വിശ്വാസമാണെനിക്ക് തുണ ! -11

//വിശ്വാസമാണെനിക്ക് തുണ ! -11
//വിശ്വാസമാണെനിക്ക് തുണ ! -11
കൗൺസിലിംഗ്

വിശ്വാസമാണെനിക്ക് തുണ ! -11

Print Now
നിഴല്‍പോലെ അവള്‍

പ്രിയപ്പെട്ട ഉമ്മര്‍ക്കാ,

പടച്ചവന്റെ അനുഗ്രഹം എല്ലായ്‌പ്പോഴും ഉണ്ടായിരിക്കട്ടെ. നിങ്ങളുടെ ഓരോ എഴുത്തും You are note alone എന്ന് ഓര്‍മപ്പെടുത്തുന്നു. എന്തിനും ഏതിനും പരസഹായം വേണ്ടുന്ന ഈ ദുഃഖദുരിതാവസ്ഥയിലും പടച്ചതമ്പുരാന് നന്ദി പറയാനും സമദുഃഖമനുഭവിക്കുന്ന ശയ്യാവലംബികളായ സ്‌പൈനല്‍കോഡ് രോഗികള്‍ക്ക് സാന്ത്വനമേകാനും രണ്ടു കൈയും കാലും കണ്ണും മൂക്കും വായും പിന്നെ സമ്പത്തുമൊക്കെയുണ്ടായിട്ടും തൃപ്തിവരാത്ത നല്ല നട്ടെല്ലുള്ളവര്‍ക്ക് അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമായ ആരോഗ്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുവാനും പുഞ്ചിരിയോടെ സന്ദര്‍ശകരെ അഭിമുഖീകരിക്കുവാനും ഭാര്യയെയും പറക്കമുറ്റാത്ത മക്കളെയും മുന്നോട്ടു നയിക്കുവാനും കുടുംബത്തിലെ തീരാത്ത പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ച് പരിഹരിക്കുവാനും വ്യാപാരത്തിലിറങ്ങുവാനും പരീക്ഷണത്തിലകപ്പെട്ട് അന്ധവിശ്വാസത്തിലകപ്പെട്ട അനേകരെ – പ്രത്യേകിച്ചും സ്ത്രീകള്‍ – നന്മയും തിന്മയും റബ്ബില്‍നിന്നും വരുന്നതാണെന്നും അപ്പോഴൊക്കെയും മൊയ്‌ല്യാർമാരുടെയും സ്വാമിമാരുടെയും അടുത്തുപോകാതെ പടച്ചോനോട് മാത്രം സഹായം തേടാന്‍ ഉപദേശിക്കാനുമൊക്കെ കഴിഞ്ഞത് ഫയലില്‍ ഒരു നിധിപോലെ സൂക്ഷിച്ചിരുന്ന നിങ്ങളുടെ കത്തുകള്‍ കാരണമാണ്. അല്‍ഹംദുലില്ലാഹ്.

നന്മതിന്മകള്‍ നാവില്‍നിന്ന് വരുന്നതാണെന്നും അപ്പോഴൊക്കെ സഹായം തേടേണ്ടത് ഉറക്കമോ മയക്കമോ ഇല്ലാത്ത ഏകനായ അവനോട് മാത്രമായിരിക്കണമെന്നും പഠിപ്പിക്കേണ്ട പണ്ഡിതന്‍മാര്‍ പാമരന്‍മാരായ ജനങ്ങളെ -പ്രത്യേകിച്ചും സ്ത്രീകളെ- വഴിതെറ്റിക്കുകയാണ് ചെയ്യുന്നത്. ഈ സംഭവം ശ്രദ്ധിക്കുക.

എന്റെ ബാപ്പയുടെ ജ്യേഷ്ഠന്റെ മകളുടെ മകള്‍ എസ്.എസ്.എല്‍.സിയും പ്ലസ്ടുവും ഏറ്റവും ഉന്നതനിലയില്‍ പാസായി. ബാപ്പ കുഞ്ഞുന്നാളിലെ മരണപ്പെട്ടിട്ടും പഠിക്കാന്‍ പ്രോത്സാഹിപ്പിക്കാന്‍ ആരുമില്ലാഞ്ഞിട്ടും വളരെ കഷ്ടപ്പെട്ടാണ് 18കാരിയായ ശബ്‌ന എന്ന ഈ കുട്ടി ഉന്നതവിജയം കൈവരിച്ചത്. മെഡിക്കല്‍ എന്‍ട്രന്‍സിനുവേണ്ടി പി.സിയുടെ അടുത്തുപോകാന്‍ തയ്യാറെടുപ്പും നടത്തിയിരുന്നു. പഠിപ്പിക്കാന്‍ റസാക്ക് സഹായവും നല്‍കാറുണ്ടായിരുന്നു. ആറുമാസം മുമ്പ് ശബ്‌ന അലക്കാന്‍വേണ്ടി അവളുടെ വീടിനുമുമ്പിലെ വീട്ടില്‍പോയി. അതിനുശേഷം അവള്‍ക്ക് പൊട്ടിരോഗം പിടിപെട്ടു. മാറുകയില്ല എന്ന ഭയത്താല്‍ അവള്‍ മാനസികമായി തളര്‍ന്നു. ‘ഞാന്‍ ഭഗവതിയാണ്, വിളക്ക് വെക്കണം, ഓണത്തിന് പൂവിടണം’ എന്നൊക്കെ അവള്‍ വിളിച്ചുപറയാന്‍ തുടങ്ങി. അന്ധവിശ്വാസവും അനാചാരമുള്ള മണിയൂര്‍ പ്രദേശത്ത് മുജാഹിദ്-ജമാഅത്ത് പ്രവര്‍ത്തകര്‍ വളരെ വിരളമാണ്. ഉടനെതന്നെ വീട്ടുകാര്‍ മൊയ്‌ല്യാരുടെ അടുത്തേക്കു കൊണ്ടുപോയി. മൊയ്‌ല്യാരുടെ ‘വിദഗ്ധ പരിശോധന’യില്‍ ഇതാരോ എന്തോ ചെയ്തതാണെന്നും ‘ഭഗവതി’ എന്നൊക്കെ പറയുന്നതുകൊണ്ട് ഹിന്ദു മന്ത്രവാദികളെക്കൊണ്ട് ബാധ ഒഴിപ്പിക്കണമെന്നും മൊയ്‌ല്യാര്‍ ഉപദേശിച്ചു. (പലതവണ മൊയ്‌ല്യാരെ കാണിച്ചു. നല്ല ഒരു സംഖ്യ ചെലവായി. മാറാതായപ്പോഴാണ് ഈ ‘സിദ്ധ’ന്റെ അന്തിമോപദേശം.) ശബ്‌നയുടെ മാനസികനില ഗുരുതരമായപ്പോഴാണ് ഞാന്‍ വിവരമറിയുന്നത്. ഉടനെതന്നെ ഞാന്‍ സുഹൃത്ത് ഡോ. കുഞ്ഞാവുട്ടിയെ വിളിച്ച് ഡോ. കുഞ്ഞിക്കോയാമുവിന്റെ (സൈക്യാട്രിസ്റ്റ്) അപ്പോയിന്റ്‌മെന്റ് വാങ്ങിച്ചു. ഉമ്മയോടൊപ്പം ഡോക്ടറെ കാണിച്ചു. ഇപ്പോള്‍ സുഖമുണ്ട്. നിങ്ങളെനിക്ക് എഴുതിയ മുഴുവന്‍ കത്തുകളുമടങ്ങിയ ഫയല്‍ ശബ്‌നയ്ക്കു വായിക്കാന്‍ കൊടുത്തയച്ചിരിക്കുകയാണ്. അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.

അന്ധവിശ്വാസവും അനാചാരവും ധൂര്‍ത്തും മുസ്‌ലിം സമുദായത്തില്‍ കൂടിക്കൊണ്ടിരിക്കുന്നു. ഇത് ഉണര്‍ത്തേണ്ടവര്‍ ഉറങ്ങുകയാണ്. നബി (സ) പഠിപ്പിച്ച കാരുണ്യവും സ്‌നേഹവും നമ്മില്‍നിന്ന് അകന്നു പോയിക്കൊണ്ടിരിക്കുന്നു. ഇതരസമുദായങ്ങള്‍ ഇക്കാര്യത്തില്‍ നമ്മെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. റോഡിലൂടെ നടന്നുപോകുന്ന അമുസ്‌ലിം സഹോദരന്‍മാര്‍ ഭയഭക്തിയോടെ എന്നെ നോക്കിക്കാണുന്നു. എനിക്ക് വീല്‍ചെയറില്‍ ഇരിക്കുവാനും കുളിപ്പിക്കുന്ന കസേരയില്‍ ഇരുത്താനും എന്തിന്, യൂറിന്‍ ബോട്ടില്‍ വച്ചുതരാന്‍ പോലും മടികാണിക്കാത്ത അമുസ്‌ലിം സഹോദരന്‍മാര്‍ അത്ഭുതപ്പെടുത്തുന്നു. എന്റെ കൈയും കാലും ചലനസ്വാതന്ത്ര്യവും മനസ്സിന്റെ സന്തോഷവും എല്ലാമെല്ലമായ സഹധര്‍മിണി പറയുന്നു: “നമസ്‌കാരവും നോമ്പും അല്ലാതെ ദാനധര്‍മാദികളും മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗവും സഹിക്കാന്‍ ആരും മിനക്കെടുന്നില്ല.”

ഈ നിസ്സഹായാവസ്ഥയിലും റബ്ബിന്റെ അനുഗ്രഹങ്ങള്‍ ഒരുപാട് ലഭിക്കുന്നു. ഒരുപാട് പേരെ ആശ്വസിപ്പിക്കാന്‍ കഴിയുന്നു. ഒരു ദിവസം സ്റ്റാന്‍ഡിങ് ഫ്രെയിമില്‍ എന്നെ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഞാന്‍ വാടകയ്ക്ക് കൊടുത്ത വീട്ടിലെ സ്ത്രീ – എന്റെ വൈഫിന്റെ പ്രായം വരും – വാടകയും കൊണ്ട് അവരുടെ നാലില്‍ പഠിക്കുന്ന മകനെയും കൂട്ടി വന്നതായിരുന്നു. അവരുടെ മൂത്തമകന്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഹൃദയവാല്‍വിനു തകരാറ് സംഭവിച്ച് ഈയിടെ മരണപ്പെട്ടു. ആ ആഘാതം അവരുടെ സംസാരത്തില്‍ എപ്പോഴും തങ്ങി നില്‍ക്കുന്നു. മരണപ്പെട്ട മകനെയോര്‍ത്ത് സങ്കടപ്പെടുന്ന അവരെ ഞാനും വൈഫും ചേര്‍ന്ന് ആശ്വസിപ്പിച്ചു. സ്റ്റാന്‍ഡിങ് ഫ്രെയിമില്‍നിന്ന് കെട്ടഴിച്ച് വൈഫ് എന്നെ വീല്‍ചെയറിലിരുത്തി. വീല്‍ചെയറിനു പിറകില്‍ സ്റ്റൂളില്‍ കയറിനിന്ന് വൈഫ് എന്നെ ശരിയായ പൊസിഷനിലിരുത്തി. കാലുകള്‍ രണ്ടും വീല്‍ചെയറിലെ ഫുട്‌സ്ട്രിപ്‌സില്‍ വച്ചു. അവര്‍ക്കഭിമുഖമായി വൈഫ് വീല്‍ചെയര്‍ തള്ളിവച്ചു. മരണപ്പെട്ട മകനെക്കുറിച്ചുള്ള ദുഃഖം എന്റെ അവശതയും ഭാര്യയുടെ കഷ്ടപ്പാടും കണ്ടപ്പോള്‍ ഒന്നുമല്ലാത്തതുപോലെ അവരില്‍ തെളിഞ്ഞു.

ദാമ്പത്യജീവിതം വെറും ശാരീരികബന്ധമാണ് ഇന്നത്തെ ലോകത്ത്, ഇവിടെയാണ് 21 വര്‍ഷം പിന്നിടുന്ന ഞങ്ങളുടെ ജീവിതം വ്യത്യസ്തമാകുന്നത്. കുട്ടികളുടെ കൈയും പിടിച്ച് നടന്നുപോകുന്ന ദമ്പതിമാര്‍ അത്ഭുതത്തോടെയാണ് എന്നെയും എനിക്ക് ചുറ്റും കറങ്ങിനടക്കുന്ന ഭാര്യയെയും നോക്കിക്കാണുന്നത്. ഈ അവസ്ഥയിലും ചിരിച്ചും കരഞ്ഞും റബ്ബിനെ സ്തുതിക്കുന്നു. “റബ്ബേ, ഇതുവരെ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇനിയും എന്നെ കാക്കണേ!”

28-ാമത്തെ വയസ്സില്‍, ഭര്‍ത്താവുണ്ടായിട്ടും വിധവയെപ്പോലെ ജീവിച്ച് വര്‍ഷം പിന്നിട്ടപ്പോള്‍ നിഴല്‍പോലെ കൂടെ നില്‍ക്കുന്ന എന്റെ ഭാര്യ പ്രാര്‍ത്ഥിക്കുകയാണ്. വിവാഹത്തിനോ മറ്റ് ആഘോഷപരിപാടിക്കോ അവള്‍ പങ്കെടുക്കാറില്ല. എന്നെ ശുശ്രൂഷിച്ച് ഭക്ഷണം തന്ന് സായൂജ്യമടയുന്നു. ഇതെല്ലാം എനിക്കു ചെയ്തുതരുന്നു. നാഥനെ ഞാന്‍ സദാ സ്മരിക്കുകയാണ്.

ഭാര്യയുമൊരുമിച്ച് ഉംറ നിര്‍വഹിക്കുവാന്‍ ആഗ്രഹിക്കുന്നു. റസാഖ് (അമ്മാവന്റെ മകന്‍) അതിനുവേണ്ടതെല്ലാം ചെയ്തുതരാമെന്ന് പറഞ്ഞിട്ടുണ്ട്. അതിനുവേണ്ടി മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഞാന്‍. ഇപ്പോള്‍ ഉംറയ്ക്കുവേണ്ടി എന്തെല്ലാമാണ് പഠിക്കേണ്ടത്? പോകാന്‍ പറ്റിയ നല്ല കാലാവസ്ഥ സൗദിയില്‍ എപ്പോള്‍? ഇതിനെക്കുറിച്ചെല്ലാം നേരില്‍ സംസാരിക്കാന്‍ അടുത്ത ദിവസം വരുന്നുണ്ട്. നടുവൊടിഞ്ഞ ഒരു മനുഷ്യന് ഉംറ നിര്‍വഹിക്കാനാവുമോ? ആരും ചോദിച്ചുപോവും. ആകുമെന്ന് എന്റെ മനസ്സ് പറയുന്നു. വിശുദ്ധ ക്വുര്‍ആനിന്റെ പാതയിലേക്ക് എന്നെ കൈപിടിച്ചു നടത്തിച്ച നിങ്ങളോടാണ് ഇക്കാര്യം ആദ്യമായി പറയുന്നത്. നിങ്ങള്‍ തീരുമാനിക്കുക – ഞാനതിന് ഒരുങ്ങണോ?

നമ്മുടെ എല്ലാ നല്ല ഉദ്ദേശ്യങ്ങളും നിറവേറ്റിത്തരട്ടെ.

പഴയപോലെ എഴുത്തുകള്‍ നന്നാവുന്നില്ല. വായിക്കാന്‍ പ്രയാസം കാണും.

No comments yet.

Leave a comment

Your email address will not be published.