വിധി വിശ്വാസം: ഒരു സമകാലിക വായന -12

//വിധി വിശ്വാസം: ഒരു സമകാലിക വായന -12
//വിധി വിശ്വാസം: ഒരു സമകാലിക വായന -12
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -12

ബോധപൂർവമായ തിരഞ്ഞെടുപ്പുകളുടെ അണിയറയിലെ ന്യൂറോസയൻസ് (Neuroscience)

1960-കളിൽ ജർമ്മൻ ന്യൂറോ സയന്റിസ്റ്റുകൾ, തലച്ചോറിന്റെ പ്രവർത്തനവും ശരീരത്തിന്റെ സ്വമേധയാ ഉള്ള പ്രവർത്തനവും തമ്മിലുള്ള പരസ്പരബന്ധം പരീക്ഷണങ്ങളിലൂടെ പഠിച്ചു. പരീക്ഷണത്തിൽ പങ്കെടുക്കുന്നവരോട് അവരുടെ വിരൽ വേഗത്തിൽ ഞൊടിക്കാൻ ആവശ്യപ്പെട്ടു. വിരൽ എപ്പോൾ ഞൊടിക്കണമെന്ന് അവർക്ക് തീരുമാനിക്കാം. പരീക്ഷണാർത്ഥികൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വിരൽ ഞൊടിക്കുമ്പോൾ അവരുടെ തലച്ചോറും വിരലുകളുമായി ബന്ധപ്പെട്ട പേശികളും ശാസ്ത്രജ്ഞർ പരിശോധിച്ചു. തലച്ചോറിലെ വൈദ്യുത പ്രവർത്തനം (ചലനങ്ങളുമായി ബന്ധപ്പെട്ട മോട്ടോർ ഏരിയ) EEG എന്ന ഉപകരണം വഴിയും പേശികളുടെ ചലനം EMG എന്ന ഉപകരണം ഉപയോഗിച്ചുമാണ് പരിശോധിച്ചത്.
പരിശോധനയുടെ ഫലം ഇതായിരുന്നു:

പേശികളിലെ വൈദ്യുത പ്രവർത്തനത്തിന് മുമ്പ് മസ്തിഷ്കത്തിലെ വൈദ്യുത പ്രവർത്തനം തുടങ്ങുന്നു. അഥവാ പേശികളുടെ ചലനത്തിന് 550 മില്ലിസെക്കൻഡുകൾ മുമ്പ് തലച്ചോറിലെ വൈദ്യുത പ്രവർത്തനം സംഭവിക്കുന്നു. ഇതിനെ Readiness Potential (RP) എന്ന് വിളിക്കാം. മസ്തിഷ്കം ശരീരത്തെയോ പേശികളെയോ ചലനത്തിനായി തയ്യാറാക്കുന്നു എന്നർത്ഥം.

കാലങ്ങൾക്ക് ശേഷം ബെഞ്ചമിൻ ലിബറ്റ് എന്ന അമേരിക്കൻ ന്യൂറോസയന്റിസ്റ്റ് അസ്വാസ്ഥ്യജനകമായ ഒരു പരീക്ഷണം പ്രസിദ്ധീകരിച്ചു. വർച്ച്വൽ നോബൽ സമ്മാന ജേതാവും മനുഷ്യരുടെ ബോധതലത്തെ സംബന്ധിച്ച ശാസ്ത്രപഠന മേഖലയിലെ അഗ്രഗാമിയായിരുന്ന ലിബറ്റ് അത്ഭുതകരവും നിർണായകവുമായ ഒരു വിവരം ലോകവുമായി പങ്കുവെച്ചു:

വിരൽ ഞൊടിക്കുമ്പോൾ തലച്ചോറിൽ നടക്കുന്ന “readiness potential” (പ്രവർത്തനം ചെയ്യാൻ ശരീരത്തെ തയ്യാറാക്കുന്ന മസ്തിഷ്കത്തിലെ വൈദ്യുത പ്രവർത്തനം) നടന്നതിന് ശേഷമാണ് പ്രവർത്തനം ചെയ്യണമെന്ന ഉദ്ദേശ്യം (intention) നമ്മുടെ ബോധ മനസ്സിൽ തെളിയുന്നത് !! അഥവാ, നാം വിരൽ ഞൊടിക്കണമെന്ന് തീരുമാനിക്കുന്നതിന് 300 മില്ലിസെക്കന്റുകൾക്ക് മുമ്പ്, വിരൽ ഞൊടിക്കാൻ തലച്ചോറ് ശരീരത്തിന് വൈദ്യുത സന്ദേശം അയക്കുന്നു !!!
(Libet, Benjamin; Gleason, Curtis A.; Wright, Elwood W.; Pearl, Dennis K. (1983). “Time of Conscious Intention to Act in Relation to Onset of Cerebral Activity (Readiness-Potential)”. Brain. 106 (3): 623–42. doi:10.1093/brain/106.3.623. PMID 6640273. Libet, Benjamin (1993): “Unconscious cerebral initiative and the role of conscious will in voluntary action”. Neurophysiology of Consciousness. Contemporary Neuroscientists. pp. 269–306.)

ലിബറ്റിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, ഒരു വിഷയത്തിൽ നാം എടുക്കുന്ന തീരുമാനങ്ങൾ ആദ്യം ഒരു അബോധതലത്തിൽ മസ്തിഷ്ക്കത്തിൽ സംഭവിക്കുകയും, പിന്നീട് അത് “ബോധപൂർവമായ തീരുമാനമായി” വിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നാണ്. പ്രവർത്തനത്തിനുള്ള തീരുമാനം നമ്മളുടെ ഇച്ഛാശക്തിയാൽ സംഭവിച്ചുവെന്ന വിശ്വാസം ഉടലെടുക്കുന്നത്, കഴിഞ്ഞു പോയ സംഭവത്തെ സംബന്ധിച്ച് നാം പിന്തിരിഞ്ഞ് വീക്ഷിക്കുമ്പോൾ ഉണ്ടാവുന്ന തോന്നൽ മാത്രമാണ്. സ്വതന്ത്രേച്ഛ എന്ന വിശ്വാസത്തെയും വാദത്തെയും സമ്പൂർണ്ണമായും തമസ്കരിക്കുന്ന ഒരു കണ്ടെത്തലാണ് ഇത് എന്നും ഇതിലൂടെ നിർണയവാദം പൂർണമായും സ്ഥാപിതമാവുന്നു എന്നും ഡിറ്റർമനിസ്റ്റുകൾ കൊട്ടിഘോഷിക്കുന്നു.

എന്നാൽ പരീക്ഷണം നടത്തിയ ലിബറ്റ് തന്നെ സ്വയം സ്വതന്ത്രേച്ഛയിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്. എവിടെ എപ്പോൾ സ്വതന്ത്രേച്ഛ സംഭവിക്കുന്നു എന്ന് മാത്രമാണ് പരീക്ഷണം തെളിയിക്കുന്നത് എന്ന് ലിബറ്റ് വാദിക്കുന്നു. പ്രവർത്തനം ചെയ്യാനുള്ള തീരുമാനം സൃഷ്ടിക്കപ്പെടുന്നത് ബോധ തലത്തിനും അപ്പുറമാണ് എങ്കിലും ആ തീരുമാനം വീറ്റോ ചെയ്യുന്നത് നമ്മളുടെ ബോധ മനസ്സാണ് എന്ന് ലിബറ്റ് തന്റെ പരീക്ഷണത്തെ വ്യാഖ്യാനിക്കുന്നു. അഥവാ, പേശികളുടെ പ്രവർത്തനത്തിനും ബോധമനസ്സിൽ പ്രവർത്തനം ചെയ്യാനുള്ള പ്രേരണക്കും ഇടയിൽ 100 മില്ലിസെക്കന്റുകൾ ആ പ്രവർത്തനത്തെ വീറ്റോ ചെയ്യാൻ കഴിയുന്ന വിധം അവശേഷിക്കുന്നു. അതിനാൽ, ഒരു തീരുമാനം ആരംഭിക്കാനുള്ള സ്വതന്ത്ര ഇച്ഛാശക്തി (Free Will) നമുക്കില്ലെങ്കിലും, അത് ചെയ്യില്ല എന്ന് തീരുമാനിക്കാനുള്ള “free won’t” നമുക്കുണ്ട്; അതായത് ഒരു അനാവൃതമായ പ്രവർത്തനം ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം.

ലിബറ്റിന്റെ ഈ വ്യാഖ്യാനത്തെ നിർണയവാദികൾ ശക്തമായി തിരസ്കരിക്കുന്നു. ലിബറ്റിന്റെ പരീക്ഷണം സ്വതന്ത്രേച്ഛയുടെ അഭാവത്തെയാണ് തെളിയിക്കുന്നത്, ലിബറ്റിന്റെ വ്യാഖ്യാനം പരീക്ഷണത്തിന്റെ പിൻബലമില്ലാത്ത കേവലം വാദം മാത്രമാണ് എന്നും അവർ ആരോപിക്കുന്നു. ഉദാഹരണത്തിന് ഫ്ലോറിഡ സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഫ്രൊഫസ്സറായ ആൽഫ്രഡ് മെലെ വിമർശിക്കുന്നത് ലിബറ്റ് ബോധ മനസ്സിന്റെ ആഗ്രഹവും തീരുമാനവും തമ്മിൽ കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ചെയ്യുന്നത് എന്നാണ്. നാം ഒരു പ്രവർത്തനം വീറ്റോ ചെയ്യുകയാണെങ്കിൽ അതാണ് നമ്മളുടെ തീരുമാനം, ആ പ്രവർത്തനം ചെയ്യുക എന്നത് കേവലം ആഗ്രഹം മാത്രമായിരുന്നു എന്ന് വരുന്നു. അപ്പോൾ അബോധ തലത്തിൽ തലച്ചോറിൽ എടുക്കപ്പെട്ട തീരുമാനത്തെ ചെയ്യേണ്ട എന്ന തീരുമാനം കൊണ്ട് ഖണ്ഡിക്കുകയല്ല നാം ചെയ്യുന്നത്. ബോധ മനസ്സിലെ ഒരു ആഗ്രഹത്തെ തീരുമാനമായി അംഗീകരിക്കാതിരിക്കുക മാത്രമാണ് ലിബറ്റിന്റെ വ്യാഖ്യാനത്തിലെ നാം ചെയ്യുന്നത്. ഉദാഹരണത്തിന് എന്റെ കൈയ്യിൽ 50 രൂപ മാത്രമെ ഉള്ളൂ. 50 രൂപക്ക് ഒരു ഐസ്ക്രീം മാത്രമെ ലഭിക്കൂ. എനിക്ക് ചോക്ലേറ്റ് ഐസ്ക്രീമും വാനില ഐസ്ക്രീമും രണ്ടും കഴിക്കണം. ഇത് എന്റെ തീരുമാനമല്ല. എന്റെ ആഗ്രഹമൊ ആവശ്യമൊ മാത്രമാണ്. ഞാൻ 50 രൂപ കൊടുത്ത് അവസാനം എന്ത് വാങ്ങിയൊ അതാണ് എന്റെ തീരുമാനം.

print

No comments yet.

Leave a comment

Your email address will not be published.