ലോകാവസാനം: നബിﷺ പ്രവചിച്ചത് പിഴച്ചുവോ ? -2

//ലോകാവസാനം: നബിﷺ പ്രവചിച്ചത് പിഴച്ചുവോ ? -2
//ലോകാവസാനം: നബിﷺ പ്രവചിച്ചത് പിഴച്ചുവോ ? -2
ആനുകാലികം

ലോകാവസാനം: നബിﷺ പ്രവചിച്ചത് പിഴച്ചുവോ ? -2

വിമർശനം2:

രണ്ടു വിരലുകൾ ചേർത്തുപിടിച്ചു കൊണ്ട് താനും ലോകാന്ത്യവും ഇത്രയും അടുത്താണെന്ന് മുഹമ്മദ് നബി പറഞ്ഞിട്ട് പതിനാല് നൂറ്റാണ്ട് പിന്നിട്ടില്ലെ?! ഇത് പ്രവചനത്തിന്റെ പരാജയത്തിലേക്കല്ലെ വിരൽ ചൂണ്ടുന്നത്?

മറുപടി:

പ്രവാചകൻ (സ) തന്റെ നടുവിരലും ചൂണ്ടുവിരലും കാണിച്ചു കൊണ്ട് “ഞാൻ നിയോഗിക്കപ്പെട്ടതും അന്ത്യനാളും ഇപ്രകാരമായാണ്” എന്ന് പറഞ്ഞതായി ഹദീസിൽ വന്നിട്ടുണ്ട്.
(സ്വഹീഹു മുസ്‌ലിം: 2951)

ചൂണ്ടുവിരലിനും നടുവിരലിനുമിടയിൽ ഒരു വിരലില്ല എന്നത് പോലെ മുഹമ്മദ് നബിക്കും (സ) അന്ത്യനാളിനുമിടയിൽ പുതുതായി ഒരു പ്രവാചക നിയോഗമനം ഉണ്ടാവില്ല എന്നതാണ് ഹദീസിന്റെ അർത്ഥം. ഈ പ്രവചനം ഒരു നിലയിലും അസാധുവാക്കപ്പെട്ടിട്ടില്ല; ഭാവിയിൽ അസാധുവാക്കപ്പെടുകയുമില്ല.

ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇബ്നു ഹജർ ഇപ്രകാരം രേഖപ്പെടുത്തി:
“കാദി ഇയാദും മറ്റും പറഞ്ഞു: മുഹമ്മദ് നബിയുടെ(സ) പ്രവാചകത്വവും ലോകാവസാനവും തമ്മിലുള്ള അടുപ്പമാണ് ഹദീസ് സൂചിപ്പിക്കുന്നത്. ഈ രണ്ട് കാര്യങ്ങൾക്കുമിടയിലെ ചുരുങ്ങിയ കാലയളവ് അല്ലെങ്കിൽ ഒന്നിന് ശേഷം വരുന്നതായ അടുത്ത കാര്യം എന്ന അർത്ഥത്തിൽ ഒക്കെയാണ് ഹദീസ്… ‘അന്ത്യനാളിനെ സംബന്ധിച്ച് ചോദിച്ചക്കപ്പെട്ടവന്, ചോദ്യകർത്താവിനേക്കാൾ അറിവില്ല’ എന്ന ഹദീസിന് ഈ ഹദീസ് എതിരല്ല. ഈ ഹദീസിന്റെ അർത്ഥം, ലോകാന്ത്യത്തിനും മുഹമ്മദ് നബിക്കും(സ) ഇടയിൽ പുതുതായി ഒരു നബിയും വരാനില്ല എന്നാണ്; ചൂണ്ടുവിരലിനും നടുവിരലിനും ഇടയിൽ മറ്റൊരു വിരലില്ല എന്നതു പോലെ…
ദഹ്ഹാക് പറഞ്ഞു: ലോകാവസാനത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ് മുഹമ്മദ് നബിയുടെ(സ) പ്രവാചക നിയോഗം. മതിമറന്നവരെ ഉൽബുദ്ധരാക്കുക അന്ത്യനാളിനായി തയ്യാറെടുപ്പിക്കുകയും പശ്ചാത്താപത്തിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോകാവസാനത്തിന് അടയാളങ്ങൾ നിയോഗിച്ചതിലെ യുക്തി.”
(ഫത്ഹുൽ ബാരി: 11:357)

ഹദീസിന് നൽകപ്പെട്ടിട്ടുള്ള മറ്റൊരു വ്യാഖ്യാനം, രണ്ടു വിരലുകൾക്കിടയിലുള്ള അടുപ്പം പോലെയാണ് മുഹമ്മദ് നബിയുടെ (സ) ആഗമനവും ലോകാന്ത്യവും തമ്മിലുള്ള കാല ചുരുക്കം എന്നതാണ്. ഈ വ്യാഖ്യാനവും പ്രവചനത്തെ അസാധുവാക്കുകയൊ ദുർബലപ്പെടുത്തുകയൊ ചെയ്യുന്നില്ല. കാരണം ലോകത്തിന്റെയും പ്രപഞ്ചത്തിന്റെയും മൊത്തം പ്രായവും പഴക്കവുമായി താരതമ്യം ചെയ്തു കൊണ്ടാണല്ലൊ മുഹമ്മദ് നബിയുടെയും (സ) ലോകാവസാനത്തിന്റെയും ഇടയിലുള്ള കാലയളവ് ചുരുക്കമൊ ദീർഘമൊ എന്ന് നിർണയിക്കാൻ.

പ്രപഞ്ചത്തിന് ഏകദേശം 13.8 ബില്യൺ വർഷം പഴക്കമുണ്ടെന്നാണ് നിഗമിക്കപ്പെടുന്നത്.
(https://www.google.com/amp/s/www.space.com/amp/universe-age-14-billion-years-old

ഭൂമിയുടെ പ്രായം ഏകദേശം 4.54 ബില്യൺ വർഷങ്ങളായി കണക്കാക്കപ്പെടുന്നു, ഈ കണക്കിൽ നിന്ന് ഏകദേശം 50 ദശലക്ഷം വർഷങ്ങൾ കൂടിയൊ കുറഞ്ഞൊ വരാം.
(https://www.nationalgeographic.org )

ഭൂമിയിൽ ജീവൻ ആരംഭിച്ചത് കുറഞ്ഞത് 3.7 ബില്യൺ വർഷങ്ങൾക്ക് മുമ്പാണെന്ന് നിഗമിക്കപ്പെടുന്നു. ആദ്യത്തെ മനുഷ്യ പൂർവ്വികർ പ്രത്യക്ഷപ്പെട്ടത് ഏഴ് ദശലക്ഷം മുതൽ നാലൊ രണ്ടൊ ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്നാണ് വാദിക്കപ്പെടുന്നത്. അപ്പോൾ ഇനിയും നൂറോ ആയിരമൊ വർഷങ്ങൾക്ക് ശേഷമാണ് പ്രപഞ്ചവും ലോകവും പ്രതിഭാസവ്യതിയാനമൊ ഉന്മൂലനാശമൊ പ്രാപിക്കുന്നതെങ്കിൽ പോലും പ്രപഞ്ചത്തിന്റെയൊ ഭൂമിയുടെയൊ ജൈവലോകത്തിന്റെയൊ മൊത്തം പ്രായത്തിന്റെയും കാലപഴക്കത്തിന്റെയും മുമ്പിൽ മുഹമ്മദ് നബിയുടെ (സ) ആഗമനവും ലോകാവസാനവും തമ്മിൽ വളരെ ചെറിയ കാല അകൽച്ച മാത്രമെ മനസ്സിലാക്കാൻ സാധിക്കു.

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.