വിശ്വാസമാണെനിക്ക് തുണ ! -8

//വിശ്വാസമാണെനിക്ക് തുണ ! -8
//വിശ്വാസമാണെനിക്ക് തുണ ! -8
കൗൺസിലിംഗ്

വിശ്വാസമാണെനിക്ക് തുണ ! -8

Print Now
പ്രാര്‍ത്ഥനയുടെ വെളിച്ചം

ബഹുമാന്യരെ,

ജീവിതത്തെക്കുറിച്ചുള്ള അലക്ഷ്യബോധം, എല്ലാം വ്യര്‍ഥമാണെന്ന തോന്നല്‍, വിഷാദത്തിന്റെ നീര്‍ക്കയങ്ങളില്‍ വീഴാതെ മനസ്സിനെ പിടിച്ചു നിര്‍ത്തേണ്ടിയിരുന്നു. മുമ്പ് നടന്നിരുന്ന വഴിത്താരകള്‍ ഇനി എന്നും എനിക്ക് അന്യമല്ലോ എന്ന തോന്നല്‍, മനക്കോണില്‍ എവിടെയോ ഊറിക്കൂടുന്ന നഷ്ടബോധം, നൂല്‍പ്പാലത്തിലൂടെയായിരുന്നു അന്നൊക്കെ മനസ്സിന്റെ യാത്രകള്‍. ഒന്നു വഴുതിയാല്‍ വീഴുക, കടുത്ത വിഷാദത്തിന്റെ നരകക്കുഴീല്‍. ഈ ലോകം എന്റേതല്ല എന്ന തോന്നല്‍. മരണത്തോടു മല്ലിടുകയായിരുന്ന നിമിഷങ്ങള്‍. ന്യുമോണിയ പിടിപെട്ട് ശ്വാസകോശത്തില്‍നിന്ന് കഫവും മറ്റും വലിച്ചെടുക്കേണ്ടിവന്നു. പെട്ടെന്ന് ശരീരഭാഗങ്ങള്‍ കോച്ചിവലിച്ചു. മരക്കൊമ്പുകള്‍ പോലെ നിര്‍ജീവമായ കൈകാലുകള്‍. ഇതാണ് വിധി എന്ന് ലോകം മുഴുവന്‍ വിധിയെഴുതിയ നാളുകള്‍. ഇതായിരുന്നു ആറു വര്‍ഷം മുമ്പ് എന്റെ അവസ്ഥ. ഭാര്യയോട് യാത്ര പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ഞാന്‍ പിന്നെ വീട്ടില്‍ തിരിച്ചെത്തുന്നത് ആറു മാസത്തിനുശേഷം വീല്‍ചെയറിലാണ്. നാടും നാട്ടുകാരും നടുങ്ങി. ഇത്തരം സംഭവം കോഴിക്കോട് ജില്ലയില്‍തന്നെ കേട്ടിട്ടില്ല. നിരവധി പേര്‍ എന്നെ കാണാനെത്തി. പിന്നെ ഞാനും ഭാര്യയും മക്കളും മാത്രമായി. അവളെ സമാധാനിപ്പിക്കാന്‍ വിഷമിച്ചു. ജീവിതും തുടങ്ങുമ്പോഴേക്കും എന്റെ തളര്‍ച്ച അവള്‍ക്കും എനിക്കും താങ്ങാന്‍ ആവാത്തതായിരുന്നു. അപ്പോഴാണ് ഉള്‍പ്രേരണയെന്നോണം വിശുദ്ധ ക്വുര്‍ആനിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ ഗുരുനാഥന്റെ (എന്‍.ഉമ്മര്‍കോയ) എഴുത്തു വരുന്നത്. ക്വുര്‍ആന്‍ എന്നില്‍ ഹൃദയപരിവര്‍ത്തനമുളവാക്കി. അന്നുമുതല്‍ മനസ്സില്‍നിന്ന് നിരാശയും മടുപ്പും അപ്രത്യക്ഷമാകാന്‍ തുടങ്ങി. എപ്പോഴും കരുവാളിച്ച മുഖത്തോടും ദുഃഖഭാരത്തോടും കഴിഞ്ഞിരുന്ന എന്നില്‍ സന്തോഷം സംപ്രാപ്യമാകാന്‍ തുടങ്ങി. ദൈവവുമായി ബന്ധപ്പെടുമ്പോള്‍ ഒരു ഭദ്രതാബോധവും സുരക്ഷയും അനുഭവപ്പെട്ടു. വെറുപ്പും പരാതിയും അമര്‍ഷവും പ്രതിഷേധവും നിറഞ്ഞ എന്റെ ഹൃദയത്തെ ദൈവം സ്വസ്ഥമാക്കി, ശാന്തിയും സ്‌നേഹവും കൃതജ്ഞതയും പ്രാര്‍ത്ഥനയുമുള്ള ഒന്നാക്കി മാറ്റി. ആത്മീയസ്വസ്ഥത കൈവന്നപ്പോള്‍ ശാരീരികമായി പരിമിതികളും പരാധീനതകളും ഏതുമല്ലാതായി. ദൈവകൃപ ലഭിച്ചുകഴിഞ്ഞതുമുതല്‍ ആന്തരികസൗഖ്യം പ്രാപിക്കുവാനും എല്ലാ അസ്വാസ്ഥ്യത്തെയും നേരിടുവാനുള്ള കരുത്തു ലഭിക്കുവാനും ഇടയായി.

യാതനാപൂര്‍ണമായ ജീവിതത്തിലും കൃതജ്ഞത അര്‍പ്പിക്കുവാന്‍ തക്ക അനുഗ്രഹങ്ങള്‍ എനിക്ക് ലഭിക്കുന്നു. എന്തിനും ഏതിനും പരസഹായം വേണ്ടിവരുന്ന ഈ അവസ്ഥയില്‍ വൃദ്ധമാതാവിന്റെ സ്‌നേഹം, ഭാര്യയുടെ നിസ്വാര്‍ത്ഥമായ പരിചരണം, മക്കളുടെ സ്‌നേഹം, സഹോദരന്‍മാരുടെ സ്‌നേഹം, എല്ലാറ്റിനുമുപരി സദാ കയറിയിറങ്ങുന്ന സുഹൃത്തുക്കള്‍, വിദേശത്തുനിന്നും Urine bag, Urine condom, Catheter medicine തുടങ്ങിയ സഹായങ്ങള്‍ ചെയ്തുതരുന്ന റസാഖ് മൂഴിക്കല്‍ (ബഹ്‌റൈന്‍) ഇതെല്ലാം ദൈവം ചെയ്തുതരുന്ന മഹത്തായ അനുഗ്രഹങ്ങളാണ്. ബന്ധുക്കളില്‍നിന്നുള്ള കയ്‌പ്പേറിയ അനുഭവങ്ങളില്‍ നില്‍ക്കുമ്പോഴാണ് മനസ്സിന് ഏറ്റവും വിഷമം അനുഭവപ്പെടുന്നത്. എനിക്ക് ദൈവം മതി, ഭരമേല്‍പ്പിക്കുവാന്‍ ഉത്തമന്‍ അവനാണ്. ഭൗതികമായ കാഴ്ചപ്പാടില്‍പെടാത്ത ബിലീഫ് സിസ്റ്റം അഥവാ വിശ്വാസ അധികരണം എന്നില്‍ മനോധൈര്യം, ശുഭാപ്തി വിശ്വാസം എന്നിവയുണ്ടാക്കി. വിധിയെപ്പോലും തകര്‍ത്തുമാറ്റാം എന്ന തരത്തിലുള്ള മനക്കരുത്ത്, പോരാട്ടങ്ങള്‍ ശക്തമാക്കാനുള്ള ആത്മബലം എന്നിവയെല്ലാം ലഭിക്കുവാന്‍ വഴിയൊരുക്കിയതും എന്റെ ബിലീഫ് സിസ്റ്റം വഴിയായിരിക്കും. രണ്ടു വര്‍ഷത്തിലധികമായി ഒരസുഖവും വന്നിട്ടില്ല. (ദൈവത്തില്‍ ഭരമേല്‍പ്പിക്കുന്നതിനു മുമ്പ് മൂന്നുമാസം കൂടുമ്പോള്‍ യൂറിന്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകുമായിരുന്നു.)

പലരെക്കൊണ്ടും ചികിത്സിച്ച് ഗുണം കിട്ടാതെ ഒരു വിശ്വാസി നബിതിരുമേനിയെ സമീപിച്ച് തന്റെ തൊണ്ടവേദനയ്ക്ക് എന്തുചെയ്യണമെന്ന് ചോദിച്ചു. അവധാനപൂര്‍വം കേട്ടതിനുശേഷം ക്വുര്‍ആന്‍ നിത്യവും പാരായണം ചെയ്യുക എന്നതായിരുന്നു ചികിത്സ വിധിച്ചത് (ബൈഹഖി). കാലങ്ങളായി നെഞ്ചുവേദനകൊണ്ടും വയറുവേദന കൊണ്ടും കഷ്ടപ്പെട്ട രണ്ടുപേര്‍ നബിതിരുമേനിയെ സമീപിച്ച് ഉപദേശം ചോദിച്ചു. ശ്രദ്ധിച്ചുകേട്ടതിനുശേഷം കൃത്യമായി അഞ്ചുനേരം നമസ്‌കരിക്കുക എന്നതായിരുന്നു വിധി (ഇബ്‌നുമാജ). ബിലീഫ് സിസ്റ്റത്തെ ശക്തമാക്കുന്ന ഉപദേശങ്ങള്‍ തന്നെയാണ് നബിതിരുമേനിയുടെ വചനങ്ങള്‍.

പ്രാര്‍ത്ഥന ജീവിതത്തിന്റെ നിഷ്ഠയാക്കി മാറ്റിയപ്പോള്‍ ബുദ്ധിക്കും മനസ്സിനും വെളിച്ചം ലഭിച്ചു. ആ വെളിച്ചതിന്റെ മാര്‍ഗദര്‍ശനത്തിൽ മുന്നോട്ടുനീങ്ങി. വിദ്വേഷവും പകയും പുലര്‍ത്തുന്ന ഒരു ഹൃദയത്തില്‍ ആനന്ദത്തിന്റെ വീചികള്‍ കടന്നെത്തുകയില്ല. ഇതാണ് എന്നെപ്പോലെ ഉള്ളവര്‍ക്കും എല്ലാവിധ ഭൗതികസുഖങ്ങളുണ്ടായിട്ടും സ്വസ്ഥത ലഭിക്കാത്തവര്‍ക്കും നല്‍കുവാനുള്ള സന്ദേശം.

വിധിക്കെതിരെ പോരാടുവാന്‍ എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ഉമറുല്‍ ഫാറൂഖ്. അദ്ദേഹത്തിന്റെ ചരിത്രം വായിക്കുമ്പോള്‍ എന്റെ ദുരവസ്ഥ തന്നെ മറന്ന് ആവേശം കൊള്ളുകയാണ്. രോഗങ്ങളുടെ ഏറ്റവും വലിയ കെട്ടുമായി ഒരാള്‍ ഉമറുല്‍ ഫാറൂഖിന്റെ വീട്ടില്‍ പരാതി പറയാന്‍ വന്ന സംഭവം വായിക്കാനിടയായി. ആഗതനോട് അമീറുല്‍ മുഅ്മിനീന്‍ പറഞ്ഞ മറുപടി എന്റെ ഹൃദയത്തില്‍ ആഞ്ഞുതറച്ചു.

സുബ്ഹി ബാങ്ക് കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നമസ്‌കാരത്തോടെ ആരംഭിക്കുന്ന ജോലി അവസാനിക്കുന്നത് രാത്രി 10 മണിക്കാണ്. കുട്ടികളെ നോക്കണം, വസ്ത്രമലക്കണം. ഭക്ഷണം പാകം ചെയ്യണം, നാലു മണിക്കൂര്‍ കൂടുമ്പോള്‍ കത്തീറ്റര്‍ ഉപയോഗിച്ച് മൂത്രം എടുക്കണം, വെള്ളവും ഭക്ഷണവും തരണം, ഇതിനൊന്നും സഹായത്തിന് ആരുമില്ല. എല്ലാ ദിവസവും രാത്രി രണ്ടു മണിക്കെണീറ്റ് എന്നെ ചരിച്ചു കിടത്തണം. (side position changing -ഇതുകൊണ്ടാണ് Pressure soreല്‍നിന്ന് രക്ഷപെടുന്നത്.) ഒരു ദിവസം പോലും വിശ്രമമില്ലാതെ ജോലി ചെയ്തു തളരുമ്പോള്‍ ദേഷ്യപ്പെടുക ഒരു ഭാര്യക്ക് ഭര്‍ത്താവിനോടുള്ള സ്വാതന്ത്ര്യമാണ്. ഭാര്യയും ഭര്‍ത്താവും പരസ്പരം വസ്ത്രമാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നതും ഇതുതന്നെ. ഉമറിന്റെ (റ) മറുപടി മനസ്സില്‍ വരുമ്പോള്‍ ജ്വലിക്കുന്ന കോപം കെട്ടടങ്ങുന്നു. മനസ്സ് ശാന്തമാക്കാനും പൈശാചികതയെ ആത്മനിയന്ത്രണത്തിലൂടെ അതിജീവിക്കാനും കഴിയുന്നു.

എനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു വിശപ്പ്. ശയ്യാവലംബിയായ എനിക്ക് ദൈവം ബാക്കിവെച്ചത് ഭക്ഷണത്തിന്റെ സ്വാദറിയുവാനുള്ള കഴിവ് മാത്രമാണ്. എനര്‍ജി കുറച്ചുമാത്രം ആവശ്യമുള്ള എനിക്ക് ഇതുമൂലം ഇരിക്കാനും കിടക്കാനും പറ്റാതെ പല രോഗങ്ങള്‍കൊണ്ടും ബുദ്ധിമുട്ടുണ്ടാവാന്‍ തുടങ്ങി.

ഒരിക്കല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഉമറിന്റെ (റ) സമീപം വന്നയാളെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ഉണക്കറൊട്ടി കഴിക്കുകയായിരുന്ന ഉമറിന്റെ (റ) ക്ഷണം ആഗതന്‍ നിരസിച്ചു. “നിങ്ങള്‍ വിചാരിക്കുന്നുണ്ടോ എനിക്ക് നല്ല ഭക്ഷണം കഴിക്കാന്‍ ഇഷ്ടമില്ലാത്തത് വകയില്ലാത്തതുകൊണ്ടാണെന്ന്. ഞാന്‍ ദൈവത്തെ ഭയപ്പെടുന്നു.”

സത്യനിഷേധിയുടെ ലക്ഷ്യം ഉദരമാണ്. വിശ്വാസിയുടേത് പരലോകമാണ്. അതിനാല്‍ ഭക്ഷണം കുറയ്ക്കലാണ് വിശ്വാസിക്ക് അനുയോജ്യം. മാത്രമല്ല, അത് വിശ്വാസത്തിന്റെ ഒരു ശാഖയുമാണ്. എന്നാല്‍ ആര്‍ത്തി സത്യനിഷേധത്തിന്റെ ഭാഗവും.

ആഹാരനിയന്ത്രണത്തിലൂടെ മനസ്സിനെ നിയന്ത്രിക്കുവാനും കര്‍മനിരതനാകുവാനും ഭാര്യക്കും മക്കള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുവാനും എല്ലാറ്റിനുമുപരി എല്ലായ്‌പ്പോഴും കൃതജ്ഞതയുള്ളവനും എനിക്ക് ലഭിക്കുന്ന സകലതും ദൈവത്തിന്റെ കൃപാതിരേകത്താലാണെന്ന് ചിന്തിച്ച് അതിനുവേണ്ടി ദൈവത്തെ എപ്പോഴും സ്തുതിക്കുവാനും സന്നദ്ധമായ ഒരു ഹൃദയം ഉള്ളവനുമാകുവാന്‍ കഴിഞ്ഞു.

സുദീര്‍ഘമായ എഴുത്തിലൂടെ എന്റെ ലക്ഷ്യം മാറാരോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും എന്നെപ്പോലെ ശയ്യാവലംബികളായവര്‍ക്കും വിധിക്കെതിരെ പോരാടാന്‍ ദൈവദത്തമായി ലഭിച്ചിട്ടുള്ള ഇച്ഛാശക്തി എന്ന കഴിവ് ബോധ്യമാക്കലാണ്. പ്രാതികൂല്യങ്ങളുടെ മുന്‍പില്‍ പകച്ചുനില്‍ക്കാതെ അവയെ സുധീരം നേരിടുന്നതിനും അവയുടെ മേല്‍ വിജയം കൈവരിക്കുന്നതിനും, കഠിനയാതനകളുടെയും ദുരിതപൂര്‍ണമായ അനുഭവങ്ങളുടെയും മുന്‍പില്‍ പതറിപ്പോകാതെ, രോഗം നമ്മെ കീഴ്‌പ്പെടുത്താന്‍ അനുവദിച്ചുകൂടാ, നാം രോഗത്തെ കീഴടക്കുകയാണ് എന്ന മനോഭാവത്തോടെ ജീവിതം നയിക്കുവാനും അവര്‍ക്കു കഴിഞ്ഞാല്‍ ഞാന്‍ ധന്യനായി.

ബെഡ്ഡില്‍ മലര്‍ന്നുകിടന്ന് പേന രണ്ടു കൈകൊണ്ടും ഇറുക്കിപ്പിടിച്ച് വായയിലാക്കി പല്ലുകൊണ്ട് കടിച്ചുപിടിച്ചു വിരലിനിടയില്‍ തിരുകി വളരെ ക്ഷമ അവലംബിച്ചുകൊണ്ട് എന്റെ മനസ്സിന്റെ വാതില്‍ ജനഹൃദയങ്ങളിലേക്ക് തുറുക്കുവാന്‍, പേന ചലിപ്പിക്കുവാന്‍ കഴിവുതന്ന ദൈവത്തെ എത്ര സ്തുതിച്ചിട്ടും മതിവരുന്നില്ല.

മനുഷ്യനോട് ചിന്തിക്കുവാനാഹ്വാനം ചെയ്യുന്ന ക്വുര്‍ആന്‍ വചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍, പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ ബുദ്ധിയെ കെട്ടിയിടുമ്പോള്‍ കഴുത്തിന് കീഴെ ബാധിച്ച അവസ്ഥപോലും ഞാന്‍ മറന്നുപോകുന്നു. വിശേഷബുദ്ധിയുള്ള മനുഷ്യനെക്കാള്‍ പക്ഷിമൃഗാദികള്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന സ്‌നേഹം വീല്‍ചെയറില്‍ ഇരിക്കുമ്പോള്‍ ദൈവം കാണിച്ചുതന്നു. ഇന്‍ശാ അല്ലാഹ്, മറുപടിക്ക് ശേഷം, ‘പ്രബോധന’ത്തിലും എന്റെ ഉയര്‍ച്ചയിലും സമാധാനത്തിലും നിര്‍ണായക പങ്കുവഹിച്ച ‘പ്രകാശരേഖ’യിലും ഈ എഴുത്ത് പ്രസിദ്ധീകരിക്കണമെന്ന് അപേക്ഷിക്കുന്നു. ആരോഗ്യത്തിന്റെ 80 ശതമാനവും ദൈവം എടുത്തുകളഞ്ഞ എന്റെ കത്തിലെ ന്യൂനതകള്‍ ക്ഷമിക്കുക, ചൂണ്ടിക്കാണിക്കുക. വിജ്ഞാനം വര്‍ധിപ്പിച്ചു തരുവാനും ഇന്നത്തെ നിലയില്‍നിന്ന് കൂടുതല്‍ നല്ല നിലയിലേക്ക് സൗകര്യം പ്രദാനം ചെയ്തു തരുവാനും പ്രത്യേകം പ്രാര്‍ത്ഥിക്കണം.

ബഹുമാനാദരവോടെ,

No comments yet.

Leave a comment

Your email address will not be published.