കൗണ്ടറിൽ എനിക്കൊപ്പമിരുന്ന് ജോലി ചെയ്തിരുന്ന സ്വദേശി പൗരൻ പെട്ടെന്ന് ഒരു വാക്ക് പോലും പറയാതെ ഓഫീസിൽ നിന്ന് പുറത്തേക്ക് പോയി. എന്തെങ്കിലും അത്യാവശ്യത്തിന് പോയ തായിരിക്കും എന്ന് ഞാനും കരുതി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും മടങ്ങിവരാതായപ്പോൾ വിളിച്ച് നോക്കി ഫോൺ എടുക്കുന്നില്ല. ഏകദേശം വൈകുന്നേരമായപ്പോൾ മടങ്ങി വന്നു പുഞ്ചിരിച്ച മുഖവുമായി. ഞാൻ കുറച്ച് ഗൗരവമായി തന്നെ ശകാരിച്ച് കൊണ്ട് ചോദിച്ചു. ഇതൊരൊഫീസാണെന്ന് നിനക്ക് ധാരണയില്ലെ? ഇവിടെ ചില മര്യാദകൾ പാലിക്കണമെന്ന് നിനക്ക് അറിയില്ലെ? എന്ത് കൊണ്ട് ഓഫീസ് സമയത്ത് നീ പുറത്ത് പോയപ്പോൾ അനുവാദം ചോദിച്ചില്ല? അങ്ങനെ കുറെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവൻ മറുപടി നൽകി. എന്നെ എന്റെ ഉമ്മാ വിളിച്ചിട്ട് അത്യാവശ്യമായി കാണണമെന്നും ഉമ്മാക്ക് എന്നിൽ നിന്നും എന്തോ സഹായം വേണം എന്നും പറഞ്ഞപ്പോൾ എനിക്ക് എത്രയും വേഗം ഉമ്മയുടെ അടുത്ത് എത്തണം എന്ന് തോന്നി. ഉമ്മയുടെ അടുക്കൽ എത്താൻ എനിക്ക് ഒരുപാധിയും കാരണമായിരുന്നില്ല . കാരണം ഈ ദുനിയാവിൽ എനിക്ക് ഒന്നാമത്തെ പരിഗണന എന്റെ മാതാവാണ്. ഓഫീസും, പൈസയും, ജോലിയും എല്ലാം അതിനു ശേഷമേ ഉള്ളു. അത് കൊണ്ട് ഈ കാര്യത്തിൽ നിനക്ക് എന്ത് നടപടിയും സ്വീകരിക്കാം.
ഹൊ, എന്ത് നടപടി സ്വീകരിക്കാൻ? ഒരിക്കലും പ്രതീക്ഷിക്കാത്ത അവന്റെ മറുപടിയിൽ മാതാവിനോടുള്ള ആ തീവ്ര സ്നേഹത്തിന്റെ, ആദരവിന്റെ, ബഹുമാനത്തിന്റെ മുന്നിൽ എന്ത് നടപടി. പണത്തിനും, പദവിക്കും, അംഗീകാരത്തിനും മാതാപിതാക്കൾ ഒരു തടസ്സമായാൽ കണ്ണിൽ കാണുന്ന വൃദ്ധസദനങ്ങളിൽ ഏൽപിച്ച് തടി തപ്പുന്നവർ ഏറി വരുന്ന ഈ കാലത്ത് മാതാവിന്റെ വിളികേട്ടപാതി അവർക്ക് നന്മ ചെയ്യാൻ ഓടിക്കിതച്ച് പോയ അവനോട് എന്ത് നടപടി. ബഹുമാനം മാത്രം.
ശരിയല്ലെ അവൻ പറഞ്ഞത്. കണ്ണുതുറന്നു ഭൂമിയുടെ വെട്ടം കാണും മുൻപേ നാം ആദ്യം അറിയുന്ന അനുഭവമാണ് നമ്മുടെ മാതാവ്. നാം കുഞ്ഞായിരുന്നപ്പോൾ, പിച്ചവെച്ച് തുടങ്ങിയപ്പോൾ നമ്മുടെ ഓരോ കാലടികളും കരുതലോടെ നോക്കി കണ്ട രണ്ടു കണ്ണുകളുണ്ടായിരുന്നു നമ്മുടെ ഉമ്മയുടെ കണ്ണുകൾ. പറമ്പിലും പാടത്തും നാം ഓടിക്കളിച്ച് തുടങ്ങിയപ്പോൾ ആ കണ്ണുകളും നമുക്കൊപ്പം പറന്നുവന്നിരുന്നു. ഒരുനാൾ നമ്മൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ നമ്മുടെ കണ്ണിൽ നിന്ന് ഉമ്മ മറഞ്ഞാലും ആ ഉമ്മയുടെ കണ്ണുകൾ പ്രാർത്ഥനയായി കാത്തു നിന്നിരുന്നു. പിന്നെ വളർന്ന് വലുതായി നാം ദൂരേക്ക് പറന്ന് പോയപ്പോഴും അദൃശ്യമായി ആ കണ്ണുകൾ നമ്മെ പിന്തുടർന്നിരുന്നു.
നന്മയുടെ വെളിച്ചം പരത്തുന്ന മിഴികളുള്ള ആ ഉമ്മാക്ക് നന്മ ചെയ്യണമെന്ന് ശക്തമായി ഉപദേശിക്കുന്ന ഖുർആൻ വചനങ്ങൾ അനുസരിക്കുന്ന ഏതൊരാൾക്കും തന്റെ മാതാവിന്റെ ആവശ്യം പിന്തിക്കാൻ പറ്റില്ല. ആയതിനാൽ നമുക്കും സ്നേഹിക്കാം നമ്മുടെ ഉമ്മയെ ഉപാധികളില്ലാതെ.
പരിശുദ്ധ ഖുർആന്റെ ശക്തമായ ഈ ഉപദേശങ്ങൾ തന്നെയായിരിക്കും ഖുർആനിക ശാസനകൾക്കനുസരിച്ച് ജീവിതം നയിക്കുന്ന സമൂഹങ്ങൾക്കിടയിൽനിന്ന് വൃദ്ധസദനങ്ങളെ ഇല്ലാതാക്കുന്നത്.
മാതാപിതാക്കൾക്ക് നന്മ ചെയ്യുവാനുള്ള ഖുർആനിക വചനവും പ്രവാചകാദ്ധ്യാപനവും.
وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا
മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. ക്ലേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ. (സൂറത്ത് 46: ആയത്ത്: 15)
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا
നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് “ഛെ” എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക (സൂറത്ത് 17: ആയത്ത്: 23)
അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ പ്രവാചകന്റെ അടുത്ത് വന്ന് ചോദിച്ചു. പ്രവാചകരേ ഞാൻ നന്നായി സഹവസിക്കാൻ ഏറ്റവും കടമയുള്ളത് ആരോടാണ്. അവിടുന്ന് അരുളി: നിന്റെ ഉമ്മയോട്. അയാൾ വീണ്ടും ചോദിച്ചു പിന്നെ ആരോടാണ്. നിന്റെ ഉമ്മയോട്. അയാൾ വീണ്ടും ചോദിച്ചു പിന്നെ ആരോടാണ് അവിടുന്ന് അരുളി: നിന്റെ ഉമ്മയോട്. അയാൾ വീണ്ടും ചോദിച്ചു പിന്നെ ആരോടാണ് നിന്റെ ഉപ്പയോട് (മുത്തഫഖുൻ അലൈഹി)
വായനക്കിടയിൽ അറിയാതെ ആ പാസായകാല ഓർമ്മകൾ പുതുക്കി
ഉമ്മക്കൊരുമ്മ നൽകാൻ ആഗ്രഹിച്ചു പോയ്…
നന്ദി