വെല്ലൂരിലെ ജീവിതം
പ്രിയപ്പെട്ട ഉമ്മര്‍ക്കാ,
ദിവ്യശാന്തിയും ദൈവകാരുണ്യവും ദൈവാനുഗ്രഹവുമുണ്ടാവട്ടെ.
വെല്ലൂര്‍ -ഏഷ്യയിലെ മികച്ച ആശുപത്രികളിലൊന്നായ സി.എം.സിയിലേക്ക് എന്റെ മനസ്സിനെയും നിങ്ങളെയും ഞാന്‍ കൂട്ടിക്കൊണ്ടു പോവുകയാണ്. മരണത്തോടു മല്ലടിക്കുകയായിരുന്ന എനിക്ക് നൂതന വൈദ്യശാസ്ത്രത്തിന്റെ എല്ലാ കഴിവുകളുമുപയോഗിച്ച് മൂന്നു മാസത്തെ നിരന്തര ചികിത്സക്കൊടുവിൽ, മൂക്കിലിട്ടിരിക്കുന്ന ട്യൂബ് എടുത്തുമാറ്റിത്തന്നു. മലര്‍ന്നുകിടുന്നുമാത്രം മറ്റുള്ളവരുടെ കൈകൊണ്ടുതരുന്ന ഭക്ഷണം വായിലൂടെ കഴിക്കാന്‍ പറ്റുന്ന പരുവത്തില്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് എന്നെ മാറ്റി. എന്റെ ശരീരത്തിലെ ബലഹീനതകളെല്ലാം മാറി പഴയ ജീവിതം തിരിച്ചുകിട്ടും. അതിന് ഉതകുന്ന ചികിത്സകള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയായിരിക്കണം റീഹാബ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയതെന്ന് ഞാനും ബന്ധുക്കളും ആശ്വസിച്ചു.
അഥവാ ക്വുര്‍ആനിലൂടെ വായിച്ചറിഞ്ഞ, കുരുടനെയും ഊമയെയും പക്ഷാഘാതക്കാരനെയും സുഖപ്പെടുത്തിയതുപോലെ ദൈവം എനിക്കുവേണ്ടിയും പ്രവര്‍ത്തിക്കുമെന്ന വിശ്വാസമാണ് എന്നിലുള്ളത്. എല്ലാവരും പ്രാര്‍ത്ഥിക്കുന്നത് അതിനാണ്. ആരംഭത്തില്‍ കേവലം ജീവച്ഛവമായിരുന്നതില്‍ നിന്നു വളരെ മെച്ചപ്പെട്ടിട്ടുണ്ട് എന്നത് ആശയ്ക്ക് വഴിയൊരുക്കി.
ഇപ്പോഴുള്ള സ്ഥിതി കൂടുതല്‍ മെച്ചമുണ്ടാകുമെന്ന് പ്രതീക്ഷയേകുന്നതാണ്, സ്പര്‍ശനശക്തി – പ്രാഥമികാവശ്യങ്ങള്‍ തിരിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കഴിവ്. എല്ലാറ്റിനുമുപരി ഒരുപിടി അന്നം കൈകൊണ്ട് വാരിത്തിന്നാനുള്ള കഴിവ്, തിരികെ കിട്ടിയല്ലോ. തീര്‍ച്ചയായും വളരെ പ്രതീക്ഷയുണ്ട്, എല്ലാവരിലും. കൈകാലുകളെ സ്വന്തം ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ, മനസ്സിന് ഏറ്റിരിക്കുന്ന വേദനയില്‍നിന്ന് നിത്യമായ മോചനം, അസ്വാതന്ത്ര്യത്തിന്റെ ചങ്ങലയില്‍നിന്ന് വിടുതല്‍, അതിനുവേണ്ടി എന്തും സഹിക്കാന്‍ തയ്യാറായിരുന്നു മനസ്സ്. കാഴ്ചക്കാരുടെ സഹതാപത്തില്‍ നിന്നുയരുന്ന ദീര്‍ഘനിശ്വാസം. “അയ്യോ പാവം, നല്ല ചെറുപ്പക്കാരനായിരുന്നു” എന്നു തുടങ്ങിയ അര്‍ത്ഥമില്ലാത്ത നിഷ്ഫല വാക്കുകളില്‍നിന്ന്, “ആര്‍ക്കും ഒരുദോഷവും ചെയ്യാത്ത നിങ്ങള്‍ക്കുതന്നെ ഇതു വന്നുഭവിച്ചല്ലോ” എന്ന മുഖസ്തുതിയുടെ മൂടുപടമണിഞ്ഞ കാപട്യം… ഇതില്‍നിന്നൊക്കെ രക്ഷപെടുകയും ചെയ്യാമല്ലോ.
റീഹാബിലെ ഹൈ ഡിവന്‍ഡന്‍സി വാര്‍ഡിലെ മൂന്നാമത്തെ ബെഡ്ഡില്‍ കിടന്നുകൊണ്ട് മറ്റു ഒന്‍പത് പേഷ്യന്റുകളുടെയും ബെഡ്ഡിലേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞു. എല്ലാവര്‍ക്കും എന്നെപ്പോലെത്തന്നെ കട്ടിലില്‍ യൂറിന്‍ ബാഗ് തൂക്കിയിട്ടുണ്ട്. കട്ടിലിനുമുകളിലെ ചുമരില്‍ അപകടം സംഭവിച്ച വര്‍ഷവും സ്‌പൈനല്‍കോര്‍ഡിന്റെ ആഘാതത്തിന്റെ ലെവലും എഴുതിവെച്ചിരിക്കുന്നു.
ഏഷ്യയിലെ ഏറ്റവും മുന്‍നിരയിലുള്ള പത്ത് പി.എം.ആര്‍ വിദഗ്ധരില്‍ ഒരാളായ ഡോ. സുരജ്ജല്‍ ഭട്ടാര്‍ജി, അസിസ്റ്റന്റുമാരായ ഡോ. പ്രസാദ്, ഡോ. ആശിഷ് മക്കാടന്‍, ഡോ. ലതാ ഗോപാലന്‍, ഡോ. ജേക്കബ്, ഒക്കുപേഷനല്‍ തെറാപ്പിസ്റ്റുകളായ സിസ്റ്റല്‍ ലത, അഞ്ജു സൂസന്‍, അനിത, ഫിസിയോതെറാപ്പിസ്റ്റുകളായ ടോണി ശിവരാജ്, ഖാദര്‍ ഫ്രാങ്ക്‌ലിന്‍, നഴ്‌സുമാരായ ഗ്ലാഡി, പ്രേമ, ഇന്ദിര, സ്റ്റെല്ല, മഹേശ്വരി, പ്രേമ രാജേന്ദ്രന്‍, നസീമ തുടങ്ങിയവരെല്ലാം എന്റെ ബെഡ്ഡിനു ചുറ്റും കൂടിനില്‍ക്കുന്നു. എല്ലാവരും എന്തിനാണ് എനിക്കുചുറ്റും നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഡോ. പ്രസാദ് ചോദിച്ചു: “എന്താണ് അബ്ദുല്ല നിങ്ങളുടെ ആഗ്രഹം?” എനിക്ക് നടന്നുകൊണ്ട് എന്റെ വീട്ടില്‍ പോകണം. എന്റെ മറുപടികേട്ട ഉടനെ ഡോക്ടര്‍ പറഞ്ഞു: “പറ്റില്ല. പിന്നെന്താണ് ആഗ്രഹം?” കാലിപ്പറില്‍ നടക്കണം. “പറ്റില്ല” -അല്‍പംപോലും ദയയില്ലാതെ വീണ്ടും ഡോ. പ്രസാദിന്റെ മറുപടി. എന്നാല്‍ വാക്കറിലെങ്കിലും നടക്കാന്‍ പറ്റുമോ? “പറ്റില്ല” -അസന്ദിഗ്ധമായി ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു. അവസാനം ഞാന്‍ ഡോ. ആശിഷിനോടു ചോദിച്ചു: “കൈവിരല്‍ ചലിപ്പിക്കാനെങ്കിലും എനിക്കു കഴിയുമോ?” “May be” -ഇതുകൂടെ കേട്ടപ്പോള്‍ ഭൂമി മുഴുവന്‍ കറങ്ങുന്നതുപോലെ എനിക്കുതോന്നി. (With no movement in my legs or hands and the true meaning of a spinal cord injury hit me like a bombshell) -ഒന്നുറക്കെ പറയണമെന്നു തോന്നി. ഇതുവരെ അനുഭവിച്ച നൊമ്പരം, അതെത്ര കഠിനമായിരുന്നാലും ഉള്ളിലൊതുക്കാന്‍ എന്നെ പ്രാപ്തനാക്കിയതുകൊണ്ട് കണ്ണീര്‍ ഒഴുകിവീണത് ഹൃദയത്തിലേക്കായി. സമ്പത്തിന്റെ നല്ലൊരു ഭാഗം എന്റെ ചികിത്സക്കുവേണ്ടി ചെലവഴിച്ച പിതാവിന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ മനസ്സ് തേങ്ങി. ധാരധാരയായി കണ്ണുനീരൊഴുക്കുന്ന ഉമ്മയുടെ മുഖം! ഉള്ളിലൊരു സമുദ്രം ഒതുക്കി നിര്‍വികാരയായി എന്റെ സഹധര്‍മിണിയും!
മൂന്നു മാസം റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞു. ഫിസിയോ തെറാപ്പിയിലൂടെ, രണ്ടുപേരുടെ സഹായത്തോടെ വീല്‍ചെയറില്‍ ഇരിക്കാന്‍ സാധിച്ചു. നീണ്ട ആറുമാസത്തെ ചികിത്സക്കൊടുവില്‍ ഞാന്‍ നാട്ടിലേക്കു യാത്ര തിരിക്കുകയാണ്. ആറു മാസമായി ഒരു രാത്രി പോലും എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. എല്ലാ പ്രതീക്ഷയും നഷ്ടമായി. മുന്നോട്ടുള്ള ജീവിതം എങ്ങനെയാകുമെന്ന് എനിക്ക് ഊഹിക്കാന്‍പോലും കഴിയുന്നില്ല. ഒരെത്തും പിടിയും കിട്ടാതെ ശൂന്യതയിലേക്ക് തുറിച്ചുനോക്കി. നടന്നുവരുന്ന കുഞ്ഞബ്ദുല്ലയെ നോക്കി കാത്തിരിക്കുന്ന മുഖങ്ങളോരോന്നും അപ്പോഴെന്റെ മുന്നിലെത്തി.
സ്‌ട്രെച്ചറില്‍, പാതിരാവില്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിത്തന്ന സെയില്‍സ് ടാക്‌സ് കമ്മീഷണര്‍ അബ്ദുല്‍ അസീസ്‌ക്ക, എ.സി.പി.എന്‍ അബൂബക്കര്‍ക്ക, അര്‍ധരാത്രിയിലും റെയില്‍വേ സ്റ്റേഷനില്‍ യാത്രയാക്കാനെത്തിയ അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, നടന്നുവന്ന് ഉംറ ചെയ്യാന്‍ എന്നെ കൊണ്ടുപോകാന്‍ മനമുരുകി പ്രാര്‍ത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന ബഹ്‌റൈനിലുള്ള സഹോദരന്‍ മൂഴിക്കല്‍ റസാഖ്, സ്‌ട്രെച്ചറില്‍ ട്രെയിനിന്റെ ബാത്ത്‌റൂമിന്റെ മുമ്പില്‍ക്കിടത്തി കൊണ്ടുപോകാന്‍ പറ്റില്ലെന്നു ശഠിക്കുന്ന തമിഴനായ ടി.ടി.ഇയോട് തമിഴിലും ഇംഗ്ലീഷിലും കേണപേക്ഷിക്കുന്ന ഉമ്മര്‍ക്ക, എന്റെ ഇരുട്ടിലെ വെളിച്ചമായ നിങ്ങള്‍….. എല്ലാവരും തിരശ്ശീലയിലെത്തി. അപ്പോള്‍ തിരികെ വീട്ടിലെത്തിക്കണേ ആഗ്രഹവും പോയൊളിക്കും.
assalamualikum നിങ്ങള്‍ മണിയൂര്‍ എവിടെ ആണ്