വധശിക്ഷ; 34 കോടി; ഇസ്‌ലാം

//വധശിക്ഷ; 34 കോടി; ഇസ്‌ലാം
//വധശിക്ഷ; 34 കോടി; ഇസ്‌ലാം
ആനുകാലികം

വധശിക്ഷ; 34 കോടി; ഇസ്‌ലാം

ഹോദരൻ അബ്ദുൽ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുന്ന തിരക്കിലായിരുന്നു മലയാളികൾ. സർവ്വശക്തന്റെ അനുഗ്രഹത്താൽ അത് സമാഹരിക്കുവാൻ നമുക്ക് കഴിഞ്ഞു. മലയാളികൾ ഒരുമിച്ച് നിന്നു; വ്യക്തികളും സംഘടനകളും പരമാവധി പരിശ്രമിച്ചു; ഏതാനും ദിവസങ്ങൾക്കുള്ളിൽ നമ്മുടെ ഒരു സഹോദരനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ഭീമമായ ഒരു തുക കേരളത്തിലുള്ളവർ പിരിച്ചെടുത്ത് ലോകത്തിന് മാതൃകയായി; സാഹോദര്യത്തിന്റെ ഇതേപോലെയുള്ള ജീവിക്കുന്ന കഥകളാണ് യഥാർത്ഥ ‘കേരളസ്റ്റോറി’ എന്ന് നാം ഭരിക്കുന്നവരെയും ഭരിക്കാനിരിക്കുന്നവരെയും ബോധ്യപ്പെടുത്തി, അൽഹംദുലില്ലാഹ്.…

ഇസ്‌ലാമിനെ തെറി പറയാൻ കിട്ടുന്ന അവസരങ്ങളെയെല്ലാം ഉപയോഗിക്കാൻ പരിശ്രമിക്കുന്നവർ ഈ വിഷയത്തിലും അവരുടെ ദൗത്യം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇസ്‌ലാമിനെയും ശരീഅത്തിനെയും കുറിച്ച തെറ്റിധാരണകൾ സൃഷ്ടിക്കാൻ ഈ അവസരം ഉപയോഗിക്കാനാണ് ശ്രമം. ഇവ്വിഷയകമായ ചില വസ്തുതകൾ കുറിക്കുകയാണ്.

ഒന്ന്) കൊലപാതകിക്ക് വധശിക്ഷ നൽകണമെന്നാണ് ഖുർആൻ കല്പിക്കുന്നത് (2: 178). ബോധപൂർവ്വം ഒരാളെ വധിക്കുന്നതിനാണ് ഈ ശിക്ഷ. കൊലക്കുറ്റം ചെയ്തത് ഒരാൾ ഒറ്റയ്‌ക്കാണെങ്കിലും ഒന്നിലധികം പേർ ചേർന്നാണെങ്കിലും അവർ കൊലക്കുറ്റം ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ എല്ലാവർക്കും വധശിക്ഷ നൽകണമെന്നാണ് ഇസ്‌ലാമികകോടതി വിധിക്കുക.

രണ്ട്) അബദ്ധവശാൽ സംഭവിക്കുന്ന കൊലപാതകത്തിന് വധശിക്ഷ നൽകണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. ബോധപൂർവ്വമല്ലാതെയുണ്ടായ കൊലപാതകമാണെങ്കിൽ, കൊലയാളിക്ക് വധശിക്ഷ നൽകാൻ ഇസ്‌ലാമികശരീഅത്തിൽ നിയമമല്ല. കൊലപാതകം നടന്നത് ബോധപൂർവ്വമല്ലെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടാൽ കൊല്ലപ്പെട്ടയാളുടെ മരണം മൂലം പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാനാണ് ഇസ്‌ലാമികശരീഅത്തിന്റെ അനുശാസന.

മൂന്ന്) കൊലപാതകം നടന്നത് ബോധപൂർവ്വമാണോ അല്ലേ എന്ന് കോടതി പരിശോധിക്കുക സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരിക്കും. ബോധപൂർവ്വമാണെങ്കിലും അല്ലെങ്കിലും കൊലയാളിക്ക് ശിക്ഷ വിധിക്കുവാൻ മാത്രമെ ഇസ്‌ലാമികശരീഅത്ത് കോടതിയെ അനുവദിക്കുന്നുള്ളൂ. അയാളെ ശിക്ഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള പൂർണ്ണമായ അവകാശം കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾക്കാണ്. അവർക്ക് വേണമെങ്കിൽ കൊലയാളിക്ക് മാപ്പ് നൽകി വെറുതെ വിടാം. മാപ്പ് നൽകുവാനും ക്ഷമിക്കുവാനും കാരുണ്യം കാണിക്കാനുമെല്ലാം ഖുർആനും ഹദീഥുകളും വിശ്വാസികളെ പ്രചോദിപ്പിക്കുന്നുണ്ട്.

നാല്) ബോധപൂർവ്വമല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ട കൊലപാതകത്തിന്റെ കാര്യത്തിൽ, വധിക്കപ്പെട്ടയാളുടെ ഉത്തരവാദപ്പെട്ടവർ മാപ്പ് നൽകാൻ സന്നദ്ധമല്ലെങ്കിൽ കോടതി വിധിക്കുക നഷ്ടപരിഹാരത്തുക അഥവാ ദിയ (دية) നൽകുവാനാണ്‌. അത് നൽകിക്കഴിഞ്ഞാൽ അയാൾ കുറ്റമുക്തനാക്കപ്പെടും; പിന്നെ അയാൾക്കെതിരിൽ ശിക്ഷാവിധികളൊന്നുമുണ്ടാവുകയില്ല.

അഞ്ച്) ബോധപൂർവ്വമാണെന്ന് കോടതി കണ്ടെത്തുന്ന കൊലപാതകത്തിന്റെ കാര്യത്തിൽ വധിക്കപ്പെട്ടയാളുടെ കുടുംബത്തിന് കുറ്റവാളിക്ക് മാപ്പ് നൽകാം; എങ്കിൽ ഉപാധികളൊന്നുമില്ലാതെ അയാൾ സ്വാതന്ത്രനാവും. അല്ലെങ്കിൽ നഷ്ടപരിഹാരത്തുക ആവശ്യപ്പെടാം; ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തുക ന്യായമല്ലെങ്കിൽ കോടതിക്ക് ഇടപെടാം; അങ്ങനെ ആവശ്യപ്പെടുന്ന ദിയ നൽകുന്നതോടെ അയാൾ സ്വാതന്ത്രനാവും. മാപ്പ് കൊടുക്കാനോ നഷ്ടപരിഹാരത്തുക സ്വീകരിച്ച് വെറുതെ വിടാനോ ഉത്തരവാദപ്പെട്ടവർ സന്നദ്ധമല്ലെങ്കിൽ മാത്രമാണ് വധശിക്ഷ നടപ്പാക്കാൻ കോടതി നിർദ്ദേശിക്കുക.

ആറ്) സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണക്കോടതിക്ക് മനസ്സിലായത് അബ്ദുൽ റഹീം നടത്തിയത് ബോധപൂർവ്വമായ കൊലപാതകാമെന്നാണ്. 2006 ൽ നടന്ന ഈ സംഭവത്തിന് ശേഷം പതിനെട്ട് വർഷങ്ങൾ കടന്നുപോയി. വ്യത്യസ്തങ്ങളായ മേൽക്കോടതികൾ കേസ് പരിശോധിച്ചു; അവയ്‌ക്കെല്ലാം മനസ്സിലായത് അത് ബോധപൂർവ്വമായ കൊലപാതകമാണെന്നാണ്. അതുകൊണ്ട് തന്നെ അബ്ദുൽ റഹീമിനെ ശിക്ഷിക്കേണമോ ദിയ വാങ്ങി വെറുതെ വിടണമോ മാപ്പ് കൊടുത്ത് ക്ഷമിക്കേണമോ എന്ന് തീരുമാനിക്കേണ്ടത് മരണപ്പെട്ടയാളുടെ കുടുംബമാണെന്ന് കോടതികൾ വിധിച്ചു. മാപ്പ് കൊടുക്കാൻ കുടുംബം സന്നദ്ധമല്ലെന്ന് അറിയിച്ചു. 34 കോടിക്ക് തുല്ല്യമായ സമ്പത്ത് നൽകിയില്ലെങ്കിൽ അദ്ദേഹത്തെ വധശിക്ഷക്ക് വിധേയമാക്കണമെന്നാണ് കുടുംബം തീരുമാനിച്ചത്. അങ്ങനെയാണ് ഇക്കാര്യത്തിലുള്ള കോടതിയുടെ തീരുമാനമുണ്ടാകുന്നത്.

ഏഴ്) അബ്ദുൽ റഹീം നടത്തിയത് ബോധപൂർവ്വമായ കൊലപാതകമാണെന്ന് വിധിക്കുവാൻ കോടതി കണ്ടെത്തിയ കാരണങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി അറിയില്ല. സൗദിയിൽ ഹോംഡ്രൈവറായിരുന്ന അബ്ദുൽ റഹീമിനെ ഏൽപ്പിച്ചത് ജീവൻരക്ഷാ ഉപകരണങ്ങൾ വഴി ജീവൻ നിലനിർത്തുന്ന അവിടെയുള്ള ഒരു കുട്ടിയെ കാറിൽ പുറത്ത് കൊണ്ടുപോവുകയും തിരിച്ച് കൊണ്ടുവരികയുമെന്ന ഉത്തരവാദിത്തമായിരുന്നു. ഒരു ദിവസം കുട്ടിയുമായി വാഹനത്തിൽ സഞ്ചരിക്കുമ്പോൾ റെഡ് സിഗ്നൽ ശ്രദ്ധിക്കാതെ വണ്ടി മുന്നോട്ടെടുക്കുവാനും വേഗതിയിൽ ഓടിക്കാനും അവൻ തന്നോട് ആവശ്യപ്പെട്ടുവെന്നും അത് അനുസരിക്കാത്തതിനാൽ അവൻ തന്റെ മുഖത്ത് തുപ്പിയെന്നും തലയിൽ അടിച്ചുവെന്നും ആദ്യം താൻ ക്ഷമിച്ചുവെന്നും പിന്നെയും അത് തുടർന്നപ്പോൾ തടയാൻ ശ്രമിച്ചുവെന്നും അപ്പോൾ അബദ്ധത്തിൽ കൈ തട്ടി ജീവൻ രക്ഷാ ഉപകരണങ്ങൾ നിലച്ചുവെന്നും അങ്ങനെ കുട്ടി ബോധരഹിതനായിയെന്നും അങ്ങനെയാണ് മരണത്തിന് കീഴടങ്ങിയത് എന്നുമുള്ള അബ്ദുൽ റഹീമിന്റെ വിശദീകരണം നാം കേട്ടതാണ്. അദ്ദേഹത്തിന്റെയും സുഹൃത്ത് മുഹമ്മദ് നസീറിന്റെയും മൊഴികളിലുള്ള വിശദീകരിക്കാനാവാത്ത വൈരുധ്യങ്ങളാണ് അവരെ കുടുക്കിയത് എന്നാണ് അതുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. കൊലപാതകം ബോധപൂർവ്വമായിരുന്നുവെന്ന കീഴ്‌ക്കോടതിയുടെ നിരീക്ഷണം മേൽക്കോടതികളെല്ലാം ശരിവെക്കാനുള്ള കാരണവും അത് തന്നെയായിരിക്കണം. വിധിപ്പകർപ്പ് വായിച്ച് നോക്കിയ ശേഷമേ കൃത്യമായി എന്തെങ്കിലും പറയാനാകൂ.

ഏതായിരുന്നാലും വധശിക്ഷ കാത്ത് കഴിയുകയായിരുന്ന അബ്ദുൽ റഹീമിനും അദ്ദേഹത്തെ കാത്തിരിക്കുന്ന ഉമ്മയടക്കമുള്ള കുടുംബക്കാരുടെയും അദ്ദേഹത്തിനായി പണം പിരിച്ച മലയാളികളുടെയുമെല്ലാം മനസ്സുകളിൽ സന്തോഷം വിരിയിച്ചുകൊണ്ട് അദ്ദേഹം നാട്ടിലെത്തുന്ന സുദിനത്തിനായി നമുക്ക് കാത്തിരിക്കാം.

വധശിക്ഷക്ക് വിധിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഒരാൾക്ക് രക്ഷപ്പെടാൻ രാഷ്ട്രപതിമാരുടെ കാരുണ്യം മാത്രമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ശരണം. കൊലപാതകങ്ങൾ വഴി പ്രയാസങ്ങളനുഭവിച്ചവർക്ക് ആ തീരുമാനത്തിൽ പങ്കുകളൊന്നുമില്ല. ഇസ്‌ലാമികനിയമങ്ങളിൽ അതല്ല സ്ഥിതി. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ രക്ഷിക്കാൻ രാഷ്ട്രനേതാവ് വിചാരിച്ചാൽ പോലും കഴിയില്ല. അതിന്ന് വധിക്കപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ തന്നെ തീരുമാനിക്കണം. അയാളെ വെറുതെ വിടണോ ദിയ വാങ്ങി സ്വാതന്ത്രനാക്കണോ വധിക്കണോ എന്ന് തീരുമാനിക്കുന്നത് മരണം മൂലം ദുരിതവും ദുഃഖവുമുണ്ടായ അടുത്ത ബന്ധുക്കളാണ്; അവർ മാത്രമാണ്.

കൊലയാളിക്ക് വധശിക്ഷ നൽകണമെന്ന് നിഷ്കർഷിക്കുന്നതോടൊപ്പം അത് നടപ്പാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള ആത്യന്തികമായ അധികാരം കൊല്ലപ്പെട്ടയാളുടെ വിയോഗം മൂലം ദുഖവും നഷ്ടവുമനുഭവിക്കുന്ന കുടുംബത്തിന് നൽകുന്നുവെന്നതാണ് വധശിക്ഷയുടെ കാര്യത്തിലുള്ള ഇസ്‌ലാമികനിയമത്തിന്റെ മാനവികത. ഇസ്‌ലാമിക നിയമങ്ങളുടെ ഈ കാരുണ്യമില്ലായിരുന്നുവെങ്കിൽ അബ്ദുൽ റഹീമിന് ഒരിക്കലും നാട്ടിലെത്താൻ കഴിയുമായിരുന്നില്ല. മനുഷ്യനെയും ഉയരാനും താഴാനുമുള്ള അവനുള്ള സാധ്യതകളെയും കൃത്യമായി അറിയാവുന്ന പടച്ചവന്റെ കാരുണ്യത്തിന്റെ വെളിച്ചമാണ് ഇസ്‌ലാമികനിയമങ്ങളിലെല്ലാം നമുക്ക് കാണാൻ കഴിയുന്നത്. പരമകാരുണികനാണ് സർവ്വസ്തുതികളും !!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.