
ലൈംഗികത ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ അത്ര എതിര്‍ക്കപ്പെടേണ്ട കാര്യമല്ലെന്ന നിലയ്ക്കാണ് ചര്‍ച്ചകള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കൊച്ചിയടക്കമുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളെ കേന്ദ്രമാക്കി രണ്ടു വന്‍കിട ആനുകാലികങ്ങള്‍ നടത്തിയ സര്‍വ്വെ വെളിപ്പെടുത്തുന്നത്, വിവാഹവും ലൈംഗികതയും രണ്ടായി കാണണമെന്നതാണ് പുതിയ തലമുറയുടെ അഭിപ്രായമെന്നാണ്. പ്രത്യുല്‍പാദനത്തിലും മക്കള്‍ക്ക് വളരുവാനുള്ള സാഹചര്യമൊരുക്കുന്നതിലും ഒതുങ്ങി നില്‍ക്കുന്ന സ്ഥാപനമായി കുടുംബം മാറണമെന്നും ലൈംഗികാസ്വാദനത്തിന് പ്രസ്തുത സ്ഥാപനം വിലങ്ങുതടിയായിക്കൂടെന്നുമുള്ള വാദം പരസ്യമായിത്തന്നെ ‘സാംസ്‌കാരിക’ പ്രസിദ്ധീകരണങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ ഏറ്റവുമധികം പേര്‍ വായിച്ച മലയാള പുസ്തകമെന്ന ഖ്യാതിയിലേക്ക് ഒരു ‘ലൈംഗികത്തൊഴിലാളി’യുടെ ആത്മകഥ നടന്നടുത്തുകൊണ്ടിരിക്കുന്നു. ഭാര്യമാര്‍ അനുഭവിക്കുന്നതിനെക്കാള്‍ സ്വാതന്ത്ര്യവും വിമോചനവുമനുഭവിക്കുന്നത് തങ്ങളാണെന്ന് തുറന്നെഴുതുന്ന അഭിസാരികകള്‍ക്ക് മുഖ്യധാരാ ആനുകാലിങ്ങള്‍ തന്നെ സ്ഥിരം കോളം പതിച്ചു നല്‍കുന്നു. സെക്‌സ് ടൂറിസത്തിന്റെ ‘സ്വര്‍ഗ’മാക്കി കേരളത്തെ മാറ്റുവാനുള്ള ‘ദാര്‍ശനിക’ ചര്‍ച്ചകള്‍ക്കും പ്രായോഗിക നടപടികള്‍ക്കും പിന്നില്‍ ആരാണെന്ന വസ്തുത ആര്‍ക്കും രഹസ്യമല്ല. ആഗോളീകരണത്തോ ടനുബന്ധിച്ച വാണിജ്യവത്കരണ ചിന്തകളില്‍ ‘എങ്ങനെ വില്‍ക്കാം’ എന്നതു മാത്രമാണല്ലോ കടന്നു വരുന്നത്. വില്‍ക്കപ്പെടുന്നത് അമ്മ യാണോ പെങ്ങളാണോയെന്നൊന്നും നോക്കുവാന്‍ ‘നിലനില്‍പി’ന് വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് നേരമില്ല.
ലൈംഗികതയെക്കുറിച്ച ചര്‍ച്ചകളില്‍ പ്രതിയാക്കപ്പെടുന്നത് പ്രധാനമായും മതം തന്നെയാണ്. ബ്രഹ്മചര്യത്തിന് വിലക്കു കല്‍പിച്ച ഇസ്‌ലാമികാദര്‍ശം,ആത്മീയതയുടെ പേരില്‍ ലൈംഗികതയെ വിലക്കിയ മതങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ പ്രതിയാക്കപ്പെടാന്‍ തീരെ യോഗ്യമല്ലെന്നതാണ് വാസ്തവം. എങ്കിലും ഇത്തരം ചര്‍ച്ചകളിലെല്ലാം പ്രധാനമായും ഭത്‌സിക്കപ്പെടുന്നത് ഇസ്‌ലാം തന്നെയാണെന്നതാണ് സത്യം. മതത്തിന്റേതായി ‘സെക്കുലര്‍ ലോകം’ കണക്കാക്കി തിട്ടപ്പെടുത്തിയ തിന്മകളെല്ലാം അതിന്റെ പൂര്‍ണവും ഭീബല്‍സവുമായ രൂപത്തില്‍ നിലനില്‍ക്കുന്നത് ഇസ്‌ലാമിലാണെന്ന ‘വാര്‍പ്പുമാതൃക’യില്‍ നിന്നുകൊണ്ടാണ് സാഹിത്യ-ബുദ്ധിജീവികള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നത്. ചെന്നായയെ വകവരുത്തുകയല്ല, പ്രത്യുത ചെന്നായയെന്ന് വിളിച്ച് ആട്ടിന്‍കുട്ടിയെ ഇരയാക്കുകയാണല്ലോ പുലിയുടെ ലക്ഷ്യം.
ലൈംഗികതയെ ഏറെ സൃഷ്ടിപരവും മാനവികവുമായി വിലയിരുത്തുന്ന ദര്‍ശനമാണ് ഇസ്‌ലാം. തന്റെ ഇണയുമൊത്ത് രതിസുഖം പങ്കുവെക്കുന്നത് സര്‍വശക്തന്റെ പ്രതിഫലത്തിന് പാത്രമാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണെന്ന് പഠിപ്പിച്ചയാളാണ് മുഹമ്മദ് നബി (സ). ഈ രംഗത്തെ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ നൂറ് ശതമാനം മാനവികമാണെന്നതാണ് വാസ്തവം. ആധുനിക ലൈംഗിക ശാസ്ത്രജ്ഞന്മാര്‍ ഏറെ നാളത്തെ ഗവേഷണ പഠനങ്ങള്‍ക്കു ശേഷം നല്‍കുന്ന ലൈംഗിക നിര്‍ദേശങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവാചകന്‍(സ) നല്‍കിയ നിര്‍ദേശങ്ങള്‍ തന്നെയാണെന്ന് കാണാന്‍ കഴിയും. ഹദീഥ് ഗ്രന്ഥങ്ങളും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുമെല്ലാം ലൈംഗികതയെപ്പറ്റി വ്യാപകമായിത്തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട ഇന്നത്തെ ചര്‍ച്ചകള്‍ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ നമുക്ക് മനസ്സിലാകും, പ്രവാചകന്‍(സ) പഠിപ്പിച്ച ചിട്ടകളും മര്യാദകളും പാലിക്കാത്തതാണ് ഈ രംഗത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള മൂലകാരണമെന്ന്.
ലൈംഗിക ദാരിദ്ര്യം സൃഷ്ടിക്കുന്ന മാനസിക- സാമൂഹിക പ്രശ്‌നങ്ങളെ നേരിടാന്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന നിര്‍ദേശം വ്യാപകമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വളരെ സ്വാഗതാര്‍ഹമായ ഒരു നിര്‍ദേശമാണിതെന്ന് ഒറ്റനോട്ടത്തില്‍ തോന്നുക സ്വാഭാവികമാണ്. പക്ഷേ, സെക്‌സ് എഡ്യൂക്കേഷന്റെ പേരില്‍ സ്വതന്ത്ര ലൈംഗികതയുടെ പാഠങ്ങളാണ് ഇളംതലമുറയെ അഭ്യസിപ്പിക്കുവാന്‍ ‘സാംസ്‌കാരിക കേരളം’ ഒരുങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ആനുകാലികങ്ങള്‍ വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. ലൈംഗിക വിദ്യഭ്യാസം ആവശ്യമാണെന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ അത് ആര്‍, എങ്ങനെ, ഏത് അടിത്തറയില്‍ നല്‍കുമെന്ന കാര്യം സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം, ലൈംഗിക വിദ്യഭ്യാസം നേടാന്‍ ‘സെക്യുലര്‍ ഗുരു’ക്കളെ ആശ്രയിക്കേണ്ട യാതൊരു ആവശ്യവുമില്ല. പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവാചകന്‍(സ) തന്നെ ഈ രംഗത്ത് ആവശ്യമായ അറിവ് നമുക്ക് പകര്‍ന്നു തന്നിട്ടുണ്ട്. പ്രസ്തുത അറിവ് നമ്മുടെ തലമുറക്ക് മനസ്സിലാകുന്ന രീതിയില്‍ പകര്‍ന്നു നല്‍കുകയാണ് പണ്ഡിതന്മാരും പ്രബോധകന്മാരും ചെയ്യേണ്ടത്. പ്രസ്തുത ബാധ്യത ഏറ്റെടുക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ സന്നദ്ധരായില്ലെങ്കില്‍ ‘സ്വതന്ത്ര ലൈംഗികത’യുടെ വക്താക്കളായിത്തീരും പിന്നെ ഈ രംഗത്തെ മാര്‍ഗദര്‍ശികള്‍. അവരുടെ ‘മാര്‍ഗദര്‍ശന’മാണ് പാശ്ചാത്യ നാടുകളില്‍നിന്നു തുടങ്ങി നമ്മുടെ മെട്രോ പോളിറ്റന്‍ നഗരങ്ങളെ വരെ ഇന്നു കാണുന്ന അവസ്ഥയിലാക്കിയത്. അധാര്‍മികതയുടെ അടിയൊഴുക്കില്‍ നിന്ന് അടുത്ത തലമുറയെ രക്ഷിക്കണമെങ്കില്‍ ഇസ്‌ലാമികമായ ലൈംഗിക വിദ്യാഭ്യാസം നല്‍കിയേ തീരൂ. അതിന്നാവശ്യമായ ശക്തമായ കാല്‍വെപ്പുകളാണ് ഇന്നാവശ്യം. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍).