വിശ്വാസമാണെനിക്ക് തുണ ! -6

//വിശ്വാസമാണെനിക്ക് തുണ ! -6
//വിശ്വാസമാണെനിക്ക് തുണ ! -6
സർഗാത്മക രചനകൾ

വിശ്വാസമാണെനിക്ക് തുണ ! -6

ഞാനൊരു ദൃഷ്ടാന്തം

വിശുദ്ധ ക്വുര്‍ആനിന്റെ അവതരണം വഴി അനുഗ്രഹീതമായ പുണ്യ റമദാന്‍ ഇതാ ഒരിക്കല്‍കൂടി വന്നണയുന്നു. മനുഷ്യകുലത്തിനാകമാനം മാര്‍ഗദര്‍ശകമായതും സത്യാസത്യവിവേചനങ്ങള്‍ക്ക് സന്മാര്‍ഗസരണി കാട്ടിത്തരുന്നതുമായ വിശുദ്ധ ക്വുര്‍ആന്‍ അവതരിച്ച ഈ പുണ്യമാസം ആര് ദര്‍ശിക്കുന്നുവോ, അവര്‍ ആ മാസം മുഴുവന്‍ വ്രതം അനുഷ്ഠിക്കേണ്ടതുണ്ടെന്ന് അല്ലാഹു കല്‍പിക്കുന്നു. നോമ്പ് ഇഹലോകത്തെ പാപങ്ങളില്‍നിന്നും പരലോകത്ത് നരകശിക്ഷയില്‍നിന്നും നമ്മെ കാത്തുരക്ഷിക്കുന്ന പരിചയാകുന്നു. മനസ്സിനെയും ശരീരത്തെയും ശുദ്ധി ചെയ്യുന്ന നോമ്പിന്റെ ആത്മീയ പരിസരങ്ങളിലൂടെ തുടങ്ങിയ ഈ കത്ത് ജീവിതത്തെ രണ്ടു വ്യത്യസ്ത വീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്നതിനുകൂടിയാണ്. നാം നമ്മുടെ ആരോഗ്യത്തെ എങ്ങനെ കാണുന്നു, കാണുന്നില്ല എന്ന് സ്വാനുഭവത്തിന്റെ തിരിച്ചറിവില്‍ ചിലത് കുറിക്കുന്നു.

തടസ്സമില്ലാതെയും ആയാസരഹിതമായും മൂത്രം ഒഴിക്കുക എന്നത് പടച്ചതമ്പുരാന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഇതുപോലെത്തന്നെ മലവിസര്‍ജനവും. ഇത് രണ്ടിനുശേഷം സ്വയം ശുചീകരണം ചെയ്യാനുള്ള ആരോഗ്യം കൂടിയുണ്ടെങ്കില്‍ അത്രയും വലിയ കാര്യം. പിന്നെ പല്ലുതേക്കുക, കുളിക്കുക, വസ്ത്രമണിയുക, ആഹാരം കഴിക്കുക… അങ്ങനെ നിത്യജീവിതത്തിലെ പ്രാഥമിക കര്‍മങ്ങള്‍ (അനിവാര്യ കര്‍മങ്ങള്‍) ചെയ്യാന്‍ കഴിയുംവിധം ഒരു മനുഷ്യന്‍ പ്രവര്‍ത്തനസജ്ജനാണെങ്കില്‍ അവന്‍ പ്രപഞ്ചനാഥനായ തമ്പുരാനോട് നിത്യവും ആയിരമായിരം നന്ദി പറയേണ്ടതുണ്ട്. (നന്ദി, നമസ്‌കാരം, നോമ്പ് തുടങ്ങിയ നിര്‍ബന്ധ കാര്യങ്ങള്‍ യഥാവിധി അനുഷ്ഠിക്കുകയും കുടുംബസേവനം, സമൂഹ്യസേവനം, പ്രകൃതിസ്‌നേഹം വരെയുള്ള നന്മയിലധിഷ്ഠിതമായ മറ്റു പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക).

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നുപോലും ചെയ്യാന്‍ കഴിയാത്തവിധം കഴുത്തിനു കീഴ്‌പ്പോട്ട് പൂര്‍ണമായും തളര്‍ന്നുപോയ ഞാന്‍ (പലതവണ എന്റെ കാലുകള്‍ ഉറുമ്പുകള്‍ തിന്നുപോയിട്ടും ഞാനറിഞ്ഞില്ല.) എന്തിനും ഏതിനും പരസഹായം വേണ്ടുന്ന ഈ നിസ്സഹായാവസ്ഥയില്‍പോലും ആരോഗ്യത്തിന്റെ മഹത്വം തിരിച്ചറിയുകയും അല്ലാഹുവിന് സ്തുതി ചൊല്ലുകയും ചെയ്യുന്നു. ഓരോ ശ്വാസത്തിലും കഴിഞ്ഞ പതിനാലു വര്‍ഷക്കാലമായി എന്റെ കൈയും കാലും ചലനസ്വാതന്ത്ര്യവുമെല്ലാമെല്ലാമായ എന്റെ സഹധര്‍മിണിയുടെ സഹായത്തോടെ, കൃത്രിമ മാര്‍ഗത്തിലൂടെ മൂത്രമെടുത്തും മലമെടുത്തും കഴിയുന്ന ഞാന്‍, ഒന്നു തിരിഞ്ഞുകിടക്കാനോ മറിഞ്ഞുകിടക്കാനോ ആവാതെ സഹായിയെയും പ്രതീക്ഷിച്ചു കിടക്കുമ്പോള്‍ തീവ്രവും തീഷ്ണവുമായ ജീവിതാനുഭവങ്ങള്‍ എന്റെ ചിന്തകളെ പൊള്ളിക്കുന്നു. പക്ഷേ, ആ അഗ്നിചിന്തകള്‍ അല്ലാഹുവിലേക്കും അവന്റെ കാരുണ്യത്തിലേക്കും എന്നെ നയിക്കുന്നു. കാരണം “നീ നിന്നെക്കാള്‍ താഴ്ന്നവരിലേക്ക് നോക്കൂ” എന്ന അന്ത്യപ്രവാചകന്റെ (സ) വചനം എന്നെ ക്ഷമാശീലനാക്കുന്നു. എന്തെന്നാല്‍ എന്റെ അവസ്ഥയിലുള്ള എത്രയോ മനുഷ്യക്കോലങ്ങള്‍ കിടക്കാന്‍ വീടോ കഴിക്കാന്‍ ആഹാരമോ നോക്കാനാളോ ഇല്ലാതെ ശരണാലയങ്ങളില്‍ കഴിയുന്നു. അത്തരം ഹതഭാഗ്യരില്‍നിന്ന് ഞാനെത്രയോ മുകളില്‍! എന്നെ സേവിക്കാനും സ്‌നേഹിക്കാനും ത്യാഗമനസ്‌കരായ സഹധര്‍മിണി, മൂന്നു മക്കള്‍, എല്ലായ്‌പ്പോഴും നന്മയില്‍ വര്‍ത്തിക്കുന്ന ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍… ഈ അര്‍ത്ഥത്തില്‍ ഓരോരുത്തരും നമുക്കുള്ളതിനെക്കുറിച്ച് ചിന്തിച്ച് തൃപ്തിയടയുമ്പോള്‍ ശുഷ്‌കമായ ഈ ജീവിതാവസ്ഥക്കപ്പുറമുള്ള നിത്യമായ തണല്‍ നമുക്ക് ലഭ്യമാകും. ഒപ്പം നമ്മുടെ ഭൗതികജീവിതം സമാധാനത്തിന്റെയും ആത്മസംതൃപ്തിയുടെയുമാകും.

നിര്‍ഭാഗ്യവശാല്‍ മുകളില്‍ പറഞ്ഞ ദൈനംദിന കര്‍മങ്ങള്‍ ചെയ്യാന്‍ ആരോഗ്യമുള്ള പലരും പ്രപഞ്ചനാഥന് നന്ദി പറയുന്നില്ലെന്നു മാത്രമല്ല, പകരം ഇതെന്ത് ദുരിതം? എന്തൊരു കഷ്ടപ്പാട്, ഓ… മതിയായി ഈ ജീവിതം തുടങ്ങി, ഇങ്ങനെ ജീവിക്കുന്നതില്‍ എന്തര്‍ത്ഥം എന്നുവരെ ഇവരില്‍ പലരും വളരെ നൈരാശ്യത്തോടും വിരക്തിയോടും കൂടി അനേകം തവണ പറയുന്നു. ഇത്തരമൊരു അവസ്ഥയിലേക്ക് നമ്മുടെ മനോനില സഞ്ചരിക്കുന്നത് നാം നമുക്ക് മുകളിലുള്ളവരിലേക്കും പിന്നെ നമ്മിലേക്കും മാത്രം നോക്കുന്നതുമൂലമാണ്. ഇത്തരമൊരു കാഴ്ചപ്പാട് ജീവിതത്തെക്കുറിച്ച് അറിയാഞ്ഞിട്ടോ മറ്റുള്ളവരുടെ ഭാവം കാണാഞ്ഞിട്ടോ മാത്രമല്ല. സ്വന്തം ജീവിതപ്രയാസങ്ങളെ, പ്രാരാബ്ധങ്ങളെ, രോഗങ്ങളെ ഒക്കെ ഇത്ര അവജ്ഞയോടും വെറുപ്പോടും കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് നമ്മില്‍ കുടികൊള്ളുന്ന ഞാന്‍… ഞാന്‍… എന്റെ സുഖം എന്ന സ്വാര്‍ത്ഥത കാരണമാണ്.

സമ്പൂര്‍ണ നിസ്സഹായതയുടെ ശരശയ്യയില്‍ കിടക്കുമ്പോഴും എന്റെ തളര്‍ന്നുപോയ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകി എഴുതാന്‍ പരിശീലിച്ചു. ഞാന്‍ കഠിനമായ പ്രാര്‍ത്ഥനയ്ക്കും കഠിനമായ പ്രയത്‌നത്തിനുമൊടുവില്‍ വായിക്കാനാവുംവിധം സ്പര്‍ശനമറ്റ എന്റെ കൈവിരലുകള്‍ക്കിടയില്‍ തിരുകിയ പേനയിലൂടെ അക്ഷരങ്ങള്‍ തെളിഞ്ഞു. ആരോഗ്യമുള്ളവര്‍ 30 പേജ് എഴുതുന്ന സമയത്തിനുള്ളില്‍ എനിക്കത് മൂന്നു പേജേ എഴുതാന്‍ കഴിയൂ എന്ന കാര്യം നിങ്ങളുടെ അറിവിലേക്കായി ഉണര്‍ത്തട്ടെ. എങ്കില്‍പോലും ഞാന്‍ നിത്യവും രണ്ടും മൂന്നും പേജുള്ള കത്തുകള്‍ എഴുതുന്നു. കിടക്കയില്‍ കമഴ്ന്ന് കാലിനും വയറിനും കൈമുട്ടിനും അടിയില്‍ ഓരോ തലയണ വച്ച് ഇരുകൈപ്പത്തികള്‍ക്കിടയിലും പേന ഇറുക്കിപ്പിടിച്ച്, പല്ലുകൊണ്ട് പേനയുടെ ടോപ്പ് കടിച്ചൂരി, വായകൊണ്ട് വിരലുകള്‍ക്കിടയില്‍ തിരുകി വാക്കുകള്‍ക്കതീതമായ പ്രയാസം സഹിച്ചാണ് ഞാന്‍ ഓരോ വാക്കും എഴുതുന്നത്. ആ കത്തുകള്‍ കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള അനേകം ഹതഭാഗ്യരെ തേടിച്ചെല്ലുന്നു. അവരുടെ നിരാശയില്‍ ആശയുടെയും പ്രതീക്ഷയുടെയും തിരിതെളിയിക്കാന്‍ എന്റെ കത്ത് കാരണമാകുന്നു. അത്തരക്കാരുടെ ആശ്വാസമറുപടിക്കത്തുകള്‍ എനിക്ക് ആത്മസംതൃപ്തി നല്‍കുന്നു.

അവര്‍ എനിക്കയച്ച മറുപടിയില്‍ എന്റെ കത്ത് എത്രമാത്രം അവരെ സന്തോഷിപ്പിക്കുന്നുവെന്ന് നിങ്ങള്‍കൂടി തിരിച്ചറിയുക:

“സ്വയം ഉരുകുമ്പോഴും മറ്റുള്ളവര്‍ക്ക് വെളിച്ചമേകുന്ന സദ്പ്രവര്‍ത്തനങ്ങള്‍ എന്നെ അതിശയിപ്പിക്കുന്നു. ഈ സംരംഭവുമായി ഇനിയും മുന്നോട്ടു പോകുവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.” (ബഷീര്‍ (34) പെരിങ്ങത്തൂര്‍)
(ഒരു വര്‍ഷം മുമ്പ് കുവൈത്തില്‍നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ പൂനയ്ക്കടുത്തുവച്ച് സഞ്ചരിച്ച ബസ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് നട്ടെല്ലും സുഷുമ്‌നയും തകര്‍ന്ന് ബഷീര്‍ എന്നെപ്പോലെ ശയ്യാവലംബിയായത്),

“പുണ്യറമദാനില്‍ പുതിയ ജീവിതക്രമവുമായി മുമ്പോട്ടുപോകുന്നു. റബ്ബിന്റെ പരീക്ഷണത്തെ അതിജീവിച്ച് മുന്നോട്ട് ഗമിക്കാന്‍ നിങ്ങളുടെ എഴുത്ത് പ്രചോദനമാകുന്നു. 14 വര്‍ഷക്കാലം അശരണര്‍ക്കും മറ്റും പ്രചോദനമായി വര്‍ത്തിക്കാന്‍ കഴിഞ്ഞ നിങ്ങള്‍ക്ക് ആ സദുദ്യമം മുമ്പോട്ടുപോകാന്‍ തൗഫീഖ് നല്‍കട്ടെ.” (അബ്ദുറഹിമാന്‍ (28) മാവൂര്‍).

സൗദിയില്‍വെച്ച് ജോലിക്കിടയില്‍ വീണ് നട്ടെല്ലിന് ക്ഷതമേറ്റാണ് 14 അംഗകുടുംബത്തിലെ ഇളയവനായ ഈ യുവാവ് കിടപ്പിലായത്.)

“സ്‌നേഹവാനായ പ്രിയപ്പെട്ട ഉപ്പയ്ക്ക്, ഷംനാദ് എഴുതുന്നു. ഞാന്‍ ഉപ്പാ എന്നു വിളിക്കുന്നതില്‍ വിരോധമില്ലല്ലോ, അല്ലേ? ഉപ്പയുടെ കത്ത് വായിച്ച് ഒരുപാട് സന്തോഷമാണ്, ഒപ്പം വലിയ ദുഃഖവും. എന്നെ ആശ്വസിപ്പിച്ചുകൊണ്ടെഴുതിയ ഉപ്പയുടെ വേദന എത്ര വലുതാണ്. സ്വന്തം പ്രയാസം മറന്ന് സുഖമില്ലാത്ത കൈകള്‍ ക്ലേശം സഹിച്ച് എനിക്കെഴുതിയത് ആ മനസ്സിന്റെ നന്മയും വിശാലതയുമാണ് വെളിപ്പെടുത്തുന്നത്.
സര്‍വശക്തനായ തമ്പുരാനേ, ഈ അടിമകളെ ഇത്രയേറെ നൊമ്പരപ്പെടുത്തരുത്.” (ഷംനാദ് കുന്നിക്കോട്)

(ഷംനാദ് -രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൈയില്‍ അരുമയായി കൊണ്ടുനടന്ന കുഞ്ഞുപെന്‍സില്‍ ഓടിക്കളിക്കുന്നതിനിടയില്‍ മറിഞ്ഞുവീണു കഴുത്തില്‍ തറഞ്ഞു കയറി സുഷുമ്‌നാനാഡിക്കു ക്ഷതമേറ്റ് 17 വര്‍ഷമായി വീടിനുള്ളിലെ ഇടുങ്ങിയ മുറിയില്‍ പൊട്ടിയ ശരീരവുമായി കഴിയുന്നു.)

“അല്ലാഹുവിന്റെ റഹ്മത്തിനും ഖുദ്‌റത്തിനും ഒപ്പം സൗഭാഗ്യങ്ങള്‍ നന്ദിയോടെയും പരീക്ഷണങ്ങള്‍ ക്ഷമയോടെയും സ്വീകരിക്കുന്നതിന് ജീവിക്കുന്ന ദൃഷ്ടാന്തങ്ങള്‍. താങ്കളെപ്പോലെ മറ്റൊരു സഹോദരനെ അടുത്തറിഞ്ഞപ്പോഴാണ് താങ്കളുടെ മഹത്വം മനസ്സിലായത്. മുഴുവന്‍ രോഗികളുടെയും കരങ്ങളില്‍ ക്വുര്‍ആന്‍ എത്തിയിരുന്നെങ്കില്‍!” (അബ്ദുല്‍ ഷുക്കൂര്‍, കായംകുളം)

“താങ്കളുടെ വസതിയില്‍ കിടന്ന ദിവസം എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തെയോര്‍ത്ത് കരഞ്ഞുകൊണ്ടാണ് അന്ന് കഴിച്ചുകൂട്ടിയത്. അതിനുശേഷം കൂടുതല്‍ വിനയമുള്ള അടിമയായി ജീവിക്കണമേ എന്ന പ്രാര്‍ത്ഥനയില്‍ കഴിഞ്ഞുകൂടുന്നു.” (വാഹിദ്, കായംകുളം)

ഇങ്ങനെ നട്ടെല്ലിനു ക്ഷതമേറ്റ് കൈകാലുകളെ മനസ്സിന്റെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ ശയ്യാവലംബികളായി വീടിന്റെ ഒഴിഞ്ഞ മൂലയില്‍ ശൂന്യതയിലേക്കു നോക്കി നെടുവീര്‍പ്പിടുന്ന, നിരാശയുടെ താഴ്‌വരയില്‍ ദീര്‍ഘശ്വാസം വലിക്കുന്ന, സമദുഃഖമനുഭവിക്കുന്ന സഹോദരങ്ങളെ ആശ്വസിപ്പിക്കാനെങ്കിലും കഴിയുന്നുണ്ടല്ലോ എന്ന ആശ്വാസം എന്നെയും ആശ്വസിപ്പിക്കുന്നു. എന്നെക്കൊണ്ട് ഇത്രയെങ്കിലും ചെയ്യിക്കുന്ന അല്ലാഹുവിന് എന്നും എല്ലായ്‌പ്പോഴും നന്ദി ഓതുന്നു. ഒപ്പം എന്റെ നിയോഗം ഇതാണെന്ന് തിരിച്ചറിയുന്നു. മറ്റു പലര്‍ക്കും അവരുടെ ആരോഗ്യത്തെക്കുറിച്ച് ബോധമുള്ളവരാകുന്നതിനും നന്മയിലേക്ക് തിരിച്ചുവരുന്നതിനും ഞാനൊരു ദൃഷ്ടാന്തമാകുന്നു. ശുഷ്‌കമായ ഈ ജീവിതത്തിലെ പരീക്ഷണകാലം വിജയകരമായി താണ്ടിയാല്‍ അല്ലാഹുവിന്റെ തണല്‍ അതിന്റെ പൂര്‍ണതയില്‍ എന്നെ പൊതിയുമെന്ന് ഞാന്‍ മനസ്സിലുറപ്പിക്കുന്നു. ഈ അവസ്ഥയിലേക്ക് നാം എത്തിപ്പെടണമെങ്കില്‍ (ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് അല്ലാഹുവിന് നന്ദി പറയുന്ന അവസ്ഥയിലേക്ക് എത്തണമെങ്കില്‍) അല്ലാഹുവിലേക്കും അവന്റെ അനുഗ്രഹമായ അറിവിന്റെ മഹാസാഗരമായ പരിശുദ്ധ ക്വുര്‍ആനിലേക്കും നാം മുഖവും മനസ്സും തിരിക്കേണ്ടതുണ്ട്.

പുണ്യങ്ങളുടെ പൂക്കാലമായ റമദാനെക്കുറിച്ച് ഇത്തിരിക്കൂടി എഴുതിക്കൊണ്ട് ഈ കത്ത് തല്‍ക്കാലം നിര്‍ത്താം. വിശുദ്ധ റമദാന്റെ അമൂല്യനാളുകളില്‍ പ്രാര്‍ത്ഥനാനിരതനാകുന്ന വിശ്വാസി പ്രഭാതം മുതല്‍ പ്രദോഷം വരെ വിശപ്പും ദാഹവും സഹിച്ച് ശരീരേച്ഛകള്‍ മുഴുവന്‍ ബലികഴിച്ചും സര്‍വാധിനാഥനോടുള്ള വിധേയത്വം ഉറക്കെ പ്രഖ്യാപിക്കുന്നു. അവന്‍ രാത്രി ഉറക്കമൊഴിച്ച് നമസ്‌കാരങ്ങളിലും പ്രാര്‍ത്ഥനകളിലും മുഴുകുന്നു. ആത്മസംസ്‌കരണത്തിന്റെയും ആത്മപ്രകാശത്തിന്റെയും വീണ്ടെടുപ്പിനായി അല്ലാഹു നിശ്ചയിച്ചുതന്ന ഉപവാസപദ്ധതിയില്‍ ശുദ്ധി ചെയ്ത മനസ്സുമായി പുറത്തിറങ്ങുന്ന ഓരോ വിശ്വാസിയിലും കാരുണ്യവാനായ തമ്പുരാന്‍ അനുഗ്രഹത്തിന്റെ അമൃത് വര്‍ഷിക്കും.

അല്ലാഹുവിന്റെ കല്‍പനയ്ക്കനുസൃതമായി നോമ്പനുഷ്ഠിച്ചവന് തന്റെ മുന്‍കാലപാപങ്ങള്‍ പൊറുക്കപ്പെടുമെന്നും നരകശിക്ഷയില്‍ നിന്ന് മോചനം പ്രതീക്ഷിക്കാമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവില്‍നിന്ന് ലഭിക്കുന്ന ഏറ്റവും മഹത്തായ അനുഗ്രഹമാണത്. ഇങ്ങനെ പ്രപഞ്ചനാഥന്റെ കല്‍പനകളെ ശിരസ്സാവഹിച്ച് നോമ്പും സകാത്തും ക്വുര്‍ആന്‍ പാരായണവും അനാഥ-അഗതികളെ സംരക്ഷിക്കലും മറ്റനേകം നന്മകളും അധികരിപ്പിക്കുകയും ചെയ്ത വിശ്വാസിയുടെ അന്തരംഗം പരിപക്വമായ ശാന്തതയില്‍ ആയിരിക്കുമെന്ന് അനുഭവത്തില്‍ നിന്ന് ഉറപ്പിക്കാം. സഹോദരങ്ങളേ, ഈ റമദാന്‍ മാസം ഈ തരത്തിലൊന്ന് ഉപയോഗപ്പെടുത്തി നോക്കൂ! തീര്‍ച്ചയായും എല്ലാവിധ അശാന്തികള്‍ക്കും രോഗങ്ങള്‍ക്കുമുള്ള ശമനൗഷധമാണത്.

എല്ലാ മനുഷ്യരുടെയും ആരോഗ്യം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും ഔദാര്യവുമാണെന്ന് തിരിച്ചറിഞ്ഞ് പ്രസ്തുത ആരോഗ്യാവസ്ഥയെ നന്മയുടെ വഴിയിലൂടെ നടത്തിക്കുക. ഈ പരീക്ഷണകാലം ഒരു പുണ്യമാക്കി ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ തൃപ്തിക്ക് പാത്രമാവുക. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

നൂതനവൈദ്യശാസ്ത്രവും ഔഷധങ്ങളും -കഴുത്തിനുകീഴെ എന്റെ തളര്‍ച്ച മാറ്റുന്നതുപോയിട്ട് എന്റെ ചെറുവിരല്‍ പോലും അനക്കുന്നതില്‍പോലും- പരാജയപ്പെട്ട് നിരാശയുടെ ചെളിക്കുണ്ടില്‍ വീണ എന്നെ വിശുദ്ധ ക്വുര്‍ആനിന്റെ പാതയിലേക്കു കൈപിടിച്ചുയര്‍ത്തി അതുവഴി ശാന്തതയും സമാധാനവും നല്‍കി, വൈകല്യം തടവിലാക്കിയ വിധിക്കെതിരെ പോരാടാനും സമാധാനം ലഭിക്കാനുമിടയാക്കിയ എന്‍.ഉമ്മര്‍കോയ (കോഴിക്കോട്), ഈ കത്ത് അതിന്റെ അടുക്കും ചിട്ടയോടുംകൂടി എഴുതുവാന്‍ സഹായിച്ച എസ്.എം സാദിഖ് (കായംകുളം) എന്നിവരോട് എന്റെ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

print

No comments yet.

Leave a comment

Your email address will not be published.