മനസ്സമാധാനത്തിന്റെ കത്തുകള്‍
സ്നേഹമുളള കുഞ്ഞബ്ദുള്ള സാഹിബ് അറിയുവാന്‍,
ഞങ്ങള്‍ ഇതിനുമുമ്പ് അയച്ച രണ്ട് കാര്‍ഡുകള്‍ വളരെ വൈകിയാണ് കിട്ടിയത്. അതിനു മറുപടി അയക്കണമെന്ന് എപ്പോഴും വിചാരിക്കും. അപ്പോഴാണ് നിങ്ങള്‍ 2-3ന് അയച്ച കത്തും നിങ്ങളുടെ ഫോട്ടോയും ഉളളപേപ്പര് കിട്ടിയത്. നിങ്ങള്‍ ഇപ്പോള്‍ അയച്ച കത്തില്‍ക്കൂടി നിങ്ങളുടെ ജീവിതരീതിയും ഭാവിയില്‍ നിങ്ങള്‍ ചെയ്യുവാന്‍ പോകുന്ന വിവരങ്ങളും ഒക്കെ അറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ ഒക്കെ നിര്‍വഹിച്ച് തരുവാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ. നിങ്ങളുടെ കത്തിന് ഞാന്‍ മറുപടി അയക്കുവാന്‍ വളരെ വൈകിപ്പോയി. ക്ഷമിക്കണം. പക്ഷേ, എന്റെ എഴുത്ത് കിട്ടിയില്ലെങ്കിലും നിങ്ങള്‍ ഇടയ്ക്കൊക്കെ എഴുത്ത് അയക്കണം. നിങ്ങളുടെ കത്ത് വായിക്കുമ്പോള്‍ മനസ്സിന് ഒരു സമാധാനം ഉണ്ടാകും. നമുക്ക് എല്ലാവര്ക്കും സമാധാനം ആണല്ലോ വേണ്ടത്. പിന്നെ ആഗ്രഹങ്ങളും പ്രതീക്ഷകളും ഉളളതുകൊണ്ട് ജീവിച്ചുപോകുന്നു. ഡോക്ടര്‍ മൊയ്തീന്‍കുട്ടി വരാറുണ്ടോ?
എന്റെ അടുത്തുവന്ന് 5, 8 മാസം ആയി. ഇതിന് മുമ്പ് കൂടെക്കൂടെ വരാറുണ്ടായിരുന്നു. ഇപ്പോള്‍ എന്ത് പറ്റി എന്ന് അറിയില്ല. കേരള റോഡ് വൈസിന്റെ മുതലാളി വി.കെ മൊയ്തുഹാജിയെ നിങ്ങള്‍ക്ക് പരിചയമുണ്ടോ? അദ്ദേഹത്തിന്റെ ഒരു വീട് തിക്കോടി റോസ് മഹല്‍ ആണ്. അദ്ദേഹവും ഞാനും മദ്രാസില്‍ മെയ് ഫെയര്‍ പ്ലാസ്റ്റിക്കില്‍ ഒന്നിച്ച് ജോലി ചെയ്തവരാണ്. മേയ് ഫെയറില്‍ ജോലി ചെയ്തിരിക്കുമ്പോഴാണ് കേരള റോഡ് വേസ് തുടങ്ങിയത്. ഇപ്പോള്‍ അദ്ദേഹത്തിന് ഇന്ത്യ മുഴുവനും ഓഫീസും 100 കണക്കിന് ലോറിയും സ്വന്തമായി ഉണ്ട്. വലിയ മുതലാളി ആണെങ്കിലും ഇടയ്ക്കൊക്കെ എന്നെ കാണാന്‍ വരാറുണ്ടായിരുന്നു. എന്നെ സാമ്പത്തികമായും മറ്റും അധികം സഹായിക്കുന്നുണ്ട്. എല്ലാ മാസവും എനിക്ക് പൈസ അയച്ചു തരാറുണ്ട്. അദ്ദേഹവും ഒരു ഹാര്ട്ട്പേഷ്യന്റാണ്. അമേരിക്കയില്‍ പോയി ഓപ്പറേഷനൊക്കെ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് പൂര്‍ണ ആരോഗ്യവും ദീര്‍ഘ ആയുസ്സും കൊടുക്കുവാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍. എനിക്ക് 2 ആഴ്ച മുമ്പേ തീരെ അസുഖം ഇല്ലായിരുന്നു. രക്തത്തില്‍ ഷുഗറും മൂത്രത്തില്‍ പഴുപ്പും, കൊഴുപ്പും, വളരെ അധികം കൂടിപ്പോയി. ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കുന്നുണ്ട്. ഇപ്പോള്‍ മധുരമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ഭക്ഷണം ഒക്കെ വളരെ കണ്ട്രോള് ചെയ്തിട്ടാണ് കഴിക്കുന്നത്. നിങ്ങളുടെ ആരോഗ്യനിലയൊക്കെ എങ്ങനെ ഉണ്ട്? എല്ലാ വിവരങ്ങളും അടുത്ത കത്തില്‍ അറിയിച്ച് തരുക. നിങ്ങളുടെ ഭാര്യക്കും മക്കള്‍ക്കും മറ്റ് എല്ലാവര്ക്കും എന്റെ സലാം പറയുക. എല്ലാ നന്മകളും നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു. അസ്സലാമു അലൈക്കും.
സ്നേഹപൂര്‍വ്വം
മുഹമ്മദലി
എഴുത്തിന്റെ ഭംഗി
പ്രിയ കുഞ്ഞബ്ദുള്ളക്ക്,
നിങ്ങളുടെ കത്ത് 21/7 ന് കിട്ടിയിരുന്നു. നിങ്ങള്‍ 23/7 ന് ആസ്പത്രിയില്‍ എത്തിയിരുന്നോ ? പണിക്കരെയും ബേബിസാറിനെയും ബാക്കിയുള്ള ആസ്പയര് രോഗികളെയും കണ്ടുവോ? ഞങ്ങളുടെ പണിശാല കണ്ടുവോ? അതിലും സൗകര്യമുള്ള റൂം ആയിരുന്നു. പിന്നെ മാറ്റിയതാണ്. എന്നെ നേരില്ക്കിട്ടുന്ന ഒരു ഫോണ്‍ നമ്പറും ഇല്ല. ഞാന്‍ കുന്നിന്റെ മുകളില്‍ വാഴുന്നു. അവിടേക്ക് വിളിക്കാനും കഴിയുന്നില്ല. നമ്മളൊന്നും ഒരിക്കലും നമ്മുടെ അവശത കാര്യമാക്കറില്ലല്ലോ. അതിനാല്‍ വേനലില്‍ നാടകങ്ങള്‍ തേടി വയലുകളില്‍ പോകാറുണ്ട്. രാത്രി 2, 3 മണിക്കെല്ലാം ലൈറ്റ് അടിച്ച് പിടിച്ച് കുന്നിന്റെ മുകളില്‍ എത്തിക്കുന്നു. സുഹൃത്തുക്കള്‍.
ഏതായാലും നമ്മള് തമ്മില്‍ ഒരുനാള്‍ കാണും. ഞാന്‍ കഴിഞ്ഞ കൂടിക്കാഴ്ച തരമാവാതെ വന്നതിന്റെ വിഷമം തീരാതെ ഇരിക്കയാണ്. ഏതായാലും ബൂത്ത് തുറന്നതില്‍ സന്തോഷം. പുതിയ നിയമങ്ങളുടെ ഉദാരസമീപനങ്ങളും ബൂത്തിന് ബാധിക്കുന്നുണ്ടോ? ഒരു കുട്ടിക്ക് പണിയെങ്കിലും ആവട്ടെയല്ലേ. നിങ്ങള്‍ എത്രമാത്രം ശ്രദ്ധയോടെയാണ് കത്തെഴുതുന്നതെന്നറിയാം. കാര്ഡിലെഴുതുന്നതില് ഒരു വിഷമവും ഇല്ല.
ഇത്രനല്ല കൈപ്പടയില്‍, ഇത്ര ചെറുതായി താങ്കളുടെ അവസ്ഥയിലുളള ഒരാള്‍ എഴുതുകയെന്ന് വെച്ചാല്‍ അദ്ഭുതം തന്നെയാണ്. പണിക്കര്‍ എന്നും എടുത്തുപറയുക താങ്കളുടെ എഴുത്തിന്റെ രീതിയും ഭംഗിയുമായിരുന്നു.
ഞാന്‍ സ്ഥലത്തിന്റെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി. സുഹൃത്തുക്കള്‍ ആധാരം തന്നെ ഏല്‍പ്പിച്ചിരിക്കുന്നു. അടുത്ത പടി വീടിന്റെ കാര്യത്തിന് പലരേയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പലരെയും കണ്ടെത്തണം. താങ്കളുടെ സാമ്പത്തിക ഞെരുക്കത്തിനിടയിലും സഹായിക്കാനുളള മനസ്സ് അറിഞ്ഞ് സന്തോഷിക്കുന്നു. താങ്കള്‍ ഒരു തേങ്ങവ്യാപാരിയായതിനാല് വിഷമം എനിക്കറിയാം. വിഷമിക്കണ്ട, കാര്യങ്ങള്‍ അല്‍പ്പം വൈകിയാലും എല്ലാം ശരിയാവുമെന്ന് കരുതുന്നു. ഗള്‍ഫ് സുഹൃത്തുക്കള്‍ക്ക് റസീറ്റ് ബുക്ക് അയച്ച് കൊടുത്താണ് ബാക്കി സ്ഥലത്തിന്റെ കാശ് സ്വരൂപിച്ചത്. അവിടെ എല്ലാവര്ക്കും സുഖം തന്നെയല്ലേ. ഇവിടെ അച്ഛന്, അമ്മ സുഖം തന്നെ. ഞാന്‍ നിര്‍ത്തട്ടെ.
അജയന് കണ്ണാടിക്കല്‍
സമാധാനത്തിന്റെ കത്തുകള്‍
പ്രിയപ്പെട്ട കുഞ്ഞബ്ദുള്ളക്ക അറിയുവാന്‍ മുഹമ്മദലിയുടെ ഭാര്യ ജമീല എഴുതുന്നത് എന്തെന്നാല്‍, ഈ കത്തിനു കാരണം നിങ്ങളെ ചങ്ങാതി ഒന്നാം തീയതി എന്നെവിട്ട് അല്ലാഹുവിലേക്ക് പോയി. ബറാത്തിന്റെ രാത്രിയാണ് അസുഖം അധികമായത്. പിറ്റേന്ന് മരിക്കുകയും ചെയ്തു. അദ്ദേഹത്തിന് ആദ്യം മൂത്രത്തില്‍ പഴുപ്പായിരുന്നു. അങ്ങനെ ആ പഴുപ്പ് കിഡ്നിക്ക് കയറി വൃക്ക രണ്ടും നിലച്ചുപോയി. ആദ്യമൊന്നും ഈ രോഗം മനസ്സിലായില്ല. അതാണ് പറ്റിയത്. അല്ലാഹുവിന്റെ വിധിയാണ്. പക്ഷേ, നാലു കൊല്ലമേ വിവാഹം കഴിഞ്ഞിട്ടായുള്ളൂ. ഈ കത്തെഴുതാന്‍ കാരണം നിങ്ങളെ ഓര്മ വന്നിട്ടാണ്. അതായത് നിങ്ങള്‍ മുഹമ്മദലിക്കാക്കക്ക് കത്തയച്ചാല്‍ ഞാന്‍ അധികവും വായിച്ചുകൊടുക്കാറുണ്ട്. വായന കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ടാളും കരയും. അത് പതിവാണ്. കാരണം നിങ്ങളെ കത്ത് ഒരു മനുഷ്യനെ സമാധാനപ്പെടുത്തുന്ന കത്താണ്. ആസ്പത്രീന്നാണ് മരിച്ചത്. എന്നോട് പറഞ്ഞതായിരുന്നു, ആസ്പത്രീന്നുവന്നാല് എന്റെ എല്ലാ വിവരവും വെച്ച് കുഞ്ഞബ്ദുള്ളാക്ക് കത്തയക്കണമെന്ന്. അതിന് അല്ലാഹുവിന്റെ വിധി ഇല്ല. ഇത്രമാത്രം, പ്രിയത്തില് സലാം.
ജമീല
ഒറ്റപ്പെടലില്‍ നിന്നുള്ള മോചനം
പ്രിയപ്പെട്ട കുഞ്ഞബ്ദുള്ള സാഹിബിന്,
സുഖമായിരിക്കട്ടെ,
എഴുത്ത് കിട്ടി സന്തോഷമായി. ഭാര്യക്ക് സുഖമില്ലാതെ രണ്ടു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു.
ഭയങ്കര വയറുവേദനയായിരുന്നു. സ്കാനിങ് നടത്തി. കുഴപ്പമൊന്നുമില്ല. നടുവേദനകൊണ്ടുണ്ടായതാണ്. അത് താങ്ങാന്‍ വയറിലെ സെല്ലിന് ശക്തിയില്ല. അതാണ് കാരണം.
എക്സര്‍സൈസ് ചെയ്യാന്‍ പറഞ്ഞു. ഇതൊക്കെ ഒന്നു സമാധാനമായിട്ടേ ഇനി അങ്ങോട്ടേക്കുള്ളൂ.
ഫയലും ‘ക്വുര്‍ആന്റെ തണലി’ലും ഇവിടെ ഭദ്രമായിരിപ്പുണ്ട്. വരുമ്പോള്‍ കൊണ്ടുവരാം. താങ്കളുടെ കുടുംബക്കാര് ആരും വരാത്തതില്‍ വിഷമമുണ്ട്.
ഒരാശ്വാസം, ഉമ്മര്‍കോയ സാഹിബിന്റെ എഴുത്തുണ്ടായിരുന്നു. മറുപടിയും അയച്ചു. അതിനു മറുപടിയായി ഫോണ്‍ വന്നിരുന്നു. നല്ല കത്തും അതിലും നല്ല സംസാരവും. നല്ല മനുഷ്യന്. ഇന്‍ശാ അള്ളാഹ്, കോഴിക്കോട്ടു പോകുമ്പോള്‍ നേരില്‍ കാണണം.
പിന്നെ ഞങ്ങളുടെ ഒറ്റപ്പെടലില്‍നിന്നുള്ള മോചനം കിട്ടാനും ഭാര്യക്ക് സുഖമില്ലാത്തത് കാരണവും ഞങ്ങളെ സഹായിക്കാന്‍ ഒരു പെണ്‍കുട്ടിയെ വേണമെന്നുണ്ട്. താങ്കള്‍ വിചാരിച്ചാല്‍ ഞങ്ങളെ സഹായിക്കാന്‍ പറ്റുമോ? ഈ മാസം തന്നെ വരാന്‍ ശ്രമിക്കാം, ഇന്‍ശാ അള്ളാഹ്!
സ്നേഹത്തോടെ,
ബഷീര്‍
No comments yet.