ആശ്വാസമേകുന്ന കത്തുകള്‍
പ്രിയപ്പെട്ട ഉമ്മര്‍ക്കാ,
വെള്ളിയാഴ്ച കോഴിക്കോട്, ‘ഫാത്തിമ’യില്‍ ഡോക്ടറെ കാണിക്കാന്‍ വന്നതുതന്നെ നിങ്ങളെ നേരില്‍കാണാമെന്ന ആശയോടുകൂടിയായിരുന്നു. രാവിലെ ഞാന്‍ വിളിക്കാതിരുന്നത് നിങ്ങള്‍ കൊപ്ര നോക്കുന്ന തിരക്കിലാണെന്ന് മനസ്സിലാക്കിയായിരുന്നു. രണ്ടു മണിക്കൂര്‍ വരെ നിങ്ങളെയും പ്രതീക്ഷിച്ചിരുന്നു. രണ്ടാഴ്ചയായി യൂറിന്‍ ഇന്‍ഫക്ഷന്‍ മൂലം ഞാന്‍ ആകെ അവശനായിരുന്നു. കോഴിക്കോട്ടുനിന്നും റിസള്‍ട്ടും വാങ്ങിക്കൊണ്ടുവരാന്‍ ആരെയും കിട്ടിയില്ല. ആരെയും ഞാന്‍ കുറ്റം പറയുന്നില്ല. എല്ലാവര്‍ക്കും പരിമിതികളുണ്ട്. രാപകല്‍ ഭേദമന്യേ ഊണും ഉറക്കമൊഴിഞ്ഞ് വിശ്രമമില്ലാതെ എന്നെ ശുശ്രൂഷിക്കുന്ന ഭാര്യക്ക് മടുപ്പുതോന്നാത്തത് എന്നില്‍ അത്ഭുതമുളവാക്കുന്നു.
ആ മനസ്സ് എന്നെ വെറുത്താല്‍, ആ കരങ്ങള്‍ തളര്‍ന്നാല്‍… പിന്നെ ചിന്തിക്കുവാന്‍ എനിക്ക് കഴിയുന്നില്ല. പ്രാര്‍ത്ഥനകളില്‍ ആദ്യം അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. സഹനമാകുന്ന വെളിച്ചം കെട്ടുപോകാതെ സൂക്ഷിക്കുവാന്‍ എനിക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക. അംബുജാക്ഷനെ കാണിച്ചു. മൂത്രത്തിലെ പഴുപ്പ് ചികിത്സിക്കാന്‍ വൈകിയതുകാരണം അതിശക്തമായ മെഡിസിന്‍സ് ആണ് കുറിച്ചുതന്നത്. ചലനമറ്റ ഇരുകാലുകള്‍ക്കും മധ്യത്തിലൂടെ ചുട്ടുപഴുപ്പിച്ച കോപ്പര്‍ വയര്‍ തുളച്ചുകയറ്റിയാല്‍ അനുഭവപ്പെടുന്നമാതിരിയുള്ള Burning pain സഹിക്കാന്‍ കഴിയുന്നതിനപ്പുറത്താണ് ഉമ്മര്‍ക്കാ, ഇതിന് മരുന്നില്ല. റബ്ബിനുമാത്രമേ എന്നെപ്പോലുള്ളവര്‍ അനുഭവിക്കുന്ന ഈ തീവ്രമായ വേദനയ്ക്ക് ശമനം തരാന്‍ കഴിയൂ. ദുആ ചെയ്യുക.
പിന്നെ രണ്ടാഴ്ച മുമ്പ് ഷഹീറിന്റെ പ്രിന്‍സിപ്പാള്‍ ഇക്കാക്കയെ വിളിച്ചിരുന്നു. അവനും (BA Ist Year) കൂട്ടുകാരും ബീച്ചില്‍പോയി എന്നതായിരുന്നു പരാതി. ഞാന്‍ ആകെ ടെന്‍ഷനായിപ്പോയി. ഭാര്യക്ക് അതിലും വലിയ ടെന്‍ഷന്‍. കാരണം, അവനെ ചേര്‍ത്ത വകയില്‍ത്തന്നെ പലര്‍ക്കും നല്ല ഒരു സംഖ്യ കടമുണ്ട്. അടുത്ത വര്‍ഷത്തേക്ക് ഫീസിനുള്ള പണം കണ്ടെത്തണം. മണ്ഡരിച്ച തേങ്ങയുടെ വിലയിടിവ് എന്നെ സാരമായി ബാധിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ തേങ്ങ എണ്ണക്കുറവും വില പകുതിയില്‍ താഴെയും. അല്ലാഹു സാമ്പത്തിക പ്രതിസന്ധി നീക്കിത്തരും എന്ന ശുഭാപ്തി വിശ്വാസത്തില്‍ ആശ്വസിക്കുകയാണ് ഞാന്‍.
ഞങ്ങളുടെ ഞെരുക്കവും വിഷമവും അവന്‍ മനസ്സിലാക്കുന്നില്ല. പണം ചെലവാക്കുന്ന കാര്യത്തില്‍ അവന്‍ യാതൊരു ലുബ്ധും കാണിക്കുന്നില്ല. മനസ്സ് ഒരു മഹാപാവമാണ്. യാതൊരു കാര്യത്തിലും ഒരു സീരിയസ്സ് ഇല്ല. പഠിക്കാനുള്ള ബുദ്ധിയും കഴിവും അല്ലാഹു അവന് കൊടുത്തിട്ടുണ്ട്.
പഠനത്തിലും സ്വഭാവത്തിലും പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഉഴപ്പിയപ്പോള്‍ അവനില്‍ മാറ്റമുണ്ടായത്, ഞാനാവശ്യപ്പെട്ട പ്രകാരം അവന് നിങ്ങളയച്ച എഴുത്തും ഉപദേശവും വഴിയാണ്. വീണ്ടും ഞാന്‍ നിങ്ങളുടെ സഹായം തേടുകയാണ്. ഞങ്ങളുടെ മനോവിഷമവും നന്നായി പഠിക്കാനുള്ള ഉപദേശവുമൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇന്ന് തന്നെ ഷഹീറിന് ഒരെഴുത്തയക്കണം. ഇന്‍ശാ അല്ലാഹ്.
പിന്നെ നിങ്ങളയച്ച കത്ത് എത്ര തവണ വായിച്ചുവെന്നറിഞ്ഞുകൂടാ. വായിക്കുമ്പോള്‍ ആവര്‍ത്തനം, വിരസത അനുഭവപ്പെടാറില്ല. മറിച്ച് മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം ലഭിക്കുന്നു. രോഗികള്‍ – അല്ലാഹുവിന്റെ പരീക്ഷണത്തിന് വിധേയരായവര്‍, ഇവരൊക്കെ വായിച്ചു പറയുന്നു, വായിക്കുമ്പോള്‍ മനസ്സിലെ വേദനകള്‍ ഉരുകിപ്പോകുന്നു എന്ന്. ഇത് പ്രശംസാവാക്കുകളല്ല. എന്നെയും ഭാര്യയെയും പോലെ വായിച്ച പലരും അനുഭവിച്ചറിഞ്ഞ സത്യമാണ്. രോഗികളുമായി അടുത്ത ബന്ധമുള്ള ഒരു നല്ല മനസ്സിനേ ഇങ്ങനെ എഴുതാന്‍ കഴിയൂ, കണ്ണീരൊപ്പാന്‍ കഴിയൂ. ഭാര്യ എപ്പോഴും പറയും തളര്‍ന്ന മനസ്സുകള്‍ക്ക് മരുന്നായാണ് ഞാന്‍ നിങ്ങളുടെ എഴുത്തുകള്‍ കൊടുക്കാറുള്ളതെന്ന്. ഭര്‍ത്താവ് മരണപ്പെട്ട, മൂന്നു കുട്ടികളുള്ള യുവതി (ജ്യേഷ്ഠന്റെ ഭാര്യയുടെ അനുജത്തി) ഒരാഴ്ച മുമ്പ് എന്നെക്കാണാന്‍ വന്നു. കൂടെ അവരുടെ ഉമ്മയുണ്ട്. ഘനീഭവിച്ച മുഖവുമായി അവരെന്റെ മുമ്പില്‍ ഇരുന്നു. കൈകാലുകളെ സ്വന്തം ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നിട്ടും തളരാത്ത എന്റെ മനസ്സ് അവര്‍ക്ക് ആശ്വാസം പകര്‍ന്നു. ഇത്തരം മഹാപരീക്ഷണത്തിലകപ്പെട്ട നിരവധി പേരുടെ അവസ്ഥ വിവരിച്ചുകൊടുത്തു. തിരികെ പോകുമ്പോള്‍ നിങ്ങളെഴുതിയ രണ്ടു സുദീര്‍ഘ എഴുത്തുകളും കൊടുത്തു. ജീവിതക്കപ്പല്‍ ദുനിയാവിലൂടെ ഓടിക്കുമ്പോഴാണ് മനുഷ്യന്‍ നിരാശനാകുന്നത്, പരലോകവുമായി ബന്ധിപ്പിക്കുമ്പോഴേ മനസ്സ് ശാന്തമാകൂ, ദൈവികസ്മരണയിലൂടെ മാത്രമേ സമാധാനം ലഭിക്കൂ തുടങ്ങിയ വാക്കുകള്‍ ഏതു മുറിവേറ്റ ഹൃദയങ്ങള്‍ക്കും ആശ്വാസമേകും. കത്തു വായിച്ച നിരവധിയാളുകളുടെ ആശ്വാസവാക്കുകള്‍ എഴുതാന്‍ ആഗ്രഹമുണ്ട്. ശാരീരികാസ്വാസ്ഥ്യം കാരണം കത്തു ചുരുക്കുകയാണ്.
ഇനിയും സുദീര്‍ഘമായി എഴുതുക. വൈകല്യ മഹാദുരിതങ്ങളുടെ കണ്ണുനീര്‍ക്കടലില്‍ കരകാണാതലയുന്ന ഒരു ദുരന്ത മനുഷ്യന് ആശ്വാസത്തിന്റെ തെളിനീര്‍ ലഭിക്കന്നത് അങ്ങയുടെ എഴുത്തുകളിലൂടെയാണ്.
ഇന്നത്തെ നിലയില്‍നിന്ന് കൂടുതല്‍ സൗകര്യപ്രദമായ നിലയിലേക്ക് സൗകര്യം ചെയ്തുതരുവാന്‍ അല്ലാഹുവിനോട് എപ്പോഴും ദുആ ചെയ്യണം. രോഗം ഭേദമാകില്ല, പഴയ ജീവിതം ഒരിക്കലും തിരിച്ചുകിട്ടില്ല എന്ന സത്യം മനസ്സിലാക്കിയാല്‍ രോഗികള്‍ പ്രാര്‍ത്ഥിക്കേണ്ടത് ഈ വിധമാണ്. ഈ രൂപത്തില്‍ സ്വയം പ്രാര്‍ത്ഥിക്കുകയും എല്ലാവരോടും പ്രാര്‍ത്ഥിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തപ്പോള്‍ എന്നില്‍ ഞാന്‍ വിചാരിക്കാത്ത മാറ്റമുണ്ടായി. അതില്‍ ഒന്ന് ഓരോ കാലും പതുക്കെ പതുക്കെ ബെഡ്ഡില്‍ താഴെയിട്ട് കൈകുത്തി ബാലന്‍സ് ചെയ്ത് ഇരിക്കാം എന്നതാണ്. ഈ ഇരുത്തത്തില്‍ ആര്‍ക്കും തോന്നില്ല, കഴുത്തിന് കീഴെ പൂര്‍ണമായും തളര്‍ന്ന മനുഷ്യനാണ് ഞാനെന്ന്.
No comments yet.