വിശ്വാസമാണെനിക്ക് തുണ ! -18

//വിശ്വാസമാണെനിക്ക് തുണ ! -18
//വിശ്വാസമാണെനിക്ക് തുണ ! -18
സർഗാത്മക രചനകൾ

വിശ്വാസമാണെനിക്ക് തുണ ! -18

പങ്കുവയ്ക്കുന്ന ദുഃഖഭാരം

സ്‌നേഹമുള്ള സഹോദരന്‍ അറിയുവാന്‍ ജമീല എഴുതുന്നു. നിങ്ങള്‍ അയച്ച കത്ത് കിട്ടി. സന്തോഷിക്കുന്നു. നിങ്ങള്‍ക്കും ഭാര്യക്കുമൊക്കെ സുഖമാണെന്നു കരുതുന്നു. നിങ്ങളുടെ കത്തില്‍ കണ്ടു നിങ്ങളുടെ സ്ഥിതിയെപ്പറ്റി. പക്ഷേ, അതിലും കഷ്ടമാണ് എന്റെ ഭര്‍ത്താവിന്റേത്. കാരണം, മോഷനാകണമെങ്കില്‍ 4 – 5 ദിവസം പിടിക്കും. ചിലപ്പോള്‍ പത്തു ദിവസവും ആകും മോഷനാകുന്നതിന്. ചരിഞ്ഞു കിടന്നിട്ടാണ്. അപ്പോള്‍ നിങ്ങള്‍ ഒന്ന് ഓര്‍ത്തുനോക്കൂ. ഈ കിടപ്പില്‍ മലം എടുക്കുന്നതെങ്ങനെ? വൃത്തിയാക്കുന്നതെങ്ങനെ? അതുകൂടാതെ ഷേവ് ചെയ്യണം. ആഴ്ചയില്‍ രണ്ട് പ്രാവശ്യം തലമുടി വെട്ടണം, ദിവസം സോപ്പ് തേച്ചു കഴുകണം. ഇതൊക്കെ എനിക്ക് നിസ്സാരമാണ്. ഷേവ് ചെയ്യാന്‍ എനിക്ക് 15 മിനിറ്റ് മതി. ഇങ്ങനെയൊക്കെ എഴുതാന്‍ കാരണം നിങ്ങളുടെ കത്തില്‍ നിങ്ങളുടെ വിഷമത്തെപ്പറ്റി എഴുതിക്കണ്ടു. അതുകൊണ്ട് എഴുതിയതാണ്. പിന്നെ വേറെ ഒരു സുഖക്കേടുകൂടി ഉണ്ട്. ഏതുസമയത്തും അവര്‍ കിടന്നാല്‍ ആരെങ്കിലും അരികെ പോകമ്പോള്‍ കാല്‍ തട്ടിയാല്‍ മതി, അരമണിക്കൂര്‍ നേരം കാല്‍ ഇങ്ങനെ പെടച്ചുകൊണ്ടിരിക്കും. ചുമയ്ക്കാന്‍ സാധിക്കില്ല. തുപ്പാനും സാധിക്കില്ല. അങ്ങനെ വന്നാല്‍ തന്നെ എത്രയൊക്കെ വിഷമിക്കും. ഇതിനൊന്നും എനിക്ക് യാതൊരു വിഷമവുമില്ല. ഇനിയും എത്രകൊല്ലം വേണമെങ്കിലും ഞാന്‍ അവരെ പൊന്നുപോലെ നോക്കുമായിരുന്നു. അല്ലാഹുവിന്റെ വിധി അതിനല്ല. എന്നാലും എന്റെ ഭര്‍ത്താവിനെപ്പോലത്തെ വിഷമം നിങ്ങള്‍ക്ക് ഉണ്ടാകില്ല എന്നാണ് ഞാന്‍ കരുതുന്നത്. മറയില്‍ ഇരിക്കുകയാണ് (പ്രിയതമന്‍ മരിച്ചാല്‍ അനുഷ്ഠിക്കുന്ന ഇദ്ദകാലം -എഡിറ്റര്‍) ഞാന്‍. നാലു മാസവും പത്ത് ദിവസവും ഇരിക്കണം.

ജമീല

മറ്റുള്ളവര്‍ക്കുവേണ്ടി

പ്രിയ സഹോദരന്‍ കുഞ്ഞബ്ദുള്ളാ സാഹിബ് അറിയുന്നതിന്,

സുഖം തന്നെയെന്ന് വിശ്വസിക്കട്ടെ. ഭാര്യയും മക്കളും അന്ന് വെല്ലൂരില്‍ കൂട്ടത്തില്‍ വന്ന അളിയനും സുഖം തന്നെയോ? മകനിപ്പോള്‍ എന്തു ചെയ്യുന്നു? ബിസിനസും മറ്റും എങ്ങനെ? മരുന്നുകളൊക്കെയുണ്ടോ?
എനിക്കും കുടുംബത്തിനും ഒരുവിധം സുഖം തന്നെ. ഞങ്ങള്‍ ജൂണ്‍ 21 നാട്ടിലെത്തി. ആറു മാസത്തിലധികം അവിടെയുണ്ടായിരുന്നു. പോകുമ്പോള്‍ റുമറ്റോളജി വിഭാഗത്തിലെ ഡോക്ടറെ കണ്ടു. Orthos porosis എന്ന രോഗത്തില്‍നിന്നാണ് ഇങ്ങനെ ഉണ്ടായതെന്നും അത് കൂടാതിരിക്കാന്‍ ആറുമാസം മരുന്ന് കഴിക്കണമെന്നും പറഞ്ഞിരുന്നു. അതിനുള്ള മരുന്നുകള്‍ കഴിക്കുന്നതുകൂടാതെ കാലിന്റെ ശോഷിപ്പിന് കിഴി കുത്തുന്നുമുണ്ട്. മഴ കാരണം എന്നും വൈകുന്നേരം മാത്രം കാലിപ്പര്‍ ഉപയോഗിച്ച് ഒരു മണിക്കൂറോളം നടക്കുന്നു. അന്ന് കൂടെയുണ്ടായിരുന്ന തമിഴ് പയ്യന്‍ കൂടെയുള്ളത് അനുഗ്രഹമായി. വൈഫിന് മിക്കവാറും പുറത്തിനും കാലിനും മറ്റും വേദനയാണ്. എന്നിരുന്നാലും വൈഫ് എന്നും ഡി.ഇ ചെയ്തുതരും. കുഴപ്പമില്ലാതെ ശോധനയുമുണ്ട്. പിന്നെ നാലു മണിക്കൂര്‍ കൂടുമ്പോള്‍ ഐ.സിയും ഉണ്ട്. മൂത്തമകന് 3rd year class ഇന്നലെ തുടങ്ങി. രണ്ടാമത്തെ മകന് പഠിക്കുന്നത് ഓര്‍മയില്‍ നില്‍ക്കാത്ത ഒരു കുഴപ്പമുണ്ട്. ഇപ്പോള്‍ സ്‌കൂളിലൊന്നും വിടുന്നില്ല. അക്ഷരങ്ങളോട കണക്കോ ഒന്നും അറിയില്ല. കാഴ്ചയില്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ല. മാത്രമല്ല, അവന്റെ കാര്യങ്ങളെല്ലാം അവന്‍ തന്നെ ചെയ്യുന്നുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് തള്ളയെ സഹായിക്കുകയും ചെയ്യും. അതില്‍ എനിക്ക് വലിയ ഒരു ആശ്വാസമുണ്ട്. മൂന്നാമത്തെ മകള്‍ എട്ടില്‍ പഠിക്കുന്നു. മൂവരും സുഖമായിരിക്കുന്നു.
നമ്മളെപ്പോലെ കഷ്ടപ്പെടുന്ന എല്ലാ രോഗികള്‍ക്കും വേണ്ടി എന്നും കരഞ്ഞുകൊണ്ട് ദുആ ചെയ്യുന്നുണ്ട്.

ടി.എ ഹസന്‍കുഞ്ഞ്

ദൈവവുമായുള്ള ബന്ധം

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍
ബഹുമാനപ്പെട്ട കുഞ്ഞബ്ദുള്ള ഇക്ക അറിയുവാന്‍ സ്‌നേഹത്തോടെ അന്‍വര്‍ എഴുതുന്നത്. ഞാന്‍ ഈ മാസം മൂന്നാം തീയതി ഇവിടെ എത്തി. വരുന്ന ദിവസം ഏഴു മണിക്കൂര്‍ വടകര റെയില്‍വേ സ്റ്റേഷനിലും മൂന്നു മണിക്കൂര്‍ വിമാനത്തിലും വൈകിയിരുന്നു. നിങ്ങള്‍ എന്നെ ഏല്‍പ്പിച്ച സംഗതി ഞാന്‍ എല്ലാവര്‍ക്കും എത്തിച്ചുകൊടുത്തിരുന്നു. അവരൊക്കെ മറുപടി അയച്ചിരുന്നോ? തലപ്പൊയില്‍ മൂസാക്കാക്ക് കൊടുത്തിട്ടില്ല. ഉംറയ്ക്ക് പോയിട്ട് വന്നിട്ടില്ല. അടുത്തുതന്നെ എത്തിക്കുന്നതാണ്. പോസ്റ്റ് ചെയ്യാനുള്ള കത്തും അയച്ചിട്ടുണ്ട്.

പരിശുദ്ധമായ റംസാന്‍മാസം എങ്ങനെ പോകുന്നു? ഇബാദത്ത് ചെയ്യാന്‍ സുഖം നാട്ടില്‍ത്തന്നെയാണ്. പക്ഷേ, ഇവിടത്തേതിനെക്കാള്‍ റംസാന്‍ മാസത്തില്‍ തെറ്റുകള്‍ ചെയ്തുപോകാന്‍ കൂടുതല്‍ സാധ്യത നാട്ടിലുളളപ്പോഴാണ്. അതുകൊണ്ട് നോമ്പുകാലത്ത് നാട്ടില്‍ നില്‍ക്കാത്തതാണ് നല്ലത്. എന്നാലും കുടുംബത്തോടൊപ്പം നോമ്പ് നോല്‍ക്കലും നോമ്പ് തുറക്കലും ഒരു ബര്‍ക്കത്തും സംതൃപ്തിയും തന്നെയാണ്.

റദമാനിലെ ആദ്യത്തെ പത്ത് അവസാനിച്ചിരിക്കുകയാണ്. ആദ്യത്തെ പത്തിലെ ഇബാദത്തുകളൊക്കെ അല്ലാഹു സ്വീകരിച്ചിട്ടുണ്ടാവുമെന്ന് കരുതാം. അതുപോലെ വരുന്ന അടുത്ത പത്തുകളിലെയും ഇബാദത്തുകള്‍ അല്ലാഹുവിന്റെ അടുക്കല്‍ പുണ്യകര്‍മങ്ങള്‍ ആക്കിത്തരുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

നിങ്ങളുടെ ജീവിതത്തിലെ ഇപ്പോഴത്തെ അവസ്ഥ ഞാന്‍ പലര്‍ക്കും വായിക്കാന്‍ കൊടുത്തിരുന്നു. അവരൊക്കെ അത് വായിച്ചു തരിച്ചിരുന്നു പോയി. നിശ്ചലനായി കിടക്കുന്ന നിങ്ങള്‍ അല്ലാഹുവുമായി എത്രയോ അടുത്തിട്ടും എല്ലാ സൗഭാഗ്യവും ആരോഗ്യവുമുള്ള തങ്ങള്‍ക്ക് ദീനുമായി അടുക്കാന്‍ പറ്റുന്നില്ലല്ലോ എന്ന് അവര്‍ ചിന്തിച്ചുപോയിട്ടുണ്ടാവാം.

നിങ്ങളുടെ ആരോഗ്യസ്ഥിതി എങ്ങനെ പോവുന്നു? വേറെ മറ്റൊരു അസുഖവും ഇല്ലെന്ന് കരുതി സമാധാനിക്കട്ടെ.
അമ്മായിക്കും കുട്ടികള്‍ക്കും എല്ലാം സുഖം തന്നെ എന്നു കരുതട്ടെ. അവരോട് എല്ലാം എന്റെ സലാം പറയണം.
നിങ്ങളെപ്പോലെ രോഗശയ്യയില്‍ കിടക്കുന്നവരുടെ കത്തുകള്‍ നിങ്ങള്‍ക്ക് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നുണ്ടാവും. പുതിയ ഏതെങ്കിലും ആള്‍ക്കാരുടെ കത്ത് നിങ്ങള്‍ക്ക് വന്നിരുന്നോ? ഉണ്ടെങ്കില്‍ അയച്ചുതരണം.

രോഗികളുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കാതിരിക്കില്ല എന്നു ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ എന്റെ ദോഷങ്ങള്‍ പൊറുക്കാനും നന്മ വരുത്തുവാനും പുണ്യമാസത്തിലെ പുണ്യരാവുകളില്‍ എനിക്കുവേണ്ടി ദുആ ചെയ്യണം. മറക്കരുത്.

അന്‍വര്‍

print

No comments yet.

Leave a comment

Your email address will not be published.