സ്‌പൈനല്‍കോഡ്
കഥ
കിഴക്ക് വെള്ളകീറാന്‍ തുടങ്ങിയപ്പോള്‍ പതിവുപോലെ അയാള്‍ ഞെട്ടിയുണര്‍ന്നു. ചെറുപ്പത്തില്‍ ഉമ്മ പഠിപ്പിച്ച ശീലം ശരീരം തളര്‍ന്നിട്ടും മുറതെറ്റാതെ തുടരുകയാണ്.
കാക്കകളുടെ കലപില ശബ്ദമാണ് അപ്പോള്‍ അയാളെ വരവേറ്റത്. ഇമ്പമില്ലാത്ത ആ ശബ്ദങ്ങള്‍ താന്‍ ആശുപത്രിക്കട്ടിലിലാണെന്ന ബോധം അയാളെ ഉണര്‍ത്തി. അതുവരെയും അയാളൊരു പുതിയ ലോകത്തായിരുന്നു. നിറക്കൂട്ടുകള്‍ പശ്ചാത്തലമൊരുക്കിയ അത്ഭുതലോകത്ത്. അവിടെ അയാള്‍ പറക്കുകയായിരുന്നു. ചിറകുകളില്ലാത്ത ഉയരങ്ങളിലേക്ക്. അത്ഭുതസുന്ദരനിമിഷങ്ങള്‍ക്കുമീതെ അങ്ങനെ… അതൊരു സ്വപ്നമായി കലാശിക്കുന്നതില്‍ അയാള്‍ നിരാശപ്പെട്ടു. സ്വപ്നം യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ അതീവസുന്ദരമായിത്തീരുമെന്ന് ആ നിരാശയ്ക്കിടയിലും അയാള്‍ മനസ്സിലാക്കി.
ഉറക്കം വിട്ടകന്നിട്ടും അയാള്‍ക്ക് എഴുന്നേല്‍ക്കാനായില്ല. ശരീരത്തില്‍ ചലനം അവശേഷിച്ചു. കൈയുയര്‍ത്തി കണ്‍കുഴിയിലെ പീളകള്‍ തുടച്ചു. ചലനമറ്റ വിരലുകളെ യഥാവിധി നിയന്ത്രിക്കാനാവാത്തതുകാരണം നഖം കൃഷ്ണമണിയില്‍ തട്ടി. വേദനിച്ചു. എങ്കിലും ഒരു പ്രവൃത്തി സ്വയം ചെയ്യാനായതില്‍ സന്തോഷം തോന്നി. അനുജനെ വിളിച്ചു. കട്ടിലിന്റെ ചുവട്ടില്‍ മൂടിപ്പുതച്ചു കിടന്ന അവന്‍ മുരണ്ടതല്ലാതെ എണീറ്റില്ല. ഉറക്കമുണരാന്‍ അവന് പണ്ടേ മടിയാണ്. പുതപ്പ് വലിച്ചുമാറ്റിയും ചിലപ്പൊള്‍ വെള്ളമൊഴിച്ചും ശല്യം ചെയ്താണ് ഉമ്മ അവനെ ഉണര്‍ത്താറ്. അയാളാകട്ടെ, അതിന് നിസ്സഹായനും. ഉറക്കെ അവനെ വിളിച്ചു.
ഒന്ന് ഞെട്ടി അവന്‍ ചാടിയെണീറ്റു. അയാള്‍ പുഞ്ചിരിച്ചു. ആ ചിരിയുടെ വശ്യത ഉറക്കച്ചടവില്‍നിന്ന് അവനെ തൊട്ടുണര്‍ത്തി. “പല്ല് തേക്കണം” -അയാള്‍ പറഞ്ഞു.
അനുജന്‍ അയാളെ ബെഞ്ചില്‍ ചാരിവച്ച് സ്റ്റാന്‍ഡിലേക്ക് താങ്ങിയിരുത്തി. ട്യൂബ് ലൈറ്റിനു ചുവട്ടില്‍ അയാളുടെ ശരീരം ഒരു പ്രതിമപോലെ തോന്നിച്ചു. പ്രഭാതകര്‍മങ്ങളുടെ നിര്‍വഹണം പൂര്‍ത്തിയായപ്പോള്‍ പതിവുപോലെ അയാള്‍ പ്രപഞ്ചനാഥന് സ്തുതികളര്‍പ്പിച്ചു. “ഭുവനവാനങ്ങളുടെ സ്രഷ്ടാവേ! എന്റെ നട്ടെല്ല്, എന്റെ നട്ടെല്ല്… ഒട്ടനവധി പേരുടെ നട്ടെല്ല്!”
അവസാനം ഒരിറ്റ് കണ്ണുനീര്‍ ബെഡ്ഡിലേക്ക് വീണുചിതറി. അപ്പോള്‍ അയാളുടെ മുഖം കൂടുതല്‍ ദയനീയമായി. ഒരു കൂടപ്പിറപ്പിന്റെ ദൈന്യം അനുജന്റെ മനസ്സിനെ വേദനിപ്പിച്ചു. അവര്‍ക്കിടയില്‍ മൗനം കനത്തു.
ആ മൗനത്തെ മുറിച്ചുകൊണ്ട് പത്രക്കാരന്‍ വന്നു. നാണയത്തുട്ടുകള്‍ നല്‍കി അനുജന്‍ പത്രം വാങ്ങി. മുന്നില്‍ക്കിടന്ന പത്രം മറിച്ചുനോക്കാന്‍ അയാള്‍ക്കായില്ല. അനുജന്‍ തലക്കെട്ടുകള്‍ ഉറക്കെ വായിക്കാന്‍ തുടങ്ങി. അയാള്‍ കാതുകൂര്‍പ്പിച്ചു. കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, പീഡനങ്ങള്‍, വാണിഭങ്ങള്‍… എല്ലാം ചോരയുടെ രുചിയുളള, ദുഃഖത്തിന്റെ ഛായയുള്ള അക്ഷരങ്ങള്‍. അയാളുടെ മനസ്സ് നീറി. “മതി, നിര്‍ത്തിക്കള” -അയാള്‍ പറഞ്ഞു. തൊട്ടടുത്ത ബെഡ്ഡിലേക്കു നോക്കി. സനല്‍കുമാറും ബെഡ്ഡിനു ചുവട്ടില്‍. അവന്റെ അമ്മയും ഉറങ്ങുക തന്നെയാണ്. ഉറക്കമാര്‍ന്ന ആ മുഖങ്ങളിലെ ശാന്തതയും നൈര്‍മല്യവും അയാള്‍ ശ്രദ്ധിച്ചു. ദുഃഖങ്ങള്‍ നൃത്തമാടുന്ന ഈ ലോകത്ത് ഉറക്കമാണ് ഉത്തമമെന്ന് അയാള്‍ക്ക് തോന്നി.
എങ്കിലും അയാള്‍ അനുജനോട് പറഞ്ഞു: “ഡോക്ടര്‍മാര്‍ റെയ്ഡിനു വരാന്‍ ഇനി അധികസമയമില്ല… നീ അവരെ ഉണര്‍ത്ത്… ഹും വേഗം…”
ഞെട്ടിയുണര്‍ന്നു നോക്കിയ അവര്‍ അയാളുടെ ശരീരത്തിലേക്ക് ജനലും കടന്ന് ചരിഞ്ഞു വീഴുന്ന പ്രഭാതകിരണങ്ങള്‍ കണ്ടതോടെ തിടുക്കത്തില്‍ പ്രഭാതകര്‍മങ്ങള്‍ ആരംഭിച്ചു. ആ തിടുക്കത്തിനിടയില്‍ സനല്‍കുമാറിന്റെ ശരീരത്തിലെ (തളര്‍ന്ന) വിഹ്വലതകള്‍ കൂടുതല്‍ തെളിച്ചത്തോടെ പുറത്തുവന്നു. അയാള്‍ക്കു വിഷമം തോന്നി. ഞാനും അവനും തുല്യദുഃഖിതരാണല്ലോ എന്ന ചിന്ത പെട്ടെന്ന് അയാളിലുണര്‍ന്നു. അപ്പോള്‍ അയാള്‍ക്ക് നട്ടെല്ലിനോട് എന്തെന്നില്ലാത്ത ഒരു വിദ്വേഷം തോന്നി. ദുഃഖത്തിന്റെ കയത്തിലേക്ക് ഞങ്ങളെ തള്ളിയത് ഒടിഞ്ഞ നട്ടെല്ലാണല്ലോ എന്ന് അയാള്‍ ദുഃഖത്തോടെ ഓര്‍ത്തു. നട്ടെല്ലില്ലാത്ത ജീവിവര്‍ഗത്തിലായിരുന്നു ദൈവം മനുഷ്യനെ സൃഷ്ടിച്ചിരുന്നതെങ്കില്‍… അയാള്‍ മോഹിച്ചു. മനസ്സ് നീറി. ദുഃഖം ചാലിച്ച ആ ചിന്തകള്‍ക്കു വിരാമമിടാന്‍ അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു ശൂന്യത തേടി.
ഡോക്ടര്‍മാര്‍ വരവായി. “ഞാന്‍ പുറത്തുപോകട്ടെ.” ചോദ്യം കേട്ട് അയാള്‍ കണ്ണുതുറന്നു. വാര്‍ഡില്‍ നിശബ്ദത പരക്കാന്‍ തുടങ്ങിയത് അയാളറിഞ്ഞു. നിശബ്ദതയില്‍ ശരീരത്തിന്റെ വേദനകള്‍ ഇരട്ടിക്കുന്നതുപോലെ തോന്നി.
“ഇക്കാ ഉറങ്ങുകയായിരുന്നോ? ഇരുന്ന്? സനല്‍കുമാര്‍ ചോദിച്ചു.
“വെറുതെ കണ്ണടച്ചതാണ്. മനസ്സിനും ശരീരത്തിനും സ്വസ്ഥതയില്ല.” അയാള്‍ പറഞ്ഞു.
“എന്താണ് പ്രത്യേകിച്ച്” – അയാള്‍ ചിരിച്ചു. “ഇതൊക്കെത്തന്നെ പോരേ, കഴുത്തിനുകീഴെ പൂര്‍ണമായും തളര്‍ന്ന്, കനിഞ്ഞു സഹായിക്കുന്ന മനുഷ്യരില്ലെങ്കില്‍, കൈയെത്തുന്ന അകലത്തുനിന്ന് വെള്ളമെടുത്ത് ദാഹം തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥ, അറ്റമില്ലാത്ത ദുഃഖം, പ്രതീക്ഷയില്ലാത്ത ജീവിതം, എല്ലാവര്‍ക്കും ഭാരമായിത്തുടങ്ങുന്നുവോ?”
“ശരി തന്നെ, ഒരു കണക്കിനുനോക്കിയാല്‍ ഇക്കാക്ക് പരമസുഖമാണ്. കുടുംബം നോക്കാന്‍ ബാപ്പയുണ്ടല്ലോ. കിട്ടുന്നത് തിന്ന് അനങ്ങാതെ കിടന്നാല്‍ പോരേ?
സനല്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
“നിന്റെ നിരീക്ഷണം തെറ്റില്ല. ഒരു വഴിയിലൂടെ ചിന്തിച്ചാല്‍ ഞാനും നീയും പരമസുഖിയന്‍മാരാണെന്നു പറയേണ്ടി വരും. നിനക്കുമുണ്ടല്ലോ അച്ഛന്‍…” അയാള്‍ പറഞ്ഞു.
പെട്ടെന്ന് അവന്റെ മുഖം വാടി. “എനിക്ക് അച്ഛനുണ്ട് പക്ഷേ…” അതുപറയാന്‍ തുടങ്ങിയപ്പോഴേക്കും ഡോക്ടര്‍മാരുടെ സംഘം അവര്‍ക്കടുത്തെത്തി. “എന്തുണ്ട് വിശേഷം?” ഡോക്ടര്‍ അയാളോട് ചോദിച്ചു. “പരമസുഖം തന്നെ സാര്‍” -അയാള്‍ പറഞ്ഞു.
“കാലിളക്കൂ, കൈപൊക്കൂ, വിരല്‍ മടക്കൂ” -ഡോക്ടറുടെ ആജ്ഞകള്‍ നീണ്ടു. പക്ഷേ അയാളുടെ ശരീരം അവയൊന്നും അനുസരിച്ചില്ല. ജീവിതത്തിലൊരിക്കലും അനുസരിക്കുകയുമില്ല. അവര്‍ സനലിനടുത്തെത്തി. അവന്റെ ചന്തിയില്‍ പതിപ്പിച്ച പഞ്ഞിക്കെട്ട് ഡോക്ടര്‍ പറിച്ചെടുത്തു. ചേന ചെത്തിയപോലെ ചുകന്ന ഒരു വലിയ മുറിവ് അയാള്‍ കണ്ടു. അയാള്‍ പെട്ടെന്ന് മുഖം തിരിച്ചു. ഡോക്ടര്‍ അവിടെ മരുന്ന് വയ്ക്കാന്‍ നഴ്‌സിനോട് പറഞ്ഞു തിരിച്ചുപോയി. ഞാന്‍ സനലിന്റെ മുഖത്തേക്കുനോക്കി. “എന്നിട്ട് അച്ഛന്‍ മുറിവിന്റെ വ്യാകുലതകളൊന്നും അവിടെ കണ്ടില്ല. അയാള്‍ അവന്റെ ശ്രദ്ധയെ പിറകോട്ടു നയിച്ചു.
“ഹും…” പരിഹാസച്ചിരിയില്‍ അവനൊന്നു മൂളി. “അച്ഛനെ എനിക്ക് പുച്ഛമാണ്, പുച്ഛം.” അവന്‍ പറഞ്ഞു. അയാള്‍ ആശ്ചര്യത്തോടെ നോക്കി.
സനല്‍ പറഞ്ഞു: “ദുഃഖങ്ങള്‍ മാത്രമാണ് എന്റെ അച്ഛന്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത്. പറഞ്ഞാല്‍ തീരാത്ത അത്ര ദുഃഖങ്ങള്‍, മര്‍ദനങ്ങള്‍…”
“എന്നിട്ട് അച്ഛനെവിടെയാണ്!” “ഈ ഭൂമിയിലെവിടെയോ ഉണ്ടാകും. ഒരു തേവിടിശ്ശിയുടെ കൂടെ… അദ്ദേഹത്തിന് പെണ്ണും കള്ളും മതിയല്ലോ…” അവന്‍ പല്ലിറുമ്മി.
“നിന്നെ കാണാന്‍പോലും അച്ഛന്‍ വരാറില്ലേ?”
“എന്തിന്? ഈ തളര്‍ന്ന ശരീരം കണ്ടിട്ട് അച്ഛന്‍ എന്ത് നേട്ടമുണ്ടാക്കാനാണ്?” അവന്‍ പരിഹാസത്തോടെ ചിരിച്ചു. “പിന്നെ സ്‌നേഹം… ബന്ധങ്ങള്‍… ഇക്കാലത്ത് അവ പിറവിയെടുക്കുന്നത് വല്ലതും കിട്ടാനുണ്ടോ എന്ന് നോക്കിയതിനുശേഷമല്ലേ?
ആ ചോദ്യത്തിനുമുമ്പില്‍ അയാള്‍ അസ്വസ്ഥനായി. മറുപടിക്കായി അയാള്‍ പരതി. “എനിക്ക് പരിഭവമില്ല. പക്ഷേ അമ്മയെക്കുറിച്ചോര്‍ക്കുമ്പോഴാണ് എന്റെ ചങ്ക് പൊട്ടുന്നത്. പത്തു വര്‍ഷമായി അമ്മയുടെ ജീവിതം എന്റെ തളര്‍ന്ന ശരീരത്തിന് ചുറ്റും കറങ്ങാന്‍ തുടങ്ങിയിട്ട്. പാവമാണ് എന്റെ അമ്മ… പച്ചപ്പാവം. ഈ ത്യാഗത്തിന് തിരിച്ചുനല്‍കാന്‍ എന്താണ് ഉള്ളത്? പറ…”
സനലിന്റെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ നിര്‍ന്നിമേഷനായി ആ മുഖത്തേക്കു നോക്കി. എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ അയാള്‍ അസ്വസ്ഥനായി. അവന്റേതു തുലനം ചെയ്താല്‍ തന്റെ ദുഃഖങ്ങള്‍ തുലോം ചെറുതാണെന്ന് അയാള്‍ക്കു തോന്നി. പാതി മരിച്ച ശരീരം, മരവിച്ച മനസ്സ്, എല്ലാറ്റിനോടും മടുപ്പു തോന്നുന്ന മാനസികാവസ്ഥ, വരുമാനത്തിന് സ്വന്തമായി ഒരു ജോലി പോലും കണ്ടെത്താനാകാതെ കണ്ണീരും പട്ടിണിയുമായി ഇരുളടഞ്ഞ ജീവിതം. ഇങ്ങനെ ദുഃഖങ്ങളുടെ പര്യായമായിട്ടാണ് നട്ടെല്ലുരോഗികളുടെ ഈ ലോകത്തെ നിയോഗം. അയാള്‍ സ്വയം ചോദിച്ചു – വേണ്ടായിരുന്നു. ഒന്നും ചോദിക്കേണ്ടായിരുന്നു. അവര്‍ക്കിടയില്‍ പിന്നെ മൗനം കനത്തു.
ആ മൗനത്തിലേക്ക് പെട്ടെന്ന് അവന്റെ അമ്മ കടന്നുവന്നു. സനലിന്റെ നിറഞ്ഞ കണ്ണുകള്‍ അമ്മയെ വ്യാകുലപ്പെടുത്തുന്നത് അയാള്‍ കണ്ടു. അമ്മയുടെ മുഖം കരുണാര്‍ദ്രമാകുന്നതും വിരല്‍ത്തുമ്പിനാല്‍, മലര്‍ന്നു കിടന്ന സനലിന്റെ കണ്ണുനീര്‍ തുടച്ചുകൊടുക്കുന്നതും അയാള്‍ നോക്കിനിന്നു. സ്‌നേഹത്തിന്റെ മുന്നില്‍ സര്‍വദുഃഖങ്ങളും ചെറുതാണെന്ന് അയാള്‍ക്ക് തോന്നി.
ഒരു സാന്ത്വനം പോലെ തണുത്തകാറ്റ് അവര്‍ക്കിടയിലേക്ക് വീശി. മേശപ്പുറത്തിരുന്ന പത്രം കാറ്റില്‍ പറന്ന് അയാളുടെ മുന്നില്‍വീണു. അനുജന്‍ വായിച്ചുവച്ച സംഭ്രമജനകമായ വാര്‍ത്തയുടെ പിന്നാമ്പുറത്തേക്ക് അയാള്‍ കണ്ണുപായിച്ചു. വെന്തമാംസത്തിനു മുന്നില്‍പ്പോലും മൃഗതൃഷ്ണയുണരുന്ന പൈശാചികത, വേട്ടമൃഗത്തിന്റെ ശൗര്യത്തോടെ സ്ത്രീത്വത്തെ പിച്ചിച്ചീന്തുന്ന പൗരുഷത്തിന്റെ ചീഞ്ഞളിഞ്ഞ വര്‍ത്തമാനം…
അയാള്‍ക്ക് തുടര്‍ന്ന് വായിക്കാനായില്ല. സനലിന്റെ തളര്‍ന്ന ശരീരത്തിനുമുന്നില്‍ തലകുനിച്ചിരിക്കുന്ന അമ്മയെ അയാള്‍ നോക്കി. “എന്റെ അമ്മ ഒരു സ്ത്രീയായിപ്പോയില്ലേ? എന്ന അവന്റെ ചോദ്യം അയാളുടെ ഉള്ളില്‍ അപ്പോള്‍ ഇളകിമറിഞ്ഞു. പൗരുഷത്തിന്റെ ക്രൗര്യത്തിന് സ്ത്രീ എപ്പോഴും ഇര മാത്രമായിത്തീരുന്നതില്‍ അയാള്‍ക്ക് എന്തിനോടൊക്കെയോ പ്രതിഷേധം തോന്നി. മൃഗതൃഷ്ണയുടെ ബീജം തന്നിലും ഒളിഞ്ഞിരിപ്പുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് സ്വയം പുച്ഛം തോന്നി.
(അവസാനിച്ചു)
ഉള്ള് ഉലക്കും അനുഭവകഥ് . അവതരണം ഗംഭീരം.