ലോകാവസാനം: നബിﷺ പ്രവചിച്ചത് പിഴച്ചുവോ ? -1

//ലോകാവസാനം: നബിﷺ പ്രവചിച്ചത് പിഴച്ചുവോ ? -1
//ലോകാവസാനം: നബിﷺ പ്രവചിച്ചത് പിഴച്ചുവോ ? -1
ആനുകാലികം

ലോകാവസാനം: നബിﷺ പ്രവചിച്ചത് പിഴച്ചുവോ ? -1

ലോകാവസാനത്തെ സംബന്ധിച്ച മുഹമ്മദ് നബിയുടെ(സ) പല പ്രവചനങ്ങളും പരാജയപ്പെട്ടതായാണ് പുതിയ പ്രചരണങ്ങൾ. മുഹമ്മദ് നബി (സ) അന്ത്യനാളിനെ സംബന്ധിച്ച് പ്രവചിച്ച, ക്ലിപ്‌തയുഗത്തിൽ അന്ത്യനാൾ സംഭവിച്ചില്ല എന്നത് അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ വിശ്വാസ്യതയെ അസാധുവാക്കുന്നു എന്നാണ് വിമർശനം. ഈ ആരോപണം സ്ഥാപിക്കാനായി ഉദ്ധരിക്കുന്ന ഹദീസുകളാകട്ടെ ലോകാവസാനത്തിന്റെ ക്ലിപ്തമായ കാലഘട്ടമൊ പരിധിയൊ വർഷമൊ തിയ്യതിയൊ ഒന്നും തന്നെ സൂചിപ്പിക്കുന്നവയല്ല എന്നതാണ് വാസ്തവം. ഈ വസ്തുത തെളിവു സഹിതം ചർച്ചാ വിധേയമാക്കുകയാണ് ഇവിടെ.

വിമർശനം1:

അന്ത്യ വേളയെ സംബന്ധിച്ച് ചില ഗ്രാമീണർ മുഹമ്മദ് നബിയോട് നിരന്തരം ചോദിച്ചു കൊണ്ടിരുന്നപ്പോൾ അവരിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെ ചൂണ്ടി അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി:
“ഈ പയ്യൻ ജീവിക്കുകയാണെങ്കിൽ ഇവന് വാർധക്യം പ്രാപിക്കുമ്പോഴേക്കും അന്ത്യം സംഭവിചേക്കാം”

(സ്വഹീഹു മുസ്‌ലിം: 7276)

ആ ‘പയ്യൻ’ മരണപ്പെട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ലോകാവസാനം സംഭവിക്കാതിരുന്നത് മുഹമ്മദ് നബിയുടെ പ്രവചനം പരാജയപ്പെട്ടുവെന്നതിന് തെളിവല്ലെ ?

മറുപടി:

a) മനുഷ്യർ ആസകലം ഈ ലോകത്തു നിന്ന് ഉച്ചാടണം ചെയ്യപ്പെടുന്ന, ജൈവലോകം സമ്പൂർണമായി ഉന്മൂലനം ചെയ്യപ്പെടുന്ന, ഭൗതീക പ്രപഞ്ചത്തിന്റെ അന്തർദ്ധാനത്തെ കുറിക്കുന്ന ‘അസ്സാഅ: അൽഉള്മാ’ (മഹാ അന്ത്യം) എന്നറിയപ്പെടുന്ന ‘ലോകാവസാന’ത്തെ സംബന്ധിച്ച അറിവ്, ദൈവം മാത്രമാണ് ഉടമപ്പെടുത്തുന്നത്. മുഹമ്മദ് നബിയടക്കം (സ) സൃഷ്ടികളിൽ ഒരാളുമായി ഈ അഭൗതീക ജ്ഞാനം ദൈവം പങ്കു വെച്ചിട്ടില്ല എന്ന് ക്വുർആനും മുഹമ്മദ് നബിയും (സ) അടിക്കടി ആവർത്തിച്ചു ഉറപ്പിക്കുന്നുണ്ട്:

“തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌..”
(ക്വുർആൻ: 31:34)

“അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്‌. പറയുക (നബിയെ): അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ മാത്രമാണ്‌. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്‌. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല.”
(ക്വുർആൻ: 7:187)

“ജനങ്ങള്‍ അന്ത്യസമയത്തെപ്പറ്റി നിന്നോട് ചോദിക്കുന്നു. പറയുക (നബിയെ): അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. നിനക്ക് (അതിനെപ്പറ്റി) അറിവുനല്‍കുന്ന എന്തൊന്നാണുള്ളത്‌? അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം.”
(ക്വുർആൻ: 33:63)

متى الساعة؟ فقال: ما المسئول عنها بأعلم من السائل

ലോകാന്ത്യം എപ്പോഴാണ് എന്ന് ചോദിച്ച മലക്ക് ജിബ്‌രീലിനോട് പ്രവാചകൻ (സ) പറഞ്ഞ മറുപടി: “ചോദിക്കപ്പെട്ടവൻ ചോദ്യകർത്താവിനേക്കാൾ അതിനെ സംബന്ധിച്ച് അറിവുള്ളവനല്ല.”
(സ്വഹീഹുൽ ബുഖാരി: 50, സ്വഹീഹു മുസ്‌ലിം: 99)

ലോകാവസാനത്തെ സംബന്ധിച്ച അറിവ് തനിക്കില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്ന മുഹമ്മദ് നബി (സ) തന്നെ അതിന്റെ സമയവും കാലവും ക്ലിപ്തമായി പ്രസ്ഥാവിച്ചു എന്ന് വാദിക്കുന്നതിലെ യുക്തിരാഹിത്യം സുവ്യക്തമാണ്.

b) തനിക്ക് ശേഷം നൂറ്റാണ്ടുകൾ തന്റെ സമുദായം ജീവിക്കുമെന്ന് പ്രവാചകൻ (സ) തന്നെ വ്യക്തമാക്കിയതായി ഒട്ടനവധി ഹദീസുകൾ സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലുമൊക്കെ ഉണ്ടെങ്കിലും അതിന്നും കാണാത്ത മട്ടിലാണ് വിമർശകർ. ഒരു ഉദാഹരണം കാണുക:

خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ يَجِيءُ أَقْوَامٌ تَسْبِقُ شَهَادَةُ أَحَدِهِمْ يَمِينَهُ، وَيَمِينُهُ شَهَادَتَهُ
“മനുഷ്യരിൽ ഏറ്റവും ഉത്തമർ എന്റെ തലമുറയാണ്, ശേഷം അവരുടെ പിന്നിൽ വരുന്ന തലമുറ, ശേഷം അവരുടെ പിന്നിൽ വരുന്ന തലമുറ. പിന്നീട് ചില ജനതകൾ വരും, അവരിൽ ഒരുവന്റെ സാക്ഷ്യത്തെ അവന്റെ ശപഥം മുൻകടക്കും…”
(സ്വഹീഹുൽ ബുഖാരി: 2652, സ്വഹീഹു മുസ്‌ലിം: 2533)

ഈ ഹദീസിനെ ‘ക്വർന്’ (قَرْن) എന്ന പദത്തിന് തലമുറ എന്നും നൂറ്റാണ്ട് എന്നും അർത്ഥമുണ്ട്. അപ്പോൾ മുഹമ്മദ് നബിക്ക്(സ) ശേഷം ചുരുങ്ങിയത് മൂന്നും അതിലധികവും തലമുറകൾ അല്ലെങ്കിൽ നൂറ്റാണ്ടുകൾ മനുഷ്യ ജീവിതം ദീർഘിപ്പിക്കപ്പെടുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു. പിന്നെ എങ്ങനെയാണ് ഒരു തലമുറയോടെ ‘ലോകാവസാനം’ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി (ദുർ)വ്യാഖ്യാനിക്കപ്പെടുക ?!

c) വിമർശന വിധേയമായ ഹദീസിലേക്ക് തന്നെ വരാം:

അന്ത്യ വേളയെ സംബന്ധിച്ച് നിരന്തരമായി ചോദിച്ചു കൊണ്ടിരുന്നവരോട് അവരിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെ ചൂണ്ടി
“ഈ പയ്യൻ ജീവിക്കുകയാണെങ്കിൽ ഇവന് വാർധക്യം പ്രാപിക്കുമ്പോഴേക്കും അന്ത്യം സംഭവിചേക്കാം” എന്ന് പ്രവാചകൻ പറഞ്ഞു എന്ന് പ്രവാചകാനുചരൻ അനസ് ബിൻ മാലിക് (റ) പറഞ്ഞ സംഭവം (സ്വഹീഹു മുസ്‌ലിം: 7276) വിശദവും വ്യക്തവുമായ രൂപത്തിൽ പ്രവാചകപത്നി ആഇശ (റ) ഉദ്ധരിക്കുന്നുണ്ട്. ആ നിവേദനവും സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും എഴുതപ്പെട്ടിട്ടുണ്ട്. പക്ഷെ അവ കൂടി ചേർത്ത് വെച്ച് അവതരിപ്പിച്ചാൽ ഹദീസിനെ ദുർവ്യാഖ്യാനിക്കാൻ കഴിയില്ല എന്നതുകൊണ്ട് സൗകര്യപൂർവ്വം ഒഴിവാക്കുകയാണ് ഇസ്‌ലാം വിമർശകരുടെ പതിവ്.

ﻋﻦ ﻋﺎﺋﺸﺔ، ﻗﺎﻟﺖ: ﻛﺎﻥ ﺭﺟﺎﻝ ﻣﻦ اﻷﻋﺮاﺏ ﺟﻔﺎﺓ، ﻳﺄﺗﻮﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻴﺴﺄﻟﻮﻧﻪ: ﻣﺘﻰ اﻟﺴﺎﻋﺔ؟ ﻓﻜﺎﻥ ﻳﻨﻈﺮ ﺇﻟﻰ ﺃﺻﻐﺮﻫﻢ ﻓﻴﻘﻮﻝ: «ﺇﻥ ﻳﻌﺶ ﻫﺬا ﻻ ﻳﺪﺭﻛﻪ اﻟﻬﺮﻡ ﺣﺘﻰ ﺗﻘﻮﻡ ﻋﻠﻴﻜﻢ ﺳﺎﻋﺘﻜﻢ»، ﻗﺎﻝ ﻫﺸﺎﻡ: ﻳﻌﻨﻲ ﻣﻮﺗﻬﻢ
ആഇശ (റ) പറഞ്ഞു: അപരിഷ്കൃതരായ ഗ്രാമീണ അറബികളിൽ ചിലർ പ്രവാചകന്റെ(സ) അടുത്തു വന്ന് “എന്നാണ് അന്ത്യ സമയം ?” എന്ന് ചോദിക്കുമായിരുന്നു. അപ്പോൾ അവരിലെ ഏറ്റവും പ്രായം കുറഞ്ഞവനെ നോക്കി കൊണ്ട് അദ്ദേഹം ഇപ്രകാരം പറയും: “ഈ പയ്യൻ ജീവിക്കുകയാണെങ്കിൽ ഇവന് വാർധക്യം പ്രാപിക്കുമ്പോഴേക്കും നിങ്ങളുടെ അന്ത്യ സമയം സംഭവിക്കും” ഹിശാം പറഞ്ഞു: അഥവാ അവരുടെ മരണം.
(സ്വഹീഹുൽ ബുഖാരി: 6511)

ﺇﻥ ﻳﻌﺶ ﻫﺬا، ﻟﻢ ﻳﺪﺭﻛﻪ اﻟﻬﺮﻡ، ﻗﺎﻣﺖ ﻋﻠﻴﻜﻢ ﺳﺎﻋﺘﻜﻢ
“ഇവൻ ജീവിക്കുകയാണെങ്കിൽ നിങ്ങളുടെ അന്ത്യ സമയം നിങ്ങളുടെ മേൽ സംഭവിച്ചിട്ടല്ലാതെ ഇവന് വാർധക്യം പ്രാപിക്കുകയില്ല.”
(സ്വഹീഹുൽ മുസ്‌ലിം: 136)

ദൈവത്തിനല്ലാതെ സൃഷ്ടികളിൽ മറ്റാർക്കും അറിവ് നൽകപ്പെട്ടിട്ടില്ലാത്ത മനുഷ്യരാശിയുടെ ‘അന്ത്യനാളിനെ’ സംബന്ധിച്ച് ആവശ്യത്തിനുപരി ചിന്തിച്ചും ചോദിച്ചും സമയവും ഊർജവും പാഴാക്കുന്ന ഗ്രാമീണരോട്, ‘അവരുടെ അന്ത്യ സമയത്തെ’ (അഥവാ മരണത്തെയും ലോകത്തു നിന്നുമുള്ള വിയോഗത്തെയും) സംബന്ധിച്ച് ചിന്തിക്കാൻ വഴി കാട്ടുകയാണ് പ്രവാചകൻ (സ) ചെയ്തത്. അല്ലാതെ ലോകാവസാനത്തിന്റെ തിയ്യതി കുറിച്ചു കൊടുക്കുകയല്ല. (ﻗﺎﻣﺖ ﻋﻠﻴﻜﻢ ﺳﺎﻋﺘﻜﻢ) “നിങ്ങളുടെ അന്ത്യ സമയം നിങ്ങളുടെ മേൽ സംഭവിക്കും” എന്ന് പ്രവാചകൻ (സ) പറഞ്ഞതായി ഹദീസിന്റെ വിശദരൂപത്തിൽ തന്നെ വ്യക്തമാക്കപ്പെട്ടല്ലൊ. കൂടാതെ ഹദീസ് ഉദ്ധരിക്കുന്ന റാവി ഹിശാം ഇബ്നു ഉർവ്വ (ജനനം: 61 ഹിജ്റാബ്ദം) തന്നെ “നിങ്ങളുടെ അന്ത്യ സമയം” എന്നതുകൊണ്ട് പ്രവാചകൻ (സ) ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ (സ) സംബോധിതരായ ആളുടെ മരണമാണെന്നും ഹദീസിൽ തന്നെ നാം കണ്ടു.

ഹദീസിൽ തന്നെ പ്രവാചക വാചകത്തിൽ ഉദ്ദേശിക്കപ്പെട്ട ‘അസ്സാഅ:’യുടെ (അന്ത്യം) അർത്ഥം വ്യക്തമാണ് എന്നിരിക്കെ ഹദീസിന്റെ ഏറ്റവും സംഗ്രഹരൂപത്തിലുളള നിവേദനം മാത്രം എടുത്തു വെച്ച്  ‘അസ്സാഅ:’ക്ക് ‘ലോകാവസാനം’ എന്ന് അർത്ഥം നൽകുന്നത് ദുരുദ്ദേശ്യപരമാണ്. ഇത് ഹദീസിന്റെ പൂർണ രൂപത്തിനും അറബി ഭാഷക്കും എല്ലാം എതിരാണ്. പൗരാണി അറബികൾ പ്രസ്ഥുത പദത്തെ ഉപയോഗിച്ചിരുന്ന അർത്ഥവ്യാപ്തിയെ സംബന്ധിച്ച് യാതൊരു വിവരവുമില്ലാത്തവർക്കു മാത്രമെ ഈ തെറ്റിദ്ധാരണ സംഭവിക്കു.

‘അസ്സാഅ:’ (الساعة) എന്ന പദത്തിന്റെ ഭാഷാർത്ഥം സമയം, മണിക്കൂർ, മണി (O’clock), വാച്ച്, ക്ലോക്ക് എന്നൊക്കെയാണ് ആധുനിക ഡിക്ഷ്ണറികളിൽ കാണുക. ക്വുർആനിലും ഹദീസിലും സാങ്കേതികമായി ‘അന്ത്യ സമയത്തെ’ കുറിക്കാൻ ഈ പദം ധാരാളമായി പ്രയോഗിച്ചിട്ടുണ്ട്. അന്ത്യ സമയം, അന്ത്യ ഘട്ടം, അന്ത്യ മണിക്കൂർ, അന്ത്യദിനം എന്നിങ്ങനെയൊക്കെ സാങ്കേതിക പദമായി ഉപയോഗിക്കപ്പെടുമ്പോൾ ‘അസ്സാഅ:’ക്ക് അർത്ഥം നൽകപ്പെടാറുണ്ട്. ലോകാവസാനത്തിന് പുറമെ ഒരു വ്യക്തിയുടെയൊ സംഘത്തിന്റെയൊ മരണത്തെയും, ഒരു തലമുറയുടെയൊ ജനതയുടെയൊ തിരോധാനത്തെയും, ഒരു നൂറ്റാണ്ടിന്റെയൊ സമുദായത്തിന്റെയൊ അവസാനത്തെയും എല്ലാം ‘അസ്സാഅ:’ അഥവാ ‘അന്ത്യ ഘട്ടം’ എന്ന് അറബി ഭാഷയിൽ പ്രയോഗിക്കപ്പെടും. ലോകാവസാനം, ജീവിതാവസാനം, തലമുറയുടെ അവസാനം എന്നൊക്കെയുളള ഉദ്ദേശ്യാർത്ഥം ഓരോ സാഹചര്യത്തിനനുസരിച്ച് ‘അസ്സാഅ:’ (അന്ത്യ സമയം) എന്ന പദം പ്രയോഗിക്കപ്പെടും.

ഇബ്നു തീമിയ പറഞ്ഞു:
“‘അസ്സാഅ:’ (അന്ത്യ വേള) എന്നതുകൊണ്ട് പ്രവാചകൻ (സ) ഉദ്ദേശിച്ചത് ഒരു തലമുറയുടെ അന്ത്യമാണ് എന്ന് സ്വഹീഹുൽ ബുഖാരിയിലൂടെ സ്ഥാപിതമായ കാര്യമാണ്… മനുഷ്യരെല്ലാം തങ്ങളുടെ ശ്മശാനങ്ങളിൽ നിന്ന് ദൈവ സന്നിധിയിലേക്ക് ഉയിർത്തെഴുന്നേൽക്കപ്പെടുന്ന ലോകാവസാനമല്ല ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഈ പയ്യൻ വയസ്സാവുമ്പോഴേക്കും സംഭവിക്കുമെന്ന് പറഞ്ഞ ‘അസ്സാഅ:’ ശ്രോദ്ധാക്കളായ മനുഷ്യരുടെ മരണവും പ്രസ്ഥുത തലമുറയുടെ തിരോധാനവുമാണ്. പ്രവാചക ശിഷ്യൻ മുഗീറത്തിബ്നു ശുഅ്ബ പറഞ്ഞത് ഇതിന് തെളിവാണ്: ജനങ്ങളെ, നിങ്ങൾ ‘ക്വിയാമ:’ (ഉയിർത്തെഴുന്നേൽപ്പ്) എന്ന് വിളിക്കുന്നത് (സർവ്വ മനുഷ്യരും ദൈവസന്നിധിയിൽ ഹാജരാക്കപ്പെടുന്ന മഹാ) ഉയിർത്തെഴുന്നേൽപ്പിനെയാണ്. എന്നാൽ ആർ മരണപ്പെട്ടുവോ അവന്റെ ക്വിയാമത്ത് (ഉയിർത്തെഴുന്നേൽപ്പ്) സംഭവിച്ചു കഴിഞ്ഞു.
(അൽ ഇസ്തികാമ: 1: 67)

ഇമാം നവവി എഴുതി:
“കാദി ഇയാദ് (ജനനം ഹിജ്റാബ്ദം:476) പറഞ്ഞു: ‘നിങ്ങളുടെ സാഅ:’ (അന്ത്യ വേള) എന്ന് പ്രവാചകൻ (സ) പറഞ്ഞതിന്റെ അർത്ഥം ശ്രോദ്ധാക്കളായ തലമുറയുടെ മരണവും വിയോഗവുമാണ്. പ്രസ്ഥുത അഭിസംബോധകർ അല്ലെങ്കിൽ ആ തലമുറയിൽ പെട്ടവരുടെ അന്ത്യമാണ് ഉദ്ദേശ്യം.”
(ശർഹു മുസ്‌ലിം : 18:90)

‘അസ്സാഅ: അൽഉള്മാ’ ( الساعة العظمى മഹാ അന്ത്യം) എന്നറിയപ്പെടുന്ന ‘ലോകാവസാന’ത്തെ സംബന്ധിച്ച, ദൈവത്തിന് മാത്രം അറിവുള്ള ഒരു കാര്യത്തെ സംബന്ധിച്ച് ആവർത്തിച്ച് ചോദിച്ച് സമയവും ജീവിതാവസരങ്ങളും നഷ്ടപ്പെടുത്തരുത്. കാരണം നിങ്ങളുടെ  ഓരോരുത്തരുടെയും ‘അസ്സാഅ:’ (അന്ത്യ വേള) ഏകദേശം നൂറു വർഷത്തിനിടയിൽ സംഭവിക്കും. അതിനാൽ സ്വന്തം അവസാന വേളയെ സംബന്ധിച്ച് ചിന്തിച്ച് അതിനായി ഒരുങ്ങുകയും സൽകർമ്മങ്ങളിൽ നിരതരാവുകയും ചെയ്യുക എന്നാണ് ഹദീസിലൂടെ പ്രവാചകൻ (സ) നൽകുന്ന പാഠം. ‘അസ്സാഅ: അൽഉള്മാ’ (മഹാ അന്ത്യം) എന്നറിയപ്പെടുന്ന ലോകാവസാനത്തെ സംബന്ധിച്ച ചോദ്യങ്ങളുടെ ധാരാളിത്വം പ്രവാചകന് (സ) പ്രിയമുള്ളതായിരുന്നില്ല എന്ന് ഹദീസുകളിൽ നിന്ന് തന്നെ വ്യക്തമാണ്. ഒരിക്കൽ അന്ത്യ വേളയെ സംബന്ധിച്ച് ആരാഞ്ഞ ഒരാളോട് പ്രവാചകൻ (സ), “കഷ്ടം ! ആ അവസരത്തിനായി നീ എന്താണ് (സൽകർമ്മങ്ങൾ) ഒരുക്കി വെച്ചിട്ടുള്ളത്?!” എന്ന് പ്രവാചകൻ (സ) തിരിച്ചു ചോദിക്കുകയാണുണ്ടായത്. (സ്വഹീഹുൽ ബുഖാരി:6167, സുനനു തുർമുദി: 2385)

ഇബ്നു ഹജർ പറഞ്ഞു: “ഇസ്മാഈലി പറഞ്ഞു: ‘അസ്സാഅ:’ (അന്ത്യ വേള) എന്നത് കൊണ്ട് ഉദ്ദേശ്യം പ്രവാചകന്റെ അടുക്കൽ സന്നിഹിതരായവരുടെ അന്ത്യമാണ്. അഥവാ അവരുടെ മരണം. അവരുടെ മരണത്തെ ‘അസ്സാഅ:’ (അന്ത്യ വേള) എന്ന് പ്രയോഗിക്കപ്പെടുന്നതിന്റെ കാരണം മരണം പരലോക കാര്യങ്ങളിലേക്ക് അവരെ വഹിച്ചുകൊണ്ടു പോവുന്നു എന്നതാണ്. ‘അസ്സാഅ: അൽഉള്മാ’ (മഹാ അന്ത്യം) എന്നറിയപ്പെടുന്ന ലോകാവസാനത്തെ സംബന്ധിച്ച അറിവ് ദൈവത്തിന് മാത്രം അറിയുന്നതാണ് എന്ന് ഈ ഹദീസ് ഉറപ്പിക്കുന്നു. ക്വുർആനും ധാരാളം ഹദീസുകളും വ്യക്തമാക്കുന്നത് ലോകാവസാനത്തെ സംബന്ധിച്ച അറിവ് ദൈവത്തിന് മാത്രം അറിയുന്നതാണ് എന്ന വസ്തുതയാണ്… ‘അസ്സാഅ:'(അന്ത്യ വേള) എന്നതിനെ സംബന്ധിച്ച ഈ അർത്ഥാന്തരങ്ങൾ അറബികളുടെ അടുക്കൽ വളരെ പ്രചാരത്തിലുള്ളതാണ്…”
(ഫത്ഹുൽ ബാരി:10:556)

ഹദീസിന്റെ പൂർണരൂപമടങ്ങുന്ന ആഇശയുടെ നിവേദനത്തിന്റെ വെളിച്ചത്തിൽ ഇതേ വ്യാഖ്യാനം തന്നെ ‘അൽമസ്വാബീഹ്’, ‘അൽ മശാരിക്’ എന്നീ ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനം രചിച്ച പണ്ഡിതന്മാരും ഇമാം ദാവൂദിയും, കാദി ഇയാദും, ക്വുർതുബിയും എല്ലാം വിശദീകരിച്ചിട്ടുണ്ട്.
(ഫത്ഹുൽ ബാരി: 10:572)

ഇബ്നുകസീർ പറഞ്ഞു: “അനസിന്റെ(റ) നിവേദനത്തിലുള്ള പോലെ, ‘അസ്സാഅ:’ (അന്ത്യ വേള) എന്ന പദം നിരുപാധികമായി വന്ന നിവേദനങ്ങൾ, ആഇശയുടെ(റ) നിവേദനത്തിൽ സോപാധികമായി വന്ന “നിങ്ങളുടെ അന്ത്യ വേള” എന്ന പദപ്രയോഗത്തിലൂടെയാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്.”
(മആരിജുൽ കുബൂൽ: 2: 592)

‘അൽക്വിയാമ:’ (اﻟﻘﻴﺎﻣﺔ) അഥവാ ‘ഉയിർത്തെഴുന്നേൽപ്പ് ‘എന്ന സാങ്കേതിക പദത്തിന്റെ കാര്യം ഇപ്രകാരം തന്നെയാണ്. സർവ്വ മനുഷ്യരും ദൈവസന്നിധിയിൽ ഹാജരാക്കപ്പെടുന്ന ‘മഹാ ഉയിർത്തെഴുന്നേൽപ്പ്’ എന്നതിന് പുറമെ ഓരോ മനുഷ്യരുടെയും മരണത്തെ അവരവരുടെ ‘ഉയിർത്തെഴുന്നേൽപ്പ് ‘ എന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ ധാരാളമായി വിളിച്ചിട്ടുണ്ട്.

“ഓരോരുത്തരുടേയും ക്വിയാമത്ത് അഥവാ ‘ഉയിർത്തെഴുന്നേൽപ്പ് ‘ അവരവരുടെ മരണമാണ്… ഒരാളുടെ മൃതശരീരം മറമാടിയതിന് ശേഷം അൽക്വമ പറഞ്ഞു: എന്നാൽ ഇദ്ദേഹത്തിന്റെ ക്വിയാമത്ത് (ഉയിർത്തെഴുന്നേൽപ്പ്) സംഭവിച്ചു കഴിഞ്ഞു.
(തഫ്സീറു ത്വബ്‌രി: 24:43)

“ആർ മരണപ്പെട്ടുവോ അവന്റെ ക്വിയാമത്ത് (ഉയിർത്തെഴുന്നേൽപ്പ്) ആയി.”
(ശർഹുസ്സുന്ന: ബഗ്‌വി: 10:97, തഖ്‌രീജുൽ അഹാദീസു വൽ ആസാർ: സൈല’ഇ: 1:436)

d) ‘അന്ത്യ വേളയെ സംബന്ധിച്ചുള്ള അറിവ് അല്ലാഹുവിന്റെ അടുക്കൽ മാത്രമാണ് ഉള്ളത്. അല്ലാഹുവെ സാക്ഷിയാക്കി കൊണ്ട് ഞാൻ സത്യം ചെയ്യുന്നു. ഇപ്പോൾ ഭൂമിക്കു മുകളിൽ ശ്വസിക്കുന്ന ഒരാളുടെയും മേൽ നൂറ് വർഷത്തിനപ്പുറം കടന്നുപോകില്ല’ (സ്വഹീഹു മുസ്‌ലിം: 6363) എന്ന് മുഹമ്മദ് നബി (സ) പറഞ്ഞതായി വന്ന ഹദീസിലെയും ‘അസ്സാഅ:’ (അന്ത്യ വേള) എന്നത് ഈ അർത്ഥവ്യാപ്തിയെ ഉൾകൊണ്ടാണ് പ്രയോഗിച്ചിരിക്കുന്നത്.

‘അസ്സാഅ:’ (അന്ത്യ വേള) എന്നത് കൊണ്ട് ലോകത്തിന്റെ/ പ്രപഞ്ചത്തിന്റെ അവസാനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് എപ്പോഴാണ് സംഭവിക്കുക എന്നത് ദൈവത്തിന് മാത്രമെ അറിയു. തനിക്ക് ആ അറിവില്ല. ഇനി, ‘അസ്സാഅ:’ (അന്ത്യ വേള) എന്നത് കൊണ്ട് ഈ തലമുറയുടെ അവസാനമാണ് ഉദ്ദേശിക്കപ്പെടുന്നതെങ്കിൽ ഒരു നൂറ്റാണ്ടു കൊണ്ട് നിങ്ങൾ നിങ്ങളുടെ ‘അസ്സാഅ:’ (അന്ത്യ വേള)ക്ക് പാത്രീയരാവും എന്നാണ് മുകളിൽ ഉദ്ധരിക്കപ്പെട്ട ഹദീസിന്റെ അർത്ഥം.

പ്രവാചകാനുചരൻ ഇബ്നു ഉമർ (റ) തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്: ‘ഇന്ന് ഭൂമിക്കുമുകളിലുള്ള ആരും തന്നെ അവശേഷിക്കില്ല’ എന്ന് മാത്രമാണ് അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞത്. ( يريد بذلك أن ينخرم ذلك القرن) ഒരു തലമുറയുടെ അന്ത്യമാണ് അദ്ദേഹം ഈ പറഞ്ഞതു കൊണ്ട് ഉദ്ദേശിച്ചത്.
(സ്വഹീഹു മുസ്‌ലിം : 6361)

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.