വിധി വിശ്വാസം: ഒരു സമകാലിക വായന -18

//വിധി വിശ്വാസം: ഒരു സമകാലിക വായന -18
//വിധി വിശ്വാസം: ഒരു സമകാലിക വായന -18
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -18

ദൈവവിധിയിലും ദൈവിക ഇടപെടലുകളിലുമുള്ള വിശ്വാസം മനുഷ്യരിൽ നിഷ്ക്രിയത്വവും നിസ്സഹായബോധവും അലസതയും സൃഷ്ടിക്കാൻ ന്യായമല്ല. കാരണം മനുഷ്യർക്ക് സ്വതന്ത്രേച്ഛയുണ്ട്. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും പ്രവർത്തിക്കാനും മനുഷ്യർക്ക് ദൈവം കഴിവു നൽകിയിട്ടുണ്ട് എന്നും അത്തരം പ്രവർത്തനങ്ങൾക്ക് പ്രതിഫലനങ്ങളും പ്രതികരണങ്ങളും ഉളവാക്കാനുള്ള കഴിവുണ്ട് എന്നും കൂടി വിശ്വസിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇച്ഛ, തിരഞ്ഞെടുപ്പ്, വിശ്വാസം, കർമ്മം, പെരുമാറ്റം, പ്രതികരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും മനുഷ്യർക്ക് അല്ലാഹു സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്നാണ് ഇസ്‌ലാമിക വിശ്വാസം:

“തീര്‍ച്ചയായും നിങ്ങളുടെ (കഴിവും) പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.”
(ക്വുർആൻ 92: 4)

“അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല…”
(ക്വുർആൻ 2: 286)

“ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴികാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌.” (ക്വുർആൻ 20: 50)

“പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ. ഉദ്ദേശിക്കുന്നവര്‍ അവിശ്വസിക്കട്ടെ…”
(ക്വുർആൻ 18: 29)

അതുകൊണ്ട് തന്നെ ദൈവത്തിന്റെ മേൽ എല്ലാ ഉത്തരവാദിത്തവും ഏൽപ്പിച്ച് നിഷ്ക്രിയരും അലസരുമായി ജീവിതം നയിക്കാൻ യാതൊരു നീതീകരണവും ഇസ്‌ലാം, വിശ്വാസികൾക്ക് നൽകുന്നില്ല:

ഒട്ടകത്തെ കെട്ടിയിടണോ ? അതൊ ദൈവത്തിൽ ഭരമേൽപ്പിക്കണൊ ? എന്ന് ഒരാൾ മുഹമ്മദ് നബിയോട് (സ) ചോദിച്ചപ്പോൾ അദ്ദേഹം (സ) ഇപ്രകാരം പറഞ്ഞു:
“ഒട്ടകത്തെ നീ കെട്ടിയിടുക, ദൈവത്തിൽ ഭരമേൽപ്പിക്കുകയും ചെയ്യുക.”
(തഖ്‌രീജു സ്വഹീഹു ഇബ്നു ഹിബ്ബാൻ: ശുഐബ് അൽ അർനാവൂത്വ്: 731)

വിധിയിൽ എല്ലാം ഏൽപ്പിച്ച്, ദൈവ നിർണയത്തെ പഴിച്ച്, സ്വതന്ത്രേച്ഛയെന്ന യാഥാർത്ഥ്യത്തെ അവഗണിക്കരുതെന്ന് തുടരെ തുടരെ ഇസ്‌ലാമിക അധ്യാപനങ്ങൾ മനുഷ്യരെ ഉണർത്തുന്നുണ്ട്.

ഖലീഫ ഉമർ (റ) ശാമിലേക്ക് പുറപ്പെടവെ അവിടെ പകർച്ച വ്യാധി പരന്നതായി വാർത്ത ഉമർ (റ) അറിഞ്ഞു. അദ്ദേഹം അങ്ങോട്ടുള്ള യാത്ര വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചപ്പോൾ അബൂ ഉബൈദ (റ) ചോദിച്ചു: അല്ലാഹുവിന്റെ നിർണയത്തിൽ നിന്നും ഓടി രക്ഷപ്പെടുകയാണോ ?! അപ്പോൾ ഉമർ (റ) പറഞ്ഞു: അതെ, അല്ലാഹുവിന്റെ നിർണയത്തിൽ നിന്ന് അല്ലാഹുവിന്റെ നിർണയത്തിലേക്ക് തന്നെയാണ് നാം ഓടി രക്ഷ പ്രാപിക്കുന്നത്. താങ്കൾക്ക് ഒരു ഒട്ടകമുണ്ട്, അതിനെ മേയ്ക്കാനായി താങ്കൾ ഒരു താഴ്‌വാരത്തിലിറങ്ങി. അതിന്റെ ഒരു ഭാഗം ഫലഭൂയിഷ്ടമാണ്. മറ്റൊരു ഭാഗം ഉണങ്ങിയതുമാണ്. പച്ചപ്പുള്ള ഭാഗത്ത് താങ്കൾ ഒട്ടകത്തെ മേയ്ച്ചാൽ അല്ലാഹുവിന്റെ നിർണയത്താലല്ലെ അത് താങ്കൾ ചെയ്യുന്നത്?! ഇനി ഉണങ്ങിയ ഭാഗത്ത്
ഒട്ടകത്തെ മേയ്ച്ചാലും അല്ലാഹുവിന്റെ നിർണയത്താലല്ലെ അത് താങ്കൾ ചെയ്യുന്നത്?!
(സ്വഹീഹുൽ ബുഖാരി: 5729, സ്വഹീഹു മുസ്‌ലിം: 2219)

സ്വതന്ത്രേച്ഛയും കർമ്മ സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി ഭൗതികമായി ഏറ്റവും ഉപകാരപ്രദമായത് തിരഞ്ഞെടുക്കൽ ദൈവനിർണയത്തിൽ പെട്ടതാണ് എന്നാണ് ഖലീഫ ഉമർ (റ) ഇവിടെ പഠിപ്പിക്കുന്നത്. നാം എന്ത് തിരഞ്ഞെടുക്കുന്നൊ, എന്ത് പ്രവർത്തനം ചെയ്യുന്നൊ അതെല്ലാം ദൈവ വിധിയാലാണ്. അപ്പോൾ പിന്നെ പ്രവർത്തനം ചെയ്യാതെ നിഷ്ക്രിയനായും അലസനായും നിലകൊള്ളുന്നതിൽ യാതൊരു യുക്തിയുമില്ല.

സമാനമായ പാഠം നൽകുന്ന മറ്റൊരു സംഭവം ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ തന്റെ “മിൻഹാജുസ്സുന്ന:” (3: 243) എന്ന ഗ്രന്ഥത്തിൽ (സനദ് ചേർക്കാതെ) ഉദ്ധരിക്കുന്നുണ്ട്:

മോഷ്ടിച്ച്, പിടിക്കപ്പെട്ട ഒരു കുറ്റവാളി, ശിക്ഷയിൽ നിന്നും രക്ഷപ്പെടാനായി ഇപ്രകാരം ന്യായവാദം ഉന്നയിച്ചു: ദൈവ വിധി കാരണമാണ് ഞാൻ മോഷ്ടിച്ചത്. “നിനക്ക് ഞാൻ ശിക്ഷ നടപ്പാക്കുക എന്നതും ദൈവ വിധിയാണ്.” എന്നു ഖലീഫ ഉമർ (റ) മറുപടി കൊടുത്തു.

ദൈവവിധി സ്വതന്ത്രേച്ഛക്ക് വിരുദ്ധമാണ് എന്ന വാദത്തെ യുക്തി ഭദ്രമായി ഖണ്ഡിക്കുകയാണ് ഈ രണ്ട് സംഭവങ്ങളിലൂടെയും ഖലീഫ ഉമർ (റ) ചെയ്യുന്നത്.

ദൈവ വിധിയിലുള്ള വിശ്വാസം ഒരിക്കലും വർത്തമാന നിഷ്‌ക്രിയതയിലേക്കോ ഭാവിയെ അവഗണിക്കുന്നതിലേക്കോ നീതീകരണമായല്ല ഇസ്‌ലാം പരിചയപ്പെടുത്തിയത്. മറിച്ച് ഭൂതകാലത്തിൽ സ്വയം ബന്ധിതരായി നിരാശയിലേക്കും നിഷ്ക്രിയത്വത്തിലേക്കും ആപതിക്കാതിരിക്കാനുള്ള അത്താണിയായിട്ടാണ് ദൈവ വിധിയെ ഇസ്‌ലാം പരിചയപ്പെടുത്തിയത്.

“ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്‌,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ പരിധി വിട്ട് ആഹ്ളാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല. അതായത് പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളോട് കല്‍പിക്കുകയും ചെയ്യുന്നവരെ. വല്ലവനും പിന്‍തിരിഞ്ഞ് പോകുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമത്രെ.”
(ക്വുർആൻ 57: 21-24)

സംഭവിച്ചു കഴിഞ്ഞ ഒരു ദോഷത്തിന്റെ പേരിൽ ദുഖിക്കാതിരിക്കാനും ലഭിച്ചു കഴിഞ്ഞ ഒരു ഗുണത്തിന്റെ കാര്യത്തിൽ വിനയം പുലർത്താനും വേണ്ടിയാണ് ദൈവ വിധിയിലുള്ള വിശ്വാസത്തെ ക്വുർആൻ പരിചയപ്പെടുത്തിയത്. എന്നാൽ ദരിദ്രരെ സഹായിക്കുന്ന കാര്യത്തിൽ പിശുക്കുണ്ടാവാൻ പാടില്ലെന്ന് തൊട്ടുടനെ ക്വുർആൻ ഉണർത്തി. അഥവാ വർത്തമാന കാലത്തെ ധർമ്മ നിർവഹണത്തിൽ നിന്നൊ ഭാവികാലത്തെ ഉത്തരവാദിത്ത നിർവ്വഹണത്തിൽ നിന്നൊ ദൈവ വിധിയിലുള്ള വിശ്വാസം തടസ്സമാവുന്നില്ല എന്നാണ് ഇതിൽ നിന്നും ക്വുർആൻ വ്യക്തമാക്കുന്നത്.

മുഹമ്മദ് നബി (സ) പറഞ്ഞു:
ദുർബലനായ വിശ്വാസിയേക്കാൾ ശക്തനായ വിശ്വാസിയാണ് ഉത്തമനും അല്ലാഹുവിന് ഏറ്റവും പ്രിയങ്കരനും; ഇരുവരിലും നന്മയുണ്ടെങ്കിൽ കൂടിയും. നിനക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ നീ ഉത്സാഹം കാണിക്കുക. അല്ലാഹുവെ കൊണ്ട് സഹായം തേടുകയും ചെയ്യുക. നീ കഴിവു കെട്ടവനോ അശക്തനോ ആവരുത്. നിനക്ക് വല്ല ദോഷവും ബാധിച്ചാൽ, “ഞാൻ ഇപ്രകാരം ചെയ്തിരുന്നെങ്കിൽ ഇപ്രകാരമെല്ലാം സംഭവിക്കുമായിരുന്നല്ലൊ” എന്ന് (ഭൂതകാലത്തെ പഴിച്ചു കൊണ്ട്) നീ പറയരുത്. മറിച്ച് നീ ഇപ്രകാരം പറയുക: അല്ലാഹുവിന്റെ വിധി. അവൻ ഉദ്ദേശിച്ചത് അവൻ പ്രവർത്തിക്കുന്നു. “ഇങ്ങനെ ചെയ്തിരുങ്കിൽ” എന്ന ”എങ്കിൽ” എന്ന ഊഹം പിശാചിന്റെ വാതിൽ തുറക്കുന്നതാണ്; തീർച്ച.
(സ്വഹീഹു മുസ്‌ലിം: 2664)

ഗതകാല സ്മരണകളിൽ ഉരുകി തീരുന്ന മനുഷ്യർക്കുള്ളിൽ പ്രതീക്ഷയുടെയും സാന്ത്വനത്തിന്റെയും തെളി നീരൊഴുക്കുന്ന ഇസ്‌ലാമിലെ വിധി വിശ്വാസം. ഉത്സാഹം, കർമ്മ കുശലത, ആവേശം, ജിജ്ഞാസ എന്നിവക്കുള്ള ന്യായമായിട്ടാണ് ഇസ്‌ലാം വിശ്വാസികൾക്ക് ദൈവ നിർണയത്തെ പരിചയപ്പെടുത്തുന്നത്. എന്നിരിക്കെ വിശ്വാസികൾക്ക് നിരാശയും നിഷ്ക്രിയത്വവുമാണ് ദൈവവിധിയിലുള്ള വിശ്വാസം പ്രദാനം ചെയ്യുന്നത് എന്ന ആരോപണം എത്രമാത്രം ജുഗുപ്സാവഹമാണ്.

ഇസ്‌ലാമിലെ വിധി വിശ്വാസം ക്രിയാത്മകതയെയും അന്വേഷണ ത്വരയെയും ഇല്ലാതാക്കുന്നു എന്ന് നവനാസ്തികനായ നീൽ ഡിഗ്രാസ് ടൈസൺ വിമർശിക്കുന്നു. ടൈസണോട് തിരിച്ച് രണ്ട് മറുപടികൾ ആരായട്ടെ:

1) ഇസ്‌ലാമിക വിധിവിശ്വാസം മനുഷ്യരുടെ സ്വതന്ത്രേച്ഛയെ നിഷേധിക്കുന്നില്ല. പ്രത്യുത അല്ലാഹുവിന്റെ നിർണിതമായ വിധിയും മനുഷ്യരുടെ സ്വതന്ത്രേച്ഛയും പരസ്പരം സമന്വയിപ്പിക്കുന്ന വീക്ഷണമാണ് ഇസ്‌ലാമിന്റേത് എന്നിരിക്കെ അലസതക്കും നിഷ്ക്രിയത്വത്തിനും എവിടെയാണ് വിധി വിശ്വാസത്തിൽ പഴുത്?!.

2) സോക്രറ്റീസ് പൂർവ്വ നാസ്തികർ മുതൽ നവനാസ്തികർ വരെ മനുഷ്യന് സ്വന്തം പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും സ്വാതന്ത്ര്യമില്ല എന്ന് ഉൽഘോഷിക്കുന്ന നിർണയവാദത്തിൽ വിശ്വസിക്കുന്നു. അവരുടെ മേൽ എന്തു കൊണ്ട് നിഷ്ക്രിയത്വം ആരോപിക്കപ്പെടുന്നില്ല. നീൽ ഡിഗ്രാസ് ടൈസന്റെ സുഹൃത്തും നവനാസ്തിക സംവാദ വീരനുമായ സാം ഹാരിസ് തന്റെ നിർണയവാദ പ്രചരണത്തിലൂടെ നിഷ്ക്രിയത്വത്തെ
പ്രോത്സാഹിപ്പിക്കുകയാണ് എന്ന് എന്തു കൊണ്ട് വിമർശിക്കുന്നില്ല ?

print

No comments yet.

Leave a comment

Your email address will not be published.