വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ് -4

//വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ് -4
//വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ് -4
ആനുകാലികം

വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ് -4

Print Now
അഴിച്ചെറിയുക, ചരക്കാക്കിത്തീർക്കുന്ന ഉടയാടകളെ…

2019 ഫെബ്രുവരി 28 വ്യാഴാഴ്ച ഗ്രീസിലെ ഏതെൻസിൽ വെച്ച് നടന്ന “കുട്ടിയുടെ പുഞ്ചിരി; കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്‌ട്ര സമ്മേളനം” (“The Smile of the Child” International Conference Against Sexual Abuse of Children) ബാലന്മാർക്കും ബാലികമാർക്കുമെതിരെ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും അവ ഇല്ലാതാക്കാൻ പരമാവധി പരിശ്രമിക്കണമെന്ന് അന്താരാഷ്ട്രസമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തുവെന്നല്ലാതെ ഇവ്വിഷയകമായ കാര്യമാത്രപ്രസക്തങ്ങളായ ചുവടുവെപ്പുകളൊന്നും വെക്കാനാവാതെ പിരിയുകയാണ് ചെയ്തത്. ഗ്രീസിലെ ആറ് കുട്ടികളിൽ ഒരാൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് സമ്മേളനം വിലയിരുത്തി. പതിമൂന്നു പേരിൽ ഒരാൾ ശാരീരികമായ അതിക്രമത്തിന് വിധേയമാക്കുന്നുണ്ട്. മുപ്പതു പേരിൽ ഒരു കുട്ടി ബലാൽസംഗം ചെയ്യപ്പെടുന്നുണ്ട്. ലോകത്തെങ്ങുമുള്ള നാല് പേരിൽ ഒരാളെങ്കിലും തങ്ങൾ കുട്ടിയായിരിക്കുമ്പോൾ ലൈംഗികാതിക്രമത്തിന് വിധേയമായിട്ടുണ്ടെന്ന ലോകാരോഗ്യസംഘടനയുടെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രീസിന് സമാധാനത്തിന് വകയുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ എൺപത് ശതമാനവും നടക്കുന്നത് കുടുംബക്കാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ആണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. (The National Heralad, 28. 02. 2019) നമ്മുടെ സമൂഹത്തിലും ബാലന്മാർക്കെതിരെയുള്ള ഇത്തരം പീഡനങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട് എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. വാളയാറിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതുകൊണ്ട് അത് ലോകമറിഞ്ഞുവെന്നു മാത്രമേയുള്ളൂ.

കുട്ടികളുടെ ഓംബുഡ്‌സ്‌മൻ എന്ന സ്വീഡിഷ്‌ സ്ഥാപനം 1996 ൽ നടത്തിയ ഒരു പഠനപ്രകാരം ബാലവേശ്യാവൃത്തിക്കുള്ള പ്രമുഖ കാരണങ്ങളിൽ ഒന്ന്‌ ലൈംഗിക വിനോദസഞ്ചാരമാണ്. അവരുടെ റിപ്പോർട്ടിലുള്ളത് ബാലവേശ്യാവൃത്തിയിൽ കഴിഞ്ഞ പത്തു വർഷമായി ഉണ്ടായിട്ടുള്ള അവിശ്വസനീയമായ അതിപ്രസരം ഈ വിനോദസഞ്ചാര ബിസിനസിന്റെ നേരിട്ടുള്ള ഫലമാണെന്നാണ്. വികസ്വര രാഷ്‌ട്രങ്ങൾ നൽകുന്ന ഏറ്റവും പുതിയ വിനോദസഞ്ചാര ആകർഷണമായിത്തീർന്നിരിക്കുന്നു ബാലവേശ്യാവൃത്തി. യൂറോപ്പ്‌, ഐക്യനാടുകൾ, ജപ്പാൻ, മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള “ലൈംഗിക വിനോദയാത്രകൾ” ലോകത്തുടനീളം ബാലവേശ്യകളുടെ ഡിമാൻറ്‌ വർധിപ്പിക്കുന്നു. ലൈംഗിക വിനോദയാത്രകൾക്കു പ്രചാരമേകാൻ തികച്ചും ലൈംഗികാസക്തി ജനിപ്പിക്കുന്ന രീതിയിൽ നിൽക്കുന്ന ഒരു കുട്ടിയുടെ കാർട്ടൂൺ ചിത്രം യൂറോപ്പിലെ ഒരു എയർലൈൻസ്‌ കമ്പനി ഉപയോഗിക്കുകയുണ്ടായി. വർഷംതോറും ആയിരങ്ങൾക്കു ട്രാവൽ ഏജൻസികൾ ലൈംഗിക വിനോദയാത്രകൾ ക്രമീകരിക്കുന്നു. പുതിയ സാങ്കേതികവിദ്യകളിലൂടെ ബാലലൈംഗിക വ്യവസായത്തിനു നൽകുന്ന അന്തർദേശീയ പ്രോത്സാഹനം അതിന്റെ കാരണങ്ങളുടെ നീണ്ട പട്ടികയിലൊന്നാണ്‌. ഇൻറർനെറ്റും മറ്റു ബന്ധപ്പെട്ട കമ്പ്യൂട്ടർ സാങ്കേതികവിദ്യകളും അശ്ലീലത്തിന്റെ ഏറ്റവും വലിയ ഉറവിടമാണ്” (Amy H.L. Shee: Legal Protection of Children Against Sexual Exploitation in Taiwan: Socio-legal Perspective, 1st Edition, 1998, Page 195)

എല്ലായിടത്തും അതിവേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യത്തകർച്ച; സ്വാർഥതയുടെയും ഭൗതിക കാര്യങ്ങളോടുള്ള തൃഷ്‌ണയുടെയും വർധനവ്‌; ആളുകളെ അനീതിയിൽനിന്നു സംരക്ഷിക്കാനുദ്ദേശിച്ചുള്ള നിയമങ്ങളോടുള്ള വർധിച്ചുവരുന്ന അനാദരവ്‌; മറ്റുള്ളവരുടെ ക്ഷേമം, അന്തസ്സ്‌, ജീവൻ എന്നിവയോടുള്ള ആദരവില്ലായ്‌മ; കുടുംബക്രമീകരണത്തിന്റെ ദ്രുതഗതിയിലുള്ള തകർച്ച; ജനപ്പെരുപ്പം, തൊഴിലില്ലായ്‌മ, നഗരവത്‌കരണം, കുടിയേറ്റം എന്നിവ മൂലമുണ്ടാകുന്ന വ്യാപകമായ ദാരിദ്ര്യം; വിദേശികൾക്കും അഭയാർഥികൾക്കുമെതിരെ വർധിച്ചുവരുന്ന വർഗീയത; മയക്കുമരുന്നുകൾ ഉത്‌പാദിപ്പിക്കുന്നതിലും കടത്തിക്കൊണ്ടുപോകുന്നതിലുമുള്ള നിരന്തര വർധനവ്‌; വികലമായ മതവീക്ഷണങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ തുടങ്ങിയവയെല്ലാമാണ് വർധിച്ചുവരുന്ന ബാലപീഡനത്തിന്റെ കാരണങ്ങളായി ഏതെൻസ് സമ്മേളനം വിലയിരുത്തുന്നത്. പെണ്ണുടലിനെ ചരക്കായി മനസ്സിലാക്കുകയും വിറ്റഴിക്കുകയും ചെയ്യുന്ന മുതലാളിത്തസമൂഹത്തിന്റെ സ്വാഭാവികമായ പ്രതിഫലനങ്ങളാണ് ബാലശരീരത്തിനായുള്ള ആസക്തിയായി മാറുന്നതെന്ന സത്യം അംഗീകരിക്കുവാൻ അതിന്റെ തന്നെ സൈദ്ധാന്തികർക്കും പ്രയോക്താക്കൾക്കും കഴിയുന്നതെങ്ങനെ? ഇത്തരത്തിലുള്ള ആയിരം സമ്മേളനങ്ങൾ കഴിഞ്ഞാലും ഇന്ത്യയെപ്പോലെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ വാളയാറുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും; പെണ്ണുടൽ വിപണിയുടെ സ്വാഭാവവികത മാത്രമായി ബാലപീഡനങ്ങളെ കാണാനും പ്രസ്തുത വിപണിയെ ആമൂലാഗ്രം നശിപ്പിക്കുവാനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ മാർഗങ്ങൾ നിർധരിക്കപ്പെടുകയും ചെയ്യാതെ ബാലപീഡനവും ബാലരതിയും അവസാനിപ്പിക്കുവാനാവുകയില്ല.

ലൈംഗികാകര്‍ഷണത്തിന്റെയും ലൈംഗികാതിക്രമത്തിന്റെയും ജീവശാസ്ത്രം കൂടി മനസ്സിലാക്കുമ്പോഴാണ് പെണ്ണിനെ ഒരു ‘ചരക്ക്’മാത്രമാക്കിത്തീര്‍ക്കുന്ന മുതലാളിത്തം എങ്ങനെയാണ് പെണ്‍പീഡനകഥകളിലെയും ബാലപീഡനകഥകളിലെയും വില്ലനായിത്തീരുന്നതെന്ന് നമുക്ക് കൃത്യമായി മനസ്സിലാവുക. ലൈംഗികാഭിനിവേശമുണ്ടാക്കുന്ന ഹോര്‍മോണാണ് ടെസ്‌റ്റോസ്‌റ്റെറോണ്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമെല്ലാം ലൈംഗികതാല്‍പര്യവും അഭിനിവേശവമുണ്ടാക്കുന്നത് ഇതേ ഹോര്‍മോണ്‍ തന്നെയാണ്. പുരുഷനില്‍ വൃഷണങ്ങളും സ്ത്രീയില്‍ അണ്ഡാശയങ്ങളുമാണ് ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്‍ശരീരം ഉത്പാദിപ്പിക്കുന്നതിന്റെ പത്തിരട്ടി ടെസ്റ്റോസ്റ്ററോണ്‍ ഒരു ആണ്‍ ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്. പുരുഷന്‍മാര്‍ക്ക് കൂടുതല്‍ ലൈംഗികാഭിനിവേശമുണ്ടാവുന്നത് ഇതുകൊണ്ടാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാഹ്യമായ ലൈംഗികസമ്മര്‍ദങ്ങളുണ്ടാവുമ്പോള്‍ തലച്ചോറിലെ ഹൈപ്പോതലാമസ്, ഗൊണാഡോട്രോപ്പിന്‍ റിലീസിംഗ് ഹോര്‍മോണ്‍ (GnRH) പിറ്റിയൂറ്ററി ഗ്രന്ഥിയിലേക്ക് അയക്കുന്നു. അപ്പോള്‍ പിറ്റിയൂട്ടറിയില്‍നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണിനെയും (FSH) ലൂറ്റിനൈസിംഗ് ഹോര്‍മോണിനെയും (LH) കൂടിയാണ് ഗൊണാഡോട്രോപ്പിനുകള്‍ എന്നു പറയുന്നത്. രക്തത്തിലേക്ക് കലരുന്ന (LH) വൃക്ഷണത്തിലെത്തുകയും അപ്പോള്‍ ടെസ്‌റ്റോസ്റ്ററോണ്‍ ഉത്പാദനം നടക്കുകയും ചെയ്യുന്നു. ഇത് ലിംഗത്തെ ഉദ്ധരിക്കുകയും അതില്‍നിന്ന് കൗപേഴ്‌സ് സ്രവം പുറത്തുവരുന്നതിന് നിമിത്തമാവുകയും ചെയ്യുന്നു. ടെസ്റ്റോസ്റ്ററോണ്‍ ഉത്പാദനം അതിന്റെ പാരമ്യത്തിലെത്തിയാല്‍ പിറ്റിയൂട്ടറി ഗ്രന്ഥി (LH) ഉത്പാദനം നിര്‍ത്തുകയും ലൈംഗികബന്ധം നടക്കുന്നതുവരെ രക്തത്തിലെ ടെസ്റ്റോസ്റ്ററോണ്‍ തോത് നിലനിര്‍ത്തുകയും ചെയ്യുന്നു. (LH) നോടൊപ്പം ഉത്പാദിപ്പിക്കപ്പെട്ട FSH ഇതേസമയം തന്നെ വൃഷണത്തിലെത്തി ശുക്ലോത്പാദനത്തെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. ടെസ്റ്റോസ്റ്ററോണ്‍ ഉത്പാദിപ്പിക്കുന്ന ഡോപമിൻ എന്ന രാസവസ്തു ലൈംഗികാഭിനിവേശവും സുഖവും പ്രദാനം ചെയ്യുന്നതിന് നിമിത്തമാകുന്നത്. രതിമൂര്‍ഛയിലെത്തി ലൈംഗികബന്ധം അവസാനിക്കുന്നതോടുകൂടി മാത്രമാണ് ഡോപമിന്‍ അളവു കുറയുകയും ലിംഗം പൂര്‍വാവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യുന്നത്. (Michael R. Libowitz, M.D: The chemistry of Love, Berkely, 1995. Page 80-86.)

ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുകയും രതിമൂര്‍ഛ സംഭവിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഡോപമിന്‍ അളവു കുറയാതെതന്നെ ശരീരത്തില്‍ നിലനില്‍ക്കുകയും ടെസ്റ്റോസ്റ്ററോണ്‍ ഉപയോഗിക്കപ്പെടാതെ അവശേഷിക്കുകയും ചെയ്യുക സ്വാഭാവികമാണ്. ലൈംഗികതയുടെ അതിപ്രസരം നിലനില്‍ക്കുന്ന ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍ പുരുഷ ശരീരത്തില്‍ ടെസ്റ്റോസ്റ്ററോണ്‍ ഉത്പാദനം തകൃതിയായി നടക്കുകയും എന്നാല്‍ അതിന്റെ പ്രകൃതിപരമായ ഉപഭോഗം സംഭവിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കാത്ത സ്ഥിതിയുമാണുള്ളത്. പുരുഷശരീരത്തില്‍ ടെസ്റ്റോസ്റ്ററോണ്‍ അടിഞ്ഞുകൂടുകയാണ് ലൈംഗികാതിപ്രസരത്തിന്റെ ഫലമെന്നര്‍ഥം.

ലൈംഗികാഭിനിവേശം സൃഷ്ടിക്കുന്നതോടൊപ്പം തന്നെ കുറ്റവാസനക്കും നിമിത്തമാകുന്നത് ടെസ്റ്റോസ്റ്ററോണ്‍ ഹോര്‍മോണിന്റെ സാന്നിധ്യം മൂലമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.(Agression in Man: Hormone Levels are a Key, The Newyork Times, July 17, 1990) എന്തുകൊണ്ടാണ് പുരുഷന്‍മാരില്‍ കുറ്റവാസന കൂടുതലെന്ന ചോദ്യത്തിന് സ്ത്രീകളുടേതിനേക്കാല്‍ പത്തിരട്ടി ടെസ്റ്റോസ്റ്ററോണ്‍ ഉത്പാദനം പുരുഷന്‍മാരില്‍ നടക്കുന്നുണ്ടെന്നതും അത് പലപ്പോഴും ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല എന്നതുമാണ് ഉത്തരമായി അന്തസ്രാവ വ്യവസ്ഥാ വിദഗ്ധന്‍മാര്‍ പറയുക. ലൈംഗികദൃശ്യങ്ങളും എതിര്‍ലിംഗ സാമീപ്യവും വ്യാപകമായിട്ടുള്ള മുതലാളിത്ത കാലത്ത് പെണ്ണിനുനേരെയുള്ള അതിക്രമങ്ങള്‍ എന്തുകൊണ്ട് വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്ന ചോദ്യത്തിനുള്ള ജീവശാസ്ത്രപരമായ ഉത്തരം ഇതുതന്നെയാണ്. ടെസ്റ്റോസ്റ്ററോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടാനുള്ള മുഴുവന്‍ സാഹചര്യവും നിലനില്‍ക്കുകയും അത് നിയതമായ രീതിയില്‍ ഉപയോഗിക്കപ്പെടാതെ അടിഞ്ഞുകൂടുകയും ചെയ്യുന്നത് പുരുഷന്‍മാരെ അതിക്രമകാരികളാക്കുന്നതിന് കാരണമായി ഭവിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം മറച്ചുവച്ചുകൊണ്ട് നടത്തുന്ന സ്ത്രീപീഡന പരിഹാര പരിശ്രമങ്ങളൊന്നും വിജയിക്കുകയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.

സ്ത്രീയുടെ അര്‍ധനഗ്നതക്ക് പുരുഷനെ പ്രലോഭിപ്പിക്കുകയും അതിക്രമകാരിയാക്കിത്തീര്‍ക്കുകയും ചെയ്യുന്നതില്‍ ഗണ്യമായ പങ്കുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ ആണ്‍കോയ്മയുടെ വക്താക്കളും ഇരകള്‍ക്കെതിരെ വേട്ടക്കാരെ സഹായിക്കുന്നവരുമായി ചിത്രീകരിക്കുന്നതിന് പകരം ആ പറയുന്നതില്‍ വസ്തുതയെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കാനും ഉണ്ടെങ്കില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്യുവാനാണ് പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നവര്‍ സന്നദ്ധമാകേണ്ടത്. ബാഹ്യമായ ലൈംഗിക സമ്മര്‍ദങ്ങളാണ് പുരുഷ മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസിനെ ടെസ്‌റ്റോസ്റ്ററോണ്‍ ഉത്പാദിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പ്രേരിപ്പിക്കുന്നതെന്ന് പറഞ്ഞുവല്ലോ. കണ്ണ്, കാത്, നാവ്, മൂക്ക്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് ബാഹ്യലോകത്തെക്കുറിച്ച് തലച്ചോറ് അറിയുന്നത്. പുരുഷന് ലൈംഗികമായ ആഗ്രഹം ജനപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒന്നാമത്തെ ഇന്ദ്രിയം കണ്ണാണ്. സ്ത്രീ സൗന്ദര്യത്തിന്റെ കാഴ്ച വഴി മാത്രം തന്നെ പുരുഷ ശരീരത്തില്‍ ടെസ്റ്റോസ്റ്ററോണ്‍ ഉത്പാദിപ്പിക്കപ്പെടുകയും ലിംഗോദ്ധാരണം സംഭവിക്കുകയും അതിൽനിന്ന് കൗപേഴ്‌സ് സ്രവം പുറത്തുവരികയുമെല്ലാം ചെയ്യും.

പുരുഷനെ പ്രലോഭിപ്പിക്കുന്ന പ്രധാനപ്പെട്ട കേന്ദ്രം കണ്ണാണെങ്കില്‍ ഇതിനുസമാനമായ സ്ത്രീയുടെ കേന്ദ്രങ്ങള്‍ കാതും ത്വക്കുമാണ്. തനിക്ക് ഇഷ്ടപ്പെട്ടയാളുടെ ശൃംഗാരം കേള്‍ക്കുകയും സ്പര്‍ശമേല്‍ക്കുകയും ചെയ്യുമ്പോഴാണ് സ്ത്രീശരീരത്തില്‍ പുരുഷന് സ്ത്രീ സൗന്ദര്യം കാണുമ്പോഴുണ്ടാവുന്നതിന് സമാനമായ മാറ്റങ്ങളുണ്ടാവുന്നത്. സ്ത്രീനഗ്നതയും അര്‍ധനഗ്നതയുമെല്ലാം നോക്കുന്നിടങ്ങളിലെല്ലാമുള്ള മുതലാളിത്ത സാമൂഹ്യക്രമത്തില്‍ പുരുഷന്‍ അക്രമിയായിത്തീരുന്നുവെങ്കില്‍ അതിന്ന് ശിക്ഷിക്കേണ്ടത് അവരെ മാത്രമല്ലെന്നും അതിന്ന് അവനെ പ്രേരിപ്പിക്കുന്ന സാമൂഹ്യക്രമത്തെക്കൂടിയാണെന്നും പറയുന്നത് എങ്ങനെയാണ് വേട്ടക്കാരനുവേണ്ടിയുള്ള വേദാന്തമായിത്തീരുന്നത്.

വസ്ത്രധാരണത്തെയും ധാര്‍മികതയെയും സംബന്ധിച്ച ഇസ്‌ലാമിക നിയമങ്ങളെല്ലാം കാലഹരണപ്പെട്ടതാണെന്ന് സമര്‍ഥിക്കാന്‍ പരിശ്രമിച്ച് പ്രയാസപ്പെടുന്നവര്‍ പോലും വസ്ത്രധാരണത്തിലെ മാന്യതയെപ്പറ്റി സംസാരിക്കുന്നതിലെത്തിയിരിക്കുന്ന സാഹചര്യത്തിലും, ഇസ്‌ലാമിക വസ്ത്രധാരണത്തെ അപഹസിക്കാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് മുതലാളിത്ത മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായ പൊതുസമൂഹത്തിന്റെ കയ്യടി നേടാന്‍ ശ്രമിക്കുന്ന ചില മതേതര ബുദ്ധിജീവികളുണ്ട്. അവര്‍ക്ക് അരോചകമായി തോന്നാമെങ്കിലും, വസ്ത്രധാരണത്തിലെ മാന്യത തന്നെയാണ് സ്ത്രീപീഡനങ്ങള്‍ ഇല്ലാതെയാക്കുന്നതിന്റെ പ്രാഥമികപടിയെന്ന വസ്തുത ഉറക്കെ പറയേണ്ട സമയം തന്നെയാണിത്.

സ്ത്രീയെ ചരക്കായി ആപതിപ്പിക്കുന്ന സംസ്‌കാരത്തോട്, അതിന്ന് എന്ത് പേരിട്ട് വിളിച്ചാലും തന്റെ വസ്ത്രംകൊണ്ട് തന്നെ കലഹിക്കുന്നവളാകണം മുസ്‌ലിം സ്ത്രീയെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. മുഖവും മുന്‍കയ്യും മാത്രം പുറത്ത് കാണുന്ന അയഞ്ഞ വസ്ത്രം ധരിച്ച് ഞാനൊരു ‘ചരക്ക’ല്ലെന്നും സര്‍വശക്തന്റെ വിനീതയായ ദാസിയാണെന്നും വിളിച്ചുപറയുകയും എത്രതന്നെ പ്രലോഭിപ്പിക്കപ്പെട്ടാലും മുതലാളിത്തത്തിന്റെ കെണിയിലകപ്പെടാതിരിക്കാന്‍ ദൈവികനിയമങ്ങളുടെ പരിചയുപയോഗിച്ച് താന്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് വസ്ത്രധാരണത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്യുന്നവളാണ് മുസ്‌ലിം സ്ത്രീ. ഹിജാബ് ധരിക്കാനുള്ള ക്വുര്‍ആനിക കല്‍പനയില്‍ ആദ്യം പറയുന്നത് ‘അവള്‍ തിരിച്ചറിയപ്പെടാന്‍ അതാണുത്തമം’ എന്നാണെന്ന കാര്യം ശ്രദ്ധേയമാണ്. കാമഭ്രാന്തന്‍മാര്‍ക്ക് കടിച്ചുകീറാനോ പൂവാലന്‍മാര്‍ക്ക് സ്പര്‍ശരോഗം ശമിപ്പിക്കാനോ കച്ചവടക്കാര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനോ ഉള്ള കേവല വസ്തുവല്ല താനെന്നും അല്ലാഹുവിന്റെ നിയമങ്ങളുടെ ശീതളിമയില്‍ അവന്‍ അനുവദിച്ച സ്വാതന്ത്ര്യം ആസ്വദിച്ചും അനുഭവിച്ചും കഴിയുന്ന വിനീതയായ ദൈവദാസിയാണ് താനെന്നും തിരിച്ചറിയാന്‍ നിമിത്തമാവുമെന്നതാണ് മുസ്‌ലിം സ്ത്രീയുടെ വസ്ത്രമെന്നര്‍ഥം.

എന്തിനാണ് ഇസ്‌ലാമികമായ വസ്ത്രധാരണമെന്ന ചോദ്യത്തിന് ക്വുര്‍ആന്‍ നല്‍കുന്ന രണ്ടാമത്തെ മറുപടി ‘അവള്‍ അക്രമിക്കപ്പെടാതിരിക്കാന്‍’ എന്നാണ്. പുരുഷനെ പ്രലോഭിപ്പിക്കുന്ന വസ്ത്രങ്ങള്‍ അവനെ അക്രമകാരിയാക്കിത്തീര്‍ക്കാമെന്ന് പഠനങ്ങള്‍ സ്ഥിരീകരിച്ച ഇന്നും ഈ ക്വുര്‍ആനിക നിര്‍ദേശത്തെ കളിയാക്കുന്നവരുണ്ട്. ലൈംഗിക മനഃശാസ്ത്രത്തെയും ലൈംഗികതയുടെ രസതന്ത്രത്തെയും കുറിച്ച് രണ്ടായിരാമാണ്ടിനുശേഷം എഴുതപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളേതെങ്കിലും വായിക്കണമെന്നു മാത്രമാണ് അത്തരക്കാരോട് നമുക്ക് വിനീതമായി അഭ്യര്‍ഥിക്കാനുള്ളത്. ഈ ക്വുര്‍ആന്‍ കല്‍പനയെ ബലപ്പെടുത്തുന്നതാണ് പുതിയ പഠനങ്ങളെല്ലാം എന്ന വസ്തുതയെ നിഷേധിക്കാന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കാണ് കഴിയുക? അല്ലാഹു പറയുന്നു: “നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (ക്വുര്‍ആന്‍ 33:59)

സ്ത്രീസൗന്ദര്യം അന്യര്‍ക്ക് ആസ്വദിക്കുവാനോ ആസ്വദിപ്പിക്കുവാനോ വേണ്ടിയുള്ളതല്ലെന്നാണ് ഇസ്‌ലാമിന്റെ നിലപാട്. സൗന്ദര്യമുപയോഗിച്ചുകൊണ്ടുള്ള മാര്‍ക്കറ്റിംഗ് അതുകൊണ്ട് ഇസ്‌ലാം അനുവദിക്കുന്നില്ല. “(നബിയേ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (ക്വുര്‍ആന്‍ 24: 30,31)

അന്യപുരുഷന്‍മാരെ ആകര്‍ഷിക്കുന്നതിനു വേണ്ടിയുള്ള എല്ലാ വസ്ത്രാലങ്കാരങ്ങളും ഉടയാടകളും ശൃംഗാരങ്ങളുമെല്ലാം ഇസ്‌ലാം നിരോധിച്ചു. പ്രവാചകപത്‌നിമാരോടായി ക്വുര്‍ആന്‍ കല്‍പിക്കുന്ന കാര്യങ്ങള്‍ എല്ലാ വിശ്വാസിനികള്‍ക്കും ബാധകമാണ്. “പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.” (ക്വുര്‍ആന്‍ 33: 32,33)

വ്യഭിചാരത്തെ മഹാപാതകമായാണ് ഇസ്‌ലാം കാണുന്നത്. സത്യവിശ്വാസികളുടെ സ്വഭാവത്തെകുറിച്ച് പരാമര്‍ശിക്കവെ ക്വുര്‍ആന്‍ പറയുന്നു: “അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.” (ക്വുര്‍ആന്‍ 25: 68)

ഇബ്‌നു മസ്ഊദ് (റ) നിവേദനം. ഞാന്‍ നബി(സ)യോട് ചോദിച്ചു: ഏതാണ് ഏറ്റവും വലിയ പാപം? അവിടുന്ന് പറഞ്ഞു: നിന്നെ സൃഷ്ടിച്ച രക്ഷിതാവിന് നീ സമന്മാരെയുണ്ടാക്കല്‍. ഞാന്‍ വീണ്ടും ചോദിച്ചു, പിന്നെയോ? അവിടുന്ന് പറഞ്ഞു: നിന്റെ കൂടെ ഭക്ഷണം കഴിക്കുമെന്ന ഭയത്താല്‍ നീ നിന്റെ സന്താനത്തെ വധിക്കല്‍. ഞാന്‍ വീണ്ടും ചോദിച്ചു. പിന്നെയോ? അവിടുന്ന് പറഞ്ഞു: നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ നീ വ്യഭിചരിക്കല്‍. (ബുഖാരി, മുസ്‌ലിം)
ജാബിര്‍ ബ്‌നു സമുറ (റ) നിവേദനം ചെയ്യുന്ന ദീര്‍ഘമായ ഹദീഥില്‍ ഇങ്ങനെ കാണാവുന്നതാണ്… അങ്ങിനെ ഞങ്ങള്‍ അടുപ്പു പോലെയുള്ള ഒരു സാധനത്തിന്റെയടുത്തെത്തി. അതിനകത്തു നിന്ന് നിലവിളികളും ശബ്ദ കോലാഹങ്ങളും കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ അതിലേക്ക് നോക്കി അതില്‍ നിറയെ നഗ്നരായ സ്ത്രീ പുരുഷന്മാരായിരുന്നു. താഴ്ഭാഗത്തു നിന്ന് വരുന്ന തീജ്ജ്വാലകള്‍ അവരെ കരിക്കുമ്പോള്‍ അവര്‍ അട്ടഹസിച്ച് നിലവിളിക്കുമായിരുന്നു. ഞാന്‍ ചോദിച്ചു ഇവരാരാണ്? അവര്‍ നബി(സ)യോട് മുന്നോട്ട് നടക്കുവാന്‍ പറഞ്ഞു… അവസാനം അവര്‍ നബി(സ)യോട് എല്ലാം വിശദീകരിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു: അടുപ്പു പോലെയുള്ള തീ കുണ്ഠാരത്തില്‍ കണ്ട സ്ത്രീ പുരുഷന്മാര്‍ വ്യഭിചാരികളും വ്യഭിചാരിണികളുമാണ്. (ബുഖാരി, മുസ്‌ലിം)
വ്യഭിചാരത്തെകുറിച്ചു പറയുമ്പോള്‍ അതൊരു നീചവൃത്തിയും പൈശാചിക പ്രവര്‍ത്തനവുമാണെന്ന് വ്യക്തമാക്കുകയും അതിലേക്ക് അടുപ്പിക്കുന്ന യാതൊന്നും തന്നെ ചെയ്തു പോകരുതെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നുണ്ട്, ക്വുര്‍ആന്‍. “നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.” (ക്വുര്‍ആന്‍ 17: 32)

വ്യഭിചാരത്തിലേക്ക് പ്രലോഭിക്കുന്ന യാതൊരു വിധ പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാവരുതെന്ന് മുഹമ്മദ് നബി (സ)പ്രത്യേകം നിഷ്‌കര്‍ഷിച്ചു. അന്യസ്ത്രീപുരുഷന്‍മാര്‍ ഒറ്റയ്ക്കാകരുതെന്നും ഒറ്റയ്ക്ക് യാത്രചെയ്യരുതെന്നും ലൈംഗികവികാരത്തോടെ പരസ്പരം നോക്കരുതെന്നുമെല്ലാം ഉള്ള പ്രവാചക കല്‍പനകള്‍ ഈ ക്വുര്‍ആന്‍ വചനത്തെ എങ്ങനെ പ്രയോഗവല്‍ക്കരിക്കാമെന്നാണ് പഠിപ്പിക്കുന്നത്.

സര്‍വശക്തന്റെ വിധിവിലക്കുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ലൈംഗികതയെ ഉപയോഗിച്ച സദോം നിവാസികളെ നശിപ്പിച്ചതായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നു: “ലൂത്വിന്റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. അവര്‍ പറഞ്ഞു: ലൂത്വേ, നീ (ഇതില്‍ നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍ നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു. അദ്ദേഹം പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തേയും മുഴുവന്‍ നാം രക്ഷപ്പെടുത്തി. പിന്‍മാറി നിന്നവരില്‍ ഒരു കിഴവി ഒഴികെ. പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്തുകളഞ്ഞു. അവരുടെ മേല്‍ നാം ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്ര മോശം! തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.” (ക്വുര്‍ആന്‍ 26: 160-174)

“ലൂത്വിനെയും (ഓര്‍ക്കുക). അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തി ചെയ്യുകയാണോ? നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു. ലൂത്വിന്റെ അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക, അവര്‍ ശുദ്ധി പാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ. പിന്‍മാറി നിന്നവരുടെ കൂട്ടത്തിലാണ് നാം അവളെ കണക്കാക്കിയത്. അവരുടെ മേല്‍ നാം ഒരു മഴ വര്‍ഷിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്രമോശം!” (ക്വുര്‍ആന്‍ 27: 54-58)

“അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്‌മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളം വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍) അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല.” (ക്വുര്‍ആന്‍ 11: 82-83)

വ്യഭിചാരം സാര്‍വത്രികമാകുന്ന സമൂഹത്തിലുണ്ടാവുന്ന നാശത്തെകുറിച്ച് മുഹമ്മദ് നബി (സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എയ്ഡ്‌സിനെപ്പോലെയുള്ള രോഗങ്ങളുടെ വ്യാപനത്തില്‍ നിന്നുപോലും പാഠം പഠിച്ചിട്ടില്ലാത്ത മുതലാളിത്തം അതിന്റെ സ്വയംകൃത അനര്‍ഥങ്ങളാല്‍ തകര്‍ന്നുകൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സാമൂഹ്യധാര്‍മികത തന്നെ വഞ്ചനയിലും ലൈംഗികതയിലും അധിഷ്ഠിതമായിത്തീരുന്ന ഒരു സമൂഹത്തിനും ഏറെ നാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. സാമൂഹ്യധാര്‍മികതയുടെ തകര്‍ച്ച സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചക്ക് കാരണമായേക്കും. തിന്മയുടെ ആധിക്യം വഴി നശിപ്പിക്കപ്പെട്ടവരെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ക്വുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കുക.

“അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുന്നില്ലേ? അവര്‍ ഇവരേക്കാള്‍ കൂടുതല്‍ ശക്തിയുള്ളവരായിരുന്നു. അവര്‍ ഭൂമി ഉഴുതുമറിക്കുകയും, ഇവര്‍ അധിവാസമുറപ്പിച്ചതിനെക്കാള്‍ കൂടുതല്‍ അതില്‍ അധിവാസമുറപ്പിക്കുകയും ചെയ്തു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നാല്‍ അല്ലാഹു അവരോട് അക്രമം ചെയ്യുകയുണ്ടായിട്ടില്ല. പക്ഷെ, അവര്‍ തങ്ങളോട് തന്നെ അക്രമം ചെയ്യുകയായിരുന്നു. പിന്നീട്, ദുഷ്പ്രവൃത്തി ചെയ്തവരുടെ പര്യവസാനം ഏറ്റവും മോശമായിത്തീര്‍ന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും അവയെപ്പറ്റി അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്.
(ക്വുര്‍ആന്‍ 30: 9,10)

(തുടരും)

No comments yet.

Leave a comment

Your email address will not be published.