് അടിസ്ഥാനമില്ലാതിരിക്കാൻ ഇടയുണ്ട്. കാരണം “എന്തുകൊണ്ട്” (why ?) ചോദ്യങ്ങൾ “ഉദ്ദേശ്യം” (purpose) എന്ന ഒന്ന് ഉണ്ടെന്ന് നിഗമിക്കുന്നു?”
(https://www.google.com/amp/s/amp.theguardian.com/science/2012/sep/09/science-philosophy-debate-julian-baggini-lawrence-krauss)
അർത്ഥവും വ്യാപ്തിയും ലക്ഷ്യവുമൊന്നും മനുഷ്യനും പ്രകൃതിക്കും ജീവിതത്തിനും പ്രപഞ്ചത്തിനുമൊക്കെ അന്വേഷിക്കുന്നത് തന്നെ നാസ്തിക പൗരോഹിത്യത്തിന് അരോചകമാണ്. അക്കാരണത്താൽ തന്നെ ഫിലോസഫിയെ അവർ വെറുക്കുന്നു. ഞങ്ങൾക്കറിയാത്ത ചോദ്യങ്ങൾ വിഡ്ഢിത്തങ്ങളാണ്. തങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന, “എന്ത് കൊണ്ട് ” (Why?) ചോദ്യങ്ങൾ ചോദിക്കരുത്.
പ്രമുഖ നാസ്തിക “പുരോഹിത”നായ റിച്ചാർഡ് ഡോക്കിൻസ് എഴുതുന്നതും മറിച്ചല്ല:
“ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടോ. നമ്മൾ എന്തിനുവേണ്ടിയാണ്? എന്താണ് മനുഷ്യൻ?” ഈ ചോദ്യങ്ങൾ പ്രസ്‌താവിച്ചതിന് ശേഷം, പ്രശസ്ത ജന്തുശാസ്ത്രജ്ഞനായ ജി.ജി. സിംപ്സൺ ഇപ്രകാരം ചോദ്യങ്ങളോട് പ്രതികരിച്ചു:
“1859-ന് (പരിണാമ സിദ്ധാന്തത്തിന്റെ ഉൽഭവത്തിന്) മുമ്പ് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നടന്ന എല്ലാ ശ്രമങ്ങളും വില കെട്ടതാണ്. ഈ ചോദ്യങ്ങൾ പൂർണ്ണമായും അവഗണിക്കുകയാണെങ്കിൽ അതാണ് നമുക്ക് കൂടുതൽ മെച്ചപ്പെട്ടത് എന്നതാണ് യാഥാർത്ഥ്യം.”
(The Selfish gene: Richard Dawkins)
“നമ്മളും മറ്റെല്ലാ മൃഗങ്ങളും നമ്മുടെ ജീനുകളാൽ സൃഷ്ടിക്കപ്പെട്ട യന്ത്രങ്ങളാണ് എന്നതാണ് ഈ പുസ്തകത്തിന്റെ വാദം.”
(The Selfish gene: Richard Dawkins)
“ഡി.എൻ.എ (DNA) ക്ക് ഒന്നും വിഷയമല്ല. അവ ഒന്നും അറിയുന്നുമില്ല. ഡി.എൻ.എ വെറുതെയങ്ങ് നിലനിൽക്കുന്നു. നമ്മൾ അതിൻ്റെ സംഗീതത്തിൽ നിരർത്ഥകമായി നൃത്തം ചെയ്യുന്നു.”
(Richard Dawkins, River Out of Eden: A Darwinian View of Life)
മുൻവിധിയോടെ പ്രപഞ്ചത്തെ പഠിക്കുന്നത് ശാസ്ത്രവിരുദ്ധമാണെന്ന് പ്രഘോഷിക്കുന്നവർ തന്നെ പ്രപഞ്ചത്തിന് “നിരർത്ഥകത” കാലേകൂട്ടി നിഗമിക്കുന്നതെങ്ങനെ? എന്ന ചോദ്യം പ്രസക്തമാണ്. എങ്കിലും പൗരോഹിത്യത്തിനെതിരായ blasphemy യാണത്.
“ആധുനിക പരിണാമ ജീവശാസ്‌ത്രം ഉച്ചത്തിലും പച്ചയായും പ്രസ്‌താവിക്കുന്ന യാഥാർത്ഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തി എന്റെ വീക്ഷണങ്ങൾ ഞാൻ ഇവിടെ സംഗ്രഹിക്കട്ടെ, ഇവ അടിസ്ഥാനപരമായി ഡാർവിന്റെ വീക്ഷണങ്ങളാണെന്ന് ഞാൻ പറയുന്നു. ദൈവങ്ങളില്ല, ഏതെങ്കിലും തരത്തിലുള്ള ലക്ഷ്യബോധമുള്ള ശക്തികളില്ല, മരണാനന്തര ജീവിതമില്ല. ഞാൻ മരിക്കുമ്പോൾ, ഞാൻ പൂർണ്ണമായും മരിക്കാൻ പോകുകയാണെന്ന് എനിക്ക് തീർത്തും ഉറപ്പുണ്ട്. അത്രയെ ഉള്ളു കാര്യം- അത് എന്റെ സമ്പൂർണമായ അവസാനമായിരിക്കും. ധാർമ്മികതയ്ക്ക് ആത്യന്തികമായ അടിത്തറയില്ല, ജീവിതത്തിന് ആത്യന്തിക അർത്ഥമില്ല, മനുഷ്യർക്ക് സ്വതന്ത്ര ഇച്ഛാശക്തിയുമില്ല.”
(Darwinism: Science or Naturalistic Philosophy? The Debate at Stanford University, William B. Provine (Cornell University) and Phillip E. Johnson (University of California, Berkeley), videorecording © 1994 Regents of the University of California.)
ശാസ്ത്ര തത്ത്വചിന്തകനായ മൈക്കൽ റൂസ് പറയുന്നു:
“ആധുനിക പരിണാമവാദിയുടെ നിലപാട്, മനുഷ്യർക്ക് ധാർമ്മികതയെക്കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കുന്നത് ജൈവിക മൂല്യത്തെക്കുറിച്ചുള്ള അവബോധത്തിൽ നിന്നാണ്. ധാർമ്മികത (നന്മ-തിന്മ Good- Evil) എന്നത് കൈകളും കാലുകളും പല്ലുകളും പോലെയുള്ള ജൈവിക അനുരൂപീകരണമാണ്. വസ്തുനിഷ്ഠമായ ഒരു കാര്യത്തെക്കുറിച്ചുള്ള യുക്തിസഹമായി ന്യായീകരിക്കാവുന്ന അവകാശവാദമായി കണക്കാക്കപ്പെടുന്നു എങ്കിലും, ധാർമ്മികത (നന്മ-തിന്മ Good- Evil) മിഥ്യയാണ്. ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’ എന്ന് ആരെങ്കിലും പറയുമ്പോൾ ഞാൻ അയാളെ അഭിനന്ദിക്കുന്നു… എന്നിരുന്നാലും, അത്തരം പരാമർശം അടിസ്ഥാനരഹിതമാണ്. ധാർമ്മികത നിലനിൽപ്പിനും പ്രത്യുൽപാദനത്തിനുമുള്ള ഒരു സഹായം മാത്രമാണ്… നന്മ-തിന്മകൾക്ക് (Good- Evil) നൽകപ്പെടുന്ന ഏത് ആഴത്തിലുള്ള അർത്ഥവും (യാഥാർത്ഥ്യമില്ലാത്ത) മായയാണ്.”
(Evolutionary theory and Christian ethics: 262, 268)
Philosophy under attack
“തത്ത്വചിന്ത ആക്രമിക്കപ്പെടുന്നു…”
എന്ന ലേഖനവും നവനാസ്തികരായ ഭൗതികശാസ്ത്രജ്ഞരുടെ തത്ത്വചിന്താ വിധ്വേഷത്തെ തുറന്ന് കാട്ടുന്നുണ്ട്.
“ഒന്നുമില്ലായ്മക്ക് പകരം എന്തെങ്കിലും എന്ന അവസ്ഥ എന്തു കൊണ്ട് ഉണ്ടായി? ഒന്നും ഇല്ലാതിരിക്കാമായിരുന്നില്ലെ?!”
പ്രപഞ്ചം, ജീവൻ, യാഥാർത്ഥ്യം എന്തിനുണ്ടായി ? ഒന്നും ഇല്ലാതിരിക്കാമായിരുന്നില്ലെ?! എന്തെങ്കിലും ഉണ്ടായി എങ്കിൽ അവ എന്തിന് ? എന്ത് കൊണ്ട് ഉണ്ടായി?”
why there is something rather than nothing?
ഈ ചോദ്യം ഫിലോസഫി കാലാകാലങ്ങളായി അന്വേഷിക്കുന്ന, ചർച്ച ചെയ്യുന്ന, “ഉത്തരങ്ങൾ” പറയാൻ ശ്രമിച്ച അടിസ്ഥാനപരമായ ചോദ്യമാണ്.
ശാസ്ത്രമേഖലയിലുള്ള നവനാസ്തികർ ഈ ആദർശാത്മകമായ അന്വേഷണത്തെ ഹൈജാക് ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. “ഒന്നുമില്ലായ്മക്ക് പകരം എന്തെങ്കിലും ഉണ്ടാകാനുള്ള കാരണം അവ ഉണ്ടായ യാന്ത്രികമായ പ്രക്രിയ (Mechanism) മാത്രമാണ്.” എന്നാണ് നാസ്തികമതം . അഥവാ “എങ്ങനെ ഉണ്ടായി ?” എന്നതാണ് “എന്തു കൊണ്ട് ഉണ്ടായി ?” എന്ന ചോദ്യത്തിന് ഉത്തരം എന്നാണ് നവനാസ്തിക വിശ്വാസം. അഥവാ, സൈക്കിൾ എന്തു കൊണ്ട് ഉണ്ടായി? എന്ന ചോദ്യത്തിനുത്തരം, “സൈക്കിളിൻ്റെ പെഡൽ ചവിട്ടുമ്പോൾ ചെയിൻ തിരിയുന്നു, ചെയിൻ ബന്ധിപ്പിച്ച ടയർ കറങ്ങുന്നു, അപ്പോൾ സൈക്കിൾ ചലിക്കുന്നു” എന്നാണ് !!
ഈ വിചിത്രമായ ഉത്തരം പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്ന ഒരു രചനയാണ്, 2012 പ്രസിദ്ധീകരിക്കപ്പെട്ട ലോറൻസ് ക്രൗസിൻ്റെ A universe from nothing (ഒന്നുമില്ലായ്മയിൽ നിന്ന് പ്രപഞ്ചം)
എന്ന പുസ്തകം.
ഈ വിചിത്രവും അബദ്ധജഡിലവുമായ അവലോകനം മതവിശ്വാസികളേക്കാൾ ചൊടിപ്പിച്ചത് നാസ്തികരായ തത്ത്വ ചിന്തകരെയാണ്. ഈ അസ്ഥാനത്തുള്ള ശാസ്ത്രവൽക്കരണത്തെ, ഭൗതികശാസ്ത്രത്തിലെ തത്ത്വചിന്തകനായ (philosopher of physics) ഡേവിഡ് ആൽബർട്ട് വിമർശനാത്മകമായി അവലോകനം ചെയ്തു. വൈജ്ഞാനിക കുത്തകാവകാശവും എതിർവാ ഇല്ലാത്ത തിരുവാ അവകാശവും സ്വയം കൈയ്യാളിയ നവനാസ്തിക പൗരോഹിത്യം ഉറഞ്ഞു തുള്ളി. ശാസ്ത്ര തത്ത്വചിന്തകരെ “മൂഢ തത്ത്വ ചിന്തകർ” (moronic philosopher) എന്ന് മുദ്രകുത്തി.
2010-ൽ, “തത്ത്വചിന്ത മരിച്ചു” (philosophy is dead) എന്ന് സ്റ്റീഫൻ ഹോക്കിംഗ് പ്രഖ്യാപിക്കുകയുണ്ടായി എന്നതും ഇതിനോട് ചേർത്ത് വായിക്കണം.
(https://theconversation.com/philosophy-under-attack-lawrence-krauss-and-the-new-denialism-12181#:~:text=Not%20everyone%20liked%20Krauss’%20answer,and%20philosophy%20doesn’t%E2%80%9D.)
“ദൈവം മരിച്ചു” (God is dead) എന്ന് പ്രഖ്യാപിച്ച് ദൈവത്തെ ഫ്രെഡ്രിക് നീച്ച കൊല്ലാൻ ശ്രമിച്ചതിന് ശേഷം, നാളുകൾക്കിപ്പുറം ഫിലോസഫിയെ കൊല്ലാനുളള ഭഗീരഥ പ്രയത്നത്തിലാണ് നവനാസ്തികർ എന്ന് വ്യക്തം.
Blackboard Rumble: Why Are Physicists Hating On Philosophy (and Philosophers)?
“എന്തുകൊണ്ടാണ് ഭൗതികശാസ്ത്രജ്ഞർ തത്ത്വചിന്തയെ (തത്ത്വചിന്തകരെയും) വെറുക്കുന്നത്?” എന്ന ലേഖനവും നവനാസ്തികരായ ഭൗതിക ശാസ്ത്രജ്ഞരിൽ പുതുതായി ഉറവ പൊട്ടിയ തത്ത്വചിന്താ വിരുദ്ധതയെയാണ് തുറന്നുകാട്ടുന്നത്.
അമേരിക്കയിലെ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും നാസ്തികനുമായ ലിയോനാർഡ് സസ്കിൻഡും തത്ത്വശാസ്ത്രത്തെ ആക്രമിക്കുന്നതിൽ മുമ്പിൽ തന്നെ നിലകൊള്ളുന്നു.
സസ്കിൻഡും ക്രൗസും തത്ത്വചിന്തയോടുള്ള തങ്ങളുടെ നിരാകരണ മനോഭാവത്തിൽ മഹാനായ റിച്ചാർഡ് ഫെയ്ൻമാനെ പിന്തുടരുകയാണെന്ന് സ്വയം വിശ്വസിക്കുന്നു. തത്ത്വചിന്തയെ നിന്ദിച്ച മറ്റൊരു നാസ്തികനായ ഭൗതികശാസ്ത്രജ്ഞനാണ് റിച്ചാർഡ് ഫെയ്ൻമാൻ.
(https://www.npr.org/sections/13.7/2012/05/01/151752815/blackboard-rumble-why-are-physicists-hating-on-philosophy-and-philosophers)
തത്ത്വചിന്തക്കെതിരെയുള്ള ഈ കടന്നാക്രമണം മനുഷ്യൻ്റെ ധൈഷണിക അഭിനിവേഷത്തെ ചങ്ങലക്കിടലാണ്.
“എന്തുകൊണ്ട്?” (why?) ചോദ്യങ്ങളെ നിഷേധിക്കുക എന്നാൽ വൈവിധ്യമായ വൈജ്ഞാനിക മാനങ്ങളെ, ഏകമാനമാക്കി ചുരുക്കുകയാണ്. ഇത് ഒരു വിജ്ഞാന കുതുകിയുടെ വിശേഷണമല്ല.
മനുഷ്യൻ്റെ ഉള്ളിലെ അന്വേഷണങ്ങളിൽ ഏറ്റവും വലിയ, അടിസ്ഥാനപരമായ ചോദ്യമാണ് “എന്തുകൊണ്ട്?” (why?). അർത്ഥവും ലക്ഷ്യവും, ജലവും പോഷകവും പോലെ മനുഷ്യജീവൻ്റെ അവിഭാജ്യ ഘടകങ്ങളാണ്. അവ വർജിക്കുന്നതും നിഷേധിക്കുന്നതും ആത്മഹത്യാപരവും അന്ധതയുമാണ്. ശാസ്ത്ര സാങ്കേതികവിദ്യയുടെ ഭൗതികമായ സുസാദ്ധ്യതകളിലും ജഡികമായ സൗഖ്യങ്ങളിലും മനുഷ്യൻ സമ്പൂർണ്ണനും സംതൃപ്തനുമാവുന്നുണ്ടൊ? ഇല്ല എങ്കിൽ അവക്കെല്ലാം അതീതവും കൂടുതൽ മൗലികവുമായ ചില മാനങ്ങൾ മനുഷ്യാസ്തിത്വത്തിനും നിലനിൽപ്പിനും ഉണ്ടെന്നല്ലെ അതിനർത്ഥം?! അത് എന്താണെന്ന് അടുത്തതായി നമ്മുക്ക് പരിശോധിക്കാം.
No comments yet.