“نْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: “يَدْخُلُ الْجَنَّةَ أَقْوَامٌ أَفْئِدَتُهُمْ مِثْلُ أَفْئِدَةِ الطَّيْرِ”
അബൂ ഹുറയ്റയിൽ – رضي الله عنه – നിന്ന്: നബി ﷺ പറഞ്ഞു: “ഒരു കൂട്ടം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കും, അവരുടെ മനസുകൾ പക്ഷികളുടെ മനസുകൾ പോലെയാണ്.” (സ്വഹീഹു മുസ്‌ലിം)
ഒരിക്കലും വറ്റാത്ത സ്വർഗീയ അനുഗ്രഹങ്ങളെ മോഹിച്ച് അതിലേക്ക് പരിശ്രമിച്ച് കഴിയുന്നവനാണ് സത്യവിശ്വാസി. അല്ലാഹുവിന്റെ കരുണാകടാക്ഷത്തിനായി ഒരു സത്യവിശ്വാസി ഈ ലോകത്ത് സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നു.
മുകളിലെ തിരുവചനത്തിലൂടെ നബി ﷺ സ്വർഗത്തിൽ പ്രവേശിക്കുന്ന ഒരു കൂട്ടം ആളുകളെ സംബന്ധിച്ച് അറിയിക്കുകയാണ്. (ഒരു കൂട്ടം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്, അവരുടെ മനസുകൾ പക്ഷികളുടെ മനസുകൾ പോലെയാണ്.)
ഈ വചനത്തിൽ നിന്നും വിശ്വാസി ഹൃദയങ്ങൾക്ക് ആവേശവും ഉന്മേഷവുമേകുന്ന ഒരു പാട് കാര്യങ്ങൾ ഗ്രഹിക്കാനാകും.
ഒന്നാമതയി; വിശ്വാസിയുടെ മനസ് നിർമ്മല മനസ്:
വിശ്വാസിയുടെ മനസ് നൈർമല്യതയിലും ദൗർബല്യതയിലും പക്ഷികളുടേത് പോലെയാണന്ന് ചില മുഹദ്ദിസുകൾ അഭിപ്രായപ്പെടുന്നു. കാരണം അലിവും ദയയും കാരുണ്യവുമെല്ലാം വിശ്വാസിയുടെ സ്വഭാവ ഗുണങ്ങളിൽ പെട്ടതാണല്ലോ. അല്ലാഹുവിന്റെ തിരുദൂതന്റെ ﷺ സ്വഭാവ സവിശേഷതകളിൽ ഈ പ്രത്യേകത നിറഞ്ഞു നിന്നിരുന്നതായി നമുക്ക് കാണാം, തിരുമേനി ﷺ അവിടുന്ന് ധാരാളം അലിവും കാരുണ്യവും അനുകമ്പയമൊക്കെയുള്ളവരായിരുന്നു.
അല്ലാഹു പറയുന്നു:
فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ
(നബിയേ) എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നിമിത്തം നീ അവരോട് സൗമ്യമായിരിക്കുന്നു. [സൗമ്യമായിവര്‍ത്തിക്കുന്നു.] നീ ഒരു പരുഷ സ്വഭാവിയും, കഠിന ഹൃദയനുമായിരുന്നെങ്കില്‍, അവര്‍ നിന്റെ ചുറ്റുപാടില്‍ നിന്ന് വേറിട്ടുപോകുക തന്നെ ചെയ്യുമായിരുന്നു. (3:159)
അലിവിന്റെയും കാരുണ്യത്തിന്റേയും വ്യാപ്തി തിരുവചനങ്ങളിൽ തന്നെ സുവ്യക്തമാണ്.
“ജനങ്ങളോട് ദയ കാണിക്കാത്തവർക്ക് അല്ലാഹുവും ദയ കാണിക്കുകയില്ല” (ബുഖാരി) എന്നും “ഭൂമിയിലുള്ളവരോട് മുഴുവൻ നിങ്ങൾ ദയ കാണിക്കുക. ആകാശത്തുള്ളവർ നിങ്ങളോട് ദയ കാണിക്കും” (തിർമിദി) എന്നും പറഞ്ഞിടത്ത് അല്ലാഹുവിന്റെ പ്രവാചകൻ ﷺ കരുണയുടെ ചക്രവാളം മുഴുവൻ ചരാചരങ്ങൾക്കുമായി തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്. അവിടെ വിശ്വാസികളെന്നോ ധിക്കാരികളെന്നോ വിവേചനമില്ല; മനുഷ്യനെന്നോ മൃഗമെന്നോ ഉള്ള തരം തിരിവില്ല. അതു കൊണ്ടാണല്ലോ ‘വിശന്നു നാവു നീട്ടി മണ്ണു നക്കുന്ന നായയ്ക്ക് വെള്ളം കൊടുത്ത ഒരു മോശം സ്ത്രീക്ക് അല്ലാഹു പൊറുത്തു കൊടുത്തെന്നും’, ‘ഭക്ഷണം കൊടുക്കാതെ പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ടു കൊന്ന ഒരു സ്ത്രീ അക്കാരണത്താൽ തന്നെ നരകത്തിൽ കടക്കുമെന്നും'(ബുഖാരി: 9, മുസ്‌ലിം: 159) അവിടുന്ന് അനുയായികളോട് പറഞ്ഞു കൊടുത്തത്.
ഒരിക്കൽ ഒരു യാത്രയിൽ തിരുനബിയുടെ ﷺ അനുയായികൾ രണ്ടു പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ടു വന്നു. ഉടനെ തള്ളപ്പക്ഷി പറന്നുവന്ന് അവരുടെ മുമ്പിൽ നിന്ന് ചിറകിട്ടടിക്കാൻ തുടങ്ങി. ഇതു കണ്ട തിരുദൂതൻ ﷺ അവരോടു പറഞ്ഞു: “ആരാണീ തള്ളപ്പക്ഷിയെ നോവിക്കുന്നത്?. അതിന്റെ കുഞ്ഞുങ്ങളെ അതിനു മടക്കിക്കൊടുക്കൂ”. മറ്റൊരിക്കൽ ഒരൊട്ടകം തിരുനബിയെ കാണാനിടയായി. നിറഞ്ഞ കണ്ണുകളുമായി അത് അരുമയോടെ നബിയുടെﷺ മുമ്പിൽ വന്ന് നിന്നു: അവിടുന്നതിനെ തടവി സമാധാനിപ്പിച്ചു. “ആരുടേതാണ് ഈ ഒട്ടകം?” അവിടുന്ന് വിളിച്ചു ചോദിച്ചു. അപ്പോൾ അരു അൻസാരിയായ യുവാവ് “അല്ലാഹുവിന്റെ പ്രവാചകരേ, അതെന്റേതാണ്” എന്നു പറഞ്ഞുകൊണ്ട് അങ്ങോട്ട് ചെന്നു. തിരുനബി ﷺ അയാളെ ഇങ്ങനെ ഉപദേശിച്ചു. “അല്ലാഹു നിന്റെ ഉടമയിലാക്കിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തിൽ നിനക്ക് അല്ലാഹുവിനെ അനുസരിച്ചു കൂടെ?. നീ അതിനെ വേദനിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതെന്നോട് വേവലാതി പറഞ്ഞിട്ടുണ്ട്” (ബുഖാരി).
മറ്റൊരു സംഭവം: അനസിൽ (റ) നിന്ന്: അദ്ദേഹം പറഞ്ഞു: ഞാൻ നബി ﷺ യോടൊപ്പം നടക്കുകയായിരുന്നു. റസൂലിൻറെ ﷺ മേൽ വശങ്ങൾ പരുക്കനായ നജ്റാനി പുതപ്പ് ഉണ്ടായിരുന്നു. അപ്പോൾ ഒരു ഗ്രാമീണൻ വന്ന് വളരെ ശക്തമായി ആ പുതപ്പ് വലിച്ചു, ഞാൻ റസൂലിൻറെ ﷺ പിരടി ഭാഗം നോക്കിയപ്പോൾ അയാളുടെ ശക്തമായ വലി കാരണം പുതപ്പിന്റെ വശങ്ങൾ കൊണ്ട് അവിടെ അടയാളം വീണിരുന്നു. പിന്നെ (ഗ്രാമീണൻ) പറഞ്ഞു: നിന്റെ അടുത്തുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്ന് എനിക്ക് കൽപിക്ക്. റസൂൽ ﷺ അയാളിലേക്ക് തിരിഞ്ഞ് നോക്കി ചിരിച്ചു. പിന്നെ അയാൾക്ക് ഒരു സമ്മാനം കൊടുക്കാൻ കൽപിച്ചു. (ബുഖാരി, മുസ്‌ലിം)
ഇവിടെ റസൂലിന്റെﷺ സൗമ്യതയും, ക്ഷമയും, സഹിഷ്ണുതയും കാണാം. അവിടെ പ്രതികാരം ചെയ്യാൻ റസൂൽ ﷺ ചിന്തിച്ചത് പോലുമില്ലായെന്നത് അവിടുത്തെ മനസിന്റെ നൈർമല്യതയെ കൂടിയാണ് എടുത്തു കാണിക്കുന്നത്. പുഞ്ചിരിയോടെ അയാൾക്ക് സമ്മാനം കൊടുക്കാനാണല്ലോ തിരുദൂതൻ ﷺ കൽപിക്കുകയുണ്ടായത്.
വിശന്ന് കരയുന്ന പക്ഷികുഞ്ഞുങ്ങൾക്ക് തള്ളപ്പക്ഷികൾ ഭക്ഷണം നൽകുന്നതും അവയുടെ ചിറകിൻ കീഴിലൊതുക്കി സംരക്ഷിക്കുന്നതും എത്രമാത്രം കൗതുകത്തോടെയും അത്ഭുതത്തോടെയും നാം നോക്കി നിന്നിട്ടുണ്ട്. സ്വർഗ പ്രവേശം സാധ്യമാകുന്ന വിശ്വാസിയുടെ ഹൃദയവും അതു പോലൊയെക്കെയാണ്.
രണ്ടാമതായി; വിശ്വാസിയുടെ മനസ് ഭയമുള്ള മനസ്:
ഭീതിയിലും ആദിയിലും അവ പക്ഷികളുടെ മനസുകൾ പോലെയാണ്. മറ്റു ജീവികളെ അപേക്ഷിച്ച് പക്ഷികൾ കൂടുതൽ പേടിയും ഭീതിയുമുള്ളവയാണല്ലോ. നമ്മുടെ പരിസരങ്ങളിൽ തന്നെ എത്രയോ ജീവജാലങ്ങളിൽ ഏറെ ഭയവിഹ്വലയായി ചിറകടിച്ച് പാറുന്ന പറവകളെയാണ് നാം കൂടുതലും കാണുന്നത്. ഭയവും ഭീതിയും നിറഞ്ഞ മനസാണ് ഒരു വിശ്വാസിയിലും കാണാൻ കഴിയുക. യഥാർത്ഥ വിശ്വാസിയുടെ വിശേഷണങ്ങളിൽ അല്ലാഹു എടുത്തു പറയുന്ന കാര്യം നോക്കൂ:
(إِنَّمَا یَخۡشَى ٱللَّهَ مِنۡ عِبَادِهِ ٱلۡعُلَمَـٰۤؤُا۟ۗ إِنَّ ٱللَّهَ عَزِیزٌ غَفُورٌ) [سورة فاطر 28]
“അല്ലാഹുവെ ഭയപ്പെടുന്നത് അവന്‍റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു”.
ഇവിടെ അറിവുകൊണ്ടുദ്ദേശിക്കുന്നത് നബിമാരുടെ അറിവുകളും അവര്‍ സമുദായത്തിനു പ്രബോധനംചെയ്ത വിജ്ഞാനങ്ങളുമാണ്. ഒരു സന്ദര്‍ഭത്തില്‍ നബി ﷺ നടത്തിയ ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറയുകയുണ്ടായി: (…..അല്ലാഹുവാണെ സത്യം! ഞാന്‍ അല്ലാഹുവിനെക്കുറിച്ച് അവരെക്കാള്‍ അറിയുന്നവനും, അവരെക്കാള്‍ കഠിനമായി അവനെ ഭയപ്പെടുന്നവനുമാണ്. (ബുഖാരി, മുസ്‌ലിം). അല്ലാഹുവിനെക്കുറിച്ചു ഏറ്റവും അറിവുള്ള ആള്‍ നബിﷺയാണെന്നതിനാലാണ്, അവനെക്കുറിച്ചു അവിടുത്തേക്കു കൂടുതല്‍ ഭയമുണ്ടായതെന്ന് പ്രസ്താവിച്ചത്. അല്ലാഹുവിനെക്കുറിച്ചുള്ള അറിവിന്റെ ഏറ്റക്കുറവനുസരിച്ച് ഭയപ്പാടിലും വ്യത്യാസം വരുമെന്നും ഇതില്‍നിന്നും മനസ്സിലാകുകയും ചെയ്യാം. മറ്റൊരിക്കല്‍ – ഒരു പ്രസംഗത്തില്‍ തന്നെ – തിരുമേനി ﷺ പറഞ്ഞു: (എനിക്കു അറിയാവുന്നതു നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ നിങ്ങള്‍ അല്‍പം ചിരിക്കുകയും ധാരാളം കരയുകയും ചെയ്യുമായിരുന്നു (ബുഖാരി, മുസ്‌ലിം). അല്ലാഹുവിന്റെ സ്മരണയും ഭയപ്പാടും പ്രദാനം ചെയ്യുന്ന അറിവു ലഭിക്കുവാനുള്ള ഒരു പ്രധാന മാര്‍ഗ്ഗം വിശുദ്ധ ഖുര്‍ആനാണ്.
സ്വർഗ പ്രവേശം സാധ്യമാകുന്ന വിശ്വാസിയുടെ ഹൃദയം അല്ലാഹുവിന്റെ ശിക്ഷാ നടപടികളെ സംബന്ധിച്ച് ഭയപ്പാടോടെയിരിക്കുന്നവയാണ്. അതുമാത്രമല്ല വിശാസി സദാസമയവും തന്റെ വിശ്വാസങ്ങളും ആചാരങ്ങളും ആരാധനകളും അല്ലെങ്കിൽ സ്വീകാര്യമാകുമോ എന്ന ഭയത്തിലായിരിക്കുമെന്നാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്.
وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ
തങ്ങള്‍ (വല്ലവര്‍ക്കും) കൊടുക്കുന്നതിനെ – അവര്‍ തങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവരാണ് എന്നതിനാല്‍ – ഹൃദയങ്ങള്‍ നടുങ്ങുന്നവരായിക്കൊണ്ട് കൊടുക്കുന്നവരും;- (23:60)
ആര്‍ക്കെങ്കിലും, വല്ലതും കൊടുക്കുമ്പോള്‍, തങ്ങളുടെ പക്കല്‍ വല്ലതരത്തിലുള്ള വീഴ്ചയോ കുറവോ വന്നു പോയിട്ടുണ്ടോ, അല്ലാഹുവിങ്കല്‍ അതു സ്വീകരിക്കപ്പെടാതിരിക്കുവാന്‍ കാരണമാക്കുന്ന വല്ല ന്യൂനതയും വന്നുപോയിട്ടുണ്ടോ എന്നിങ്ങനെയുള്ള നടുക്കവും പേടിയുമാണ് ‘ഹൃദയങ്ങള്‍ നടുങ്ങിയവരായിക്കൊണ്ട് കൊടുക്കുക’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം.
പക്ഷികളുടെ മനസുകളോടുള്ള ഉപമ അങ്ങനെയും വിശദീകരിച്ച ചില പണ്ഡിതന്മാരുണ്ട്.
മൂന്നാമതായി; വിശ്വാസിയുടെ മനസ് അല്ലാഹുവിൽ ഭരമേൽപിക്കുന്ന മനസ്:
പ്രസ്തുത നബിവചനം കൊണ്ടുള്ള വിവക്ഷ അവർ (സ്വർഗപ്രവേശം സാധ്യമാവുന്ന ആ കൂട്ടർ) പക്ഷികളെ പോലെ അല്ലാഹുവിൽ ഭരമേൽപിച്ച് കഴിയുന്നവരാണെന്നാണ്. ഒട്ടിയ വയറുമായി പ്രഭാതത്തിൽ കൂടു വിട്ടിറങ്ങുന്ന പക്ഷികൾ നിറവയറുമായാണ് സന്ധ്യക്ക് കൂടണയുന്നത്. അവ മരുഭൂമികളിൽ ആയാൽ പോലും അങ്ങനെയാണെന്നോർക്കണം.
{قال رسول الله ﷺ: لو أنكم تتوكلون على الله حق توكله لرزقكم كما يرزق الطير، تغدو خماصاً، وتروح بطاناً}
“അല്ലാഹുവിന്റെ തിരുദൂതൻ ﷺ പറഞ്ഞു: തിരുനിശ്ചയം നിങ്ങൾ ഭരമേൽപ്പിക്കും വിധം അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവരാണെങ്കിൽ ഒരു പക്ഷിക്ക് ഉപജീവനം നൽകുന്ന പോലെ അവൻ നിങ്ങൾക്കും ഉപജീവനം നൽകുന്നതാണ്, ഒട്ടിയ വയറുമായി അവ പ്രഭാതത്തിൽ കൂട് വിട്ടിറങ്ങുന്നു, സന്ധ്യയിൽ നിറവയറുമായി അവ കൂടുകളിലേക്കെത്തിച്ചേരുന്നു.”
സത്യവിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട, വളരെ പ്രധാനപ്പെട്ട ഒരു സ്വഭാവമാണ് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക എന്നുള്ളത്.
സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിക്കുമ്പോള്‍ അല്ലാഹു അവരുടെ ഒരു ഗുണമായിക്കൊണ്ട് പറഞ്ഞിട്ടുള്ളത് അവർ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നവരെന്നാണ്.
ﺇِﻧَّﻤَﺎ ٱﻟْﻤُﺆْﻣِﻨُﻮﻥَ ٱﻟَّﺬِﻳﻦَ ﺇِﺫَا ﺫُﻛِﺮَ ٱﻟﻠَّﻪُ ﻭَﺟِﻠَﺖْ ﻗُﻠُﻮﺑُﻬُﻢْ ﻭَﺇِﺫَا ﺗُﻠِﻴَﺖْ ﻋَﻠَﻴْﻬِﻢْ ءَاﻳَٰﺘُﻪُۥ ﺯَاﺩَﺗْﻬُﻢْ ﺇِﻳﻤَٰﻨًﺎ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ
അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. (8 :2)
തവക്കുല്‍ കര്‍മ്മങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല. മനുഷ്യനോട് ഓരോ രംഗത്തും ചെയ്യാന്‍ കല്പിച്ചത് അവന്റെ പരമാവധി കഴിവ് ഉപയോഗിച്ചു അവന്‍ നിര്‍വ്വഹിക്കണം. കൂടെ അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനയും തവക്കുലും വേണം. മനുഷ്യര്‍ ചെയ്യാനുള്ളത് കഴിവിന്റെ പരമാവധി ചെയ്യുകയും ബാക്കി മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിലേക്ക് വിടുകയും ചെയ്യണം.
ഒരിക്കല്‍ പ്രവാചകനെ സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ തന്റെ ഒട്ടകത്തില്‍ നിന്നിറങ്ങിയ ശേഷം അതിനെ അഴിച്ചുവിടാന്‍ ഉദ്ദേശിച്ചുകൊണ്ട് പ്രവാചകനോട് ചോദിച്ചു: ഞാനിതിനെ കെട്ടിയിട്ടാണോ തവക്കുല്‍ ചെയ്യേണ്ടത്, അതോ അഴിച്ച് വിട്ട് തവക്കുല്‍ ചെയ്യണമോ? നബി ﷺ പറഞ്ഞു: ആദ്യം ഒട്ടകത്തെ കെട്ടുക, പിന്നെ തവക്കുല്‍ ചെയ്യുക (ഇബ്‌നു ഹിബ്ബാന്‍).
പ്രവാചകന്‍മാർ അവരുടെ ജീവിതത്തിന്റെ എല്ലാ രംഗത്തും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നവ൪ ആയിരുന്നു.
ﻭَﻣَﺎ ﻟَﻨَﺎٓ ﺃَﻻَّ ﻧَﺘَﻮَﻛَّﻞَ ﻋَﻠَﻰ ٱﻟﻠَّﻪِ ﻭَﻗَﺪْ ﻫَﺪَﻯٰﻧَﺎ ﺳُﺒُﻠَﻨَﺎ ۚ ﻭَﻟَﻨَﺼْﺒِﺮَﻥَّ ﻋَﻠَﻰٰ ﻣَﺎٓ ءَاﺫَﻳْﺘُﻤُﻮﻧَﺎ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺘَﻮَﻛِّﻠُﻮﻥَ
അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്ത് തന്നിരിക്കെ അവന്റെ മേല്‍ ഭരമേല്‍പ്പിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കെന്ത് ന്യായമാണുള്ളത്? നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ മേലാണ് ഭരമേല്‍പിക്കുന്നവരെല്ലാം ഭരമേല്‍പിക്കേണ്ടത്.(14:12)
അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുന്ന സത്യവിശ്വാസിയുടെ ജീവിതത്തില്‍ എന്തെങ്കിലും ദുരിതമോ പ്രയാസമോ പ്രതിസന്ധികളോ ബാധിച്ചാല്‍ അവന്‍ നിരാശപ്പെട്ട് പരാജയപ്പെടില്ല.
അല്ലാഹു പറയുന്നു:
ﻗُﻞ ﻟَّﻦ ﻳُﺼِﻴﺒَﻨَﺎٓ ﺇِﻻَّ ﻣَﺎ ﻛَﺘَﺐَ ٱﻟﻠَّﻪُ ﻟَﻨَﺎ ﻫُﻮَ ﻣَﻮْﻟَﻰٰﻧَﺎ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺆْﻣِﻨُﻮﻥَ
പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പ്പിക്കേണ്ടത്. (9: 51)
അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) നിവേദനം: റസൂലിൻറെ(ﷺ) പിന്നിലായിരിക്കെ അവിടുന്ന്(ﷺ) പറഞ്ഞു: കുട്ടീ, നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെ! നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിന്റെ മുമ്പിൽ അവനെ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി. (തിർമിദി)
ഇസ്‌ലാമിക വിശ്വാസത്തിന്റെ വലിയൊരു പാഠമാണ് നബി ﷺ ഇവിടെ പഠിപ്പിക്കുന്നത്. നിരാശയെയും അഹന്തയെയും അറുത്തുമാറ്റി സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആശ്രയിച്ചും അവലംബിച്ചും അവനില്‍ പരിപൂര്‍ണമായ വിശ്വാസമര്‍പിച്ചും അല്ലാഹുവിനെക്കുറിച്ചുള്ള സദ്‌വിചാരങ്ങള്‍ കൊണ്ട് മനസ്സ് നിറച്ചും അവന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചും അവന്റെ തീരുമാനങ്ങളില്‍ പരിപൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയും കൊണ്ട് ജീവിക്കുന്ന ഒരു യഥാര്‍ഥ വിശ്വാസിക്ക് ലഭിക്കുന്ന നിര്‍ഭയത്വവും സമാധാനവും അനിര്‍വചനീയമാണ്. അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാത്ത യാതൊരു കാര്യവും സംഭവിക്കുകയില്ലെന്നുള്ള ചിന്ത മനസ്സില്‍ വരുമ്പോള്‍ തന്നെ അവന്റെ മനസ്സിന് ആശ്വാസം ലഭിക്കുന്നു. എന്തായാലും ഇത്തരം വിശേഷണങ്ങൾക്ക് അർഹരായവരെ ഒന്നു പുകഴ്ത്തുക കൂടിയാണ് തിരുനബി ﷺ ഈ വചനത്തിലൂടെ ചെയ്തത്.
സ്വർഗത്തിൽ പ്രവേശിക്കുന്ന വിശ്വാസികളുടെ മനസ് പക്ഷിയുടെ മനസ് പോലെയാണെന്ന ഉപമ എത്രമാത്രം വിശാലമാണന്ന് ഇനിയും വിവരിക്കേണ്ടതില്ലല്ലോ ജനമനസുകളെ സദ്ഗുണങ്ങളിലേക്കും സംസ്കരണത്തിലേക്കും നയിക്കുന്ന ഇത്തരം ഉപമകൾ നമുക്ക് ഉപകാരമാവട്ടെ, മുകളിൽ വിശദീകരിച്ച മൂന്ന് അഭിപ്രങ്ങളിലൊന്നും വൈരുദ്ധ്യങ്ങളില്ല, എല്ലാം ഹഖിനോട് കൂടുതൽ അനുയോജ്യവുമാണ് താനും.
അല്ലാഹു നമ്മെ സ്വർഗക്കാരിൽ ഉൾപ്പെടുത്തട്ടെ.
jazakallah