വിധി വിശ്വാസം: ഒരു സമകാലിക വായന -11

//വിധി വിശ്വാസം: ഒരു സമകാലിക വായന -11
//വിധി വിശ്വാസം: ഒരു സമകാലിക വായന -11
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -11

“ആദ്യമായി തന്റെ ആട്ടിൻപറ്റത്തെയും കൊണ്ട് അവിടെയെത്തിച്ചേർന്ന ആ രാത്രി അവനോർമ്മവന്നു. തികച്ചും ശാന്തമായൊരു രാത്രിയായിരുന്നു. പക്ഷേ, അന്ന് അവൻ്റെ മനസ്സിനെ അസ്വസ്ഥമാക്കാനെത്തി, ആ സ്വ‌പ്നം.

പുതിയ ഒരു പറ്റം ആടുകളുമായി അവൻ വീണ്ടും അവിടെ എത്തിച്ചേർന്നിരിക്കുന്നു. ഇപ്പോൾ അന്നത്തെക്കാൾ കൂടുതലായി കൈയിലൊരു കൈക്കോട്ടുമുണ്ട്. മാനത്തേക്കു നോക്കി അവൻ ഏറെനേരം വെറുതെ ഇരുന്നു…

താൻ നടന്നു നീങ്ങിയ അപരിചിതമായ വഴികൾ. ഈ നിധി തനിക്കു കാട്ടിത്തരാനായി ദൈവം തിരഞ്ഞെടുത്ത വിചിത്രമായ രീതികൾ.

പിന്നെയും പിന്നെയും കാണാനിടയായ ആ സ്വപ്‌നത്തിൽ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ആ ജിപ്‌സിത്തള്ളയെ താൻ ചെന്നു കാണുമായിരുന്നില്ല. കള്ളനെയോ ജ്ഞാനിയായ രാജാവിനെയോ കണ്ടുമുട്ടുമായിരുന്നില്ല. വേണ്ട, വല്ലാതെ നീണ്ടുപോകുന്ന ഒരു നിരയാണത്. വഴിനീളെ തന്നെ കാത്തു കിടന്ന നിമിത്തങ്ങൾ. ഒരു തരത്തിലും തനിക്കു വഴിതെറ്റിപ്പോകരുത് എന്ന മുൻകരുതൽ… ”

(ആൽകെമിസ്റ്റ്: പൗലോ കൊയ്‌ലോ: വിവർത്തനം: രമാ മേനോൻ: ഡി സി ബുക്‌സ്: പേജ്: 159)

***************************

പെരുമാറ്റ ശാസ്ത്രം (Behavioural Sciences) നിർണയവാദവും

ജീവജാലങ്ങളുടെയെല്ലാം സ്വഭാവവും പെരുമാറ്റവും പ്രവചിക്കപ്പെടാവുന്നത്ര സാമ്യവും ആവർത്തിതവുമാണ്. ജീവജാലങ്ങളുടെ വിശിഷ്യാ മനുഷ്യരുടെ പെരുമാറ്റത്തിലെ ഇത്തരം നിർണിതവും നിശ്ചിതവുമായ സാമ്യതകളും ആവർത്തനങ്ങളുമാണല്ലൊ മനശാസ്ത്രം (psychology), മന:ജീവശാസ്‌ത്രം(psychobiology), നരവംശശസ്‌ത്രം (anthropology), സമൂഹശാസ്‌ത്രം (sociology), സാമ്പത്തിക ശാസ്ത്രം (economics), കോഗ്നിറ്റീവ് സയൻസ് (cognitive science) തുടങ്ങിയ പല വിഭാഗം പെരുമാറ്റ ശാസ്ത്രങ്ങളുടേയും ആധാരം. ജീവജാലങ്ങളുടെ പെരുമാറ്റങ്ങളിലെ ഇത്തരം പ്രവചന വിധേയത ശാസ്ത്രജ്ഞരിൽ അങ്ങേയറ്റം കൗതുകം ജനിപ്പിച്ചിട്ടുണ്ട്; നിർണയവാദികളായ ശാസ്ത്രജ്ഞരിൽ ഒരു പിടി കൂടുതൽ. പെരുമാറ്റത്തിലെ ഇത്തരം നിർണിതവും നിശ്ചിതവുമായ സാമ്യതകളും ആവർത്തനങ്ങളും പഠിക്കാനും നിരീക്ഷിക്കാനുമായി രസകമായ ചില ശാസ്ത്ര വിനോദങ്ങൾ നിലനിൽക്കുന്നു. അവയാണ് ഗെയിം തിയറി മോഡലുകൾ.

ആവാസസ്ഥലം തിരഞ്ഞെടുക്കൽ, ഭക്ഷണം കണ്ടെത്തൽ, വേട്ടക്കാർ-ഇരകൾ പരസ്പരമുള്ള ഇടപെടലുകൾ, ആശയവിനിമയം, രക്ഷാകർതൃ-സന്തതി ഇടപെടലുകൾ, സഹോദരങ്ങളുടെ ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്ന മൃഗങ്ങളുടെ പെരുമാറ്റ രീതികളും വശങ്ങളും വിശകലനം ചെയ്യാൻ സാധിക്കുന്ന നിരവധി ശാസ്ത്രീയമായ വിനോദങ്ങളാണ് ഗെയിം തിയറി മോഡലുകൾ (Game theory models). (https://www.sciencedirect.com.)

പക്ഷി-പുഴു പരീക്ഷണം (Bird and worms experiment)

എന്തെങ്കിലും തടസ്സങ്ങളോ വ്യതിചലനങ്ങളോ ഇല്ലെങ്കിൽ, ഭക്ഷണ ഉപഭോഗം പരമാവധിയാക്കാൻ പക്ഷികൾ വലിയ പുഴുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തുനിയുക. പക്ഷിയുടെ മുമ്പിൽ പുഴുക്കളെ നിക്ഷേപിച്ചാൽ ഏത് തരം പുഴുക്കളിലേക്ക് പക്ഷി പോവും എന്ന് അനുമാനിക്കാൻ സാധിക്കും എന്നർത്ഥം. ഇതിലൂടെ പക്ഷികളുടെ പ്രവചനീയമായ പെരുമാറ്റം തെളിയിക്കപ്പെടുന്നു.

പോൾ ഡബ്ല്യു. ഗ്ലിംചർ (ജനനം നവംബർ 3, 1961) ഒരു അമേരിക്കൻ ന്യൂറോ ഇക്കണോമിസ്റ്റ്, ന്യൂറോ സയന്റിസ്റ്റ്, സൈക്കോളജിസ്റ്റ്, സാമ്പത്തിക ശാസ്ത്രജ്ഞൻ, പണ്ഡിതൻ, സംരംഭകൻ എല്ലാമായ ബഹുമുഖ പ്രതിഭയാണ്. മനുഷ്യന്റെ പെരുമാറ്റത്തെയും തീരുമാനങ്ങളെയും കുറിച്ചുള്ള പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുൻനിര ഗവേഷകരിൽ ഒരാളാണ് അദ്ദേഹം. മനുഷ്യർ എങ്ങനെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് മനസിലാക്കാൻ -ഒരു ഇന്റർ ഡിസിപ്ലിനറി സമീപനം സ്വീകരിക്കുന്ന- “ന്യൂറോ ഇക്കണോമിക്‌സ്” എന്ന ഒരു ശാസ്ത്ര ശാഖ തന്നെ സ്ഥാപിക്കുന്നതിലും വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്.

മനുഷ്യരുടെ പെരുമാറ്റ രൂപീകരണത്തിനും തീരുമാന രൂപീകരണത്തിനും അടിസ്ഥാനമായി വർത്തിക്കുന്ന ന്യൂറൽ സംഭവങ്ങളെ -ന്യൂറോ സയൻസ്, സൈക്കോളജി, ഇക്കണോമിക്സ് എന്നിവ ഉപയോഗിച്ച്- വിവരിക്കുകയാണ് ഗ്ലിംചറിന്റെ ഗവേഷണം ലക്ഷ്യമിടുന്നത്. മൂല്യങ്ങൾ തലച്ചോറിൽ എങ്ങനെയാണ് കോഡുകളായി രേഖപ്പെടുത്തപ്പെടുന്നത് എന്നും ഈ കോഡുകൾ പിന്നീട് തിരഞ്ഞെടുപ്പുകളിലും തീരുമാനങ്ങളിലും എങ്ങനെ വഴിനടത്തുന്നുവെന്നും fMRI (function magnetic resonance imaging) വഴി അദ്ദേഹം ഗവേഷണം നടത്തുന്നു. വിശിഷ്യാ സാമ്പത്തിക രംഗത്ത് എടുക്കപ്പെടുന്ന തിരഞ്ഞെടുപ്പുകളെയും തീരുമാനങ്ങളെയും തലച്ചോറിലെ കോഡുകൾ എങ്ങനെ നിയന്ത്രിക്കുന്നു എന്ന ഗവേഷണങ്ങളാണ് മുഖ്യവും.
(Glimcher, Paul. Decisions, Uncertainty, and the Brain. Cambridge, Massachusetts: MIT Press, 2003.)

“തലയിലെഴുത്തിന്” അനുസരിച്ച് മനുഷ്യൻ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നു എന്നും, പ്രവചിക്കപ്പെടാവുന്ന പെരുമാറ്റ സാമ്യത മനുഷ്യർ പുലർത്തുന്നുണ്ട് എന്നും നിർണയവാദികൾ ഇതിനെ വ്യാഖ്യാനിക്കുന്നതിൽ അതിശയോക്തിയില്ല.

നൊബേൾ സമ്മാന ജേതാവായ ഭൗതിക ശാസ്ത്രജ്ഞൻ ജോൺ നാഷ്, ബാറിൽ നിന്നും പെണ്ണുങ്ങളെ “വളക്കാൻ”, game theory ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

“സ്വർണ മുടിക്കാരിയായ പെണ്ണിനെ വളക്കാൻ എല്ലാ ആണുങ്ങളും ഒരുമിച്ചു ചെല്ലുക വഴി ആർക്കും അവളെ കിട്ടാതെയാവുന്നു. സ്വർണ മുടിക്കാരിയാൽ തിരസ്ക്കരിക്കപ്പെട്ട ആണുങ്ങൾ കറുത്ത മുടിക്കാരിയായ അവളുടെ കൂട്ടുകാരിയുടെ അടുത്തേക്ക് അടുത്തതായി ചെല്ലുമ്പോൾ കറുത്ത മുടിക്കാരിയും അവരെ ഓരോരുത്തരേയുമായി തിരസ്കരിക്കുന്നു, കാരണം ഒരു സ്ത്രീയും താൻ ഒരു പുരുഷന്റെ രണ്ടാം തിരഞ്ഞെടുപ്പാവാൻ ഇഷ്ടപ്പെടില്ല.” എന്ന് ജോൺ നാഷ് പറഞ്ഞുവത്രെ. അത്രയും നിർണിതമാണ് സുന്ദരികളായ സ്ത്രീകളുടെ പെരുമാറ്റം എന്നർത്ഥം !

വെർണർ ഗത്തും സഹപ്രവർത്തകരും (1982) അവതരിപ്പിച്ച അൾട്ടിമാറ്റം ഗെയിം (Ultimatum game) മറ്റൊരു ഉദാഹരണമാണ്. ഒരു ലളിതമായ, വിലപേശൽ അന്തരീക്ഷമാണ് ഈ ശാസ്ത്ര വിനോദത്തിന്റെ പ്രമേയം. രണ്ട് വ്യക്തികൾ ക്രമരഹിതമായും അജ്ഞാതമായും തിരഞ്ഞെടുക്കപ്പെടുന്നു, ഒരാൾ പ്രയോക്താവായും മറ്റയാൾ പ്രതികരിക്കുന്നയാളായും നിശ്ചയിക്കപ്പെടുന്നു. പ്രയോക്താവിന് ഒരു തുക (ധനം) നൽകപ്പെടുന്നു, ആ തുക തനിക്കും തന്റെ പ്രതിവാദിക്കും ഇടയിൽ വിഭജിക്കാൻ നിർദ്ദേശിക്കപ്പെടുന്നു. പ്രതികരിക്കുന്നയാൾ നിർദ്ദേശത്തെ പറ്റി ചിന്തിക്കുകയും സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യുന്നു. വിഭജനത്തിന്റെ തോത് അംഗീകരിക്കപ്പെട്ടാൽ, പ്രയോക്താവിന്റെ നിർദ്ദേശം സൂചിപ്പിക്കുന്ന തോത് ഇരുവരും നേടുന്നു. പ്രയോക്താവിന്റെ വിഭജനത്തിന്റെ തോതുമായി ബന്ധപ്പെട്ട നിർദ്ദേശം പ്രതിവാദിയാൽ നിരസിക്കപ്പെട്ടാൽ, പ്രയോക്താവിനും പ്രതിവാദിക്കും ഇരുവർക്കും ഒന്നും ധനത്തിൽ നിന്ന് ലഭിക്കില്ല.

പരീക്ഷണങ്ങളുടെ പ്രധാന ഫലം ഇപ്രകാരമായിരുന്നു: മിക്ക പ്രയോക്താക്കളും, നൽകപ്പെട്ട തുകയുടെ 40% മുതൽ 50% വരെ വാഗ്‌ദാനം ചെയ്യുന്നു, ഈ വിഭജനം മിക്കവാറും എല്ലായ്‌പ്പോഴും പ്രതികരിക്കുന്നവർക്ക് അംഗീകൃതമാവുന്നു. എന്നാൽ പ്രയോക്താക്കൾ, നൽകപ്പെട്ട തുകയുടെ 20% ആയി കുറച്ച് പ്രതിയോഗിക്ക് വാഗ്ദാനം ചെയ്യുമ്പോൾ, പകുതിയോളം പ്രതിയോഗികളും അത് നിരസിക്കുന്നു, വാഗ്ദാനം 10% ലും അതിൽ താഴെയും കുറയുമ്പോൾ നിരസിക്കൽ നിരക്ക് വർദ്ധിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ, തനിക്കു കിട്ടിയില്ലെങ്കിലും പ്രയോക്താവിനും ഒന്നും കിട്ടരുത് എന്ന് പ്രതിയോഗി തീരുമാനിക്കുന്നു; സൗജന്യമായി കിട്ടുന്ന തുക എത്ര ചെറുതായാലും, കിട്ടുന്നത് കിട്ടട്ടെ എന്നാണ് പ്രതിയോഗി യുക്തിപരമായി തീരുമാനിക്കേണ്ടിയിരുന്നത്. പക്ഷെ യുക്തിയെ പെരുമാറ്റം പുനർനിർണയിക്കുന്നു.

1985 ൽ ഹോഫ്മാനും സ്പിറ്റ്‌സറും വിനോദത്തെ മറ്റൊരു രീതിയിലേക്ക് മാറ്റി പരീക്ഷിച്ചു. വിനോദത്തിൽ വിഭജനത്തിന്റെ തോത് നിർണയിക്കുന്ന പ്രയോക്താവ് ആരാവും എന്നതിന് ആദ്യം ഒരു മത്സരം നടത്തി. മത്സരത്തിൽ വിജയിച്ചയാൾ എത്ര തോത് നിർണയിക്കുമ്പോഴും (അത് എത്ര കുറവാണെങ്കിലും) അത് പ്രതിയോഗിയാൽ അംഗീകരിക്കപ്പെട്ടു. ഇതിന് കാരണം പ്രയോക്താവിന്റെ ഏത് വിഭജനത്തിനും പ്രതിയോഗിയുടെ വീക്ഷണത്തിൽ ന്യായവും അർഹതയും ദൃശ്യമാവുന്നു എന്നതിനാലാണ്.

ജോൺ മെയ്‌നാർഡ് സ്മിത്ത് (1982) വികസിപ്പിച്ചെടുത്ത ഒരു പരിണാമവാദ വിനോദത്തിന്റെ സൈദ്ധാന്തിക മാതൃകയാണ് പരുന്ത്-പ്രാവ് മോഡൽ (The hawk-dove model).

1. സാമൂഹിക അനുകൂലവും (പരോപകാരവും സഹകരണവും)

2. സാമൂഹിക വിരുദ്ധവുമായ (സ്വാർത്ഥത, ക്രൂരത) പെരുമാറ്റങ്ങൾ തമ്മിലുള്ള അടിസ്ഥാന സംഘട്ടനത്തെ ചിത്രീകരിക്കുന്നതാണ് ഈ ഗെയിം തിയറി.

ആയിരം വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തിയ പരീക്ഷണത്തിന്റെ ചുരുക്കമിതാണ്:

“ഈരണ്ടു പേരായാണ് മത്സരം. ഈരണ്ട് പേരിൽ ഓരോരുത്തർക്ക് പരുന്ത്, പ്രാവ് എന്നീ രീതികളിൽ ഏതും സ്വീകരിക്കാം. പരുന്ത് സ്വാർത്ഥമായ ശൈലിയാണ്. പ്രാവ് പരസ്പര സഹകരണ ശൈലിയുമാണ്. ഒരു നിശ്ചിത വിഹിതം പ്രതിഫലം നേടിയെടുക്കാനായാണ് മത്സരം.

രണ്ട് മത്സരാർത്ഥികളും പരുന്ത് – പരുന്ത് ശൈലി സ്വീകരിച്ചാൽ രണ്ടു പേർക്കും തുല്യ പ്രതിഫലം നിശ്ചയിക്കപ്പെടും. എന്നാൽ രണ്ടു പേരിൽ ഏതെങ്കിലും ഒരാൾക്ക് തന്റെ പ്രതിഫലത്തിൽ ½ ചെലവായി കുറക്കപ്പെടും.

മത്സരാർത്ഥികളിൽ ഒരാൾ പരുന്തും മറ്റയാൾ പ്രാവുമായാൽ പരുന്തിന് പ്രതിഫലം മുഴുവൻ ലഭിക്കും; പ്രാവിന് ഒന്നും ലഭിക്കില്ല.

മത്സരാർത്ഥികളിൽ രണ്ടു പേരും പ്രാവ് ശൈലി സ്വീകരിച്ചാൽ രണ്ട് പേർക്കും തുല്യ പ്രതിഫലം ലഭിക്കും; ചെലവായി ഒന്നും കുറക്കപ്പെടില്ല.

രണ്ട് മത്സരാർത്ഥികളും പ്രാവുകളായിരിക്കുമ്പോൾ ഏറ്റവും ഉയർന്ന പരസ്പര പ്രതിഫലം ലഭിക്കുന്നുവെങ്കിലും, പ്രാവ് ശൈലി ഒരു പരിണാമ സ്ഥിരതയുള്ള തന്ത്രമല്ല.

മത്സരാർത്ഥികൾ തമ്മിലുള്ള പോരാട്ടത്തിന്റെ ചെലവ് പ്രതിഫലത്തേക്കാൾ വർദ്ധിക്കാതിരിക്കുവോളം, പരുന്ത് ശൈലി ക്രമേണ ഒരു ജനസംഖ്യയിൽ പ്രബലമാവുകവും പ്രചരിക്കുകയും ചെയ്യും; തുടക്കത്തിൽ പരുന്തുകളുടെ എണ്ണം പ്രാവുകളുടെ എണ്ണത്തെക്കാൾ താരതമ്യേന കുറവാണെങ്കിലും.

ഒരു പ്രാവ് പരുന്തിനെ നേരിടാനുള്ള സാധ്യത തുടക്കത്തിൽ വളരെ കുറവാണ് എങ്കിലും, പരുന്തുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആ സാധ്യത വർദ്ധിക്കുന്നു.”
(https://www.nature.com/scitable/content/hawk-versus-dove-25956497/)

എന്നാൽ ജീവജാലങ്ങളുടെ പ്രവചനാതീതമായ പെരുമാറ്റങ്ങൾ തെളിയിക്കുന്ന പല പരീക്ഷണങ്ങളും മറുവശമായുണ്ട്. ഈ പരീക്ഷണങ്ങളിലാണ് ലിബർട്ടേറിയനിസക്കാർ ശ്രദ്ധ ക്രേന്ദ്രീകരിക്കുന്നത്.

1979-1980 ൽ നടന്ന ഒരു ക്ലാസിക് പരീക്ഷണമിങ്ങനെ: കേംബ്രിഡ്ജിലെ ഒരു തടാകത്തിൽ ശീതകാലം ചെലവഴിക്കാൻ വന്ന 33 താറാവുകളുടെ കൂട്ടത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരു സുവോളജിസ്റ്റും സഹായികളും, ഭക്ഷണം വിതറിയുള്ള ഒരു പരീക്ഷണത്തിന് നേതൃത്വം നൽകി:

33 താറാവുകളുള്ള കുളത്തിൽ ഇടതു വശത്ത് പത്ത് സെക്കന്റിൽ ഒന്ന് എന്ന വേഗതയിൽ തീറ്റ എറിഞ്ഞു കൊടുത്തു.

കുളത്തിൽ വലതു വശത്ത് ഇരുപതു സെക്കന്റിൽ ഒന്ന് എന്ന വേഗതയിൽ തീറ്റ എറിഞ്ഞു കൊടുക്കുന്നു.

സ്വഭാവികമായും കൂടുതൽ തീറ്റ കുളത്തിന്റെ ഇടതു വശത്ത് ആണല്ലൊ നിക്ഷേപിക്കപ്പെടുന്നത്. അവിടേക്കായിരിക്കും മുഴുവൻ താറാവുകളും ചെല്ലുക എന്ന് പ്രതീക്ഷിക്കപ്പെട്ടേക്കാം. പക്ഷെ താറാവുകളിൽ 22 എണ്ണം മാത്രമാണ് ഇടതു വശത്തേക്ക് ചെന്നത്. ബാക്കി 11 എണ്ണം വലതു വശത്തേക്ക് നീങ്ങി. കാരണം വലത് വശത്തെ തീറ്റ മത്സരമില്ലാതെ ലഭ്യമാണ്. കൂടാതെ ഭൂരിഭാഗത്താൽ അവഗണിക്കപ്പെട്ടത് കൊണ്ട് ന്യൂനപക്ഷത്തിന് അത് ധാരാളമാണ്.

ജീവജാലങ്ങളുടെ പ്രവചനാതീതമായ പെരുമാറ്റമാണ് ഈ പരീക്ഷണം തെളിയിക്കുന്നത് എന്ന് ലിബർട്ടേറിയനിസക്കാർ അവകാശപ്പെടുന്നു. (ഇവിടെയും നിർണയവാദികൾക്ക് മറുപടിയുണ്ട്. വലതു വശത്തേക്ക് തീറ്റ തേടി പോയ താറാവുകൾക്ക് പ്രകൃതിപരമായി ചില പ്രത്യേകതകൾ ഉണ്ടാവാം. അവ താരതമ്യേന മറ്റു താറാവുകളേക്കാൾ ബുദ്ധി കൂടിയവരൊ ആവേശം കുറഞ്ഞവരൊ കിടമത്സരം ഇഷ്ടപ്പെടാത്തവരൊ ആയേക്കാം. ഈ പ്രകൃതം വലതു വശത്തെ തീറ്റയെ മുന്തിക്കുന്നതിനെ “നിർണയിക്കുന്നു”.)

ജീവജാലങ്ങളുടെ പ്രവചനാതീതമായ പെരുമാറ്റത്തെ പ്രകടിപ്പിക്കുന്ന, ഗെയിം തിയറിയുടെ ഭാഗമായ മറ്റൊരു പരീക്ഷണമാണ് നാണയങ്ങൾ ചേർച്ച വരുത്തൽ (Matching pennies) എന്ന വിനോദം.

ഈരണ്ട് കളിക്കാർ തമ്മിലാണ് മത്സരം; ഒറ്റ, ഇരട്ട എന്നിങ്ങനെ ഇരുവരെയും നിശ്ചയിക്കുന്നു. ഓരോ കളിക്കാരും രഹസ്യമായി, തങ്ങളുടെ അടുത്തുള്ള നാണയം ഹെഡ്സൊ ടെയ്ൽസൊ ആക്കി മറിച്ച് വെക്കണം. ശേഷം ഈ മറിച്ച് വച്ച ഹെഡ്‌സ് അല്ലെങ്കിൽ ടെയ്ൽസ് കളിക്കാർ വെളിപ്പെടുത്തുന്നു. രണ്ടു പേരും ഹെഡ്സാണ് വെച്ചിരിക്കുന്നതെങ്കിൽ അല്ലെങ്കിൽ രണ്ട് പേരും ടെയ്ൽസാണ് വെച്ചിരിക്കുന്നത് എങ്കിൽ ഇരട്ട (എന്ന് നിശ്ചയിക്കപ്പെട്ട കളിക്കാരൻ) വിജയിക്കും. അയാൾക്ക് രണ്ട് നാണയവും സ്വന്തമാക്കാം. ഇനി നാണയങ്ങൾ ഹെഡ്സൊ ടെയ്ൽസൊ ചേർന്നില്ലെങ്കിൽ ഒറ്റ (എന്ന് നിശ്ചയിക്കപ്പെട്ട കളിക്കാരൻ) വിജയിക്കും. അയാൾക്ക് രണ്ട് നാണയവും സ്വന്തമാക്കാം.

മത്സര ഫലം പ്രവചനാതീതമായിരുന്നു, കളിക്കാരുടെ രീതിയിലൊ പെരുമാറ്റത്തിലൊ സാമ്യതകളൊ ആവർത്തനങ്ങളൊ പ്രതിഫലിക്കുന്നില്ല എന്ന് കണ്ടെത്തി.

ജൈവലോകത്തെ മൊത്തത്തിൽ നിരീക്ഷിക്കുമ്പോഴും, പ്രവചനാതീതമായും അസാമാന്യമായും പെരുമാറുക എന്നത് ജീവവർഗത്തിന്റെ അധിജീവനത്തിന് അനിവാര്യമാണെന്ന് കാണാൻ സാധിക്കും എന്ന് ലിബർട്ടേറിയനിസക്കാർ വാദിക്കും. സിംഹം സീബ്രകളെ ആക്രമിക്കുന്നത് പ്രതീക്ഷിക്കപ്പെടാവുന്ന രീതിയിലാണെങ്കിൽ സീബ്രകളുടെ അതിജീവനം എളുപ്പവും സിംഹത്തിന്റെ അതിജീവനം ദുഷ്കരമാവുകയും ചെയ്യുമായിരുന്നു. ഇനി സിംഹങ്ങളിൽ നിന്നും സീബ്രകളുടെ കുതറിയോട്ടം പ്രതീക്ഷിക്കപ്പെടാവുന്ന രീതിയിലാണെങ്കിൽ സീബ്രകളുടെ അതിജീവനം ദുഷ്കരവും സിംഹത്തിന്റെ അതിജീവനം എളുപ്പമാവുകയും ചെയ്യുമായിരുന്നു. ജീവജാലങ്ങളുടെ അതിജീവനത്തിന് പ്രവചാനാതീത പെരുമാറ്റം അനിവാര്യമാണെന്നത് പരിണാമ തേട്ടമാണെന്ന് ലിബർട്ടേറിയനിസക്കാർ വാദിക്കുന്നു.

പരിണാമം എപ്പോഴും അതിജീവനത്തിന് ഗുണകരമായ വളർച്ചയെയും പെരുമാറ്റത്തെയും അനുകൂലിക്കണം എന്നില്ല എന്ന് നിർണയവാദികൾ ഖണ്ഡനം അവതരിപ്പിക്കുന്നു. ജീവപരിണാമം എപ്പോഴും അധിജീവനത്തിന് ഗുണകരമായ വളർച്ചയെയും പെരുമാറ്റത്തെയും അനുകൂലിക്കുമായിരുന്നെങ്കിൽ പല ജീവവർഗ്ഗങ്ങൾക്കും വംശനാശം സംഭവിക്കുമായിരുന്നില്ലല്ലൊ. നമുക്ക് അഞ്ച് വിരലിന് പകരം കൂടുതൽ ഗുണകരമായ ആറൊ ഏഴൊ വിരലുകൾ വികസിക്കുമായിരുന്നല്ലൊ.

ജീവജാലങ്ങളുടെ പെരുമാറ്റത്തിന്റെ ബാഹ്യ ആവിഷ്ക്കാരത്തിനും താഴെ, നാടി/സിര അടിത്തറ (Neuro underpinning) നിർണ്ണയിക്കപ്പെട്ടതാണൊ അല്ലയൊ? എന്ന പഠനങ്ങളും അവലോകനങ്ങളും ശാസ്ത്ര ലോകത്ത് സജീവമാണ്.

ഒരു പരീക്ഷണത്തിൽ, ഒരു കുരങ്ങിന്റെ ഇരു വശങ്ങളിലും ഒരുപോലെയുള്ള വസ്തുക്കൾ നിക്ഷേപിച്ചു. ഏത് വശത്തുള്ള വസ്തുവിലേക്ക് തിരിയാനുമുള്ള സ്വാതന്ത്ര്യവും കുരങ്ങിന് നൽകി. ഒപ്പം കുരങ്ങ് തിരിയണമെന്ന് പരീക്ഷകർ ഉദ്ദേശിക്കുന്ന വശത്ത് ഒരു കുത്ത് ചലിക്കുന്നതായി പ്രദർശിപ്പിക്കപ്പെട്ടു. ഇരുവശങ്ങൾക്കിടയിൽ കുത്ത് ചലിക്കുന്ന വശത്തേക്ക് കുരങ്ങ് നോക്കിയാൽ കുരങ്ങിന് ഭക്ഷ്യ പ്രതിഫലം നൽകപ്പെട്ടു. എന്നാൽ പരീക്ഷണത്തിന്റെ പകുതിയിലും ചലിക്കുന്ന കുത്ത് ഒഴിവാക്കപ്പെട്ടു.
അപ്പോൾ ഇരു വശവും പരസ്പരം ഒരു വ്യത്യാസവുമില്ലാതെ സമമായി. ഈ അവസരത്തിൽ കുരങ്ങ് ഏതെങ്കിലും ഒരു വശം തിരഞ്ഞെടുക്കുമൊ? അതൊ നിശ്ചലനാവുമൊ ? ഒരു വശം തിരഞ്ഞെടുക്കുമെങ്കിൽ എന്താണ് ആ തിരഞ്ഞെടുപ്പിന് കുരങ്ങിനെ പ്രേരിപ്പിച്ച കാരണം? എന്നിവയെല്ലാം പഠനത്തിന് വിധേയമാക്കി.
(https://www.ncbi.nlm.nih.gov.)

അപ്പോൾ കുരങ്ങ് എന്ത് ചെയ്തു? തീർച്ചയായും കുരങ്ങ് നിശ്ചലനായില്ല. ബോധതലത്തിൽ തെളിയുന്ന കാരണങ്ങൾ ഒന്നുമില്ലാതെ കുരങ്ങ് തോന്നിയ പോലെ ഒരു വശം തിരഞ്ഞെടുത്തു.
പക്ഷെ ഈ ക്രമരഹിതവും അകാരണവുമായ തിരഞ്ഞെടുപ്പിന് മസ്തിഷ്കത്തിന് ഉള്ളിൽ ഒരു നാടി/സിര (Neuro) കാരണമുണ്ടായിരുന്നു. ഈ ക്രമരഹിതമായ തിരഞ്ഞെടുപ്പ് LIP ന്യൂറോണുകളുടെ ക്രമരഹിതമായ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ് !! LIP അഥവാ Lateral intraparietal cortex തലച്ചോറിലെ ഇൻട്രാപാരിയറ്റൽ സൾക്കസിലാണ് കാണപ്പെടുന്നത്. വൈദ്യുത ഉത്തേജനത്തിലൂടെ കണ്ണുകളുടെ ദ്രുത ചലനങ്ങൾ ഉണർത്തുന്നതിനാൽ ഈ പ്രദേശം മിക്കവാറും കണ്ണുകളുടെ ചലനത്തിൽ സജീവമാണ്. മുകളിലെ പരീക്ഷണത്തിൽ കുത്ത് ചലിക്കുന്ന വശത്തേക്ക് കണ്ണു തിരിക്കാൻ കാരണം ആ വശത്ത് LIP ന്യൂറോണുകളുടെ സാന്നിദ്ധ്യമാണ്. ചലിക്കുന്ന കുത്ത് അപ്രത്യക്ഷമാവുന്നതോടെ LIP ന്യൂറോണുകൾ അലക്ഷ്യമായും ക്രമരഹിതമായും മസ്തിഷ്ക്കത്തിൽ ഒരു വശത്ത് പ്രത്യക്ഷപ്പെടുന്നു! അതിനനുസരിച്ച് ക്രമരഹിതമായും അകാരണമായും കുരങ്ങ് ആ വശത്തേക്ക് നോക്കുന്നു!! LIP ന്യൂറോണുകൾ അനിശ്ചിതത്വത്തോടെ പ്രവർത്തിക്കുന്നതായാണ് പരീക്ഷണം സൂചിപ്പിക്കുന്നത്. അപ്പോൾ ജീവജാലങ്ങളുടെ പെരുമാറ്റം നിർണിതമൊ നിശ്ചിതമൊ അല്ല എന്നും സ്വതന്ത്രേച്ഛ നിലനിൽക്കുന്നു എന്നും തെളിയുന്നതായി ലിബർട്ടേറിയനിസക്കാർ വാദിക്കുമ്പോൾ മറുപക്ഷത്ത്, നിർണയവാദികൾ ഇപ്രകാരം അവരെ ചോദ്യം ചെയ്യുന്നു:

ഈ യാദൃശ്ചികത, സ്വതന്ത്ര ഇച്ഛാശക്തിയെ തെളിയിക്കുന്നുണ്ടോ? ക്രമരഹിതമായ എൽ.ഐ.പി ന്യൂറോണുകളാണ് ക്രമരഹിതമായ തിരഞ്ഞെടുപ്പിന് കാരണമായതെന്ന് വന്നാൽ തിരഞ്ഞെടുപ്പിൽ സ്വാതന്ത്ര്യം ഇല്ല എന്നല്ലെ തെളിയിക്കപ്പെടുന്നത് ?! എൽ.ഐ.പി ന്യൂറോണുകളുടെ ഈ ക്രമരഹിതമായ അടിസ്ഥാനത്തിൽ കുരങ്ങന്റെ തിരഞ്ഞെടുപ്പുകൾ ബന്ധിതമാണ് (സ്വതന്ത്രമല്ല) എന്നല്ലെ തെളിയിക്കപ്പെടുന്നത് ?!

print

No comments yet.

Leave a comment

Your email address will not be published.