വിദ്യാഭ്യാസം മതത്തിനും ഭൗതികവാദത്തിനും ഇടയില്‍

//വിദ്യാഭ്യാസം മതത്തിനും ഭൗതികവാദത്തിനും ഇടയില്‍
//വിദ്യാഭ്യാസം മതത്തിനും ഭൗതികവാദത്തിനും ഇടയില്‍
വിദ്യാഭ്യാസം

വിദ്യാഭ്യാസം മതത്തിനും ഭൗതികവാദത്തിനും ഇടയില്‍

”നിങ്ങള്‍ ജനങ്ങളോട് സത്യം പറയണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍,
അവരെ സന്തോഷിപ്പിക്കുക. അല്ലാത്തപക്ഷം അവര്‍ നിങ്ങളെ കൊല്ലും.”
-ജോര്‍ജ് ബര്‍ണാഡ് ഷാ

വിദ്യാഭ്യാസം ലോകമെമ്പാടും ഇന്ന് സാര്‍വത്രികമാണ്. പ്രാഥമിക വിദ്യാഭ്യാസം (elementary education) ഒട്ടുമിക്ക രാജ്യങ്ങളിലും സൗജന്യവും നിര്‍ബന്ധിതവുമാണ്. ഇന്ന് നാം കാണുന്നതും അനുഭവിക്കുന്നതുമായ വിദ്യാഭ്യാസ പ്രക്രിയ ഒട്ടനവധി പരിണാമങ്ങള്‍ക്ക് വിധേയമായി രൂപപ്പെട്ടതാണ്. കാലഘട്ടത്തിനും ദേശത്തിനും അനുസൃതമായി അതിന്റെ ലക്ഷ്യത്തിലും, ലക്ഷ്യത്തിലധിഷ്ഠിതമായി അതിന്റെ ഭാവത്തിലും അത് വികാസം പ്രാപിച്ചു. പൊതുവായും അടിസ്ഥാനപരമായും എക്കാലഘട്ടത്തിലും, ഏതു ദേശത്തും ഏത് കാലാവസ്ഥയിലും വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത് അതിജീവനമാണെന്ന് സുഗമമായി സംഗ്രഹിക്കാം. ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും താന്‍ ജീവിതത്തില്‍ നേരിടാന്‍ പോകുന്ന സാമാന്യ സാഹചര്യങ്ങളോട് ഏറ്റുമുട്ടാന്‍ തന്നെ പ്രാപ്തനാക്കി യെടുക്കുന്ന വിദ്യകള്‍ അഭ്യസിക്കലാണ് എന്ന് ലളിതമായി വ്യാഖ്യാനിക്കാം. പ്രസ്തുത ‘സാഹചര്യങ്ങളെ’ കണക്കിലെടുത്തുകൊണ്ടാണ് അഭ്യസിക്കേണ്ട വിദ്യകള്‍ തീരുമാനിക്കപ്പെടുന്നത്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ പൊതുവില്‍ മൂന്നായി തരംതിരിക്കാം. വ്യകതിപരം, സാമൂഹികം, സാമ്പത്തികം. മനുഷ്യോല്‍പത്തി മുതല്‍ തുടക്കം കുറിച്ചതാണ് വ്യക്തിപരമായ ലക്ഷ്യമെങ്കില്‍, മനുഷ്യര്‍ക്കിടയില്‍ ക്രയവിക്രയങ്ങള്‍ ആരംഭിച്ചതുമുതല്‍ സാമ്പത്തികല ക്ഷ്യവും, രാജ്യങ്ങളുടെ ആവിര്‍ഭാവം മുതല്‍ സാമൂഹികലക്ഷ്യവും ആരംഭിച്ചുവെന്നു വേണം മനസ്സിലാക്കാന്‍.

വ്യക്തിപരമായ ലക്ഷ്യം വിവക്ഷിക്കുന്നത് മനുഷ്യന്റെ ശാരീരികവും ആത്മീയവുമായ അതിജീവനമാണ്. ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും ശരീരത്തെ അക്രമണങ്ങളില്‍ നിന്നും അപകടങ്ങളില്‍നിന്നും സുരക്ഷിതമാക്കി നിര്‍ത്തുകയും ചെയ്യുകയെന്നതാണ് ജീവശാസ്ത്രപരമായി ഈ ലക്ഷ്യം കൊണ്ട് നിറവേറ്റപ്പെടേണ്ടത്. പുരാതനകാലത്ത് ശാരീരിക ആവശ്യങ്ങള്‍ നേര്‍ക്കുനേരെയാണ് പൂര്‍ത്തീകരിക്കപ്പെട്ടിരുന്നതെങ്കില്‍ പില്‍ക്കാലത്ത് സമ്പത്ത് എന്ന മാധ്യമത്തിലൂടെയാണ് ഇത് നിര്‍വഹിച്ചുപോന്നത്. ഉദാഹരണത്തിന് ശിലായുഗ കാലഘട്ടത്തിലെ മനുഷ്യനെ സംബന്ധിച്ചിടത്തോളം ശാരീരിക ആവശ്യങ്ങള്‍ ദിനേനയുള്ള ഭക്ഷണം കണ്ടെത്തുക, തനിക്കും കുടുംബത്തിനും വേണ്ട പാര്‍പ്പിടം തയ്യാറാക്കുക, ശരീരത്തിന്റെ നാണം മറക്കാന്‍ ഉതകുന്ന രീതിയില്‍ വസ്ത്രം കണ്ടെത്തി തയ്യാറാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു. ശിലായുഗത്തിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്ക് ഈ ലോകത്ത് അതിജീവിക്കണമെങ്കില്‍ മൃഗങ്ങളെ വേട്ടയാടി പിടിക്കുവാനുള്ള കഴിവുണ്ടായിരിക്കണം. വേട്ടക്കുവേണ്ടി കല്ലുകൊണ്ടും മരം കൊണ്ടുമുള്ള ആയുധങ്ങള്‍ നിര്‍മിക്കാന്‍ പഠിച്ചിരിക്കണം. ഇലകള്‍ കൊണ്ട് വസ്ത്രം നെയ്യാനും, പാറകള്‍ കൊണ്ട് പാര്‍പ്പിടങ്ങളുണ്ടാക്കാനും സാധിക്കണമായിരുന്നു. അവര്‍ അഭ്യസിച്ചു ശീലിക്കേണ്ട ഈ വിദ്യകള്‍ അവരെ പരിശീലിപ്പിച്ചിരുന്നത് അവരുടെ മാതാപിതാക്കളായിരുന്നു. ഇന്നാകട്ടെ ഇവയെല്ലാം സമ്പത്തിന് പകരമായി കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുക്കളാണ്. ഇന്നത്തെ മനുഷ്യനെ സംബന്ധിച്ചേടത്തോളം വേട്ടയാടാന്‍ അറിയില്ലെങ്കിലും സമ്പത്തുണ്ടെങ്കില്‍ മാംസഭക്ഷണം കഴിക്കാം, വസ്ത്രങ്ങള്‍ വാങ്ങിക്കാം, വീടു വെയ്ക്കാം. ഇത് സമ്പത്തെന്ന ലക്ഷ്യത്തിന് കൂടുതല്‍ ഊന്നല്‍ ലഭിക്കുവാന്‍ കാരണമായി. മാത്രമല്ല അടിസ്ഥാനപരമായി സമ്പത്ത് ഉപയോഗിക്കുന്നത് മേല്‍പ്രസ്താവിച്ചവിധം അതിജീവനത്തിനു വേണ്ടിയാണെന്ന ധാരണയില്‍ നിന്നുപോലും വിദ്യ അഭ്യസിക്കുന്നവരും, വിദ്യ പരിശീലിപ്പിക്കുന്നവരും അകന്നുപോയതാണ് ഇന്നത്തെ വിദ്യാഭ്യാസരംഗം ഒന്നടങ്കം സമ്പത്തിന് അടിമപ്പെടാനുണ്ടായ കാരണങ്ങളിലൊന്ന്. മനുഷ്യന്‍ ധാന്യങ്ങള്‍ മുളപ്പിക്കാനും കൃഷി ചെയ്യാനും ആരംഭിച്ചു. വെള്ളത്തിന്റെ ലഭ്യത കണക്കിലെടുത്ത് അവന്‍ നദിക്കരയില്‍ താമസം തുടങ്ങി. ഇത് ക്രമേണ വികസിച്ച് നാഗരികതകള്‍ രൂപംകൊണ്ടു. മനുഷ്യര്‍ കൂട്ടംകൂട്ടമായി സഹവാസം തുടങ്ങിയതുമുതല്‍ അവര്‍ വസ്തുക്കള്‍ കൈമാറ്റം ചെയ്യുവാനാരംഭിച്ചു. വസ്തുവകകളുടെ കൈമാറ്റപ്രക്രിയ, ഒരാ തനിക്ക് ആവശ്യമുള്ളതെല്ലാം കണ്ടെത്തുന്നതില്‍ നിന്നും, തനിക്കിഷ്ടമുള്ളത് കണ്ടെത്തുന്നതിലേക്കും, അതില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിലേക്കും മനുഷ്യനെ വ്യാപൃതനാക്കി. ഈ ക്രയവിക്രയം വസ്തുക്കള്‍ക്ക് കല്‍പ്പിക്കപ്പെട്ടിരുന്ന മൂല്യത്തിന് (value) പുറമെ വില (price) കൂടി നിശ്ചയിക്കുന്നതിലേക്ക് മനുഷ്യരെ നയിച്ചു. ഏതൊരു വസ്തുവിനും സമ്പത്തിന്റെ (money) അടിസ്ഥാനത്തില്‍ വില നിശ്ചയിക്കാമെന്നതിലേക്ക് സാഹചര്യങ്ങള്‍ മാറാന്‍ തുടങ്ങിയപ്പോള്‍ മനുഷ്യന്‍ കൂടുതല്‍ സമ്പത്ത് (money) ഉല്‍പാദിപ്പിക്കുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ഇത് കൂടുതല്‍ വിലകള്‍ നിര്‍മിച്ചുവിടുകയും, വിലകള്‍ തമ്മില്‍ മത്സരിക്കുകയും ചെയ്യുന്നതിലേക്ക് സമൂഹത്തെ നയിച്ചു. ‘വില’കളെ എത്തിപ്പിടിക്കാന്‍ വേണ്ടി ‘വില’കള്‍ക്കിടയില്‍ നിന്നുകൊണ്ട് മനുഷ്യനും പരസ്പരം മത്സരം (competi-tion) ആരംഭിച്ചു. മാത്സര്യത്തിന്റെ ആധുനിക ലോകത്ത് മൂല്യത്തിന് കാര്യമായ തകര്‍ച്ച നേരിട്ടു. മൂല്യത്തിന്റെ തകര്‍ച്ച ധര്‍മവും നീതിയും കുറയാന്‍ കാരണമായി. ഇന്നത്തെ വിദ്യാഭ്യാസരീതിയില്‍ കുട്ടികള്‍ ‘വിദ്യ’ എന്തുമാത്രം പരിശീലിച്ചിട്ടുണ്ട് എന്നളക്കുന്നതുതന്നെ മത്സരത്തിലൂടെയാണ്. മത്സരിച്ച് ജയിക്കുന്നവനേ കൂടുതല്‍ പണംകൊയ്യുന്ന മേഖലകളിലേക്ക് പ്രവേശനം സാധ്യമാകൂ. രോഗിയുടെ രോഗം മാറിയാലും ഇല്ലെങ്കിലും എനിക്ക് ഫീസ് ലഭിക്കും എന്നിടത്തേക്ക് ഭിഷഗ്വരന്റെ തൊഴില്‍മേഖലയെ കൊണ്ടെത്തിച്ചത് മൂല്യത്തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ആധുനിക വിദ്യാഭ്യാസ സമ്പ്രദായമാണ്.

നാഗരികതകളില്‍ മനുഷ്യന്റെ താല്‍പര്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുക സാധാരണമായിരുന്നു. ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുന്നതിനും അഥവാ സംഭവിച്ചാല്‍ നീതി നടപ്പാക്കുന്നതിനും നിയമം ആവശ്യമായി. നിയമം കൊണ്ടുവന്നപ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ അധികാരിയും വേണ്ടിവന്നു. ഓരോ അധികാരിയും ഭരണീയരും ഓരോ പ്രദേശങ്ങളില്‍ തങ്ങളുടെ ഭരണം സ്ഥാപിച്ചുപോന്നത് ചെറിയ സാമ്രാജ്യങ്ങളായി രൂപാന്തരപ്പെട്ടു. സാമ്രാജ്യങ്ങളുടെ വികസനത്തിന് തൊട്ടടുത്ത പ്രദേശങ്ങള്‍ ബലപ്രയോഗത്തിലൂടെ കീഴടക്കുന്നത് സര്‍വസാധാരണമായി. പ്രസ്തുത ഭരണസംവിധാനത്തിനു (state) കീഴില്‍ ചില പ്രത്യേകകഴിവുള്ളവരെ (skill) പലപ്പോഴും ആവശ്യമായിരുന്നു. അത് രാഷ്ട്രം ആഗ്രഹിക്കുന്ന ഇടങ്ങളില്‍, രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നതും, സമൂഹത്തിന്റെ അതിജീവനത്തിന് അത്യന്താപേക്ഷിതവുമായിരുന്നു. ഇവ ആദ്യകാലങ്ങളിലെ വിദ്യാഭ്യാസത്തിന്റെ സാമൂഹിക ലക്ഷ്യങ്ങളായിരുന്നു. ഉദാഹരണത്തിന് പുരാതന കാലഘട്ടത്തില്‍ രാഷ്ട്രത്തിന്റെ സംരക്ഷണത്തിനും വിസ്തൃതിക്കും നല്ല യോദ്ധാക്കളെ ഒരുപാടാവശ്യമായിരുന്നു. റോമില്‍ വിദ്യാലയങ്ങളില്‍ കുട്ടികളോട് ചോദിക്കപ്പെടുമായിരുന്നു: ‘നമ്മള്‍ എന്തിനാണ് പഠിക്കുന്നത്?’ എന്നിട്ട് അവരെക്കൊണ്ട് പറയിപ്പിക്കും, ‘രാഷ്ട്രത്തെ ആദരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും. അങ്ങനെ നമ്മള്‍ ലോകത്തിന്റെ ഭരണാധികാരികളായിത്തീരുന്നതിനും.'(1) പുരാതന ഗ്രീസില്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ണമായും കാര്‍ഷികാവശ്യങ്ങള്‍ക്കു വേണ്ടിയാണ് നീക്കിവെച്ചിരുന്നത്. അതിനുശേഷമേ എഴുത്തും വായനയുംപോലും അഭ്യസിക്കാറു ണ്ടായിരുന്നുള്ളൂ.(2) ഓട്ടം, ചാട്ടം, ബോക്‌സിംഗ്, ദ്വന്ദയുദ്ധം, സൈനിക വ്യായാമങ്ങള്‍, കുന്തം ഉപയോഗിക്കല്‍, യുദ്ധമുറകള്‍ എന്നിങ്ങനെ വിദ്യകളുടെ നീണ്ടനിര തന്നെയുണ്ട്. പതിനെട്ട് മുതല്‍ ഇരുപത് വയസ്സ് വരെയുള്ള രണ്ടുവര്‍ഷക്കാലയളവും പ്രത്യേകമായ യുദ്ധമുറകള്‍ അഭ്യസിക്കാന്‍ വേണ്ടിയുള്ളതാണ്. അങ്ങനെ മുപ്പത് വയസ്സ് തികയുമ്പോഴേക്കും മുന്‍നിരയില്‍ നിലയുറപ്പിക്കാന്‍ പാകത്തിന് തയ്യാറെടുത്ത ഒരു യോദ്ധാവായി മാറിയിരിക്ക ണമെന്നാണ്(3) സാമൂഹികമായി ഗ്രീക്ക് വിദ്യാഭ്യാസം ലക്ഷ്യമാക്കിയിരുന്നത്. കുരിശുയുദ്ധം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ നിലനിന്നിരുന്ന കാലത്തെ ക്രിസ്ത്യന്‍ ഭരണപ്രദേശങ്ങളിലെ വിദ്യാഭ്യാസത്തിലും ഇങ്ങനെ കാണാവുന്നതാണ്. ഏഴുമുതല്‍ പതിനാല് വയസ്സുവരെയുള്ള കാലയളവില്‍ കായികാഭ്യാസങ്ങള്‍ക്ക് പ്രാമുഖ്യമുള്ള രീതിയില്‍ കുട്ടികളെ പഠിപ്പിക്കുന്നു. പേജ് (page)എന്നാണ് ഈ പ്രായത്തെ വിളിക്കുക. തുടര്‍ന്ന് പതിനഞ്ചാം വയസ്സില്‍ കുട്ടി സ്‌ക്വിര്‍ (Squire) എന്ന ഘട്ടത്തിലെത്തുന്നു. പിന്നെയുളള ഏഴു വര്‍ഷം പ്രഭുവിന്റെയോ ഉയര്‍ന്ന സൈന്യാധിപന്റെയോ അംഗരക്ഷകനായി നിയമിതനാകുന്നു. ഇത് യുദ്ധമുറകള്‍ പ്രായോഗികമായി പരിശീലിക്കുന്നതിനുവേണ്ടിയാണ്. പ്രസ്തുത അഭ്യാസകാലയളവ് പൂര്‍ത്തിയാക്കുന്നതോടുകൂടി അവന്‍ നൈറ്റ് (knight) എന്ന പദവിയിലെത്തുന്നു അഥവാ പൂര്‍ണ യോദ്ധാവായി മാറുന്നു.(4) യുദ്ധാവശ്യങ്ങള്‍ക്കു വേണ്ടി മാത്രമല്ല മറ്റനേകം മേഖലകളിലേക്കും രാഷ്ട്രം തങ്ങള്‍ക്കുവേണ്ട മാനവവിഭവശേഷിയെ വാര്‍ത്തെടുക്കാറുണ്ട്. ഇന്നും രാജ്യങ്ങള്‍ സിവില്‍ സര്‍വീസിലേക്കും മറ്റും പല തൊഴിലിടങ്ങളിലേക്കും ഈ രൂപത്തില്‍ പൗരന്‍മാരെ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പ്രസ്തുത ജോലി നിര്‍വഹണത്തിന് ആവശ്യമായ പരിശീലനം മാത്രം നല്‍കിപ്പോരുന്ന വിദ്യാഭ്യാസരീതി പലപ്പോഴും അവിടെ പാലിക്കപ്പെടേണ്ട ധാര്‍മികതയുടെയോ നീതിയുടെയോ വിദ്യകള്‍ അഭ്യസിപ്പിക്കാറില്ല എന്നുള്ളതാണ് വസ്തുത. ഇന്‍ഡ്യയിലെ പബ്ലിക് സര്‍വീസ് കമ്മീഷനുകളും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനും വര്‍ഷംതോറും നടത്തിവരുന്ന പരീക്ഷകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരും, മഹത്തായ സാമൂഹിക ലക്ഷ്യത്തിനും രാഷ്ട്രപുരോഗതിക്കും എന്നതിലുപരി തന്റെ വ്യക്തിപരമായ നേട്ടവും സുരക്ഷയുമാണ് ഇത്തരം തൊഴില്‍ മേഖലയില്‍ കണ്ടെത്തുന്നത് എന്നുള്ള വാസ്തവം ഈ രംഗത്തും സംഭവിച്ചിട്ടുള്ള മൂല്യത്തകര്‍ച്ചയെയാണ് എടുത്തുകാണി ക്കുന്നത്.മേല്‍സൂചിപ്പിച്ച വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വിദ്യയുടെ വ്യത്യസ്ത ആലയങ്ങളില്‍ നിന്നായി പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ ലക്ഷ്യത്തെ സാധൂകരിക്കുന്ന മേഖലകളില്‍ വിഹരിക്കുമ്പോഴും തൊഴിലിന്റെ യഥാര്‍ത്ഥ ധര്‍മത്തെ വിസ്മരിക്കുന്നതും നീതിപൂര്‍വമല്ലാതെ വര്‍ത്തിക്കുന്നതിനുമുള്ള കാരണം ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ്. ധാര്‍മിക വിദ്യാഭ്യാസത്തിനു മാത്രമാണ് വ്യക്തിയുടെ സ്വഭാവത്തെ വിമലീകരിച്ച് ആത്മസംസ്‌കരണം സാധ്യമാക്കാനാവുക. മാതാപിതാക്കള്‍ക്ക് ചെലവിനു കൊടുക്കണമെന്നു പഠിപ്പിക്കാന്‍ ഭൗതിക വിദ്യാഭ്യാസത്തിനു കഴിയുമായിരിക്കും. എന്നാല്‍ അവര്‍ക്ക് സ്‌നേഹവും പരിലാളനയും നല്‍കണമെന്ന് പറയാന്‍, അവര്‍ വൃദ്ധസദനങ്ങളിലേക്ക് എറിയപ്പെടേണ്ടതല്ലെന്ന ബോധമുണര്‍ത്താന്‍ ധാര്‍മിക വിദ്യാഭ്യാസത്തിനേ കഴിയൂ. പണം ഏതെല്ലാം മാര്‍ഗത്തില്‍ സമ്പാദിക്കാമെന്നും അത് എങ്ങനെയെല്ലാം സുരക്ഷിതമായി നിക്ഷേപി ക്കാമെന്നും ഭൗതികവിദ്യാഭ്യാസം നമുക്ക് പഠിപ്പിച്ചുതരും. എന്നാല്‍ സമൂഹത്തിലെ അരക്ഷിതരായവരിലേക്ക് അത് എങ്ങനെ ചെലവഴിക്കണമെന്നു പഠിപ്പിക്കാന്‍ ധാര്‍മിക വിദ്യാഭ്യാസത്തിനു മാത്രമേ സാധിക്കൂ. ശാസ്ത്രസാങ്കേതിക വിദ്യകളുടെ പുതിയ
മേഖലകള്‍ കണ്ടെത്താന്‍ ഭൗതിക വിദ്യാഭ്യാസം നമ്മെ സഹായിക്കും, പക്ഷേ അത് നന്മക്കുവേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്ന് പറഞ്ഞുതരാന്‍ ധാര്‍മിക വിദ്യാഭ്യാസം അനിവാര്യമാണ്. ഒരു സമൂഹത്തില്‍ പ്രഗല്‍ഭരായ അനേകം വക്കീല്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്നുള്ളത് ആ ദേശത്തിന്റെ പുരോഗതിയായി കാണരുത്, പ്രത്യുത അവിടെ അനീതിയും അനാരോഗ്യവും അക്രമവും വ്യാപകമായതിന്റെ പരിണിതഫലമായിട്ടുവേണം മനസ്സിലാക്കാന്‍ എന്ന ഗ്രീക്ക് തത്വചിന്തകനായ പ്ലാറ്റോയുടെ നിരീക്ഷണം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. അങ്ങനെയുള്ള ഒരു സ്ഥിതിവിശേഷം ഉണ്ടാകുന്നത് ഒരു രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ കൊള്ളരുതായ്മയാണ് കാണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.(5) ആത്മസംസ്‌കരണം സാധ്യമാകണ മെങ്കില്‍ ആത്മീയ വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട്. ആത്മീയ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെന്തെന്ന് നിശ്ചയിക്കണമെങ്കില്‍ അതിനൊരു ലക്ഷ്യവും, ആ ലക്ഷ്യത്തിന് ശക്തമായ അടിത്തറയും ഉണ്ടാകേണ്ടത് നിര്‍ബന്ധമാണ്. അത്തരത്തില്‍ ലക്ഷ്യബോധത്തോടും ശക്തമായ പ്രാമാണിക അടിത്തറയോടും കൂടി ആത്മീയ വിദ്യാഭ്യാസത്തെ നിര്‍വചിക്കാന്‍ മതത്തിനേ സാധിക്കൂ. ലോകത്തെല്ലായിടത്തും ഒരു ഗുരുനാഥനുകീഴില്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നിശ്ചിതസമയത്ത് പഠനാവശ്യാര്‍ത്ഥം കൂടിയിരുന്നിരുന്നത് മേല്‍വിവരിച്ച ആത്മീയ മൂല്യങ്ങളുടെ വിദ്യകള്‍ അഭ്യസിക്കാനായിരുന്നു. പില്‍ക്കാലഘട്ടങ്ങളില്‍ മതേതരമെന്ന് പേരിട്ടു വിളിക്കുന്ന ഭൗതിക വിദ്യാഭ്യാസ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ആത്മീയ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന മതവിദ്യാഭ്യാസത്തെ പാടെ നിരാകരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായി.

കുട്ടികള്‍ക്ക് വ്യവസ്ഥാപിതമായി വിദ്യാഭ്യാസം നല്‍കിത്തുടങ്ങിയ പുരാതനമായ നാഗരികതകളിലെല്ലാം മതവും ധാര്‍മിക പഠനവും ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. എഴുത്തും വായനയും (literacy), അടിസ്ഥാനഗണിത വിജ്ഞാനവുമായിരുന്നു (numeracy) ആദിമകാലത്തെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിലെ വിഷയങ്ങള്‍. കൂടാതെ കായികം, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം എന്നിങ്ങനെയുള്ളവ ചെറിയതോതില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ആത്മസംസ്‌കരണത്തിനുതകുന്ന ധാര്‍മിക പാഠ്യവിഷയങ്ങള്‍ അങ്ങേയറ്റം പ്രാധാന്യം കല്‍പിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു. പുരാതന ഗ്രീസിലെ കുട്ടികള്‍ക്കുള്ള പ്രധാന സിലബസുകളില്‍പ്പെട്ടതായിരുന്നു ഹോമറിന്റെ മഹത്തായ കാവ്യരചനകളായ ഇലിയഡും ഒഡീസ്സിയും (Iliad and Odyssey). കുട്ടികളില്‍ ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനായിരുന്നു ഇത് പ്രധാനമായും പഠിപ്പിച്ചിരുന്നത്.(6) പുരാതന ഗ്രീസില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടുകൂടി മാത്രമായിരുന്നു ഒരു യവനന്‍ പൂര്‍ണ പൗരനായി മാറിയിരുന്നത്. അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതോടെ ഇവര്‍ ചെയ്യേണ്ട പ്രതിജ്ഞയുടെ അവസാനഭാഗം ഇങ്ങനെയാണ്: ഞാനെന്റെ പിതാക്കളുടെ മതത്തെ ആദരിക്കുകയും ചെയ്യുമെന്ന് ആഗ്‌ലാറോ (Agalauros), എനിയാലിയെസ് (Enyalius), ഐറിസ് (Ares), സിയൂസ് (Zeus), ഥല്ലോ (Dhallo), ആക്‌സോ (Acxo), ഹെഗ്‌മോണീ (Hegemone) എന്നിവരെ സാക്ഷിനിര്‍ത്തി പ്രതിജ്ഞയെടുക്കുന്നു.(7) തുടര്‍ന്നുള്ള രണ്ടു വര്‍ഷം പ്രായോഗികമായി അനുവര്‍ത്തിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഇക്കാലയളവില്‍ മതപരമായ ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കുകൊള്ളല്‍ നിര്‍ബന്ധമാണ്.(8) ലോകത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ തുല്യതയില്ലാത്ത ഒന്നായി അറിയപ്പെട്ടിരുന്ന പഠ്യപദ്ധതിയായിരുന്നു ഗ്രീസിന്റേത്. ലാളിത്യമായിരുന്നു അതിന്റെ മുഖമുദ്ര. യവനന്‍മാരുടെ മതം, സാഹിത്യം, ഭരണസംവിധാനം തുടങ്ങിയവയില്‍ നിന്നും കുട്ടികള്‍ക്കായി കടഞ്ഞെടുത്ത അമൃതാണതെന്ന് വിദ്യാഭ്യാസരംഗത്തെ പ്രഗത്ഭര്‍ നിരീക്ഷിക്കുന്നുണ്ട്.(9) ഗ്രീസിലെ പ്രധാന വിദ്യാലയങ്ങളായ ലെസീയം (ഘ്യരലൗാ, ആഇ 335), സ്‌ക്കൂള്‍ ഓഫ് സ്റ്റോയിസിസ് (School of stoicis, BC 308), സ്‌ക്കൂള്‍ ഓഫ് എപിക്യുറിയന്‍സ് (School of epicureans, BC 306) തുടങ്ങിയവയെല്ലാം മതസാഹോദര്യത്തിന്റെ കേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന വിദ്യയുടെ കേന്ദ്രങ്ങളായിരുന്നു.(10) പുരാതന ഈജിപ്തിലെ വിദ്യാഭ്യാസ രീതിയിലും മതവും ധാര്‍മിക വിദ്യാഭ്യാസവും ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. ഭാവിയെ വര്‍ത്തമാനത്തെക്കാളും, ആത്മാവിനെ ശരീരത്തെക്കാളും മൂല്യവത്തായി കണക്കാക്കുന്നത് അവരുടെ വിദ്യാഭ്യാസ തത്ത്വത്തിന്റെ മാതൃകയായിരുന്നു.(11) പുരാതന ഇന്‍ഡ്യയില്‍ വിദ്യാഭ്യാസത്തിന്റെ തുടക്കം മതപഠനങ്ങളിലധിഷ്ഠിതമായിരുന്നു. ഇന്‍ഡ്യയിലെ മേല്‍ജാതി വര്‍ഗമായി കണക്കാക്കപ്പെടുന്ന ബ്രാഹ്മണര്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു അക്കാലഘട്ടത്തിലെ പഠനബോധനരീതികള്‍. എഴുത്തും വായനയും ഗണിത വിജ്ഞാനീയങ്ങളും പഠിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും എല്ലാത്തിന്റെയും അടിസ്ഥാനം മതപഠനം തന്നെയായിരുന്നു.(12) ഭാരതീയ വേദങ്ങളായി അറിയപ്പെടുന്ന ചതുര്‍വേദ സംഹിതകളിലെ ഋക്കുക്കള്‍ മനഃപാഠമാക്കലായിരുന്നു മറ്റൊരു പ്രധാന പഠനം. ദിനേനയുള്ള പഠനം ആരംഭിക്കുന്നതും അവസാനിക്കുന്നതും മതപരമായ ചടങ്ങുകളോടുകൂടിയായിരുന്നു.(13) പുരാതന റോമിലാകട്ടെ, വിദ്യാഭ്യാസത്തിന്റെ ഫലമെന്നോണം അവര്‍ അവരുടെ വേഷവിധാനങ്ങളിലും, പെരുമാറ്റങ്ങളിലും, രാഷ്ട്രീയത്തിലും, നിയമത്തിലും, മതത്തിലും സൗമ്യത പുലര്‍ത്തിപോന്നിരുന്നു.(14) പില്‍ക്കാലത്ത് ബൗദ്ധികമായി ഗ്രീസിനാല്‍ കീഴടക്കപ്പെട്ടപ്പോഴും, അല്ലെങ്കില്‍ ഗ്രീക്ക് ആശയങ്ങള്‍ കടമെടുത്തപ്പോഴും തത്വശാസ്ത്രത്തോടും സാഹിത്യത്തോടുമൊപ്പം മതപരമായ വിദ്യാഭ്യാസവും അവര്‍ സിദ്ധിച്ചിരുന്നു.(15) ക്രൈസ്തവരുടെ വരവിനു മുമ്പായി റോമിലെ ജൂതരില്‍ നിന്നുള്ളവര്‍ രാഷ്ട്രത്തിന്റെ സാമൂഹികലക്ഷ്യം കൂടി നിറവേറ്റപ്പെടുന്ന രീതിയില്‍ മതപഠന-സ്‌കൂള്‍ സമ്പ്രദായത്തിന് തുടക്കം കുറിച്ചിരുന്നു. പഴയനിയമ പഠനക്ലാസുകള്‍ ഗ്രാമാന്തരങ്ങള്‍ തോറും വ്യാപിപ്പിച്ചു. ക്രിസ്താബ്ദം 64ല്‍ ജോഷു ബെന്‍ ഗമാല (ഖീവൌമ യലി ഏമാഹമ) എന്ന പുരോഹിതന്റെ നേതൃത്വത്തില്‍ സിനഗോഗുകളോട് ചേര്‍ന്ന് പ്രാഥമിക വിദ്യാലയങ്ങള്‍ പണിതുയര്‍ത്തപ്പെട്ടു. അവിടങ്ങളില്‍ എഴുത്തും വായനവും ഗണിതവും കൂടാതെ സോളമന്റെ സങ്കീര്‍ത്തനങ്ങളും തല്‍മൂദും വിഷയങ്ങളായി പഠിപ്പിക്കപ്പെട്ടിരുന്നു.(16) പുരാതന കാലത്തെ പ്രഗല്‍ഭ ചൈനീസ് ചിന്തകനായ കണ്‍ഫ്യൂഷ്യസിലൂടെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച ചൈനയിലും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പാഠങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത മൂല്യങ്ങളായി അനുസരണം, നീതി, കാരുണ്യം സ്‌നേഹം എന്നിവ പാഠ്യപദ്ധതിയോട് ചേര്‍ക്കപ്പെട്ടിരുന്നു.(17) പുരാതന പേര്‍ഷ്യന്‍ സംസ്‌കാരത്തിലാകട്ടെ എഴുത്തും വായനയും, ധാര്‍മിക പഠനങ്ങളുമായിരുന്നു പ്രധാന അധ്യായനവിഷയങ്ങള്‍. മതപരമായ പ്രാര്‍ത്ഥനകളും മന്ത്രങ്ങളും ധാര്‍മിക പഠനത്തോടൊപ്പം ചേര്‍ക്കപ്പെട്ടിരുന്നു. മതപുരോഹിതന്‍മാരാകാന്‍ വേണ്ടി മാത്രമായിരുന്നു അവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനം നിര്‍വഹിച്ചിരുന്നത്.(18) പതിനഞ്ച് വയസ്സുവരെ പ്രധാനമായും മതപഠനങ്ങളില്‍ മുഴുകിയിരുന്ന ഇവര്‍ക്ക് സത്യവും നീതിയും വര്‍ത്തിക്കാന്‍ പ്രത്യേക പരിശീലനവും നല്‍കിപോന്നിരുന്നു.(19) ബുദ്ധ-ജൈന മതങ്ങളുടെ കടന്നുവരവോടുകൂടി വിദ്യാഭ്യാസം ഗുരുവിന്റെ വീട്ടില്‍നിന്നും ബുദ്ധവിഹാരങ്ങളിലേക്കു മാറ്റപ്പെട്ട സാഹചര്യത്തില്‍ തിളങ്ങി നിന്നിരുന്ന പഴയ ബീഹാര്‍ എന്നറിയപ്പെടുന്ന മഗധയിലെ ‘നളന്ദ’യും, ഇന്നത്തെ പാക്കിസ്ഥാനിലെ റാവല്‍പിണ്ടിക്കടുത്ത ‘തക്ഷശില’യും ഇന്നെണ്ണപ്പെടുന്നത് പുരാതന കാലത്തെ ഉന്നത സര്‍വകലാശാലകളായിട്ടാണ്. അവിടങ്ങളില്‍ പ്രധാനമായും പഠിപ്പിക്കപ്പെട്ടിരുന്നത് ബുദ്ധ-ജൈന പ്രമാണങ്ങളും ചതുര്‍വേദങ്ങളുമായിരുന്നു.(20)

മേല്‍സൂചിപ്പിച്ച പുരാതന നാഗരികതകളില്‍ ക്രൈസ്തവതയുടെയും, ജുതായിസത്തിന്റെയും സൊറോസ്ട്രിയനിസത്തിന്റെയും (zoroastrianism) ഹൈന്ദവതയുടെയും മറ്റ്പൗരാണിക ദൈവസങ്കല്‍പങ്ങളുടെയും അടിസ്ഥാനത്തില്‍ മതപഠന വിദ്യാഭ്യാസം അഭ്യസിച്ചുതുടങ്ങിയതു പോലെതന്നെയാണ് ഇസ്‌ലാമിക ലോകത്തും മതവിദ്യാഭ്യാസം ആരംഭിച്ചത്. ഇസ്‌ലാമിനു മുമ്പുള്ള അറേബ്യയില്‍ വ്യവസ്ഥാപിത വിദ്യാഭ്യാസം ഉണ്ടായിരുന്നതായി യാതൊരു തെളിവുമില്ല. എന്നാല്‍ അവര്‍ ഭാഷാസാഹിത്യത്തില്‍ വളരെ ഉന്നതരായിരുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.(21) പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ കടന്നുവരവോടുകൂടി പഠനത്തിന് വിശിഷ്ടമായ പ്രാധാന്യം കല്‍പിക്കപ്പെട്ടു തുടങ്ങി. ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണമായ ക്വുര്‍ആനിലെ ആദ്യമവതരിച്ച വചനം തന്നെ മനുഷ്യകുലത്തോട് വായിക്കാനാഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു.(22) പ്രവാചകന്റെ വിയോഗാനന്തരം ക്വുര്‍ആനും, ഹദീഥ് എന്നുവിളിക്കപ്പെടുന്ന നബിചര്യകളും (പ്രവാചകന്റെ വാക്ക്, പ്രവൃത്തി, മൗനാനുവാദം തുടങ്ങിയവ) വ്യാപകമായി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായി. ആദ്യകാല ഇസ്‌ലാമികലോകത്തെ വിദ്യാഭ്യാസക്രമത്തില്‍ ക്വുര്‍ആനും ഹദീഥുകളുമായിരുന്നു പഠനവിഷയങ്ങള്‍. പ്രവാചകന്റെ ജീവിതകാലത്തുതന്നെ പതിവുണ്ടായിരുന്ന ക്വുര്‍ആന്‍ മനഃപാഠമാക്കല്‍ തുടര്‍ന്നും നടന്നുകൊണ്ടിരിക്കുന്നതോടൊപ്പം തന്നെ ക്വുര്‍ആനിന്റെ ഗവേഷണതല്‍പരത ജനിപ്പിക്കുന്ന അവതരണരീതിയില്‍ ആകൃഷ്ടരായ പഠിതാക്കള്‍ ക്വുര്‍ആനിന്റെയും ഹദീഥിന്റെയും ആശയങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നു. ഇത് അനവധി ശാസ്ത്രശാഖകള്‍ക്ക് തുടക്കം കുറിക്കുന്ന ഒന്നായി മാറി. അബ്ബാസിയ കാലഘട്ടത്തിലെ ഖലീഫയായിരുന്ന ഹാറൂന്‍ അല്‍ റശീദിന്റെ (എ.ഡി 786-809) ഭരണകാലയളവിലാണ് പ്രസ്തുത വിജ്ഞാനാന്വേഷണം ത്വരിതപ്പെടുന്നത്. തലസ്ഥാനമായ ബഗ്ദാദ്, ടൈഗ്രിസ് നദിയുടെ തീരത്ത് ഏതൊരുവിജ്ഞാനകുതകിയുടെയും ദാഹം തീര്‍ക്കാന്‍ പോന്ന പട്ടണമായി ലോകം മുഴുവന്‍ അറിയപ്പെട്ടുതുടങ്ങി.(23) മുസ്‌ലിം പള്ളികളോടു ചേര്‍ന്ന് ധാരാളം വിദ്യാലയങ്ങള്‍ തുറക്കപ്പെട്ടു.(24) സര്‍വകലാശാലയും, ബൃഹത്തായ ഗ്രന്ഥശാലയും, വാനനിരീക്ഷണശാലയും സ്ഥാപിക്കപ്പെട്ടു.(25) ഗ്രീക്കില്‍ അന്നുവരെയുണ്ടായിരുന്ന ഒട്ടുമിക്ക പഠന-ഗവേഷണ ഗ്രന്ഥങ്ങളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അതിനെ വികസിപ്പിക്കുകയും ചെയ്താണ് വിജ്ഞാനവിസ്‌ഫോടനത്തിനുതകുന്ന കാതലായ മാറ്റങ്ങള്‍ സൃഷ്ടിച്ചത്.(26) ഒന്‍പതാം നൂറ്റാണ്ടില്‍ ബഗ്ദാദായിരുന്നു ലോകത്തിലെ അറിവിന്റെ തലസ്ഥാനമെങ്കില്‍, പത്താം നൂറ്റാണ്ടില്‍ അത് മുസ്‌ലിം ഭരണത്തിനുകീഴിലെ സ്‌പെയിനായി മാറി. ഭൗതികശാസ്ത്രം, രസതന്ത്രം, ഗോളശാസ്ത്രം, ഗണിതശാസ്ത്രം, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, ഗ്രീക്ക് ഫിലോസഫി തുടങ്ങിയവ പ്രധാന പഠന-ഗവേഷണ വിഷയങ്ങളായിരുന്നു.(27) സ്‌പെയിനില്‍ വ്യപകമായി സ്‌കൂളുകളും ഗ്രന്ഥശാലകളും സ്ഥാപിക്കപ്പെട്ടു.അവര്‍ ഭൂഗോളത്തില്‍ (Globe) നിന്ന് ഭൂമിശാസ്ത്രവും, വാനനിരീക്ഷണാ ലയത്തില്‍ നിന്ന് ഗോളശാസ്ത്രവും അഭ്യസിച്ചു. അവര്‍ ഘടികാരത്തില്‍നിന്ന് സമയം തിട്ടപ്പെടുത്തുകയും വടക്കുനോക്കിയന്ത്രം (Compass) വികസിപ്പിക്കുകയും ചെയ്തു. രോഗികളെ കിടത്തി ചികിത്സിക്കുന്ന ആതുരശുശ്രൂഷ ശാലകള്‍ക്ക് (Hospitals) തുടക്കം കുറിക്കുകയും ശസ്ത്രക്രിയകള്‍ (Surgery) ആരംഭിക്കുകയും ചെയ്തു തുടങ്ങി.(28) മുസ്‌ലിം പട്ടണങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും അങ്ങേയറ്റം പുരോഗമനാത്മകമായിരുന്നു. പൊതുശൗചാലയങ്ങളും, കനാലുകളും, കല്ലുപാകിയ നിരത്തുകളും, തെരുവ് വിളക്കുകളും നിറഞ്ഞതായിരുന്നു അവ.(29) പാശ്ചാത്യലോകത്തിന് നൂറ്റാണ്ടുകളോളം അജ്ഞമായിരുന്നു ഇവയെല്ലാം എന്നുകൂടി ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്. മേല്‍പ്രസ്താവിച്ച വിജ്ഞാന കുതിച്ചുചാട്ടത്തിന്റെ അടിസ്ഥാനം മുസ്‌ലിംകളുടെ മതപഠനമായിരുന്നു. ഇസ്‌ലാമിക പഠനശാഖകള്‍ വികസിക്കുകയും അനേകം ഇസ്‌ലാം മതപണ്ഡിതന്‍മാര്‍ ജന്മം കൊള്ളുകയും ചെയ്ത കാലഘട്ടമായിരുന്നു ഇത്. മതമൂല്യങ്ങള്‍ മുറുകെപിടിക്കുന്ന വിശ്വാസി സമൂഹത്തില്‍ നിന്നാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാ യതെന്നതിന്റെ മറ്റൊരു തെളിവാണ് ക്രൈസ്തവ യൂറോപ്പ് മുസ്‌ലിംകളില്‍ നിന്നുണ്ടായ ശാസ്ത്രജ്ഞാനോദയത്തെ ‘ദുര്‍മന്ത്രവാദം’ (Black Art) എന്ന് വിശേഷിപ്പി ച്ചത്.(30) മതത്തിനെതിരാണെന്ന ഒറ്റക്കാരണത്താല്‍ ശാസ്ത്രകണ്ടുപിടുത്തങ്ങള്‍ നടത്തിയിരുന്ന കോപ്പര്‍ നിക്കസിനെയും (എ.ഡി 1473-1543), ബ്രൂണോയെയും (എ.ഡി 1548-1600), കെപ്ലറെയും (എ.ഡി 1571-1630), ഗലീലിയോയെയും (എ.ഡി 1564-1642) എല്ലാം ക്രൈസ്തവ മതദ്രോഹ വിചാരണ കോടതികള്‍ (Church Inquisition court) പീഡിപ്പിച്ചിരുന്നത് പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലായിരുന്നുവെന്നത് മതത്തി ന്റെയും മതഗ്രന്ഥങ്ങളുടെയും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് നമുക്ക് മുന്നില്‍ തുറന്നുവെക്കുന്നത്. ഒരു ഭാഗത്ത് മതത്തിന്റെ പേരില്‍ ജനങ്ങളെ ഒന്നടങ്കം നൂറ്റാണ്ടുകളോളം ഇരുട്ടറയില്‍ തളച്ചിട്ടപ്പോള്‍ മറുഭാഗത്ത് മതപഠനത്തിലൂടെ ഊര്‍ജ്ജമുള്‍ക്കൊണ്ട് വൈവിധ്യമാര്‍ന്ന ശാസ്ത്രവിജ്ഞാന ശാലകള്‍ക്ക് മുന്നേറ്റം കുറിക്കുന്നു. യൂറോപ്യന്‍ ക്രിസ്തുമതത്തിന്റെ വിദ്യാവിരോധം ചരിത്രത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കി. ബൗദ്ധികതയെ ഇരുണ്ട കാലഘട്ടത്തില്‍ തളിച്ചിട്ട മതനേതൃത്വത്തിനെതിരെ മതനിരാസത്തിന്റെയും ദൈവനിഷേധത്തിന്റെയും പുതിയ തലമുറ ഉദയംകൊണ്ടു. അവര്‍ ശാസ്ത്രത്തെ ഇരുകയ്യുംനീട്ടി സ്വീകരിച്ചു, മതത്തെ പുറംകാലുകൊ ണ്ട്തട്ടിത്തെറുപ്പിച്ചു. ശാസ്ത്രജ്ഞരെ പുരോഗമന വാദികളും, മതപണ്ഡിതരെ പിന്തിരിപ്പന്‍മാരുമായി മുദ്രകുത്തി തുടങ്ങി. മാനവികതാവാദം(Humanism), യുക്തിവാദം (Atheism),പരിജ്ഞാനവാദം (Empiricism), പരിണാമസിദ്ധാന്തം (Theory of evolution) തുടങ്ങിയ കത്തോലിക്ക വിരുദ്ധവും മതവിരുദ്ധവുമായ ആശയങ്ങളെല്ലാം ജന്മം കൊണ്ടത് മേല്‍സൂചിപ്പിച്ച ഇരുണ്ട കാലഘട്ടത്തിന്റെ നിര്‍മാതാ ക്കള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെബാ ക്കിപത്രമെന്ന നിലയിലാണെന്ന് മധ്യകാല യൂറോപ്പിന്റെ ചരിത്രമന്വേഷിക്കു ന്നവര്‍ക്ക് നിഷ്പ്രയാസം ബോധ്യപ്പെടുന്നതാണ്. എന്നാല്‍ ഈയൊരു അവസ്ഥാന്തരത്തിലെ ഏറെ രസകരവും വിരോധാഭാസപരവുമായ വസ്തുതയെന്തെന്നാല്‍ ഇക്കൂട്ടരുടെയെല്ലാം ജ്ഞാനോദയത്തിന് അടിത്തറ പാകിയത് മതത്തില്‍ നിന്നുതന്നെ ഉടലെടുത്ത മുസ്‌ലിം ബൗദ്ധിക വിഭവങ്ങളില്‍ (intellectual resources) നിന്നായിരുന്നു എന്നതാണ്. ഇതാണ് പിന്നീട് യൂറോപ്യന്‍ നവോത്ഥാനം (renaissance) എന്നപേരില്‍ കെട്ടിഘോഷിക്കപ്പെട്ടത്.

മുസ്‌ലിം വൈജ്ഞാനിക സ്രോതസ്സുകളില്‍ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്ക് ബൗദ്ധിക വിഭവങ്ങളുടെ ഒഴുക്ക് സംഭവിക്കുന്നത് മൂന്ന് ഘട്ട ങ്ങളിലായിട്ടാണ്. ഗണിതം, ശാസ്ത്രം, വൈദ്യം എന്നിവയിലുളള ഗ്രന്ഥങ്ങളും, പ്രവര്‍ത്തനങ്ങളുമാണ് ആദ്യഘട്ടത്തില്‍ പാശ്ചാത്യര്‍ക്ക് മുമ്പില്‍ അവതരിക്കപ്പെടുന്നത്. രണ്ടാം ഘട്ടത്തില്‍ അറബിയില്‍ നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടത് അരിസ്റ്റോട്ടിലിന്റെ നാച്ചുറല്‍ ഫിലോസഫി (Natural philosophy), അല്‍ഗസാലി (AlGhazali/Algazel), അല്‍ഫറാബി (AlFarabi/Alfarabi), ഇബ്‌നു സീന (Ibn Sina/Avicenna) തുടങ്ങിയവരുടെ വിവി ധ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ തുടങ്ങിയവയാണ്. ഇബ്‌നു റുഷ്ദിന്റെ (Ibn Rushd/Ave rroes) ദാര്‍ശനിക സംവാദങ്ങളാണ് മൂന്നാം ഘട്ടത്തി ല്‍ പാശ്ചാത്യലോകം കടമെടുത്തത്.(31) ക്രിസ്താബ്ദം 967നും 969നുമിടയില്‍ ഫ്രാന്‍സിലെ ഔവര്‍ണ(Auvergne)യിലെ ഒരു മഠത്തില്‍ നിന്നും യുവാവായിരുന്ന ഗെര്‍ബെര്‍ട്ട് (Gerbert) എന്ന വിജ്ഞാനകുതുകി ഗണിതശാസ്ത്രവും സംഗീതവും അഭ്യസിക്കാന്‍ സ്‌പെയിനിലെ കാറ്റലോ ണിയയിലുള്ള (Catalonia)ബിക് (Vic) എന്ന പട്ടണത്തില്‍ എത്തിച്ചേരുന്നത് മുതലാണ് മുസ്‌ലിം-അറബ് വിജ്ഞാനീയങ്ങളെക്കുറിച്ച് പാശ്ചാത്യര്‍ ആദ്യമായി അറിയുന്നത്. ആറ്റോണ്‍ എന്ന ബിഷപ്പായ ഗുരുവിനെ തേടിവന്ന ഗെര്‍ബര്‍ട്ട് പക്ഷേ ആകര്‍ഷിക്കപ്പെട്ടത് ഏതാനും മൈലുകള്‍ അകലെ റിപ്പോള്‍ എന്ന മഠത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അറബ് വിജ്ഞാനീയങ്ങളിലായിരുന്നു.(32) ചരിത്രത്തില്‍ രേഖപ്പെടു
ത്തപ്പെട്ട സമാനസംഭവം, ക്രിസ്താബ്ദം 1120ല്‍ ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലുള്ള ബാത് പ്രദേശക്കാരനായ അഡലാര്‍ഡ് (Adelard of Bath) എന്ന ക്രിസ്തീയ സന്യാസി വേഷം മാറി മുസ്‌ലിമാണെന്ന വ്യാജേന സ്‌പെയിനിലെ കൊറദോവ(Cordova)യിലെ പഠനകേന്ദ്രങ്ങളില്‍ ചേര്‍ന്ന് വിജ്ഞാനമാര്‍ജ്ജിക്കുകയും തിരിച്ചുപോകുമ്പോള്‍ ഗണിതശാസ്ത്രത്തിലെ ആള്‍ജിബ്രയെ കുറിച്ച മൗലികഗ്രന്ഥമായ യൂക്ലിഡിന്റെ എലമെന്റ്‌സ് (Euclid’s Elements) എന്ന കൃതിയുടെ പ്രതിയുമായി കടന്നു പോകുകയുമുണ്ടായി. എ.ഡി 1533 വരെ ക്രൈസ്തവപാശ്ചാത്യര്‍ ക്കിടയില്‍ ഗണിതശാസ്ത്രത്തിന്റെ അടിത്തറയായി തീര്‍ന്നത് പ്രസ്തുത ഗ്രന്ഥത്തിന്റെ മൊഴിമാറ്റപകര്‍പ്പുകളായിരുന്നു.(33) തുടര്‍ന്നങ്ങോ ട്ട് ഒരുപാട്പാശ്ചാത്യര്‍ മുസ്‌ലിം-അറബ് കൃതികള്‍ യൂറോപ്പിന് പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. ബെന്‍ എസ്ര (എ.ഡി 1097-1167), ജെറാള്‍ഡ് (എ.ഡി 1114-1187), ജോണ്‍ ഹിസ്പാലന്‍സിസ്, ലിയനാര്‍ഡോ ഓഫ് പിസ (എ.ഡി 1175), ഫ്രെഡറിക് രണ്ടാമന്‍ (എ.ഡി 1194-1250), ജോര്‍ദാനഡ് (എ.ഡി 1222), ഹോളിവുഡ് (എ.ഡി 1244), റോജര്‍ ബാക്കന്‍ (എ.ഡി 1214-1294), ബ്രാഡ് വാര്‍ഡൈന്‍ (എ.ഡി 1290-1349), ഒറേസ്മസ് (എ.ഡി 1323-1392), ബെല്‍ദോമാന്‍ഡി (എ.ഡി 1380) തുടങ്ങി അനേകം പേരിലൂടെ ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരുന്നു.(34) ഇക്കാലയളവിലാണ് ഇന്ന് വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും വളര്‍ച്ച പ്രാപിക്കുന്നത്. പതിനാലാം നൂറ്റാണ്ടിന്റെ മധ്യാഹ്‌നത്തില്‍ പോലും ഇവ രണ്ടും ശൈശവദശ പിന്നിട്ടിരുന്നില്ല.(35) എന്നാല്‍ ഒന്‍പതാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ എ.ഡി 859ല്‍ ഫാതിമ അല്‍ ഫിഹ്‌റി എന്ന സ്ത്രീ സ്ഥാപിച്ച അല്‍ ക്വറവെയ്ന്‍ സര്‍വകലാശാല (University of alQarawiyyin) ആദ്യകാല ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ജീവിക്കുന്നമാതൃകയാണ്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറിയും ലോകത്താദ്യമായി ബിരുദം നല്‍കി തുടങ്ങിയ സര്‍വകലാശാല എന്ന ബഹുമതിയും അല്‍ ക്വറവെയ്‌ന് സ്വന്തം.മാത്രമല്ല, തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റിയും ഇതുതന്നെ. മൊറോക്കോയിലെ ഫെസ് എന്ന പട്ടണത്തിന് ലോകത്തിനുമുമ്പില്‍ അഭിമാനകരമായ അസ്തിത്വം നല്‍കിയ വിദ്യയുടെ ഈ ആലയം ഇന്നും കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് ഇസ്‌ലാമിക മതപഠന വിഷയങ്ങള്‍ക്കാണ്.(36)

മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നുകൊണ്ട് മുസ്‌ലിം ലോകം കയ്യടക്കിയ വിജ്ഞാനസമ്പത്തില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട് കിട്ടിയ ജ്ഞാനം കൊണ്ട് യൂറോപ്പിന് ചില ബോധോദയങ്ങളുണ്ടായി. അറിവ്തേടിയിരുന്ന ചെറിയൊരു ശതമാനം പടിഞ്ഞാറിന് ഇരുട്ടില്‍ നിന്ന് കരകയറുന്നതിനുള്ള വെളിച്ചത്തിന്റെ കണിക കൂടിയായിരുന്നു അവ.ആര്‍ജ്ജിച്ചെടുത്ത അറിവിനെ തങ്ങളെ ഇക്കാലമത്രയും ഇരുട്ടറല്‍ ബന്ധനസ്ഥരാക്കിയവര്‍ക്ക് എതിരെ പ്രയോഗിക്കുവാനുള്ള ത്വര സ്വാഭാവികമായും അവരില്‍ ഉടലെടുത്തിരുന്നു. അതാണ് നേരത്തെ സൂചിപ്പിച്ചപോലെ നേടിയെ അറിവിനെ ഭൗതികതയുടെ അളവുകോലുകള്‍ കൊണ്ടുമാത്രം അളക്കാനും മതനിരാസത്തിന്റെ അറിവുകേടു കൊണ്ട് അരിച്ചെടുക്കാനും അവരെ പ്രേരിപ്പിച്ചത്.ഈയൊരു ചിന്താധാരയാണ് പിന്നീട് ഹ്യൂമനിസവും യുക്തിവാദവും ഭൗതികവാദവു മെല്ലാമായി രൂപാന്തരം പ്രാപിച്ചത്. അതുകൊണ്ടെല്ലാം തന്നെ യൂറോപ്യന്‍ നവോത്ഥാനം എക്കാലത്തും മതം കലരാത്ത ശാസ്ത്രമായി അറിയപ്പെട്ടു. അതിലവര്‍ വേണ്ടുവോളം അഭിമാനം കൊളളുകയും ചെയ്തു. അതേസമയം കുരിശുയുദ്ധങ്ങളുടെ അനന്തരഫലമെന്നോണം പതിനഞ്ചാം നൂറ്റാണ്ടോടുകൂടി മുസ്‌ലിം രാജ്യങ്ങളുടെ പ്രതാപം ഏറെക്കുറെ പൂര്‍ണമായും അസ്തമിച്ചു. ദാനം കിട്ടിയ പൈതൃകങ്ങളുടെ ഉടമസ്ഥര്‍ പല്ലും നഖവും കൊഴിഞ്ഞ് അബലരായി തീര്‍ന്നത് യൂറോപ്പിനെ ശാസ്ത്രവിജ്ഞാനത്തിന്റെയും പുരോഗതിയുടെയും കിരീടമണിയിക്കുന്നതിലേക്ക് വഴി നടത്തി.

പടിഞ്ഞാറന്‍ ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടത്തില്‍ മികച്ച സംഭാവനകളര്‍പ്പിച്ചവിഖ്യാത ശാസ്ത്രജ്ഞനും ഗണിതജ്ഞനുമായിരുന്നു സര്‍ ഐസക് ന്യൂട്ടന്‍ (1664-1769). ചലന നിയമ (law of motion)ത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ പില്‍ക്കാലഭൗതികശാസ്ത്ര ത്തിന്റെ അടിസ്ഥാനമായിവര്‍ത്തിച്ചു. ന്യൂട്ടന്‍ നിഷ്പക്ഷനായ ഒരുമതവിശ്വാസിയായിരുന്നെങ്കിലും(37) അദ്ദേഹത്തിന്റെ പ്രപഞ്ചസി ദ്ധാന്തത്തില്‍ നിന്ന്പില്‍ക്കാല ഭൗതികവാദികള്‍ പലരും പ്രചോദിതരായി. നിരീശ്വര ദര്‍ശനങ്ങള്‍ക്കും വിഗ്രഹാരാധനയ്ക്കുമെതിരെയുള്ള തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം തുറന്നെഴുതിയിട്ടുമുണ്ട്.(38) ദൈവനിഷേധവാദങ്ങളെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ പടിഞ്ഞാറന്‍ രേഖയായി പറയപ്പെടുന്നത് ഫ്രഞ്ച് കത്തോലിക്ക പുരോഹിതനായ ജീന്‍ മെസ്‌ലിയറുടെ (Jean Meslier 1664-1729) ഒരു നീണ്ട കൃതിയാണ്.(39) അദ്ദേഹത്തിന്റെ മരണശേഷം മാത്രം കണ്ടെത്തിയ പ്രസ്തുത കൃതിയില്‍ അദ്ദേഹം പൈശാചികതയെ (evil) ചോദ്യം ചെയ്യുകയും ദൈവത്തിന്റെ അസ്തിത്വത്തെ നിരാകരിക്കുകയും ചെയ്യുന്നുണ്ട്.(40) പിന്നീട് ശക്തമായ നിരീശ്വരവാദവുമായി രംഗത്തു വന്ന അനുഭ വൈകവവാദിയായിരുന്നു (Empiricist) ഡേവിഡ് ഹ്യൂം (David Hume 1711-1776). പ്രപഞ്ചത്തിന്റെ സംവിധാനക്രമത്തില്‍ ദൈവത്തിന്റെ കരങ്ങള്‍ ദര്‍ശിക്കാനാവുമെന്ന മതങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിച്ച സ്‌കോട്ടിഷ് ചിന്തകന്‍.(41) സദാചാരത്തിന് പ്രകൃതിദത്തമായ യാതൊരു അടിത്തറയുമില്ലെന്നും ഏതെങ്കിലും ധാര്‍മിക-ദാര്‍ശനിക തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സദാചാരത്തെ വിലയിരുത്തുക അസാധ്യമാണെന്നും അത് സാധ്യമാകുന്നത് അനുഭവജ്ഞാനങ്ങളിലൂടെ മാത്രമാണെന്നും അദ്ദേഹംസമര്‍ത്ഥിക്കുന്നു.(42) ഹ്യൂമിന്റെ ചിന്തകള്‍ പില്‍ക്കാല നാസ്തികവാദികളെ ഏറെ സ്വാധീനിക്കുക മാത്രമല്ല, സദാചാരപൊതുബോധങ്ങള്‍ക്ക്അരാജകത്വത്തിന്റേതായ പുതിയ വാതിലുകള്‍ തുറന്നിടുകയും ചെയ്തു. ഹ്യൂമിന്റെ സമകാലികനായ, ഐസക് ന്യൂട്ടനാല്‍ സ്വാധീനിക്കപ്പെട്ട(43) മറ്റൊരു ആദ്യകാല നാസ്തികനായിരുന്നു വോള്‍ട്ടയര്‍ (Voltaire 1694-1778). ദൈവം നിലനില്‍ക്കുന്നുണ്ടെങ്കില്‍ പിന്നെങ്ങനെയാണ് മനുഷ്യന് യാതന കള്‍ അനുഭവിക്കേണ്ടി വരുന്നതെന്ന ‘ചോദ്യത്തിലൂടെ അദ്ദേഹം ദൈവത്തെ നിരാകരിച്ചു.(44) ജീന്‍ മെസ്‌ലിയറുടെ കൃതിക്ക് തന്റെ ജീവിത കാലത്ത് പരമാവധി ശ്രദ്ധ നേടിക്കൊടുക്കാനും അദ്ദേഹം ശ്രമിച്ചു.(45) ഇതേ കാലയളവില്‍ ജീവിച്ചിരുന്ന മറ്റൊരു പ്രശസ്ത ചിന്തകനായി രുന്നു ജീന്‍ ജാക്വിസ് റൂസ്സോ (Jean Jacques Rousseau 1712-1778). സ്ഥാപിത മതങ്ങളെ നിരാകരിച്ചിരുന്ന റൂസ്സോ, രാഷ്ട്രത്തിന്റെ നിയമങ്ങള്‍ പാലിക്കുന്ന ‘പൗരമത’മാണ് ആവശ്യമെന്ന ആശയം മുന്നോട്ടുവച്ചു. ഫ്രഞ്ച് വിപ്ലവാനന്തരമുള്ള ദേശീയതയ്ക്ക് റൂസ്സോയുടെ ആശയങ്ങള്‍ പ്രചോദനമായി.(46) വിദ്യാഭ്യാസത്തെക്കുറിച്ച് ‘എമിലി’ എന്ന ഗ്രന്ഥം രചിച്ച ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ ചിന്തകള്‍ ഇന്നും പരക്കെ വായിക്കപ്പെടുന്ന ഒന്നാണ്.(47) ഡേവിഡ് ഹ്യൂമിന്റെയും വോള്‍ട്ടയറിന്റെയും ചിന്തകളില്‍ ആകൃഷ്ടനാവുകയും അവരുമായി കൂടിക്കാ ഴ്ച നടത്തുകയും ചെയ്ത ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ആഡം സ്മിത്ത് (Adam Smith (1723-1790) അത്യന്തം ഹീനമായി കണക്കാക്കപ്പെടുന്ന കുറ്റകൃത്യങ്ങളായ മോഷണം, കൊലപാതകം, ബലാത്സംഗം തുടങ്ങിയവ ഒഴിച്ചുനി ര്‍ത്തിയാല്‍ മറ്റുള്ള ധാര്‍മിക നിയമങ്ങള്‍ ഉടലെടുക്കുന്നത് ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ നിന്ന് തന്നെയുണ്ടാകുന്ന ‘പ്രതികരണങ്ങളില്‍’ നിന്നാണെന്ന് തന്റെ തിയറി ഓഫ് മോറല്‍ ആന്റ് സെന്റിമെന്റല്‍സ് എന്ന ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു. നാം നമ്മോടു തന്നെ മന്ത്രിക്കുന്ന ‘ഞാനത് ഒരിക്കലും ചെയ്യില്ല’, ‘അത് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല’ തുടങ്ങിയവയാണ് ‘പ്രതികരണം’ കൊണ്ട് സ്മിത്ത് അര്‍ത്ഥമാക്കുന്നത്.(48)

യൂറോപ്പിനെ സംബന്ധിച്ച് പതിനെട്ടാം നൂറ്റാണ്ടെന്നത് നാസ്തിക ദര്‍ശനങ്ങള്‍ക്ക് ബൗദ്ധികമായ അടിത്തറ പാകിയ നൂറു വര്‍ഷങ്ങളാ യിരുന്നു. ഈ ചിന്തകരില്‍ നിന്ന്ആവേശം കൊണ്ടവരാണ് പിന്നീട് മതനിരാസതത്വങ്ങളുടെ വ്യത്യസ്ത ശാഖകള്‍ക്ക് രൂപംനല്‍കിയത്. ഇതിനുപുറമെ രണ്ട് മഹാവിപ്ലവങ്ങള്‍ക്കും ഈ ശതാബ്ദം സാക്ഷിയായി. ലോകത്തിന്റെ സാമ്പത്തിക ഗതിയെ തിരിച്ചുവിട്ട വ്യാവസായിക വിപ്ലവവും ഭരണ-രാഷ്ട്രീയ രംഗത്ത് പുതിയ സംജ്ഞകള്‍ക്ക് ജന്മം നല്‍കിയ ഫ്രഞ്ച് വിപ്ലവവുമായിരുന്നു അവ.ബ്രിട്ടനില്‍ തുടക്കം കുറിച്ച വ്യാവസായിക രംഗത്തെ വമ്പിച്ച കുതിച്ചുചാട്ടമാണ് വ്യാവസായിക വിപ്ലവം കൊണ്ട്അര്‍ത്ഥമാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെഉത്തരാര്‍ധത്തില്‍ തുടക്കം കുറിച്ച യന്ത്രങ്ങള്‍,രാസവസ്തു, ഇരുമ്പ് തുടങ്ങിയവയുടെ ഉല്‍പാദനം, പുരോഗതി എന്നിവ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുംതുടര്‍ന്നു. ഇത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ഇവരുടെ കോളനി രാഷ്ട്രങ്ങളിലേക്കും അതിവേഗം പടര്‍ന്നു. കരകൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും യന്ത്രവല്‍കൃത നിര്‍മാണങ്ങ ളിലേക്ക് വ്യവസായ ലോകം പാടെ മാറ്റപ്പെട്ടു. പുക തുപ്പുന്ന കൂറ്റന്‍ ഫാക്ടറികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുവന്നു. ലോകസമ്പദ്‌വ്യവസ്ഥ തന്നെ തിരുത്തിയെഴുതപ്പെട്ടു. ഉല്‍പാദനമേഖലകള്‍അടിമ-ഉടമ എന്നതില്‍ നിന്ന് തൊഴിലാളി-മുതലാളി എന്നതിലേക്ക് മാറി. വമ്പിച്ചസാമ്പത്തിക പുരോഗതി തൊഴിലാളികള്‍ക്കും (working class) മുതലാളികള്‍ക്കുമിടയില്‍ (upper class) മിഡില്‍ ക്ലാസ് (middle class) എന്ന പുതിയ സാമൂഹ്യവര്‍ഗം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കാരണമായി.(49)കത്തോലിക്ക പൗരോഹിത്യത്തിലധിഷ്ഠി തമായിരുന്ന ഫ്രാന്‍സിലെ ലൂയി പതിനാറാമന്റെ ഭരണത്തിനെതിരെയും ഫ്രാന്‍സിലെജന്മിത്വത്തിനെതിരെയും സാധാരണക്കാരായ ജനങ്ങള്‍ നടത്തിയ കലാപമാണ് ഫ്രഞ്ച് വിപ്ലവം. 1789 ജൂണ്‍ 20ന് നടന്ന ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞയില്‍ നിന്ന് തുടങ്ങി ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ അധികാരത്തിലാണ് വിപ്ലവം കലാശിച്ചത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യത്തിലൂടെ നയിക്കപ്പെട്ട വിപ്ലവം മതേതരത്വം, ദേശീയത, ജനാധിപത്യം തുടങ്ങിയ ആശയങ്ങള്‍ക്ക് ജന്മം നല്‍കി. പ്രസ്തുത ഭരണ രാഷ്ട്രീയ സമവാക്യങ്ങള്‍ ഇതരരാജ്യങ്ങളിലേക്കും ക്രമേണ ആകര്‍ഷിക്കപ്പെട്ടു. ഈ രണ്ടു വിപ്ലവങ്ങളും മാനവകുലത്തിന്റെ മത-സാമൂ ഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രക്രിയകളുടെ മുഖഛായ തന്നെ മാറ്റാന്‍ പോന്നതായിരുന്നു. ഇതു തീര്‍ത്ത അലയൊലികള്‍ ലോകത്ത് മതത്തെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള ശ്രമമായി പലരും ഉപയോഗിച്ചു. മതേതരത്വം എന്ന ആശയത്തെ പലരൂപത്തില്‍ വ്യാഖ്യാനിക്കു കയും സകലമേഖലകളിലേക്കും അതിന്റെ ഉപയോഗം വ്യാപിപ്പിക്കുകയും ചെയ്തുപോന്നു. ‘മതേതരത്വം’ എത്തിപ്പെടുന്ന ഇടങ്ങളില്‍ നിന്നെല്ലാം മതം ‘അപ്രത്യക്ഷമാകുന്ന’ അവസ്ഥ സംജാതമായി. രാഷ്ട്രത്തിനകത്തെ പൊതു സ്ഥാപനങ്ങളെല്ലാം ഈ രൂപത്തില്‍ മതേതരവല്‍ക്കരിക്കപ്പെട്ടു. വളച്ചുകെട്ടിയ അതിര്‍ത്തക്കുള്ളില്‍ നിന്നുകൊണ്ട് പിറന്ന മണ്ണിനെ സ്‌നേഹിക്കാന്‍ ദേശീയത പൗരനെ പ്രേരിപ്പിച്ചു. മാനവിക-പഠന വിഷയങ്ങളെല്ലാം ദേശീയതക്ക് അടിമപ്പെട്ടു. ദേശീയ ബോധത്തിനായി അതിര്‍ത്തിക്കുള്ളിലെ പുതിയ ചരിത്രങ്ങള്‍ രചിക്കുന്ന തിരക്കിലായി രാജ്യങ്ങളെല്ലാം തന്നെ. ‘ദേശീയത’യുടെ അടുത്തൊന്നും തന്നെ നില്‍ക്കുവാനുള്ള അവകാശം മതത്തിനില്ലാതായി. ഈ രൂപത്തില്‍ രാജ്യത്തിന കത്തെ പൊതുസ്ഥാപനങ്ങളെല്ലാം ദേശീയവല്‍ക്കരിക്കപ്പെട്ടു. മതമില്ലാത്ത പൊതുബോധത്തി ലധിഷ്ഠിതമായ ഭൂരിപക്ഷത്തെ അധികാരത്തിലേറ്റുന്ന ‘ജനാധിപത്യം’ ലോകമെങ്ങും വ്യാപകമായി. മതേതരത്വം, ദേശീയത, ജനാധിപത്യം തുടങ്ങിയ സംജ്ഞകള്‍ ഒളിഞ്ഞും തെളിഞ്ഞും, ഏറിയും കുറഞ്ഞുമെല്ലാം പലപ്പോഴായി മതം, മാനവികത, ന്യൂനപക്ഷം എന്നിവയോട് സംഘട്ടനത്തിലേര്‍പ്പെടുന്ന സാമൂഹിക സാഹചര്യം ലോകത്ത് ഉടലെടുത്തു.

വ്യാവസായിക വിപ്ലവവും, ഫ്രഞ്ച് വിപ്ലവവും സൃഷ്ടിച്ച സാമൂഹിക പരിവര്‍ത്തനങ്ങള്‍ പില്‍ക്കാല നാസ്തിക ബുദ്ധിജീവികള്‍ക്ക് ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള മണ്ണ് കൂടുതല്‍ പാകമാക്കി. ദൈവത്തിന്റെ അസ്തിത്വം കേവലം ചരിത്രപരം മാത്രമാണെ ന്ന ചിന്താധാരയുമായി ലുഡ്വിഗ് ഫെയര്‍ ബാക്ക് (Ludwig Feuerbach 1804–1872) രംഗപ്രവേശം ചെയ്തു.(50) തന്റെ സമകാലികരായിരുന്ന കാള്‍ മാര്‍ക്‌സിനെയും ഫ്രെഡറിക് എംഗല്‍ സിനെയും ഏറെ സ്വാധീനിക്കാന്‍ ഫെയര്‍ബാക്കിന്റെ വീക്ഷണങ്ങള്‍ക്ക് സാധിച്ചു.(51) ജര്‍മന്‍ തത്വചിന്തകനായിരുന്ന ഹെഗലിന്റെ ചരിത്രപരമായ വൈരുദ്ധ്യാത്മകവാദം(52), ആഡം സ്മിത്തിന്റെ രാഷ്ട്രീയ സാമ്പത്തിക
ശാസ്ത്രം(53), ഫെയര്‍ബാക്കിന്റെ ദാര്‍ശനിക ഭൗതികവാദ സിദ്ധാന്തങ്ങള്‍(54), എംഗല്‍ സിന്റെ തൊഴിലാളിവര്‍ഗ തത്വ ചിന്തകള്‍(55), റൂസ്സോയുടെ സാമൂഹ്യഉടമ്പടി സിദ്ധാന്തം (social contract)(56)എന്നിവ സമന്വയിപ്പിച്ചുകൊണ്ട് സോഷ്യലിസ ത്തിലൂടെ കമ്മ്യൂണിസം എന്ന സ്‌ഫോടനാത്മക തത്വശാസ്ത്രവുമായി കാള്‍ മാര്‍ക്‌സും താമസിയാതെ പ്രത്യക്ഷപ്പെട്ടു. 1886ല്‍ അമേരിക്കയില്‍ ആദ്യമായി ഒരു നിരീശ്വരവാദി പാര്‍ലമെന്റേറിയനായി സത്യപ്രതിജ്ഞ ചെയ്തു. അത്രയും കാലം ദൈവത്തിന്റെ പേരില്‍ മാത്രം പ്രതിജ്ഞയെടുത്ത് നിര്‍വഹിക്കപ്പെട്ടിരുന്ന ഒരു കര്‍മമണ്ഡലത്തിലേക്ക് അതിനെതിരെ ആദ്യമായി രംഗത്തുവന്നത് അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റും തികഞ്ഞ യുക്തിവാദിയുമായ ചാള്‍സ് ബ്രാഡ്‌ലാഫാണ് (ഇവമൃഹല െആൃമറഹമൗഴവ 18331891). ആദ്യം അവകാശം നിഷേധിക്കപ്പെട്ടെങ്കിലും പിന്നീട് കോടതി മുഖേന നിയമയുദ്ധം നടത്തിയിട്ടാണ് ബ്രാഡ്‌ലാഫ് തന്റെ സ്ഥാനം നേടിയെടുത്തത്.(57) പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ തന്നെയാണ് ലോകത്തെ ഒന്നടങ്കം കബളിപ്പിച്ചുകൊണ്ട് തന്റെ പരിണാമസിദ്ധാന്തവുമായി ചാള്‍സ് ഡാര്‍വിന്‍ (1809-1882) മുന്നോട്ടുവരുന്നത്. മതത്തിലധി ഷ്ഠിതമായ സൃഷ്ടിവാദത്തെ തകര്‍ക്കാന്‍ കെട്ടിപ്പടുത്ത ‘കുരങ്ങില്‍ നിന്ന് മനുഷ്യന്‍’ എന്ന ചരിത്രപരമായ മണ്ടത്തരത്തിന് പക്ഷേ യുക്തിവാദത്തിന്റെ സ്വാധീനം മൂലം പരക്കെ അംഗീകാരം കിട്ടി. ധാര്‍മികതയെ ക്കുറിച്ച് ഡാര്‍വിന്റെ കാഴ്ചപ്പാട് അതുടലെടുക്കേണ്ടത് സഹജവാസനയില്‍നിന്നാണ് എന്നതായിരുന്നു.(58) പത്തൊമ്പത്- ഇരുപത് നൂറ്റാണ്ടുകളിലായി ജീവിച്ച പ്രഗല്‍ഭ വിദ്യാഭ്യാസ ചിന്തകനും നിരീശ്വരവാദിയുമായിരുന്നു ജോണ്‍ ഡ്യൂയി (ഖീവി ഉലംല്യ 18591952). ഹെഗല്‍, മാര്‍ക്‌സ്, ഡാര്‍വിന്‍ എന്നിവരാല്‍ സ്വാധീനിക്കപ്പെട്ടിരുന്ന ജോണ്‍ ഡ്യൂയിയുടെ നിരീക്ഷണം ചരിത്രാതീത കാലം മുതലേ മനുഷ്യന്‍ തന്റെ ഭയത്തില്‍ നിന്ന് മോചനം നേടാന്‍ കണ്ടെത്തിയ ഒരു ആശയം മാത്രമായിരുന്നു ദൈവമെന്നാണ്. സ്വന്തത്തെ രക്ഷിക്കാനായി ഒരു അതിമാനുഷിക ഇന്‍ഷ്വറന്‍സ് പരിരക്ഷ എടുക്കുവാനുള്ള മനുഷ്യന്റെ ശ്രമം മാത്രമാണ് ദൈവവിശ്വാസമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.(59) ഈയൊരു ‘തട്ടിപ്പില്‍’ നിന്ന് മനുഷ്യനെ രക്ഷിച്ചെടുക്കാനുള്ള പരിഹാര മാര്‍ഗമായി ജോണ്‍ ഡ്യൂയി നിര്‍ദ്ദേശിക്കുന്നത് അവര്‍ക്ക് വ്യവസ്ഥാപിതമായ വിദ്യാഭ്യാസം നല്‍കുക എന്നതു മാത്രമാണ്.(60)

ജോണ്‍ ഡ്യൂയിയുടെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ ലോകത്ത് ഏറെ സ്വാധീനമുണ്ടാക്കി. ആധുനിക വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നതുതന്നെ. ഇത്തരം ദൈവനിരാസത്തിന്റെ വക്താക്കള്‍ നെയ്‌തെടുത്ത വിദ്യാഭ്യാസ പദ്ധതികളില്‍ ഭൗതികവാദത്തിലധിഷ്ഠിതമായ ചിന്തകള്‍ക്കു മാത്രമേ സ്ഥാനമുണ്ടായിരിക്കുകയുള്ളുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇത് കേവലം ജോണ്‍ ഡ്യൂയില്‍ തുടക്കം കുറിച്ച ഒന്നല്ല. വ്യാവസായിക വിപ്ലവാനന്തരം ഉടലെടുത്ത മധ്യവര്‍ഗ വിഭാഗത്തിന്റെ വളര്‍ച്ച വിദ്യാഭ്യാസത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. നാം ഇന്നു കാണുന്ന മാതൃകയിലുള്ള സ്‌ക്കൂളുകള്‍ക്ക് തുടക്കം കുറിക്കുന്നത് ഈ കാലയ ളവിലാണ്. മേല്‍വിവരിച്ച പതിനെട്ടാം നൂറ്റാണ്ടിലെ ഭൗതികവാദ ബുദ്ധിജീവികളുടെ മതനിഷേധത്തിലധിഷ്ഠിതമായ ദര്‍ശനങ്ങളുടെ സ്വാധീനം അന്നേ വിദ്യാഭ്യാസ രംഗത്തെ ബാധിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവാനന്തരം മതം എന്നത് വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നല്ലെന്നും ‘മതേതരങ്ങളായ’ വിഷയങ്ങളാണ് സ്‌ക്കൂളുകളില്‍ പഠിപ്പിക്കപ്പെടേണ്ടതുമെന്ന ധാരണ ശക്തമായി. ഇത് മതത്തെ വ്യവസ്ഥാ പിത വിദ്യാഭ്യാസ പ്രക്രിയക്ക് പുറത്തു നിര്‍ത്താന്‍ കാരണമായി. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങള്‍ മതേതരവല്‍ക്കരിക്കപ്പെടുകയും, ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവ ദേശീയവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ഭൗതികവാദത്തിന്റെ സന്തതിയായ ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ജീവശാസ്ത്രത്തിന്റെ അടിസ്ഥാനശിലയായി. മാര്‍ക്‌സിന്റെ കമ്മ്യൂണിസ്റ്റ് ആശയം ചരിത്രത്തിനും സാമ്പത്തികശാസ്ത്രത്തിനും ‘മാറ്റുകൂട്ടി’. 1882ല്‍ ഫ്രാന്‍സിലെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ജൂള്‍സ് ഫെറി (Jules Ferry, Minister of Public Instruction) പൊതുവിദ്യാഭ്യാസത്തില്‍ നിന്ന് മതത്തെ ഒഴിവാക്കുകയും മതേതര വിദ്യാഭ്യാസ മാത്രം ഉറപ്പാക്കുകയും ചെയ്തുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു.(61) മതേതരത്വം, ദേശീയത, ജനാധിപത്യം എന്നിവ മാതൃകയാക്കിയ മറ്റു രാജ്യങ്ങളും ഇത് പിന്‍തുടര്‍ന്നു പോന്നു. അവരുടെ കോളനി രാഷ്ട്രങ്ങളിലും ഇതേ രീതി നടപ്പിലാക്കി തുടങ്ങി.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ഭൗതികശാസ്ത്രത്തില്‍ വമ്പിച്ച മാറ്റങ്ങളുണ്ടായി. ന്യൂട്ടണ്‍ കാലഘട്ടത്തിലെ ക്ലാസി ക്കല്‍ ഫിസിക്‌സില്‍ നിന്ന് മാക്‌സ് പ്ലാങ്കിന്റെ ക്വാണ്ടം തിയറിയിലേക്കും പിന്നീട് ആല്‍ബ ര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തി ലേക്കും ഭൗതികശാസ്ത്രം വളര്‍ന്നു. മോഡേണ്‍ ഫിസിക്‌സിലെ ക്വാണ്ടം മെക്കാനിക്‌സ്, ന്യൂട്ടോണിയന്‍ ഭൗതികശാസ്ത്രത്തില്‍ നിന്ന് ആശ്വാസം കണ്ടെത്തിയ യുക്തിവാദികള്‍ക്ക് തിരിച്ചടിയേകിയ ഒന്നായിരുന്നു. ഒരുവേള ”ദൈവം മരിച്ചിരിക്കുന്നു, ദൈവത്തെ ഞങ്ങള്‍ കൊന്നിരിക്കുന്നു”(62) എന്നുപോലും തന്റെ ഗ്രന്ഥത്തിലൂടെ പച്ചയായി വെളിപ്പെടുത്തിയ ഫ്രീഡിക് നിഷെ (Friedrich Nietzsche) യെപ്പോ ലുള്ളവരുടെ പിന്‍ഗാമികള്‍ക്ക് മുമ്പില്‍ ക്വാണ്ടം ഫിസിക്‌സ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ അവരുടെ നാവടക്കാന്‍ പര്യാപ്തമായിരുന്നു.(63) പക്ഷേ അപ്പോഴേക്കും ഭൗതികവാദം വിദ്യാഭ്യാസ മേഖല കയ്യടക്കിയിരുന്നു. അതുകൊണ്ടു തന്നെ പിന്നീടുള്ള അവരുടെ ശ്രദ്ധ ധാര്‍മികരംഗത്ത് നിന്നുകൂടി മതത്തെ ഒഴിവാക്കുകയെന്നതായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രഗല്‍ഭ ബ്രിട്ടീഷ് ചിന്തകനായ ബെര്‍ട്രാന്‍ഡ് റസ്സല്‍ (Bertrand Russell) ആണ് ഇതിലേക്ക് കാര്യമായി സംഭാവനകളര്‍പ്പിച്ചത്. കുടുംബവ്യവസ്ഥയെ നിശിതമായി വിമര്‍ശിച്ചിരുന്ന റസ്സല്‍ സ്വതന്ത്ര ലൈംഗികതയെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. വ്യഭിചാരത്തില്‍ നിന്ന് മുക്തമാകാന്‍ വിവാഹം കഴിക്കുകയാണ് പരിഹാരമെന്നതിനെ അദ്ദേഹം ഉപമിക്കുന്നത് പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ നാക്കില്‍ ആസിഡ് ഉറ്റിക്കുന്നതിനു തുല്യമായിട്ടാണ്.(64) റസ്സല്‍ ഇരുപതാം നൂറ്റാണ്ടിലെ ഒരു വിദ്യാഭ്യാസ ചിന്തകന്‍ കൂടിയായാണ് അറിയപ്പെടുന്നത്. ഒരധ്യാപകന്‍ കൂടിയായ റസ്സലിനെ തന്റെ വിവാഹവും ധാര്‍മികതയും (Marriage and Morals) എന്ന കൃതിയുടെ പേരില്‍ ന്യുയോര്‍ക്ക് സിറ്റി കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ ക്ലാസില്‍ പഠിച്ചിരുന്ന ഒരു കുട്ടിയുടെ മാതാവ് ഇത്തരം ഗ്രന്ഥങ്ങള്‍ രചിക്കുന്ന അധ്യാപകന്‍ തന്റെ കുട്ടികളെ പഠിപ്പിക്കുന്നതില്‍ ആശങ്ക പുലര്‍ത്തിക്കൊണ്ട് സമര്‍പ്പിച്ച പരാതിയിന്‍മേലാ യിരുന്നു നടപടി.(65) കഴിഞ്ഞ നൂറ്റാണ്ടിലെ മറ്റൊരു പ്രഗല്‍ഭയായിരുന്നു സിമണ്‍ ദി ബുവൊ (Simone de Beauvoir 1908-1986). മാര്‍ക്‌സ്, നീഷെ, ഹെഗല്‍ എന്നിവരാല്‍ പ്രചോദിതയായ സിമോണ്‍ ആണ് ആധുനിക ഫെമിനിസത്തിന് ശക്തമായ ദാര്‍ശനിക അടിത്തറ പാകിയത്. ‘ആരും സ്ത്രീയായി ജനിക്കുന്നില്ല, സാമൂഹ്യ സാഹചര്യങ്ങള്‍ അവളെ സ്ത്രീയാക്കി മാറ്റുകയാണ്’ എന്ന പ്രശസ്ത വാക്യം ഇവരുടേതാണ്. സ്ത്രീയുടെ ജീവശാസ്ത്രഘടന തന്നെ ഒരു അംഗവൈകല്യമാണെന്നും(66) ലൈംഗിക പ്രക്രിയയില്‍ അവള്‍ കേവലം ഒരു ഇര മാത്രമാണെന്നും(67) അതിനാല്‍ തന്നെ വിവാഹം, പ്രസവം, മുലയൂട്ടല്‍ തുടങ്ങി സമൂഹം സ്ത്രീയ്ക്ക് കല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് സ്ത്രീ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്നും ഇവര്‍ തന്റെ ഗ്രന്ഥങ്ങളില്‍ സമര്‍ത്ഥിക്കുന്നു. ഇവരുടെ ചിന്തകള്‍ സ്വതന്ത്ര ലൈംഗികതയില്‍ സ്ത്രീയ്ക്ക് തത്വശാസ്ത്രപരമായ ചട്ടക്കൂട് നിര്‍മിച്ചു നല്‍കി. ധാര്‍മിക രംഗത്തെ മതത്തിന്റെ നിയമങ്ങള്‍ക്ക് പകരം വെക്കാവുന്ന ഒന്നായി റസ്സലിന്റെയും സിമോണിന്റെയും സംഭാവനകളെ യുക്തിവാദികള്‍ മനസ്സിലാക്കി. കമ്മ്യുണിസം പ്രായോഗികതലത്തില്‍ വീണ്ടെടുക്കാനാവാത്ത തകര്‍ച്ച നേരിട്ടിട്ടും പരിണാമസിദ്ധാന്തം ആധുനിക ജീവശാസ്ത്ര പണ്ഡിതന്‍മാരാല്‍ ചവറ്റുകുട്ടയിലേക്കെറിയപ്പെട്ടിട്ടും സ്വതന്ത്ര ലൈംഗികതയുടെ ‘ധാര്‍മികത’ കടുത്ത സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടും മതേതരമൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ഇതൊന്നും കൈവിടാന്‍ തയ്യാറില്ലാതെ മുന്നോട്ടു പോവുകയാണ് ഭരണകൂടങ്ങള്‍ ചെയ്തത്. ഈ വിദ്യാഭ്യാസ സമ്പ്രദായമാണ് മതേതര വിദ്യാഭ്യാസ (Secular education)മെന്ന് ഇന്ന് പരക്കെ അറിയപ്പെടുന്നത്.

എല്ലാ ആധുനിക ജനാധിപത്യ രാജ്യങ്ങളിലും മതവിദ്യാഭ്യാസം (Religious education) മതേതര വിദ്യാഭ്യാസത്തില്‍ നിന്ന് പുറത്താണ്. പൊതുവിദ്യാഭ്യാസത്തിന് കീഴില്‍ യാതൊരു കാരണവശാലും മതം കടന്നുവരില്ല. അതേസമയം മതവിദ്യാഭ്യാസം ആവശ്യമുള്ളവര്‍ക്ക് സ്വകാര്യമായി നല്‍കാവുന്നതാണ്. എന്നുവെച്ചാല്‍ ഏതൊരു മതവിശ്വാസിക്കും ഇതരവിഷയങ്ങളില്‍ പ്രാവീണ്യം നേടണമെങ്കില്‍ ഭൗതികവാദത്തിലധിഷ്ഠിതമായി പടുത്തുയര്‍ത്തപ്പെട്ട മതേതര വിദ്യാഭ്യാസം നേടണമെന്നര്‍ത്ഥം. ഇത് മതവിദ്യാഭ്യാസത്തെ പാര്‍ശ്വവല്‍ ക്കരിക്കുന്നതിന് ഇടയാക്കി. ഓരോ വിശ്വാസി സമൂഹവും തങ്ങളുടേതായ സ്വകാര്യ ഇടങ്ങളില്‍ മതവും ഇതരവിഷയങ്ങളിലുമുള്ള വിദ്യാഭ്യാസം നല്‍കുന്ന പ്രവണതയ്ക്ക് തുടക്കം കുറിക്കാന്‍ ഇത് നിമിത്തമായി.ഇന്ന് ലോകത്ത് മതേതര വിദ്യാഭ്യാസമെന്നാല്‍ പൊതുവിദ്യാഭ്യാസവും മതവിദ്യാഭ്യാസമെന്നാല്‍ സ്വകാര്യതലത്തില്‍ മതസമൂഹം നല്‍കുന്ന വിദ്യാഭ്യാസവുമാണ്. മതേതര വിദ്യാഭ്യാസം സുരക്ഷിതവും സംശയരഹിതവുമാകുമ്പോള്‍ മതവിദ്യാഭ്യാസം അപകടകരവും നിരീക്ഷണമാവശ്യമുള്ളതുമായി സങ്കല്‍പ്പിക്കപ്പെടുന്നു. മതേതര വിദ്യാഭ്യാസത്തിന്റെ ഫലമായി ദേശീയവാദികളും ജനാധിപത്യതല്‍പരരുമായ നല്ല പൗരന്‍മാരെ പ്രതീക്ഷിക്കുമ്പോള്‍, മതവിദ്യാഭ്യാസത്തിന്റെ ഫലമായി തീവ്രവാദികളും മതമൗലികവാദികളും ഭീകരവാദികളും സൃഷ്ടിക്കപ്പെടു മോയെന്ന് ആശങ്കപ്പെടുന്നു.

ജനാധിപത്യ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ പൊതുബോധത്തിന്റെ ചിത്രം മേല്‍വിവരിച്ച താണ്. ജനാധിപത്യ രാഷ്ട്രത്തിലെ ഒരു സാമാന്യ വിദ്യാഭ്യാസ പൊതുബോധത്തിന്റെ ചിത്രം. മതവിദ്യാഭ്യാസം, പ്രത്യേകിച്ചും ഇസ്‌ലാമിക വിദ്യാഭ്യാസമാണ് ഈ രൂപത്തില്‍ വ്യാഖ്യാനി ക്കപ്പെടുന്നത്. ഗ്രീക്ക് തത്വചിന്തയുടെ അസ്തമനത്തിനുശേഷം ലോകത്തിനു വൈജ്ഞാനിക വെളിച്ചം നല്‍കിയ ഒരു മഹത്തായ ആദര്‍ശ മാണ് ഇത്തരത്തില്‍ തഴയപ്പെടുന്നത്. ആധുനിക ശാസ്ത്രശാഖകളുടെയെല്ലാം തുടക്കത്തിനു കാരണമായി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു വിഭാഗത്തെയാണ് ഇങ്ങനെ തരംതാഴ്ത്തുന്നത്. വേദഗ്രന്ഥങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടക്കുന്നുവെന്നുള്ളത് സത്യമാണ്. അത് എല്ലാ മതങ്ങള്‍ക്കിടയിലും സംഭവിക്കുന്നുണ്ടു താനും. എന്നാല്‍ അതിനുള്ള പരിഹാരം മതത്തെ അവഗണിച്ച് ഭൗതികവാദത്തെ പ്രോത്സാഹിപ്പിക്കലാണോ? തീവ്രവാദികള്‍ ഉടലെടുക്കുന്നത് മതത്തില്‍ നിന്നു മാത്രമാണോ? മതത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുമ്പോള്‍ മതേതരത്വത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ എന്തുകൊണ്ട് തീവ്രവാദികളായി ഗണിക്കപ്പെടുന്നില്ല? ദേശീയതയുടെയും മതേതര ജനാധിപത്യത്തിന്റെയും വക്താക്കള്‍ തന്നെയല്ലേ ലോകമഹായുദ്ധങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നത്? തീവ്രവതയെന്നാല്‍ മതത്തിന്റെ പേരലായാലും മതേതരത്വത്തിന്റെ പേരിലായാലും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതാണ് എന്നുസാരം. അതല്ലെങ്കില്‍ ചെറിയൊരു വിഭാഗം വഴിപിഴച്ചവര്‍ ചെയ്യുന്ന മതതീവ്രവാദത്തിന്റെ പേരില്‍ മതപരമായ വിദ്യാഭ്യാസത്തിന് നിരോധനമേര്‍പ്പെടുത്താന്‍ തുനിയുന്നവര്‍ എന്തുകൊണ്ടാണ് മതേതര തീവ്രവാദത്തെ തടയിടാന്‍ മതേതര വിദ്യാഭ്യാസത്തെ നിയന്ത്രിക്കാത്തത്?

ഈ രംഗത്ത് പടിഞ്ഞാറിന്റെ പൊതുബോധ നിര്‍മിതിക്കെതിരെ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് അമേരിക്കന്‍ വംശജനായ വില്യം ടി.കാവനോ (William T. Cavanaugh). രാഷ്ട്രീയ ദൈവതത്വശാസ്ത്രത്തിലും സാമ്പത്തിക ധര്‍മശാസ്ത്രത്തിലും ഒട്ടേറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ 2009ല്‍ പുറത്തിറങ്ങിയിട്ടുള്ള ദി മിത്ത് ഓഫ് റിലീജിയസ് വയലന്‍സ് (The Myth of Religious Violence) എന്ന ഗ്രന്ഥത്തിലെ അവലോകനങ്ങള്‍ ശ്രദ്ധേയമാണ്. മതം, പ്രത്യേകിച്ച് ഇസ്‌ലാം അക്രമം ആണ് മുന്നോട്ടു വെക്കുന്നത് എന്ന കാല്‍പനികത മതേതര പടിഞ്ഞാറിന്റെ ഒരു ഗൂഢസൃഷ്ടിയായിട്ടാണ് കാവനോ തന്റെ കൃതിയിലവതരിപ്പിക്കുന്നത്. തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ കാവനോ പറയുന്ന ഭാഗം ശ്രദ്ധിക്കുക.

”ഏതൊരു സന്ദര്‍ഭത്തിലും സംഭവി ക്കുന്ന ഒന്നിനെ മതമെന്നോ, മതേതരമെന്നോ വിശേഷിപ്പിക്കുന്നത് അധികാരത്തിന്റെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഇവിടെ ചോദിക്കാനുള്ളത് എന്തുകൊണ്ടാണ് അത്തരം വിശേഷണങ്ങളും നിഗമനങ്ങ ളുമെല്ലാം ഒരേ അച്ചില്‍ വാര്‍ത്തതുപോലെയായിത്തീരുന്നത് എന്നാണ്? ഞാന്‍ പറയുന്നു; ചരിത്രങ്ങളെയും സംസ്‌കാരങ്ങളെയും അതിജയിച്ചു കടന്നുവന്ന മതമെന്ന വിശ്വാസസംഹിതയെ കലാപത്തിന്റെ അടിസ്ഥാനപ്രമാണമായി സൃഷ്ടിച്ചെടുത്തത് പടിഞ്ഞാറന്‍ സമൂഹമെന്നു നാം വിളിക്കുന്ന പുരോഗമന ദേശരാഷ്ട്രങ്ങളുടെ കാല്‍പനിക നിര്‍മിതി മാത്രമാണ്. ഇത് മതപരമായ ഒരു അപരനെ സൃഷ്ടിച്ചെടുക്കുകയും അതിനെ പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുമെന്നു മാത്രമല്ല, ഈ ‘മതഭ്രാന്ത്’ യുക്തിക്കും സമാധാനത്തിനും മതേതരത്വത്തിനും എതിരാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നു. പടിഞ്ഞാറിന്റെ വിദേശ നയങ്ങളില്‍ ഈ കാല്‍പനികത മതേതരമല്ലാത്ത സാമൂഹ്യക്രമത്തെ, പ്രത്യേകിച്ച് മുസ്‌ലിം സമൂഹങ്ങളെ വില്ലന്‍വല്‍ക്കരിക്കുന്നു. അവരാകട്ടെ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് മതത്തിന്റെ അപകടകരമായ സ്വാധീനത്തെ വേര്‍തിരിച്ചെടുക്കാന്‍ ഇപ്പോഴും പഠിച്ചിട്ടില്ല. അതേസമയം നമ്മുടെ അക്രമങ്ങളാകട്ടെ അത് മതേതരവും യുക്തിപരവും സമാധാനപരവുമാണ്. അവരെ ബോംബുകള്‍ കൊണ്ട് പുരോഗമന ജനാധിപത്യ രാഷ്ട്രങ്ങളാക്കി മാറ്റിയെടുക്കേണ്ട ബാധ്യത നാം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു.(68)ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രഭാതം പുലര്‍ന്നത് തന്നെ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കു നേരെ വീണ്ടുമൊ രു കുരിശുയുദ്ധം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ, സിറിയ എന്നിങ്ങനെ പടിഞ്ഞാറിന്റെ സമാധാന ബോംബുകള്‍ ഛിന്നഭിന്നമാക്കിയ രാഷ്ട്രങ്ങളുടെ പട്ടികനീണ്ടുകൊണ്ടിരിക്കുകയാണ്. ഇവ മേല്‍നിരീക്ഷണങ്ങളെ തീര്‍ത്തും ശരിവെക്കു ന്നതാണ്. കാവനോ മറ്റൊരു സന്ദര്‍ഭത്തില്‍ പറയുന്നത് ഇങ്ങനെയാണ്…

പടിഞ്ഞാറിന്റെ പരമ്പരാഗത വിജ്ഞാനത്തില്‍ മതത്തിന്റെയും മതേതരത്വത്തിന്റെയും തത്വശാസ്ത്രങ്ങള്‍ക്കിടയില്‍ ചില ധാരണക
ള്‍ കടന്നുകൂടിയിട്ടുണ്ട്. ക്രൈസ്തവത, ഇസ്‌ലാം, ഹൈന്ദവത, ജുതായിസം എന്നിവ മാര്‍ക്‌സിസം, മുതലാളിത്തം, പുരോഗമനവാദം തുട ങ്ങിയവയേക്കാള്‍ അക്രമകാരികളും ഏകാധിപതികളും ഭിന്നാഭിപ്രായക്കാരും അവിവേകികളുമാണ് എന്ന മിഥ്യ അതില്‍ പ്രധാന മാണ്. ഈ ചിന്തയാകട്ടെ അങ്ങേയറ്റം അസന്തുലിതവും അപകടകരവുമാണ്. കാരണം ഇത് മതപരമായി ജീവിതം നയിക്കുന്നവര്‍ക്കെതിരെ അക്രമം പ്രവര്‍ത്തിക്കുന്നതിനും, അത്തരം അക്രമങ്ങളെ ന്യായീകരിക്കുന്നതിനും അവരെപാര്‍ശ്വവല്‍ക്കരിക്കുന്നതിനും കാരണമായിത്തീ രുന്നു. ഈയൊരു പൊതുബോധത്തില്‍ നിന്ന് സ്വാഭാവികവും സാര്‍വത്രികവും അനന്തവുമായ രണ്ട് വര്‍ഗങ്ങള്‍ രൂപപ്പെടുന്നു. മതവര്‍ ഗവും മതേതരവര്‍ഗവും (Religious and secular). ഇതുകൊണ്ടാണ് ഇവ വ്യക്തമായ ഒരു ആധുനിക പടിഞ്ഞാറന്‍ നിര്‍മിതിയാണെന്ന് പറ യേണ്ടി വരുന്നത്. ഇനി ആരെങ്കിലും ഈ രണ്ട് വര്‍ഗത്തെ അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നാല്‍ അവര്‍ ചില നിബന്ധനകള്‍ക്ക് കീഴ്‌പ്പെ ടുകയും ചെയ്യേണ്ടി വരുന്നു,(69)

ഇതേ പടിഞ്ഞാറന്‍ പൊതുബോധ നിര്‍മിതിയുടെ ബഹിര്‍സ്ഫുരണമാണ് വിദ്യാഭ്യാസമേഖലയെയും വരിഞ്ഞുമുറുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് മതേതര വിദ്യാഭ്യാസമായി ഗണിക്കപ്പെടുന്ന വിഷയങ്ങളെയും ഭൗതികവാദ തത്വങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതും, അതേസമയം മതവിഷയങ്ങള്‍ അവയില്‍ നിന്ന് വേര്‍പെടുത്തി മാറ്റിനിര്‍ത്തപ്പെടുന്നതും. എന്നാല്‍ നല്ല മനുഷ്യനെ വാര്‍ത്തെടുക്കാന്‍ ഭൗതികവാദത്തിനു മാത്രം കഴിയില്ലെന്നും അതിന് ചില പ്രാഥമിക പഠനങ്ങള്‍ കൂടി ആവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് മതേതര വിദ്യാഭ്യാസം മോറല്‍ സ്റ്റഡീസ് (moral studies) എന്ന വിഷയത്തെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ മോറല്‍ സ്റ്റഡീസിന്റെ പേരു പറഞ്ഞിട്ടായാലും മതമോ, ദൈവമോ, ആരാധനകളോ ഒന്നും വിദ്യാലയത്തിന്റെ പടി കയറാന്‍ പാടില്ലെന്നാണ് നിയമം. ഈ മോറല്‍ സ്റ്റഡീസിന്റെയെല്ലാം വേര് ചെന്നെത്തുന്നത് പടിഞ്ഞാറന്‍ തത്വചിന്തകരിലേക്കുമാണ്. ചുരുക്കി പറഞ്ഞാല്‍ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കപ്പെടുന്നത് ശുദ്ധഭൗതികവാദവും സ്വതന്ത്രചിന്തയുടെ പടിഞ്ഞാറന്‍ ധാര്‍മികതയും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസമാണെന്ന് സാരം.

ആധുനിക ബഹുസ്വര സമൂഹത്തില്‍ മതം എങ്ങനെയാണ് പഠിപ്പിക്കപ്പെടേണ്ടത് എന്നതാണ് ഉത്തരം തേടുന്ന മറ്റൊരു പ്രധാന ചോദ്യം. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് റീലീജ്യസ് ഫ്രീഡം ( International Association for Religious Freedom) 2002ല്‍ നടത്തിയ പഠനത്തില്‍ പറയുന്നത് മൂന്ന് തരത്തിലുള്ള മതപഠന രീതികളാണ്. 1, മതം പഠിക്കുക (Learning Religion). 2, മതത്തെക്കുറിച്ച് പഠിക്കുക (Learning about Religion). 3, മതത്തില്‍ നിന്ന് പഠിക്കുക (Learning from Religion). ആദ്യത്തേത് യഥാര്‍ത്ഥ മതപഠനമാണ്. എന്നാല്‍ അത്ബഹുസ്വരസമൂഹത്തില്‍ നടപ്പിലാക്കാന്‍ പറ്റുന്നതല്ല. ഇനി അങ്ങനെ നടപ്പിലാക്കിയാല്‍ രണ്ട് രൂപത്തിലുള്ള തിരിച്ചടി അതിനു സംഭവിച്ചേക്കാം. ഒന്ന് രാഷ്ട്രം മതവിദ്യാഭ്യാസം നിര്‍ത്തലാക്കുകയും പൂര്‍ണമായും മതേതര വിദ്യാഭ്യാസത്തിലേക്ക് കടക്കുകയും ചെയ്‌തേക്കാം. രണ്ട് മതപഠനത്തിന്റെ ബഹുസ്വരതയാണ്. പൊതുവിദ്യാലയങ്ങളില്‍ ഓരോ മതവിഭാഗത്തിനും പ്രത്യേക ക്ലാസ്മുറികളിലായി അവരുടേതായ മതപഠനം എന്ന രീതിയിലേക്ക് രാഷ്ട്രം മാറിയേക്കാം.(70) അതേസമയം മതത്തെക്കുറിച്ച് പഠിക്കുകയെന്ന ആശയം മതത്തിന്റെ പുറത്തുനിന്നുകൊണ്ട് മതത്തെ മറ്റേതൊരു വിഷയവുമെന്നപോലെ ശാസ്ത്രീയമായി പഠിക്കുകയെന്നതാണ്. മൂന്നാമതായി പറയുന്ന മതത്തില്‍ നിന്നു പഠിക്കുക എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എല്ലാ മതങ്ങളില്‍ നിന്നുമുള്ള നല്ലതിനെയെടുത്തുകൊണ്ടുള്ള ധാര്‍മിക പഠനമാണ്.(71) അവസാനത്തേതു മാത്രമാണ് സഹിഷ്ണുത വളര്‍ത്തുന്നതും വിവേചനരഹിതവുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ബഹുസ്വരതക്ക് യോജിച്ചത് തലമുറയുടെ മതത്തില്‍ നിന്ന് പഠിക്കുകയെന്ന ആശയമാണെന്നും ഇവര്‍ സമര്‍ത്ഥിക്കുന്നു.(72) വളരെ തന്ത്രപൂര്‍വം, വളരുന്ന മതപരമായ വ്യക്തിത്വത്തെ ഇല്ലായ്മ ചെയ്യുന്നതാണ് ‘മതത്തില്‍ നിന്ന് പഠിക്കുക’യെന്ന ആശയമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവിടെ ചോദിക്കാനുള്ളത് ‘മതം പഠിക്കുക’യെന്ന ആദ്യത്തെ ആശയത്തിന്റെ രണ്ടാമത്തെ പ്രതികരണമായി പറയപ്പെടുന്ന ഓരോ മതവിഭാഗത്തിനും അവരുടേതായ പ്രത്യേക ക്ലാസ് മുറികളില്‍ മതം പഠിപ്പിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം? എല്ലാ മതങ്ങളും ഇതര മതങ്ങളെയും വിശ്വാസങ്ങളെയും അവര്‍ ആരാധിക്കുന്ന മൂര്‍ത്തികളെയും ഇകഴ്ത്തരുതെന്നും മറ്റു മതവിശ്വാസികളുടെ വിശ്വാസസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും പഠിപ്പിക്കുന്നുണ്ടെങ്കില്‍ പിന്നെ എവിടെയാണ് പ്രശ്‌നമുദിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ആദ്യം മാറ്റേണ്ടത് മതവിദ്യാഭ്യാസത്തോടുള്ള മതേതരമാടമ്പിമാരുടെ വിവേചനവും അസഹിഷ്ണുതയുമല്ലേ? അപ്പോള്‍ ഉയരുന്ന ചോദ്യം ഒരു മതത്തിന്റെയും വക്താക്കളല്ലാത്ത വിദ്യാര്‍ത്ഥികളെ എന്തു പഠിപ്പിക്കുമെന്നാണ്. അവര്‍ക്ക് മറ്റൊരു ക്ലാസില്‍ പടിഞ്ഞാറന്‍ ധാര്‍മിക സിദ്ധാന്തത്തിലധിഷ്ഠിതമായ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയാല്‍ പ്രശ്‌നം തീരില്ലേ?

ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മിക്ക രാജ്യങ്ങളും പിന്‍തുടരുന്നത് മതത്തെക്കുറിച്ച് പഠിക്കുക എന്ന ആശയമാണ്, അഥവാ മതത്തെ ക്കുറിച്ചു പഠിപ്പിക്കുക (Teaching about Religion). മതം പഠിപ്പിക്കുന്നതും (Teaching Religion) മതത്തെക്കുറിച്ച് പഠിപ്പിക്കുന്നതും തമ്മിലുള്ള അന്തരങ്ങളെ താഴെപറയും വിധം വേര്‍തിരിച്ചിരിക്കുന്നു.

  1. മതത്തോടുള്ള സ്‌ക്കൂളിന്റെ സമീപനം പഠനാര്‍ഹം (Academic) മാത്രമായിരിക്കും. ഭക്തിപൂര്‍വമായ (Devotional) യാതൊന്നും ഉണ്ടാകാന്‍ പാടില്ല.
  2. സ്‌ക്കൂളുകള്‍ക്ക് കുട്ടികളില്‍ എല്ലാ മതങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാം. പക്ഷേ ഒരു മതത്തെയും പിന്‍തുടരാന്‍ പ്രേരിപ്പിക്കരുത്.
  3. മതം പഠിപ്പിക്കുന്നതിന് സ്‌ക്കൂളുകള്‍ക്ക് ചെലവ് വഹിക്കാം. എന്നാല്‍ മതം പകര്‍ത്തുന്നതിന് ചെലവ് വഹിക്കുന്നതല്ല.
  4. എല്ലാ മതവീക്ഷണങ്ങളെയും കുട്ടികള്‍ക്ക് മുമ്പില്‍ തുറന്നുവെക്കും. എന്നാല്‍ ഒരു വീക്ഷണവും അടിച്ചേല്‍പ്പിക്കില്ല.
  5. എല്ലാ മതത്തെക്കുറിച്ചും വിദ്യാഭ്യാസം നല്‍കും. എന്നാല്‍ ഒരു മതത്തെയും ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യുന്നതല്ല.
  6. നാനാതരം വിശ്വാസസംഹിതകളെക്കുറിച്ചും കുട്ടികള്‍ക്ക് വിവരങ്ങള്‍ നല്‍കും. എന്നാല്‍ ഏതെങ്കിലും ഒന്നിനെ തെരഞ്ഞെടുക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുകയില്ല.(73)

പ്രസ്തുത മാനദണ്ഡങ്ങള്‍ പ്രകാരം മതത്തെ പഠിക്കുന്ന വിദ്യാര്‍ത്ഥി ഏതുതരം വിശ്വാസിയായി വളരണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്ന ത്? ഇത്തരം മതപഠനങ്ങളിലൂടെ കടന്നുപോകുന്നവര്‍ മതവിശ്വാസികളാകുവാനാണോ അതോഭൗതികവാദികളാകുവാനാണോ കൂടുതല്‍ സാധ്യത? വിശ്വാസികളായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ മതവിശ്വാസത്തിലധിഷ്ഠിതമായി പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെ ങ്കില്‍ പൊതുവിദ്യാലയങ്ങളില്‍ അതിനെന്ത് മാര്‍ഗമാണ് പുരോഗമന ദേശരാഷ്ട്രങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്? ഇവിടെ സര്‍ക്കാരുകള്‍ മൗനം പാലിക്കുമ്പോഴാണ് മതവിശ്വാസികള്‍ ഓരോ രാജ്യത്തും അവര്‍ക്ക് ഭരണഘടന നല്‍കുന്ന ഇളവുകള്‍ പ്രയോജനപ്പെ ടുത്തിക്കൊണ്ട് സ്വകാര്യ സ്‌ക്കൂളുകള്‍ക്ക് തുടക്കം കുറിക്കുന്നത്. വിശ്വാസി സമൂഹം അവരുടെ മതവിശ്വാസത്തിലധിഷ്ഠിതമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് സെക്യുലറിസത്തിന്റെ മതത്തോടുള്ള ഈ വിവേചനത്തിന്റെയും അസഹിഷ്ണു തയുടെയും അനീതിയുടെയും പരിണിതഫലമായിട്ടാണ്. ഇങ്ങനെയുള്ള സ്‌ക്കൂളുകള്‍ ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ മതേതര സമൂഹം പുതിയ ആരോപണങ്ങളുമായി രംഗത്തെത്തി. മതം പഠിപ്പിക്കുന്ന സ്വകാര്യ സ്‌ക്കൂളുകള്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകു മെന്ന് മതേതര-സാംസ്‌കാരിക ബുദ്ധിജീവികള്‍ വിളിച്ചു കൂവിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം ഇന്ന് കടന്നു പോയി ക്കൊണ്ടിരിക്കുന്നത്. ഒരു വാദത്തിനുവേണ്ടി ഇവരുടെ ആരോപണത്തെ അംഗീകരിച്ചുകൊണ്ട് മതം പഠിപ്പിക്കുന്ന സ്വകാര്യ വിദ്യാലയ ങ്ങള്‍ അടച്ചുപൂട്ടാമെന്ന് വെക്കുക. എങ്കില്‍ ഇത്രയും വിദ്യാര്‍ത്ഥികളെ മതം പഠിപ്പിക്കേണ്ട (Teaching Religion) ഉത്തരവാദിത്തം മതേതര ബുദ്ധിജീവികള്‍ ഏറ്റെടുക്കുമോ? അല്ലെങ്കില്‍ പൊതുവിദ്യാലയങ്ങള്‍ ഏറ്റെടുക്കുമോ? യഥാര്‍ത്ഥത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കു ന്നത് മതേതര സമൂഹമോ അതോ മതവിശ്വാസികളോ? മതേതര സമൂഹത്തിന്റെ മതത്തോടുള്ള അസഹിഷ്ണുതയും വിവേചനവുമല്ലേ ഈ വര്‍ഗീയ ധ്രുവീകരണത്തിന് (അങ്ങനെയൊന്ന് ഉണ്ടെങ്കില്‍) കാരണം? ശാസ്ത്രസമൂഹം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ പല ഭൗതികവാദ സിദ്ധാന്തങ്ങളും പൊതുവിദ്യാലയങ്ങളില്‍ ഇന്നും പഠിപ്പിക്കപ്പെടുന്നുണ്ട്. മതത്തിനു ബദലായി മധ്യകാല യൂറോപ്പില്‍ ഉയര്‍ന്നുവന്ന ഒരു വിശ്വാസമാണ് ഭൗതികവാദവും യുക്തിവാദവും. മതം പൊതുവിദ്യാഭ്യാസ രംഗത്തുനിന്നും തുടച്ചുനീ ക്കുമ്പോള്‍ മതത്തിന് ബദലായി നിലകൊള്ളുന്ന ആദര്‍ശങ്ങളെ സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കുന്നത് എന്തുതരം നീതിയാണ്? ഇത് വിശ്വാസിസമൂ ഹത്തെ വ്രണപ്പെടുത്തുന്ന ഒന്നല്ലേ? ചെറിയ കുട്ടികളില്‍ ഭൗതികവാദ-യുക്തിവാദ ആദര്‍ശങ്ങള്‍ കുത്തിവെക്കുന്നത് മതേതര തീവ്രവാദ ത്തിന്റെ പ്രചരണ തന്ത്രമല്ലേ? 1992ല്‍ പുറത്തിറങ്ങിയ ദി മാറ്റര്‍ മിത്ത് (The Matter Myth) എന്ന പുസ്തകം ചര്‍ച്ച ചെയ്യുന്നത് ആധുനിക ഭൗതികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഭൗതികവാദ ദര്‍ശനങ്ങളുടെ പൂര്‍ണ പരാജയത്തെക്കുറിച്ചാണ്.(74) ഈ ഗ്രന്ഥത്തിന്റെ ഒന്നാമത്തെ അധ്യായത്തിന് രചയിതാക്കളായ പോള്‍ ഡേവിസും ജോണ്‍ ഗ്രിബണും നല്‍കിയിട്ടുള്ള നാമം ‘ഭൗതികവാദത്തിന്റെ മരണം’ (Death of Materialism) എന്നാണ്. പ്രശസ്ത ഇന്‍ഡ്യന്‍ ഭൗതിക ശാസ്ത്രജ്ഞനായ അമിത് ഗോസ്വാമിയുടെ 2009ല്‍ പുറത്തിറങ്ങിയ പുസ്തക ത്തിന്റെ പേര് ‘ദൈവം മരിച്ചിട്ടില്ല’ (God is not dead) എന്നാണ്.(75) പുസ്തകത്തിന്റെ ആദ്യ അധ്യായം തുടങ്ങുന്നതു തന്നെ ‘ശാസ്ത്രീയമായി ദൈവത്തെ വീണ്ടും കണ്ടെത്തുന്നു’ (The scientific rediscovery of God) എന്ന തലക്കെട്ടിലാണ്. ശാസ്ത്രലോകം മൂന്നു പിടി വാരിയിട്ട സിദ്ധാന്ത ങ്ങളെ ഇന്നും കുട്ടികളെ പഠിപ്പിക്കുന്നതില്‍ അടങ്ങിയിരിക്കുന്ന യുക്തിയെന്താണ്? അന്ധമായ മതവിരോധം മാത്രമാണോ മതേതര സമൂഹ ത്തെ മുന്നോട്ടു നയിക്കുന്നത്? ഭൗതികവാദ ദര്‍ശനങ്ങളില്‍ യാതൊരു വിശ്വാസവും പുലര്‍ത്താത്തവരുടെ മക്കളും പൊതുവിദ്യാല യങ്ങളിലായാലുംസ്വകാര്യ വിദ്യാലയങ്ങളിലായാലും ഇവ പഠിച്ചിട്ടല്ലാതെ ഭാവിയില്‍ ഒരു തൊഴില്‍ മേഖല കണ്ടെത്താന്‍ സാധ്യമാകാത്ത രൂപത്തില്‍ വിദ്യാഭ്യാസ സമ്പ്രദായ രീതിയെ രൂപകല്‍പന ചെയ്തിരിക്കുന്നത് എങ്ങനെയാണ് നീതികരിക്കാനാവുക? സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കുന്ന പടിഞ്ഞാറന്‍ ചിന്തകളിലധിഷ്ഠിതമായ ധാര്‍മിക പഠനങ്ങള്‍ കുട്ടികളെ സ്വയം നന്മ കണ്ടെത്തുക എന്ന വഴികേടിലേക്കും സ്വതന്ത്ര ലൈംഗികതയുടെ ലോകത്തിലേക്കുമല്ലേ വഴി നടത്തുക? മതധാര്‍മികതക്കെതിരായ ധാര്‍മിക വിദ്യാഭ്യാസം മതേതരത്വത്തിന്റെ പേരില്‍ നല്‍കപ്പെടുന്നതിനെ എങ്ങനെയാണ് സാധൂകരിക്കാനാവുക? സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന് ആവശ്യമാണെന്നത് പോലെത്തന്നെ, ശക്തമായ ആശയാടിത്തറയുള്ള മതധാര്‍മികനിയമങ്ങള്‍ പാലിക്കേണ്ടത് സാമൂഹിക സാംസ്‌കാരിക സന്തുലിതാവസ്ഥക്ക് അത്യന്താപേക്ഷിതമണെന്ന് നാം സൗകര്യപൂര്‍വം വിസ്മരിച്ചുപോകുന്നത് ആര്‍ക്കുവേ ണ്ടിയാണ്? ഒരുകാലത്ത് മതത്തില്‍ നിന്നും മതപഠനങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ശാസ്ത്രം, മതമില്ലാത്തവരുടെ കൈകളിലെത്തിയപ്പോള്‍ മതനിരാസവും ശാസ്ത്രവും ചേര്‍ന്ന് ഭൗതികവാദ ദര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും അവര്‍ വിദ്യാഭ്യാസ രംഗത്ത് നിന്നടക്കം മതത്തെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിക്കുകയും ചെയ്തുവെന്ന വസ്തുതകള്‍ ഒരു മാരകമായ വിരോധാഭാസ പ്രക്രിയയായി ഇന്നും ലോകത്ത് അവശേഷിക്കുന്നു.

കുറിപ്പുകള്‍
1. Levi Seeley, ‘History of Education’, Revised edition, American Book Company (1904), p – 79
2. Ibid, 58
3. Ellwood P. Cubberley, A brief history of education; a history of the practice and progress and organization of education, Houghton Mifflin Company, (1922) 8
4. Ibid, 88-90
5. പൗരവിദ്യാഭ്യാസം, പ്ലാറ്റോ, വിദ്യാഭ്യാസ ചിന്തകള്‍, edited by ഡോ. Akokv, Olive books, Calicut (2013). 29.
6. Charles C. Bayer, Story of education, Charles Scribner’s Sons. (1919), 58.
7. Ellwood P. Cubberley, op. cit, 15
8. Ibid
9. Ibid, 16
10. Ibid, 23
11. Charles C. Bayer, op. cit, 9
12. Levi Seeley, op. cit, 32
13. Charles C. Bayer, op. cit, 22
14. Ellwood P. Cubberley, op. cit, 30
15. Ibid, 36
16. Ibid, 46
17. Charles C. Bayer, op. cit, 14
18. Ibid, 28
19. Levi Seeley, op. cit, 38
20. Maity, S.K, Cultural heritage of ancient India, Abhinav Publications/Kaveri Books, New Delhi, (1983), 62
21. Robert G. Hoyland: Arabia and the Arabs: From the Bronze Age to the Coming of Islam, Taylor & Francis e-Library, (2002), 211-222
22. Qur’an 96:1
23. Ellwood P. Cubberley, op. cit, 96
24. Ibid
25. Ibid
26. Ibid, 97
27. Ibid
28. Ibid
29. Ibid
30. Ibid, 94
31. Charles Burnett: The Introduction of Arabic Learning into British Schools; The Introduction of Arabic Philosophy into Europe. edited by Charles E. Butterworth and Blake Andrée Kessel. E.T Brill, Netherlands (1994), 40
32. Josep Puig: The Transmission and Reception of Arabic Philosophy in Christian Spain (until AD 1200); The Introduction of Arabic Philosophy into Europe. 7
33. W. W. Rouse Ball, A Short Account of the History of Mathematics, Dover Publications, INC, NewYork (1908), 165
34. Ibid, 166 – 181
35. Ibid, 141
36. https://www.britannica.com/topic/
37. Isaac Newton, A short Schem of the true Religion’. https://www.newtonproject.ox.ac.uk/view/texts/normalized/THEM00007
38. Ibid
39. Luca Famesu, The Problem of Theodicy, edited by Knud Haakonssen, The Cambridge History of Eighteenth-Century Philosophy Vol II, Cambridge University Press, (2006), 766.
40. Ibid
41. David Fate and Manfred Kuehn, David Hume and the Two-Foundations Theory, The Cambridge History of Eighteenth-Century Philosophy Vol II, Cambridge University Press, (2006), 962 – 965
42. Ibid
43. https://plato.stanford.edu/entries/voltaire/
44. Luca Famesu, op.cit, 761, 762
45. George H. Smith, Freethought and Freedom, Jean Meslier, https://www.libertarianism.org/columns/freethought-freedom-jean-meslier
46. Simone de Beauvoir, Religion and society, The Cambridge History of Eighteenth-Century Philosophy Vol II, Cambridge University Press, (2006), 801
47. Ibid
48. https://plato.stanford.edu/entries/smith-moral-political/#Aca
49. www.industrialrevolutionresearch.com/industrial_revolution_classes_of_people.php
50. Ludwig Feuerbach: The Essence of Christianity: Translated From the Second German Edition by Marion Evans, Trübner and Co., London, (1881), 203.
51. https://plato.stanford.edu/entries/Ludwig Feuerbach/#Late theo Reli
52. Robert Fine, An Unfinished Project: Marx’s Critique of Hegel’s Philosophy of Right, Karl Marx and Contemporary Philosophy. edited by Andrew Chitty and Martin McIvor, Palgrave Macmillan, 106.
53. Andrew Chitty, Species-being and capital. Karl Marx and contemporary philosophy, 131.
54. Martin McIvor, Marx’s Philosophical Modernism: Post-Kantian Foundations of Historical Materialism, Karl Marx and contemporary philosophy, 42.
55. Terrell Carver, Marxism and Feminism: Living with Your ‘Ex’. Karl Marx and contemporary philosophy, 258
56. Andrew Chitty, op.cit, 126
57. Adolphe S. Headingley, The Biography of Charles Bradlaugh, Remington & Co, 133, New band street W, (1880), 234-249
58. Charles Darwin, The Descent of Man, and Selection in Relation to Sex, Princeton University Press, New Jersey, (1921), 104-106.
59. Ralph B. Gehring. John Dewey’s Substitute for religion, Philippine Studies vol. 4, No. 1 (1956), 41-56
60. Ibid
61. www.gouvernement.fr/en/secularism-and-religious-freedom
62. Nietzsche, The Gay Science, Cambridge Texts in the History of Philosophy, Edited by Bernard Williams, Cambridge University Press (2008), 120.
63. John S Denker, The Quantum God: Why Our Grandchildren Won’t Know Atheism, Universe, NewYork, 2010, 5-15
64. Bertrand Russell, Marriage and morals, Liveright Publishing Corporation. NewYork (1929), 46
65. The Bertrand Russell Litigation,’ University of Chicago Law Review 316-325. https://www.chicagounbound.uchicago.edu/cgi/viewcontent.cgi?article=1851&context=uclrev                                                                                                                                                                                                                                                66. Simone de Beauvoir, The second sex, Vintage Books, New York, (2010), 396-399
67. Ibid, 441-443
68. William T. Cavanaugh, The Myth of Religious Violence: Secular Ideology and the Roots of Modern Conflict. Oxford University Press, (2009), 4
69. Ibid, 6
70. John M. Hull, University of Birmingham, The Contribution of Religious Education to Religious Freedom: A Global Perspective.Religious Education in Schools: Ideas and Experiences from around the World, by International Association for Religious Freedom -IARF (2002), 5
71. ibid, 5-8
72. ibid, 9
73. Religion in the public- school curriculum, Johnny, published in the U.S, 90.
74. Paul Davies and John Gribbin, The Matter Myth: Dramatic Discoveries that Challenge Our Understanding of Physical Reality, Simon & Schuster, Paperback, NewYork (2007), 12-29.
75. Amit Goswami, God Is Not Dead: What Quantum Physics Tells Us about Our Origins and How We Should Live, Jaico Publishing House, Mumbai. (2011)

print

No comments yet.

Leave a comment

Your email address will not be published.