“നാളത്തെ കല്യാണം അടിച്ചു പൊളിക്ക്” എന്ന് കേട്ട്, നമ്മളാരും കല്യാണ മണ്ഡപവും, സ്റ്റേജും കസേരയും ബിരിയാണി ചെമ്പും, കല്യാണ ചെക്കനെയും വീട്ടുകാരെയും ഒന്നും ഇത് വരെ *അടിച്ച് പൊളിച്ചി*ട്ടില്ല. “അടിയും” “പൊളിയു”മായി “അടിച്ചുപൊളിക്ക്” യാതൊരു ബന്ധവുമില്ല. പദങ്ങൾ സൂചിപ്പിക്കുന്ന അർത്ഥമല്ല ആ പ്രയോഗം കൊണ്ട് നാം ഉദ്ദേശിക്കുന്നതും മനസ്സിലാക്കുന്നതും. തീർത്തും വ്യത്യസ്തമായ മറ്റൊരു ആശയമാണ്. “അടി”, “പൊളി” എന്ന പദങ്ങൾ സൂചിപ്പിക്കുന്ന ഹിംസാത്മകമായ ആശയങ്ങൾ വല്ലതും “അടിപൊളി” എന്ന പ്രയോഗത്തിൽ ഉദ്ദേശിക്കപ്പെടുന്നുണ്ടോ? തീർച്ചയായും ഇല്ല. മൂലാർത്ഥത്തിൽ നിന്നും വളരെ അകന്ന ഒരു അർത്ഥത്തിലാണ് ഇന്ന് നാം ഈ പ്രയോഗം ഉപയോഗിക്കുന്നത്. “അടിക്കുക”, “പൊളിക്കുക” തുടങ്ങിയ ആക്ഷേപാർഹമായ/ അനുചിതമായ ധ്വനി “അടിച്ചു പൊളിക്കൂ” എന്ന കൽപ്പനയിൽ നിലനിൽക്കുന്നില്ല. മൂല അർത്ഥത്തിൽ നിന്നും അകന്നതൊ എതിരായതൊ ആയ ആശയത്തിലുള്ള ഇത്തരം പ്രയോഗങ്ങൾ സംസാരഭാഷയിൽ സർവ്വസാധാരണമാണ്.
സമാനമായ ചില പദങ്ങളും പ്രയോഗങ്ങളും നമ്മുക്കൊന്ന് പരിശോധിക്കാം.
“താറു മാറായി” എന്ന പ്രയോഗമെടുക്കുക. താറ് എന്നാൽ പണ്ടു കാലത്ത് കേരളത്തിലെ സ്ത്രീകൾ ഉപയോഗിച്ചിരുന്ന അടിവസ്ത്രമാണ്. മാറ് എന്നാൽ സ്ത്രീകൾ മാറിലിടുന്ന വസ്ത്രം. അപ്പോൾ പദാനുപദ അർത്ഥപ്രകാരം “താറു മാറായി” എന്നു പറഞ്ഞാൽ അടിവസ്ത്രം മാറിലിടുന്ന വസ്ത്രത്തിൻ്റെ സ്ഥാനത്തായി. മാറിലിടുന്ന വസ്ത്രം അടിവസ്ത്രത്തിൻ്റെ സ്ഥാനത്തുമായി. “താറുമാറായി” എന്ന് ഇന്നു നാം പറയുമ്പോൾ ഉദ്ദേശിക്കുന്നത് കാര്യങ്ങൾ പരസ്പരം കുഴഞ്ഞു മറിഞ്ഞു, അവതാളത്തിലായി എന്നൊക്കെയാണ്. “താറു മാറായി” എന്ന പ്രയോഗത്തിൻ്റെ പദാർത്ഥം ധ്വനിപ്പിക്കുന്ന അനുചിതമൊ/ അശ്ലീലമൊ ആയ വല്ല അർത്ഥവും, നാം “താറു മാറായി” എന്ന് പറയുമ്പോൾ ഉദ്ദേശിക്കപ്പെടുന്നുണ്ടോ? ഇന്ന് നാം “താറു മാറായി” എന്ന് പറയുമ്പോൾ നാം അക്ഷേപിക്കപ്പെടുമൊ? തീർച്ചയായും ഇല്ല. കാരണം, കാലാന്തരത്തിൽ അതൊരു അംഗീകൃതവും സാഹചര്യാർത്ഥത്തിലുമുള്ള പ്രയോഗമായി പരിഗണിച്ചു കഴിഞ്ഞു.
“താറടിച്ചു” എന്ന പ്രയോഗമാണ് അടുത്തത്. മുമ്പ് സൂചിപ്പിച്ചത് പോലെ, താറു കൊണ്ട് ഉദ്ദേശിക്കുന്നത് അടിവസ്ത്രമാണ്. അടിവസ്ത്രം അടിക്കുക, മുട്ടുക എന്നൊക്കെയാണ് പദാർഥം. പക്ഷെ “അവമതിക്കുക” എന്ന അശ്ലീലമായ അർത്ഥത്തിലാണ് ഇന്ന് നാം ഈ പ്രയോഗം ഉപയോഗിക്കുന്നത്.
അടുത്തതായി “കുംഭകോണം” എന്ന പദം എടുക്കാം:
നാ. തമിഴ്നാട്ടിലെ ഒരു പുണ്യസ്ഥലം (പ്ര.) കുംഭകോണംവരാഹൻ = ഒരു പഴയനാണയം, ഇരുപത് അഥവാ ഇരുപത്തൊന്നു പണം
പ്ര. തട്ടിപ്പ്, വെട്ടിപ്പ്, അഴിമതി, കോഴവാങ്ങൽ
(https://olam.in/dictionary)
തമിഴ്ന്നാട്ടിലെ ശൈവ ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് പദത്തിൻ്റെ ഉൽഭവം. ഹിന്ദു ദൈവങ്ങളായ ശിവനും വിഷ്ണുവും തമ്മിലുള്ള സംഘട്ടനവുമായി ബന്ധപ്പെട്ട് പലതരം കഥകൾ ഈ പദത്തിൻ്റെ ഉൽപ്പത്തിയായി പറയപ്പെടാറുണ്ട്. എന്നാൽ നമ്മളിന്ന് “കുംഭകോണം” എന്ന് പ്രയോഗിക്കാറുള്ളത് തട്ടിപ്പ്, വെട്ടിപ്പ്, അഴിമതി, കോഴവാങ്ങൽ എന്നിവയെ ഉദ്ദേശിച്ചാണ്. ശിവനുമായൊ അമ്പലവുമായൊ യാതൊരു ബന്ധവും പദത്തിന് ഉദ്ദേശിക്കപ്പെടാറില്ല.
“തകര്‍ന്നു തരിപ്പണമായി” എന്ന പ്രയോഗം എടുക്കുക:
തരിപ്പണം:
1 നാ.
വറുത്തുപൊടിച്ച അരി (മലർപ്പൊടി)
പൊടി (പ്ര.) തരിപ്പണം വയ്ക്കുക = ചില ക്ഷുദ്രദേവതകൾക്ക് നിവേദ്യമായി തരിപ്പണം അർപ്പിക്കുക
തരിപ്പണം
(https://olam.in/dictionary/malayalam)
ക്ഷുദ്രദേവതകൾക്ക് നിവേദ്യമായി അർപ്പിക്കപ്പെടുന്ന വറുത്തരച്ച അരിയൊന്നുമല്ല, “തകര്‍ന്നു തരിപ്പണമായി” എന്ന് പറയുമ്പോൾ നാം ഉദ്ദേശിക്കുന്നത്. തകരുക, നശിക്കുക തുടങ്ങിയ അർത്ഥത്തിലുള്ള ഒരു സാധാരണ പ്രയോഗം മാത്രമായി ഇത് മാറിയിരിക്കുന്നു.
അകന്നിരിക്കുന്ന (അഥവാ മാറി ഇരിക്കുന്ന) സ്തനങ്ങൾ ഉള്ള ഭാഗമാണ് മാറിടം. മാറുക എന്നാൽ അകലുക, നിങ്ങുക എന്നൊക്കെയാണല്ലൊ. “മാറ്” എന്ന് നാം പറയുമ്പോൾ നെഞ്ച് എന്നെ ഉദ്ദേശിക്കാറുള്ളു. സ്തനങ്ങളെ ഉദ്ദേശത്തിൽ ഉൾപ്പെടുത്താറില്ല.
ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറിയുള്ള നൃത്തരൂപം അല്ലെങ്കിൽ കളിയാണ്, കഥകളിയുടെ ഭാഗമായ മാറാട്ടം എന്ന് കരുതാം. “ആൾ മാറാട്ടം” എന്ന് നാം പറയുമ്പോൾ ഈ കലാരൂപത്തെ ഉദ്ദേശ്യത്തിൽ ഉൾപ്പെടുത്താറില്ല. എന്നു മാത്രമല്ല, “മാറാട്ടം” എന്നത് നല്ലതിനെയും ആൾ “മാറാട്ടം” – നേർ വിപരീതമായി – തിന്മയെയും സൂചിപ്പിക്കുന്നു.
“കട്ടപ്പൊകയായി’ എന്ന പദം, ചിതയിൽ നിന്നുയർന്ന ശക്തമായ പുകയെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് പറയപ്പെടുന്നു. “കട്ടപ്പൊകയായി” നാം ഇന്ന് പറയുമ്പോൾ, “കഷ്ടത്തിലായി” എന്നെ ഉദ്ദേശിക്കുന്നുള്ളു.
വലുത് എന്ന അർത്ഥത്തിൽ “എമണ്ടന്‍” (ഇപ്പോൾ ഗമണ്ടൻ) എന്ന് നാം പറയാറുണ്ട്. “എംഡന്‍” എന്ന ജര്‍മ്മന്‍ മുങ്ങിക്കപ്പലില്‍ നിന്നുമാണ് എമണ്ടന്‍ എന്ന വാക്ക് രൂപാന്തരപ്പെട്ടത് എന്ന് പറയപ്പെടുന്നു. പക്ഷെ “എമണ്ടന്‍” അല്ലെങ്കിൽ “ഗമണ്ടൻ” കുന്ന് എന്ന് നാം പറയുന്നതിൻ്റെ പേരിൽ, ജെർമൻ നാസികളെ പുകഴ്ത്തുന്നവരായി ആരും നമ്മെ ആക്ഷേപിക്കാറില്ല.
“പണ്ടാരമടങ്ങുക” എന്ന പ്രയോഗത്തിലും ഒരു മൂലചരിത്രമുണ്ട് എന്ന് പറയപ്പെടുന്നു.
പണ്ടാരം എന്നാൽ കലവറ. പണ്ട് കോളറ ബാധിച്ചവരെ പണ്ടാരത്തിൽ (കലവറ) പൂട്ടിയിടുമായിരുന്നു. അവർ അവിടെ തന്നെ കിടന്ന് മരണപ്പെടുകയും ചെയ്യുകയാണ് പതിവ്. അഥവാ ജീവിതം കലവറയിൽ അടങ്ങുക. പണ്ടാരമടങ്ങുക. എന്നാൽ ഈ ഇരുണ്ട വശമൊന്നും ഇന്നത്തെ കാലത്ത്, “പണ്ടാരമടങ്ങുക” എന്ന് പറയുമ്പോൾ ഉദ്ദേശിക്കപ്പെടാറില്ല.
മൂല ആശയത്തിൽ നിന്നും പദാർത്ഥത്തിൽ നിന്നും സ്വതന്ത്രമായ ഒട്ടനവധി പ്രയോഗങ്ങൾ ഇന്നും സുലഭമാണ്. അവയെയൊന്നും തന്നെ മൂലാർത്ഥത്തിനോടൊ പദാർത്ഥവുമായൊ ബന്ധപ്പെടുത്തി കൊണ്ട് നാം അർത്ഥം പറയുകയൊ ഉദ്ദേശിക്കുകയൊ ചെയ്യാറില്ല.
“കീറി” (കഴിച്ചു), “വീശി” (കുടിച്ചു), “വാളു വെച്ചു” ( ചർദ്ധിച്ചു), “കുരിശ്” (ശല്യം), “ചെത്ത്” (ഫാഷൻ), “കുറ്റിയടിച്ചു ” (നിന്നു, താമസിച്ചു), “അടിപൊളി” (നല്ലത്, ആസ്വാദ്യകരം), “തല്ലിപ്പൊളി” (മോശം), “പൊളി” (നല്ലത്), “തേങ്ങാക്കൊല”, “മാങ്ങാത്തൊലി” (നിരർത്ഥകമായ കാര്യങ്ങൾ), “പുല്ല് ” (വിലകെട്ടത്), “ചുക്ക്” (നിസ്സാരം), “കഞ്ഞി” (പിശുക്കൻ), കുരിശിൽ ഏറിയവൻ അഥവാ “കഴുവേറി” (കുറ്റക്കാരൻ), “കലക്കി” (ഉഷാറായി), കിണ്ണം കാച്ചി (ഗംഭീരം), (കൊല്ലുക, നശിപ്പിക്കുക എന്ന അർത്ഥം വരുന്ന) “തമർത്തുക” (ഗംഭീരം)… ഇങ്ങനെ എത്രയെത്ര പ്രയോഗങ്ങൾ !
“പുതുതലമുറ മാറ്റിയെടുത്ത ചില മലയാള വാക്കുകൾ….
കിടു, കിടുക്കാച്ചി, പൊളി, പൊളപ്പൻ: ഗംഭീരം എന്നർത്ഥം. കിടിലൻ ലോപിച്ചാണു ‘കിടു’ ആയത്. ‘കിടിലൻ’ എന്നതും പുതുതലമുറയാണു ‘ഗംഭീരം’ എന്ന അർഥത്തിൽ ഉപയോഗിച്ചുതുടങ്ങിയത്.
തേച്ചു: പ്രണയത്തിൽ വഞ്ചിക്കപ്പെട്ടു….
ചളി, കട്ടച്ചളി: നിലവാരം കുറഞ്ഞ തമാശകൾ.
ചങ്ക്, ചങ്കത്തി: ഉറ്റ സുഹൃത്ത്.
കട്ടയ്ക്ക്: ഒപ്പത്തിനൊപ്പം….
മിന്നിച്ചു: മികച്ച പ്രകടനം
സംഭവം, പ്രസ്ഥാനം: കഴിവുള്ള ആൾ എന്നർഥം.
തള്ള്: പൊങ്ങച്ചം എന്നർഥം. ‘തള്ളിമറിക്കുന്ന’താണ് അതിന്റെ പാരമ്യം….
(www.manoramaonline.com)
പദങ്ങൾ മൂല അർത്ഥങ്ങളിൽ നിന്നും അകന്ന് പ്രായോഗിക അർത്ഥം പ്രാപിക്കുന്നത് അനുദിനം നാം കാണുന്ന പ്രതിഭാസമാണ്. ഇത്തരം പരിണിത അർത്ഥങ്ങളെ അല്ലെങ്കിൽ പ്രായോഗിക അർത്ഥങ്ങളെ നാം ഒരിക്കലും മൂലാർത്ഥത്തിലേക്ക് വലിച്ചിഴക്കാറില്ല എന്നാണ് പറഞ്ഞു വന്നതിൻ്റെ ആകത്തുക. ഈ ഭാഷാ പ്രതിഭാസം സർവ്വ ഭാഷയിലും സാഹിത്യത്തിലും നാം ദർശിക്കുന്നു; അറബി ഭാഷയും ഇതിന് അപവാദമല്ല. അപ്പോൾ ഇത്തരം പ്രയോഗങ്ങൾ, പൂർവ്വസൂരികളും സമകാലികരുമായ അവിശ്വാസികളായ അറബികളെ പോലെ തന്നെ – അറബികൾ എന്ന നിലയിൽ – മുഹമ്മദ് നബിയും അനുയായികളും സംസാരിച്ചിട്ടുണ്ട്. പക്ഷെ മുഹമ്മദ് നബിയും അനുയായികളും അത്തരം പ്രയോഗങ്ങൾ ഉപയോഗിക്കുമ്പോൾ മാത്രം അവയെ പ്രായോഗിക അത്ഥത്തിൽ നിന്നും മൂല അർത്ഥത്തിലേക്കും പദാനുപദ അർത്ഥത്തിലേക്കും വലിച്ചിഴക്കപ്പെടുന്നു. ഉദ്ദേശിക്കാത്ത ആശയം തിരുമൊഴികൾക്ക് ആരോപിക്കപ്പെടുന്നു. ഇപ്രകാരം അതി വിദഗ്ധമായി ദുർവ്യാഖ്യാനിക്കപ്പെട്ടതാണ് ചർച്ച ചെയ്യപ്പെടുന്ന ഹദീസും.
വിമർശന വിധേയമായ ഹദീസിൻ്റെ ആശയച്ചുരുക്കം ആദ്യമൊന്ന് വായനക്കെടുക്കാം:
ഇബ്നു ഹാരിസ, ജഅ്ഫറിബ്നു അബീ ത്വാലിബ്, അബ്ദുല്ലാഹിബ്നു റവാഹ (റ) തുടങ്ങിയവരുടെ മരണവാർത്ത വന്നെത്തിയ സന്ദർഭം. അല്ലാഹുവിൻ്റെ തിരുദൂതൻ്റെ (സ) മുഖത്ത് ദുഖം പ്രത്യക്ഷമായിരുന്നു. ആഇശ (റ) പറയുന്നു: ഞാൻ വാതിൽ ചെരുവിലൂടെ നോക്കവെ ഒരാൾ കടന്നുവന്ന്, ജഅ്ഫറിൻ്റെ (ബന്ധുക്കളായ) സ്ത്രീകൾ അലമുറയിട്ട് കരയുന്നതായി പരാതിപ്പെട്ടു. അപ്പോൾ അവരെ അതിൽ നിന്നും വിലക്കാൻ പ്രവാചകൻ (സ) നിർദ്ദേശിച്ചു. അപ്പോൾ അയാൾ പോവുകയും പിന്നീട് തിരിച്ച് വരുകയും, ‘അവരെ വിലക്കിയിട്ടും, അവർ അനുസരിക്കുന്നില്ല’ എന്ന് പരാതിപ്പെടുകയും ചെയ്തു. അപ്പോൾ അവരെ അതിൽ നിന്നും വിലക്കാൻ പ്രവാചകൻ (സ), ഒരു വട്ടം കൂടി നിർദ്ദേശിച്ചു. അയാൾ പോവുകയും പിന്നീട് തിരിച്ച് വന്ന്, ‘അവർ അനുസരിക്കുന്നില്ല’ എന്ന് വീണ്ടും പരാതിപ്പെട്ടു. മൂന്നാമത്തെ പ്രാവശ്യവും അയാൾ മടങ്ങി വന്ന് പരാതി പറഞ്ഞപ്പോൾ അല്ലാഹുവിൻ്റെ തിരുദൂതൻ (സ) പറഞ്ഞു: എങ്കിൽ നീ അവരുടെ വായകളിൽ മണ്ണ് ഇട്ടേക്കൂ. ആഇശ (റ) പറഞ്ഞു: നിൻ്റെ മൂക്കിൽ മണ്ണ് പുരളട്ടെ. അല്ലാഹുവാണെ, അല്ലാഹുവിൻ്റെ തിരുദൂതനെ (സ) നീ വെറുതെ വിട്ടതുമില്ല, (ആ സ്ത്രീകളെ അട്ടഹാസത്തിൽ നിന്ന് വിലക്കാൻ പറഞ്ഞത്) നിനക്ക് ചെയ്യാനും കഴിഞ്ഞില്ല.
(സ്വഹീഹുൽ ബുഖാരി: 4263, 1299, സ്വഹീഹു മുസ്‌ലിം:935)
ഇഷ്ട ജനങ്ങളുടെ നഷ്ടത്തിൽ കരയുക എന്നത് സ്വാഭാവിക പ്രതികരണമാണ്; ആരോഗ്യകരവും മതം അംഗീകരിച്ച മനുഷ്യ പ്രകൃതിയുമാണ്. ദൈവം മനുഷ്യ മനസ്സിൽ നിക്ഷേപിച്ച കാരുണ്യത്തിൻ്റെ തെളിവാണ് കണ്ണു നീരെന്ന് മുഹമ്മദ് നബി (സ) പറഞ്ഞിട്ടുമുണ്ട്. (സ്വഹീഹുൽ ബുഖാരി: 7377)
എന്നാൽ അമിതമായ ദുഖ പ്രകടനങ്ങൾ അനാരോഗ്യകരവും ആചാരവുമായി പരിണമിക്കുന്നു. ഒരു ആചാരമെന്ന നിലയിൽ, മരണ വീട്ടിൽ കൂടിയിരുന്ന്, പരേതൻ്റെ നന്മകൾ പറഞ്ഞു അട്ടഹസിച്ച് കരയുക എന്നത് അറേബ്യയിൽ പതിവായിരുന്നു. പ്രവാചകൻ പ്രസ്തുത ആചാരത്തെ നിഷിതമായി നിരോധിച്ചിരുന്നു. പരേതനെ പറ്റിയുള്ള വിരഹാതുരമായ ഓർമ്മകൾ നിരന്തര ദുഖപ്രകടനങ്ങളിലൂടെ നിലനിർത്തുന്ന ഇത്തരം സ്വഭാവത്തെ Mummification എന്നാണ് ആധുനിക മനശാസ്ത്രം വിളിക്കുന്നത്. ഈ പ്രവണത വ്യക്തികളിലും സമൂഹങ്ങളിലും മാനസികവും ശാരീരികവും (ആത്മീയവുമായി) സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ എണ്ണമറ്റതാണ്. അതിനാൽ തന്നെ മുഹമ്മദ് നബി (സ) അമിതമായ വിരഹ പ്രകടനങ്ങളെ വിലക്കി.
ഹദീസിൻ്റെ തുടക്കത്തിൽ, ജഅ്ഫറിൻ്റെ വിയോഗത്തിൽ നബി (സ) സ്വയം ദുഖിതനായിരുന്നു എന്ന് നാം കാണുന്നു. അഥവാ ദുഖത്തെയൊ കണ്ണുനീരിനെയൊ അല്ല നബി (സ) തടഞ്ഞത് എന്ന് വ്യക്തം. ജഅ്ഫറിൻ്റെ ബന്ധുക്കളായ ചില സ്ത്രീകൾ അതിരു കവിഞ്ഞ വിലാപ പ്രകടനങ്ങൾ നടത്തുന്നു എന്ന പരാതിയുമായ വന്ന വ്യക്തിയോട് ശാന്തമായി അവരെ തിരുത്താനാണ് രണ്ടു തവണയും നബി (സ) കൽപ്പിച്ചതെന്നും ഹദീസിൽ നാം കാണുന്നു. മൂന്ന് തവണ തിരുത്തിയിട്ടും വിലാപ പ്രകടനങ്ങൾ അവസാനിപ്പിച്ചില്ല എന്ന് കണ്ടപ്പോൾ മാത്രമാണ് രൂക്ഷമായ ഭാഷയിൽ നബി (സ) പ്രതികരിച്ചത്. ഇത്തവണ നബി (സ) സംസാരിച്ച പ്രയോഗമാണ് വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്:
“എങ്കിൽ നീ അവരുടെ വായകളിൽ മണ്ണ് ഇട്ടേക്കൂ.”
അക്ഷരാർത്ഥത്തിൽ അവരുടെ വായകളിൽ മണ്ണിടാനാണോ ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്? ഭൂരിഭാഗം ഹദീസ് പണ്ഡിതരും അറബി ഭാഷാ വിശാരദരും പറയുന്നത് അല്ലെന്നാണ്. മറിച്ച് പദാനുപദ അർത്ഥത്തിനപ്പുറം നബിയുടെ (സ) ഈ വാചകത്തിൻ്റെ ഉദ്ദേശ്യാർത്ഥമാണ് അറബി ഭാഷയിൽ പരിഗണനീയം.
“അങ്ങേയറ്റം കുറ്റപ്പെടുത്തുന്നതിനായി അറബികൾ സാധാരണയായി ഉപയോഗിക്കുന്ന ആലങ്കാരിക പ്രയോഗമാണ് ഇത്. ഈ ആലങ്കാരിക പ്രയോഗത്തിൻ്റെ അർത്ഥമിതാണ്: ഇത്തരം അമിതമായ ദുഖ പ്രകടനങ്ങൾ കാരണം, സഹനത്തിലൂടെ കൈവരിക്കാമായിരുന്ന (ദൈവത്തിൽ നിന്നുള്ള) പ്രതിഫലം അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ആ സ്ത്രീകളെ അറിയിക്കുക. വമ്പൻ നഷ്ടത്തെ സൂചിപ്പിക്കാൻ “മണ്ണിനോട്” ചേർത്തു പറയൽ അറബി ഭാഷയിൽ സാധാരണയാണ്.
…ഈ കൽപ്പന അക്ഷരാർത്ഥത്തിൽ ഉദ്ദേശിക്കപ്പെട്ടിട്ടില്ല. ക്വാദി ഇയാദ് പറഞ്ഞു: ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന അർത്ഥം (ആ സ്ത്രീകളെ അട്ടഹാസത്തിൽ നിന്നും നിശബ്ദരാക്കൽ) കഴിവിനതീതമാണ് എന്നാണ്. അഥവാ, അവരുടെ വായ മൂടുകയാലല്ലാതെ അവർ നിശബ്ദരാകില്ല. അവരുടെ വായിൽ മണ്ണ് നിറഞ്ഞാലെ അവരുടെ വായ അടയുകയുള്ളു. അതിന് നിനക്ക് സാധിക്കില്ലല്ലൊ എന്ന അശക്തത പരാതിക്കാരനെ ബോധ്യപ്പെടുത്തുകയാണ് പ്രവാചകൻ (സ) ഈ വാചകത്തിലൂടെ ചെയ്യുന്നത്.
(ഫത്ഹുൽ ബാരി: 3:198)
അഥവാ ഈ കൽപ്പന അക്ഷരാർത്ഥത്തിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു എന്ന് വന്നാൽ തന്നെ, പരാതിക്കാരനോടുള്ള നീരസമാണ് ” എന്നാൽ അവരുടെ വായിൽ മണ്ണിട്ടേക്ക് ” എന്ന് പറയുക വഴി നബി (സ) ചെയ്തത് എന്നാണ് ചില പണ്ഡിതർ വ്യാഖ്യാനിക്കുന്നത്. അഥവാ ‘ആ സ്ത്രീകളുടെ പിന്നാലെ കൂടി, അവരെ നിശബ്ദരാക്കിയെ മതിയാവൂ എന്നാണ് നിൻ്റെ വാശിയെങ്കിൽ, വായിൽ മണ്ണിട്ട് അവരുടെ വിലാപം നിർത്തിക്കോളൂ എന്ന് പറയുകയല്ലാതെ ഇനി ഞാൻ എന്താണ് നിന്നോട് പറയേണ്ടത്?! ‘ എന്ന് പരാതിക്കാരനോട് ദേഷ്യപ്പെടുക മാത്രമാണ് നബി (സ) ചെയ്തത്. അല്ലാതെ ആ സ്ത്രീകളുടെ വിഷയത്തിൽ ആലോചിച്ച് ഒരു തീരുമാനമൊ വിധിയൊ പ്രസ്താവിക്കുകയല്ല. അപ്പോൾ ഈ രോഷ പ്രകടനം ആ സ്ത്രീകളെ ഉദ്ദേശിക്കുന്നതിനേക്കാൾ പരാതിക്കാരനെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. നബി (സ) സ്വയം ജഅ്ഫറിൻ്റെ വിയോഗത്തിൽ ദുഖിതനായി ഇരിക്കുകയായിരുന്നു എന്നോർക്കുക. അതുകൊണ്ടാണ് ആഇശയും (റ) ആ വ്യക്തിയോട് കോപിച്ചത്. ഉദാഹരണത്തിന്, ഒരാൾ വന്ന് അയാളുടെ മൊബൈലിനെ കുറിച്ച് നിരന്തരം പരാതിപ്പെട്ടു കൊണ്ടിരിക്കെ ശല്യം സഹിക്ക വയ്യാതെ “എങ്കിൽ മൊബൈൽ വലിച്ചെറിഞ്ഞേക്ക് ” എന്ന് അഭിസംബോധകൻ പറഞ്ഞു എന്ന് കരുതുക. മൊബൈലും കാശും വിലയില്ലാത്തവനാണ് അഭിസംബോധകൻ എന്ന് ആരെങ്കിലും വാദിക്കുമൊ. ഇവിടെ മൊബൈലിനോടുള്ള വിലയില്ലായ്മയൊ ദേഷ്യമൊ അല്ല ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മൊബൈൽ വലിച്ചെറിയണമെന്ന വിധി പ്രസ്‌താവനയുമല്ല അത്. അഭിസംബോധകന് പരാതിക്കാരനോടുള്ള നീരസം മാത്രമാണ് “എങ്കിൽ മൊബൈൽ വലിച്ചെറിഞ്ഞേക്ക് ” എന്ന വാചകത്തിൻ്റെ – വാചകം പദാർത്ഥത്തിൽ സ്വീകരിച്ചാൽ പോലുമുള്ള – ഉദ്ദേശ്യം.
മഹാ നഷ്ടത്തെ സൂചിപ്പിക്കാൻ മണ്ണിനോട് ചേർത്തുള്ള പ്രയോഗം അറബികൾക്കിടയിൽ സാധാരണയാണ്. സഹനത്തിലൂടെ അവർക്ക് ലഭിക്കേണ്ടിയിരുന്ന പ്രതിഫലം അട്ടഹസിച്ച് കരയുക വഴി അവർക്ക് നഷ്ടപ്പെട്ടുവെന്ന് രൂക്ഷമായ ഭാഷയിൽ അവരെ ഉണർത്തുക എന്നാണ് “എങ്കിൽ നീ അവരുടെ വായകളിൽ മണ്ണ് ഇട്ടേക്കൂ.” എന്ന പ്രയോഗത്തിന് അർത്ഥം.
” وَأَمَّا قَوْلُهُ : ( احْثُ فِي أَفْوَاهِهِنَّ التُّرَابَ ) فَمُبَالَغَةٌ فِي زَجْرِهِنَّ وَقَطْعِ خِصَامِهِنَّ
ഇമാം നവവി പറഞ്ഞു:
“അവരുടെ ആവർത്തിച്ചുള്ള തിന്മയെ അങ്ങേയറ്റം അപലപിച്ചു കൊണ്ടും അവരുടെ കുതർക്ക പ്രവണതക്ക് തടയിടണമെന്ന് നിഷ്കർഷിച്ചു കൊണ്ടുമുള്ള ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ് “എങ്കിൽ നീ അവരുടെ വായകളിൽ മണ്ണ് ഇട്ടേക്കൂ” എന്ന വാചകം. അക്ഷരാർത്ഥത്തിൽ അത് ചെയ്യാനല്ല നിർദ്ദേശം.”
(ശർഹു മുസ്‌ലിം: 10:48)
വിമർശന വിധേയമായ ഹദീസിൻ്റെ തന്നെ അവസാന ഭാഗം ശ്രദ്ധിക്കുക. പരാതിക്കാരനോട് ആഇശ (റ) പറഞ്ഞ വാചകവും സമാനമായ ഒരു പ്രയോഗം തന്നെയാണല്ലൊ:
“നിൻ്റെ മൂക്കിൽ മണ്ണ് പുരളട്ടെ. അല്ലാഹുവാണെ, അല്ലാഹുവിൻ്റെ തിരുദൂതനെ (സ) നീ വെറുതെ വിട്ടതുമില്ല, (ആ സ്ത്രീകളെ അട്ടഹാസത്തിൽ നിന്ന് വിലക്കാൻ പറഞ്ഞത്) നിനക്ക് ചെയ്യാനും കഴിഞ്ഞില്ല.”
«أَرْغَمَ اللهُ أنفَك»، أي: ألْصَقَه بِالرَّغامِ وهو التُّرابُ؛ إهانةً وذُلًّا -وهذه مِن الكلِماتِ الَّتي تقولُها العربُ في الزَّجرِ ونحوِه ولا يُقصَدُ بها حقيقةُ الدُّعاءِ
” ‘ മൂക്കിൽ മണ്ണ് പുരളട്ടെ’ എന്ന,
ഒരാളെ കുറ്റപ്പെടുത്തി കൊണ്ടുള്ള ഈ പ്രയോഗവും സമാനമായ മറ്റു ചില പ്രയോഗങ്ങളും അറബികൾക്കിടയിൽ സാധാരണ നിലയിൽ പറയപ്പെടുന്ന സംസാര ശൈലിയാണ്. എന്നാൽ അക്ഷരാർത്ഥത്തിൽ അയാളുടെ മൂക്കിൽ മണ്ണ് പുരളുക എന്ന ഉദ്ദേശ്യമൊ പ്രാർത്ഥനയൊ അല്ല ഇത്.”
(ഫത്ഹുൽ ബാരി: 3:199)
പദാർത്ഥത്തിൽ നിന്നും മൂലാർത്ഥത്തിൽ നിന്നും അകന്ന, വ്യത്യസ്‌തമായ ഒരു ആശയമാണ് “മൺ പ്രയോഗ”ത്തിന് ഉള്ളത് എന്ന് മറ്റു ഹദീസുകളിൽ നിന്നും ഗ്രഹിക്കാം.
ആഇശ (റ) പ്രവാചകനോട് ശബ്ദമുയർത്തി സംസാരിച്ചപ്പോൾ ആഇശയുടെ പിതാവ് അബൂബക്കർ (റ), “അവരുടെ വായിൽ മണ്ണ് ഇട്ടേക്കൂ” എന്ന് പറഞ്ഞതായി മറ്റൊരു ഹദീസിൽ കാണാം.
(സ്വഹീഹു മുസ്‌ലി : 1462)
മതബോധമുള്ള സ്ത്രീയെ വിവാഹം ചെയ്യണമെന്ന് നിർദ്ദേശിച്ച ഉടനെ, “നിൻ്റെ കൈ മണ്ണ് പുരളട്ടെ ” എന്ന് പ്രവാചകൻ (സ) പറഞ്ഞതായും ഹദീസിൽ കാണാം.
(സ്വഹീഹുൽ ബുഖാരി: 4802)
ഇമാം നവവി എഴുതി:
“മതബോധത്തെ അവഗണിച്ചു കൊണ്ട്, കേവലം സൗന്ദര്യവും കുലീനതയും സമ്പത്തും മാത്രം പരിഗണിച്ചു കൊണ്ട് വിവാഹം ചെയ്താൽ മഹാ നഷ്ടവും, (മാനസികമായ) ദാരിദ്ര്യവും മാത്രമായിരിക്കും ദാമ്പത്യ ജീവിതത്തിൽ അവശേഷിക്കുക എന്നാണ് “നിൻ്റെ കൈ മണ്ണ് പുരളട്ടെ ” എന്ന ഹദീസിലെ പ്രയോഗത്തിൻ്റെ ഉദ്ദേശ്യം. കൈയ്യിൽ മണ്ണ്പുരളുക എന്നാണ് (تربت يداك) എന്ന പ്രയോഗത്തിൻ്റെ പദാനുപദ അർത്ഥമെങ്കിൽ, ആ മൂലാർത്ഥത്തിലല്ല അറബികൾ ആ പ്രയോഗം ഉപയോഗിച്ചിരുന്നത്.
(ശർഹു മുസ്‌ലിം: 2:189)
പൗരാണിക അറബി ഭാഷാ പണ്ഡിതനായ ഇബ്നുൽ മൻളൂർ എഴുതി:
“മണ്ണ് പുരളട്ടെ / മണ്ണാകട്ടെ ” എന്നെല്ലാം പറയുന്നതിലൂടെ നഷ്ടം, ദാരിദ്ര്യം തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്. അക്ഷരാർത്ഥത്തിൽ ഒരാളുടെ മേൽ മണ്ണാകട്ടെ എന്ന് ഈ പ്രയോഗത്തിന് ഉദ്ദേശ്യമില്ല. നഷ്ടമൊ ദാരിദ്രമൊ ഒരാൾക്ക് ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയുമല്ല പ്രയോഗത്തിൻ്റെ ലക്ഷ്യം. മറിച്ച്, അറബികൾ സാധാരണയായി പറയാറുള്ള ഒരു പ്രയോഗം മാത്രമാണത്. പ്രയോഗത്തിൻ്റെ അർത്ഥം അതിൻ്റെ പദങ്ങൾ സൂചിപ്പിക്കുന്നതല്ല. പറഞ്ഞ കാര്യം ചെയ്തില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും. പറഞ്ഞ കാര്യം പ്രവർത്തിക്കൽ വളരെ അടിയന്തിരമാണ് എന്നൊക്കെ ധ്വനിപ്പിക്കുക മാത്രമാണ് പ്രയോഗത്തിൻ്റെ ഉദ്ദേശ്യം.
മണ്ണ് പുരണ്ട വ്യക്തി എന്നാൽ ദരിദ്രൻ എന്നാണ് അർത്ഥം. ലിഹ്യാനി പറഞ്ഞു:
أَوۡ مِسۡكِینࣰا ذَا مَتۡرَبَةࣲ
എന്ന ക്വുർആൻ വചനത്തിന്
“അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്.”
(ക്വുർആൻ: 90:16) എന്നാണ് സാധാരണമായി പരിഭാഷ നൽകപ്പെടാറുള്ളത്. എന്നാൽ “മണ്ണ് പുരണ്ട സാധുവിന്” എന്നാണ് (ذَا مَتۡرَبَةࣲ) എന്ന അറബി പ്രയോഗത്തിൻ്റെ പദാനുപദ വിവർത്തനം.”
(ലിസാനുൽ അറബ്: 1:229)
സ്ത്രീകളുടെ പ്രകൃതിയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അറിയില്ലെന്ന് കണ്ടപ്പോൾ ഉമ്മു സലമയോട്, “നിൻ്റെ വലം കൈ മണ്ണ് പുരളട്ടെ” എന്ന് നബി (സ) പറയുകയുണ്ടായി.
(മുസ്നദ് അഹ്‌മദ്: 26631)
ائذني له فإنه عمك تربت يمينك
മുലകുടിബന്ധത്തിലെ പിതൃവ്യനെ വീട്ടിൽ പ്രവേശിപ്പിക്കാമോ? എന്ന് ചോദിച്ച ആഇശയോട്, നബി (സ) ഇപ്രകാരം പറഞ്ഞു: ” അയാൾക്ക് അനുവാദം നൽകിക്കോളൂ, കാരണം അദ്ദേഹം നിൻ്റെ പിതൃവ്യനാണ്. (അങ്ങനെ ചെയ്തില്ലെങ്കിൽ) നിൻ്റെ വലം കൈ മണ്ണ് പിടിച്ചു/പിടിക്കട്ടെ.
(സ്വഹീഹുൽ ബുഖാരി: 5804)
قال ابن السكيت : أصل تربت افتقرت ، ولكنها كلمة تقال ولا يراد بها الدعاء وإنما أراد التحريض على الفعل المذكور ، وأنه إن خالف أساء . وقال النحاس معناه إن لم تفعل لم يحصل في يديك إلا التراب . وقال ابن كيسان : هو مثل جرى على أنه إن فاتك ما أمرتك به افتقرت إليه فكأنه قال افتقرت إن فاتك فاختصر . وقال الداودي : معناه افتقرت من العلم . وقيل هي كلمة تستعمل في المدح عند المبالغة كما قالوا للشاعر قاتله الله لقد أجاد
“ഇബ്നു സ്സിക്കീത് പറഞ്ഞു: കൈയ്യിൽ മണ്ണാവുക/ മണ്ണാക്കുക എന്നാൽ നഷ്ടം/ദാരിദ്ര്യം അനുഭവിക്കുക എന്നാണ്. പക്ഷെ ഇത്തരം പ്രയോഗങ്ങൾ അക്ഷരാർത്ഥത്തിൽ ഉദ്ദേശിക്കപ്പെടുന്നവയൊ പ്രാർത്ഥനയൊ ഒന്നും അല്ല. അറബികൾ സാധാരണയായി ഉപയോഗിക്കാറുള്ള ഒരു സംസാര ശൈലി മാത്രമാണ്. പറയപ്പെട്ട കൽപ്പന ഗൗരവപൂർവ്വം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രയോഗം മാത്രമാണത്. ആ കൽപ്പനക്ക് എതിരായി ചെയ്താൽ തെറ്റ് പറ്റി എന്ന് മാത്രമാണ് പ്രയോഗത്തിൻ്റെ ഉദ്ദേശ്യം. നുഹ്ഹാസ് പറയുന്നു: നീ അത് ചെയ്തില്ലെങ്കിൽ നിൻ്റെ കൈയിൽ മണ്ണല്ലാതെ (മഹാ നഷ്ടം) അല്ലാതെ ലഭിക്കില്ല എന്നാണ് പ്രയോഗം കൊണ്ട് ഉദ്ദേശ്യം.
ഇബ്നു കൈസാൻ പറഞ്ഞു: അറബികൾക്കിടയിൽ സർവ്വ സാധാരണമായ ഒരു നാടൻ ഭാഷയാണിത്. എൻ്റെ നിർദ്ദേശം നീ പ്രവർത്തിച്ചില്ലെങ്കിൽ നിനക്ക് പിന്നീട് അതിൽ ഖേദമുണ്ടായേക്കും എന്നാണ് ഉദ്ദേശ്യം.
ദാവൂദി പറഞ്ഞു: നിനക്ക് അറിവ് നഷ്ടമാവും എന്നാണ് പ്രയോഗത്തിൻ്റെ ഉദ്ദേശ്യം.
ഇതേ പ്രയോഗം ഒരാളെ പുകഴ്ത്തി പറയാൻ പോലും ആലങ്കാരികമായി പ്രയോഗിക്കപ്പെടാറുണ്ട്.
“ക്വാതലല്ലാഹു ” (قاتل الله) അഥവാ “അല്ലാഹു കൊല്ലട്ടെ” എന്ന പ്രയോഗം, പുകഴ്ത്താനും പ്രശംസിക്കാനും വേണ്ടി അറബികൾ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, മനോഹരമായ ഒരു കവിത കേട്ടാൽ അറബികൾ കവിയോട് പറയും: നിന്നെ അല്ലാഹു കൊല്ലട്ടെ !എത്ര മനോഹരമാണ് കവിത!! *
(ഫത്ഹുൽ ബാരി: 10:566)
* അറബികൾ മാത്രമല്ല ഇപ്രകാരം പ്രയോഗിക്കാറുള്ളത്. മിക്ക ഭാഷകളിലും വാക്കർത്ഥത്തെ ഉദ്ദേശിക്കാതെ ഉള്ള ഇത്തരം പ്രയോഗങ്ങൾ സർവ്വസാധാരണമാണ്. ഇംഗ്ലീഷ് ഭാഷയിലെ ചില ഉദാഹരണങ്ങൾ പറയാം:
ഒരു കാര്യം നന്നായി/നൈപുണ്യത്തോടെ ചെയ്യുന്നതിനെ
Killing it ( അതിനെ കൊല്ലുന്നു), എന്ന പ്രയോഗത്തിലൂടെ ആവിഷ്കരിക്കൽ ഇംഗ്ലീഷുകാർക്കിടയിൽ സാധാരണയാണ്.
I killed it last night.
“ഇന്നലെ രാത്രി ഞാൻ കൊന്നു.”
(ഉദ്ദേശ്യം: ഇന്നലെ രാത്രി ഞാൻ ആഘോഷിച്ചു.)
I killed that dish.
“ഞാൻ ആ വിഭവം കൊന്നു.”
(ഉദ്ദേശ്യം: ആ വിഭവം ഞാൻ നന്നായി പാകം ചെയ്തു.)
I killed that girl.
“ഞാൻ ആ പെൺകുട്ടിയെ കൊന്നു.”
(ഉദ്ദേശ്യം: ഞാൻ ആ പെൺകുട്ടിയുമായി ആസ്വാദ്യകരമായി സമയം ചിലവഴിച്ചു.)
Blast (സ്ഫോടനം, തകർച്ച) എന്ന പദം തീർത്തും വ്യത്യസ്തമായ ആശയത്തിൽ പാശ്ചാത്യർ ഉപയോഗിക്കാറുണ്ട്.
an exciting and enjoyable experience: The party was a blast.
“ആവേശകരവും ആസ്വാദ്യകരവുമായ അനുഭവത്തെ Blast (സ്ഫോടനം) എന്ന് പറയുന്നു: ഉദാഹരണത്തിന്, പാർട്ടി ഒരു സ്ഫോടനമായിരുന്നു.”
( https://dictionary.cambridge.org/us/dictionary/english/blast )
*********************************
ചില ഹദീസുകളിൽ സമാനമായ മറ്റു പല പ്രയോഗങ്ങളും വിമർശകർ പലപ്പോഴും പ്രശ്നവൽക്കരിക്കാറുണ്ട്.
* “വൈഹക്” (ويحك) “നിനക്ക് നാശം” അല്ലെങ്കിൽ “നിൻ്റെ നാശം”
* “സകിലത്ക ഉമ്മുക” (ثكلتك أمك) “നിൻ്റെ മാതാവിന് നിന്നെ (നിൻ്റെ മരണത്തിലൂടെ) നഷ്ടപ്പെട്ടു/ നഷ്ടപ്പെടട്ടെ”
തുടങ്ങിയ പ്രയോഗങ്ങൾ ഉദാഹരണങ്ങളാണ്. മുമ്പ് പല തവണ സൂചിപ്പിച്ചതു പോലെ, പദാർത്ഥത്തിൽ നിന്നും മൂലാർത്ഥത്തിൽ നിന്നും അകന്ന, വ്യത്യസ്ഥമായ അർത്ഥങ്ങളാണ് ഈ പ്രയോഗങ്ങൾക്ക് സംസാര ഭാഷയിൽ നിലനിൽക്കുന്നത്.
ويلَك! -وهي كَلمةٌ لا يُرادُ بها الدُّعاءُ على الشَّخصِ، ولكِنْ يُرادُ بها الزَّجرُ أو الحثُّ على شَيءٍ معيَّنٍ، وهي كَلمةُ تَرحُّمٍ وتَوجُّعٍ تُقالُ لمَن وقَعَ في هَلَكةٍ لا يَستحِقُّها
ജസ്‌രി നിഹായയിൽ പറഞ്ഞു: അർഹതയില്ലാത്ത വിപത്തിൽ/ അബദ്ധത്തിൽ അകപ്പെട്ടവരോട് കരുണ പ്രദർശിപ്പിക്കാൻ പറയുന്ന വാക്യമാണ് “വൈഹക്”.
“വൈലക്” അല്ലെങ്കിൽ “വൈഹക്” (ويلك أو ويحك) എന്ന പദം “നിനക്ക് നാശം” അല്ലെങ്കിൽ “നിൻ്റെ നാശം” എന്നാണ് പദാനുപദ അർത്ഥമെങ്കിലും അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, അഭിസംബോധകനെ ഒരു പ്രത്യേക കാര്യത്തെ സംബന്ധിച്ച് തടയുകയൊ പ്രോത്സാഹിപ്പിക്കുകയൊ മാത്രമാണ്. കാരുണ്യ പ്രകടനത്തിനൊ വേദന പ്രകടിപ്പിക്കുന്നതിനൊ ഒക്കെയാണ് ഈ പദം ഉപയോഗിക്കപ്പെടാറ്. ഉദാഹരണത്തിന് അർഹിക്കാത്ത വല്ല വിപത്തിലും നഷ്ടത്തിലും അബദ്ധത്തിലും ഒരാൾ അകപ്പെട്ടാൽ അയാളുടെ ആ അവസ്ഥ കഷ്ടം തന്നെ എന്ന് സൂചിപ്പിക്കാനായി ഈ പ്രയോഗം പ്രയോഗിക്കപ്പെടുന്നു.
(തുഹ്ഫതുൽ അഹ്‌വദി: 3:657)
“അയ്യോ, നിൻ്റെ കാര്യം കഷ്ടം” എന്നാണ് “വൈഹക്” (ويلك أو ويحك) എന്ന വാക്യത്തിൻ്റെ പ്രയോഗിക അർത്ഥം. പല ഭാഷകളിലും സമാനമായ രീതി കണ്ടു വരുന്നുണ്ട്. ഉദാഹരണത്തിന്, Damn എന്ന പ്രയോഗം നാശം, ശാപം എന്ന മൂല അർത്ഥത്തിലല്ല പലപ്പോഴും ഉപയോഗിക്കപ്പെടാറുള്ളത്.
നശിച്ച ദാരിദ്ര്യം എന്നല്ല Damn poor എന്നാൽ ഉദ്ദേശിക്കുന്നത്, ദാരുണമായ ദാരിദ്രം എന്നാണ് വാക്യത്തിൻ്റെ പ്രായോഗിക അർത്ഥം. Damn beautiful എന്നാൽ അതി മനോഹരം എന്നാണ് പ്രായോഗിക അർത്ഥം. മലയാളത്തിൽ “ഒടുക്കത്തെ ബുദ്ധി” എന്നാൽ “കൂർമ്മ ബുദ്ധി” എന്നാണ് പ്രയോഗിക അർത്ഥം.
(ثكلتك أمك) بكسر الكاف أي فقدتك وهو دعاء عليه بالموت على ظاهره ولا يراد وقوعه بل هو تأديب وتنبيه من الغفلة وتعجيب وتعظيم للأمر
“സകിലത്ക ഉമ്മുക” (ثكلتك أمك) എന്ന പ്രയോഗത്തിൻ്റെ പദാനുപദ അർത്ഥം: “നിൻ്റെ മാതാവിന് നിന്നെ (നിൻ്റെ മരണത്തിലൂടെ) നഷ്ടപ്പെട്ടു/ നഷ്ടപ്പെടട്ടെ” എന്നാണ്. എന്നാൽ പ്രത്യക്ഷാർത്ഥത്തിൽ അല്ല ഈ പ്രയോഗം ഉപയോഗിക്കപ്പെടുന്നത്. മറിച്ച് പറയുന്ന കാര്യത്തിൻ്റെ മഹത്വവും ഗൗരവവും സൂചിപ്പിക്കുക, ആശ്ചര്യം പ്രകാശിപ്പിക്കുക, അശ്രദ്ധരെ ഉൽബുദ്ധരാക്കുക, മര്യാദ പഠിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങളിലാണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്.
( തുഹ്ഫതുൽ അഹ്‌വദി: 7:305)
ഇസ്‌ലാമിൻ്റെ ആവിർഭാവത്തിന് മുമ്പ് തന്നെ അറബികളുടെ ശ്ലീലവും സ്വാഭാവികവുമായ ഭാഷാ പ്രയോഗങ്ങളിൽ മുകളിൽ സൂചിപ്പിച്ച എല്ലാ പ്രയോഗങ്ങളും നിലനിന്നിരുന്നു. അവയൊന്നും അസ്വാഭാവികമൊ അശ്ലീലമൊ ശാപ പ്രാർത്ഥനയൊ ആയി അറബികൾ ആരും മനസ്സിലാക്കിയിരുന്നില്ല.
ഇസ്‌ലാമിന് മുമ്പ് ജീവിച്ചിരുന്ന ജാഹിലിയ്യ മഹാകവികളുടെ മഹാ കാവ്യങ്ങളിൽ മുകളിൽ സൂചിപ്പിച്ച എല്ലാ പ്രയോഗങ്ങളും പ്രയോഗിച്ചിരിക്കുന്നത് കാണുക.
കവയത്രി ഖർനക് ബിൻത് ബദർ:
أَلا ثَكِلَتكَ أُمُّكَ عَبدَ عَمرٍو
أَبالخِزيات آخَيتَ المُلوكا
മഹാകവി സുഹൈർ ബിൻ അബീ സുൽമാ:
سَئِمتُ تَكاليفَ الحَياةِ وَمَن يَعِش
ثَمانينَ حَولاً لا أَبا لَكَ يَسأَمِ
മഹാ കവയത്രി ഖൻസാഅ്:
وَيْلايَ! ما أُرْحَمُ وَيْلاً لِيَه
اذْ رفعَ الصَّوتَ النَّدى الناعيه
No comments yet.