വിവാഹപ്രായം: പരിഷ്‌കരണം മാനവികമാണോ ?? -3

//വിവാഹപ്രായം: പരിഷ്‌കരണം മാനവികമാണോ ?? -3
//വിവാഹപ്രായം: പരിഷ്‌കരണം മാനവികമാണോ ?? -3
ആനുകാലികം

വിവാഹപ്രായം: പരിഷ്‌കരണം മാനവികമാണോ ?? -3

Print Now
വിവാഹപ്രായപരിഷ്‌കരണവും ഇസ്‌ലാമും തമ്മിലെന്ത്?

ലൈംഗികാവകാശങ്ങളെയും ആൺ-പെൺ സമത്വത്തെയും കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് നാഷണൽ ലോ കമ്മീഷൻ ആൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി താഴ്ത്തി നിശ്ചയിക്കണമെന്ന് അഭിപ്രായപ്പെട്ടത് 2018 സെപ്റ്റംബർ ഒന്നാം തിയതിയാണ്. അതിന്റെ മേൽ നടപടികളൊന്നുമുണ്ടായില്ല. അതിന്ന് നേർ വിപരീതമായ രീതിയിലുള്ളതാണ് പുരുഷന്റെ വിവാഹപ്രായം ഇരുപത്തിയൊന്നും സ്ത്രീയുടേത് പതിനെട്ടുമായി നിജപ്പെടുത്തുന്ന ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും മാറ്റി പെൺകുട്ടിയുടേതും ഇരുപത്തിയൊന്നാക്കുമെന്ന 2021 ഡിസംബർ 21ന് പ്രഖ്യാപിക്കപ്പെട്ടതീരുമാനം. അവകാശങ്ങളെക്കുറിച്ച് വേവലാതിപ്പെട്ട നിയമവിശാരദരുടെ നിർദേശത്തിന് വിലയൊന്നും കല്പിക്കാതെയുള്ളതാണ് നിർദേശിക്കപ്പെട്ട വിവാഹപ്രായപരിഷ്കരണം. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന് ഉപോൽബലകമായി എന്തെങ്കിലും ശാസ്ത്രീയമായ പഠനങ്ങൾ നടന്നതായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി അവതരിപ്പിച്ച ബില്ലിൽ പറയുന്നില്ല. 16 സർവ്വകലാശാലകളിലെ വിദ്യാർഥികളിൽ നടത്തിയ സർവ്വെയുടെയും 15 സന്നദ്ധ സംഘടനകളുടെ അഭിപ്രായത്തിന്റെയും മാത്രം അടിസ്ഥാനത്തിൽ ജനാധിപത്യപരമായ ഒരു തീരുമാനമെടുക്കാൻ കഴിയുകയുമില്ല. വളരെ ചെറിയൊരു ശതമാനം മാത്രം വരുന്ന സർവ്വകലാശാലാ വിദ്യാർത്ഥികൾ ഇന്ത്യൻ യുവത്വത്തിന്റെ പ്രതിനിധ്യമാകുന്നതെങ്ങനെയാണ് ! ആൺ-പെൺ തുല്യതക്കും പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും മാതൃമരണനിരക്ക് കുറയ്ക്കുകയുമാണ് ഈ നീക്കത്തിന് കാരണമെന്ന ബില്ലിലെ വാദം തീരെ ബാലിശമാണ്. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന യൂറോപ്പിലും പാശ്ചാത്യൻ നാടുകളിലുമൊന്നും ഇത്തരമൊരു വാദം ഉന്നയിക്കപ്പെട്ടിട്ടില്ല. കൊറോണാവൈറസ്സിനെ തുരത്താൻ പാത്രങ്ങൾ കൂട്ടിമുട്ടിക്കാൻ പറഞ്ഞ അതേ യുക്തി തന്നെയാണ് അമ്മമാരുടെ മരണമില്ലാതാക്കാൻ വിവാഹപ്രായം ഇരുപത്തിയൊന്നാക്കുകയെന്ന നിർദേശത്തിലുമുള്ളത്. പോഷകാഹാരക്കുറവും ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ഉയർന്ന മാതൃമരണനിരക്കിന് കാരണം. പരിഹരിക്കേണ്ടത് ആ പ്രശ്നങ്ങളാണ്; സ്ത്രീകളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് നേരെ കണ്ണടക്കുകയും ഇല്ലാത്ത പ്രശ്നങ്ങളെ പരിഹരിക്കുന്നതുമായിപ്പോയി വിവാഹപ്രായം ഇരുപത്തിയൊന്നാക്കി ഉയർത്തുവാനുള്ള തീരുമാനമെന്ന ഇടതുപക്ഷനേതാക്കളുടെ അഭിപ്രായം ശ്രദ്ധേയമാണ്. ആ അഭിപ്രായം തന്നെയാണ് ഇന്ത്യയിലെ മുസ്‌ലിം നേതാക്കളും പ്രകടിപ്പിച്ചത്.

ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നല്ല ഇന്ത്യക്കാരായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ കല്‍പനാനിര്‍ദേശങ്ങള്‍ അനുധാവനം ചെയ്യാന്‍ അനുവദിക്കുന്നിടത്തോളം കാലം ഇന്ത്യയിലെ നിയമങ്ങളൊന്നും തന്നെ ലംഘിച്ചുകൂടെന്ന് മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമുണ്ട്. ഇന്ത്യന്‍ ഭരണഘടനയാകട്ടെ, മുസ്‌ലിംകള്‍ക്ക് മറ്റു മതവിശ്വാസികളെപ്പോലെത്തന്നെ, അവരുടെ മതമനുസരിച്ച് ജീവിക്കുകയും അത് പ്രബോധനം നടത്തുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുമുണ്ട്. ആറ് മൗലികാവകാശങ്ങളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ളത്. അതില്‍ നാലാമത്തേതായ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടയുടെ മൂന്നാം ഭാഗത്തിലെ ഇരുപത്തിയഞ്ചാം വകുപ്പ് പറയുന്നത് ‘എല്ലാവര്‍ക്കും സ്വന്തം മനഃസാക്ഷിയനുസരിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാ
നും പ്രബോധനം ചെയ്യാനുമുള്ള അവകാശവുമുണ്ട്’ എന്നാണ്(29) മുസ്‌ലിമിന് ഇസ്‌ലാം മതമനുസരിച്ച് ജീവിക്കാനും അതിന്റെ അനുഷ്ഠാനങ്ങള്‍ പിന്തുടരാനും അതിലേക്ക് ആളുകളെ ക്ഷണിക്കാനുമുള്ള പൂര്‍ണമായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട് എന്നര്‍ഥം.

കേവലം കുറേ അനുഷ്ഠാനമുറകളുടെ സാകല്യമോ ആരാധനാ സമ്പ്രദായങ്ങളുടെ സമ്മേളനമോ അല്ല ഇസ്‌ലാം എന്ന വസ്തുത ഇസ്‌ലാമിനെ കുറിച്ച് അല്‍പമെങ്കിലും മനസ്സിലാക്കിയിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ദൈവികവിധിവിലക്കുകളുടെ പ്രയോഗവല്‍കരണം വഴി വിശുദ്ധീകരിക്കുന്നതിന്റെ പേരാണ് ഇസ്‌ലാം. മുസ്‌ലിമിന് ഇസ്‌ലാം മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുന്ന ഒരു രാജ്യത്ത് അവന് അഞ്ചുനേരം നമസ്‌കരിക്കാനും റമദാനില്‍ നോമ്പുപിടിക്കാനും സകാത്ത് കൃത്യമായി നല്‍കാനും ഹജ്ജിനു പോകാനുമുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുന്നതുപോലെ വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിമലീകരണത്തിനായി ഇസ്‌ലാം നിര്‍ദേശിക്കുന്ന വിധിവിലക്കുകള്‍ പാലിക്കാനുള്ള വിലക്കുകളില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിക വ്യക്തി-കുടുംബനിയമങ്ങളുടെ പാലനം മുസ്‌ലിമിനെ സംബന്ധിച്ചടത്തോളം അവന്റെ മതാനുഷ്ഠാനത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ കുടുംബപരവും വ്യക്തിപരവുമായ വിഷയങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ അനുസരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശമാണ്. ഇസ്‌ലാമിക വ്യക്തിനിയമമനുസരിച്ച് മുസ്‌ലിം പ്രശ്‌നങ്ങളില്‍ വിധി പുറപ്പെടുവിക്കണമെന്നു പറയുമ്പോള്‍ അതിനര്‍ഥം ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നു മാത്രമാണ്. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കുമുള്ളതാകയാല്‍ പ്രസ്തുത അവകാശങ്ങള്‍ ലഭിക്കാന്‍ മുസ്‌ലിം പൗരനും അര്‍ഹതയുണ്ട്; അത് ആരുടെയെങ്കിലും ഔദാര്യമല്ലെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്.

മുസ്‌ലിംകള്‍ക്ക് അവരുടെ വൈയക്തികവും കുടുംബപരവുമായ പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ അനുസരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ‘മുസ്‌ലിം വ്യക്തിനിയമ പ്രയോഗവല്‍കരണ നിയമം 1937’ (The Muslim Personal Law (Shariat) Application Act 1937) നടപ്പാക്കപ്പെട്ട 1937 ഒക്ടോബര്‍ മാസം ഏഴാം തീയതി മുതല്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിച്ചുവരുന്നതാണ് തങ്ങളുടെ വിവാഹ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം.(30) വിവാഹകാര്യങ്ങളില്‍ ശരീഅത്ത് അനുശാസിക്കുന്ന രീതീയില്‍ തീരുമാനമെടുക്കാനുള്ള മുസ്‌ലിംകളുടെ സ്വാതന്ത്ര്യം ഇന്നത്തെ ഇന്ത്യന്‍ ഭരണഘടന നിലവില്‍വരുന്നതിനുമുമ്പേ നിലവിലുള്ളതാണ് എന്നര്‍ഥം. വിവാഹകാര്യത്തില്‍ ശരീഅത്ത് പ്രകാരം തീരുമാനങ്ങളെടുക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ടെങ്കില്‍ വിവാഹപ്രായത്തിന്റെ വിഷയത്തിലും ശരീഅത്ത് അനുശാസനകള്‍ പ്രകാരം തീരുമാനങ്ങളെടുക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. പ്രസ്തുത അവകാശം അംഗീകരിക്കാതിരിക്കുന്നത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമായിരിക്കും.

ലൈംഗികാസ്വാദനത്തിനു വേണ്ടിയുള്ള കേവലമൊരു ലൈസന്‍സ് എന്നതിലുപരിയായി വിവാഹം ജീവിത വിമലീകരണത്തിനുവേണ്ടിയുള്ള ഒരു വിശുദ്ധ കര്‍മമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവിവാഹിതരെ വിവാഹം കഴിപ്പിക്കാന്‍ ക്വുര്‍ആന്‍ മുസ്‌ലിംകളോട് ആവശ്യപ്പെടുന്നു.(31) വിവാഹത്തിന് കഴിയുന്നവര്‍ വിവാഹത്തിലേർപ്പെടണമെന്നും അത് കണ്ണിനെയും ലൈംഗികാവയവത്തെയും തിന്മകളില്‍നിന്ന് സംരക്ഷിക്കുമെന്നും യുവാക്കളെ ഉപദേശിച്ച മുഹമ്മദ് നബി (സ) വിവാഹത്തിന് കഴിയാത്തവര്‍ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനായി നോമ്പെടുക്കാനാണ് കല്‍പിച്ചിട്ടുള്ളത്.(32) ചാരിത്ര്യശുദ്ധിയാഗ്രഹിച്ചുകൊണ്ട് വിവാഹിതനാവുന്നവനെ സഹായിക്കേണ്ടത് ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നവനെയും മോചനപത്രമെഴുതിയ അടിമയെയും സഹായിക്കുന്നത് പോലെ തന്റെ ബാധ്യതയായി അല്ലാഹു ഏറ്റെടുത്തിരിക്കുന്നുവെന്നാണ് നബി(സ) നല്‍കിയ സന്തോഷ വാര്‍ത്ത.(33) വിവാഹിതരാവാതെ വിശുദ്ധ ജീവിതം നയിക്കുകയെന്ന ബ്രഹ്മചര്യം ശരിയല്ലെന്നും വൈവാഹിക ജീവിതത്തിലൂടെ ലൈംഗിക സംതൃപ്തി നേടുകയും നല്‍കുകയും ചെയ്യേണ്ടത് പ്രവാചകചര്യയനുസരിക്കുന്നവരുടെ ബാധ്യതയാണെന്നുമാണ് നബി (സ) പഠിപ്പിച്ചത്.(34) മതത്തിന്റെയും വിശ്വാസത്തിന്റെയും പൂര്‍ണതയ്ക്ക് വൈവാഹിക ജീവിതം അനിവാര്യമാണെന്നാണ് ‘ഒരു ദാസന്‍ വിവാഹിതനായാല്‍ അയാളുടെ മതത്തിന്റെ പകുതി പൂര്‍ത്തിയാക്കി; ബാക്കി പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ’(35)യെന്ന നബിവചനം വ്യക്തമാക്കുന്നത്. സ്വന്തം ഇണയുമായി നടത്തുന്ന ലൈംഗികബന്ധം അല്ലാഹു പ്രതിഫലം നല്‍കുന്ന സല്‍കര്‍മമാണെന്ന് പഠിപ്പിച്ച മുഹമ്മദ് നബി(സ)യേക്കാള്‍(36) ലൈംഗികതയെ സർഗാത്മകമായും ക്രിയാത്മകമായും കണ്ട ആത്മീയാചാര്യനുണ്ടോയെന്ന ചോദ്യത്തിന് ഇല്ലായെന്നു തന്നെയാണുത്തരം.

ബ്രഹ്മചര്യത്തെ നിരോധിക്കുകയും(37) വിവാഹത്തിലൂടെയുള്ള ലൈംഗികാസ്വാദനത്തെ ദൈവതൃപ്തിക്ക് പാത്രമാവുന്ന സല്‍പ്രവര്‍ത്തനമായി പഠിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബി(സ)യുടെ ജീവിത മാതൃക അനുധാവനം ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം വിവാഹം ഒരു മതകര്‍മമാണ്. ദൈവവചനമായ ക്വുര്‍ആനിന്റെയും ദൈവികബോധനപ്രകാരമുള്ള ജീവിതമായ നബിചര്യയുടെയും അടിസ്ഥാനത്തില്‍ എപ്പോഴെന്നും എങ്ങനെയെന്നുമെല്ലാം തീരുമാനിക്കപ്പെടേണ്ടതായ മതകര്‍മം.

വ്യക്തികളുടെ ലൈംഗികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ശക്തമായി പഠിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാം. ഇണകളുടെ തെരഞ്ഞെടുപ്പില്‍ പരസ്പരമുള്ള ഇഷ്ടത്തിന് പ്രധാനപ്പെട്ട പരിഗണന നല്‍കണമെന്നാണ് പ്രവാചകനിര്‍ദേശം. തന്റെ സംരക്ഷണയിലുള്ള അനാഥപെണ്‍കുട്ടിയെ വിവാഹാലോചന നടത്തിയ രണ്ടുപേരില്‍ ധനികനെയാണ് തനിക്കിഷ്ടമെന്നും എന്നാല്‍ ദരിദ്രനോടാണ് അവള്‍ക്ക് താല്‍പര്യമെന്നും അറിയിച്ചുകൊണ്ട് അവളെ ആര്‍ക്കു വിവാഹം ചെയ്തുകൊടുക്കണമെന്ന് അഭിപ്രായമാരാഞ്ഞ അനുചരനോട് “പരസ്പരം ഇഷ്ടപ്പെട്ടവര്‍ക്ക് വിവാഹമല്ലാതെ മറ്റൊന്നും ഗുണകരമായി തെളിയിക്കപ്പെട്ടിട്ടില്ല”യെന്നതായിരുന്നു പ്രവാചകന്റെ(സ) മറുപടി.(38) ഒരാള്‍ വിവാഹമന്വേഷിച്ച് വന്നാല്‍ അയാളുടെ മതബോധത്തിലും സ്വഭാവചര്യകളിലും നിങ്ങള്‍ സംതൃപ്തരാണെങ്കില്‍ അയാള്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കണമെന്നും അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ വമ്പിച്ച കുഴപ്പങ്ങളും നാശനഷ്ടങ്ങളുമാണുണ്ടാവുകയെന്നും പഠിപ്പിച്ച മുഹമ്മദ് നബി(സ)(39), ഇഷ്ടപ്പെട്ടവര്‍ തമ്മില്‍ ഇണകളായിത്തീരുവാനുള്ള അവസരമൊരുക്കണം എന്നുതന്നെയാണ് വിശ്വാസികളെ തെര്യപ്പെടുത്തുന്നത്. സ്വന്തം ഇണയുമായുള്ള സംസര്‍ഗത്തില്‍ താല്‍പര്യം കാണിക്കാതെ നമസ്‌കാരത്തിലും വ്രതാനുഷ്ഠാനത്തിലും നിമഗ്നനായി ആത്മീയോല്‍കര്‍ഷം നേടാമെന്ന് ധരിച്ച ഉഥ്മാനുബ്‌നു മദ്വ്ഊനി(റ)നോട് ”താങ്കള്‍ എന്റെ ചര്യയെ അവഗണിക്കുകയാണോ” എന്ന് ഗുണദോഷിക്കുകയും ”താങ്കള്‍ക്ക് താങ്കളുടെ ശരീരത്തോടും ഇണകളോടുമെല്ലാം ബാധ്യതകളുണ്ട്”(40) എന്ന് പഠിപ്പിക്കുകയും ചെയ്ത പ്രവാചകന്‍ (സ) ഒരാളുടെ ലൈംഗികാവകാശങ്ങളെ ഹനിക്കാന്‍ സ്വന്തം ഇണക്കുപോലും അവകാശമില്ലെന്നാണ് നിഷ്കർഷിക്കുന്നത്. ലൈംഗികശേഷിയില്ലാത്ത പുരുഷനില്‍നിന്ന് വിവാഹമോചനം നേടാന്‍ സ്ത്രീകളെ അനുവദിക്കുകയും(41) അങ്ങാടിയില്‍നിന്ന് ഏതെങ്കിലും സ്ത്രീകളെ കണ്ട് പ്രലോഭിതനായാല്‍ തന്റെ ഇണയ്ക്കടുത്തെത്തി തന്റെ തൃഷ്ണ തീര്‍ക്കണമെന്ന് ഉപദേശിക്കുകയും(42) അടുപ്പിനടുത്താണെങ്കില്‍ പോലും ഇണയുടെ ലൈംഗികതാല്‍പര്യങ്ങളെ അവഗണിക്കരുതെന്ന് പഠിപ്പിക്കുകയും(43) ചെയ്ത പ്രവാചകന്‍(സ) സ്ത്രീക്കും പുരുഷനുമെല്ലാം ലൈംഗികാവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കുകയും അവ നേടുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തെര്യപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

വ്യക്തികളുടെ ലൈംഗികാവകാശങ്ങളില്‍പെട്ടതാണ് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ മാത്രം ഇണയായി സ്വീകരിക്കാനുള്ള അവകാശം. ഈ രംഗത്ത് പ്രലോഭനങ്ങളൊന്നുമുണ്ടായിക്കൂടെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. വിവാഹാന്വേഷണം നടത്തുന്നവര്‍ ഇണയെ കാണണമെന്നും(44) വിവാഹയോഗ്യയാണെന്ന് ബോധ്യപ്പെടും വരെ കാഴ്ച തുടരാമെന്നും(45) ഇണയെ കാണുന്നത് ഇണകള്‍ രണ്ടുപേര്‍ക്കുമിടയില്‍ സ്വരച്ചേര്‍ച്ചയുണ്ടാക്കുന്നതിന് ഉപകരിക്കുമെന്നുമാണ്(46) പ്രവാചകനിര്‍ദേശം. പുരുഷന്‍ സ്ത്രീയുടെ പിതാവിനോടോ രക്ഷിതാക്കളോടോ ആണ് വിവാഹാലോചന നടത്തേണ്ടത് എന്നതിനാല്‍ അവളുടെ സമ്മതമില്ലാതെ അവളെ ആര്‍ക്കും വിവാഹം ചെയ്തുകൊടുക്കരുതെന്ന് പ്രവാചകന്‍ (സ) പിതാക്കളോട്/രക്ഷിതാക്കളോട് പ്രത്യേകം കല്‍പിച്ചതായി കാണാന്‍ കഴിയും. കന്യകയേയും വിധവയേയുമെല്ലാം അവേരാട് ചോദിച്ച ശേഷമായിരിക്കണം മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കേണ്ടതെന്നാണ് മുഹമ്മദ് നബി (സ) നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.(47) വിധവകള്‍ കാര്യപ്രാപ്തിയുള്ളവരും അനുഭവസമ്പത്തുള്ളവരുമായതിനാല്‍ അവരോട് വിവാഹകാര്യം കൂടിയാലോചിക്കണമെന്നും സ്വന്തം കാര്യത്തില്‍ അവര്‍ക്ക് രക്ഷാകര്‍ത്താക്കളേക്കാള്‍ അവകാശമുണ്ടെന്നും കന്യകയോടും സമ്മതം ചോദിക്കണമെന്നും അവള്‍ മൗനം അവലംബിക്കുകയാണെങ്കില്‍ അത് സമ്മതമായി കണക്കാക്കണമെന്നുമെല്ലാം നിഷ്‌കര്‍ഷിച്ച പ്രവാചകന്‍ (സ) സ്വന്തം ഇണയെ തീരുമാനിക്കാനും തിരസ്‌കരിക്കാനുമുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് സമൂഹത്തെ തെര്യപ്പെടുത്തിയിരിക്കുന്നത്.(48) സ്വന്തം ഇഷ്ടപ്രകാരമല്ലാതെ, അറേബ്യന്‍ ഗോത്രവര്‍ഗരീതിയനുസരിച്ച് വിവാഹം ചെയ്യപ്പെട്ടവര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വിവാഹബന്ധം തുടരാനോ ബന്ധം അവസാനിപ്പിച്ച് വിവാഹമോചനം നേടാനോ ഉള്ള സ്വാതന്ത്ര്യം മുഹമ്മദ് നബി (സ) നല്‍കിയ ഒന്നിലധികം സംഭവങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങള്‍ നിവേദനം ചെയ്തിട്ടുണ്ട്.(49) തന്റെ ഇണ ആരായിരിക്കണമെന്ന് തീരുമാനിക്കാന്‍ പുരുഷനും സ്ത്രീക്കും അവകാശം നല്‍കിയ ഇസ്‌ലാം വളരെ പ്രധാനപ്പെട്ടതും ചരിത്രത്തിലുടനീളം അവഗണിക്കപ്പെട്ടുപോന്നതുമായ ഒരു ലൈംഗികാവകാശമാണ് വകവെച്ചുനല്‍കിയത്.

എപ്പോഴാണ് വിവാഹം വേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പുരുഷനും സ്ത്രീക്കുമാണെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. വ്യക്തിപരമായ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുകയും മതത്തിന്റെ പകുതി പൂര്‍ത്തിയാക്കുകയുമാണ് ഒരു മുസ്‌ലിംമിനെ സംബന്ധിച്ചടത്തോളം തന്റെ വിവാഹ ലക്ഷ്യമെന്നതിനാല്‍ എപ്പോള്‍ വിവാഹിതരാകണമെന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്; വിവാഹിതരാകുന്നതുവരെ ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ വ്യക്തിപരമായി വിവാഹം നീട്ടിവെക്കുന്നവര്‍ ബാധ്യസ്ഥരാണെന്ന് മാത്രമേയുള്ളു. വൈയക്തികമായ കാരണങ്ങളാല്‍ വിവാഹം നീട്ടിവെക്കേണ്ടി വരുന്നവര്‍ തങ്ങളുടെ കണ്ണും കാതും മനസ്സും വിമലമായി സൂക്ഷിക്കാന്‍ പോന്ന രീതിയില്‍ വ്രതമനുഷ്ഠിക്കണമെന്നാണ് പ്രവാചകന്‍ (സ) നിര്‍ദേശിച്ചിരിക്കുന്നത് എന്ന വസ്തുത നല്‍കുന്ന വെളിച്ചം എന്തിന്, എപ്പോള്‍, വിവാഹമെന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാന്‍ പര്യാപ്തമാണ്.

താന്‍ എപ്പോഴാണ് വിവാഹിതനാവേണ്ടതെന്ന് തീരുമാനിക്കാന്‍ പുരുഷന് അവകാശമുള്ളതുപോലെ, രക്ഷിതാവുമായി കൂടിയാലോചിച്ച ശേഷം തന്റെ വിവാഹപ്രായം തീരുമാനിക്കാന്‍ സ്ത്രീയ്ക്കും അനുവാദമുണ്ട്. തന്റെ മകളെ എപ്പോഴാണ് വിവാഹം ചെയ്ത് അയക്കേണ്ടതെന്ന് തീരുമാനിക്കുന്നത് പിതാവാണെങ്കിലും അവള്‍ക്ക് അതിന് സമ്മതമുണ്ടോയെന്ന് ആരായുകയും സമ്മതമില്ലെങ്കില്‍ അതില്‍നിന്ന് പിന്‍മാറുകയും ചെയ്യേണ്ടത് അയാളുടെ ബാധ്യതയാണ്. വിവാഹിതയാകുന്നത് വരെ സ്വന്തം പാതിവ്രത്യത്തിന് കളങ്കമുണ്ടാകുന്ന വാക്കോ നോട്ടമോ പ്രവര്‍ത്തനങ്ങളോ ഇല്ലാതെ സൂക്ഷിക്കാന്‍ അവളും അങ്ങനെയൊന്നും ഉണ്ടാകാതെ സംരക്ഷിക്കാന്‍ അയാളും ബാധ്യസ്ഥരാണെന്നു മാത്രമേയുള്ളു.

തന്റെ മകളുടെ ലൈംഗികവിശുദ്ധി കളങ്കപ്പെടുമെന്ന് ആശങ്കിക്കുന്ന ഒരാള്‍, അവളുടെ സമ്മതത്തോടെ അവളെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നതിന് പ്രായം മാനദണ്ഡമാക്കേണ്ടതില്ലെന്നു തന്നെയാണ് ഇസ്‌ലാമിന്റെ പക്ഷം. ഇതില്‍ തീരുമാനമെടുക്കേണ്ടത് അവളും പിതാവും തന്നെയാണ്. ഈ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് ഒരാളുടെ ലൈംഗികാവകാശത്തിനു നേരെയുള്ള വെല്ലുവിളിയായാണ് കാണേണ്ടത് എന്നാണ് ഇസ്‌ലാമികപ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഒരാള്‍ക്ക് അതിശക്തമായ ലൈംഗികാഭിനിവേശമുണ്ടാവുകയും ലൈംഗികാസ്വാദനം മൂലമുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കാന്‍ അയാള്‍ സന്നദ്ധമാവുകയും ചെയ്തിട്ടും ലൈംഗികാസക്തിയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ നിയമപരവും വിശുദ്ധവും പ്രകൃതിപരവുമായ ഒരേയൊരു മാര്‍ഗം അയാളുടെ മുമ്പില്‍ കൊട്ടിയടക്കുന്നതിനേക്കാള്‍ വലിയ മനുഷ്യാവകാശ ലംഘനമെന്താണുള്ളത്?

പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ യാതൊരു നിബന്ധനയും വെക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. തനിക്ക് വൈവാഹിക ജീവിതം നയിക്കാന്‍ മാനസികവും ശാരീരികവുമായ പ്രാപ്തിയുണ്ടാകുന്നതുവരെ വിവാഹം നീട്ടിവെക്കാന്‍ അവള്‍ക്കും പിതാവിനും അവകാശമുണ്ടെന്നു തന്നെയാണ് പ്രവാചകജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. പ്രവാചകപത്‌നിമാര്‍ക്കിടയിലെ ഒരേയൊരു കന്യകയായിരുന്ന ആയിശ(റ)യുമായി പ്രവാചകന്‍ (സ) തന്റെ വൈവാഹിക ജീവിതമാരംഭിക്കുന്നത് അവര്‍ക്ക് ഒമ്പതു വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു.(50) എന്നാല്‍, പ്രവാചകപുത്രിയായ ഫാത്വിമയും പ്രവാചകന്റെ പിതൃവ്യപുത്രനായ അലിയും(റ) തമ്മിലുള്ള വൈവാഹിക ജീവിതം ആരംഭിച്ചത് പതിനെട്ടാമത്തെ വയസ്സിലായിരുന്നു എന്ന് ചരിത്രകാരന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.(51) അതിനുമുമ്പ് ഫാത്വിമ(റ)യെ വിവാഹമാലോചിച്ച അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നീ അരുമ ശിഷ്യന്‍മാരോട് അവള്‍ ചെറുപ്പമാണെന്ന് പറഞ്ഞ് അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ സന്നദ്ധമാകാതിരിക്കുകയാണ് നബി (സ) ചെയ്തത്.(52) ഇവയില്‍നിന്ന്, ഒരുവളുടെ പാകതയും പക്വതയും വൈവാഹിക ജീവിതത്തിന്റെ അനിവാര്യതയും പരിഗണിച്ചുകൊണ്ട് അവരുടെ വിവാഹപ്രായം നിശ്ചയിക്കാനും നീട്ടിവെക്കാനും അവള്‍ക്കും രക്ഷിതാക്കള്‍ക്കും അവകാശമുണ്ടെന്ന വസ്തുത വ്യക്തമാകുന്നുണ്ട്.

ഇന്നത്തെ ലോകക്രമമനുസരിച്ച്, വൈവാഹിക ജീവിതമാരംഭിക്കുന്നതിനുമുമ്പ് പുരുഷനും സ്ത്രീയും അവര്‍ക്കാവശ്യമായ ഭൗതികവും ആത്മീയവുമായ വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കുന്നതുതന്നെയാണ് അഭികാമ്യം. ഔദ്യോഗിക ജീവിതം ആഗ്രഹിക്കാത്ത സ്ത്രീകള്‍ പോലും ആവശ്യമായ വിദ്യാഭ്യാസം നേടേണ്ടത് അവരുടെ കുടുംബജീവിതത്തിനും കുട്ടികളുടെ വൈജ്ഞാനിക പരിചരണത്തിനും സാമൂഹ്യബോധമുണ്ടാകുന്നതിനുമെല്ലാം അനിവാര്യമാണ്. വൈവാഹിക ജീവിതം ആരംഭിച്ചുകഴിഞ്ഞാല്‍, പലപ്പോഴും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം തുടരാനാവാത്ത സ്ഥിതിവിശേഷമാണുണ്ടാവുക. മാതൃത്വത്തിന്റെ ഉന്നതമായ ഉത്തരവാദിത്തമേറ്റെടുക്കുന്നവര്‍ക്ക് സ്വയംപഠനത്തേക്കാളധികം ഉമ്മയുടെ ബാധ്യതാനിര്‍വഹണത്തിന് പ്രാധാന്യം നല്‍കേണ്ടതായും ഭര്‍തൃപരിചരണത്തിനും കുടുംബ ഭരണത്തിനും തന്നെ തന്റെ സമയം തികയാതെ വരികയും ചെയ്യുന്ന അവസ്ഥയുണ്ടാകാവുന്നതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ സാഹചര്യത്തില്‍ പഠനം കഴിയുന്നത് വരെ വിവാഹിതരാകേണ്ടതില്ലെന്ന് തീരുമാനിക്കുകയും അതുവരെ പഠനകാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതുതന്നെയാണ് അഭികാമ്യമായ നടപടി. പക്ഷെ അത് തീരുമാനിക്കേണ്ടത് പെണ്‍കുട്ടിയും അവളുടെ രക്ഷിതാക്കളുമാണ്. അവരെ അതിന് പ്രേരിപ്പിക്കുന്നതിനുള്ള ബോധവല്‍കരണ നടപടികളും വിവാഹേതര ലൈംഗികാസ്വാദനത്തിലേക്ക് നയിക്കുന്ന സാമൂഹ്യസാഹചര്യങ്ങളുടെ നിർമ്മൂലനവുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെയ്യാനാവുന്ന നടപടികള്‍. ഇതൊന്നും ചെയ്യാതെ, ലൈംഗികോത്തേജനത്തിന് നിമിത്തമാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ വിപണീവിദഗ്ധര്‍ക്ക് സകലവിധ സ്വാതന്ത്ര്യവും നല്‍കുകയും വിവാഹേതര ലൈംഗികാസ്വാദനങ്ങള്‍ക്കുള്ള യഥേഷ്ടം അവസരങ്ങളുണ്ടാക്കുകയും ചെയ്യുകയും ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം സ്വീകരിക്കുന്നവര്‍ക്ക് മാത്രം ശിക്ഷ വിധിക്കുകയും ചെയ്യുന്നത് ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാണ്. വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ജനാധിപത്യക്രമത്തില്‍നിന്ന് അത്തരമൊരു മനുഷ്യാവകാശ ലംഘനമുണ്ടാകുന്നത് നാണക്കേടാണ്.

തന്റെ മതജീവിതത്തിന്റെ പൂര്‍ണതയ്ക്കും ലൈംഗികവിശുദ്ധിയില്‍നിന്ന് വ്യതിചലിക്കാതിരിക്കുന്നതിനും വൈവാഹികജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മതജീവിതത്തിന്റെ ഭാഗമായതിനാല്‍ അത് ഹനിക്കുന്ന രീതിയിലുള്ള നിയമനടപടികളുണ്ടാകരുതെന്ന് രാജ്യത്തോട് ആവശ്യപ്പെടുന്നത് നിയമം അനുസരിച്ചുകൊണ്ട് ജീവിക്കുന്ന നല്ല പൗരന്‍മാരായിത്തന്നെ നിലനില്‍ക്കണമെന്ന് മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ലൈംഗികജീവിതം അനിവാര്യമായിത്തീരുന്ന സാഹചര്യത്തിൽ അതിന്ന് വിവാഹമല്ലാതെ മറ്റൊരു മാർഗ്ഗവും അനുവദനീയമല്ലാത്ത മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വിവാഹപ്രായപരിഷ്കരണം ഏറെ പ്രയാസകരമാവുമെന്നതിൽ സംശയമില്ല. വിവാഹേതരബന്ധങ്ങൾക്ക് നിർബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളിൽ നിന്ന് പൂർണ്ണമായിത്തന്നെ മാറി നിൽക്കണമെന്നാണ് ഇസ്‌ലാം നിഷ്കർഷിക്കുന്നത്. വിദ്യാഭ്യാസത്തിനും ജോലിക്കും പ്രാധാന്യം നൽകുന്നവർക്ക് അതും കുടുംബജീവിതമാണ് കാമ്യമെന്ന് കരുതുന്നവർക്ക് അതും തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടാവുമ്പോഴാണ് ജനാധിപത്യക്രമത്തിലാണ് നാം ജീവിക്കുന്നതെന്ന് പറയാനാവുക. നിയമം അപ്രായോഗികമാകുമ്പോൾ നിയമലംഘനങ്ങൾ വർധിക്കും. അത്തരം നിയമലംഘനങ്ങളാകട്ടെ പെണ്ണിനെയാണ് കൂടുതൽ പ്രയാസപ്പെടുത്തുക. വിവാഹത്തിന് പുറത്തുള്ള ലൈംഗികവേഴ്ചകളെല്ലാം പതിനെട്ട് വയസ്സ് മുതൽ അനുവദിക്കുകയും വിവാഹത്തിന് ഇരുപത്തിയൊന്ന് വരെ കാത്തിരിക്കുകയും വേണമെന്ന നിയമം അപ്രായോഗികവും മാനവവിരുദ്ധവും അധാർമികവുണെന്നും നിയമലംഘനങ്ങൾക്ക് അത് വഴിവെക്കുമെന്നും ഇന്ത്യയിലെ സ്ത്രീകൾക്ക് അത് പ്രയാസങ്ങൾ മാത്രമേ പ്രദാനം ചെയ്യൂവെന്നും പറയുന്നത് അതുകൊണ്ടാണ്.

കുറിപ്പുകള്‍:

29. The Constitution of India, Part III, Fundamental Rights, Article 25.
30. The Muslim Personal Law (Shariat) Application Act 1937, (26 of 1937), 2010, Delhi, Page 3.
31. വിശുദ്ധ ക്വുര്‍ആന്‍ 24: 32.
32. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം.
33. അഹ്‌മദ്, തിര്‍മിദി, നസാഈ; സ്വഹീഹുല്‍ ജാമിഅ് 3050.
34. അഹ്‌മദ്, ഇബ്‌നുഹിബ്ബാന്‍, ത്വബ്റാനി; ഇര്‍വാഉല്‍ഗലീല്‍ 2015.
35. ത്വബ്‌റാനി; സ്വഹീഹുല്‍ ജാമിഅ് 430.
36. സ്വഹീഹു മുസ്‌ലിം.
37. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം.
38. ഇബ്‌നുമാജ, ഹാകിം, അസ്‌സ്വഹീഹ 624.
39. തിര്‍മിദി, ഇബ്‌നുമാജ,
അസ്‌സ്വഹീഹ 1022.
40. അഹ്‌മദ്, അബൂദാവൂദ്; ഇര്‍വാഉല്‍ ഗലീല്‍ 2015.
41. സ്വഹീഹുല്‍ ബുഖാരി.
42. സ്വഹീഹു മുസ്‌ലിം.
43. തിര്‍മിദി, അഹ്‌മദ്; അസ്‌സ്വഹീഹ 1202.
44. സ്വഹീഹു മുസ്‌ലിം.
45. അബൂദാവൂദ്, അഹ്‌മദ്; ഇര്‍വാഉല്‍ ഗലീല്‍ 1791.
46. അഹ്‌മദ്‌, ഹാകിം; അസ്‌സ്വഹീഹ 96.
47. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം.
48. സ്വഹീഹു മുസ്‌ലിം.
49. ഇബ്‌നുമാജ; സ്വഹീഹ് ഇബ്‌നുമാജ 1520 സ്വഹീഹുല്‍ ബുഖാരി, അഹ്‌മദ്‌ ഇര്‍വാഉല്‍ ഗലീല്‍ 1835.
50. സ്വഹീഹുല്‍ ബുഖാരി.
51. താരീഖുത്ത്വബ്‌രി; കിതാബുത്ത്വബഖാത്, ഇബ്‌നു സഅദ്, 8/11.
52. നസാഈ: സ്വഹീഹു നസാഈ 3221.

(അവസാനിച്ചു)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.