വിധി വിശ്വാസം: ഒരു സമകാലിക വായന -13

//വിധി വിശ്വാസം: ഒരു സമകാലിക വായന -13
//വിധി വിശ്വാസം: ഒരു സമകാലിക വായന -13
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -13

മനശാസ്ത്രവും (Psychology) സ്വതന്ത്രേച്ഛയും

ചിന്തയും പ്രവർത്തനവും തമ്മിലുള്ള ബന്ധം വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ് എന്ന തിരിച്ചറിവാണ് കാലാ കാലങ്ങളിൽ മനശാസ്ത്ര ഗവേഷണങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. നമ്മുടെ തീരുമാനങ്ങളിലും തിരഞ്ഞെടുപ്പുകളിലും പെരുമാറ്റങ്ങളിലും ബോധ മനസ്സിനേക്കാളേറെ അബോധ മനസ്സിന്റെ പങ്കിനെ സംബന്ധിച്ച പഠനങ്ങളാണ്, സിഗ്മണ്ട് ഫ്രോയ്ഡിനെ പോലെയുള്ള ലോകോത്തര മനശാസ്ത്രജ്ഞരെ എപ്പോഴും ത്രസിപ്പിച്ചിരുന്നത്. ബോധതലത്തിനപ്പുറമുള്ള നിഗൂഢതകളിലേക്ക് എത്തി നോക്കാനുള്ള ഈ കൗതുകം ഇപ്പോഴും നിലച്ചിട്ടില്ല എന്നതാണ് വസ്തുത.

മനുഷ്യർ തീരുമാനങ്ങൾ എടുക്കുന്നതിൽ അബോധാവസ്ഥയുടെ ശക്തമായ ഒരുപാട് സ്വാധീനങ്ങൾ സമകാലിക മനഃശാസ്ത്ര ഗവേഷണങ്ങളും വെളിപ്പെടുത്തുന്നുണ്ട്.

“നമുക്ക് അറിയാൻ കഴിയുന്നതിലും കൂടുതൽ പറയുന്നു: മാനസിക പ്രക്രിയകളെക്കുറിച്ചുള്ള വാചികമായ വിവരണങ്ങൾ” (Telling more than we can know: Verbal reports on mental processes) എന്ന ഒരു സുപ്രധാനമായ ഗവേഷണ പ്രബന്ധത്തിൽ, നമ്മുടെ പെരുമാറ്റത്തിലേക്ക് നയിക്കുന്ന കാര്യകാരണ പ്രക്രിയകളിലേക്കുള്ള ആത്മപരിശോധന മാർഗങ്ങൾ നമുക്കില്ല എന്ന് റിച്ചാർഡ് നിസ്ബെറ്റും, തിമോത്തി വിൽസണും വാദിക്കുന്നു.

നമ്മുടെ വിശ്വാസങ്ങളിലൊന്ന് നമ്മുടെ ഒരു പ്രത്യേക പെരുമാറ്റത്തിന് കാരണമാവുന്നു. എന്നാൽ അത് നമ്മുടെ പെരുമാറ്റത്തിന് കാരണമാണ് എന്ന് നമ്മുക്ക് മനസ്സിലാകുന്നില്ല.

പങ്കെടുത്തവരെ ഷോക്ക് നൽകി നടത്തുന്ന ഒരു പരീക്ഷണം ഈ മനശാസ്ത്രജ്ഞർ നടത്തുകയുണ്ടായി. പങ്കെടുത്തവരെ ഷോക്ക് അടിപ്പിക്കുമെന്നും സഹനീയമായ പരിധി വരെ ഷോക്കടിപ്പിക്കൽ സഹിക്കണമെന്നും, അസഹ്യമാവുമ്പോൾ നിർത്താനായി പറയണമെന്നും നിർദ്ദേശം നൽകപ്പെട്ടു.

പരീക്ഷണാർത്ഥികളെ രണ്ട് വിഭാഗമായി തിരിച്ചു. രണ്ടു കൂട്ടർക്കും ഷോക്ക് പരീക്ഷണത്തിന് മുമ്പ് ഒരു ഗുളിക നൽകി. പ്രത്യേകത ഒന്നുമില്ലാത്ത പ്ലസീബോ ഗുളിക. ഒരു വിഭാഗത്തോട് ഇപ്രകാരം പറഞ്ഞു: ഈ ഗുളികയുടെ പാർശ്വ ഫലങ്ങളിൽ പെട്ടതാണ് ഹൃദയമിടിപ്പ് വർദ്ധിക്കൽ, ശ്വാസതടസ്സം, വയറ്റിൽ അസ്വാസ്ഥ്യത എന്നിവ. ഈ അനുഭവങ്ങളെല്ലാം ഷോക്ക് അടിപ്പിക്കുന്നതിന്റെ ഫലമാണ് എന്ന യാഥാർത്ഥ്യം മറച്ചു വെച്ചു. മറ്റേ വിഭാഗത്തോട് ഗുളികയെ പറ്റി ഒന്നും പറഞ്ഞതുമില്ല.

ഗുളികയെ പറ്റി തെറ്റായി വിവരം നൽകപ്പെട്ട വിഭാഗം മറ്റെ വിഭാഗത്തെക്കാൾ ഷോക്ക് അടിപ്പിക്കുന്നത് കൂടുതൽ സഹിക്കും എന്നതായിരുന്നു പരീക്ഷകരുടെ പ്രവചനം. പ്രവചനം പോലെ സംഭവിക്കുകയും ചെയ്തു. ഇതിന് കാരണം ഒന്നാമത്തെ വിഭാഗത്തിന്റെ തെറ്റായ വിശ്വാസമായിരുന്നു. ഷോക്ക് അടിക്കുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കുകയും, ശ്വാസതടസ്സം ഉണ്ടാവുകയും, വയറ്റിൽ അസ്വാസ്ഥ്യത ഉണ്ടാവുകയുമെല്ലാം ചെയ്തപ്പോൾ ഒന്നാമത്തെ വിഭാഗത്തിന്, ഇത് ഗുളികയുടെ പാർശ്വഫലമാണെന്ന വിശ്വാസം ദീർഘനേരം ഷോക്ക് സഹിക്കാൻ പ്രേരിപ്പിച്ചു.

കൂടുതൽ കൗതുകകരമായ വിവരം എന്താണെന്നാൽ, തങ്ങളുടെ ഗുളികയെ സംബന്ധിച്ച വിശ്വാസം തങ്ങളുടെ പെരുമാറ്റത്തെയും പ്രവർത്തനത്തെയും സ്വാധീനിച്ചു എന്ന വിവരം അവരുടെ ബോധ മനസ്സിൽ ഇല്ലായിരുന്നു! ഗുളികയെക്കുറിച്ചുള്ള അവരുടെ ചിന്തകൾ അവരുടെ പ്രവർത്തനത്തിൽ വല്ല സ്വാധീനവും ചെലുത്തിയൊ എന്ന് ഒന്നാമത്തെ വിഭാഗക്കാരോട് വ്യക്തമായി ചോദിച്ചപ്പോഴും, അവർ ഇല്ല എന്നാണ് പറഞ്ഞത്. എന്നു വെച്ചാൽ അബോധ മനസ്സിലെ ഒരു വിശ്വാസം ഒരു പ്രവർത്തനത്തെ നിർണയിക്കുന്നു എന്നത് ബോധ മനസ്സ് തിരിച്ചറിയുന്നില്ല.

ചിലപ്പോഴൊക്കെ ആളുകൾ പെരുമാറ്റങ്ങൾക്കൊ പ്രവർത്തനങ്ങൾക്കൊ കാരണമല്ലാത്ത അപ്രസക്തമായ വിശ്വാസങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ കാരണമായി തെറ്റിദ്ധരിക്കുകയും ചെയ്യാറുണ്ട് എന്ന് നിസ്‌ബെറ്റും വിൽ‌സണും വാദിക്കുന്നു.

അബോധാവസ്ഥയിലുള്ള കാര്യങ്ങൾ വ്യക്തികളിലും തീരുമാനമെടുക്കലുകളിലും സ്വാധീനം ചെലുത്തുന്നതായി സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതായത്, അബോധാവസ്ഥയിലുള്ള പ്രേരണകൾ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പരീക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നു.

യേൽ യൂനിവേഴ്സിറ്റി മനശാസ്ത്രജ്ഞനായ ജോൺ ബാർഗ് നടത്തിയ ഒരുപറ്റം പരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. പരീക്ഷണത്തിൽ പങ്കെടുത്തവർക്ക്, വ്യത്യസ്തമായ പല പദങ്ങൾ നൽകുകയും, പദങ്ങൾ ഉപയോഗിച്ച് അഞ്ച് വാചകങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു വിഭാഗം പരീക്ഷണാർത്ഥികൾക്ക് വൃദ്ധരുമായി ബന്ധപ്പെട്ട ചില വാക്കുകൾ (ചുളിവ്, തളർച്ച, ജരാനിര, ഊന്നുവടി) നൽകി. മറ്റൊരു വിഭാഗത്തിന് ക്രമരഹിതമായ പല പദങ്ങളും നൽകി. ഇരു വിഭാഗം പരീക്ഷണാർത്ഥികളും നൽകപ്പെട്ട പദങ്ങൾ ചേർത്ത് വാചകങ്ങൾ ഉണ്ടാക്കികഴിഞ്ഞപ്പോൾ അവരെ പിരിച്ചു വിട്ടു. പോകുന്ന വഴിക്ക് ഇരു വിഭാഗത്തിന്റെയും നടത്തം നിരീക്ഷിക്കപ്പെട്ടു. വൃദ്ധരുമായി ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിച്ച് വാചകങ്ങൾ ഉണ്ടാക്കിയവർ മറ്റെ വിഭാഗത്തേക്കാൾ വളരെ സാവകാശമാണ് നടന്നു കൊണ്ടിരുന്നത്. അഥവാ, മുമ്പ് കഴിഞ്ഞ പദവിന്യാസത്തിലൂടെ അവബോധ മനസ്സിൽ പതിഞ്ഞ വൃദ്ധരുടെ ചിത്രം പരീക്ഷണാർത്ഥികളുടെ പെരുമാറ്റത്തെ/നടത്തത്തെ സ്വാധീനിച്ചു എന്നർത്ഥം.

സമാനമായ മറ്റൊരു പരീക്ഷണത്തിൽ പദങ്ങൾ ഉപയോഗിച്ച് അഞ്ച് വാചകങ്ങൾ ഉണ്ടാക്കാൻ പരീക്ഷണാർത്ഥികളോട് ആവശ്യപ്പെട്ടു. ഒരു വിഭാഗം പരീക്ഷണാർത്ഥികൾക്ക് പാരുഷ്യവുമായി ബന്ധപ്പെട്ട ചില പദങ്ങൾ നൽകി. മറ്റൊരു വിഭാഗത്തിന് സൗമ്യതയുമായി ബന്ധപ്പെട്ട ചില പദങ്ങളും നൽകി. ഇരു വിഭാഗം പരീക്ഷണാർത്ഥികളും നൽകപ്പെട്ട പദങ്ങൾ ചേർത്ത് വാചകങ്ങൾ ഉണ്ടാക്കി കഴിഞ്ഞപ്പോൾ അടുത്ത പദങ്ങൾ ഉടനെ നൽകാം എന്ന് പറയപ്പെട്ടു. എന്നിട്ട് പരീക്ഷകൻ തുടർച്ചയായി സംസാരിക്കാൻ തുടങ്ങി. പാരുഷ്യവുമായി ബന്ധപ്പെട്ട പദങ്ങൾ നൽകപ്പെട്ട വിഭാഗത്തിലെ ഭൂരിഭാഗവും പരീക്ഷകന്റെ സംസാരത്തിനിടയിൽ കയറി അടുത്ത പദങ്ങൾ ആവശ്യപ്പെട്ടു. സൗമ്യതയുമായി ബന്ധപ്പെട്ട പദങ്ങൾ നൽകപ്പെട്ട വിഭാഗത്തിലെ ഭൂരിഭാഗവും പരീക്ഷകന്റെ സംസാരം മുഴുവൻ കേട്ടിരുന്നു. പരീക്ഷണങ്ങളുടെ ലക്ഷ്യം പദങ്ങളിലൂടെ അബോധ മനസ്സിൽ ചില ചിത്രങ്ങൾ സൃഷ്ടിക്കുകയും അബോധ മനസ്സിലെ ഈ ചിത്രങ്ങൾ പെരുമാറ്റങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് സചിത്രം വെളിപ്പെടുത്തുകയുമാണ്.

പല മാനസിക പ്രക്രിയകളും ബോധപൂർവമായ തിരഞ്ഞെടുപ്പിന് പുറത്താണ് സംഭവിക്കുന്നതെന്ന് കാണിക്കുന്നതിനാൽ, ഈ പഠനങ്ങൾ നിർണയവാദത്തിന് തെളിവായി കാണിക്കപ്പെടുന്നു.

ബോധപൂർവമായ തിരഞ്ഞെടുപ്പിന് പുറത്തായി പല മാനസിക പ്രക്രിയകളും സംഭവിക്കുന്നു എന്നത് ലിബർട്ടേറിയനിസക്കാർ നിഷേധിക്കുന്നില്ല. മറിച്ച് “എല്ലാ” മാനസിക ശാരീരിക പ്രക്രിയകളുടെയും തിരഞ്ഞെടുപ്പുകൾ ബോധ മനസ്സിന് അപ്പുറമാണ് സംഭവിക്കുന്നത് എന്നൊ സ്വതന്ത്രമായല്ല സംഭവിക്കുന്നത് എന്നൊ തെളിയിക്കൽ നിർണയവാദികളുടെ ബാധ്യതയാണ് എന്ന് ലിബർട്ടേറിയനിസക്കാർ മറുപടി പറയുന്നു.

ഹാർവാർഡ് മനഃശാസ്ത്രജ്ഞനായ ഡാനിയൽ വെഗ്നറുടെ അഭിപ്രായത്തിൽ, നമ്മുടെ സ്വന്തം തിരഞ്ഞെടുപ്പുകളെ സ്വതന്ത്രമായി നാം കാണുന്നുവെങ്കിലും തിരഞ്ഞെടുപ്പുകൾ, നമ്മുടെ ചിന്ത നമ്മുടെ പ്രവർത്തനത്തിന് യഥാർത്ഥത്തിൽ കാരണമാകുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിന് നമ്മൾ മൂന്ന് തത്ത്വങ്ങളുടെ ഒരു ക്ലസ്റ്ററാണ് ഉപയോഗിക്കുന്നത്. നമ്മുടെ ചിന്ത നമ്മുടെ പ്രവർത്തനത്തിന് യഥാർത്ഥത്തിൽ കാരണമാകുന്നുണ്ടോ ഇല്ലേ എന്ന് മനസ്സിലാക്കുന്നതിന് താഴെ പറയുന്ന മൂന്ന് വ്യവസ്ഥകളെ നാം അവലംബിക്കുന്നു:

1. പ്രവർത്തനം ചിന്തയുമായി പൊരുത്തപ്പെടുന്നു.

2. പ്രവർത്തനത്തിന് നമ്മളുടെ ചിന്തയല്ലാതെ മറ്റൊരു കാരണവും (Cause) നമ്മൾ കാണുന്നില്ല.

3. പ്രവർത്തനത്തിന് തൊട്ടുമുമ്പ് നാം ചിന്തയെക്കുറിച്ച് ബോധവാന്മാരാകുന്നു.

ഈ മൂന്ന് നിബന്ധനകളാലാണ് നമ്മുടെ പ്രവർത്തനത്തിന് നമ്മുടെ ചിന്തയാണ് കാരണം എന്ന് നാം തീരുമാനിക്കുന്നത്.

എന്നാൽ ഈ മൂന്ന് നിബന്ധനകളും വ്യക്തികൾ തെറ്റായി ധരിച്ചേക്കാം എന്ന് വെഗ്നർ വാദിക്കുന്നു. ഇതിനായി വെഗ്നർ ഉദാഹരിക്കുന്ന ഏറ്റവും മികച്ച പരീക്ഷണമാണ് “I Spy” പരീക്ഷണം:

ഓജോ-ബോർഡ് ചലനത്തിന്റെ മാതൃകയിൽ ഒരു പരീക്ഷണം വെഗ്നർ സംഘടിപ്പിച്ചു. പരീക്ഷണത്തിൽ, രണ്ട് കളിക്കാർ ഒരു മൗസിൽ ഘടിപ്പിച്ച താലം നീക്കുന്നു. വസ്തുക്കളാൽ പൊതിഞ്ഞ കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു പോയിന്റർ താലത്തിന്റെ ചലനം പ്രതിഫലിപ്പിക്കുന്നു.

പങ്കെടുക്കുന്നവരിൽ ഒരാൾ അറിയാതെ, രണ്ടാമത്തെ കളിക്കാരൻ ഗവേഷകനെ സഹായിക്കുന്ന ഒരു കൂട്ടാളിയാണ്.

ഓരോ 30 സെക്കൻഡിലും മൗസ് ചലിപ്പിക്കുന്നത് നിർത്താൻ കളിക്കാർക്ക് നിർദ്ദേശം നൽകപ്പെട്ടു. തുടർന്ന് ഓരോ കളിക്കാരും മൗസ് ബോധപ്പൂർവ്വം നിർത്തുന്ന പരിധി, വ്യക്തിഗതമായി സൂചിപ്പിക്കാൻ നിദ്ദേശിക്കപ്പെട്ടു.

രണ്ട് കളിക്കാരും ഹെഡ്‌ഫോണുകൾ ധരിപ്പിക്കപ്പെട്ടിരുന്നു, അതിലൂടെ സംഗീതം കേൾക്കും, സംഗീതത്തിന്റെ പശ്ചാത്തലത്തിൽ വാക്കുകളും കേൾക്കുമെന്ന് അവരോട് പറയപ്പെട്ടു. എന്നാൽ സ്ക്രീനിലെ ഏത് വസ്തു എത്തുമ്പോൾ എപ്പോൾ മൗസ് നിർത്തണം എന്ന നിർദ്ദേശങ്ങളാണ് കളിക്കാരിൽ പരീക്ഷകന്റെ സഹായിക്ക് യഥാർത്ഥത്തിൽ ഹെഡ്‌ഫോണിലൂടെ കേൾപ്പിക്കപ്പെട്ടിരുന്നത്. ഇത് മറ്റെ കളിക്കാരൻ അറിയുന്നില്ല.

പരീക്ഷകന്റെ സഹായി അരയന്നത്തിന്റെ ചിത്രത്തിന് സമീപം പോയിന്റർ നിർത്തിയാൽ ആ ചിത്രത്തോട് പൊരുത്തപ്പെടുന്ന ഒരു വാക്ക് (“അരയന്നം” എന്ന വാക്ക്) മറ്റെ കളിക്കാരൻ ഹെഡ്ഫോണിലൂടെ കേൾക്കും. എന്നാൽ ഈ വാക്ക് വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്ത ഇടവേളകളിലാണ് കളിക്കാരൻ കേൾക്കുക.

വസ്തുവിന്റെ (ഉദാഹരണത്തിന് അരയന്നത്തിന്റെ ചിത്രത്തിനു മേൽ) മൗസിന്റെ പോയന്റർ നിർത്തുന്നതിന് അഞ്ച് സെക്കൻഡ് മുമ്പ് വസ്തുവിന്റെ (അരയന്നത്തിന്റെ) പേര് കേട്ടപ്പോഴെല്ലാം താൻ ബോധപൂർവം പോയിന്റർ നിർത്തിയതായി കളിക്കാരൻ സൂചിപ്പിച്ചു, എന്നു വെച്ചാൽ താൻ വസ്തുവിന്റെ പേര് കേട്ടതിനാൽ സ്വന്തമായി മൗസ് നിർത്തിയതാണെന്ന് കളിക്കാരൻ വിശ്വസിക്കുന്നു എന്നർത്ഥം. എന്നാൽ നിർത്തുന്നതിന് 30 സെക്കൻഡ് മുമ്പ് വസ്തുവിന്റെ പേര് കേട്ടാൽ അത് താൻ നിർത്തിയതല്ല എന്ന് കളിക്കാരൻ വിശ്വസിക്കുന്നു…

പരീക്ഷണത്തിന് മുന്നേ വഗ്നർ പ്രവചിച്ചതു പോലെ തന്നെ ഫലവും ലഭിച്ചു!

വഗ്നർ തന്നെ തന്റെ ഒരു വ്യക്തിപരമായ അനുഭവം പങ്കു വെക്കുന്നുണ്ട്. ഒരിക്കൽ ഒരു ആർക്കെയ്ഡിൽ തവളയെ ചാടിക്കുന്ന ഒരു വീഡിയൊ ഗെയിം കണ്ടപ്പോൾ വഗ്നർ ജോയ്സ്റ്റിക്ക് എടുത്ത് കളിക്കാൻ തുടങ്ങി. തവളയെ ചാടിച്ചുക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ Let’s start the game (കളി തുടങ്ങാം) എന്ന് എഴുതി കാണിക്കപ്പെട്ടപ്പോൾ മാത്രമാണ് ഇരുവരെ തവളയെ ചാടിച്ചിരുന്നത് താനല്ല എന്ന് വഗ്നർക്ക് മനസ്സിലായത്, അത് ഗെയിം തുടങ്ങുന്നതിന് മുമ്പുള്ള ഒരു വീഡിയൊ മാത്രമായിരുന്നു.

വഗ്നറുടെ ഈ അനുഭവവും നിർണായകമായ i spy പരീക്ഷണവുമെല്ലാം തെളിയിക്കുന്നത് മൂന്ന് കാര്യങ്ങളാണ്:

1. പ്രവർത്തനം ചിന്തയുമായി പൊരുത്തപ്പെടുന്നു എന്ന് നാം തെറ്റിദ്ധരിച്ചേക്കാം.

2. പ്രവർത്തനത്തിന് നമ്മളുടെ ചിന്തയല്ലാതെ മറ്റൊരു കാരണവും (Cause) ഇല്ല എന്ന് നമ്മുക്ക് തെറ്റായി തോന്നിയേക്കാം

3. പ്രവർത്തനത്തിന് തൊട്ടുമുമ്പ് നമ്മുടെ ബോധതലത്തിൽ ചിന്ത സംഭവിച്ചു എന്ന മിഥ്യാബോധം നമുക്ക് ഉണ്ടായേക്കാം.

ഈ സാധ്യതകൾ യാഥാർത്ഥ്യമാണെന്ന് തെളിയുന്നതിലൂടെ സ്വതന്ത്രേച്ഛയെ സംബന്ധിച്ച നമ്മുടെ അനുഭവം അല്ലെങ്കിൽ ബോധം മിഥ്യാ ബോധമൊ അയഥാർത്ഥമോ ആവാനുള്ള സാധ്യത സംജാതമാവുന്നു. ഇത് നിർണയവാദത്തിന് പച്ചക്കൊടി വീശുന്നു എന്ന് പറയാതെ വയ്യ.

എന്നാൽ ഇത്തരം മിഥ്യാബോധങ്ങൾ നമ്മുക്ക് ഇടക്കൊക്കെ സംഭവിക്കാമെന്ന് മാത്രമെ ഈ പഠനങ്ങൾ തെളിയിക്കുന്നുള്ളു, ഭൂരിഭാഗവും നമ്മുടെ പ്രവർത്തനങ്ങളുടെയും തീരുമാനങ്ങളുടെയും കാരണം നമ്മുടെ ബോധ മനസ്സിന്റെ അംഗീകാരം തന്നെയാണ് എന്നതിന് ഈ പഠനങ്ങളൊന്നും എതിരല്ല എന്ന് സ്വാതന്ത്യ്രാൽഘോഷകർ മറുപടി പറയുന്നു.

ഏതായിരുന്നാലും, നാം വളരെ ലളിതമായി ധരിച്ചിരുന്ന ചിന്തയും പ്രവർത്തനവും തമ്മിലുള്ള ബന്ധം പോലും ഇത്ര സങ്കീർണമായിരുന്നു എന്ന തിരിച്ചറിവാണ് മനശ്ശാസ്ത്രം നമ്മുക്ക് എക്കാലത്തും നൽകിക്കൊണ്ടിരിക്കുന്നത്.

print

No comments yet.

Leave a comment

Your email address will not be published.