വിശ്വാസമാണെനിക്ക് തുണ ! -7

//വിശ്വാസമാണെനിക്ക് തുണ ! -7
//വിശ്വാസമാണെനിക്ക് തുണ ! -7
കൗൺസിലിംഗ്

വിശ്വാസമാണെനിക്ക് തുണ ! -7

Print Now
പ്രാര്‍ത്ഥനയാകുന്ന ജീവിതം

വൈകല്യമഹാദുരിതത്തിന്റെ കണ്ണുനീര്‍ക്കടലില്‍ കരകാണാതലയുമ്പോഴും (കനിഞ്ഞു സഹായിക്കുന്ന മനുഷ്യരില്ലെങ്കില്‍ കൈയെത്തുന്ന അകലത്തുനിന്ന് വെള്ളമെടുത്ത് ദാഹം തീര്‍ക്കാന്‍ കഴിയില്ല) വായനയിലും എഴുത്തിലും അശാന്ത മനസ്സുകള്‍ക്ക് ശാന്തി പകര്‍ന്നും മനുഷ്യനൊരിക്കലും ഓര്‍ക്കാത്ത ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമായ ആരോഗ്യത്തെക്കുറിച്ച്, എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പകര്‍ന്നെഴുതിയും അതില്‍മുഴുകി ജീവിതത്തിന്റെ ശേഷിക്കുന്ന ദിനങ്ങള്‍ ധന്യമാക്കാന്‍ മനക്കരുത്ത് പ്രധാനം ചെയ്യുന്ന പ്രപഞ്ചനാഥനെ സ്തുതിച്ചുകൊണ്ട് വിധിയുടെ കിടക്കയില്‍ സ്പര്‍ശനമറ്റ വിരലുകള്‍ക്കിടയില്‍ പേന തിരുകി കുഞ്ഞബ്ദുള്ള കാട്ടുകണ്ടി എഴുതുന്നു.

ദിവ്യശാന്തിയും ദൈവകാരുണ്യവും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ. ജീവിതയാത്രയുടെ മുപ്പത്തിനാലാമത്തെ വയസ്സിലേറ്റ അതിശക്തമായ തിരിച്ചടിയേറ്റ് ദൈവത്തിന്റെ മഹാപരീക്ഷണത്തിന് വിധേയനായി ഒന്‍പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍, അനുഭവിച്ച വേദനകള്‍ എഴുതുന്നില്ല. എഴുതിയാല്‍ തീരുകയുമില്ല. ശയ്യാവലംബിയായി കരഞ്ഞുകലങ്ങിയ കണ്ണുകളും കരുവാളിച്ച മുഖവുമായി ആരെയും അഭിമുഖീകരിക്കാനാവാതെ സഹധര്‍മിണിയെയും പറക്കമുറ്റാത്ത മൂന്നു മക്കളെയും എങ്ങനെ മുന്നോട്ടു നയിക്കുമെന്ന് ചിന്തിച്ച് അശാന്തമനസ്സുമായി ശൂന്യതയിലേക്ക് നോക്കി വീര്‍പ്പിടുന്ന അവസരത്തിലാണ് 10 വര്‍ഷത്തെ കോഴിക്കോട്ടെ കൊപ്രവ്യാപാര ജീവിതത്തിനിടയില്‍ പരിചയപ്പെട്ട ഉമ്മര്‍കോയയുടെ എഴുത്തുവരുന്നത് -അറിവിന്റെ മഹാസാഗരമായ വിശുദ്ധ ക്വുര്‍ആനിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുവാന്‍. ദൈവികഗ്രന്ഥമായ ക്വുര്‍ആനുമായി അടുത്തിടപഴകിയപ്പോള്‍ ഒരു സുരക്ഷാബോധം കൈവന്നു. മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ മാറ്റമില്ലാത്ത ദൈവവുമായി നിരന്തരം ബന്ധപ്പെട്ടപ്പോള്‍ മനസ്സിന് ശാന്തി കിട്ടി, പ്രാര്‍ത്ഥന ജീവിതത്തിലേക്ക് കടന്നുവരുകയും ചെയ്തു.

ഞാന്‍ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കി. കഷ്ടതയുടെ തീച്ചൂളയില്‍ അകപ്പെട്ട അയ്യൂബ് നബിയുടെ പ്രാര്‍ത്ഥന സദാ ഉരുവിട്ടുകൊണ്ടിരുന്നു: “എന്റെ യജമാനന്റെ ദുരിതം എന്നെ ബാധിച്ചിരിക്കുന്നു. കാരുണ്യവാന്‍മാരുടെ കൂട്ടത്തില്‍ നീ മഹാകാരുണികനല്ലേ….”

പ്രാര്‍ത്ഥന ജീവിതത്തിന്റെ നിഷ്ഠയാക്കി മാറ്റിയപ്പോള്‍ ബുദ്ധിക്കും മനസ്സിനും കാഴ്ച ലഭിച്ചു. മനസ്സില്‍നിന്ന് പ്രതിഷേധവും വിദ്വേഷവും വഴിമാറിയപ്പോള്‍ ആനന്ദത്തിന്റെ വീചിക കടന്നെത്തി. വെറുപ്പും പരാതിയും അമര്‍ഷവും പ്രതിഷേധവും നിറഞ്ഞ എന്റെ ഹൃദയത്തെ പടച്ചതമ്പുരാന്‍ സ്വസ്ഥമാക്കി. ശാന്തിയും സ്‌നേഹകൃതജ്ഞതയും സ്തുതിയും നിറഞ്ഞ ഒന്നാക്കി മാറ്റി. ആത്മീയസ്ഥാനം കൈവന്നപ്പോള്‍ ശാരീരിക പരിമിതികളും പരാധീനതകളും ഇല്ലാതായി. ദൈവകൃപ ലഭിച്ചതുമുതല്‍ ആന്തരികസുഖം പ്രാപിക്കുവാനും എല്ലാ പ്രതിന്ധികള്‍ക്കും മീതെ പറന്നുയരുവാനുള്ള ആ വിശ്വാസവും ആത്മധൈര്യവും മനക്കരുത്തും ലഭിക്കുവാനും ഇടയായി.

പിന്നെ പുസ്തകങ്ങളിലേക്ക് ഊര്‍ന്നിറങ്ങി. പാഴാക്കിക്കളയുന്ന ഓരോ മിനുട്ടിനും ദൈവത്തിനുമുമ്പില്‍ കണക്കുപറയാനിരിക്കെ ജീവിതം വെറുതെ കളയാനുള്ളതല്ലെന്ന് എന്നെ പഠിപ്പിച്ചത് പുസ്തകങ്ങളാണ്.

100 കൊല്ലം പിന്നിട്ട വെല്ലൂര്‍ ആശുപത്രിയില്‍ എന്നെ ചികിത്സിച്ച ഡോക്ടര്‍മാരെയും തെറാപ്പിസ്റ്റുകളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഉണക്കമരച്ചില്ലപോലെയായ വിരലുകള്‍ക്കിടയില്‍ പേന തിരുകി അനുഭവങ്ങള്‍, വായിച്ചറിഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ എഴുതാന്‍ കഴിഞ്ഞത് (Belief system) വിശ്വാസ അധികരണം കാരണമാണ്. രണ്ടു വര്‍ഷത്തെ കഠിനമായ പ്രാര്‍ത്ഥനയും കഠിനമായ പ്രയത്‌നവുമാണ് ഒരു ഗാഡ്രപ്ലീജിയ പേഷ്യന്റിന് സാധ്യമായ ഈ അനുഗ്രഹത്തിനുപിന്നില്‍. സര്‍വസ്തുതിയും ദൈവത്തിനാകുന്നു.

ബിലീഫ് സിസ്റ്റം വഴി രോഗവിമുക്തനായ എഴുത്തുകാരനാണ് നോര്‍മന്‍ കസിന്‍സ്. മരണത്തിന്റെ പര്യായമായ ‘മയസ്ത്രി ഗ്രാവീസ്’ എന്ന രോഗം അദ്ദേഹത്തിന് പിടിപെട്ടു. പെട്ടെന്നുള്ള മരണമല്ല സാവധാനത്തിലുള്ള മരണം. ചികിത്സയൊന്നുമില്ലെന്നറിഞ്ഞിട്ടും മരണത്തെ ഒട്ടും ഭയപ്പെടാതെ സമൂഹത്തിനോടുള്ള കടമ അദ്ദേഹം നിര്‍ബാധം ചെയ്തുകൊണ്ടിരുന്നു. ഈ രോഗത്തില്‍നിന്ന് താന്‍ പൂര്‍ണവിമോചനം നേടുമെന്നുള്ള ആത്മവിശ്വാസം അദ്ദേഹത്തില്‍ ക്രമേണ വളര്‍ന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ആത്മാരാധനയിലൂടെ അദ്ദേഹം മനോധൈര്യം വളര്‍ത്തിയെടുത്തു. ക്രമേണ അദ്ദേഹം രോഗവിമുക്തനായി. ‘അനാട്ടമി ഓഫ് ആല്‍ ഇല്‍നസ്’, ‘ഹ്യൂമന്‍ ഓപ്ഷന്‍സ്’, ‘ഹെഡ് ഫസ്റ്റ്’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ എഴുതി. എല്ലാ ഡോക്ടര്‍മാരുടെയും ചികിത്സാഗ്രന്ഥത്തില്‍ ഈ ഗ്രന്ഥങ്ങള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു.

“ദൈവനിശ്ചയമെന്തോ, അതു സംഭവിക്കും. അല്ലാഹു ഇച്ഛിച്ചതെന്തോ, അത് ചെയ്യും. ഏതവസ്ഥയിലും സര്‍വസ്തുതിയും അവനുമാത്രം.” ഇതാണ് വിശ്വാസിയുടെ മനോഗതം. ഈ നിലപാട് സ്വീകരിക്കുന്ന വിശ്വാസി നഷ്ടപ്പെട്ടതിന്റെ പേരില്‍ നിരാശനാവുകയില്ല. ദുഃഖസ്മരണകള്‍ അയവിറക്കി ജീവിക്കുകയില്ല. ഈ ക്വുര്‍ആനിക സൂക്തം എപ്പോഴും അവര്‍ക്ക് കൂട്ടായിരിക്കും. “അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ഒരിക്കലും ഒരാപത്തും വരുന്നില്ല. ഒരുവന്‍ അല്ലാഹുവില്‍ വാസമുള്ളവനാണെങ്കില്‍ അല്ലാഹു അവന്റെ ഹൃദയത്തില്‍ മാര്‍ഗദര്‍ശനം നല്‍കുന്നതാകുന്നു. എല്ലാം അറിയുന്നവനാണല്ലാഹു.”

ശേഷിച്ചത് അനുഗ്രഹം

ഇന്ന് എന്റെ കിടക്കയ്ക്ക് വയസ്സ് കൃത്യം 15. കഴുത്തിന് കീഴ്‌പ്പോട്ട് പൂര്‍ണമായും തളര്‍ത്തി എന്നെ പരാശ്രയരോഗിയാക്കി. ഇനി ഒരുപിടി അന്നം സ്വന്തം കൈകൊണ്ട് ജീവിതത്തിലൊരിക്കലും വാരിത്തിന്നാന്‍ കഴിയില്ല എന്നതു ശരിതന്നെ. എന്റെ മസ്തിഷ്‌കം തളര്‍ത്തിയ അല്ലാഹുവിന് എന്നെ നിശ്ചലനാക്കാമായിരുന്നു. എന്റെ നാവിനെ തളര്‍ത്തി ദാഹിക്കുമ്പോള്‍ വെള്ളത്തിന് ആളെ വിളിക്കാനാവാതെ ഞാന്‍ നരകിക്കുമായിരുന്നു. പരമകാരുണികനായ അല്ലാഹു ഇവയൊക്കെ ഉപയോഗിക്കാന്‍ എനിക്ക് വിട്ടുന്നതിരിക്കുന്നു…
ഈ മനക്കരുത്തും ആരോഗ്യവും അങ്ങോളം നിലനിര്‍ത്തിത്തരുവാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നു.

No comments yet.

Leave a comment

Your email address will not be published.