
നിസ്സഹായരായവരുടെ ദീനക്കിടക്കയില്‍
പ്രിയപ്പെട്ട ഉമ്മര്‍ക്ക,
എന്റെ കിടക്കയ്ക്ക് വയസ്സ് പതിനൊന്നിനോടടുക്കുകയാണ്. കിടക്കയില്‍ കമഴ്ന്നു കിടന്ന് തുറന്നിട്ട രണ്ടു ജാലകപ്പാളികള്‍ക്കിടയിലൂടെ നോക്കുന്നതാണ് എന്റെ ലോകം. ഈ ഇടുങ്ങിയ മുറിയില്‍ കിടന്ന് പലതും ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ചലമനറ്റ പത്തു കൈവിരലുകളിലും നോക്കി നെടുവീര്‍പ്പിടുന്നു. കൊതുകും ഉറുമ്പുമൊക്കെ ശരീരം തിന്നുമ്പോള്‍ അവയെ തട്ടിമാറ്റാനാവാത്ത കൈവിരലുകള്‍! ആരോഗ്യമുള്ളവര്‍ ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണിത്. തള്ളവിരല്‍ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു ഗ്ലാസ് വെള്ളം പോലും ആര്‍ക്കും ഉയര്‍ത്തി ചുണ്ടോടടുപ്പിക്കാന്‍ കഴിയില്ല. മനുഷ്യന് സ്വന്തം ശരീരാവയവങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി, കാരുണ്യവാനായ റബ്ബിനെ സദാ സ്മരിക്കുവാനും നന്ദി പ്രകാശിപ്പിക്കുവാനും. അപൂര്‍വം ആളുകളേ ചിന്തിക്കുന്നുള്ളൂ, നിസ്സഹായതയുടെ ദീനക്കിടക്കയില്‍ ജീവിതം കഴിച്ചുകൂട്ടേണ്ടി വരുന്ന (ശൈശവവും യുവത്വവും വാര്‍ധക്യവും) എന്നെപ്പോലുള്ള സ്പൈനല്കോര്ഡിന് ക്ഷതം പറ്റിയവരുടെ ദുഃഖപരിതാവസ്ഥയെപ്പറ്റി.
സൗദിയിലും ദുബായിലും വച്ചുണ്ടായ റോഡപകടത്തില്‍പ്പെട്ട് Paraplegic ഉം Quadriplegia യുമുണ്ടായ മലപ്പുറത്തെ രണ്ടു സഹോദരന്മാര്‍കൂടി എന്റെ മനസ്സിലേക്ക് കടന്നുവന്നിട്ടുണ്ട്. പരസ്യബോര്‍ഡ് തലയില്വീണും വാഹനാപകടത്തില്പ്പെട്ടുമാണ് രണ്ടുപേര്‍ക്കും സ്പൈനല്കോര്ഡിന് ക്ഷതമേറ്റത്. കെട്ടിക്കാറായ മക്കളുള്ള രണ്ടുപേരും ശരീരംപോലെ മനസ്സും തളര്‍ന്നവരാണ്. ദുബായില്‍വച്ച് ഓര്‍ക്കാപ്പുറത്തുണ്ടായ (പിന്നില്‍നിന്ന് സ്വര്ണബിസിനസ്സില്പ്പെട്ട ആരോ ഒറ്റുകാര്‍ ചതിച്ചതാണെന്നും പറയുന്നു) അപകടം. ഹൈലക്ഷ്വറി ബിസിനസ്സ് നടത്തിയ അദ്ദേഹം ഈ കടുത്ത പരീക്ഷണവുമായി പൊരുത്തപ്പെട്ടു ജീവിച്ചുപോകുവാന്‍ പാടുപെടുകയാണ്.
പരിശുദ്ധ ക്വുര്‍ആന്‍ സഹയാത്രികനായി കൊണ്ടുനടക്കലല്ലാതെ വേറൊരു രക്ഷയുമില്ല. സ്പൈനല്‍കോര്‍ഡ് രോഗികള്‍ക്ക്, വെള്ളം ഭക്ഷണം എന്നിവയൊന്നും വേണ്ടപ്പോള്‍ കഴിക്കാനാവാതെ എന്തിനും ഏതിനും പരസഹായം പ്രതീക്ഷിച്ചുകൊണ്ടുള്ള ഈ കിടത്തം ആര്‍ക്കും കൊടുക്കരുതേ എന്നാണ് എന്റെ ഇപ്പോഴുള്ള പ്രാര്‍ത്ഥന.
മകളുടെ ഓപ്പറേഷന് ശേഷം ചെവിപ്പഴുപ്പുണ്ടായി. വീണ്ടും പലതവണ കാണിച്ച് ശക്തമായ ആന്റിബയോട്ടിക് കഴിക്കുന്നു. അവള് ഇത്തവണ തോറ്റു. കടുത്ത വാശിയും ജോലി ചെയ്യാനും പഠിക്കാനുമുള്ള മടിയും അവളില്‍ കാണുമ്പോള്‍ ഭാര്യക്ക് ദേഷ്യവും മാനസികമായ തളര്‍ച്ചയും സദാ അനുഭവപ്പെടുന്നു. പ്രത്യേകം ദുആ ചെയ്യുക.
വായനയും എഴുത്തുമൊന്നും പഴയപോലെ നടക്കുന്നില്ല. നിങ്ങളൊഴികെ ആരില്‍നിന്നും പ്രോത്സാഹനം കാണുന്നില്ല. ഉറക്കമില്ലായ്മ മൂലമുള്ള കടുത്ത ക്ഷീണം കൊണ്ട് ഒന്നും ചെയ്യാന്‍ മനസ്സു വരുന്നില്ല. കൂടുതല്‍ ആത്മവിശ്വാസത്തിനും മനക്കരുത്തിനുമായി ദുആ ചെയ്യുക.
ബാപ്പയോടും ഉമ്മയോടും അമ്മോശനോടും വീട്ടിലെല്ലാവരോടും സ്നേഹാന്വേഷണവും സലാമും അറിയിക്കുക. എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനും പറയുക.
ഇവന്റെ ഇഷ്ടവും സ്വര്‍ഗവും ലഭിക്കുന്നവരുടെ കൂട്ടത്തില്‍ നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.
No comments yet.