ലാഭനഷ്ടങ്ങള്‍
പ്രിയപ്പെട്ട അബ്ദുള്ള ഇക്കാക്കും കുടുംബത്തിനും ആദ്യമായി പെരുന്നാള്‍ ആശംസിക്കുന്നു. കഴിഞ്ഞകാല മധുരസ്മരണകള്‍ മനസ്സിന്റെ ചെപ്പില്‍ നിന്നു വലിച്ച് പുറത്തിട്ട് നമുക്ക് ആഘോഷിക്കാം, അതിനല്ലേ നമുക്ക് കഴിയൂ. ശരീരം സമ്മതിക്കില്ലെങ്കിലും മനസ്സുകൊണ്ട് ആഘോഷം.
പിന്നെ റമളാനിലെ വിശപ്പ് പൊരിഞ്ഞ ഒരു വൈകുന്നേരം താങ്കളുടെ കാര്‍ഡ് കിട്ടിയിരുന്നു. മറുപടി അയക്കാന്‍ താമസമുണ്ടായി, കാരണം, ഒരു ടെലിഫോണ്‍ ബൂത്ത് എനിക്ക് പാസാവുകയുണ്ടായി. അതിനെ പ്രവര്‍ത്തനസജ്ജമാക്കുന്ന ചില ടെന്‍ഷനുകളില്‍ മനസ്സ് ഉടക്കിനിന്നു. നോമ്പ് ഇരുപത്തിയേഴിന് ബൂത്ത് പ്രവര്‍ത്തനം തുടങ്ങി. പക്ഷേ, 100 രൂപ, 150 രൂപയൊക്കെയാണ് ഒരു ദിവസത്തെ മൊത്തം കളക്ഷന്‍. അതില്‍നിന്ന് എന്താണ് നമുക്ക് കിട്ടുക? ചെവിട്ടില്‍ വെളളമൊഴിച്ചപോലെ ഉളളതും അങ്ങോട്ട് ചേര്‍ക്കേണ്ടിവരുമോ? ബൂത്ത് നടത്തുന്ന ആളെന്ന നിലയ്ക്ക് താങ്കള്‍ക്ക് മുന്‍പരിചയമുണ്ടാകുമല്ലോ. ഇനിയെഴുതുമ്പോള്‍ അവയെക്കുറിച്ചെഴുതണം. അല്ലെങ്കില്‍ത്തന്നെ ജീവിതം മുങ്ങിപ്പോയവനാണല്ലോ ഞാന്‍. ഇനി ബൂത്തിന്റെ വക ഒരാഴ്ത്തല്‍ക്കൂടി പ്രതീക്ഷിക്കണമോ? ഞാന്‍ ഇടയ്ക്കിടെ അവിടെപ്പോയി ഇരിക്കാറുണ്ട്. എന്റെ നാട് ഭൂമിക്ക് ആണിയടിച്ച ക്വുര്‍ആനിന്റെ വര്‍ണനപോലെ മലകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ വീല്‍ചെയറുരുട്ടി പോകാനാവില്ല. ഓട്ടോയില്‍ക്കയറി അവിടെയെത്തും, അവനും വേണമല്ലോ ചാര്‍ജ്. അങ്ങനെ എല്ലാം കഴിഞ്ഞ് ബാക്കി വീട്ടുകാരിക്ക് ചട്ടി ബാക്കി എന്ന് പറഞ്ഞപോലെ ഞമ്മക്ക് അവസാനം ‘ശൂന്ന്’- എങ്ങനെയുണ്ട്!
അങ്ങനെ ചിന്തിച്ചിരിക്കവേയാണ് ടാറിട്ട റോഡിലൂടെ നടന്ന് വന്ന പോസ്റ്റുമാന്‍ എന്റെ മുറിയില്‍ വന്ന് നിന്നത്. കത്തുണ്ടോ? ഞാന്‍ ചോദിച്ചു. കത്തല്ല. മണിയോര്‍ഡര്‍.
ങേ? യാ അല്ലാഹ്! ഏത് വക? ഒന്നും മനസ്സിലായില്ല. നൂറിന്റെ നോട്ടിനൊപ്പം കിട്ടിയ കടലാസില്‍ പേര് അബ്ദുള്ള. മനസ്സിലായി. സകാത്തായിരിക്കും. അല്‍ഹംദിലില്ലാഹ്. എന്റെ തൊട്ടടുത്തുളള രണ്ട് കടക്കാരോട് ഞാന്‍ അഭിമാനത്തോടെ പറഞ്ഞു. കുഞ്ഞബ്ദുള്ളക്കയും നിങ്ങളെപ്പോലെ കച്ചവടക്കാരനായിരുന്നു ഹേ! പിന്നെ ഒരുനാള്‍ അതുമായി ജീവിതത്തിന്റെ മുകളിലേക്ക് ഒരുമരം പടേന്ന് വീണുപോയി. അങ്ങനെ പക്ഷേ വിഷമിക്കാനൊന്നുമില്ല. ഒരു കണക്കിന് നമ്മളൊക്കെ കച്ചവടക്കാരല്ലേ- ജീവിതക്കച്ചവടത്തിലെ ലാഭനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്ന ദിനത്തില്‍ ലാഭം കിട്ടിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞാല്‍ അതല്ലേ വിജയം? അതുകൊണ്ട് വിഷമമില്ല, ഞങ്ങള്‍ക്ക്, അല്ലേകുഞ്ഞബ്ദുള്ളക്കാ. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍. സ്‌നേഹനിധിയായ പ്രിയതമയ്ക്കും അരുമയായ മക്കള്‍ക്കും സുഖം തന്നെയല്ലേ? എല്ലാവരും നോമ്പനുഷ്ഠിക്കാറില്ലേ? കൂട്ടത്തില്‍ ആരെങ്കിലും കളളനോമ്പുകള്‍ അനുഷ്ഠിക്കാറുണ്ടോ? പുലര്‍ച്ചയ്ക്ക് നിയ്യത്ത് വെച്ച് ആരും കാണാതെ പച്ചവെളളം കുടിക്കുന്ന ഏര്‍പ്പാട് പണ്ട് എന്റെ ചെറുപ്പകാലത്ത്. അങ്ങനെ ചില നോമ്പുകള്‍ ഞാന്‍ നോറ്റിട്ടുണ്ടായിരുന്നു. ഉമ്മയുടെ മുന്നില്‍ വെട്ടിയാലും മുറിയാത്ത നോമ്പ്. പിന്നെ കാലം കഴിഞ്ഞപ്പോഴാണ് നോമ്പിന്റെ അര്‍ഥവ്യാപ്തിയെക്കുറിച്ച് ബോധോദയമുണ്ടായത്. നമ്മുടെ ഈ ശരീരവും കൈയും കാലുമൊന്നും നമ്മുടേതല്ലെന്നും ഒക്കെ പടച്ചവന്റെ ഖുദ്‌റത്തുകളാണന്നും അവയ്‌ക്കെല്ലാം നികുതിയടയ്ക്കുകയെന്നോണമെങ്കിലും നോമ്പിനുപിറകില്‍ മനുഷ്യബാധ്യതകളാണെന്നും ഒക്കെയുളള തിരിച്ചറിവും അതിന്റെയൊക്കെ ഫലമെന്നോണം മലര്‍ന്നു കിടന്ന് ക്രൂരനിമിഷങ്ങളില്‍ റമദാന്‍ വന്നപ്പോള്‍ ചില നോമ്പുകള്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ നോറ്റു. പുലര്‍ച്ചയ്ക്ക് ഉമ്മ വാരിത്തന്ന് ചോറായിരുന്നു അത്താഴം. പിന്നെ ഇപ്പോ ഇരിക്കാനാവുന്ന ഈ അവസ്ഥയില്‍ നോമ്പിന്റെ എണ്ണം ഉയര്‍ന്ന് 23 ലെത്തിക്കഴിഞ്ഞു. ചില ഉത്കടമായ ആഗ്രഹങ്ങള്‍, അതുകൊണ്ട് മാത്രം. 23 നോമ്പില്‍ത്തന്നെ എത്രയെണ്ണം സാര്‍ഥകമായി എന്നെനിക്കറിയില്ല. മൂക്കിതുമ്പത്തെ ശുണ്ഠിയും മനസ്സിന്റെ വിചാരങ്ങളും ചിലതിനെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടാവും. എങ്കിലും പ്രിയ ഇക്കാ എനിക്കുവേണ്ടി പൊറുക്കലിനെ തേടണം, പരലോകമോക്ഷത്തിന് പ്രാര്‍ഥിക്കണം.
ഇക്കായുടെ മക്കള്‍ക്കെല്ലാം സുഖമാണെന്ന് കരുതുന്നു. പഠനത്തില്‍ എല്ലാവരും ശ്രദ്ധാലുക്കളാണെന്നു കരുതുന്നു. പഠനം ഒരു തപസ്യയാക്കുക. വിജയം പിന്നാലെ വരും; ഒപ്പം സന്തോഷവും. പിതാവിനെ ശരിക്കും ശ്രദ്ധിക്കണം. അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ നിങ്ങളിലാണ്. വടിയെടുക്കില്ലെന്ന് കരുതി ആരും വീമ്പിളക്കരുത്ട്ടോ. പണ്ട് എന്റെ ബാപ്പ എന്നെ തല്ലാനായി ഒരുപാട് ഓടിച്ചിട്ടുണ്ട്. പക്ഷേ, അന്നൊന്നും ബാപ്പക്ക് എന്നെ കിട്ടിയിരുന്നില്ല. ഇപ്പളോ, ആന കുത്താന്‍ വന്നാലും ഞാന്‍ പായില്ല. ഇത്രയൊക്കെയേ ഉളളൂ ഓരോരുത്തരുടേയും അവസ്ഥ. പടച്ചവന്‍ കാക്കട്ടെ.
പിന്നെ ഇത്താത്തയുടെ വിശേഷങ്ങള്‍ എന്തൊക്കെയാണ്? സുഖമെന്ന് കരുതുന്നു. നോമ്പും പെരുന്നാളും കഴിഞ്ഞുപോയില്ലേ – ആ ആശ്വാസത്തിലായിരിക്കും അല്ലേ? ഇക്കായെ പൊന്നുപോലെ നോക്കുന്നില്ലേ? മൂപ്പരു ചൂടാവും. അത് സാധാരണമാണ്. ഞാനും ചൂടാവാറുണ്ട്. ശരീരത്തിന്റെ വിഷമതകള്‍ ചിലപ്പോ ശുണ്ഠിയായി പുറത്തുചാടുന്നതാണ്. അത് കാര്യമാക്കണ്ട. ജീവിതം ഇങ്ങനെയൊക്കെയാണ്. ഈ ലോകത്ത് എല്ലാവര്‍ക്കുമുണ്ട് പ്രശ്‌നങ്ങള്‍, പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു ലോകം വരാനിരിക്കുന്നു. അവിടെ നമുക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കാം. അല്ലാഹു നമ്മെ എല്ലാവരേയും ആ സ്വര്‍ഗീയപ്പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. ഇനിയും എഴുതുന്നില്ല.
ഫൈസല്‍ കണ്ണോത്തുംപാറ
No comments yet.