വിശ്വാസമാണെനിക്ക് തുണ ! -9

//വിശ്വാസമാണെനിക്ക് തുണ ! -9
//വിശ്വാസമാണെനിക്ക് തുണ ! -9
സർഗാത്മക രചനകൾ

വിശ്വാസമാണെനിക്ക് തുണ ! -9

ദുരിതങ്ങളെ നേരിടുമ്പോള്‍

പ്രിയപ്പെട്ട ഉമ്മര്‍ക്കാ,

പരിപാലകന്റെ അണമുറിയാത്ത കാരുണ്യവും അനുഗ്രഹവുമുണ്ടാകട്ടെ. ഞാനകപ്പെട്ടതുപോലുള്ള അതിതീഷ്ണമായ പരീക്ഷണത്തട്ടില്‍നിന്നും മഹാകാരുണികന്‍ എല്ലാവരെയും കാക്കട്ടെ.

മകന്‍ ഓടിച്ച കാറില്‍ നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തി നിങ്ങളെ കണ്ടപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവുമോര്‍ത്ത് കണ്ണുകള്‍ നിറയുകയായിരുന്നു. 14 വര്‍ഷം മുമ്പ് റെയില്‍വേ സ്റ്റേഷനില്‍ സ്‌ട്രെച്ചറില്‍ കിടന്ന് മുഖത്ത് വന്നിരിക്കുന്ന ഒരു ഈച്ചയെപ്പോലും ആട്ടിപ്പായിക്കാനാവാതെ, കണ്ണുകള്‍ മാത്രം സ്വയം ചലിപ്പിക്കാനാവുന്ന, കഴുത്തിന് കീഴ്‌പ്പോട്ട് പൂര്‍ണമായും ചലിപ്പിക്കാനാവാത്ത അവസ്ഥയില്‍, ശരീരം പോലെത്തന്നെ തളര്‍ന്ന മനസ്സിന്റെ അവസ്ഥയില്‍നിന്ന് ഔഷധങ്ങള്‍ക്കോ ഭൗതികസൗകര്യങ്ങള്‍ക്കോ നല്‍കാനാവാത്ത ഇന്നത്തെ മാനസികാവസ്ഥയിലേക്ക് എന്റെ മനസ്സിനെ കൊണ്ടെത്തിച്ചത് പരിശുദ്ധ ക്വുര്‍ആനാണ്. എല്ലാ രോഗികളുടെയും കൈയില്‍ ക്വുര്‍ആന്‍ എത്തിയിരുന്നെങ്കില്‍…

“സ്വന്തം മുന്‍ഗാമികള്‍ക്കുണ്ടായ അനുഭവങ്ങളൊന്നും നേരിടാതെ സ്വര്‍ഗത്തിലേക്കു പ്രവേശിച്ചുകളയാമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? ദുരിതങ്ങളും വിപത്തുകളുമെല്ലാം അവരെ നേരിട്ടു…” (ബഖറ: 214)

പരീക്ഷണങ്ങളിലകപ്പെട്ട ഒരു മുസ്‌ലിമിന് ഈ സൂക്തം ധാരാളം മതി ആശ്വസിക്കാന്‍, പ്രതിസന്ധികളെ അതിജീവിക്കാന്‍. എന്നാല്‍ ഒരു പിടിവള്ളിയുമില്ലാത്തവരുടെ സ്ഥിതിയോ?

“പട്ടിയും പൂച്ചയും ഒക്കെ ജീവിക്കുന്നതുപോലെ എന്റെ 33 വര്‍ഷങ്ങള്‍ കടന്നുപോയി.”(കുമാരന്‍, മലപ്പുറം)

14-ാം വയസ്സില്‍ നട്ടെല്ലിനു ക്ഷതമേറ്റ കുമാരന്റെ വാക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ നമുക്ക് പടച്ച റബ്ബിനെ കൂടുതല്‍ സ്മരിക്കാനാവും.

14 വര്‍ഷം മുമ്പ് ഞാന്‍ സ്വന്തം കൈകൊണ്ട് കുഴിച്ചിട്ട മാവ്, ചാമ്പ തുടങ്ങിയ വൃക്ഷങ്ങളിലെല്ലാം കായുണ്ടായിരുന്നു! വംശനാശ ഭീഷണി നേരിടുന്ന തത്തച്ചുണ്ടന്‍മാങ്ങ മാവില്‍ തൂങ്ങിനില്‍ക്കുന്ന മനോഹരകാഴ്ച വരാന്തയിലിരുന്ന് നോക്കിക്കാണുന്നു…

‘ക്വുര്‍ആന്റെ തണലില്‍’ 12-ാം വാള്യവും കിടക്കയില്‍ കമഴ്ന്നു കിടന്ന് കൈമുട്ട് കുത്തി പ്രയാസപ്പെട്ട് വായിച്ചുതീര്‍ത്തു… ഇതെങ്ങനെ കഴുത്തിനു കീഴ്‌പ്പോട്ട് മരിച്ച മനുഷ്യനു കഴിഞ്ഞു! നിങ്ങളുടെ നിരന്തരമായ പ്രോത്സാഹനം, പ്രാര്‍ത്ഥന. ചലനമറ്റ ഇരുകാലുകള്‍ക്കും മധ്യേയുള്ള, ഓരോ ശ്വാസത്തിലുമുള്ള പൊള്ളുന്ന വേദന കഠിച്ചുപിടിച്ചാണ് ‘തണലില്‍’ വായിച്ചുതീര്‍ന്നത്. എന്നെ ഉയരങ്ങളിലെത്തിച്ച, നൂറുകൊല്ലം പിന്നിട്ട വെല്ലൂര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ഇത് അത്ഭുതപ്പെടുത്തി. ക്വുര്‍ആന്‍ നെഞ്ചോടുചേര്‍ത്തുപിടിക്കാനും മറ്റുള്ളവര്‍ക്ക് വെളിച്ചമേകാനും നിങ്ങള്‍ നല്‍കിയ ആത്മാര്‍ത്ഥമായ ഉപദേശവും പ്രാര്‍ത്ഥനയും എന്നും ഓര്‍ക്കുന്നു. നാളെ പരലോകത്ത് എടുത്താല്‍ പൊന്താത്തത്ര പ്രതിഫലത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഷഹീര്‍, മലബാര്‍ ഗോള്‍ഡില്‍ നന്നായി പെര്‍ഫോം ചെയ്യുവാന്‍ പ്രാര്‍ത്ഥിക്കുക. പെര്‍ഫോമന്‍സ് നന്നായാല്‍ ഉയര്‍ന്ന ശമ്പളം നല്‍കാമെന്ന് അഹമ്മദ്ക്ക ഇന്റര്‍വ്യൂവില്‍ ഷഹീറിനോട് പ്രത്യേകം ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

എന്റെ മോള്‍ക്ക് 17 വയസ്സ് കഴിഞ്ഞു. ഇപ്പോള്‍ നല്ല മാറ്റമുണ്ട്. കുറച്ചുദിവസം മുമ്പ് അവള്‍ എന്റെ അടുത്തുവന്നു പറഞ്ഞു, “സങ്കടപ്പെടാതെ എന്റെ ബാപ്പയുടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടിക്കൊടുക്കണേ റബ്ബേ” എന്ന്. അവള്‍ എപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട്. എന്റെ മനസ്സിനകത്തെ നൊമ്പരങ്ങള്‍ ഞാന്‍ പ്രകടിപ്പിക്കാറില്ലെങ്കിലും മക്കള്‍ മൂന്നു പേര്‍ക്കും നന്നായറിയാം. മരിച്ചുപോയ എന്റെ പിതാവ് തിരിച്ചുവന്നതുപോലെ എനിക്കനുഭവപ്പെടുന്നു ഉമ്മര്‍ക്കാ, മകള്‍ പ്രാര്‍ത്ഥിക്കുന്ന അതേ പ്രാര്‍ത്ഥന നിങ്ങളും ഭാര്യയും എപ്പോഴും പ്രാര്‍ത്ഥിക്കുക.

പരിപാലകാ! മൃത്യു വരിക്കുവോളം ഇസ്‌ലാമികസരണിയില്‍ ഞങ്ങളെ ഉറപ്പിച്ചുനിര്‍ത്തണേ, സജ്ജനങ്ങളോടൊപ്പം ചേര്‍ക്കണേ. ആമീന്‍.

print

No comments yet.

Leave a comment

Your email address will not be published.