വിവാഹപ്രായവും പെണ്ണവകാശങ്ങളും: ഒരു ഇസ്‌ലാമിക വായന

//വിവാഹപ്രായവും പെണ്ണവകാശങ്ങളും: ഒരു ഇസ്‌ലാമിക വായന
//വിവാഹപ്രായവും പെണ്ണവകാശങ്ങളും: ഒരു ഇസ്‌ലാമിക വായന
ആനുകാലികം

വിവാഹപ്രായവും പെണ്ണവകാശങ്ങളും: ഒരു ഇസ്‌ലാമിക വായന

ലൈംഗികതയെ, മനുഷ്യനിലെ പ്രകൃതിപരവും നൈസര്‍ഗികവുമായ സവിശേഷതകളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്‌ലാം. കേവലം ജന്തുസഹജമായ ഒരു തൃഷ്ണ എന്ന നിലയിലോ, വംശവര്‍ധനയ്ക്കുള്ള വെറുമൊരു ഉപാധി എന്ന നിലയിലോ അല്ല ഇസ്‌ലാം മനുഷ്യ ലൈംഗികതയെ കാണുന്നത്. മറിച്ച്, വൈയക്തിക-ഗാര്‍ഹിക-സാമൂഹിക തലങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന പ്രകൃതിപരമായ ഒരു ജൈവപ്രേരണയായാണ്.
സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പരസ്പരാകര്‍ഷണവും ആസ്വദിക്കാനുള്ള അഭിവാഞ്ജയും അനിയന്ത്രിതമായ ലൈംഗികാനുഭവങ്ങള്‍ തേടിയലയാന്‍ കയറൂരി വിടാതെ വിവാഹം എന്ന മഹത്തായ കരാറിലൂടെ അതിന് ചിറ കെട്ടുക എന്ന പ്രകൃതിപരമായ സമീപനമാണ് ഇസ്‌ലാം സ്വീകരിച്ചത്. നബി(സ) പറഞ്ഞു: “ഓ യുവസമൂഹമേ, നിങ്ങളില്‍ നിന്നും വിവാഹത്തിന് കഴിവുള്ളവര്‍ വിവാഹം കഴിക്കട്ടെ. എന്തെന്നാല്‍ അത് ദൃഷ്ടികളെ താഴ്ത്താനും ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുവാനും സഹായിക്കും. അതിനു സാധിക്കാത്തവര്‍ നോമ്പനുഷ്ഠിക്കട്ടെ. കാരണം നോമ്പ് അവന് ഒരു നിയന്ത്രണമാണ്.” (നസാഇ)

മനുഷ്യസൃഷ്ടിയെ ആണ്‍-പെണ്‍ എന്ന് വ്യത്യസ്തമാക്കിയ അല്ലാഹു ആ വ്യത്യാസം സൃഷ്ടിക്കുന്ന ഏറ്റവും മാധുര്യമുള്ള അനുഭവമാക്കി ലൈംഗികതയെ നിശ്ചയിച്ചു. അതിലൂടെ സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ പ്രണയവും കാരുണ്യവും സംജാതമാക്കുകയും ശക്തമായ ഒരു ബന്ധത്തെ വാര്‍ത്തെടുക്കുകയും ചെയ്തു. പ്രസ്തുത ബന്ധത്തിലൂടെ മനുഷ്യന് ശാന്തിയും ഹൃദയത്തിന് ആയാസവും പ്രദാനം ചെയ്തു. “നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ പ്രണയവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (ക്വുര്‍ആന്‍ 30: 21)

വിവാഹത്തിലൂടെ തന്റേതായി മാറുന്ന ഇണയിലൂടെ മനുഷ്യര്‍ പരസ്പരം ആനന്ദവും സമാധാനവും കണ്ടെത്തണമെന്നും അതിനപ്പുറത്തേക്ക് ഇച്ഛകളുടെ പ്രയോഗവത്കരണം പാടില്ലെന്നും ശക്തമായ കാര്‍ക്കശ്യം സ്വീകരിക്കുന്ന ഇസ്‌ലാം, മനുഷ്യരോട് തുറന്ന ഒരു ലൈംഗികാനുഭവം പരസ്പരം കൈമാറാന്‍ ആവശ്യപ്പെടുന്നു. “നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ പ്രവേശിക്കാവുന്നതാണ്” (ക്വുര്‍ആന്‍ 2: 223). ലൈംഗികതയെ ശക്തമായ ഒരാസ്വാദനവും അനുഭവവുമായി പരസ്പരം കൈമാറുമ്പോഴാണ് ദമ്പതിമാര്‍ക്കിടയില്‍ വൈകാരികവും ഊഷ്മളവും ആഴമേറിയതുമായ ഒരു ബന്ധം ഉരുത്തിരിഞ്ഞുവരിക. ആ ബന്ധം അവരെ ഒരു വസ്ത്രം കണക്കെ ഒന്നിപ്പിക്കണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. “അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു.” (ക്വുര്‍ആന്‍ 2: 187)

വസ്ത്രവും ശരീരവും പോലെ ഒട്ടി നില്‍ക്കുന്ന ആ ബന്ധത്തിന് അല്ലാഹു തീര്‍ത്ത ലൈംഗികത എന്ന മനോഹരമായ അനുഗ്രഹത്തെ ഏറ്റവും നല്ല രീതിയില്‍ സ്വീകരിക്കുവാനുതകുന്ന എത്രയോ പ്രായോഗിക നിര്‍ദേശങ്ങളാണ് പ്രവാചകാധ്യാപനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പരസ്പര തൃപ്തിയില്‍നിന്നും വൈവാഹിക ജീവിതം ആരംഭിക്കുവാനും നിലനിര്‍ത്തുവാനും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പിന്തുടരാവുന്ന എത്രയോ നിര്‍ദേശങ്ങള്‍ നബി(സ) നമുക്ക് നല്‍കിയിരിക്കുന്നു.

തന്റെ ജീവിതം ശാരീരികമായും മാനസികമായും പങ്കുവെക്കപ്പെടേണ്ട ഇണയെ തൃപ്തിപ്പെട്ടില്ലെങ്കില്‍ ലൈംഗിക ജീവിതം പരാജയപ്പെടാന്‍ അതൊരു കാരണമായേക്കും. അതുകൊണ്ടുതന്നെ ഇണയെ തിരഞ്ഞെടുക്കുമ്പോള്‍ ബാഹ്യ സമ്മര്‍ദങ്ങളില്ലാതെ സ്വന്തം തൃപ്തിയെ അടിസ്ഥാനപ്പെടുത്താന്‍ ഇസ്‌ലാം സ്ത്രീ-പുരുഷന്‍മാര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നത് കാണാം. എന്നാല്‍ പലപ്പോഴും പുരുഷന്റെ താല്‍പര്യങ്ങളും നിബന്ധനകളും ഇഷ്ടാനിഷ്ടങ്ങളുമാണ് വിവാഹരംഗത്ത് സമൂഹം പരിഗണിക്കാറുള്ളത്. സ്ത്രീകള്‍ക്ക് ആ രംഗങ്ങളിലൊന്നും തന്നെ യാതൊരു വിധ സ്വാതന്ത്ര്യവും നല്‍കാത്ത ഈ രീതിയെ ഇസ്‌ലാം ശക്തമായി എതിര്‍ത്തിട്ടുണ്ട് എന്നതാണ് വസ്തുത. നബി(സ) പറഞ്ഞു: ”സ്ത്രീകളുടെ കാര്യത്തില്‍ അവരുടെ അനുവാദം ചോദിക്കുക. വിധവ അവളുടെ നാവ് കൊണ്ട് പ്രകടിപ്പിക്കും. കന്യകയുടെ മൗനമാണ് അവളുടെ സമ്മതം” (അഹ്‌മദ്, ഇബ്നുമാജ). ”നിങ്ങളിലാരെങ്കിലും സ്വന്തം മകളെ വിവാഹം കഴിപ്പിക്കാനുദ്ദേശിക്കുകയാണെങ്കില്‍, അവന്‍ അവളുടെ അനുമതി തേടട്ടെ” (ത്വബ്റാനി).

മാത്രമല്ല, സമ്മതം തേടപ്പെടണമെന്നത് സ്ത്രീകള്‍ക്കു നല്‍കിയ ശക്തമായ അവകാശമായി നബി (സ) നമ്മെ പഠിപ്പിച്ചു. ഇബ്നു അബ്ബാസ് (റ) നിവേദനം: ”കന്യകയായ ഒരു സ്ത്രീ നബി(സ)യുടെ അടുക്കലേക്ക് വന്നുകൊണ്ട് തന്റെ സമ്മതമില്ലാതെയാണ് പിതാവ് തന്നെ വിവാഹം ചെയ്തുകൊടുത്തതെന്നു പരാതിപ്പെട്ടു. അതില്‍ പിന്നെ, നബി(സ) അവള്‍ക്ക് (അത് നിലനിര്‍ത്താനോ വിവാഹം ഒഴിവാക്കാനോ ഉള്ള) സ്വാതന്ത്ര്യം നല്‍കി” (ഇബ്നുമാജ). ക്വിദാമിന്റെ പുത്രി ഖന്‍സാഇ(റ)ല്‍നിന്ന് നിവേദനം: ”അവരുടെ പിതാവ് അവരെ കന്യകയല്ലാതിരിക്കെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തു. അവര്‍ നബി(സ)യുടെ അടുത്തുവന്ന് പരാതിപ്പെട്ടു. അവിടുന്ന് ആ വിവാഹം റദ്ദാക്കി” (മുസ്‌ലിം, തുര്‍മുദി). ഒരിക്കല്‍, അനുവാദം തേടാതെ തന്നെ പിതാവ് ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തതായി ഒരു സ്ത്രീ വന്ന് നബി(സ)യോട് പരാതി പറഞ്ഞു. നബി (സ) അവള്‍ക്ക് വിവാഹം സമ്മതിക്കുകയോ നിരാകരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കി. അപ്പോള്‍ അവള്‍ പറഞ്ഞു: ”പിതാവിന്റെ പ്രവൃത്തി ഞാന്‍ സമ്മതിച്ചിരിക്കുന്നു. അങ്ങയുടെ അടുക്കല്‍ ഞാന്‍ പരാതിയുമായി വന്നത് വിവാഹക്കാര്യത്തില്‍ പിതാക്കള്‍ക്ക് സ്വതന്ത്രാധികാരമില്ലെന്ന് മറ്റു സ്ത്രീകളെ പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു.” (ഇബ്നുമാജ)

വിവാഹരംഗത്ത് സ്ത്രീകള്‍ക്ക് ഇത്രമാത്രം ഇച്ഛാസ്വാതന്ത്ര്യവും തീരുമാനാധികാരവും എന്തുകൊണ്ടാണ് ഇസ്‌ലാം നല്‍കിയത്? മുമ്പ് സൂചിപ്പിച്ചതുപോലെ ദമ്പതിമാര്‍ക്കിടയില്‍ രൂപപ്പെടേണ്ട ബന്ധം പരസ്പരം വസ്ത്രം കണക്കെയാകണമെന്നതാണ് ഇസ്‌ലാമിന്റെ താല്‍പര്യം. അവിടെ സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ അവള്‍ക്ക് ലൈംഗികത ആസ്വദിക്കാനോ ആസ്വദിപ്പിക്കാനോ കഴിയാത്ത ഒന്നായി മാറും. അത് ബന്ധങ്ങളിലെ വിള്ളലുകള്‍ക്ക് കാരണമാകുകയും കുടുംബത്തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടാണ് സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഈ രംഗത്ത് പരിഗണിച്ചേ പറ്റൂ എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്. മാത്രമല്ല, മനസ്സുകൊണ്ട് തന്നിലേക്ക് ആഴ്ന്നിറങ്ങാന്‍ കഴിയാത്ത ഒരു ശരീരത്തിൻറെ ചൂട് ഏറെ കാലം ആസ്വദിക്കാന്‍ പുരുഷനും സാധ്യമല്ല. അതും അവസാനം ചെന്നെത്തുക ദാമ്പത്യ തകര്‍ച്ചയിലേക്കു തന്നെയായിരിക്കും.

ലൈംഗികതയെ സംബന്ധിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ ഇന്നും എന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ‘വിവാഹം ലൈംഗികതയ്ക്ക് ഒരു തടസ്സമാകരുത്’ എന്ന കാഴ്ചപ്പാട് സമൂഹത്തില്‍ കാണാം. എന്നാല്‍ ലൈംഗികത വിവാഹം എന്ന വൃത്തത്തിനുള്ളില്‍ ഒതുങ്ങിനിന്നേ പറ്റൂ എന്നതാണ് ഇസ്‌ലാമിന്റെ ശക്തമായ നിലപാട്. വിവാഹപൂര്‍ഹമോ വിവാഹബാഹ്യമോ ആയ യാതൊരു ലൈംഗികാസ്വാദനവും ഇസ്‌ലാം അനുവദിക്കുന്നില്ല. ”നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു” (ക്വുര്‍ആന്‍ 17 : 32).

സ്വതന്ത്ര ലൈംഗികതയുടെ ആശയങ്ങള്‍ അരാജകത്വത്തിലേക്കും കുടുംബത്തകര്‍ച്ചയിലേക്കും നയിക്കുമെന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ ലൈംഗികതയെ വിവാഹം എന്ന വൃത്തത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കേണ്ട ഒന്നായി കണ്ടേ പറ്റൂ എന്നതില്‍ ഇസ്‌ലാമിന് ഏറെ കാര്‍ക്കശ്യമുണ്ട്. അതാണ് സമൂഹത്തിന്റെ ധാര്‍മിക -സദാചാര മൂല്യങ്ങളുടെ സംരക്ഷണത്തിന് ഏറ്റവും ആവശ്യമായ നിലപാട്. ലൈംഗികാസ്വാദനത്തിനുള്ള അനുമതി വിവാഹത്തിലൂടെ മാത്രം എന്ന ശക്തമായ ഈ നിലപാടിന്റെ വെളിച്ചത്തിലാണ് വിവാഹപ്രായത്തെ സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം വിലയിരുത്തപ്പെടേണ്ടത്.

വിവാഹത്തിന് ഒരു പ്രായമുണ്ട് എന്നത് ഇസ്‌ലാം അംഗീകരിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”അനാഥകളെ നിങ്ങള്‍ പരീക്ഷിച്ചുനോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം ദര്‍ശിക്കുന്ന പക്ഷം അവരുടെ സ്വത്തുകള്‍ അവര്‍ക്കു വിട്ടുകൊടുക്കുക” (4: 6). ഇവിടെ ‘വിവാഹപ്രായമെത്തിയാല്‍’ എന്ന വിശുദ്ധ ക്വുര്‍ആനിന്റെ പരാമര്‍ശം വിവാഹത്തിന് ഒരു പ്രായമുണ്ട് എന്ന വസ്തുതയിലേക്ക് സൂചന നല്‍കുകയാണ്. എന്നാല്‍ അത് എത്ര? ഇസ്‌ലാം ഈ രംഗത്ത് ക്ലിപ്തമായ ഒരു വയസ്സ് നിര്‍ണയിച്ച് തരുന്നില്ല. എന്തുകൊണ്ട്? ലൈംഗികാസ്വാദനത്തിനുള്ള ലൈസന്‍സ് വിവാഹത്തിലൂടെ മാത്രം എന്ന് നിഷ്‌കര്‍ഷിക്കുന്ന ഒരു ദര്‍ശനത്തിന് അതിനൊരു പ്രായം നിര്‍ണയിക്കുക എന്നത് അസാധ്യമാണ്. കാരണം ലൈംഗികതയ്ക്ക് മനുഷ്യരില്‍ ക്ലിപ്തമായ ഒരു പ്രായം കണ്ടെത്തുക എന്നത് ഒരിക്കലും സാധ്യമല്ലാത്ത ഒന്നാണ്. മനുഷ്യര്‍ക്ക് പൊതുവായി പ്രായം നിര്‍ണയിക്കാന്‍ കഴിയുന്ന ഒന്നാണോ ലൈംഗികത? കാലം, ദേശം, ഭൂപ്രകൃതി, ആഹാര സമ്പ്രദായം, സാമൂഹിക പശ്ചാതലം, വര്‍ഗസവിശേഷതകള്‍, പാരമ്പര്യം, ഹോര്‍മോണുകളുടെ വളര്‍ച്ച, ശാരീരിക -മാനസിക വളര്‍ച്ച, ലൈംഗികാവയവങ്ങളുടെ വളര്‍ച്ച തുടങ്ങി എത്രയെത്ര കാര്യങ്ങളാണ് മനുഷ്യ ലൈംഗികതയെ സ്വാധീനിക്കുന്നത്! ഇതില്‍ മനുഷ്യര്‍ക്ക് ഒരു പൊതുസ്വഭാവം ഇല്ലതന്നെ. പിന്നെ എങ്ങിനെയാണ് അതിനൊരു പ്രായം നിശ്ചയിക്കുക? ഓരോ മനുഷ്യനും തനിക്ക് അനുയോജ്യമായ ഒരു കാലഘട്ടത്തെ, ചുറ്റുപാടുകള്‍ക്കും അവസ്ഥകള്‍ക്കും അനുസൃതമായി തിരഞ്ഞെടുക്കുക എന്ന നിലയിലാണ് ഇസ്‌ലാം വിവാഹപ്രായത്തെ കാണുന്നത്. അതാണ് ഏറ്റവും ശരിയായ നിലപാടും.

സ്ത്രീകളുടെ വിവാഹപ്രായത്തെപ്പറ്റി എന്താണ് ഇസ്‌ലാമിനു പറയാനുള്ളത്? വൈവാഹിക, ദാമ്പത്യ രംഗത്ത് സ്ത്രീയുമായി ബന്ധപ്പെട്ട് വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞത്, ”സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്” (2: 228) എന്നാണ്. സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്‍നിന്നും കിട്ടേണ്ടുന്ന ന്യായമായ അവകാശങ്ങളില്‍ പെട്ടതത്രെ ലൈംഗികാവകാശം. തന്റെ ഭര്‍ത്താവില്‍നിന്നും ലൈംഗിക സുഖവും തൃപ്തിയും അനുഭവിക്കാനും ആസ്വദിക്കാനും അവള്‍ക്കാകണം. മഹാനായ പ്രവാചകശിഷ്യന്‍ ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ”എന്റെ ഭാര്യ എനിക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നതുപോലെ അവള്‍ക്കുവേണ്ടി ഞാനും അണിഞ്ഞൊരുങ്ങാറുണ്ട്. അവളോടുള്ള ബാധ്യതകള്‍ ഞാന്‍ നിറവേറ്റാറുമുണ്ട്. അപ്പോള്‍ അവളുടെ ബാധ്യതകള്‍ അവളും നിറവേറ്റും. അല്ലാഹു പറഞ്ഞുവല്ലോ, അവള്‍ക്ക് ബാധ്യതകളുള്ളതുപോലെ അവകാശങ്ങളുമുണ്ടെന്ന്.”

പെണ്ണിന് ശാരീരികവും മാനസികവുമായ പക്വത എത്തിയിട്ടില്ലാത്ത പ്രായത്തിലുള്ള ലൈംഗിക ബന്ധം പലപ്പോഴും ഏകപക്ഷീയമായിരിക്കും. ആണിന് സുഖവും ആസ്വാദനവും തൃപ്തിയും ലഭിക്കുമ്പോള്‍ സ്ത്രീക്ക് പ്രയാസവും വെറുപ്പും മരവിപ്പുമാണ് ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ സംഭവിക്കുവാന്‍ ഏറെ സാധ്യത. ഇത് മനുഷ്യന് അല്ലാഹു നല്‍കിയ അറിവും അനുഭവവുമാണ്. പ്രസ്തുത അറിവും അനുഭവവുമാണ് സ്ത്രീകളുടെ വിവാഹപ്രായം നിര്‍ണയിക്കാനുള്ള മാനദണ്ഡം. ലൈംഗികത ആസ്വാദ്യകരവും മധുരതരവുമല്ലെങ്കില്‍ അത് ദാമ്പത്യ ജീവിതത്തെ ബാധിക്കും. ‘ദമ്പതിമാര്‍ പരസ്പരം വസ്ത്രം പോലെ’ എന്ന ഇസ്‌ലാമിന്റെ താല്‍പര്യം അവിടെ സംരക്ഷിക്കപ്പെടില്ല. വൈവാഹിക ജീവിതത്തിലൂടെ സംജാതമാകേണ്ടുന്ന പ്രണയവും കാരുണ്യവും അവിടെ ഉണ്ടാവില്ല. അപ്പോള്‍ ദാമ്പത്യ ജീവിതത്തിലൂടെ ലഭിക്കേണ്ടുന്ന ശാന്തി നഷ്ടമാകും. അതിനാല്‍ വിവാഹപ്രായം എന്നത് സ്ത്രീപുരുഷന്‍മാരുടെ ലൈംഗികവും ശാരീരിക-മാനസികവുമായ വളര്‍ച്ചയെ ആശ്രയിച്ചിരിക്കും; അതുപക്ഷെ ആപേക്ഷികമായിരിക്കും. പുതിയ കാലഘട്ടത്തില്‍ നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ വിവാഹപ്രായമായി നിര്‍ദേശിക്കപ്പെടുന്ന ഇരുപത്തിയൊന്ന് വയസ്സ് എന്നത് ഒരിക്കലും ശാസ്ത്രീയമായ ഒരു നിര്‍ണയമല്ല. ഇരുപത്തിയൊന്ന് വയസ്സിന് എത്രയോ മുമ്പുതന്നെ ലൈംഗികത അനുഭവിക്കുവാനും ആസ്വദിക്കുവാനും പല സ്ത്രീകളും പാകതയും പക്വതയും എത്തിയിരിക്കും. ഇരുപത്തിയൊന്ന് വയസ്സുവരെ തന്റെ ലൈംഗിക ദാഹത്തെ തടുത്തുനിര്‍ത്താന്‍ കഴിയാത്ത എത്രയോ സ്ത്രീകളാണ് നമുക്കിടയില്‍ ജീവിക്കുന്നത് എന്നറിയണമെങ്കില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ മാത്രം മതി.

ഇരുപത്തിയൊന്ന് വയസ്സിനുമുമ്പ് ഒരു സ്ത്രീയില്‍ ലൈംഗികാസ്വാദനത്തിനുള്ള തീവ്രാഭിലാഷം ഉണ്ടാവില്ല എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട അനിഷേധ്യമായ ഒരു യാഥാര്‍ഥ്യമാണ് എന്ന നിലയിലാണ് ചിലര്‍ വിവാഹ പ്രായത്തെപറ്റിയുള്ള ചര്‍ച്ചകളില്‍ ചിറപൊട്ടിയൊഴുകുന്നത്. എന്നാല്‍ ഇരുപത്തിയൊന്ന് വയസ്സിനുമുമ്പുതന്നെ വിവാഹേതര ലൈംഗികാസ്വാദനത്തിനുള്ള ഇച്ഛാസ്വാതന്ത്ര്യം സ്ത്രീകള്‍ക്കു വകവച്ചുകൊടുക്കാന്‍ മാത്രം ‘ഹൃദയവിശാലത’യും ഈ ‘ബുദ്ധി’ജീവികളില്‍ സമ്മേളിച്ചിട്ടുണ്ട് എന്ന വസ്തുത നാം കാണാതെ പോകരുത്. ഇരുപത്തിയൊന്ന് വയസ്സിനു മുമ്പ് വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കു നിഷേധിക്കുന്ന പ്രവണതയെ എങ്ങിനെയാണ് ജനാധിപത്യപരമെന്നും പുരോഗമനപരമെന്നും വിളിക്കാനാവുക.

ഇരുപത്തിയൊന്ന് വയസ്സിനു മുമ്പുള്ള വിവാഹാനുവാദം സ്ത്രീകളുടെ വിദ്യാഭ്യാസപരവും ഭൗതികവുമായ പുരോഗതിയെ തടയും എന്നതാണ് ഈ മേഖലയിലുള്ള അടക്കം പറച്ചിലുകളിലൊന്ന്. വൈജ്ഞാനികമായും ശാസ്ത്രീയമായും പ്രകൃതിപരമായും ‘ഇരുപത്തിയൊന്ന് വയസ്സിനുശേഷം മാത്രം വിവാഹം’ എന്ന തങ്ങളുടെ വീക്ഷണത്തെ ന്യായീകരിക്കാന്‍ കഴിയാതെ വരുമ്പോഴുള്ള ഒരു ‘പൊടിക്കൈ’ മാത്രമാണ് ഈ അഭിപ്രായം. വിവാഹത്തിനുശേഷവും തുടരാവുന്ന വിദ്യാഭ്യാസത്തിന്റെയും നേടിയെടുക്കാവുന്ന പുരോഗതിയുടെയും പേരില്‍ എന്തിനാണ് അനാവശ്യമായ വേവലാതികള്‍? സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും പുരോഗതിയിലും ഏറെ മുമ്പില്‍ നില്‍ക്കുന്നവരായി കണക്കാക്കാറുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഇത്തരം വേവലാതികള്‍ ഇല്ലെന്ന കാര്യം ആരും ശ്രദ്ധിക്കുന്നില്ല. ഓസ്ട്രിയ, ബള്‍ഗേറിയ, ക്രൊയേഷ്യ, ജോര്‍ജിയ, ജര്‍മനി, ഗ്രീസ്, ഹങ്കറി, ഇറ്റലി, നോര്‍വെ, സ്പെയ്ന്‍, പോളണ്ട് തുടങ്ങി എത്രയോ രാജ്യങ്ങളാണ് ഇരുപത്തിയൊന്ന് വയസ്സിനു മുമ്പുതന്നെ സ്ത്രീകള്‍ക്കു വിവാഹ സ്വാതന്ത്ര്യം അനുവദിക്കുന്നത്. അവിടങ്ങളിലൊന്നും തന്നെ നാം ഭയപ്പെടുന്ന തരത്തില്‍ ഒന്നും സംഭവിക്കുന്നില്ല. പ്രസ്തുത പല രാജ്യങ്ങളും, നിയമപരമായി നിശ്ചയിക്കപ്പെട്ട പ്രായത്തിനു മുമ്പ് വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടുന്ന സ്ത്രീക്കള്‍ക്കു അതിനുള്ള സ്വാതന്ത്ര്യവും നിയമപരമായി തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നതും നാം കാണാതെ പോകരുത്. നമ്മുടെ നാട്ടിലാകട്ടെ ഇരുപത്തിയൊന്ന് വയസ്സിനു മുമ്പ് വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കു നിഷേധിക്കുക മാത്രമല്ല സ്വഭീഷ്ടപ്രകാരം അത്തരമൊരു തീരുമാനമെടുക്കുവാനുള്ള അവകാശം പോലും നിയമപരമായി അവള്‍ക്ക് വ്യവസ്ഥചെയ്യുന്നുമില്ല എന്നത് എത്രമാത്രം ജനാധിപത്യവിരുദ്ധമല്ല.!!! ഇസ്‌ലാമാകട്ടെ വിശാലമായ സമീപനമാണിവിടെ കൈക്കൊണ്ടത്. വ്യക്തികള്‍ക്കാണ് ഇസ്‌ലാം ഇവിടെ തീരുമാനാധികാരം നല്‍കുന്നത്; രാഷ്ട്രത്തിനോ സമൂഹത്തിനോ അല്ല. അതുതന്നെയാണ് ഏറ്റവും ശാസ്ത്രീയവും മാനവികവും പ്രകൃതിപരവുമായ സമീപനവും.

print

No comments yet.

Leave a comment

Your email address will not be published.