സൗഹൃദം എന്ന പുണ്യം
സഹയാത്രികനായ സന്മനസ്സിന് നന്മയും സമാധാനവും ഈദുല്‍ ഫിത്വര്‍ ആശംസകളും നേര്‍ന്നുകൊണ്ട്,
ഇക്ക അയച്ച കത്ത് എനിക്ക് കിട്ടി. ഒരു നാലഞ്ച് തവണ അത് വായിച്ചു. ഒരുപാട് സന്തോഷം. പിന്നെ ഞാനിപ്പോള്‍ കാല്‍മുട്ടിന് പിറകില്‍ മട്ടല്‍കഷണം വെച്ചുകെട്ടി വീല്‍ചെയറില്‍ നിന്നും ജനല്‍ക്കമ്പി പിടിച്ച് ഞാന്‍ തന്നെ നില്‍ക്കും. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പച്ചമരുന്നിന്റെ ഫലമായിരിക്കാം. 600 ദിവസം ചെയ്യാന്‍ പറഞ്ഞതിപ്പോള്‍ ഒരു മാസം കഴിയുമ്പോള്‍ 500 ദിവസം ആകും. അപ്പോള്‍ മൈസൂരില്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്. ചെലവൊരുപാടാണെങ്കിലും ഒത്തുവന്നാല്‍ പോകണം. ഇന്‍ശാ അല്ലാ… മൂത്രത്തിനും വയറ്റില്‍നിന്നും പോകാത്തതിനും തിരിച്ചറിവില്ലെങ്കിലും ബുദ്ധിമുട്ടില്ല. പിന്നെ വായന ക്വുര്‍ആന്‍ പഠനത്തില്‍ മാത്രം. മനസ്സില്‍ തട്ടുന്ന ആശയത്തിന്റെ അര്‍ത്ഥങ്ങള്‍ ഞാന്‍ നോട്ടിലെഴുതിവെക്കും. സൂറത്തുല്‍ ഹൂദിലെ ഒന്‍പതും പത്തും പതിനൊന്നും ആയത്തുകള്‍ ഞാന്‍ വായിച്ചപ്പോള്‍ ഇത്തിരിനേരം കരഞ്ഞു പോയിട്ടുണ്ട്. പിന്നെ സൗഹൃദം ക്ഷമ കൊള്ളുന്നവര്‍ക്ക് അല്ലാഹു നല്‍കിയ പുണ്യമായിരിക്കാം.
പിന്നെ റുഖിയ ഇത്താത്തക്കും മക്കള്‍ക്കും എന്റെ സലാം പറയണം. മകന്റെ പഠനമൊക്കെ എന്തായി? ഫോണില്‍ വിളിക്കണമെന്ന് തോന്നും… എന്തോ? പിന്നെ അത് വേണ്ടെന്ന് വെക്കും. പിന്നെ ഓര്‍ക്കുമ്പോഴൊക്കെ അഞ്ചുനേരം നിങ്ങള്‍ക്കും കുടുംബത്തിനും ദുആ ചെയ്യാറുണ്ട്. നോമ്പും പുണ്യമാസവും വരാനിരിക്കുന്നവയിലേതെങ്കിലും നമുക്ക് അല്ലാഹു നിര്‍ബന്ധമാക്കിത്തരട്ടെ.
റിയാസ്
ഇനിയങ്ങോട്ടെന്ത് ?
അല്ലാഹുവിന്റെ കൃപയാല്‍ കുഞ്ഞബ്ദുള്ള സാഹിബ് അറിയുവാന്‍ മുഹമ്മദലി. അസ്സലാമു അലൈക്കും.
നിങ്ങള്‍ അയച്ച എഴുത്ത് കിട്ടി. വിവരങ്ങള്‍ അറിഞ്ഞു. വളരെ വിഷമിക്കുന്നു. നിങ്ങളുടെ അസുഖം പൂര്‍ണമായും എത്രയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍. എന്നെപ്പറ്റിയുളള വിവരങ്ങള്‍ നിങ്ങള്‍ എങ്ങനെ ആണ് അറിഞ്ഞത്, എന്റെ വിലാസം എവിടെ നിന്നാണ് കിട്ടിയത് എന്നൊന്നും അറിഞ്ഞില്ലല്ലോ. ആരില്‍ നിന്നാണ് അറിഞ്ഞത് എന്ന് അറിയിച്ചു തരണം.
1972 ഏപ്രില്‍ 28നാണ് എനിക്ക് അപകടം സംഭവിച്ചത്. ദുബായിലുളള കവാനീസ് എന്ന സ്ഥലത്തുളള സ്വിമ്മിങ് പൂളില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ വെളളത്തിനടിയില്‍ തല അടിച്ച് നട്ടെല്ല് സി 4. സി 5, സി 6 എന്നിവയ്ക്കാണ് ക്ഷതം പറ്റിയത്. അന്ന് തന്നെ ദുബായിലുളള അല്‍മഖ്ത്തും ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവിടത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ട് പറഞ്ഞുപോലും, നാലഞ്ചുദിവസം കൊണ്ട് മരിച്ചുപോകും എന്ന്. പതിമൂന്ന് ദിവസം ആസ്പത്രിയില്‍ കിടന്നു. പിന്നെ മദ്രാസില്‍ വന്നു സ്റ്റാന്‍ലി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവിടെ നിന്ന് ഓപ്പറേഷന്‍ ചെയ്തു. പത്തുമാസം അവിടെ ചികിത്സയിലായിരുന്നു. പിന്നെ 1973 മാര്‍ച്ച് മൂന്നാം തീയ്യതി നാട്ടില്‍ വന്നു. ഈ ഏപ്രില്‍ 28-ാം തീയ്യതി ആയാല്‍ ഞാന്‍ കിടപ്പിലായിട്ട് 28 വര്‍ഷം തികയുകയാണ്. ഈ 28 വര്‍ഷത്തിനിടയില്‍ പല വിഷമതകളും തരണം ചെയ്തു. ഇനി അങ്ങോട്ട് എന്തൊക്കെ ആണ്?
മുഹമ്മദ് അലി
ഒപ്പം, എന്റെ ഉമ്മ
ഡിയര്‍ കുഞ്ഞബ്ദുള്ള,
നിങ്ങളുടെ വീട്ടില്‍ വന്നതിന് ശേഷമുണ്ടായ അനുഭവങ്ങളും അനുഭൂതികളും വിവരിച്ച് എഴുതാന്‍ മനസ്സ് വെമ്പല്‍ക്കൊളളുകയാണ്. നിങ്ങളെ കാണുക എന്ന ആഗ്രഹം സഫലീകരിച്ചു തന്ന റബ്ബിനെ സ്തുതിക്കുന്നു.
നിങ്ങള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കും മറ്റും സുഖത്തിനും ഐശ്വര്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നു. എല്ലാവരോടും വിശിഷ്യാ ഭാര്യയോട് എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുമല്ലോ. മക്കള്‍ക്ക് ഉന്നതവിജയത്തോടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ.
വിധി വികൃതമാക്കിയ ഈയെഴുത്തിലൂടെ കണ്ണോടിക്കാന്‍ പ്രയാസപ്പെടുന്നതില്‍ ഖേദിക്കുന്നു. ദൈവത്തിന്റെ പരീക്ഷണത്തില്‍ വിജയം വരിക്കാന്‍ അല്ലാഹു നമുക്ക് ക്ഷമ പ്രദാനം ചെയ്യട്ടെ. വിധിയെ പഴിച്ചുകൊണ്ട് എന്നിലേക്ക് ഒതുങ്ങിക്കൂടാനായിരുന്നു ഞാനാഗ്രഹിച്ചത്. ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന്, കുടുംബപ്രശ്‌നങ്ങളില്‍ നിന്ന്, ബന്ധങ്ങളില്‍ നിന്ന്, സുഹൃത്തുക്കളില്‍ നിന്നെല്ലാം ഒഴിഞ്ഞു നിന്ന് വീടിന്റെ നാലു ചുമരുകള്‍ക്കുളളില്‍ തകര്‍ക്കപ്പെട്ട ജീവിതവുമായി കടുത്ത നിരാശയും വിഷാദവും അപകര്‍ഷബോധവുമായി മുമ്പോട്ട് ഗമിക്കുമ്പോഴാണ് വായനയിലും എഴുത്തിലും വിനോദത്തിലും അല്‍പ്പം ആശ്വാസം കണ്ടെത്തിയത്. അതിന് നിങ്ങളുടെ എഴുത്തുകളും പ്രചോദനമായി.
വേദനകളും കഷ്ടപ്പാടുകളും മറ്റു പ്രയാസങ്ങളും പ്രത്യക്ഷത്തില്‍ നമുക്ക് ബുദ്ധിമുട്ടായി തോന്നുമെങ്കിലും ഇതിന്റെയെല്ലാം പിന്നില്‍ അല്ലാഹുവിന് ഒരു ലക്ഷ്യമുണ്ട്. നാലാം മാസം ഉമ്മയുടെ വയറ്റില്‍വച്ച് വ്യക്തമായി മറിക്കപ്പെടുന്നതാണ് മനുഷ്യജീവിതം. എം.ടിയുടെ ഭാഷയില്‍, എഴുതപ്പെട്ട നാടകത്തിലെ അഭിനേതാക്കളാണ് നാം. ജീവിതത്തിന്റെ തിരക്കഥ അവിടെ വെച്ച് രചിച്ചുകഴിഞ്ഞു. സംവിധായകനായ അല്ലാഹു നിശ്ചയിക്കുന്ന റോളാണ് ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം. എല്ലാം ഏകനായ അവനില്‍ നിക്ഷിപ്തമാണ്. അവനറിയാതെ ആകാശഭൂമികളില്‍ ഒന്നുംതന്നെ സംഭവിക്കുന്നില്ലല്ലോ. കൂരിരുട്ടുളള രാത്രിയില്‍ കറുത്ത പാറയില്‍ ഇരിക്കുന്ന കറുത്ത ഉറുമ്പിനെ പോലും അവന്‍ കാണുന്നു എന്നാണല്ലോ നാം പഠിച്ചത്.
പോവാനുദ്ദേശിക്കുന്നിടത്ത് പോവാന്‍ പറ്റാതെ, കാണാന്‍ ആഗ്രഹിക്കുന്നത് കാണാന്‍ പറ്റാതെ ദു:ഖം ഉളളില്‍ ഒതുക്കി മറ്റുളളവര്‍ കാണ്‍കെ ചിരിച്ചും ഒറ്റയ്ക്കാവുമ്പോള്‍ ഗതകാലസ്മരണകള്‍ അയവിറക്കിയും ജീവിതം മുമ്പോട്ട് ഗമിക്കുന്നു. എല്ലാറ്റിനും ഒപ്പം ഇപ്പോള്‍ ഉമ്മയുണ്ട്. ഭാര്യയും കുട്ടികളും ഒന്നും ഇല്ലാത്തതുകൊണ്ട് ഒറ്റത്തടിയല്ലേയുളളൂ എന്ന് ആശ്വാസം തോന്നാറുണ്ട്. പക്ഷേ, ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അല്ലാഹു എത്രകാലമാണ് ആയുസ്സ് തന്നെതെന്ന് അറിയില്ലല്ലോ. ഉമ്മയുടെ ആരോഗ്യമാണ് എന്റെ ആശ്രയം. നിങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം. രോഗിയുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും പരസഹായം ആവശ്യമായ ഒരുവനെ പരിചരിക്കാനും മറ്റും ആരോഗ്യമുളള സ്‌നേഹമുളള ഒരു ഭാര്യ. പലപ്പോഴും അങ്ങനെ ചിന്തിച്ചു പോവാറുണ്ട്. ഏതായാലും അല്ലാഹു ഉദ്ദേശിക്കുന്നത് നടക്കും എന്ന വിശ്വാസം എനിക്കുണ്ട്. 12 അംഗങ്ങളുളള കുടുംബത്തിലെ ഒരംഗമായതു തന്നെ സുകൃതം. മനസ്സിലെ ഏതോ കോണിലുളള ആശങ്കകള്‍ നിങ്ങളുമായി പങ്കുവെച്ചു എന്ന് മാത്രം.
നിങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ എന്നെ ആകര്‍ഷിച്ചത് നിങ്ങളുടെ അയല്‍വാസികളും നാട്ടുകാരും ആണ്. എന്തിനും ഏതിനും തയ്യാറായ കുറേ ചെറുപ്പക്കാര്‍. ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയുളളവരെ കാണാന്‍ പ്രയാസമാണ്. എന്റെ നാട്ടില്‍ വിരലിലെണ്ണാവുന്ന ചില സുഹൃത്തുക്കളും അയല്‍വാസികളും കുടുംബക്കാരും മാത്രമേ എന്നെ സന്ദര്‍ശിക്കാറുളളു. ചെറുവാടി അങ്ങാടിയില്‍ ഞാന്‍ കുറച്ചുകാലം കച്ചവടം നടത്തിയിരുന്നു. അക്കാലത്ത് കവലയുടെ ഹൃദയഭാഗത്തുളള എന്റെ കടയായിരുന്നു എല്ലാവരുടെയും താവളം. ആ നിലയ്ക്ക് അപകടം പിണഞ്ഞ് സൗദിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ സന്ദര്‍ശകപ്രവാഹം തന്നെയായിരുന്നു. പിന്നെപ്പിന്നെ നിത്യജീവിതത്തിലെ നീറുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കിടയില്‍ പലരും വ്യക്തിബന്ധങ്ങള്‍ മറന്നുപോയി. ചിലര്‍ മനപ്പൂര്‍വം അവഗണിച്ചു. എന്നാല്‍ മറ്റു ചിലര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും വേണ്ട സഹായസഹകരണങ്ങള്‍ ചെയ്തുതരുകയും ബന്ധം പുതുക്കുകയും ചെയ്യുന്നു. അവിടെയാണ് യഥാര്‍ഥ സ്‌നേഹം മനസ്സിലാവുന്നത്. “ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും” എന്ന കവിവാക്യം എത്ര അര്‍ഥവത്താണ്!
നിങ്ങളുടെ വീട് ഇത്തരം രോഗികള്‍ക്കും മറ്റും ഒരു അത്താണിയായിട്ടാണ് എനിക്ക് തോന്നിയത്. അവിടെ വരുന്നവര്‍ക്ക് മനസ്സിന് കുളിര്‍മ ലഭിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. തന്നെപ്പോലുളളവര്‍ക്കും മറ്റു നിത്യദുഃഖിതര്‍ക്കും മറ്റു രോഗികള്‍ക്കും ആ കേന്ദ്രത്തില്‍ നിന്ന് നാനാദിക്കിലേക്കും ഉപദേശങ്ങളും നിര്‍ദേശങ്ങളും സാന്ത്വനവാക്കുകളും ഒഴുകുകയാണ്. അതിനുളള നിരവധി തെളിവുകള്‍ നിങ്ങളുടെ തലയണയ്ക്കടിയില്‍ ഉണ്ട് താനും. ഇത്രയധികം സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യമാണ്.
താങ്കളുടെ സ്വകാര്യദുഃഖങ്ങളും പ്രയാസങ്ങളും കടിച്ചമര്‍ത്തി സമാന ദുഃഖം അനുഭവിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും നിരവധി തൂലികാസുഹൃത്തുക്കള്‍ക്കും വിറയാര്‍ന്ന താങ്കളുടെ എഴുത്തിന്റെ അര്‍ഥഗര്‍ഭം മൂലം ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ പ്രചോദനമായി. എങ്കില്‍ അവരുടെയെല്ലാം പ്രാര്‍ഥനയില്‍ താങ്കള്‍ നിറഞ്ഞുനില്‍ക്കും. തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ഈ പ്രവൃത്തി സ്വീകരിക്കുമാറാവട്ടെ.
വെളളിപറമ്പിലെ സുബൈര്‍ എന്ന വ്യക്തി എന്നെ വിളിച്ചിരുന്നു. അവരുടെ ആ സദുദ്യമത്തിലേക്ക് താങ്കള്‍ സംഭാവനചെയ്തതും അവര്‍ ഇക്കയെ സന്ദര്‍ശിച്ചതുമൊക്കെ പറയുകയുണ്ടായി. കോഴിക്കോട് മലബാര്‍ ഗോള്‍ഡിന്റെ എം.ഡി യും എന്നെ വിളിച്ചിരുന്നു. അദ്ദേഹം ഒരുപാട് സരോപദേശങ്ങളും പറഞ്ഞുതന്നു.
അദ്ദേഹത്തിന്റെ ഫോണ്‍നമ്പര്‍ എന്നില്‍നിന്ന് നഷ്ടപ്പെട്ടുപോയി. അടുത്ത കത്തില്‍ ഫോണ്‍ നമ്പര്‍ വെക്കണമെന്ന് അപേക്ഷിക്കുന്നു.
എന്‍.ഉമ്മര്‍കോയ സാഹിബിന്റെ എഴുത്തുകാൾ ഒരാവൃത്തി ഞാന്‍ വായിച്ചിട്ടുണ്ട്. അതില്‍ ചിലത് ഫോട്ടോകോപ്പി എടുത്ത് വെച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത്രയധികം എഴുതാനും വായിക്കാനും സമയം കണ്ടെത്തുന്നു എന്നത് അദ്ഭുതമാണ്.
കഴിഞ്ഞവര്‍ഷം തൃശൂര്‍ ഉളള എന്റെ ഒരു സുഹൃത്ത് (സൗദി) നാട്ടില്‍ വന്നപ്പോള്‍ എന്റെ അടുത്ത് വന്നിരുന്നു. അവന്‍ എന്നെ നിര്‍ബന്ധിച്ച് അവന്റെ നാട്ടിലേക്ക് കൊണ്ടുപോവുകയും ഒരാഴ്ച ഞാന്‍ എന്റെ പെങ്ങളുടെ മോന്റെ കൂടെ അവിടെ താമസിക്കുകയും ചെയ്തിരുന്നു.
അല്ലാഹു നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശ്യങ്ങളും പൂര്‍ത്തീകരിച്ചു തരട്ടെ.
അബ്ദുറഹിമാന്‍ എടക്കണ്ടി
No comments yet.