വിശ്വാസമാണെനിക്ക് തുണ ! -5

//വിശ്വാസമാണെനിക്ക് തുണ ! -5
//വിശ്വാസമാണെനിക്ക് തുണ ! -5
സർഗാത്മക രചനകൾ

വിശ്വാസമാണെനിക്ക് തുണ ! -5

Print Now
ജീവിതം ഒരു സമരം

കാരുണ്യവാനായ തമ്പുരാനേ,
കൈകാലുകളെ മനസ്സിന്റെ
ഇഷ്ടത്തിനൊത്ത് ചലിപ്പിക്കാന്‍
കഴിയാതെ എന്റെ ജീവിതയാ-
തനകള്‍, അതിന്റെ അതീവ തീവ്രത
എന്നെ വിഷമിപ്പിക്കുന്നു.
എങ്കിലും റബ്ബേ, നിന്റെ തണലില്‍
ഞാന്‍ സംതൃപ്തനാണ്. എന്തെന്നാല്‍,
ചലനമറ്റ ഇരുകാലുകള്‍ക്കും മധ്യേ
ചുട്ടുപഴുത്ത ചെമ്പുകമ്പി കയറ്റിയാല്‍
അനുഭവപ്പെടുന്നതുപോലുള്ള, ഓരോ
ശ്വാസത്തിലും അനുഭവിച്ചുകൊണ്ടിരി-
ക്കുന്ന പൊള്ളുന്ന വേദനകളില്ലാത്ത,
രോഗവും പ്രയാസവും ദുഃഖവുമൊന്നു-
മില്ലാത്ത നിന്റെ ശാശ്വതസ്വര്‍ഗം
ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളെ നീ
അനുഗ്രഹിക്കണേ നാഥാ…

ബഹുമാനപ്പെട്ട സാഹിബ്,
അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ. ഞാനകപ്പെട്ടതുപോലുള്ള മഹാപരീക്ഷണത്തില്‍നിന്ന് അല്ലാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ (കനിഞ്ഞു സഹായിക്കുന്ന മനുഷ്യരില്ലെങ്കില്‍ കൈയെത്തുന്ന അകലത്തുനിന്ന് വെള്ളമെടുത്ത് ദാഹം തീര്‍ക്കാനെനിക്കു കഴിയില്ല).

എന്റെ അനുജന്‍ പി.ടി.കെ അഷ്‌റഫിന്റെ നിരന്തര പ്രേരണയാണ് കടുത്ത ചൂടും അവശതയും മറന്ന് വിധിയുടെ കിടക്കയില്‍ കമഴ്ന്നു കിടന്ന് സ്പര്‍ശനമറ്റ വിരലുകള്‍ക്കിടയില്‍ പേന തിരുകി അങ്ങേയ്‌ക്കെഴുതുവാന്‍ ഗ്വാഡ്രപ്ലീജിയ (നട്ടെല്ലിന്റെ ആറാമത്തെ കശേരു ഒടിഞ്ഞ് കഴുത്തിന് കീഴെ പൂര്‍ണമായും തളര്‍ന്ന് സ്പര്‍ശശേഷി പോലുമില്ലാതെ എന്തിനും ഏതിനും പരസഹായം വേണ്ടുന്ന രോഗി) പേഷ്യന്റായ എന്നെ സഹായിച്ചത്.

സുഖം നേരുന്നു. സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആശയോടും ആശങ്കയോടും കൂടിത്തന്നെ. ആത്മവിശ്വാസവും മനക്കരുത്തും കൈവിടാതിരിക്കുക. പരിശുദ്ധ ക്വുര്‍ആന്‍ നെഞ്ചോടുചേര്‍ത്തു പിടിച്ച് മനസ്സിലെ നോവും നൊമ്പരങ്ങളും വിങ്ങുന്ന മനസ്സോടെ പടച്ചതമ്പുരാനോട് മാത്രം പറയുക. ആരൊക്കെ കൈയൊഴിഞ്ഞാലും മഹാപ്രഭാവനായ തമ്പുരാന്‍ തന്നെ കൈയൊഴിയില്ലെന്ന് ഉറച്ചുവിശ്വസിക്കുക.
ജീവിതയാത്രയിലെ മുപ്പത്തിനാലാമത്തെ വയസ്സിലേറ്റ ശക്തമായ തിരിച്ചടിയേറ്റ്, നൂതനവൈദ്യശാസ്ത്രവും ഔഷധങ്ങളും കഴുത്തിനുകീഴെ തളര്‍ച്ച മാറ്റുന്നതുപോയിട്ട് എന്റെ ചെറുവിരല്‍ പോലും അനക്കുന്നതില്‍ പരാജയപ്പെട്ട്, ശയ്യാവലംബിയായി, ജീവിതത്തിലൊരിക്കലും എന്റെ കാലുകള്‍ക്ക് നടന്നുകീഴാന്‍ കഴിയില്ലെന്ന പൊള്ളുന്ന സത്യം മനസ്സിലാക്കിയപ്പോള്‍, ഭാര്യയെയും പറക്കമുറ്റാത്ത മൂന്നു മക്കളെയും എങ്ങനെ മുന്നോട്ടു നയിക്കും എന്ന ചിന്താഭാരത്താല്‍ കരഞ്ഞുകലങ്ങിയ കണ്ണുകളും കരുവാളിച്ച മുഖവുമായി ആരെയും അഭിമുഖീകരിക്കാനാവാതെ നിരാശയുടെ ചെളിക്കുണ്ടില്‍ വീണ എന്നെ രണ്ടു കൈയും കാലും കണ്ണും മൂക്കും വായും പിന്നെ സമ്പത്തും സന്താനങ്ങളുമൊക്കെയുണ്ടായിട്ടും തൃപ്തിവരാത്ത മനുഷ്യര്‍ക്ക് ലഭിക്കാനാവാത്ത മാനസിക നിലവാരത്തിലെത്തിച്ചത് പരിശുദ്ധ ക്വുര്‍ആനാണ്. പങ്കായമില്ലാത്ത തോണി പോലെയായിരുന്നു എന്റെ മനസ്സിന് ആശ്വാസവും സമാധാനവും കിട്ടിയത് അറിവിന്റെ മഹാസാഗരമായ വിശുദ്ധ ക്വുര്‍ആന്‍ മനസ്സില്‍ പാര്‍പ്പിച്ചതു മുതലാണ്.

ശാശ്വതമായ കേന്ദ്രത്തിലേക്കുള്ള യാത്രയാണല്ലോ ജീവിതം. നശ്വരമായ ലോകത്തില്‍ മനസ്സിനെ നങ്കൂരമിടുന്നവര്‍ മുങ്ങിപ്പോകുന്ന നൗകയിലാണ് യാത്ര തിരിക്കുന്നത്. അനശ്വരമായ ലോകത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ശാശ്വതമായ സങ്കേതത്തിലേക്കാണല്ലോ കപ്പല്‍ ഓടിക്കുന്നത്. ജീവിതത്തിലെ പ്രയാസങ്ങളും പരിഭവങ്ങളും യാതനകളും വേദനകളും പ്രശ്‌നങ്ങളും പ്രാരാബ്ദങ്ങളും എന്നന്നേക്കുമായി മനുഷ്യര്‍ ഇറക്കിവയ്ക്കും. ഒരു ദിനത്തില്‍ ആര്‍ക്കുമാരെയും സമാശ്വസിപ്പിക്കാന്‍ സാധിക്കാത്ത സമയത്ത്, അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും യാതനകള്‍ക്കും പ്രതിഫലം നല്‍കുവാന്‍ വേണ്ടിമാത്രം. ജീവിതത്തിന്റെ പരമോന്നതമായ ലക്ഷ്യം കണ്ടെത്താന്‍, ശാശ്വതമായ ശാന്തിയും സമാധാനവും ലഭിക്കുവാന്‍, സുഖസുന്ദരമായ ജീവിതം നുകരുവാന്‍… ലൗകികമായ സുഖദുഃഖങ്ങള്‍ എത്ര തുച്ഛമാണെന്ന് അപ്പോള്‍ മാത്രമേ മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.
പരലോകം വിഭാവനം ചെയ്യാന്‍പോലും ആര്‍ക്കും ഇന്നേവരെ സാധിച്ചിട്ടില്ല. സുന്ദരമായ ആ ലോകം കൈവരിക്കുവാന്‍ അല്‍പം പ്രയാസങ്ങള്‍ നാം അനുഭവിച്ചേ മതിയാകൂ.

അല്ലാഹു പറയുന്നു: “കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിക്കേണ്ട നിലയില്‍ത്തന്നെയാകുന്നു മനുഷ്യനെ സൃഷ്ടിച്ചത്.” (അല്‍ബലദ്: 4)

“മരണവും ജീവിതവും സൃഷ്ടിച്ചവനത്രെ അവന്‍, നിങ്ങളില്‍ ഭംഗിയായി കര്‍മമനുഷ്ഠിക്കുന്നതാരാണെന്ന് പരീക്ഷിക്കുന്നതിന് വേണ്ടി. അവനത്രേ വളരെ പൊറുക്കുന്നവനായ പ്രതാപശാലി.” (അല്‍മുല്‍ക്: 2)

ദൈവനിശ്ചയപ്രകാരമാണ് നാം ഭൂമിയില്‍ വസിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ചലിക്കുന്നതും തിരിച്ചുപോകുന്നതും എന്നുവേണ്ട എല്ലാ കാര്യങ്ങളും അനുഷ്ഠിക്കുന്നതും. നാം ഉദ്ദേശിച്ചപ്രകാരം സന്താനങ്ങളെപ്പോലും പരിപാലിക്കാന്‍ നമുക്ക് കഴിയില്ല. അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ജനസമൂഹം ഭൂമിയില്‍ വസിക്കുമെന്ന് ദൈവം വളരെ മുന്‍കൂട്ടി വിഭാവനം ചെയ്തുകഴിഞ്ഞു. അതനുസരിച്ച് കുറേപ്പേര്‍ രോഗികളാവുകയും കുറേപ്പേര്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും രക്തസാക്ഷികളാവുകയും ചെയ്തു. എല്ലാം ദൈവനിശ്ചയപ്രകാരം തന്നെ. മനുഷ്യന്റെ കരങ്ങള്‍ക്കോ ഉദ്ദേശ്യങ്ങള്‍ക്കോ ഇവിടെ യാതൊരു സ്ഥാനവുമില്ല… അല്ലാഹു പറയുന്നു:

“ഞാന്‍ ഉദ്ദേശിക്കാതെ നിങ്ങള്‍
ഉദ്ദേശിക്കുക പോലുമില്ല.”

എന്താണ് ജീവിതം: ആംഗലേയകവിയുടെ വരികള്‍ കടമെടുക്കട്ടെ.
Life is a challenge – meet it
Life is a gift – accept it
Life is a game – play it
Life is a mystery – unfold it
Life is a song – sing it
Life is love – enjoy it
Life is camera – smile it
Life is puzzle – solve it
Life is a struggle – fight it
Life is a journey – complete it
Life is a duty – performs it
Life is a tragedy – face it
ജീവിതത്തെ സ്വല്‍പം വാക്കുകളിലൂടെ അര്‍ത്ഥവത്താക്കുന്ന ഈ കൊച്ചുവാക്യം, ഭൗതികജീവിതത്തില്‍ കണ്ണും നട്ടിരിക്കുന്നവര്‍ക്ക് ഇത് ധാരാളം മതി. എന്നാല്‍ ആത്മീയലോകത്തേക്ക് വെളിച്ചം വീശുന്ന പ്രകാശം ഏതാണ്? അതാണ് ‘ദൈവം ഏകനാണ്’ എന്ന കലിമത്ത്. പ്രതിസന്ധികളുടെ പടുകുഴിയില്‍പെട്ട് മനസ്സില്‍ കൂരിരുട്ട് പരത്തുമ്പോഴും അന്ധകാരം പൊലിക്കുമ്പോഴും (അറ്റമില്ലാത്ത ദുഃഖം പേറി കൂട്ടിലടച്ച കിളിയെപ്പോലെ) ചൊരിഞ്ഞുതരുന്നത് ആ വചനമാണ്. ആ വചനം ഒന്നുമാത്രമാണ്. (അനുഭവത്തില്‍നിന്ന്).

അടിമ വേദനിക്കുമ്പോഴും പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും നിര്‍വികാരതയോടെ കാണുന്നവനല്ല ദൈവം. മനുഷ്യന്റെ ഓരോ ചലനത്തിലും സ്പര്‍ശനത്തിലും ദൈവത്തിന്റെ കരുണാകടാക്ഷങ്ങളുണ്ട്. ഒലിക്കുന്ന കണ്ണുകളോടെ ദൈവത്തിലേക്ക് ഉയര്‍ത്തുന്ന കൈകള്‍ ഒരിക്കലും അവന്‍ തട്ടിമാറ്റില്ല. ആവലാതികളും പരാധീനതകളും അവന്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ, നമ്മുടെ അജ്ഞതകൊണ്ട് നമുക്ക് തോന്നിപ്പോകുന്നു, പ്രാര്‍ത്ഥനകള്‍ ദൈവം സ്വീകരിക്കുന്നില്ല, ദൈവം നമ്മെ പറ്റേ മറന്നുകഴിഞ്ഞു എന്ന്. അങ്ങനെ പ്രാര്‍ത്ഥന ഒഴിവാക്കിയും വിശ്വാസം നഷ്ടപ്പെടുത്തിയും ദൈവത്തില്‍നിന്ന് അകലുന്നു.

അല്ലാഹു പറയുന്നു: “എന്റെ ഒരു അടിമ എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനോട് ഒരു മുഴം അടുക്കും. അവന്‍ ഒരു മുഴം അടുത്താല്‍ ഒരു വാര ഞാന്‍ അടുക്കും.” പിശാചിന്റെ ദുര്‍ബോധനം കൊണ്ടുമാത്രമാണ് ദൈവകാരുണ്യത്തെപ്പറ്റി നാം വിസ്മരിച്ചുപോകുന്നത്. മനസ്സിന് സ്ഥൈര്യവും ധൈര്യവും നല്‍കി പരമോന്നതനായ അല്ലാഹുവില്‍ പൂര്‍ണമായും ഭരമേല്‍പ്പിക്കുക. വേദനകള്‍ക്കും പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും അതേ അതൊന്നുമാത്രം. ഹൃദയത്തില്‍ ശാന്തിമന്ത്രം ഉയരും. മാലാഖമാരുടെ സ്പര്‍ശനവും തലോടലും ശാന്തിയും ഭവിക്കും. തളര്‍ന്ന മനസ്സിനും ശരീരത്തിനും താനറിയാതെ തന്നെ ചലനം ലഭിക്കും. നിരന്തരമായ പ്രാര്‍ത്ഥന മനസ്സിന്റെ ചാഞ്ചാട്ടത്തെ പിടിച്ചുനിര്‍ത്തും.

“താഴ്മയോടും സ്വകാര്യമായും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുവിന്‍. ദൈവാനുഗ്രഹം നന്മ ചെയ്യുന്നവരോടടുത്താകുന്നു.” (അല്‍ അഅ്‌റാഫ്: 56)

സത്യവിശ്വാസിയുടെ ഹൃദയം എന്നും പ്രകാശമയമാണ്. ജീവിതത്തിലെ അന്ധകാരങ്ങളില്‍നിന്ന് കൂടുതല്‍ ജ്വലിക്കുന്നത് ആത്മധൈര്യം മാത്രമാണ്.

കഴിഞ്ഞുപോയ കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കരുത്. വരാനിരിക്കുന്ന നല്ല കാലഘട്ടത്തെപ്പറ്റി ഓര്‍ക്കുക. വിശ്വാസം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുക. സന്ദിഗ്ധഘട്ടത്തില്‍ നബി (സ) പോലും അല്ലാഹുവിനോട് പറഞ്ഞുപോയി: “നാഥാ! എപ്പോഴാണ് നിന്റെ സഹായം വന്നെത്തുന്നത്?” അപ്പോഴതാ ശാന്തിമന്ത്രം ഉയരുന്നു: “മതാ നസ്‌റുള്ളാഹി അലാ ഇന്ന നസ്‌റുള്ളാഹി കരീബ്” (ഇതാ സഹായം എത്തിയിരിക്കുന്നു. ദൈവത്തിന്റെ സഹായം സമീപത്തുതന്നെയാണ്).

Urinary Tract Infection കാരണം എഴുതരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശനനിബന്ധന അവഗണിച്ച് രണ്ടാഴ്ച മുമ്പാണ് ഈ കത്ത് എഴുതിത്തുടങ്ങിയത്. ഇന്നാണ് എഴുതിത്തീര്‍ന്നത്.

കമഴ്ന്നു കിടന്നുകൊണ്ട് മാത്രമേ എനിക്കെഴുതാന്‍ പറ്റൂ! എഴുതാന്‍ പാകത്തില്‍ മറ്റൊരാളെക്കൊണ്ട് മൂന്നു തലയണയ്ക്കുമുകളില്‍ എന്നെ കമഴ്ത്തിക്കിടത്തും. വേദന കടിച്ചുപിടിച്ച് ഉണങ്ങിയ മരച്ചില്ല പോലുള്ള വിരലുകള്‍ക്കിടയില്‍ തിരുകിയ പേനയിലൂടെ ഉതിര്‍ന്നുവീണ വാക്കുകള്‍ ഹൃദയം തുറന്നു വായിക്കുക. തീര്‍ച്ചയായും മനസ്സില്‍ ശാന്തിയും സമാധാനവും ഉണരും.

പ്രതിസന്ധിയിലൂടെ വിജയത്തിലെത്തിയ ചരിത്രമാണ് ഈ ഇഹലോകത്തിന്റേത്. പ്രശ്‌നത്തിനു മുമ്പില്‍ പതറാതെ വിശ്വാസവും അര്‍പ്പണമനോഭാവവും കൈമുതലാക്കി അല്ലാഹുവിന്റെ സഹായം തേടുകയാണ് മുസല്‍മാന്‍ ചെയ്യേണ്ടത്. കഴിവതും വീഴാതിരിക്കാനും വീണുപോയാല്‍ പിടഞ്ഞെണീക്കാനും മുന്നോട്ടു പ്രയാണം ചെയ്യാനും ആ വിശ്വാസമാണ് ശക്തി പകരുന്നത്.

നാഥാ! നിരാശയില്‍ നട്ടം തിരിയുന്നവര്‍ക്ക് എന്നെ ഒരു ഉപകരണമാക്കണമേ. സ്വയം ഉരുകിക്കൊണ്ട് മറ്റുള്ളവര്‍ക്ക് വെളിച്ചമേകാനുള്ള മനക്കരുത്ത് ജീവിതാന്ത്യം വരെ നിലനിര്‍ത്തേണമേ… ആമീന്‍.

അല്ലാഹു ഇരുലോകത്തും നമ്മെ അനുഗ്രഹിക്കട്ടെ.
മനമുരുകിയുള്ള പ്രാര്‍ത്ഥനയോടെ…

1 Comment

  • Motivating writing based on faith in Allah. May Allah bless us here and here-after.
    Aameen
    Abdurehiman V T

    Abdurehiman 02.11.2019

Leave a comment

Your email address will not be published.