വിവാഹപ്രായം: പരിഷ്‌കരണം മാനവികമാണോ ?? -1

//വിവാഹപ്രായം: പരിഷ്‌കരണം മാനവികമാണോ ?? -1
//വിവാഹപ്രായം: പരിഷ്‌കരണം മാനവികമാണോ ?? -1
ആനുകാലികം

വിവാഹപ്രായം: പരിഷ്‌കരണം മാനവികമാണോ ?? -1

Print Now
വിവാഹപ്രായപരിഷ്‌കരണം ഒരു മനുഷ്യാവകാശപ്രശ്നമാണ് !!!

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തണമെന്ന നിർദേശം ഇക്കഴിഞ്ഞ ഡിസംബർ 21 ന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു. കേന്ദ്രസർക്കാർ തയ്യാറാക്കുന്ന ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയാൽ പെൺകുട്ടികളുടെ വിവാഹപ്രായം ആൺകുട്ടികൾക്കൊപ്പം ഇരുപത്തിയൊന്നാവും. കേന്ദ്രസർക്കാരിന്റെ തീരുമാനം ജെൻഡർ ന്യൂട്രലാണെന്നും അതുകൊണ്ട് തന്നെ പെണ്ണനുകൂലവുമാണെന്നും വാദിക്കുന്നവരുണ്ട്. നിയമങ്ങൾ കൊണ്ട് ശൈശവവിവാഹങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് വാദിച്ചുകൊണ്ട് ഇതിനെ എതിർക്കുന്നവരുമുണ്ട്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ–പുരുഷ സമത്വം തുടങ്ങിയവ ഉദ്ദേശിച്ചാണ് ഈ നടപടിയെന്നതിനാൽ എതിർക്കുന്നത് മാനവവിരുദ്ധമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. രാജ്യം പുരോഗമിക്കുമ്പോൾ പെൺകുട്ടികൾക്ക് വിദ്യഭ്യാസത്തിനും തൊഴിലിനുമുള്ള സാധ്യതകൾ കൂടുതലായി തുറന്നുകിട്ടുന്നുണ്ടെന്നും അതിന് അനുസരിച്ച് വിവാഹപ്രായം പുതുക്കണമെന്നുമാണ് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ ന്യായീകരണം. വിവാഹത്തിലെ ആൺ-പെൺ തുല്യതയുടെ കാര്യത്തിൽ രാജ്യം മുക്കാൽ നൂണ്ടാണ്ട് പിറകിലാണെന്നാണ് ഈ ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പറഞ്ഞത്. വിവാഹപ്രായത്തെക്കുറിച്ച് പഠിക്കുന്നതിനായി 2020 ജൂണിൽ രൂപീകരിച്ച ജയാ ജെയ്റ്റിലീയുടെ നേതൃത്വത്തിലുള്ള പ്രത്യേക കർമസമിതി രാജ്യത്തെ 16 സർവ്വകലാശാലകളിലെ വിദ്യാർഥികളിൽ നടത്തിയ സർവ്വെയുടെയും 15 സന്നദ്ധ സംഘടനകളുടെ സഹായത്താൽ മനസ്സിലാക്കിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ നിലപാടിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തുന്നതെന്നാണ് മന്ത്രി പറഞ്ഞത്.

പലരും പ്രതീക്ഷിച്ചത് പോലെ വിവാഹപ്രായപരിഷ്കരണത്തെ അനുകൂലിക്കുകയല്ല, പകരം എതിർക്കുകയാണ് ഇടതുപക്ഷം ചെയ്തത്. വിവാഹപ്രായം ഉയർത്താനുള്ള സർക്കാർ നീക്കം പെൺകുട്ടികളുടെ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. 18 വയസ്സുള്ള പെൺകുട്ടി മുതിർന്ന പൗരയാണെന്നും അതുകൊണ്ടു തന്നെ അവർക്ക് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം വേണമെന്നുമാണ് പെണ്ണവകാശപ്രവർത്തക കൂടിയായ അവർ അഭിപ്രായപ്പെട്ടത്. വിവാഹിതയാകാൻ തീരുമാനിക്കുകയാണെങ്കിൽ അതിനും 25-ാം വയസ്സിലാണ് വിവാഹതയാകാൻ ആഗ്രഹമെങ്കിൽ അതിനും വിവാഹിതരാവുന്നില്ലെന്നാണ് തീരുമാനിക്കുന്നതെങ്കിൽ അതിന്നുമുള്ള അവകാശവുമുണ്ടാവേണ്ട ജനാധിപത്യരാജ്യത്ത് ഒരു മുതിർന്ന സ്ത്രീയുടെ വിവാഹത്തിനുള്ള അവകാശത്തെയാണ് സർക്കാർ നിയമത്തിലൂടെ കുറ്റകൃത്യമാക്കുന്നതെന്ന അവരുടെ വാദം പ്രസക്തമാണ്. വനിതാ ശാക്തീകരണത്തെ കുറിച്ച് വാചാലരാകുന്നവരാണ് വിവാഹപ്രായം ഉയർത്തിക്കൊണ്ട് അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നതെന്നും സമത്വമാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ 2018 ൽ ലോ കമ്മീഷൻ ശിപാർശ ചെയ്തത് പോലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പതിനെട്ടാം വയസ്സിൽ വിവാഹിതരാകാനുള്ള സ്വാതന്ത്ര്യമാണ് നൽകേണ്ടതെന്നും അവർ സമർഥിച്ചു . ഇതേ നിലപാട് തന്നെയാണ് സി.പി.ഐ നേതാവ് സഖാവ് ആനി രാജയും ആവർത്തിച്ചത്. പെൺകുട്ടികളുടെ വിവാഹപ്രായമുയർത്താനുള്ള കേന്ദ്ര സർക്കാരിന്‍റെ നിലപാടിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും സ്ത്രീ സുരക്ഷയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കാതെയാണ് ഇത്തരമൊരു തീരുമാനമെന്നും ചില വിഭാഗങ്ങളെ അടക്കി ഒതുക്കാനുള്ള മാർഗമായാണ് കേന്ദ്രം ഇതിനെ കാണുന്നതെന്നുമാണ് അവർ അഭിപ്രായപ്പെട്ടത്.

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തണമെന്ന നിർദേശം വരുന്നുവെന്ന വാർത്തയുണ്ടായപ്പോൾ തന്നെ ഇസ്‌ലാമിനെയും മുസ്‍ലിംകളെയും അടിക്കാനുള്ള വലിയൊരു വടി കൂടി കിട്ടുമെന്ന പ്രതീക്ഷയിൽ തങ്ങളുടെ ഇസ്‌ലാംവെറുപ്പിന്റെ ആയുധങ്ങൾ രാകി ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്ന ചിലരുടെ കഞ്ഞിയിൽ പൂഴി വാരിയിടുകയാണ് നടേ പറഞ്ഞ സഖാക്കൾ ചെയ്തത്. ഉമ്മത്തിനെതിരെ പേനയുന്താൻ കാത്തിരിക്കുകയായിരുന്ന, ലിബറലിസ്റ്റ് മൂല്യങ്ങളാൽ ഇസ്‌ലാമിനെയും മുസ്‍ലിംകളെയും ‘സംസ്‌കരി’ച്ചേ അടങ്ങൂവെന്ന് വാശി പിടിക്കുന്ന ചില ‘നവോഥാന’ക്കാരെയും ഇവർ നിരാശയിലാക്കി. വിവാഹപ്രായമുയർത്താനുള്ള സർക്കാർ തീരുമാനത്തിന്റെ നന്മകളാലും അതിലൂടെയുണ്ടാകാൻ പോകുന്ന പെൺമോചനത്താലും വിരിയുമായിരുന്ന പല ആനുകാലികങ്ങളുടെ പുറങ്ങളിലും മഷി പുരളാതെയാക്കിയതും ഇവരുടെ വർത്തമാനം തന്നെ. ഇടതുപക്ഷത്തെ പെൺപുലികൾ തന്നെ വിവാഹപ്രായപരിഷ്കരണം പെൺവിരുദ്ധമാണെന്ന് പറയുമ്പോൾ പിന്നെ ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കാൻ വകുപ്പില്ലല്ലോ. ഇസ്‌ലാമിനെ തമസ്കരിക്കാൻ എന്തെങ്കിലുമില്ലെങ്കിൽ പിന്നെയെന്ത് പെൺവിമോചനമെന്നതാണല്ലോ സാംസ്കാരികനായകരുടെ നടപ്പുശൈലി.

വിവാഹപ്രായമുയർത്താനുള്ള സർക്കാർ തീരുമാനത്തിൽ ഇസ്‌ലാമിനെയോ മുസ്‍ലിംകളെയോ മാത്രം ബാധിക്കുന്ന യാതൊന്നും തന്നെയില്ല. വിവാഹബാഹ്യമായ ലൈംഗികത തിന്മയാണെന്നും അത് കുടുംബത്തെയും സമൂഹത്തെയുമെല്ലാം നശിപ്പിക്കുമെന്നും കരുതുന്നവർക്കെല്ലാം ഉണ്ടാകുന്നതല്ലാത്ത യാതൊരു ഉത്കണ്ഠയും മുസ്‍ലിംകൾക്ക് ഉണ്ടാകേണ്ടതുമില്ല. ഇസ്‌ലാമിനെ ബാധിക്കുന്ന പ്രശ്നമല്ല ഇത്, മനുഷ്യാവകാശത്തെ ബാധിക്കുന്ന പ്രശ്നമാണ്. ലൈംഗികത നന്മയാണെന്നും എന്നാൽ അത് അനുഭവിക്കേണ്ടത് പ്രകൃതിപരവും ധാർമ്മികവും നിയതവുമായ മാർഗ്ഗളിലൂടെ മാത്രമാകണം എന്നും കരുതുന്നവരുടെ മനുഷ്യാവകാശപ്രശ്നം.

ലൈംഗികവും പ്രത്യുൽപാദനപരവുമായ കാര്യങ്ങളിലുള്ള ആരോഗ്യസംരക്ഷണത്തിനായി, ഐക്യരാഷ്ട്രസഭയുടെ അനുമതിയോടുകൂടി ലോകത്തെ 189 രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന, അന്താരാഷ്ട്ര ആസൂത്രിത രക്ഷാകർതൃസംഘടന(International Planned Parenthood Federation)യുടെ 2008 മെയ് മാസത്തിൽ ചേർന്ന ഭരണസമിതി അംഗീകരിച്ച ‘ലൈംഗികാവകാശങ്ങൾ: ഒരു ഐ. പി. പി. എഫ് പ്രഖ്യാപനം’ (Sexual Rights and IPPF declaration) എന്ന രേഖയിൽ പ്രതിപാദിക്കപ്പെട്ട പത്ത് ലൈംഗികാവകാശങ്ങൾക്കും ആധാരമായിത്തീരുന്ന ഏഴ് അടിസ്ഥാനതത്ത്വങ്ങളിൽ ഒന്നാമത്തേതായി എടുത്തു പറഞ്ഞ കാര്യം പരിശോധിക്കുക. “എല്ലാ മനുഷ്യരുടെയും വ്യക്തിത്വത്തിന്റെ അവിഭാജ്യമായ ഘടകങ്ങളിലൊന്നാണ് ലൈംഗികത. തന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഓരോരുത്തർക്കും അവരുടേതായ എല്ലാ ലൈംഗികാവകാശങ്ങളും ആസ്വദിക്കാനാവുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടത്, ഇക്കാരണത്താൽ അനിവാര്യമാണ്. എല്ലാ സമൂഹങ്ങളിലുമുള്ള എല്ലാവരുടെയും വ്യക്തിത്വത്തിന്റെ ഭാഗമെന്ന നിലയ്‌ക്ക്, ഓരോരുത്തരുടെയും ലൈംഗികാസ്വാദനത്തിന്റെ രീതികൾ അവരുടെ ആന്തരികവും ബാഹ്യവുമായ വ്യക്തിഭാവങ്ങൾക്കനുസരിച്ച് വ്യതിരിക്തമായേക്കാമെങ്കിലും, ലൈംഗികതയുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവും എല്ലായിടത്തുമുണ്ടാകണം; എല്ലാവരുടെയും ദൈനംദിനാസ്തിത്വത്തിന്റെ ഭാഗമായിത്തീരേണ്ടതുണ്ട്. അതോടൊപ്പം തന്നെ ജീവിതത്തിന്റെ ഗുണാത്മകഭാവമായി ലൈംഗികത അംഗീകരിക്കപ്പെടേണ്ടതുമുണ്ട്. എല്ലാ മനുഷ്യരുടെയും സഹജമായ സ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള സാർവത്രികമായ മനുഷ്യാവകാശങ്ങളാണ് ലൈംഗികാവകാശങ്ങൾ.”(1)

ലോകത്ത് എല്ലായിടങ്ങളിലുമുള്ള എല്ലാവരുടെയും മനുഷ്യാവകാശങ്ങളിലൊന്നാണ് ലൈംഗികത ആസ്വദിക്കാനുള്ള അവകാശമെന്ന് ഈ രേഖ ഉദ്‌ഘോഷിക്കുന്നു. സ്ത്രീക്കും പുരുഷനുമെല്ലാം, ലിംഗഭേദമില്ലാതെ ലൈംഗികാസ്വാദനത്തിനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും പ്രസ്തുത വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നവര്‍ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നതെന്നും ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ പ്രവർത്തകരെല്ലാം സമ്മതിക്കുന്നതാണ്. നിയതവും ധാർമികവുമായ മാർഗ്ഗങ്ങളിലൂടെയാകണം ലൈംഗികത ആസ്വദിക്കുവാനുള്ള അവകാശം അനുഭവിക്കേണ്ടത് എന്ന് കരുതുന്നവരുടെ മനുഷ്യാവകാശത്തെ ചോദ്യം ചെയ്യുന്നതാണ് വിവാഹപ്രായമുയർത്താനുള്ള സർക്കാർ നീക്കങ്ങൾ എന്നതുകൊണ്ടാണ് അത് എതിർക്കപ്പെടുന്നത്, അല്ലാതെ അത് ഒരു മതപ്രശ്നമായതിനാലല്ല.

ലൈംഗികത വൈയക്തികമായ അനുഭവവും അതിന്റെ ആസ്വാദനം ജൈവികമായ അനിവാര്യതയും ആയതുകൊണ്ടാണ് അതിന്റെ നിഷേധം മനുഷ്യാവകാശ ധ്വംസനമായിത്തീരുന്നത്. വ്യക്തിയുടെ അടിസ്ഥാനപരമായ അവകാശങ്ങളിലൊന്നാണ് ലൈംഗികാസ്വാദനത്തിനുള്ള അവകാശമെന്നതിനാൽ അതിന് തടയിടാൻ കുടുംബത്തിനോ ബന്ധുക്കള്‍ക്കോ സമൂഹത്തിനോ രാഷ്ട്രത്തിനോ അവകാശമില്ലെന്നാണ് നടേ പറഞ്ഞ രേഖ വ്യക്തമാക്കുന്നത്. “ഓരോ വ്യക്തിക്കും അവരവരുടെ പൂർണമായ ലൈംഗികാസക്തി പ്രകടിപ്പിക്കാൻ, അത് ബലാൽകാരത്തിലൂടെയോ ചൂഷണത്തിലൂടെയോ അപമാനപ്പെടുത്തിക്കൊണ്ടോ അല്ലെങ്കിൽ, പൂർണമായ സ്വാതന്ത്ര്യമുണ്ട്” എന്നതാണ് ഹോങ്കോംഗിൽ വെച്ച് 1999 ആഗസ്ത് 26-ന് ചേര്‍ന്ന ‘പതിനാലാമത് ലോക ലൈംഗികശാസ്ത്ര കോണ്‍ഗ്രസ്’ (14th world congress of sexology) അംഗീകരിച്ച പതിനൊന്ന് ലൈംഗികാവകാശങ്ങളിൽ ഒന്നാമത്തേത്. ഒരാളുടെ വൈയക്തികവും സാമൂഹികവുമായ നൈതികതയ്ക്ക് അനുസൃതമായി തന്റെ ലൈംഗികജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനും സ്വയം നിർണയത്തിനുമുള്ള അവകാശം ഓരോരുത്തർക്കുമുണ്ട് എന്നതാണ് രണ്ടാമത്തെ ലൈംഗികാവകാശം.(2)

പുതിയ സഹസ്രാബ്ദത്തിലുണ്ടാവേണ്ടുന്ന ലൈംഗികാരോഗ്യത്തിന്റെ അടിത്തറ നിശ്ചയിക്കുന്നത് ലോകത്തുള്ള എല്ലാവരും ലൈംഗികാവകാശങ്ങൾ യഥാരൂപത്തിൽ അനുഭവിക്കുന്നവരാണോയെന്നതാണെന്ന് ‘ലൈംഗികാരോഗ്യത്തിനായുള്ള ലോകസംഘടന’യുടെ (World Association for Sexual Health) ഔദ്യോഗിക സഹസ്രാബ്ദ പ്രഖ്യാപനവും വ്യക്തമാക്കുന്നുണ്ട്.(3)

ലൈംഗികാസ്വാദനത്തിനുള്ള സ്വാതന്ത്ര്യം ഓരോരുത്തരുടെയും വൈയക്തികമായ അവകാശമാണെങ്കിൽ പ്രസ്തുത അവകാശം അനുവദിക്കപ്പെടേണ്ടത് പ്രസ്തുത ആസ്വാദനം അനുഭവിക്കാനുള്ള ശാരീരിക വളർച്ചയുണ്ടായിക്കഴിഞ്ഞ എല്ലാവർക്കുമാണെന്ന് വ്യക്തമാണ്. ലൈംഗികതയ്‌ക്ക് ശരീരം ഒരുങ്ങിക്കഴിയുന്നതു മുതല്‍ അതിനുള്ള സ്വാതന്ത്ര്യമുണ്ടാവുമ്പോൾ മാത്രമേ ഒരു മനുഷ്യാവകാശം എന്ന നിലയ്‌ക്ക് ലൈംഗികാവകാശം സംരക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുകയുള്ളൂ. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടുത്ത തലമുറയുടെയും സുസ്ഥിതിയും ഭദ്രതയും പരിഗണിച്ചുകൊണ്ട് ലൈംഗികാസ്വാദനത്തെ നീട്ടിവെക്കാനും നിയന്ത്രിക്കാനും സന്നദ്ധമാകേണ്ടത് വ്യക്തികളാണ്. അതിനാൽ അതിനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്ക് നൽകുമ്പോള്‍ മാത്രമേ ഓരോരുത്തരുടെയും ലൈംഗികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ.

ലൈംഗികാസ്വാദനത്തെ നീട്ടിവെക്കേണ്ട സാമൂഹ്യസാഹചര്യങ്ങളുണ്ടെങ്കില്‍ അതിനനുസൃതമായ രീതിയില്‍ അത് ആസ്വദിക്കാന്‍ പാകമായവരെ ബോധവല്‍കരിക്കുകയും തങ്ങളുടെ തൃഷ്ണയെ നിയന്ത്രിക്കാന്‍ പഠിപ്പിക്കുകയുമാണ് വേണ്ടത്. വ്യക്തിയുടെ അടിസ്ഥാനപരമായ ചോദനകളെ നിയമമുപയോഗിച്ച് തടയുന്നത് മനുഷ്യാവകാശ ലംഘനമാണ്. ലൈംഗികാസ്വാദനത്തിന് പ്രായമായവരെ അതില്‍നിന്ന് വിലക്കുകയും അങ്ങനെ ചെയ്തുപോയാല്‍ ക്രൂരമായ ശിക്ഷകള്‍ വിധിക്കുകയും ചെയ്യുന്നത് മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ നിലപാടാണ്. അത്തരം നിയമങ്ങള്‍, അവ എത്രതന്നെ സാമൂഹികമായ അനിവാര്യതകളുടെ മേലാപ്പുകളുമായി അവതരിപ്പിക്കപ്പെട്ടാലും, മനുഷ്യരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ലൈംഗികാസ്വാദനത്തിന് ശരീരം പാകമായിക്കഴിഞ്ഞവരെ അതില്‍നിന്ന് പൂര്‍ണമായും വിലക്കുകയും, അത് ആസ്വദിച്ചുപോയാല്‍ ശിക്ഷകള്‍ വിധിക്കുകയും ചെയ്യുന്ന നിയമങ്ങള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ക്കുനേരെയാണ് വാളോങ്ങുന്നത് എന്ന് പറയുന്നത് അതുകൊണ്ടാണ്.

ലൈംഗികാസ്വാദനത്തിന് മനുഷ്യര്‍ക്കുമുമ്പില്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്. ധാര്‍മികവും മാനവികവും പ്രകൃതിപരവുമായ മാര്‍ഗമാണ് ഒന്നാമത്തേത്. വ്യക്തികളുടെ ലൈംഗികാവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതും ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യവും അടുത്ത തലമുറയുടെ സുസ്ഥിതിയും ഉറപ്പുവരുത്തുന്നതും സാമൂഹിക ഭദ്രതയ്ക്കും ധാര്‍മികതയ്ക്കും കോട്ടം തട്ടാത്ത വിധത്തിലുള്ളതുമായ ആസ്വാദനത്തിന്റെ മാര്‍ഗമായ ഇണകളായിക്കഴിഞ്ഞവര്‍ തമ്മില്‍ മാത്രമുള്ള ലൈംഗികതയാണ് അത്. ഇതല്ലാത്ത മാര്‍ഗങ്ങളെല്ലാം അധാര്‍മികവും മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ്. അശ്ലീലചിത്രങ്ങള്‍ കണ്ട് ആസ്വദിക്കുന്നതുമുതല്‍ സ്വയംഭോഗം വരെയും സ്വവര്‍ഗരതി മുതല്‍ വ്യഭിചാരം വരെയുമുള്ള ലൈംഗികാസ്വാദനത്തിന്റെ മാര്‍ഗങ്ങള്‍ വ്യക്തിയുടെ പൂര്‍ണമായ സംതൃപ്തി ഉറപ്പുവരുത്തുകയോ ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യത്തിന് നിമിത്തമാവുകയോ അടുത്ത തലമുറയെ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല, സാമൂഹികഭദ്രത തകര്‍ക്കുകയും ധാര്‍മികതയുടെ അടിവേരറുക്കുകയും കൂടിയാണ് ചെയ്യുന്നത്.

നിയമപ്രകാരം ഇണകളായി മാറിയവര്‍ തമ്മില്‍ മാത്രം നടക്കേണ്ടതാണ് ലൈംഗികാസ്വാദനമെന്നും അതല്ലാത്തതെല്ലാം പ്രകൃതിവിരുദ്ധമാണെന്നും പറയുന്നത് മനുഷ്യപ്രകൃതിയുമായി പൂര്‍ണമായി ഇണങ്ങുന്നതും അവന്റെ വ്യത്യസ്തമായ ദൗത്യങ്ങള്‍ പരിഗണിക്കുന്നതും ഇണകള്‍ തമ്മിലുള്ള ലൈംഗികവേഴ്ചയാണ് എന്നതുകൊണ്ടാണ്. പുരുഷനും സ്ത്രീയും തമ്മില്‍ കാണുമ്പോഴുണ്ടാകുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളും അവയ്ക്കനുസൃതമായി ശരീരത്തിനകത്തെ അന്തഃസ്രാവഗ്രന്ഥികളില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളും അവ ഉപയോഗിക്കപ്പെടുമ്പോഴുണ്ടാവുന്ന ശരീരത്തിന്റെയും മനസ്സിന്റെയും സുസ്ഥിതിയും ലൈംഗികാസ്വാദനത്തിന്റെ സ്വാഭാവികോല്‍പന്നമായ മക്കളും അവരുടെ വളര്‍ച്ചാഘട്ടങ്ങളും പ്രസ്തുത ഘട്ടങ്ങളിലെല്ലാമുണ്ടാവേണ്ട മാതാപിതാക്കളുടെ പരിചരണവും പ്രസ്തുത പരിചരണത്തിന് പ്രേരിപ്പിക്കുന്ന ശാരീരികവും മാനസികവുമായ ഘടകങ്ങളും അത് ലഭിക്കാതെ വളരുന്നവരുടെ മാനസികവും വൈകാരികവും സാമൂഹികവുമായ അനാരോഗ്യപ്രശ്‌നങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍ മനുഷ്യലൈംഗികാസ്വാദനത്തിന്റെ പ്രകൃതിപരമായ മാര്‍ഗം നിയമാനുസൃതമായ ഇണകളുമായി മാത്രം നടക്കുന്നതാണെന്ന് ആർക്കും പറയേണ്ടി വരും.

പ്രത്യുല്‍പാദനമെന്ന ജന്തുസഹജമായ ലക്ഷ്യത്തിനുപരിയായി മനുഷ്യലൈംഗികതയ്ക്ക് വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുസ്ഥിതിയും ശാന്തിയും ഉറപ്പുവരുത്തുകയും അടുത്ത തലമുറയുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നിമിത്തമാവേണ്ട ഭൂമിക സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളുണ്ട്. മനുഷ്യര്‍ക്കിടയിലെ ലൈംഗിക വ്യതിയാനങ്ങളെ മൃഗീയമെന്നല്ല, പൈശാചികമെന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നുപറയുന്നത് അതുകൊണ്ടാണ്. മനുഷ്യപ്രകൃതിക്ക് വിരുദ്ധമായ കാര്യങ്ങളെ ആസ്വാദ്യകരമായ അനുഭവങ്ങളായി തെറ്റിദ്ധരിപ്പിച്ച് അസംതൃപ്തിയില്‍നിന്ന് അസംതൃപ്തിയിലേക്കും അശാന്തിയില്‍നിന്ന് അശാന്തിയിലേക്കും കൊണ്ടുപോയി അവനിലെ മാനവികതയെ കെടുത്തിക്കളയുകയാണല്ലോ, പിശാചിന്റെ ദൗത്യം.

സ്ത്രീയും പുരുഷനും നിയമപ്രകാരം ഇണകളായിത്തീരുന്ന പ്രക്രിയയാണ് വിവാഹം. സ്വന്തം ഇണയില്‍നിന്നല്ലാതെയുള്ള എല്ലാതരം ലൈംഗികാസ്വാദനങ്ങളും അധാര്‍മികവും മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ് എന്ന് പറയുമ്പോള്‍ മനുഷ്യര്‍ക്ക് മുന്നിലുള്ള പ്രകൃതിപരമായ ഒരേയൊരു മാര്‍ഗം വിവാഹമാണ് എന്നാണ് വരിക. ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ ഒരേയൊരു മാര്‍ഗം വിവാഹമാണെങ്കില്‍ അത് അനുവദിക്കപ്പെടേണ്ട പ്രായമെത്രയാണെന്ന ചോദ്യത്തിന് ഓരോരുത്തര്‍ക്കും ലൈംഗികാസ്വാദനത്തിന് കഴിയുന്ന പ്രായം മുതല്‍ അത് അനുവദിക്കപ്പെടേണ്ടതുണ്ട് എന്ന ഉത്തരം തന്നെയാണ് ലഭിക്കുക. ലൈംഗികാവകാശങ്ങള്‍ അടിസ്ഥാനപരമായ മാനുഷികാവകാശങ്ങളായി പരിഗണിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ നിയമത്തിന്റെ കാര്‍ക്കശ്യമുപയോഗിച്ച് ഒരു പ്രത്യേക പ്രായത്തിനുമുമ്പ് വിവാഹം പാടില്ലെന്നും അങ്ങനെ ചെയ്തുപോയാല്‍ പൗരന്‍മാരെ ശിക്ഷിക്കുമെന്നും പറയാന്‍ കഴിയുന്നതെങ്ങനെയാണ്? ശരീരത്തിന്റെയും മനസ്സിന്റെയും സുസ്ഥിതിക്കും ആരോഗ്യത്തിനും വേണ്ടി ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം സ്വീകരിച്ചുപോയിയെന്ന കാരണത്താല്‍ മാത്രം ഒരാള്‍ ശിക്ഷിക്കപ്പെടുകയെന്നതിനേക്കാള്‍ ക്രൂരമായ മറ്റേത് മനുഷ്യാവകാശ ലംഘനമാണുള്ളത്? സാമൂഹികമായ അനിവാര്യതകളാല്‍ വിവാഹപ്രായം നീട്ടിവെക്കേണ്ട സ്ഥിതിയുണ്ടെങ്കില്‍, അങ്ങനെ ചെയ്യേണ്ടത് വ്യക്തികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതിനുള്ള നിയമങ്ങളുണ്ടാക്കിക്കൊണ്ടല്ല, പ്രത്യുത പ്രസ്തുത അനിവാര്യതയെക്കുറിച്ച് വ്യക്തികളെ ബോധവല്‍കരിക്കുകയും അങ്ങനെ നീട്ടിവെക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണെന്ന് പറയുന്നത് അതുകൊണ്ടാണ്. പ്രകൃതിപരമായ ഒരു അനിവാര്യതയെ തടയാന്‍ നിയമങ്ങളുണ്ടാക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണ് എന്നതുകൊണ്ടാണ് വിവാഹപ്രായം തീരുമാനിക്കാന്‍ വ്യക്തികള്‍ക്ക് അവകാശം നല്‍കണമെന്നും പ്രസ്തുത അവകാശം വിനിയോഗിക്കുന്നവരെ ബോധവല്‍കരിച്ചുകൊണ്ടാണ് ആ രംഗത്ത് ആവശ്യമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കേണ്ടത് എന്നും പറയേണ്ടിവരുന്നത്.

പെണ്‍പക്ഷത്തുള്ളവരാണെന്ന് ആണയിട്ടുകൊണ്ട് വിവാഹപ്രായത്തെക്കുറിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ മഹാഭൂരിപക്ഷവും ലൈംഗികാസ്വാദനത്തിനുള്ള ഒരേയൊരു മാര്‍ഗമായി വിവാഹത്തെ കാണുന്നവരല്ലെന്ന വസ്തുത പ്രസ്തുത ചര്‍ച്ചകള്‍ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം ബോധ്യമാകും. ലൈംഗികാസ്വാദനം മുഴുവന്‍ വിവാഹത്തിനു പുറത്തും വിവാഹം കുട്ടികളുണ്ടാകാനുള്ള ഒരു ലൈസന്‍സ് മാത്രവുമെന്നതാണ് ചിലരുടെ നിലപാട്. മറ്റു ചിലരിലാകട്ടെ, വിവാഹമെന്ന കര്‍മത്തെ കാണുന്നത് കുടുംബബന്ധങ്ങളുടെ ‘അടിമത്ത’ത്തിലേക്കുള്ള വാതായനമായിട്ടാണ്. വിവാഹം ചെയ്യുന്നത് ഒരു മഹാദുരന്തമായി കാണുന്ന ഇവരില്‍ പലരും വിവാഹത്തിന് പുറത്തുള്ള ലൈംഗികാസ്വാദനത്തെ ഒരു ചെറിയ തെറ്റുപോലുമായി കാണുന്നില്ല. വിവാഹത്തോടെ എല്ലാം അവസാനിച്ചുവെന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന തരത്തിലാണ് ഇത്തരം ചര്‍ച്ചകളില്‍ പലതും പുരോഗമിക്കുന്നതെന്ന വസ്തുത എത്രമാത്രം അപകടകരമല്ല!

വിവാഹത്തെ വിശുദ്ധവും ലൈംഗികാസ്വാദനത്തിന് അനുവദിക്കപ്പെടേണ്ട ഒരേയൊരു മാര്‍ഗവും പുരുഷന്റെയും സ്ത്രീയുടെയും വ്യക്തിത്വപ്രകാശനത്തിന്റെ പുര്‍ണതയിലേക്കുള്ള പാലവും ജീവിത സാക്ഷാത്കാരത്തിന്റെ അനര്‍ഘമായ അനുഭവങ്ങളിലേക്കുള്ള വാതായനവുമായി കാണുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് രാജിയാകാന്‍ ഒരിക്കലും കഴിയില്ല. അവര്‍ കുടംബബന്ധങ്ങളെ കാണുന്നത് അടിമത്തമായിട്ടല്ല, യഥാര്‍ഥത്തിലുള്ള സ്വാതന്ത്ര്യവും ജീവിതാസ്വാദനത്തിന്റെ ഭൂമികയുമായിട്ടാണ്; മകളും മകനും സഹോദരിയും സഹോദരനുമായി മാത്രം ജീവിച്ചവര്‍ക്ക് അതോടൊപ്പം തന്നെ ഇണകളും മാതാപിതാക്കളുമെല്ലാമായിത്തീര്‍ന്ന് വ്യക്തിത്വത്തിന്റെ പൂര്‍ണപ്രകാശത്തിന് കഴിയുന്ന ജീവിതാസ്വാദനത്തിന്റെ ഭൂമിക. വിവാഹത്തിനു പുറത്തെ ലൈംഗികാസ്വാദനമാണ് യഥാര്‍ഥത്തിലുള്ള ആസ്വാദനമെന്ന് പറഞ്ഞുപഠിപ്പിക്കുന്ന പൈശാചിക മാധ്യമങ്ങളുടെ നീരാളിപ്പിടുത്തത്തിലായിക്കഴിഞ്ഞ മസ്തിഷ്‌കങ്ങള്‍ ഭരിക്കുന്ന ശരീരത്തിന് കുടുംബജീവിതത്തെ യഥാരൂപത്തില്‍ ആസ്വദിക്കാന്‍ കഴിയില്ല. വിവാഹമെന്നത് ഒരു പാതകവും പാരതന്ത്ര്യത്തിലേക്കുള്ള പാലവുമായി കാണുന്നത് അത്തരക്കാരാണ്. വിവാഹപ്രായത്തെയല്ല, പ്രത്യുത വിവാഹത്തെത്തന്നെയാണ് അത്തരക്കാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതെന്ന് വിവാഹപ്രായത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകളും ‘പുരോഗമനക്കാര്‍’ പുറത്തു നടത്തുന്ന കോലാഹലങ്ങളും ശ്രദ്ധിച്ചാല്‍ വ്യക്തമാവും.

ഒരു മുതിർന്ന സ്ത്രീയുടെ വിവാഹത്തിനുള്ള അവകാശത്തെ നിയമം മൂലം നിയന്ത്രിക്കുന്നത് ശരിയല്ലെന്ന സഖാവ് ബ്രിന്ദ കാരാട്ടിന്റെ അഭിപ്രായപ്രകടനത്തിലെ മാനവികത മനസ്സിലാകണമെങ്കിൽ വിവാഹേതര ബന്ധങ്ങളെ അധാർമ്മികമായി മനസിലാക്കുന്ന മനസ്സുണ്ടാവണം. അതില്ലാത്തതുകൊണ്ടാണ് അത് പെൺവിരുദ്ധമാണെന്ന് ചിലർ പറഞ്ഞുകൊണ്ടിരിക്കുന്നത്. പതിനഞ്ച് വയസ്സിലും പതിനാറ് വയസ്സിലുമെല്ലാം വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അവകാശമുള്ള ഒട്ടേറെ രാജ്യങ്ങളുണ്ട്. അവിടെയുള്ളവരെല്ലാം ആ പ്രായങ്ങളിൽ വിവാഹിതരാകുന്നവരല്ല. അവടെയുള്ള സ്ത്രീകളിൽ പലരും ഇരുപത്തിയഞ്ചിന് ശേഷം മാത്രം വിവാഹിതരാകുന്നവരാണ്. എന്നിട്ടുമെന്തുകൊണ്ട് അങ്ങനെയൊരു നിയമമെന്ന ചോദ്യത്തിനുള്ള ഉത്തരം അവർ വിവാഹത്തെ ഒരു മനുഷ്യാവകാശപ്രശ്നമായി കാണുന്നുവെന്നതാണ്. ലൈംഗികമായി പക്വതയെത്തിയ ഒരാളുടെ മുമ്പിൽ വിവാഹത്തിനുള്ള വാതിൽ അടക്കുന്നത് ജനാധിപത്യപരമല്ലെന്ന് അവർ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ വിവാഹപ്രായം നീട്ടിക്കൊണ്ട് ആരും പീഡിപ്പിക്കപ്പെടരുതെന്ന് അവർ കരുതുന്നു. സാമൂഹികമായ ആവശ്യങ്ങൾക്കായി വിവാഹം നീട്ടിവെക്കാൻ അവർ പൗരന്മാരെ ബോധവൽക്കരിക്കുകയും ചെയ്യുന്നു. അതാണ് കുറഞ്ഞ വിവാഹപ്രായം പതിനാറായി നിജപ്പെടുത്തിയിരിക്കുന്ന ആസ്‌ത്രേലിയയെപ്പോലെയുള്ള ആധുനികരാഷ്ട്രങ്ങളിലെ സ്ഥിതി. ആസ്‌ത്രേലിയക്കാരി അനുഭവിക്കുന്ന മനുഷ്യാവകാശം അനുഭവിക്കുവാൻ ഭാരതീയവനിതക്കും അവകാശമില്ലേയെന്ന ചോദ്യത്തിന് ഇല്ലെന്ന് ഉത്തരം പറയാൻ ഫാഷിസ്റ്റുകൾക്ക് കഴിഞ്ഞേക്കും; യുവാൻ നോഹ ഹരാരെയെ കക്ഷത്തിലിറുക്കി ലിബറിലിസത്തിന്റെ ചിറകിലേറുന്ന മാനവികതാവാദികൾക്ക് എങ്ങനെയാണതിന് സാധിക്കുക??!!!

കുറിപ്പുകള്‍:

1. International Planned Parenthood Federation: Sexual Rights; an IPPF Declaration, May 2008, London, Page 5.
2. Emil Man Lun Ng: Sexualtiy in the New Millenium, Procedings of the 14th World Congress of Sexology, Hong Kong SAR, Aug 23-27, 1999 Page 128-159.
3. World Association for Sexual Health: Sexual Health for the Millenium, A Declaration and Technical Document, Minneapolis, 2008, Page 24-25.

(തുടരും)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.