”നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്.നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്.അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി നീ തര്‍ക്കിക്കരുത്. മഹാവഞ്ചകനും അധര്‍മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല” (ക്വുര്‍ആന്‍ 4:105-107)
പ്രവാചകകാലഘട്ടത്തില്‍ നടന്ന ഒരു മോഷണ സംഭവവുമായി ബന്ധപ്പെട്ട് അവതരിച്ചതാണ് വിശുദ്ധ ക്വുര്‍ആനിലെ പ്രസ്തുത സൂക്തങ്ങള്‍. നബി (സ) ഒന്നിച്ചുണ്ടായിരുന്ന ഒരു പടയെടുപ്പില്‍ അന്‍സ്വാറുകളില്‍പ്പെട്ട (മദീനയില്‍ മുസ്‌ലിംകള്‍ക്ക് അഭയം നല്‍കിയ വിശ്വാസികള്‍) ഖത്താദത്തുബ്‌നു നുഅ്മാനും, അദ്ദേഹത്തിന്റെ പിതൃവ്യന്‍ രിഫാഅത്തും പങ്കെടുത്തിരുന്നു. അവരില്‍ ഒരാളുടെ പടയങ്കി കളവുപോയി. മുസ്‌ലിംകളില്‍പെട്ട ബനൂളഫ്ര്‍ ഗോത്രക്കാരനായ ഉബൈരിക്വിന്റെ മക്കള്‍ എന്നറിയപ്പെട്ട ഒരു കുടുംബത്തെപ്പറ്റി സംശയം ഉടലെടുക്കു കയും ചെയ്തു. അതനുസരിച്ച് അങ്കിയുടെ ഉടമസ്ഥന്‍ നബി(സ)യുടെ അടുക്കലെത്തി ഉബൈരിക്വിന്റെ മകന്‍ ത്വഅ്മത്ത് എന്ന വ്യക്തിക്കെ തിരെ പരാതി ഉന്നയിക്കുകയും ചെയ്തു. നബി(സ)യുടെ സന്നിധിയില്‍ തനിക്കെതിരെ മോഷണാരോപണം ഉന്നയിക്കപ്പെട്ട വിവരമറിഞ്ഞ ത്വഅ്മത്ത് മോഷണ മുതല്‍ രാത്രിസമയത്ത് സൈദുബ്‌നുസ്സമീന്‍ എന്ന ഒരു ജൂതന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ചു. പടയങ്കി ജൂതന്റെ വീട്ടിലുണ്ടെന്ന വിവരം അയാള്‍ തന്നെ ചിലരെ അറിയിക്കുകയും മോഷണക്കുറ്റം ജൂതന്റെ മേല്‍ ആരോപിക്കുകയും ചെയ്തു. താന്‍ നിരപരാധിയാണെന്നു തെളിയിക്കുവാന്‍ ജൂതന്‍ പരിശ്രമിച്ചെങ്കിലും തൊണ്ടി മുതല്‍ കണ്ടെടുക്കപ്പെട്ടത് അയാളുടെ വീട്ടില്‍ നിന്നായതിനാല്‍ നബി (സ) ആ മനുഷ്യനെ തെറ്റിദ്ധരിക്കുകയും ത്വഅ്മത്തിന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ചെയ്തു. ഒരു മനുഷ്യന്‍ എന്ന നിലയില്‍ സാഹചര്യത്തെളിവുകളെ അടിസ്ഥാനപ്പെടുത്തി പ്രവാചകന്‍ സ്വീകരിച്ച നടപടി മനുഷ്യസഹജമാണെങ്കിലും നിരപരാധിയായ ഒരാള്‍ അതുമൂലം വേദനിക്കുന്ന സ്ഥിതിവിശേഷം അവിടെ സംജാതമായി. ഉടനെ പ്രവാചകന് ദിവ്യവെളിപാടുണ്ടാവു കയും പ്രസ്തുത സംഭവത്തിന്റെ നിജസ്ഥിതി അല്ലാഹു ക്വുര്‍ആനിലെ സൂക്തങ്ങളിലൂടെ അവിടുത്തെ അറിയിക്കുകയും ജൂതന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ചെയ്തു. അറിയാതെയാണെങ്കിലും സംഭവിച്ചുപോയ മാനുഷികമായ നയവൈകല്യത്തില്‍ ഖേദിച്ചു മടങ്ങാന്‍ നബി(സ)യോട് ആവശ്യപ്പെട്ടതോടൊപ്പം തന്നെ അല്ലാഹു വഞ്ചന നടത്തുന്നതിന്റെയും വഞ്ചകര്‍ക്കുവേണ്ടി വാദിക്കുന്നതിന്റെയും ഗൗരവം ഉണര്‍ത്തുകയും ചെയ്തു.
വഞ്ചന ഇസ്‌ലാം വലിയ പാപമായി കാണുന്നു. ദൈവത്തിന്റെ ശാപകോപങ്ങള്‍ക്ക് വിധേയമാകുന്ന നികൃഷ്ടസ്വഭാവങ്ങളിലാണ് ഇസ്‌ലാം വഞ്ചനയെ എണ്ണുന്നത്. വഞ്ചിക്കുന്നവന്‍ നിന്ദ്യനാണെന്നും മാന്യതയുടെ ഒരു തരിമ്പുപോലും അവന് അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്നും വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും വായിക്കുന്ന ഏതൊരാളും മനസ്സിലാക്കുന്ന വസ്തുതയാണ്. ഭൗതികജീവിതത്തിലും പാരത്രിക ജീവിതത്തിലും അത്തരക്കാര്‍ക്ക് സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും ശാപമുണ്ടായിരിക്കും. പക്ഷേ ലോകം മുഴുക്കെ ഇന്നു നാം കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും വഞ്ചനയുടെ വ്യാപനമാണ്. മുതലാളിത്തം പണിതീര്‍ത്ത നവലോകക്രമത്തില്‍ വഞ്ചന പലപ്പോഴും സമര്‍ത്ഥതയുടെ പര്യായപദമായി അലങ്കരിക്കപ്പെടുകയാണ്. നന്നെ ചെറിയ ഒരു വിഭാഗത്തിന്റെ താല്‍പര്യ സംരക്ഷണാര്‍ത്ഥം ഭൂരിപക്ഷം മനുഷ്യരും വഞ്ചിക്കപ്പെടുന്ന സാമൂഹ്യസാഹചര്യം നിലവിലില്ലാത്ത ഒരു തരി മണ്ണുപോലും ഇന്നു പാരിലില്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്‌കാരികമായ സകല മേഖലകളിലും വഞ്ചന അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു.
വഞ്ചന പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദനയും രോഷവുമാണ് മനുഷ്യനില്‍ സൃഷ്ടിക്കുന്നത്. അതു പലപ്പോഴും തകര്‍ത്തെറിയുന്നത് അവന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും പ്രത്യാശകളെയുമാണ്. വഞ്ചിക്കപ്പെട്ട മനുഷ്യനെക്കാള്‍ വേദനയും രോഷവും മറ്റൊരാളി ലും കണ്ടെത്താനാവില്ല. അത്രമേല്‍ അതു മനുഷ്യഹൃദയത്തെ വരിഞ്ഞു മുറുക്കുന്നു. അതുകൊണ്ടാണ് വഞ്ചിച്ചുനേടുന്ന ഏതൊരു നേട്ടവും ഐശ്വര്യമറ്റതും അല്‍പായുസ്സുള്ളതുമാണെന്ന് പറയുന്നത്. കാരണം ആ നേട്ടങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ടത് ഒരുപാട് മനുഷ്യരുടെ കണ്ണീരിനും ശാപത്തിനും മേലാണ്. തകര്‍ന്നടിഞ്ഞ കനവുകള്‍ക്കും പ്രതീക്ഷകള്‍ക്കും മുകളിലാണ് അത് വാര്‍ത്തെടുക്കപ്പെടുന്നത്. പിന്നെ എങ്ങനെയാണ് ആ നേട്ടങ്ങള്‍ക്ക് ഐശ്വര്യമുണ്ടാവുക? ദീര്‍ഘായുസ്സുണ്ടാവുക? മരണാനന്തര ജീവിതത്തില്‍ നരകശിക്ഷയായിരിക്കും വഞ്ചകര്‍ക്കുള്ള പ്രതിഫലം. അതുകൊണ്ടാണ് നബി (സ) പറഞ്ഞത് ‘കുതന്ത്രവും ചതിയും വഞ്ചനയും നരകത്തിലാണ്’ (അബൂദാവൂദ്) എന്ന്. വഞ്ചിക്കാതെ നേടുന്നതിന് നിത്യമധുരമുണ്ട്. ഐശ്വര്യത്തിന്റെ നൈരന്തര്യത അതിനുണ്ടായിരിക്കും. ഒരാളുടെയും ശാപവും കണ്ണുനീരും അതില്‍ കലര്‍ന്നിട്ടുണ്ടാവില്ല. ഭൗതിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും ആ നേട്ടങ്ങള്‍ ആസ്വാദ്യകരമായിരിക്കും. അതിനാല്‍ നാം വിശ്വസ്തത കാത്തുസൂക്ഷിക്കുക; രാഷ്ട്രത്തോടും സമൂഹത്തോടും വ്യക്തികളോടും. എല്ലാവരും ചിരിക്കട്ടെ; നമ്മെ പോലെ.
جزاكم الله خيرا و احسن الجزء