സ്‌നേഹസമ്മാനം
പ്രിയപ്പെട്ട ഉമ്മര്‍ക്കാ,
സ്‌നേഹം നിറഞ്ഞ ഇക്ക അറിയുന്നതിന്,
സ്‌നേഹപൂര്‍വം അയച്ച എഴുത്തും മിഠായി, പേന തുടങ്ങിയ സമ്മാനങ്ങളും എനിക്കുകിട്ടി. വളരെ ത്യാഗം സഹിച്ച് കൊടുത്തയച്ച ആ സമ്മാനങ്ങള്‍ ഞാന്‍ ഹൃദയപൂര്‍വം സ്വീകരിച്ചു.
സമ്മാനങ്ങള്‍ കൊണ്ടുവന്ന സുകുമാരേട്ടന്‍, വീട്ടിലേക്ക് വന്ന്, “കോഴിക്കോട് ആരെയെങ്കിലും പരിചയമുണ്ടോ?” എന്നു ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.
ഉടനെ അദ്ദേഹം എല്ലാം എന്നോട് വിശദീകരിച്ചു പറഞ്ഞുതന്നു: അദ്ദേഹത്തിന്റെ ഭാര്യ പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുകയാണെന്നും അങ്ങനെ ഇക്കയെ പരിചയമുണ്ടെന്നും! അദ്ദേഹം ഈയിടെ വന്നപ്പോള്‍ ഉമ്മയും ബാപ്പയും അവിടെ ഉണ്ടായിരുന്നില്ല. അനുജന്‍ മാത്രമേ എന്റെയരികില്‍ ഉണ്ടായിരുന്നുള്ളൂ. മറ്റാരുമില്ലാത്തതിനാല്‍ സുകുമാരേട്ടന് ചായപോലും നല്‍കാന്‍ കഴിഞ്ഞില്ല. ഇതുവഴി സഞ്ചരിക്കുമ്പോള്‍ ഇനിയും വരണമെന്ന് ക്ഷണിച്ചിട്ടുണ്ട്. സുകുമാരേട്ടന് ഇക്കയെ ഫോണിലൂടെ മാത്രമേ പരിചയമുള്ളൂ എന്ന് പറഞ്ഞിരുന്നു. വീട് കണ്ടുപിടിക്കാന്‍ അദ്ദേഹം കുറച്ച് ബുദ്ധിമുട്ടി എന്നുതോന്നുന്നു. മനഃസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത നല്ല മനുഷ്യരാണ് അദ്ദേഹവും ഭാര്യയും അല്ലേ…
ഇത്തരം നല്ല മനുഷ്യര്‍ അപൂര്‍വമായേ നമ്മുടെ സമൂഹത്തിലുള്ളൂ. എങ്കിലും ഇങ്ങനെയുള്ളവരും നമ്മുടെ ചുറ്റിലുമുണ്ടല്ലോ എന്നത് മനസ്സിന് വളരെയധികം സന്തോഷം നല്‍കുന്നു. എന്നേപ്പറ്റി കൂറേക്കൂടി മനസ്സിലാക്കാന്‍ ഇക്കയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് കത്തിലൂടെ വായിച്ചു. ഇരുന്ന് ഒരുപാട് എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. എഴുതണമെന്ന് കടലോളം ആഗ്രഹവും. രണ്ടാം ക്ലാസ് വരെയേ ഞാന്‍ സ്‌കൂളില്‍ പഠിച്ചിട്ടുള്ളൂ. ആറു വയസ്സ് വരെയേ എന്റെ കാലുകള്‍ ഭൂമിയില്‍ സ്പര്‍ശിച്ചിട്ടുള്ളൂ. സ്‌കൂളില്‍വച്ച് കളിക്കിടയില്‍ ഓടിയപ്പോള്‍ പെട്ടെന്ന് തളര്‍ന്നുവീഴുകയായിരുന്നു. വീണപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന പെന്‍സില്‍ കഴുത്തില്‍ കുത്തിക്കയറുകയും ചെയ്തു. ടീച്ചര്‍മാര്‍ എന്റെ കഴുത്തില്‍നിന്ന് പെന്‍സില്‍ വലിച്ചൂരിയെടുത്തെങ്കിലും രക്തം നഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ സ്തബ്ധരായി നോക്കിനിന്നു. അങ്ങനെ ധാരാളം രക്തം ചോര്‍ന്നുപോയി. പക്ഷേ, സ്‌പൈനല്‍കോര്‍ഡും പെന്‍സില്‍ കൊണ്ടതും തമ്മില്‍ ബന്ധമൊന്നുമില്ല. ജന്മനാ ചിലപ്പോള്‍ പ്രശ്‌നമുണ്ടായിരുന്നിരിക്കാം. തളര്‍ന്നശേഷമാണ് ഞാന്‍ വീണത്. പഠിച്ച് ഒരു വലിയ ആളാകന്‍ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. അല്ലാഹുവിന്റെ തീരുമാനം പക്ഷേ ഇങ്ങനെ ജീവിക്കാനായിരുന്നു. എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ജീവിതം… ഇന്നെനിക്ക് വയസ്സ് 22. ഭാവിയിലേക്ക് ഉറ്റുനോക്കി വേദന കടിച്ചമര്‍ത്തി ജീവിക്കുന്നു. ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ വല്ലാത്ത ഭയമാണ്. 90 ശതമാനം കാര്യങ്ങളും ഉമ്മയാണ് നോക്കുന്നത്. സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ എനിക്ക് സാധിക്കും. ശരീരത്തിന് വലിയ വേദന ഒന്നും ഇല്ലെങ്കില്‍ ഇതുപോലെ രണ്ടു കൈകളും ഉപയോഗിച്ച് എഴുതാനും കഴിയും. ഉമ്മയ്ക്ക് എന്തെങ്കിലും അസൗകര്യമുണ്ടായാല്‍ ഞാന്‍ സങ്കടത്തിലാവും.
പടച്ചവന്‍ സമ്മാനിച്ച ഈ വേദനകള്‍ നിശബ്ദം സഹിക്കുകയാണ്. ഇക്ക എഴുതിയപോലെ അല്ലാഹു അറിയാതെ ഈ ഭൂമിയില്‍ ഒരില പോലും ചലിക്കില്ലല്ലോ. എല്ലാവര്‍ക്കും നോക്കിനിന്ന് സഹതപിക്കാനേ അറിയൂ! ആശ്വാസവാക്കുകള്‍ പറയാനും ധൈര്യം നല്‍കാനും അപൂര്‍വം ചിലരേ സന്മനസ്സ് കാണിച്ചിട്ടുള്ളൂ. ദുഃഖമുള്ളവരുടെ കൂട്ട് ആര്‍ക്കും ഇഷ്ടമില്ലായിരുന്നു എന്റെ തോന്നല്‍. പൊട്ടിച്ചിരിക്കുന്നവനെയാണല്ലോ ലോകത്തിനിഷ്ടം. പക്ഷേ, ദുഃഖാനുഭവങ്ങള്‍ കേള്‍ക്കാന്‍, ആശ്വാസവചനമേകാന്‍ ഇക്കാക്കയ്ക്ക് ഒരു പ്രത്യേക കഴിവുതന്നെയുണ്ട്. ഇങ്ങനെയുള്ള ഒരു വലിയ മനസ്സിനെ പരിചയപ്പെടാനും ആത്മബന്ധം സ്ഥാപിക്കാനും അവസരം നല്‍കിയ കാരുണ്യവാന് കോടി പ്രമാണം. വീട്ടിലെ രണ്ടാമത്തെ മകനാണ് ഞാന്‍. എനിക്ക് മൂത്തത് സഹോദരിയാണ്. അവളുടെ വിവാഹം കഴിഞ്ഞു. എനിക്ക് താഴെ ആറാം ക്ലാസില്‍ പഠിക്കുന്ന അനുജനും രണ്ടാം ക്ലാസുകാരി അനുജത്തിയും. വീട്ടില്‍ ആര്‍ക്കും ഭാരമാകാതിരിക്കാനും ഏതെങ്കിലും ആശ്രയസ്ഥാപനത്തില്‍ അഭയം തേടാനും ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷേ പലരും നിരുത്സാഹപ്പെടുത്തി. ആരില്‍നിന്നും വേദന ഏല്‍ക്കാതിരിക്കാനും ആരേയും വെറുപ്പാക്കാതിരിക്കാനും ഒക്കെയായിരുന്നു ആ തീരുമാനമെടുത്തത്. പൂര്‍ണമനസ്സുണ്ടായിട്ടല്ല. ഭാവിയെക്കുറിച്ച് ആലോചിപ്പോള്‍ അങ്ങനെ ചിന്തിച്ചുപോയതാണ്. ദൂരെ ബന്ധുക്കളൊന്നും ഇല്ലാതെ ഒരു കെട്ടിടത്തില്‍ തനിച്ചു കിടക്കുന്നത് സങ്കല്‍പ്പിച്ചപ്പോള്‍ ഭയങ്കരമായി തകര്‍ന്നുപോയി.
അങ്ങനെ അത് വേണ്ടെന്നുവച്ചു. എന്തൊക്കെയായാലും വീടിന്റെ സുരക്ഷിതത്വത്തില്‍ ജീവിക്കുന്നതാണ് നല്ലതെന്ന് മനസ്സ് അംഗീകരിച്ചു. ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇപ്പോള്‍. ചിലപ്പോഴെങ്കിലും അവഗണനയുടെ വേദനിപ്പിക്കുന്ന അവസ്ഥകള്‍ എനിക്ക് നേരിടേണ്ടി വരാറുണ്ട്. നേരെ നിര്‍ത്താന്‍ ശ്രമിക്കുന്ന മനസ്സ് അപ്പോള്‍ പൊട്ടിച്ചിതറും. വീണ്ടും ബലപ്പെടുത്താന്‍ യത്‌നിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും ദുഃഖങ്ങളുണ്ടാവാം എന്നു കേട്ടിട്ടുണ്ട്. പക്ഷേ, ശരീരം ചലിപ്പിക്കാന്‍ കഴിയാതെ നിസ്സഹായനായി കിടക്കേണ്ടി വരുന്ന അവസ്ഥയാണ് ഏറ്റവും വേദനാജനകം എന്ന് തോന്നിപ്പോകാറുണ്ട്. സര്‍വശക്തന്‍ എല്ലാ ദുഃഖങ്ങളും നേരിടാനുള്ള മനഃസാന്നിധ്യം പ്രദാനം ചെയ്യുമാറാകട്ടെ. ആമീന്‍… ദുഃഖങ്ങളില്‍നിന്ന് മോചനം നേടാനും ആരോഗ്യം ലഭിക്കാനും പ്രാര്‍ത്ഥനയാണ് പോംവഴി. വായിക്കാന്‍ ഇഷ്ടമാണ്. ടി.വി കാണാനും താല്‍പര്യമുണ്ട്. വീട്ടില്‍ ഒരു ചെറിയ ടി.വിയുണ്ട്. ആന്റിന വച്ചിരിക്കുകയാണ്. അതുകൊണ്ട് ദൂരദര്‍ശന്റെ ഡി.ഡി കേരളം എന്ന ചാനല്‍ മാത്രമേ കിട്ടൂ. ന്യൂസും മറ്റു പ്രോഗ്രാമുകളും കാണും. കേടാവുന്ന ടി.വിയായതിനാല്‍ ഒരു പരിപാടിയും മനസമാധാനത്തില്‍ കാണാന്‍ കഴിയില്ല. പ്രോഗ്രാമിനെക്കാള്‍ കൂടുതല്‍ പൊട്ടലും ചീറ്റലുമാണ് കേള്‍ക്കുക. ഒരു സുഹൃത്ത് ലൈബ്രറിയില്‍നിന്ന് പുസ്തകമെടുത്ത് തരാറുണ്ട്. പത്രങ്ങളും വാരികകളും അടുത്ത വീട്ടില്‍നിന്ന് വരുത്തിയാണ് വായിക്കുക. വീടിനു പുറത്തേക്ക് ഇറങ്ങാറില്ല. പുറത്തേക്ക് കൊണ്ടുപോവുക വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് അത് വേണ്ടെന്നു വയ്ക്കും. വീല്‍ചെയര്‍ ഉണ്ടെങ്കിലും, എനിക്ക് അതില്‍ ഇരിക്കാന്‍ കഴിയില്ല. ശരീരത്തിന് വല്ലാത്ത വേദനയാണ്. ഇക്കയുടെയും ഭാര്യയുടെയും ഫോട്ടോ അയച്ചുതന്നില്‍ വലിയ സന്തോഷമുണ്ട്. ഇക്കാക്ക് എല്ലാ സഹായങ്ങളുമായി നില്‍ക്കുന്ന ആ ഉമ്മയ്ക്ക് അല്ലാഹുവിന്റെ എല്ലാ അനഗ്രഹവും ഉണ്ടാകട്ടെ.. ആ ഉമ്മയ്ക്ക് വേണ്ടി എന്നും പ്രാര്‍ത്ഥനയുണ്ടാവും. ഷഹീര്‍ എഞ്ചിനീയറിങ് നല്ല മാര്‍ക്കോടെ രണ്ടാം വര്‍ഷം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരു വര്‍ഷം നഷ്ടപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. തീര്‍ച്ചയായും ജയിക്കണേ എന്നു പ്രാര്‍ത്ഥിക്കുന്നു. റിസള്‍ട്ട് അറിയുമ്പോള്‍, എനിക്കെഴുതുമല്ലോ. ആമിനമോള്‍ക്ക് ഭാവിയില്‍ നല്ലതുമാത്രം ഉണ്ടായേക്കാം. അവള്‍ മിടുക്കിയാവും. ഇക്ക എഴുതിയ ലേഖനം സശ്രദ്ധം ഞാന്‍ വായിച്ചു. ഒരു തളര്‍ന്ന ശരീരത്തിന്റെ എല്ലാ മാനസിക വികാരങ്ങളും ലേഖനത്തില്‍ വ്യക്തമായി പ്രതിഫലിച്ചിരിക്കുന്നു. നട്ടെല്ലുള്ളവര്‍ എല്ലാവരും അത് വായിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍… ഇക്ക നല്ലൊരു സാഹിത്യകാരന്റെയും വേദനിക്കുന്ന ഒരു വ്യക്തിത്വത്തിന്റെയും വികാരമാണ് ആ ലേഖനത്തില്‍ പ്രകടിപ്പിച്ചത്… എന്റെ അഭിനന്ദനങ്ങള്‍. ബിസിനസില്‍ ശ്രദ്ധിക്കുന്നതോടൊപ്പം നല്ല സാഹിത്യസൃഷ്ടികള്‍ രചിക്കാനും ഇക്കായ്ക്ക് കഴിയും. എഴുതില്ലേ? എന്റെ ഈ റിക്വസ്റ്റ് പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു. സാഹിത്യം ആസ്വദിക്കാന്‍ ഒരുപാട് താല്‍പര്യമുള്ള ആളാണ് ഞാന്‍. കൈയിലെത്തുന്നതെല്ലാം വായിക്കുന്നുണ്ട്. ഇക്ക എന്തൊക്കെയാണ് വായിക്കാറുള്ളത്? വായിക്കാന്‍ നല്ല താല്‍പര്യമാണോ? ബാപ്പ ഗള്‍ഫിലേക്ക് തിരിച്ചുപോയി. ഉമ്മ ഫോണിലൂടെ പറഞ്ഞല്ലോ… ഉമ്മയ്ക്ക് ഒരു ചെറിയ ജോലിയുണ്ട്. കാഷ്യു ഫാക്ടറിയില്‍ തൊഴിലാളിയാണ്. കശുവണ്ടിപ്പരിപ്പ് തരംതിരിക്കുക എന്നതാണ് ജോലി. അതുകൊണ്ട് പകല്‍ കുറേസമയം ഞാന്‍ വീട്ടില്‍ തനിച്ചു കഴിയേണ്ടിവരും. വേണ്ട സമയത്ത് ഉമ്മ വന്ന് വേണ്ടതുചെയ്യും… തനിച്ചിരിക്കുന്നതില്‍ വലിയ പ്രശ്‌നമില്ല. അടുത്ത് വീടുകളുണ്ട്. അടുപ്പമുള്ള ചില സുഹൃത്തുക്കളുണ്ട്. തനിച്ചിരിക്കുന്ന വേളയില്‍ അവര്‍ ഒരുപാട് നേരം എനിക്കരികില്‍ ചെലവഴിക്കാറുണ്ട്. വായിക്കാനുള്ള പുസ്തകങ്ങളും അവരാണ് കൊണ്ടുവന്നുതരുക. ഇക്ക കൊടുത്തയച്ച റേഡിയോ വളരെ എനിക്കിഷ്ടമായി. ഇടയ്ക്ക് ഓണ്‍ചെയ്തു കേട്ടിട്ട് അമൂല്യമായി സൂക്ഷിക്കുന്നു. പേനയും ഇഷ്ടമായി. ഇക്ക അയച്ച പേനയും പേപ്പറുമാണ് ഈ കത്തെഴുതാനുപുയോഗിച്ചിട്ടുള്ളത്. ചോക്ലേറ്റിന്റെ മധുരം നുണഞ്ഞപ്പോള്‍ എന്റെ മനസ്സ് വളരെ ആര്‍ദ്രമായി. ഈ സമ്മാനങ്ങള്‍ കൊടുത്തയച്ചതിനുപിന്നിലെ ആ മനസ്സും സ്‌നേഹവുമാണ് എനിക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനം. ആ സമ്മാനം എനിക്കു നല്‍കിയതിന് പടച്ചവനോട് ഞാന്‍ എങ്ങനെയാണ് നന്ദി പറയുക! ഇക്ക പ്രതീക്ഷിച്ച രീതിയില്‍ വിശദമായി എഴുതാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഇത്രയും എഴുതി തല്‍ക്കാലം നിര്‍ത്തുകയാണ്, തുടര്‍ന്ന് എഴുതാം.
ഷംനാദ് കുന്നിക്കോട്
No comments yet.