
സഹിക്കുന്നതിന്റെ പ്രതിഫലം
പ്രിയപ്പെട്ട ഉമ്മര്‍ക്കാ,
ഇന്ന് എന്റെ കിടക്കയ്ക്ക് ഒന്‍പത് വയസ്സ് തികയുകയാണ്. കഴുത്തിനുകീഴെ മരിച്ച ശരീരവുമായി ഒന്‍പത് വര്‍ഷങ്ങള്‍!! പടച്ചതമ്പുരാന്റെ തീഷ്ണമായ പരീക്ഷണത്തിന്റെ ഒന്‍പതാം വര്‍ഷം. എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ അതിതീക്ഷ്ണമായ മറ്റൊരു പരീക്ഷണം ഈയിടെ ഉണ്ടായി.
ഉറുമ്പ് കേവലം ചെറുജീവിയാണ്. ഒരു Quadriplegia c6 complete (നട്ടെല്ലിന്റെ കശേരു ഒടിഞ്ഞ് കഴുത്തിന് കീഴെ മരിച്ച രോഗി) പേഷ്യന്റായ എന്നെ സംബന്ധിച്ചിടത്തോളം ഉറുമ്പ് ഭീകരജീവിയാണ്. അന്ന് രാവിലെ പത്തുമണിക്ക് യൂറിന്ബോട്ടില്വെച്ച് മലര്‍ന്നു കിടക്കുകയായിരുന്നു. മലര്‍ന്നു കിടക്കുമ്പോള്‍ ചിന്തകള്‍ കാടുകയറും. ഈ കിടത്തത്തില്‍ വായിക്കുവാനോ എഴുതുവാനോ റോഡിലൂടെ നടന്നുപോകുന്നവരെ കാണുവാനോ സാധിക്കില്ല. മാത്രവുമല്ല bedsore വരാന്‍ സാധ്യത വളരെയേറെയും. ചിന്തകള്‍ വട്ടമിട്ടു പറക്കുമ്പോഴാണ് ICC ചെയ്യാന്‍ ഭാര്യ വരുന്നത്. മുണ്ട് നീക്കി ICC ചെയ്യാന്‍ വേണ്ടി യൂറിന്‍ ബോട്ടില്‍ എടുത്തതും ഭാര്യയുടെ പേടിച്ചുകരയുന്ന കണ്ണുകളെയാണ് എനിക്കു കാണുവാന്‍ കഴിഞ്ഞത്. വൃഷ്ണവും മലദ്വാരവും ആയിരക്കണക്കിനു ഉറുമ്പുകള്‍ കാര്‍ന്നുതിന്നുന്നു. ഭാര്യ ഭയത്തോടെ ഉടനെത്തന്നെ ഉറുമ്പുകളെയെല്ലാം തട്ടിമാറ്റി. ഡെറ്റോള്‍ സോപ്പുപയോഗിച്ച് ആ ഭാഗം മുഴുവനും തുടച്ചുവൃത്തിയാക്കി. ഒരഞ്ചുമിനുറ്റുകൂടി ഭാര്യയെത്താന്‍ വൈകിയിരുന്നുവെങ്കില്‍ വൃഷ്ണസഞ്ചിയും മലദ്വാരവും ഉറുമ്പുകള്‍ തിന്നു തീര്‍ന്നുപോകുമായിരുന്നു!.
നാലുവര്‍ഷം മുമ്പ് ഇരുപാദങ്ങളും ഉറുമ്പുകള്‍ തിന്നിരുന്നു. അതിനുശേഷം ഇരുപാദങ്ങളും ഉയരമുള്ള തലയണയ്ക്കു മുകളില്‍ ഉയര്‍ത്തിവയ്ക്കുകയും ഇടയ്ക്കിടെ നോക്കുകയും ഭാര്യ പതിവാക്കി. പക്ഷേ, ഇപ്പോള്‍ ഞാനകപ്പെട്ടിരിക്കുന്നത് അതിതീക്ഷ്ണമായ പരിശ്രമത്തിലാണ്. ഇടയ്ക്കിടെ വന്ന് ഉറുമ്പുകള്‍ മലദ്വാരവും വൃഷണവും തിന്നുന്നുണ്ടോ എന്ന് ജോലിത്തിരക്കിനിടയിലും ഭാര്യക്ക് നോക്കേണ്ട ഗതികേട്.
കൈയും കാലും മൂക്കും വായും ചിന്താശേഷിയുമൊക്കയുള്ള ഒരു മനുഷ്യന് കൂറ, ഉറുമ്പ് എന്നിവയെയൊക്കെ പേടിച്ച് ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടിവരുക! മഹാപ്രഭാവവാനായ തമ്പുരാനേ, ഇത്തരം മഹാപരീക്ഷണം ഒരടിയാനും നീ കൊടുക്കരുതേ.
ഒരു Quadriplegia high level പേഷ്യന്റിന് പെരിങ്ങത്തൂരിലെ പേഷ്യന്റിനെപ്പോലെ വാട്ടര്ബെഡ്ഡില് പ്രത്യേകം പണികഴിപ്പിച്ച എയര്‍ കണ്ടീഷന്‍ മുറിയില്‍ കിടക്കുക എന്നതാണ് bedsore. ഈ മാതിരിയിയുള്ള അപകടങ്ങളില്‍ നിന്നുമെല്ലാമുള്ള രക്ഷയ്ക്കുള്ള മാര്‍ഗം സ്വയം ഉരുകുമ്പോഴും മറ്റുള്ളവര്‍ക്കു വെളിച്ചമേകുകയാണ്. അല്ലാഹു ഏല്‍പ്പിച്ച ഈ ദൗത്യം സാക്ഷാത്കരിക്കണമെങ്കിൽ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിച്ചേ പറ്റൂ. സ്രഷ്ടാവിന് ആവശ്യമുള്ള കാലത്തോളം സൃഷ്ടികള്‍ ജീവിച്ചിരിക്കണം. ആരൊക്കെ കൈയൊഴിഞ്ഞാലും പടച്ചതമ്പുരാന് കൈയൊഴിയില്ല എന്ന ഉറച്ചവിശ്വാസം എനിക്കുണ്ട്. പരീക്ഷണങ്ങളിൽ അടിപതറാതെ വായനയില്‍ മുഴുകിയും അശാന്തമനസ്സുകള്ക്ക് ശാന്തിയും കൈവിട്ടുപോയ ആരോഗ്യത്തിന്റെ വെളിച്ചവും ഉണര്‍ത്തി എഴുതിയും അങ്ങനെ ജീവിതത്തിന്റൈ ശേഷിക്കുന്ന ദിനങ്ങള്‍ ധന്യമാക്കാന്‍ പ്രത്യേകം ദുആ ചെയ്യുക. “ആപത്തിന്റെ വേലിയേറ്റം ക്ഷമയെ വല്ലാതെ പരീക്ഷിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതൽ കൂടുതൽ സര്‍വശക്തനായ തമ്പുരാനോട് അടുക്കുക” (29.9. 01). നിങ്ങളെഴുതിയ കത്തിലെ വരികളാണ് മുഴുവന്‍ എഴുതിയത്. കമഴ്ന്നു കിടന്ന് മനസ്സില്‍ മടുപ്പു തോന്നുമ്പോഴും ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിക്കുമ്പോഴും നിങ്ങളുടെ കത്തുകള്‍ അടങ്ങിയ ഫയല്‍, സമദുഃഖമനുഭവിക്കുന്നവരുടെയും ആരോഗ്യമുള്ളവരുടെയും, അവരെ ദൈവഭക്തിയുള്ളവരാക്കി എന്നറിയിക്കുന്ന കത്തുകള്‍ സമീപം തന്നെയുണ്ടാകും.
നിരന്തരം കത്തുകളയച്ചിട്ടും ഫോണ്‍ ചെയ്തിട്ടും മറുപടിയോ ഫോണ്‍ ചെയ്യാന്‍ സന്മനസ്സോ കാണിക്കാത്ത ബഷീര്‍ ഇപ്പോള്‍ എനിക്ക് നിരന്തരം ഫോണ്‍ ചെയ്യുന്നു. ശബ്ദത്തില്‍ മുമ്പെങ്ങുമില്ലാത്ത പതര്‍ച്ചയുടെയും ദൈന്യതയുടെയും സ്വരം മുഴങ്ങുന്നു. ഭാര്യ അസുഖം മൂലം കിടപ്പിലാണെന്നും (നിര്‍ത്താതെയുള്ള അവരുടെ ചുമ ഫോണിലൂടെ കേള്‍ക്കാം) സഹായത്തിനായി ഒരു സഹായിയെ ജോലിക്കായി അയച്ചുകൊടുക്കണമെന്നും പറയുന്നു. സഹായത്തിനായി ഉമ്മയെയോ സഹോദരിയെയോ തല്‍ക്കാലത്തേക്ക് (ഞാന്‍ പെണ്‍കുട്ടിയെ അയക്കുന്നതുവരെ) വിളിക്കരുതോ? -ഞാന്‍ ചോദിച്ചു. “ആ കാര്യം വിട്, നമുക്ക് വേറെ വല്ല കാര്യവും സംസാരിക്കാം.” -ബഷീറിന്റെ വാശി ആരോടാണ്? ഞാനും അദ്ദേഹവും പറയുന്നത് ഞങ്ങളുടെ കൈകാലുകള്‍ വരെ അനുസരിക്കുന്നില്ല. പിന്നെയാണോ മറ്റുള്ളവര്‍. അദ്ദേഹത്തിന്റെയല്ലാതെ, കിടക്കാന്‍ ഒരു കൂര പോലുമില്ലാത്ത, ബാപ്പയുടെ മുഖം പോലും കാണാത്ത (ഉമ്മ ഗര്‍ഭിണിയായിരിക്കെ ബാപ്പ നാടുവിട്ടതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും തിരിച്ചുവന്നിട്ടില്ല), നട്ടെല്ലൊടിഞ്ഞ ഹാരിസ് പേരാമ്പ്രയെപ്പോലുള്ളവരെ കണ്ടെങ്കിലേ മനസ്സില്‍ ശാന്തി ഉയരൂ. ദേഷ്യവും വാശിയും വെടിഞ്ഞ് അവിവേകികളോട് വിവേകത്തോടെ പെരുമാറുക എന്ന നബി(സ)യടെ ചര്യയിലെത്തിച്ചേരൂ.
സമയം വൈകുന്നേരം 4.30 വീടിന്റെ മുന്നിലെ വരാന്തയില്‍ വീല്‍ച്ചെയറില്‍ ഇരിക്കുകയായിരുന്നു ഞാന്‍. കടവ് കടന്ന് റോഡിലൂടെ നടന്നു പോകുന്നവരെ നോക്കിയിരിക്കുമ്പോഴാണ് വീടിന്റെ മുമ്പില്‍ ഒരു ഓട്ടോ വന്നുനിന്നത്. ഒരു യുവാവും ഭാര്യയും മകനും സലാം ചൊല്ലി എനിക്കു സമീപം വന്നിരുന്നു. യുവതി എന്റെ അകന്ന സഹോദരി കൂടിയാണ്. കടവ് കടന്ന് അവളുടെ വീട്ടിലേക്ക് പോകുമ്പോള്‍ എന്റെ വീട്ടിലാണ് കാര്‍ വെക്കുക പതിവ്. മണിയൂരില്‍ പാലം വന്നതുകൊണ്ട് അവരതിലേ പോകുന്നതുകൊണ്ട് ഒരു വര്‍ഷമായി ഞാന്‍ കണ്ടിട്ട്. ഭര്‍ത്താവിന് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ സ്വാഗത് എന്ന പേരില്‍ ഒരു തുണിക്കടയുണ്ട്. രണ്ടു മക്കളും നല്ലൊരു വീടും കാറും. സുഖസമ്പൂര്‍ണമായ ജീവിതം.
കഴിഞ്ഞ വര്‍ഷം മണിയൂരിലുള്ള വീട്ടില്‍, സ്വന്തം തറവാട്ടില്‍ മക്കളുമൊരുമിച്ച് സ്കൂളവധിക്ക് വന്നതായിരുന്നു. വീടിനുസമീപത്തുള്ള തോട്ടില്‍ മക്കള്‍ രണ്ടുപേരും കൂട്ടുകാരോടൊത്ത് കളിക്കുകയായിരുന്നു. നീന്തിക്കളിക്കുന്നതിനിടയില്‍ ഇളയവന് (12 വയസ്സ്) ചെളിയില്‍പൂണ്ട് വെള്ളത്തിനിടയിലായി. സഹോദരനും കൂട്ടുകാരും കരയ്ക്കുകയറി നിലവിളിച്ചു. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി. വെള്ളത്തിലിറങ്ങി കുട്ടിയെ മുങ്ങിത്തപ്പാന്‍ തുടങ്ങി. കൂട്ടത്തില്‍ കുട്ടിയുടെ ഉമ്മയും വെള്ളത്തിലിറങ്ങി. ചങ്കുപൊട്ടുമാറ് മോനേ… മോനേ…. മോനോ….. എന്ന് നെഞ്ചുരുകി, പുന്നാരമകന്‍ വെള്ളത്തിനടിയില്‍നിന്ന് എഴുന്നേറ്റുവരുന്നതുംകാത്ത് അരയ്ക്കു വെള്ളത്തിലിറങ്ങി തിരയാന്‍ തുടങ്ങി. വൈകിപ്പോയി. നല്ല ബുദ്ധിയും പ്രായത്തില്‍ കവിഞ്ഞ മിടുക്കും എല്ലാവര്ക്കും പ്രിയങ്കരനുമായിരുന്ന മോന് അല്ലാഹുവിന്റെ കൈകളിലെത്തിയിരിക്കുന്നു. നാട്ടുകാരിലൊരാള്‍ ആ കുട്ടിയുടെ മയ്യിത്ത് മുങ്ങിയെടുത്തു. നെഞ്ചത്തടിച്ച് മകനെ വിളിച്ചു നിലവിളിക്കുകയും ദൈവകാരുണ്യത്തെയും സ്നേഹത്തെയും തള്ളിപ്പറയുകയും ചെയ്യുന്ന രംഗം ഭാര്യയും പലരും എന്നോടു പറഞ്ഞു. മയ്യത്ത് മറമാടി ഒരാഴ്ച കഴിഞ്ഞിട്ടും മകന്റെ വേര്‍പാടില്‍ നെഞ്ചിലെ തീക്കനല്‍ അണയാതെ രണ്ടുപേരും തകര്‍ന്ന മനസ്സുമായി കഴിയുന്ന അവസ്ഥ പലരും എന്നോടു പറഞ്ഞു. അന്ധവിശ്വാസം കൂടുതലുള്ള പ്രദേശമായിരുന്നു അവരുടേത്.
കഴുത്തിനുകീഴെ ശരീരം മരിച്ച എന്റെ മനസ്സ് ഉണര്‍ന്നു. ഇരുകൈകള്ക്കിടയിലും പേന ഇറുകിപ്പിടിച്ച് പരിശുദ്ധ ക്വുര്‍ആനിലൂടെ സഞ്ചരിച്ചുകൊണ്ട് നാലുപേജ് കത്ത് രണ്ടുപേര്‍ക്കും എഴുതി. കത്ത് എഴുതുവാന്‍ വാക്കുകള്‍ക്കായി നിങ്ങളുടെ കത്തിന്റെ ഫയല്‍ മുമ്പില്‍വച്ചു. 16.10.99ന് നിങ്ങളെനിക്ക് അയച്ച കത്തിലെ വരികള്‍ കടമെടുത്തു. പിന്നിട്ട വര്‍ഷങ്ങളില്‍ മഹാനുഭാവന്റെ കാരുണ്യവും അനുഗ്രഹവും ഈ നിസ്സഹായാവസ്ഥയില്‍ ലഭിച്ചതിനെക്കുറിച്ചും ഒന്നും രണ്ടും പ്രാര്‍ത്ഥനകളും എഴുതിയിരിക്കുന്നു.
മകന്റെ വേര്‍പാടിന്റെ അണയാത്ത തീക്കനലുമായി ഘനീഭവിച്ച മുഖവുമായി എനിക്കുസമീപം രണ്ടുപേരുമിരുന്നു. ഒരുപാടുനേരം ഞങ്ങള്‍ സംസാരിച്ചു. നന്മയും തിന്മയും അല്ലാഹുവിങ്കല്‍ നിന്നാണ്. ചാട്ടുളിപോലെ എന്റെ ഹൃദയത്തില്‍ ആഞ്ഞുതറപ്പിച്ച നിങ്ങളുടെ എഴുത്തിലെ വാക്കുകള്‍ അവരുടെ ഹൃദയത്തിലും ആഞ്ഞുതറച്ചു. എന്റെ കത്ത് നിധിപോലെ അവര്‍ ഇന്നും സൂക്ഷിക്കുന്നു.
ഗള്‍ഫിലുള്ള ബന്ധുവിനയച്ച കത്തുവായിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും ബന്ധുക്കളും എന്നെ തേടി, മനോബലത്തിന്റെ രഹസ്യം തേടി കഴിഞ്ഞയാഴ്ച വന്നിരുന്നു. ഇങ്ങനെ ഓരോരുത്തരും എന്നെത്തേടിയെത്തുമ്പോള് അല്ലാഹു അക്ബര്‍ എന്ന മന്ത്രം മനസ്സില്‍ ഉയരുകയാണ്.
പൂര്‍വാധികം ശക്തിയോടെ വൈകല്യം തടവിലാക്കിയ വിധിക്കെതിരെ പോരാടാനുള്ള മനക്കരത്തും ആത്മവിശ്വാസവും ആരോഗ്യവും പ്രദാനം ചെയ്യുവാന്‍ രണ്ടാളും കുടുംബവും പ്രത്യേകം ദുആ ചെയ്യുക.
ഒന്‍പതാം വര്‍ഷത്തിലും സ്പര്‍ശനശേഷിയും സ്വയം ചലിപ്പിക്കുവാനുള്ള കഴിവും ഇന്നും ആയിട്ടില്ല. പക്ഷേ ഇടതുകൈവിരലിലെ തള്ളവിരല്‍ ഉപയോഗിച്ച് ഒരുപാട് കാര്യങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നു. അല്ലാഹുവിന്റെ മഹാകാരുണ്യത്തിനു മുമ്പില്‍ തള്ളവിരലില്‍ കൊളുത്തുള്ള കപ്പ് തൂക്കി അനായാസം ചൂടുള്ള ചായ, വെള്ളം, മരുന്ന് ഒക്കെ കുടിക്കാം. ഫോണ്‍ ചെയ്യാം, റിസീവര്‍ എടുക്കാം, റേഡിയോ ഓണ്‍ ചെയ്യാം, ചൊറിയാം. 10 വിരലില്‍ ഒരു വിരലെങ്കിലും പ്രയോജനപ്പെടുത്തുവാനും അതുവഴി മഹാപ്രഭാവനായ തമ്പുരാനെ കൂടുതല്‍ സ്മരിക്കുവാനും നന്ദി പ്രകാശിപ്പിക്കുവാനും ഇടയാക്കിയത് എനിക്ക് ലഭിച്ച ഭാഗ്യമായി ഞാന്‍ കാണുന്നു.
ഉമ്മര്‍ക്കാ ഏറെ ക്ഷമിക്കുന്നുണ്ട്, സഹിക്കുന്നുണ്ട്. ഏറെ സഹിക്കുന്നവര്‍ക്കാണ് കൂടുതല്‍ പ്രതിഫലമെന്നറിയാം. ചലനമറ്റ ഇരുകാലുകള്‍ക്കും മധ്യേ ചെമ്പുകമ്പി കയറുന്നതുപോലെ, Rectum stool നിറഞ്ഞ് നാലും അഞ്ചും ദിവസത്തില്‍ ഒരല്പം മാത്രമേ വെളിയിലേക്ക് പോകൂ. അനുഭവിക്കുന്ന അസ്വസ്ഥതകളില്‍ ഏറ്റവും കഠിനം ഇതു രണ്ടുമാണ്. പതിവായി മൂന്നു ദിവസത്തിലൊരിക്കല്‍ Rectum ത്തില്‍ Dulcolax വച്ചിട്ടും മലദ്വാരത്തിലെ Nerves വീക്കായതുമൂലം stool പഴയപോലെ വെളിയിലേക്കു വരുന്നില്ല. തലയിലും കണ്ണിലും അനുഭവപ്പെടുന്ന അസ്വസ്ഥത സഹിക്കുന്നതിലപ്പുറമാണ്.
ബഷീര്‍ അനുഭവിക്കുന്ന ബന്ധുക്കളില്‍ നിന്നുള്ള കയ്പേറിയ അനുഭവങ്ങള്‍ ഞാനും അനുഭവിക്കുന്നു. അപ്പോഴൊക്കെ എനിക്ക് അല്ലാഹു മതി, ഭരമേല്പ്പിക്കാന് ഉത്തമന് അവനാണ് എന്ന സൂക്തം ഉരുവിടും. സമദുഃഖമനുഭവിക്കുന്ന രോഗികളെല്ലാം തന്നെ എനിക്കെഴുതുന്നത് സഹോദരീസഹോദരന്മര്, എന്തിന്, പെറ്റമ്മപോലും മുഖംതിരിഞ്ഞു നില്ക്കുന്നു എന്നാണ്. പരിശുദ്ധ ക്വുര്‍ആനിന്റെ ആഴങ്ങളില്‍ ഊളിയിട്ടിറങ്ങുന്നതുകൊണ്ട് എല്ലാം ക്ഷമിക്കാന്‍ എനിക്ക് കഴിയുന്നു.
എന്റെ സഹധര്‍മിണി അനുഭവിക്കന്ന ത്യാഗം, സഹനം, അധ്വാനം വാക്കുകള്‍ക്കതീതമാണ്.രാവിലെ 5.30ന് ഉണര്‍ന്ന് സുബ്ഹിയോടെ ആരംഭിക്കുന്ന ജോലി നാലു മണിക്കൂര്‍ കൂടുമ്പോള്‍ മൂത്രം എടുക്കുക, അലക്കല്‍, ഭക്ഷണം പാകം ചെയ്യല്‍, ദിവസേനയുള്ള സന്ദര്‍ശകരെ സ്വീകരിക്കല്‍, എല്ലാം അവസാനിച്ച് കിടക്കുമ്പോഴേക്കും രാത്രി 11 മണിയാകും. രാത്രി ഒരു മണിക്ക് എഴുന്നേറ്റ് എന്നെ വശംചേര്ത്തുകിടക്കണം. ഇതിനിടയില്‍ ഒരല്പംപോലും വിശ്രമമില്ല. ഒരു ദിവസം പോലും! എന്റെ എല്ലാ സന്തോഷവും അവളാണ്. രാത്രി 10 മണിക്ക് യൂറിന്‍ ബാഗിന്റെ കോണ്ഡം penis ൽ കെട്ടി. കാലിനിടയിലും പിന്നിലും തലയ്ക്കും പില്ലോ വെച്ച് അടുത്ത കട്ടിലില്‍ അവളുറങ്ങുമ്പോള്‍ ഞാന്‍ റബ്ബിനോട് വേദനയോടെ ചോദിക്കും. ഇത്ര തീഷ്ണമായ പരീക്ഷണം ഞങ്ങള്‍ക്കു തരരുതായിരുന്നു.
എന്നെയും മൂന്നു മക്കളെയും ചുമലിലേറ്റി ജീവിതവണ്ടി മുന്നോട്ടുവലിക്കുമ്പോള്‍ വഴിയില്‍ അവള് തളര്‍ന്നുവീഴുമോ എന്നു ഞാന്‍ ഭയക്കുന്നു. എല്ലാ പ്രയാസങ്ങളില്‍നിന്നും ഭയത്തില്‍നിന്നും മോചനത്തിനായി ദുആ ചെയ്യുക.
ജ്വല്ലറിയില്‍ തരക്കേടില്ലാത്ത ബിസിനസ്സ് ഉണ്ട്. കച്ചവടത്തിന്റെ പുരോഗതിയ്ക്ക് പ്രാര്‍ത്ഥിക്കുക. ധാരാളം പേര് നേരിട്ടും ഫോണിലൂടെയും പല കാര്യങ്ങള്‍ക്കുമായി ദുആ ചെയ്യാന്‍ ആവശ്യപ്പെട്ട് മിക്ക ദിവസങ്ങളിലും വരുന്നുണ്ട്. ഞാന്‍ ഒറ്റപ്പെട്ടവനല്ല. കുടുംബത്തിനും എല്ലാവര്ക്കും ആവശ്യപ്പെട്ടവനാണെന്ന തോന്നല്‍ ഇതെന്നില്‍ സൃഷ്ടിക്കുന്നു. അല്ലാഹുവിന്റെ പാശം ഇനിയും മുറുകെ പിടിച്ച് പ്രതിന്ധികള്ക്കുമുമ്പില് കാലിടറാതെ ജീവിതത്തോണി മുന്നോട്ടു തുഴയുന്നു. പ്രത്യേകം ദുആ ചെയ്യുക.
എത്ര തിരക്കുണ്ടായാലും ദീര്‍ഘമായി എഴുതാന്‍ മറക്കരുത്. ഭാര്യ, മക്കള്‍, ഉമ്മ, ബാപ്പ, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരോടും സലാം, ദുആ. പരിശുദ്ധ ക്വുര്‍ആനിന്റെ പാതയിലേക്ക് കൈപിടിച്ച് എന്നെ നടത്തിയ നിങ്ങള്‍ക്ക് ഇരുലോകത്തും അല്ലാഹു നന്മ പ്രദാനം ചെയ്യട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്. എഴുതിയ തെറ്റുകള്‍ ക്ഷമിക്കുക.
No comments yet.