യാത്ര
കഥ
ഗ്ലാസിനു മുകളില്‍ പാറ്റപോലെ പറ്റിക്കിടക്കുന്ന മഞ്ഞിന്‍കണങ്ങളെ തുടച്ചുവൃത്തിയാക്കി കാക്കി അണിഞ്ഞശേഷം നാരായണന്‍ ഉറങ്ങിക്കിടക്കുന്ന ഓട്ടോയെ ഉണര്‍ത്തി. കറുത്ത പുക ചീറ്റി അലറിയശേഷം ഓട്ടോയെ പതിയെ ചലിപ്പിക്കാന്‍ തുടങ്ങി,
വിധിയുടെ ക്രൂരതയില്‍ ശരീരം കഴുത്തിന് കീഴ്‌പ്പോട്ട് പൂര്‍ണമായും തളര്‍ന്ന അയാളും ആ തളര്‍ന്ന ശരീരത്തിലെ ജീവല്‍ക്രമങ്ങള്‍ മുറതെറ്റാതെ നിര്‍വഹിച്ചുകൊടുക്കുന്ന അയാളുടെ കൈയും കാലും ചലനസ്വാതന്ത്ര്യവും എല്ലാമെല്ലാമായ ഭാര്യയും അനുജനും പിന്നെ മടക്കിവച്ച വീല്‍ചെയറുമായിരുന്നു ഓട്ടോയിലെ യാത്രാരൂപങ്ങള്‍.
ഓട്ടോ ചലിക്കാന്‍ തുടങ്ങിയതോടെ അയാളുടെ തളര്‍ന്ന ശരീരം നിശ്ചേതന വസ്തുവിനെപ്പോലെ തെന്നിമാറാന്‍ ശ്രമിച്ചെങ്കിലും പാടുപെട്ട് അയാള്‍ ചലനങ്ങളെ നിയന്ത്രിച്ചു. കാലികപ്രസക്ത വിവരണങ്ങളുമായി നാരായണന്‍ ഓട്ടോയ്ക്കുള്ളില്‍ ശബ്ദം സൃഷ്ടിക്കുകയും ഭാര്യയും അനുജനും അവയ്ക്കനുസൃതമായി ഉറക്കെ മൂളുകയും ചെയ്തു. എങ്കിലും അയാള്‍ മിണ്ടിയില്ല. സുഷുമ്‌നാനാഡിക്ക് ക്ഷതമേറ്റ് മലമൂത്ര വിസര്‍ജനം സ്വയം നിയന്ത്രിക്കാനാവാതെ തളര്‍ന്ന ശരീരത്തിലെ വിഹ്വലതകള്‍ ഡോക്ടറുടെ മുന്നില്‍ എങ്ങനെ നിവര്‍ത്തണമെന്നായിരുന്നു അയാളുടെ ചിന്ത. അവയ്ക്ക് വേണ്ട വാക്കുകള്‍ മനസ്സില്‍ ശേഖരിച്ചുവച്ച അയാള്‍ പുറംകാഴ്ചയിലേക്ക് ശ്രദ്ധയൂന്നി.
നീലാകശത്തിനു ചുവട്ടില്‍ പ്രഭാതത്തിന്റെ സ്വച്ഛന്ദതയില്‍ നിര്‍മാല്യമണിഞ്ഞ ഭൂമി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പാദങ്ങള്‍ ചവിട്ടിഞെരിച്ച വഴിത്താര, പച്ച പതിച്ചതിനു നടുവില്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍… കാഴ്ചകള്‍ മനസ്സിനെ കഴിഞ്ഞകാല ഓര്‍മയുടെ വിഹ്വലതയിലേക്കു നയിച്ചു.
ഇവിടെയൊരു ഓലമേഞ്ഞ ചായക്കട ഉണ്ടായിരുന്നില്ലേ? പെട്ടെന്ന് അയാള്‍ ചോദിച്ചു.
“ഓലമേഞ്ഞ കടയോ! ഈ കാലത്തും?” നാരായണന്‍ ആശ്ചര്യവിധ പരിഹാസം കലര്‍ത്തി നീട്ടിച്ചിരിച്ചു.
വസ്ത്രത്തിന്റെ കുത്തഴിഞ്ഞപോലെ അയാളൊന്ന് ചമ്മി. പത്രത്താളുകളിലെ വാര്‍ത്താചിത്രങ്ങള്‍ക്കപ്പുറം പുറംലോകത്തെ മാറ്റങ്ങളെക്കുറിച്ച് അവബോധം തെല്ലിട മാറുന്നതിനിടയില്‍ അയാള്‍ക്ക് സ്വയം പുച്ഛം തോന്നി. നാല് ചുമരുകള്‍ക്കിടയില്‍ എന്തിനും ഏതിനും പരസഹായത്തിന്റെ പിടിയില്‍ തന്നെ തളച്ചിട്ട് പായുന്ന ലോകത്തോട് അയാള്‍ക്ക് വെറുപ്പുതോന്നി.
അയാളുടെ ഭാവമാറ്റം കണ്ണാടിയിലൂടെ ശ്രദ്ധിച്ച നാരായണന്‍ തന്റെ മുന്‍വീക്ഷണം പെട്ടെന്നു തിരുത്തി. “ആരെന്തൊക്കെ പറഞ്ഞാലും കിടന്നുറങ്ങാന്‍ സുഖം ഓലപ്പുര തന്നെയാ, പഴയതിനുമുണ്ട് പുതുമ.”
“പക്ഷേ ഓലപ്പുരയിലെ പെണ്ണിനെ കെട്ടാന്‍ ചെക്കനെ കിട്ടുമോ നാരായണാ? ഞാന്‍ കളിച്ചു വളര്‍ന്ന വീടും ഓല മേഞ്ഞതായിരുന്നു; ഇപ്പോ അതും ടെറസ്സായി.” കഴിഞ്ഞ പതിനാലു കൊല്ലമായി മലമൂത്രവിസര്‍ജനം നീക്കം ചെയ്ത് വൃത്തിയാക്കിയും ശരീരം കഴുകിക്കൊടുത്തും എഴുന്നേല്‍പ്പിച്ചും ഇരുത്തിയും കിടത്തിയും ത്യാഗോജ്ജ്വലമായ ജീവിതം നയിക്കുന്ന ഭാര്യ പറഞ്ഞു.
അയാളെ ചിരിപ്പിക്കാനായി പക്ഷിമൃഗാദിസ്‌നേഹി കൂടിയായ അനുജന്‍ പല തമാശകള്‍ പറഞ്ഞെങ്കിലും അയാളാകട്ടെ, അവയ്‌ക്കൊന്നും പ്രതികരിച്ചില്ല. ഓട്ടോയുടെ ചലനത്തിനൊപ്പിച്ച് തെന്നിമാറിയ തളര്‍ന്ന കാലുകളെ മെലിഞ്ഞുണങ്ങിയ സ്പര്‍ശനമേറ്റ കൈവിരലുകള്‍കൊണ്ട് പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്നതിനിടയില്‍ ഒരുപാട് സുന്ദരദൃശ്യങ്ങള്‍ ആസ്വദിക്കാതെ പോയിമറഞ്ഞത് അയാളറിഞ്ഞില്ല. മനസ്സുകൊണ്ട് മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട അയാളുടെ മനസ്സ് ആകാശത്തുകൂടെ ഒഴുകുകയായിരുന്നു. കൈകാലുകളെ സ്വന്തം ഇഷ്ടത്തിനൊത്ത് ചലിപ്പിക്കാനാവാതെ, ശരീരം കോപിക്കുമ്പോള്‍ മനസ്സ് ദുരൂഹമായ ആകാശത്തിലേക്ക് കയറിപ്പറ്റുകയാണെങ്കില്‍ മാത്രം സംഭവിക്കുന്ന അത്ഭുതമായിരുന്നു – ജീവിതത്തില്‍ നിന്നു പറിച്ചുമാറ്റപ്പെട്ട പലതും പുതുമയുടെ ആകാശത്ത് അയാളെ വരവേല്‍ക്കും. അപ്പോഴും അതുണ്ടായി. പിന്നെ ഓട്ടോ ആശുപത്രിക്കവാടത്തില്‍ ചെന്നുനിന്നപ്പോഴാണ് ആകാശം അപ്രത്യക്ഷമായത്. അയാള്‍ വാച്ചിലേക്ക് നോക്കി. വേഗത സമയത്തെ ചുരുട്ടിക്കെട്ടിയത് അയാളറിഞ്ഞു. അനുജനും ഭാര്യയും ചേര്‍ന്ന് അയാളെ വീല്‍ചെയറിലേക്ക് എടുത്തിരുത്തിയപ്പോള്‍ ചുറ്റുപാടുകളിലെ അനേകം കണ്ണുകള്‍ അയാളുടെ ശോഷിച്ച ശരീരത്തിലേക്കു വന്നുവീണു. താനൊരു കാഴ്ചവസ്തുവായി തീര്‍ന്നതില്‍ തെല്ല് സങ്കോചം തോന്നിയെങ്കിലും അത് ഭംഗിയായി മറച്ച് അനുജന്‍ അയാളെ ഡോക്ടറുടെ മുറിയിലേക്ക് തള്ളിക്കൊണ്ടു ചെന്നു.
വിധിയുടെ ക്രൂരതക്കുശേഷമുള്ള നിരവധി കൂടിക്കാഴ്ചകള്‍കൊണ്ടാവാം, കഴുത്തിന് കീഴ്‌പ്പോട്ട് തളര്‍ന്ന ശരീരത്തിലെ ഗതിവിഗതികള്‍ പെട്ടെന്ന് വായിച്ചെടുത്ത്, ടെസ്റ്റുകള്‍ക്കുള്ള കുറിപ്പില്‍ ഡോക്ടര്‍ അനുജന് നേരെ നീട്ടി. ഒതുക്കിവച്ച നൊമ്പരങ്ങള്‍ ഡോക്ടര്‍ക്ക് മുന്നിലേക്ക് ചിതറാനാവാത്തതില്‍ നിരാശ തോന്നി.
പിന്നെ അനുജന്‍ കടലാസുകളുമായി ഇരുണ്ട ഇടനാഴികളിലൂടെ നടന്നുനീങ്ങിയപ്പോള്‍ അയാള്‍ക്ക് മുന്നില്‍ സമയം വിശാലമായി. അപ്പോള്‍ ഗതകാല സ്മരണകളുറങ്ങുന്ന വീല്‍ചെയര്‍ തട്ടാന്‍ അയാള്‍ ഭാര്യയോട് പറഞ്ഞു. അങ്ങനെ അന്നു കിടന്ന ബെഡ്ഡിനരികില്‍ അയാളെത്തി. ഒരുപാട് പേര്‍ കിടന്നതുകാരണം ബെഡ്ഡ് കൂടുതല്‍ കുഴിയുകയും വലുതാവുകയും ചെയ്തിരുന്നു. അതില്‍ മരത്തടി പോലെ മലര്‍ന്നുകിടന്ന രോഗിയോട് അയാള്‍ ചോദിച്ചു: “എന്തുപറ്റിയതാണ്?”
“ടെറസില്‍നിന്ന് താഴെവീണു നട്ടെല്ലും സ്‌പൈനല്‍കോഡും തകര്‍ന്നതാണ്. മലമൂത്രവിസര്‍ജനം സ്വയം നിയന്ത്രിക്കുവാനോ നടക്കുവാനോ ഇനി ജീവിതത്തിലൊരിക്കലും കഴിയില്ല.” രോഗി നിരാശയോടെ പറഞ്ഞു.
അയാളുടെ ചിന്ത പിറകോട്ട് പാഞ്ഞു. അന്ന് ഇയാളുടെ സ്ഥാനത്ത് താനായിരുന്നുവല്ലോ ഈ ബെഡ്ഡില്‍. ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങളെ ഏറ്റുവാങ്ങി രസിക്കാനാണോ ഈ ബെഡ്ഡിന്റെ നിയോഗം?
അയാള്‍ ഇരുമ്പുകട്ടിലിനെ അടിമുടി നോക്കി. തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ അയാള്‍ രോഗിക്കു മുന്നില്‍ നിരത്തി. 33 കശേരുക്കളുള്ള സുഷുമ്‌നാനാഡിയിലൂടെയാണ് തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കടന്നുപോകുന്നത്. നട്ടെല്ലിനു ക്ഷതമേറ്റാല്‍ പിന്നെ ജീവിതം കിടക്കയിലും വീല്‍ചെയറിലുമാണ്. ഭൂമിയില്‍ നരകം തീര്‍ക്കനാണോ നട്ടെല്ലുണ്ടായതെന്ന് എനിക്ക് തോന്നിപ്പോയിട്ടുണ്ട്. “താങ്കള്‍ എത്രകാലം കിടന്നു?” “പത്തു വര്‍ഷം.” രോഗി ചിരിച്ചില്ല. പകരം ഒരു ഊര്‍ദ്ധശ്വാസം വായുവിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. മുഖം വിളറുകയും കണ്ണുകള്‍ ദയനീയമാവുകയും ചെയ്തു.
ഭാവമാറ്റം അയാളെ വിഷമസന്ധിയിലാക്കി. രോഗിയുമായി സംവദിക്കാന്‍ പിന്നെ അയാള്‍ക്കായില്ല. കഴുത്തിന് കീഴ്‌പ്പോട്ട് മരിച്ചുകഴിഞ്ഞ 15 വര്‍ഷം പിന്നിട്ട ദുരന്തജീവിതങ്ങള്‍ക്കിടയില്‍ ഇങ്ങനെ ആയിരക്കണക്കിന് എസ്.സി.ഐ രോഗികളെ ഓരോ വര്‍ഷവും വെല്ലൂരില്‍വെച്ച് അയാള്‍ കാണുന്നു. ചില തിരിച്ചറിവുകള്‍ അണുബോംബിനെക്കാള്‍ ക്രൂരമാണെന്ന് അയാള്‍ക്ക് അനുഭവമുണ്ടായിരുന്നു. കനിഞ്ഞു സഹായിക്കുന്ന മനുഷ്യരില്ലെങ്കില്‍ കൈയെത്തുന്ന അകലത്തുനിന്ന് വെള്ളമെടുത്ത് അയാള്‍ക്ക് ദാഹം തീര്‍ക്കാന്‍ കഴിയില്ലെങ്കിലും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള ദൈവം കനിഞ്ഞേകിയ അനുഗ്രഹമോര്‍ത്ത് അയാള്‍ അവിടം വിട്ടു.
ഓട്ടോ അയാളെയും കൊണ്ട് തിരിച്ചുപായാന്‍ തുടങ്ങിയപ്പോള്‍ രോഗിയുടെ ദൈന്യമാര്‍ന്ന രൂപം ചുവന്ന വരപോലെ അയാളുടെ മനസ്സില്‍ തങ്ങിനിന്നു. പുറത്തെ സുന്ദരദൃശ്യങ്ങളിലേക്ക് അയാള്‍ നിസംഗതമായി നോക്കി. വീടിനടുത്തെത്തിയപ്പോള്‍ തുറശ്ശേരിക്കടവ് പാലത്തില്‍ വണ്ടി നിര്‍ത്താന്‍ അയാള്‍ ഉറക്കെ പറഞ്ഞു. ഒരു ഞരക്കത്തോടെ വണ്ടി പാലത്തില്‍ ചെന്നുനിന്നു.
അയാള്‍ പുഴയിലേക്ക് നോക്കി. തന്റെ തളര്‍ന്ന ശരീരം പോലെ പാലം പുഴയെയും തളര്‍ത്തിയിരിക്കുന്നു. മുകളില്‍ അനക്കമറ്റ ജലനിരപ്പ്. പാലത്തിനു താഴെ ബാക്കിയായ ചലനം. പുഴയും ഞാനും സമാനതയുടെ സമസ്യകള്‍…!
പുഴയോട് അയാളക്ക് വല്ലാത്ത ഇഷ്ടം തോന്നി. എത്രയോ തവണ തോണി തുഴഞ്ഞ് വലയെറിഞ്ഞ് രാത്രിയില്‍ മീന്‍ പിടിച്ചിരിക്കുന്നു. നട്ടെല്ലൊടിഞ്ഞ് അവശതയ്ക്കുമേല്‍ അവശതയനുഭവിക്കുന്ന ഈ ജീവിതത്തില്‍ അത്തരം നിമിഷങ്ങള്‍ ഇനി ഒരിക്കലും പുനര്‍ജനിക്കില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളം തേങ്ങി. ശരീരത്തിലെ അസ്വസ്ഥതകള്‍ ഇരട്ടിച്ചു. മുന്നില്‍ ദുരൂഹതയുടെ അകാശം പ്രത്യക്ഷമായി. പുഴ മാടി വിളിക്കുന്നു. തന്നെ സ്വീകരിക്കാന്‍ പളുങ്കുജലത്തിന്റെ വില്ലീസ് പേടകം ഒതുക്കിനിര്‍ത്തിയതായി ദുരൂഹമായ ആകാശത്തില്‍ അയാള്‍ കണ്ടു.
അയാളുടെ വീല്‍ചെയര്‍ ആകാശത്തിനുനേരെ പാലത്തിന് വക്കില്‍ പുഴയുടെ അഗാധതയ്ക്ക് ഒരു ചാണ്‍ പിന്നില്‍നിന്നു. കരുണാര്‍ദ്രമായ അയാളുടെ ജീവവായുവായ ഭാര്യയുടെ മുഖത്തേക്കും പ്രപഞ്ചവിശാലതയിലേക്കും ആകാശനീലിമയിലേക്കും അയാള്‍ അവസാനമായി നോക്കി.
പെട്ടെന്ന് ആകാശത്തില്‍ ഒരു ദുരൂഹ ചോദ്യം പ്രത്യക്ഷമായി: “മണ്‍കുടങ്ങള്‍ സ്വയം ഉടയുന്നത് യജമാനന്‍ ഇഷ്ടപ്പെടുമോ?”
ഇല്ല, അയാളുടെ മനസ്സ് പറഞ്ഞു. മുട്ടിയാല്‍ മുഴങ്ങുന്ന മണ്ണില്‍നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യനല്ലേ നീ. എന്നിട്ട് സ്വയം ഉടയാന്‍ സ്വയം തീരുമാനിക്കുന്നോ?
ശരിയാണ്, മണ്‍കുടങ്ങള്‍ക്ക് സ്വയം ഉടയാന്‍ അവകാശമില്ല. അയാളുടെ അന്തരം മന്ത്രിച്ചു. ശേഷം വീല്‍ചെയര്‍ പിന്നോട്ട് ചലിച്ചു. ഓട്ടോ അയാളെയും കൊണ്ട് പാഞ്ഞു.
No comments yet.