വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ്

//വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ്
//വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ്
ആനുകാലികം

വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ്

പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പട്ടിക ജാതിക്കാരും ദരിദ്രരുമായ രണ്ടു കൊച്ചു സഹോദരിമാര്‍ ലൈംഗിക പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ കോടതി വെറുതെവിട്ട നടപടിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 25നാണ് പാലക്കാട് പോക്‌സോ കോടതി മൂന്നു പ്രതികളെ കേസില്‍ തെളിവില്ലെന്നുകണ്ട് വെറുതെ വിട്ടയച്ചത്. നേരത്തെ മറ്റൊരു പ്രതിയെയും വെറുതെ വിട്ടിരുന്നു. മരിച്ച കുട്ടികളില്‍ ഒരാള്‍ മൊഴി നല്‍കുകയും കുട്ടികളുടെ മാതാവ് കുറ്റക്കാരെ കണ്ടെത്തിക്കൊടുക്കുകയും ചെയ്തിട്ടും ആത്മഹത്യയാക്കി പൊലീസ് കേസന്വേഷണം അട്ടിമറിച്ചുവെന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷവും പ്രോസിക്യൂഷന് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കുകയും സത്വരമായ നടപടികളെടുക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭരണപക്ഷവും ശബ്ദഘോഷങ്ങളുമായി രംഗത്തുണ്ട്. രാഷ്ട്രീയമായ തർക്കങ്ങൾക്കപ്പുറം, എന്തുകൊണ്ടാണ് ഇത്തരം പീഡനങ്ങളുണ്ടാവുന്നതെന്ന് ചിന്തിക്കുകയും അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യാനാണ് ഇത്തരം സന്ദർഭങ്ങളിൽ നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്നവർ സമയം കണ്ടെത്തേണ്ടത്.

2017 ജനുവരി പതിമൂന്നിനും മാര്‍ച്ച് നാലിനുമായാണ് രണ്ടുപെണ്‍കുട്ടികള്‍ അട്ടപ്പള്ളത്തുള്ള ഷീറ്റുമേഞ്ഞ പൊളിഞ്ഞുവീഴാറായ വീടിനകത്ത് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. ആദ്യകുട്ടിയുടെ പ്രായം പതിനൊന്നും രണ്ടാമത്തെ കുട്ടിയുടേത് എട്ടുമായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍നിന്ന് വന്നശേഷം വൈകീട്ട് തൂങ്ങിമരിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുട്ടികളെ ബന്ധുക്കൾ തന്നെയായ പ്രതികള്‍ ലൈംഗികാതിക്രമം നടത്തിയതായി മാതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടികള്‍ സ്‌കൂളിലും പരാതിപ്പെട്ടിരുന്നു. പതിനൊന്ന് വയസ്സ് മാത്രമുള്ള കുട്ടി ആത്മഹത്യചെയ്യുന്നത് അവിശ്വസനീയമാണെന്നു പറഞ്ഞുകൂടാ. എന്നാൽ അതിനുള്ള സാധ്യത എത്രത്തോളമാണെന്ന് പരിശോധിക്കപ്പെടണം.

പീഡനം സഹിക്കവയ്യാതെയാണ് കുട്ടികള്‍ ഇരുവരും ആത്മഹത്യചെയ്തതെന്നാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്. പതിനൊന്ന് വയസ്സുള്ള മൂത്ത കുട്ടി 2016 ഏപ്രിൽ മുതൽ 2017 ജനുവരിയിൽ മരിക്കും വരെ കുട്ടിയുടെ വീട്ടിലും വല്ല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വെച്ച് നിരന്തരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നിട്ടുണ്ടെന്നാണ് കുറ്റപത്രം പറയുന്നത്. കുട്ടിയുടെ മാതാവ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയും വിചാരണ വേളയില്‍ നല്‍കിയ സാക്ഷിമൊഴിയും പര്യാപ്തമല്ലെന്ന് കണ്ടാണ് കോടതി കേസ് തള്ളിയത്. പ്രതിഭാഗം അഭിഭാഷകന്‍ തന്നെ പറയുന്നത് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാൻ ശ്രമിക്കുമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരേ സ്വരത്തിൽ പറയാനാരംഭിച്ച സ്ഥിതിക്ക് അത്തരമൊരു നീക്കമുണ്ടാവുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. അതിന്നായി പ്രാർത്ഥിക്കാം.

പെൺപീഡനങ്ങൾ നമ്മുടെ മാധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ള വാർത്തകൾ എന്നതിനപ്പുറം എന്തുകൊണ്ട് അതുണ്ടാവുന്നുവെന്ന് പഠിക്കാനും പരിഹാരങ്ങൾ നിർദേശിക്കുവാനും അവ നടപ്പാക്കാനുമല്ലേ നാം സന്നദ്ധമാവേണ്ടത്? ഇന്നലെ സൂര്യനെല്ലിയും ഇന്ന് വാളയാറും വാർത്തയായതുപോലെ നാളെ നമ്മുടെയെല്ലാം ഗ്രാമങ്ങൾ വാർത്തകളിൽ നിറയുകയില്ലെന്ന് പറയാൻ ആർക്കാണ് കഴിയുക? എന്റെയും നിങ്ങളുടെയും പെങ്ങന്മാരും പെൺമക്കളും ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയിലേക്ക് നാട് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിനുള്ള പരിഹാരത്തെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമല്ലേ?

ഒന്ന്) ആരാണ് യഥാർത്ഥ പ്രതി ?

“ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റി ശരിക്കും ചിന്തിക്കേണ്ടതുണ്ട്. അമേരിക്കയെ നോക്കുക. അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസമുണ്ട്. പക്ഷെ അവിടെ പഠിപ്പിക്കപ്പെടുന്നത് എങ്ങനെയാണ് ലൈംഗികബന്ധം ആയാസരഹിതമായി സാധ്യമാവുകയെന്നാണ്. പുകവലിയേക്കാള്‍ സാധാരണയാണ് അവിടെ നടക്കുന്ന ബലാത്സംഗങ്ങളെന്നാണ് ഒരു സര്‍വെ വ്യക്തമാക്കുന്നത്. തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസത്തെ ഉള്‍പ്പെടുത്തിയ നാടുകളിലെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ശാരീരികമെന്നതിലേറെ മാനസികമാണ് ലൈംഗികാതിക്രമങ്ങള്‍. ഇന്നത്തെ ജനങ്ങള്‍ മാനസികമായി മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്നതിനാലാണിത്. വിദ്യാലയങ്ങളില്‍ വെച്ച് ആവശ്യമായ ധാര്‍മിക വിദ്യാഭ്യാസം നല്‍കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. ടെലിവിഷന്‍ സീരിയലുകള്‍ വിവാഹേതരരതിയും വിവാഹപൂര്‍വരതിയും പച്ചയായി അവതരിപ്പിക്കന്നു. ആരും അതിനെ എതിര്‍ക്കുന്നില്ല. അതോടൊപ്പം തന്നെ പുതിയ തലമുറക്ക് ലൈംഗിക-അശ്ലീല സൈറ്റുകളിലേക്ക് (pornographic sites) എളുപ്പത്തില്‍ കടന്നുചെല്ലാന്‍ കഴിയുന്നു. ഇന്റര്‍നെറ്റുള്ള മൊബൈല്‍ഫോണുകള്‍ ഇക്കാര്യങ്ങളെല്ലാം എളുപ്പമാക്കിത്തീര്‍ത്തിരിക്കുന്നു.” (Sex Education leads to more crimes against woman, Says Mumbai Police Chief: The Indian Express 18-01-2013)

2012 ഡിസംബര്‍ 16-ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തിനു ശേഷം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന, സ്ത്രീപീഡനത്തിന്റെ കാരണങ്ങളെയും പ്രതിവിധികളെയും കുറിച്ച ചര്‍ച്ചകളില്‍ വേറിട്ട ശബ്ദമായിരുന്നു മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗിന്റേത്. പീഡനചര്‍ച്ചകളില്‍ ലൈംഗിക വിദ്യാഭ്യാസം പ്രതിചേര്‍ക്കപ്പെടുന്നത് ആദ്യമായിട്ടാണ് എന്നതിനാല്‍ തന്നെ അന്ന് പ്രതികരിച്ചവരിലും ഏറെ പുതുമുഖങ്ങളുണ്ടായിരുന്നു. സത്യപാല്‍സിംഗ് പറഞ്ഞ വസ്തുതകളുമായി സംവേദനക്ഷമമായി സംവദിക്കുന്നതിനുപകരം ആണ്‍കോയ്മയുടെ മൂര്‍ത്തീമദ്ഭാവമായി അദ്ദേഹത്തെ ചിത്രീകരിക്കുകയും പതിവ് ശൈലിയില്‍ ഭത്സിക്കുകയും ചെയ്യുന്ന രീതി തന്നെയാണ് മിക്ക പ്രതികരണങ്ങളിലും മുഴച്ചുകണ്ടത്. പെണ്‍പീഡനത്തെപ്പറ്റി വിലപിക്കുകയും അതിന്റെ കാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കണമെന്ന് പറയുന്നവരെയെല്ലാം പുരുഷാധിപത്യത്തിന്റെ തൊപ്പി ധരിച്ചവരായി ചിത്രീകരിച്ച് എറിഞ്ഞു കൊല്ലുകയും ചെയ്യുകയെന്ന സൃഗാലതന്ത്രമാണ് മുതലാളിത്ത ധാര്‍മികതയുടെ കൂട്ടിക്കൊടുപ്പുകാരായ സാംസ്‌കാരിക ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും പയറ്റുന്നതെന്നു വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത പ്രതികരണങ്ങൾ!!!

ബലാത്സംഗങ്ങള്‍ വാര്‍ത്തയാവുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് പെണ്‍സുരക്ഷയെന്നു തോന്നിക്കുന്നതാണ് ഇവ്വിഷയകമായ നമ്മുടെ ചർച്ചകളെല്ലാം. ഡല്‍ഹി കൂട്ടബലാത്സംഗത്തിനു ശേഷം ഇന്ത്യ മൊത്തത്തിൽ പെൺസുരക്ഷയെക്കുറിച്ച് ചർച്ച ചെയ്തു. അത് നാം മറന്നു. ഇപ്പോൾ ഇതാ നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ കൊച്ചു പൈതങ്ങളിലേക്കുപോലും ആണാസക്തിയുടെ സൃഗാലദ്രംഷ്ടങ്ങൾ പതിഞ്ഞിരുന്നു. അതിലെ രാഷ്ട്രീയം മാത്രമാണ് നമ്മുടെ ചർച്ച. സ്ത്രീകള്‍ എങ്ങനെ പരിഗണിക്കപ്പെടുന്നുവെന്നതാണ് ഒരു സംസ്‌കാരം എത്രത്തോളം പുരോഗമനപരവും മാനവികവുമാണെന്ന് നിര്‍ണിയിക്കുന്നത് എന്ന് പേനയുന്തുന്നവര്‍ തന്നെ സ്ത്രീപീഡനത്തിന്റെ അണിയറശില്‍പികളായിത്തീരുന്നതാണ് മാധ്യമലോകത്ത് നാം കാണുന്നത്. ‘ആഗോളവത്ക്കരണം സ്ത്രീയെ ഉപയോഗിച്ച് വലിച്ചെറിയാവുന്ന ചരക്കാക്കി മാറ്റിയതെങ്ങനെ’യെന്ന് അപഗ്രഥിച്ച് ഇരകളുടെ പക്ഷത്താണ് തങ്ങളെന്ന് ആണയിടുന്ന മുത്തശ്ശിവാരിക തന്നെ ലൈംഗികതയുടെ ജനാധിപത്യവത്ക്കരണത്തിനു വേണ്ടിയും വാദിക്കുന്നത് കാണുമ്പോള്‍ എത്ര സമര്‍ഥമായാണ് ചെന്നായ ആട്ടിന്‍തോലണിയുന്നതെന്ന്, രാജഭക്തികൊണ്ട് രാജനഗ്നതയെ മറച്ചുവെക്കാനറിയാത്തവര്‍ക്കെല്ലാം മനസ്സിലാകുന്നുണ്ട്.

ആറുപേര്‍ മാറിമാറി ഉപയോഗിച്ച് ശരീരക്ഷതമേറ്റതിനാല്‍ മരണത്തിന് കീഴടങ്ങേണ്ടിവന്ന പെണ്‍കുട്ടിയുടെ വേദനയെപ്പറ്റി വാചാലരാകുന്നവര്‍, ചുവന്ന തെരുവുകളില്‍ ഒരൊറ്റ ദിവസം തന്നെ നിരവധി പേരുടെ പീഡനങ്ങള്‍ക്കിരയാവുകയും എയ്ഡ്‌സും ഗൊണേറിയയും ബാധിച്ച് നരകിച്ച് മരിക്കേണ്ടി വരികയും ചെയ്യുന്നവരെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുന്നതും എന്തുകൊണ്ടായിരിക്കും?! വാളയാർ പെൺകുട്ടികളെക്കുറിച്ച് ചർച്ചിച്ച് കരയുന്നതിനിടയിലും എട്ടും പൊട്ടും തിരിയാത്തവരുടെ പെൺമേനിയെ ആസ്വദിക്കാൻ അഭ്രപാളികളിലേക്ക് ക്ഷണിക്കുന്ന പരസ്യങ്ങൾ കടന്നുവരുന്നതിൽ യാതൊരു അസാംഗത്യവും തോന്നാത്തത്തിന് കാരണമെന്തായിരിക്കും?! സാംസ്കാരികനായകരുടെയോ മാധ്യമജീവികളുടെയോ ഇരട്ടത്താപ്പാണ് ഇവയെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇതുരണ്ടും മുതലാളിത്തത്തിന്റെ കളികള്‍ തന്നെയാണ്. ചിലതെല്ലാം വിളിച്ചുപറയേണ്ടത് പലതും വിളിച്ചുപറയാതിരിക്കുന്നതിനുള്ള മറയും മനഃശാസ്ത്രപ്രതിരോധവുമാണെന്ന് കൃത്യമായി അറിയാവുന്നവരാണല്ലോ ഇതിനെല്ലാം പിന്നിലുള്ള ചരടുവലിക്കാര്‍.

ബലാത്സംഗത്തെ പ്രശ്‌നവത്ക്കരിക്കുകയും ലൈംഗികതൊഴിലിനുനേരെ മൃദുല സമീപനം സ്വീകരിക്കുകയും ചെയ്യുന്നവര്‍ ലൈംഗിക തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രജ്ജ്വല എന്ന സംഘടനയുടെ സ്ഥാപക സുനിതാ കൃഷ്ണന്റെ ഇന്റര്‍വ്യൂവിനെങ്കിലും ഒന്നു ചെവി കൊടുക്കട്ടെ. “സംസാരിച്ച് തീരാന്‍ നേരം സുനിതാ കൃഷ്ണന്‍ ലാപ്‌ടോപ്പില്‍ ഒരു ഫോട്ടോ കാണിച്ചു. പിങ്ക് നിറത്തിലുള്ള ഉടുപ്പിട്ട ഒരാളുടെ. അത് ഒരു പെണ്‍കുട്ടിയാണെന്ന് അവര്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്. പുറത്തേക്ക് തള്ളിനില്‍ക്കുന്ന വലിയ കണ്ണുകള്‍കൊണ്ട് ആ പെണ്‍കുട്ടി വല്ലാത്തൊരു നോട്ടം നോക്കുന്നു. കവിളുകളില്‍ തൊലി മാത്രമെയുള്ളൂ. ആ പെണ്‍കുട്ടിയുടെ ആ നിമിഷത്തിനും മരണത്തിനും ഇടയ്ക്ക് അഞ്ച് മിനിട്ടാണ് ദൂരം. മരിക്കാന്‍ കാത്തുകിടക്കുമ്പോഴും തറയ്ക്കുന്ന നോട്ടം. പതിമൂന്നാമത്തെ വയസ്സില്‍ ലൈംഗികവിപണിയിലേക്ക് കൂട്ടിക്കൊടുക്കപ്പെട്ട കുട്ടി. പതിനാറാമത്തെ വയസ്സില്‍ സുനിതാ കൃഷ്ണന്‍ അവളെ രക്ഷപ്പെടുത്തി. എച്ച്.ഐ.വി പോസിറ്റീവായിരുന്ന അവള്‍ 19ാമത്തെ വയസ്സില്‍ മരിച്ചു. മരിക്കുന്ന അന്ന് അവള്‍ സുനിതയെ കാണണമെന്ന് പറഞ്ഞു. അവസാന ആഗ്രഹമെന്ന നിലയില്‍ അവര്‍ ചെന്നു. എന്റെ ഒരു ഫോട്ടോയെടുക്കുമോ എന്ന് അവള്‍ സുനിതയോട് ചോദിച്ചു. മൊബൈല്‍ ഫോണില്‍ സുനിത ഫോട്ടോയെടുത്തു. എന്തിനാണ് ഫോട്ടോയെടുക്കാന്‍ പറഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: “പല സ്ഥലത്തും ക്ലാസെടുക്കാനും പ്രസംഗിക്കാനുമൊക്കെ പോകുന്നതല്ലേ? അപ്പോള്‍ എന്റെ ഈ ഫോട്ടോ കാണിക്കണം. എന്നിട്ട് പറയണം എന്താണ് ബലാത്സംഗമെന്നും ലൈംഗിക കച്ചവടമെന്നും.” തന്റെ രൂപത്തെ ഇതുപോലെ അവള്‍ കണ്ണാടിയില്‍ കണ്ടിട്ടുണ്ടാവുമോ എന്ന് അറിയില്ല. പക്ഷേ കാമം സ്ഖലിച്ചുതീര്‍ക്കാന്‍ പെണ്‍ശരീരത്തെത്തേടി ചന്തയിലെത്തുന്ന പൊതുബോധമനസ്സ് 19ാമത്തെ വയസ്സില്‍ എച്ച്.ഐ.വി പോസിറ്റീവായി മരിച്ചുപോയ ഈ പെണ്‍കുട്ടിയെ ഓര്‍ക്കണം. പുരുഷന്റെ അധികാരവും കാമവും കാണിക്കാന്‍ വേണ്ടി ഇരയാക്കപ്പെടുന്ന കോടിക്കണക്കിന് പെണ്‍കുട്ടികള്‍ക്കും ഇതേ തറയ്ക്കുന്ന നോട്ടമാണ്.(‘ഇനി ചോദ്യങ്ങള്‍ റേപ്പിസ്റ്റുകളോടാവട്ടെ’ മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013 ജനുവരി 20-26)

ലോകത്തെ ഏറ്റവുമധികം ബലാത്സംഗങ്ങള്‍ നടക്കുന്നത് ലൈംഗികതയെ ഉദാരവത്ക്കരിക്കുവാന്‍ പരമാവധി പരിശ്രമിക്കുന്ന, മുതലാളിത്തത്തിന്റെ ഉരുക്കുകോട്ടയായ അമേരിക്കയിലാണെന്ന വസ്തുത സെക്‌സിന്റെ ജനാധിപത്യവത്ക്കരണത്തിനുവേണ്ടി വാദിക്കുന്നവരുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ടതാണ്. അമേരിക്കയില്‍ ഓരോ മൂന്നു മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് കണക്ക്.(അതേ ലേഖനം) 2005ല്‍ മാത്രം 1,91,670 ബലാത്സംഗ-ലൈംഗികാതിക്രമങ്ങളുടെ ഇരകളുണ്ടായിട്ടുണ്ടെന്നതാണ് അമേരിക്കന്‍ നീതിന്യായവ്യവസ്ഥയുടെ ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നത്.(Criminal victimization in the United States, 2005: US Department of Justice; Dec 2006, NCJ 215244) 2009ല്‍ ഇത് 1,25,920 ആയി കുറഞ്ഞുവെങ്കിലും 2010ല്‍ വീണ്ടും 1,88,380 ആയി വര്‍ധിക്കുകയാണുണ്ടായത്.(National crime victimization Survey; Criminal victimization 2010, US Department of Justice, September 2011, NCJ 235508) ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ ആവശ്യമുള്ളത്ര ലൈംഗികത ആസ്വദിക്കുന്നതിനുള്ള അവസരമുണ്ടാവുകയെന്ന സെക്‌സിന്റെ ജനാധിപത്യവത്ക്കരണം സാധ്യമായാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനാകുമെന്ന് വാദിക്കുന്നവര്‍ കാണാന്‍ മടിക്കുന്ന കണക്കുകളാണിവ. ഏതു തരത്തിലുമുള്ള ലൈംഗികതയും വില കൊടുത്തു വാങ്ങാവുന്ന അമേരിക്കയിലെന്തുകൊണ്ട് സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന് മനസ്സിലാക്കാന്‍ മുതലാളിത്തം നല്‍കിയ കണ്ണടകളിലൂടെ ലോകത്തെ നോക്കിക്കാണുന്നവര്‍ക്ക് കഴിയില്ല. മുതലാളിത്ത സിദ്ധാന്തങ്ങളുടെയും സ്വതന്ത്ര വിപണീ മാര്‍ക്കറ്റിന്റെയും സ്വാഭാവികതയാണ് നാരിമാര്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങളെന്ന് മനസ്സിലാകണമെങ്കില്‍ അത് നല്‍കുന്ന തലച്ചോറുകളില്‍നിന്ന് മാറിനിന്ന് ചിന്തിക്കുവാനാകണം. അങ്ങനെ ചിന്തിക്കുമ്പോഴാണ് മാനവികവും ജനാധിപത്യപരവുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സ്വതന്ത്രവിപണി എത്രത്തോളം പെണ്‍വിരുദ്ധവും മാനവികവിരുദ്ധവുമാണെന്ന് മനസ്സിലാവുന്നത്.

‘സ്വതന്ത്രവിപണി’ പുറത്തുനിന്നുള്ള നിയന്ത്രണങ്ങളോ നിയമങ്ങളോ അംഗീകരിക്കുന്നില്ല. ലാഭമുണ്ടാക്കുന്നതെല്ലാം അതിന്ന് ‘ചരക്കാ’ണ്; ‘ഗുണപരമായ വേര്‍തിരിവുകളില്ലാതെ വിപണിയില്‍ വിതരണം ചെയ്യപ്പെടുന്നതും ആവശ്യക്കാരുള്ളതുമായ സാധനമാണ് ചരക്ക്’ (commodity) എന്നാണ് സാമ്പത്തികശാസ്ത്രത്തിന്റെ നിര്‍വ്വചനം. മദ്യവും മയക്കുമരുന്നുകളും രതിയുമെല്ലാം ഈ നിര്‍വ്വചനപ്രകാരം ചരക്കുകളാണ്. ഇവയ്ക്ക് നിലനില്‍ക്കുവാന്‍ അവകാശമുണ്ട്; മാന്യമായ അവകാശം! അതുകൊണ്ടാണ് അഭിസാരിക (prostitute) എന്ന് വിളിക്കുന്നതിനു പകരം ലൈംഗികത്തൊഴിലാളി (sex worker) എന്നു തന്നെ വിളിക്കണമെന്ന് സ്വതന്ത്രവിപണിയുടെ വക്താക്കള്‍ ശാഠ്യം പിടിക്കുന്നത്. ലൈംഗികത വില്‍ക്കുകയും വാങ്ങുകയും പുനര്‍വില്‍പന നടത്തുകയുമെല്ലാം ചെയ്യേണ്ട ഒരു വ്യവസായമാണെന്നാണ് അവരുടെ കാഴ്ചപ്പാട്. പ്രസ്തുത വ്യവസായം വഴി കോടികളുടെ വിനിമയങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലൈംഗിക വ്യവസായത്തിലെ (sex industry) തൊഴിലാളികളാണ് സ്വതന്ത്രവിപണിയുടെ വീക്ഷണത്തില്‍ ലൈംഗികത്തൊഴിലാളികള്‍. രതിവില്‍ക്കുന്നവരും (prostituties), കൂടെ നടന്ന് രതിസുഖം നല്‍കുന്നവരും (escorts) പരപീഡേച്ഛയില്‍ അധിഷ്ഠിതമായ ലൈംഗികസംതൃപ്തിക്ക് ഉപയോഗിക്കുന്നവരും (dominatrices) കാഴ്ചയിലൂടെ ലൈംഗികാഭിനിവേശമുണ്ടാക്കുന്നതിനു വേണ്ടിയുള്ള ചിത്രമെടുക്കാനും അഭിനയിക്കുവാനും സന്നദ്ധരാകുന്നവരും (poronography) എല്ലാം ലൈംഗികത്തൊഴിലാളികളാണ്. കോടിക്കണക്കിന് ഡോളറുകളാണ് ഈ വ്യവസായം വഴി ക്രയവിക്രയം ചെയ്യപ്പെടുന്നത്.

അമേരിക്കയില്‍ നൊവാഡാ സ്റ്റേറ്റിലെ ലാസ് വേഗാസ് നഗരത്തിലേക്ക് കയറുമ്പോള്‍ തന്നെ ‘പാപനഗരത്തിലേക്ക് സ്വാഗതം’ (Welcome to Sincity) എന്ന കൂറ്റന്‍ നിയോണ്‍ ബോര്‍ഡാണ് ഒരാളെ സ്വാഗതം ചെയ്യുന്നത്. എല്ലാ തിന്‍മകളും അതിന്റെ പൂര്‍ണവും നഗ്നവുമായ രീതിയില്‍ നടമാടുന്ന പാപനഗരം! പൂര്‍ണ നഗ്നനൃത്തം നടക്കുന്ന 31 ക്ലബ്ബുകള്‍! നഗ്നതാ വിനോദങ്ങളിലൂടെ മാത്രം എണ്ണൂറുകോടി ഡോളര്‍ വരുമാനം! രണ്ടു ഡസനിലധികം ചൂതാട്ടകേന്ദ്രങ്ങള്‍! അവിടെ നടക്കുന്നത് കോടിക്കണക്കിന് ഡോളറിന്റെ ചൂതാട്ടം. രതിയെയും ചൂതാട്ടത്തെയും ചൂടുപിടിപ്പിക്കുവാന്‍ മദ്യത്തിന് പകുതി വിലമാത്രം! പാപനഗരത്തില്‍ ഒരു വര്‍ഷമെത്തുന്ന സന്ദര്‍ശകര്‍ നാലുകോടി! പാപങ്ങള്‍ക്ക് വേണ്ടിമാത്രം ഒരു നഗരമുണ്ടാക്കുവാന്‍ മുതലാളിത്ത സ്വതന്ത്രവിപണിക്കു മാത്രമേ കഴിയൂ. ഏഷ്യയിലെ സെക്സ് ഹബ്ബായി അറിയപ്പെടുന്ന തായ്‌ലാന്റിന്റെ സ്ഥിതിയും ഇതേപോലെത്തന്നെ. മുതലാളിത്തപാത പിന്തുടരുന്ന അവിടെ ലൈംഗികതതൊഴിലാളികൾ മാത്രം മൂന്നു ലക്ഷം പേരുണ്ടെന്നാണ് 2016ലെ കണക്ക്. സുരതക്രിയയല്ലാത്ത ലൈംഗികസംപൂർത്തീകരണത്തിനുവേണ്ടി സമീപിക്കുന്ന മസ്സാജ് പാർലറുകളിലും ഡാൻസ് ക്ലബുകളിലുമെല്ലാം പണിയെടുക്കുന്നവരുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. (“Diving into sex work” Bankok Post 21 July 2019). മൂന്നാം ലോകരാജ്യങ്ങളിൽ നിന്ന് ലൈംഗികതതൊഴിലിനു വേണ്ടിയെന്ന രൂപത്തിൽ ഇവിടേക്ക് കടത്തിക്കൊണ്ടുവരുന്നവരിൽ നല്ലൊരു ശതമാനം വിവാഹപ്രായമെത്താത്തവരാണെന്ന് യുഎൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.(Pravit Rojanaphruk: Thailand Still Hub Of Global Sex Trafficking Rings: Un.www.khaosodenglish.com/ August 16, 2019)

എങ്ങനെയും പണമുണ്ടാക്കുകയെന്ന സംസ്‌കാരത്തില്‍ ലൈംഗികസുഖം കച്ചവടചരക്കാകുമ്പോള്‍ സുഖം പണം കൊടുത്ത് വാങ്ങുവാന്‍ മനഃശാസ്ത്രപരമായി അസാധ്യമായ സ്ത്രീ അവമതിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുകയാണെന്ന വസ്തുത ലോകത്തെവിടെയുമുള്ള സ്ത്രീപ്രശ്‌നങ്ങളെ വിറ്റ് പണമുണ്ടാക്കുന്ന മീഡിയ മറച്ചുവെക്കുന്നു. മറ്റു നാടുകളെയും തങ്ങളുടെ രതിസുഖത്തിന് പറ്റിയ രീതിയില്‍ പരിവര്‍ത്തിപ്പിക്കുവാനായി സെക്‌സ് ടൂറിസത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് സ്വതന്ത്രവിപണിയുടെ വക്താക്കള്‍ വാചാലരാകുന്നു. അവരുടെ ത്രസിപ്പിക്കുന്ന കണക്കുകള്‍ മൂന്നാം ലോകത്തിലേക്ക് മീഡിയ കയറ്റുമതി ചെയ്യുമ്പോള്‍ അതു കണ്ട് അവിടെയുള്ള ഭരണാധികാരികളുടെ കണ്ണു തള്ളുന്നു. അവിടുത്തെ ജനങ്ങളെ സെക്‌സ് ടൂറിസത്തിന് പറ്റിയ രീതിയില്‍ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യാന്‍ ‘യുനെസ്‌കോ’ വഴി ലൈംഗിക വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നു. എല്ലായിടത്തു നിന്നും യഥേഷ്ടം സുഖം ആസ്വദിക്കുവാന്‍ ഇതുവഴി മുതലാളിമാര്‍ക്ക് വഴി തുറക്കുന്നു. 1993ലെ കണക്കുകള്‍ പ്രകാരം ഇന്തോനേഷ്യയില്‍ രണ്ടര ലക്ഷത്തോളം ലൈംഗികത്തൊഴിലാളികളുണ്ട്. മലേഷ്യയില്‍ ഇത് ഒന്നര ലക്ഷത്തോളവും ഫിലിപ്പീന്‍സില്‍ ആറു ലക്ഷത്തോളവുമാണ്. തായ്‌ലന്റില്‍ ഇവരുടെ എണ്ണം മൂന്ന് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. 1993-95 ല്‍ മാത്രം തായ്‌ലാന്റിന് 2700 കോടി ഡോളറാണത്രെ ലൈംഗികവ്യവസായം വഴി ലഭിച്ചത്!(Lin Lean Lim (Editor): The sex sector; the Economic and Social Base of Prostitution in South East Asia, 1998)

രതിവ്യവസായത്തെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പ് ലേഖകന്റെ നിരീക്ഷണങ്ങള്‍ ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. “ലോകത്തില്‍ ഇന്നേറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചരക്കുകളിലൊന്നാണ് പെണ്ണുടല്‍. ആസൂത്രിതവും സംഘടിതവുമായ നിലയില്‍ ആഗോളതലത്തിലരങ്ങേറുന്ന ഈ വ്യവസായം മറ്റേതൊരു വ്യവസായത്തെപ്പോലെയും അതിന്റെ നടത്തിപ്പുകാരുടെ ലാഭത്തിനുവേണ്ടിയാണ് രൂപപ്പെടുത്തിയിട്ടുള്ളതും നിലനില്‍ക്കുന്നതും.”

സ്ത്രീ-പുരുഷ ബന്ധത്തിലെ ഉദാത്തവും ആഹ്ളാദകരവുമായ ലൈംഗികത, രതിവ്യവസായമായി രൂപാന്തരപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കുനേരെയുള്ള നിഷ്ഠൂരമായ അതിക്രമങ്ങളെ മനസ്സിലാക്കേണ്ടത്. ഡല്‍ഹിയില്‍ അതിക്രൂരമായ ലൈംഗികാക്രമണത്തിനുശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടി ആഗോളതലത്തില്‍ അരങ്ങേറുന്ന ഈ പ്രക്രിയയുടെ ഇരയായിരുന്നു. സൂര്യനെല്ലി മുതൽ വാളയാർ വരെയുള്ള നൂറുക്കണക്കിന് സ്ഥലങ്ങളിൽ വെച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട മലയാളീപെൺകുട്ടികളും രതിവ്യവസായത്തിന്റെ ഇരകൾ തന്നെ. ആദിവാസി ഊരുകളിലേക്കടക്കം കാഴ്ചയിലൂടെയും കേൾവിയിലൂടെയും വേലി ചാടിയെത്തുന്ന രതിവ്യവസായത്തിന്റെ ഇരകൾ. ന്യൂസ് റൂമുകളിരുന്ന് പെൺകുട്ടികളുടെ നീതിക്കുവേണ്ടി ഘോരഘോരം വാദിക്കുന്നവരടക്കം അവരുടെ സ്പോൺസർമാരായ രതിവ്യവസായികളുടെ കൂട്ടിക്കൊടുപ്പുകാരാണ് എന്ന വസ്തുത അവർ സമ്മതിച്ചാലും ഇല്ലെങ്കിലും സത്യമതാണ്. പോർണോഗ്രാഫി മാത്രമല്ല മാധ്യമങ്ങളിലൂടെയെത്തുന്ന രതിവ്യവസായം. പരസ്യപ്പലകകളിലൂടെ നടക്കുന്ന ഉത്തേജനമാർക്കറ്റിങ് കൂടി പോർണോഗ്രഫിക്ക് തുല്യമോ അതിനേക്കാൾ മാരകമോ ആയ പ്രകോപിതമനസ്സ് സൃഷ്ടിക്കുന്നുണ്ടെന്ന സത്യം തുറന്നു പറയുന്നത് മതത്തിന്റെ ‘ജഡത്വം’ ബാധിച്ച മനസ്സുള്ള ഏതെങ്കിലും പ്രബോധകർ മാത്രമല്ല, ‘ആത്മാരാധനയുടെ സംസ്കാരം'(The Culture of Narcissism) എന്ന പുസ്തകമെഴുതിയ ക്രിസ്റ്റഫർ ലാച്ചിനെപ്പോലെയുള്ള അമേരിക്കൻ സാമൂഹ്യവിമർശകർ കൂടിയാണ്. ദൃശ്യ-ശ്രാവ്യ-ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ കടന്നുവരുന്ന ഈ ഉത്തേജനവ്യവസായത്തെ നിയന്ത്രിക്കാൻ കഴിയാത്തിടത്തോളം പീഡനകഥകൾക്ക് ക്ഷാമമൊന്നുമുണ്ടാവില്ലെന്ന സത്യമാണ് മുതലാളിത്തലോകം നമ്മോട് വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്.

പുരുഷാധിപത്യവ്യവസ്ഥ നൂറ്റാണ്ടുകളായി സ്ത്രീകളുടെമേല്‍ സ്ഥാപിച്ചെടുത്ത അധീശത്വം മുതലാളിത്ത ചൂഷണവുമായി പങ്കുചേരുന്നതിന്റെ ഭൂമികയിലാണ് രതിവ്യവസായത്തിന്റെ വാസ്തുഘടന നിലനില്‍ക്കുന്നത്. ലൈംഗികാനുഭൂതിയെ നിര്‍ണയിക്കുന്ന സങ്കീര്‍ണമായ മാനസികവും സാംസ്‌കാരികവുമായ സവിശേഷതകളും വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളുമെല്ലാം രതിവ്യവസായ വിപണിയുടെ അതിപ്രസരം അതിന്റെ നിലനില്‍പ്പിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
സാംസ്‌കാരികവും മാനസികവും ജീവശാസ്ത്രപരവുമായ തലങ്ങളില്‍ നിന്നുകൊണ്ടുമാത്രം ലൈംഗികതയും സ്ത്രീകളുടെ മേലുള്ള മര്‍ദനാധിപത്യങ്ങളും എങ്ങനെയാണ് രൂപം കൊള്ളുന്നതെന്ന് മനസ്സിലാക്കാനാവില്ല. രതിവ്യവസായത്തെ നിലനിര്‍ത്തുന്ന സാമ്പത്തിക, രാഷ്ട്രീയ സംവിധാനത്തെ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ആഗോളതലത്തില്‍ ഏതാണ്ട് 700 കോടി ഡോളറിന്റെ വിപണിയാണ് രതിവ്യവസായം. ഏറ്റവും കുറഞ്ഞത് 123 കോടി മനുഷ്യരെ രതിവ്യവസായത്തിനുവേണ്ടി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നു. കൊല്ലംതോറും ലൈംഗികവിപണിയിലെത്തുന്ന കുട്ടികളുടെ എണ്ണം 20 ലക്ഷമാണ്. ലോക വ്യാപകമായി നടത്തുന്ന മനുഷ്യക്കടത്തില്‍ പത്തില്‍ എട്ടുപേരും ലൈംഗികവിപണിക്കുവേണ്ടി വിനിമയം ചെയ്യപ്പെടുന്നവരാണ്. ലൈംഗിക ചൂഷണത്തിനുവേണ്ടിയുള്ള മനുഷ്യക്കടത്തില്‍ 98 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്. ഇതെല്ലാം 2005ലെ കണക്കുകളാണ്. അതിനുശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതല്ലാതെ നന്നായതായി ആരുംതന്നെ അവകാശപ്പെടുന്നില്ല.

ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്തവും പുരുഷാധിപത്യവും ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അസമത്വങ്ങളാണ് രതിവ്യവസായത്തിന്റെ ഭൗതികാടിത്തറ. ആഗോളതലത്തില്‍ രതിവ്യവസായത്തിന്റെ പ്രധാനകേന്ദ്രങ്ങളായ പ്രദേശങ്ങളുടെ ചരിത്രം ഇതിനുള്ള തെളിവാണ്. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളായ തായ്‌ലന്റ്, ഇന്‍ഡൊനീഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ രൂപപ്പെട്ട രതിവ്യവസായവും സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും തകര്‍ച്ചയെ തുടര്‍ന്ന് ഉടലെടുത്ത ലൈംഗികവിപണിയും ഈ നിഗമനത്തെ ശരിവക്കുന്നതാണ്. ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ അത്ര സംഘടിതമല്ലെങ്കിലും സമാനമായ തരത്തിലുള്ള ലൈംഗികവിപണിയുടെ വളര്‍ച്ച സമീപകാലങ്ങളില്‍ കാണാവുന്നതാണ്. ലൈംഗികവിപണിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍തന്നെ ആഗോളതലത്തില്‍ സംഘടിതമായി നടക്കുന്ന രതിവ്യവസായവുമായി ഇവിടുത്തെ വിപണിയും കണ്ണിചേരുന്നതിന്റെ സൂക്ഷ്മചലനങ്ങള്‍ കണ്ടെത്താനാവും.

ഏറ്റവുമധികം ലാഭം നേടിത്തരുന്ന വ്യാപാരമാണ് രതിവ്യവസായം. കൊളോണിയല്‍ കാലഘട്ടത്തിന് മുന്‍പ് നടന്ന അടിമവ്യാപാരത്തിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രൂപമാണ് പെണ്ണുടലിന്റെ വിപണനം. ആഫ്രിക്കയില്‍നിന്നുള്ള അടിമയെ കച്ചവടം ചെയ്യുന്നതില്‍നിന്നും ലഭിച്ചിരുന്ന ലാഭത്തിന്റെ മൂന്നിരട്ടിയാണ് ലൈംഗികവിപണിയിലെത്തിക്കുന്ന സ്ത്രീകളില്‍നിന്നും ലഭിക്കുന്നതെന്ന് ഈ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യനാടുകളിലെ ദല്ലാളുകള്‍ പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍നിന്നുള്ള പെണ്‍കുട്ടികളെ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി വന്‍തോതില്‍ ലാഭമുണ്ടാക്കുന്ന ലൈംഗിക അടിമകളായി നിലനിര്‍ത്തുന്നതിന്റെ നിരവധി വിവരണങ്ങള്‍ ഇന്ന് ലഭ്യമാണ്. ജര്‍മനിയില്‍ ഒരു പിമ്പ് അല്ലെങ്കില്‍ പെണ്‍കടത്തുകാരന്‍ മൂവായിരം മുതല്‍ മുപ്പതിനായിരം ഡോളര്‍വരെ ചെലവഴിച്ചാണ് ഈ രാജ്യങ്ങളില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ വിലയ്ക്കുവാങ്ങുന്നത്. ഈ തുക പെണ്‍കുട്ടിയുടെ ഋണബാധ്യതയാണ്. ഈ കടം വീട്ടിക്കഴിഞ്ഞാലും പെണ്‍കുട്ടി സമ്പാദിക്കുന്നതിന്റെ 50 മുതല്‍ 75 ശതമാനം വരെ ദല്ലാളിനുതന്നെ കൊടുക്കേണ്ടി വരും. ലൈംഗിക വിപണിയിലേക്ക് വലിച്ചെറിയപ്പെട്ട പെണ്‍കുട്ടികളെ ഏതാണ്ട് എല്ലാ നാട്ടിലും കണ്ടെത്താനാവുമെങ്കിലും സംഘടിതമായ ഈ വ്യവസായത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ ലൈംഗികത്തൊഴിലിന് നിയമസാധുതയുള്ള രാജ്യങ്ങളോ അല്ലെങ്കില്‍ അതിനെതിരെ ദുര്‍ബലമായ നിയമനടപടികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളോ ആണ്.

രതിവ്യവസായത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വസ്തുത മുന്‍നിരരാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ ഇതില്‍ വഹിക്കുന്ന പങ്കാണ്. ഈ പഠനങ്ങള്‍ ശ്രദ്ധയൂന്നുന്നത് ലൈംഗികവൃത്തി തൊഴിലായി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ ഹതഭാഗ്യരുടെ രാജ്യങ്ങളുടെ അവസ്ഥയാണ്. സോഷ്യലിസത്തിന്റെ പേരില്‍ നിലനിന്ന ഭീകരമായ അധികാരസംവിധാനങ്ങള്‍ തകര്‍ന്നടിഞ്ഞതോടെ സാമൂഹികസംവിധാനം മൊത്തം തകരുന്നതിന്റെ രേഖാചിത്രങ്ങളാണ് സോവിയറ്റ് യൂണിയനില്‍നിന്നും അതിന്റെ പാര്‍ശ്വവര്‍ത്തികളായി നിലനിന്നിരുന്ന രാജ്യങ്ങളില്‍നിന്നും ലൈംഗിക വിപണിയിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ വെളിപ്പെടുത്തുന്നത്. കേരളത്തില്‍നിന്നും ഗള്‍ഫിലേക്ക് തൊഴിലന്വേഷിച്ച് പോകുന്നതിന് സമാനമാണ് ഈ രാജ്യങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളെ യൂറോപ്പിലെ ലൈംഗികവിപണികളില്‍ എത്തിക്കുന്ന പ്രക്രിയ. ഗള്‍ഫിലെ തൊഴിലുടമ മലയാളി കുടിയേറ്റക്കാരന്റെ പാസ്‌പോര്‍ട്ടും മറ്റും കൈവശം വെക്കുന്നതുപോലെ ഈ പെണ്‍കുട്ടികളുടെ പാസ്‌പോര്‍ട്ടും മറ്റ് യാത്രാരേഖകളും ദല്ലാളുകള്‍ കൈക്കലാക്കുന്നു. ഒരു തരത്തിലും രക്ഷപ്പെടാനാകാത്ത ഒരു കെണിയിലാണ് ഇവര്‍ പെട്ടുപോകുന്നത്. വിദേശ തൊഴിലെന്ന വാഗ്ദാനത്തിന്റെ മറവിലാണ് പ്രാഥമികതലത്തില്‍ ഇതിനുവേണ്ടുന്ന റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്. മിക്കവാറും നിയമവിരുദ്ധമായ കുടിയേറ്റശൃംഖലയുടെ ഭാഗമായാണ് ഇവര്‍ യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും എല്ലാം സജീവമായി നിലനില്‍ക്കുന്ന ലൈംഗികവിപണിയില്‍ എത്തിപ്പെടുന്നത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഈ അധോലോകത്തിന്റെ ലാസ്റ്റ്‌മൈല്‍ കണക്ടിവിറ്റി അഥവാ പ്രവര്‍ത്തനമണ്ഡലം നിയമവാഴ്ചയുടെ എല്ലാ പരിരക്ഷകളും ഉറപ്പുവരുത്തുന്നുവെന്ന് അവകാശപ്പെടുന്ന മുന്‍നിര രാജ്യങ്ങളില്‍തന്നെയാണെന്ന വസ്തുത മുതലാളിത്ത ചൂഷണവും ലൈംഗിക വ്യാപാരവും തമ്മിലുള്ള അഭേദ്യബന്ധത്തെ വെളിപ്പെടുത്തുന്നു.

അങ്ങേയറ്റം ചരക്കുവത്ക്കരിക്കപ്പെട്ട ഒരുത്പന്നമായി ലൈംഗികതയെ രൂപാന്തരപ്പെടുത്തുന്ന ഈ പ്രക്രിയ ഒരു പക്ഷെ മനുഷ്യചരിത്രത്തില്‍ ഇതുവരെ നിലനിനിന്നിട്ടില്ലാത്തതരത്തിലുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് കാരണമാകുന്നു. “സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും മറ്റേതൊരുത്പന്നത്തെയും വാങ്ങാവുന്ന ഒന്നായി പെണ്ണുടലും ആണുടലും മാറിയിരിക്കുന്നു. ആണും പെണ്ണും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ വ്യക്തിപരതയെയും സ്വകാര്യതയെയും പൂര്‍ണമായും നിഷേധിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ദുരവസ്ഥയായി ഈ സ്ഥിതിവിശേഷത്തെ സാമൂഹികശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന് അവശ്യം വേണ്ടുന്ന പ്രതിബദ്ധത ഇല്ലാതാകുന്നതിനുള്ള ഭൗതിക സാഹചര്യം ലൈംഗികവിപണിയില്‍ അവസാനിക്കാതെയെത്തുന്ന ഇരകളുടെ സാന്നിധ്യം കാരണമാകുന്നു. ലൈംഗികതയുടെ ഉദാത്തഭാവങ്ങളെല്ലാം ഉന്‍മൂലനം ചെയ്യപ്പെടുകയും പെണ്ണുടല്‍ ആക്രമണോത്സുകത നിറഞ്ഞ കാമപ്രകടനത്തിനുള്ള ശരീരം മാത്രമായി മാറ്റപ്പെടുകയും, അതാണ് ലൈംഗികതയെന്ന അവബോധത്തിലേക്ക് പൊതുസമൂഹം തന്നെ എത്തിച്ചേരുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.” (കെ.പി. സേതുനാഥ്: പെണ്ണുടല്‍ വിപണി, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013 ജനുവരി 13-19)

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.