ലിബറൽ എത്തിക്‌സ്

//ലിബറൽ എത്തിക്‌സ്
//ലിബറൽ എത്തിക്‌സ്
ആനുകാലികം

ലിബറൽ എത്തിക്‌സ്

Print Now
രമാവധി വ്യക്തിസ്വാതന്ത്ര്യത്തെയും, സമത്വചിന്തയെയും മുൻനിർത്തിയുള്ള രാഷ്ട്രീയ, ധാർമിക, തത്ത്വചിന്താ വീക്ഷണമാണ് ലിബറലിസം കൊണ്ട് പൊതുവിൽ ഉദ്ദേശിക്കപ്പെടുന്നത്.

രാഷ്ട്രീയത്തിന്റെ പൊതുവായ ഉദ്ദേശ്യം പൗരാവകാശ സംരക്ഷണവും, സ്വാതന്ത്ര്യവും ആണെന്ന വിശ്വാസമാണ് ലിബറലിസം എന്ന് ഓക്സ്ഫോർഡ് ഡിക്ഷ്ണറി ഓഫ് പൊളിറ്റിക്സ് ഇതിനെ നിർവചിക്കുന്നു.[1] ലിബറലിസത്തിന്റെ സ്ഥാപക ചിന്തകനായി അറിയപ്പെടുന്ന ജോൺ ലോക്ക് തന്റെ പ്രശസ്തമായ ട്രീറ്റിസ് ഓഫ് ഗവൺമെന്റ് എന്ന കൃതിയിൽ അതിനെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്- “എല്ലാ മനുഷ്യരും തുല്യരും, സ്വാതന്ത്ര്യരുമാണ്. അവരുടെ ജീവിതത്തിലോ, സ്വാതന്ത്ര്യത്തിലോ, കൈ കടത്താൻ ആർക്കും അധികാരമില്ല.”

പൊതുവിൽ ആധുനിക രാഷ്ട്രങ്ങൾ അധികവും ലിബറൽ ഘടന ഉൾക്കൊള്ളുന്നവയെന്ന് അവകാശപ്പെടുന്നവയാണ്. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ തോമസ് ജഫേഴ്സൺ സമാനമായ ആശയം എഴുതിയിരിക്കുന്നത് ഇങ്ങനെ കാണാം- “എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യത്തോടെ ജീവിക്കാനും, സന്തോഷം തേടാനുമുള്ള അവകാശം അവർക്ക് സൃഷ്ടാവ് നൽകിയതാണ്. ഇവയെ നാം അടിസ്ഥാന സത്യങ്ങളായി അംഗീകരിക്കേണ്ടതായിട്ടുണ്ട്.”[2]

പ്യൂ റിസേർച്ച് സെന്ററിന്റെ ഒരു പഠനം പറയുന്നത് അമേരിക്കയിൽ നാസ്തികരിൽ തന്നെ വലിയ ശതമാനവും സ്വയം പൊളിറ്റിക്കൽ ലിബറലുകൾ എന്നവകാശപ്പെടുന്നവരാണ്.[3]
നാസ്തികർ തങ്ങളുടെ ധാർമിക ലോക ചിന്തയുടെ അടിസ്ഥാനമായി ഈ ലിബറൽ വീക്ഷണങ്ങളെ ആശ്രയിച്ച് കാണുന്നതുകൊണ്ടാണ് അതിന്റെ സാധ്യതകളെ വിശകലനത്തിനെടുക്കേണ്ടി വരുന്നത്. കാരണം സ്വന്തമായ ഒരു ലോക ബോധമോ, സാമൂഹ്യ ചിന്തയോ പ്രകടിപ്പിക്കാനില്ലാതെ ആശയദാരിദ്ര്യം ചുമക്കുന്ന ഒരു വരണ്ട ദർശനമാണ് നവനാസ്തികത. ആ ആശയ ശൂന്യതയെ നികത്താനുള്ള ശ്രമമായാണ് ഇവർ ലിബറലുകളായി അവതരിക്കുന്നത്. എന്നാൽ ദൈവ നിരാസത്തിൻറെ ഭൂമികയിൽ നിന്ന് മാറാതെ ഒരു സാമൂഹ്യ മാനവിക ദർശനവും സാധ്യമല്ല എന്നതൊരു സത്യമാണ്. ഈ രംഗത്തും അത് തന്നെ കാണാം.

എപ്പിസ്റ്റമോളജിയും പ്രതിസന്ധിയും

ലിബറൽ ലോകക്രമം തന്നെയാണ് ശരിയെന്ന് വാദിക്കുന്നതോടൊപ്പം തന്നെ അതിൻറെ സത്യതയെ എങ്ങനെ ജ്ഞാനശാസ്ത്രപരമായി സമർത്ഥിക്കാം എന്ന പ്രശ്നം മിക്ക ലിബറൽ ചിന്തകർക്കും മുന്നിൽ ഒരു പ്രതിസന്ധിയായിട്ടുണ്ട്. ലിബറൽ ചിന്തകളുടെ പിതാവായി അറിയപ്പെടുന്ന ജോൺ ലോക്കിൽ[4] നിന്നുതന്നെ അത് സമർത്ഥിക്കുന്നതിലുള്ള വൈരുദ്ധ്യങ്ങൾ വായിക്കാൻ കഴിയും. നേരിട്ടുള്ള അനുഭവജ്ഞാനത്തെ മാത്രമേ അറിവായി അംഗീകരിക്കാൻ കഴിയൂവെന്ന എംപിരിസിസ്റ്റിക് (empiricistic) വീക്ഷണത്തെ ജ്ഞാനശാസ്ത്രപരമായ നിലപാടായി സമ്മതിക്കുന്ന വ്യക്തിയാണ് ജോൺ ലോക്ക്.[5] എന്നാൽ ധാർമികമായ ശരിതെറ്റുകളെ ഈ എപ്പിസ്റ്റമോളജിക്കൽ മാനദണ്ഡമനുസരിച്ച് നിർണയിക്കാൻ കഴിയില്ലെന്ന ബോധ്യമുള്ള ലോക്ക് പിന്നെയതിന് ആശ്രയിക്കുന്നത് ദൈവത്തെയും, ബൈബിൾ വചനങ്ങളെയുമാണ്. രാജാക്കന്മാർക്ക് ദൈവ നിയുക്തമായ സ്ഥാനമുണ്ടെന്ന് വാദിച്ച റോബർട്ട് ഫിൽമറുമായി ഉള്ള തർക്കത്തിൽ ജോൺ ലോക്ക് മനുഷ്യസമത്വം എന്ന ചിന്തയെ സ്ഥാപിക്കാൻ ഉല്പത്തി പുസ്തകത്തിലെ വചനങ്ങളെ ആശ്രയിക്കുന്നു.[6] വിശുദ്ധ വചനങ്ങൾ എന്ന ആശയത്തിൽ നിന്നാണ് ദൈവ നിയുക്തമായ സമത്വവും, നീതിയുമെന്ന ചിന്ത(theologically based legislative ethics) ലിബറലിസത്തിന്റെ പിതാവായ ജോൺ ലോക്ക് പോലും കൊണ്ടുവരുന്നതെന്ന് ചുരുക്കം. സമത്വമെന്ന ദർശനത്തിന് ആ രീതിക്കല്ലാതെ ഒരു അർത്ഥവും, യുക്തിയും കണ്ടെത്താൻ കഴിയില്ല എന്നതാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന പ്രശ്നം. ശാസ്ത്രീയമായോ, തത്ത്വചിന്താപരമായോ, യുക്തിപരമായോ സർവ്വമനുഷ്യരും തുല്യരാണെന്ന മൂല്യചിന്ത സ്ഥാപിക്കാൻ കഴിയില്ല. കറുത്തവനും, വെളുത്തവനും, അംഗ വൈകല്യമുള്ളവരും, ബുദ്ധി വൈകല്യം ഉള്ളവരും, സമ്പന്നനും, പാവപ്പെട്ടവനും, കുറിയവരും, ശക്തനും, ദുർബ്ബലനും ഒക്കെ അടങ്ങിയതാണ് സമൂഹം. ഈ വ്യത്യസ്തതകൾക്ക്‌ അനുസരിച്ച നിലവാര വ്യത്യാസങ്ങൾ ഇവർക്കിടയിലുണ്ട് എന്നല്ലാതെ ഒരു സമത്വ സിദ്ധാന്തവും ശാസ്ത്രമോ, തത്ത്വശാസ്ത്രമോ മുന്നോട്ട് വെക്കുന്നില്ല. എന്നു മാത്രമല്ല ഇവയുടെ സഹായത്തോടെ മനുഷ്യർ തുല്യരല്ലെന്നും ഒരു വിഭാഗത്തിന് പ്രത്യേക ഔന്നിത്യം ഉണ്ടെന്നുമുള്ള ആശയങ്ങൾ ചരിത്രത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട് താനും. സെലക്ടീവായ പ്രത്യുൽപാദനത്തിലൂടെ മികച്ച മനുഷ്യസമൂഹത്തെ നിർമ്മിക്കാമെന്ന് ശാസ്ത്രീയമായി സമർത്ഥിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് ഉദാഹരണമാണ് യൂജനിക്സ്.[7] യോഗ്യത ഇല്ലാത്തവർ എന്ന് വിലയിരുത്തപ്പെടുന്നവരെ നിർബന്ധിത വന്ദീകരണത്തിന് വിധേയമാക്കുന്നതും, വിവാഹബന്ധം നിഷേധിക്കുന്നതും, കൊല്ലുന്നതും ശാസ്ത്രീയമാണെന്ന സമർത്ഥനങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. വൈറ്റ് സുപ്രീമസി ഇന്നും വെള്ളക്കാരന്റെ സവർണ ബോധമാണെന്ന് അമേരിക്ക പോലും തെളിയിക്കുന്നു. നിറം കൊണ്ടും, ഗുണം കൊണ്ടുമൊക്കെ വ്യത്യസ്തരായി കിടക്കുന്ന മനുഷ്യസമൂഹം അതുകൊണ്ടുതന്നെ തുല്യരാണെന്ന് തെളിയിക്കാൻ കഴിയില്ലെന്നാണ് ഇതെല്ലാം കാണിക്കുന്നത്.

അപ്പോൾ തുല്യത യുക്തിപരമായി എത്തുന്ന തീർപ്പല്ല. എന്നാൽ അതിനെ അടിസ്ഥാന സത്യമായി അംഗീകരിച്ചല്ലാതെ ലിബറൽ എത്തിക്സും സാധ്യമല്ല. തുല്യത ദൈവ നീതിയുടെ തന്നെ ഭാഗമായ പ്രാഥമിക സത്യമാണെന്നും(first principple) അതിന് കേവല യുക്തിയുടെ പിന്തുണ ആവശ്യമില്ലെന്നും സമ്മതിക്കുക മാത്രമാണ് പിന്നെ അവശേഷിക്കുന്ന വഴി. ജോൺലോക്ക് തന്നെ എഴുതിയപോലെ- “with sence perception showing the way,reason can lead us to knowledge of a law maker or of some superiour power to which we are necessarily submit”.

യൂടിലിറ്റെറിയനിസം

ലിബറൽ ഫിലോസഫി ജോൺ ലോക്കിൽ നിന്നും ജെരമി ബെന്തമിൽ (jeremy bentham) എത്തുമ്പോൾ പ്രത്യക്ഷപ്പെട്ടു കാണുന്ന ചിന്തയാണ് യൂടിലിറ്റെറിയനിസം.[8]
ഹെടോണിസ്റ്റിക് വീക്ഷണത്തിന്റെ തന്നെ ഒരു വികസിച്ച പതിപ്പായി ഇതിനെ കാണാം. ഇതനുസരിച്ച് കൂടുതൽ പേർക്ക് കൂടുതൽ ഗുണം ചെയ്യുന്നത് എന്താണോ അതാണ് ധാർമികമായ ശരി. “the greatest good for the greatest number” എന്നിത് പൊതുവിൽ നിർവചിക്കപ്പെട്ടിരിക്കുന്നു.

എന്നാൽ കൂടുതൽ പേർക്ക് കൂടുതൽ സുഖം നൽകുന്നതെന്തോ അതാണ് പരമമായ ശരിയെന്ന് വാദിക്കുന്നിടത്ത് ചില പ്രശ്നങ്ങൾ എടുത്തു കാണിക്കാം. ഉദാഹരണത്തിന് അടിമത്ത വ്യവസ്ഥയിൽ ഒരു ശതമാനത്തെ അടിമയാക്കുന്നത് കൊണ്ട് ബാക്കി ഒമ്പത് ശതമാനത്തിന് ഗുണവും, ലാഭവും, സുഖവും ഉണ്ടാകുന്നുണ്ട്. എങ്കിൽ കൂടുതൽ പേർക്ക് ഗുണം ചെയ്യുന്നു എന്നതുകൊണ്ട് മാത്രം അടിമത്ത വ്യവസ്ഥിതിയെ ധാർമികമായി ശരിയെന്ന് വിലയിരുത്താനാകുമോ എന്നത് യൂടിലിറ്റെറിയൻ ചിന്തയെ പ്രതിസന്ധിയിലാക്കുന്ന ചോദ്യമാണ്.

കൂട്ടബലാത്സംഗങ്ങളിൽ ഒരു സ്ത്രീയെ നിരവധി പുരുഷന്മാർ ചൂഷണം ചെയ്യുന്നു. അവിടെയും കൂടുതൽ പേർക്ക് ഒരേസമയം സംതൃപ്തി ഉണ്ടാവുകയാണ് ചെയ്യുന്നത്. യൂടിലിറ്റെറിയൻ ഫിലോസഫി അനുസരിച്ച് കൂടുതൽപേർക്ക് തങ്ങളാഗ്രഹിക്കുന്ന ഗുണം ഉണ്ടാകുന്നു എന്നതുകൊണ്ട് മാത്രം ഇത് ധാർമികമായി ശരിയാകുമോ എന്നതും പ്രസക്തമായ ചോദ്യമാണ്.

ഫിലോസഫിക്കലായി ഈ പ്രശ്നങ്ങൾ ഇതിനുണ്ടെന്ന് കണ്ടതുകൊണ്ടാണ് മറ്റൊരു ലിബറൽ ഫിലോസഫറായ ജോൺ സ്റ്റുവർട്ട് മിൽ(john stuart mill) യൂടിലിറ്റെറിയൻ ചിന്തക്ക് തന്നെ പുതിയൊരു മാനദണ്ഡം കൂടി കൊണ്ടുവരുന്നത്. ഇതനുസരിച്ച് കേവലം ഭൂരിപക്ഷത്തിന് ഗുണമാകുന്നു എന്നതുമാത്രം പോര, ഒരു കാര്യം ചെയ്യുന്നതുകൊണ്ട് മറ്റുള്ളവർക്ക് ഉപദ്രവമില്ലാതെ ഇരിക്കുക കൂടി വേണം.[9] പൊതുവിൽ Harm principple എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മാനദണ്ഡം കൂടി ഉൾക്കൊണ്ട് മാത്രമേ ഒരു വിഷയത്തെ ധാർമികമായ ശരിയെന്നോ തെറ്റെന്നോ വിലയിരുത്താൻ കഴിയു എന്നതാണ് ആധുനിക ലിബറൽ ചിന്തകരുടെയെല്ലാം നിലപാട്.

എന്നാൽ ഈയൊരു വീക്ഷണവും കുറെയേറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഒന്നാമതായി മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെങ്കിൽ മാത്രമേ ഒരു കാര്യം തെറ്റാകുവെങ്കിൽ കാനിബലിസം തെറ്റല്ലെന്ന് പറയേണ്ടിവരും. മരിച്ചു കഴിഞ്ഞാൽ മത ചടങ്ങുകൾ അനുസരിച്ച് വെറുതെ കളയുന്ന മനുഷ്യശരീരത്തെ മുറിച്ച് കെ.എഫ്.സിക്ക്‌ ബദലായൊരു ഭക്ഷണ വിതരണ രീതിക്കായി ഉപയോഗിച്ചൂടെയെന്ന് മുമ്പ് ഒരു ലിബറൽ സുഹൃത്തിനോട് ചോദിച്ചിരുന്നു. അത് തന്റെ മോറൽ ഫിലോസഫി അനുസരിച്ച് തെറ്റാണെന്ന് സമർത്ഥിക്കാൻ കഴിയാതെ മാനസികമായി അയാൾ കഷ്ടപ്പെട്ടത് അന്ന് കണ്ടനുഭവിച്ചതാണ്. മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ചെയ്യുന്നതെല്ലാം ശരിയാണെങ്കിൽ ഇൻസസ്റ്റ്(incest) റിലേഷൻഷിപ്പുകളിൽ തെറ്റില്ലെന്ന് വാദിക്കാൻ കഴിയുമോ എന്ന ചോദ്യമാണ് മറ്റൊരു പ്രശ്നമായി ഉന്നയിച്ചു കാണുന്നത്.

പ്രശസ്ത നാസ്തിക ചിന്തകനായ ലോറൻസ് ക്രോസുമായുള്ള തന്റെ സംവാദത്തിൽ ഈ പ്രശ്നം ഹംസ സോർട്‌സിസ്(hmaza tzortsiz) ചോദിക്കുന്നുണ്ട്.[10] തന്റെ ലിബറൽ എത്തിക്സ് വെച്ച് അതിനെ തെറ്റെന്നു പറയാൻ കഴിയില്ലെന്ന് സമ്മതിക്കുന്ന ക്രോസ് പക്ഷേ അത് പാടില്ല എന്നേ ഞാൻ പറയൂ (But I recommend no) എന്നുകൂടി ചേർക്കുന്നു! അപ്പോൾ സ്വയം അരുതായ്മ ആണെന്ന് കരുതുന്ന ഒന്നിനെ ഭൗതികവാദത്തിന്റെ മഹാ ശാസ്ത്രജ്ഞന് പോലും ലിബറൽ ഫിലോസഫി അനുസരിച്ച് തെറ്റെന്ന് വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അത് തന്നെയാണ് ലിബറൽ എത്തിക്‌സിന്റെ പ്രധാന പരിമിതി.

ഈ പരിമിതി വ്യക്തമാക്കിത്തരുന്ന മറ്റൊരു സോഷ്യൽ എക്സ്പിരിമെന്റ് കൂടെയുണ്ട്. ആധുനിക അമേരിക്കയിലെ ലിബറൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് എന്തുകൊണ്ട് മൃഗരതി തെറ്റല്ലായെന്ന് ചോദിക്കുന്ന സാമൂഹിക പഠനത്തിന്റെ വീഡിയോ ഡാനിയൽ ഹക്കീക്കത്ജൂ (daniel haqiqatjou) എന്ന ലിബറൽ വിമർശകൻ പങ്കുവെച്ചത് കാണാം.[11] അതിൽ തെറ്റൊന്നുമില്ലെന്ന് നേർക്കുനേരെ സമ്മതിക്കുകയാണ് ഭൂരിപക്ഷ ലിബറൽ വിദ്യാർത്ഥി സമൂഹവും ചെയ്യുന്നത്. അത് മോശമാണെന്ന് പറയാൻ ശ്രമിക്കുന്ന ചിലർ പോലും എന്തുകൊണ്ട് മോശമാകുന്നു എന്ന മറുചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ ബെസ്റ്റ്യാലിറ്റിയെ(bestiality) ശരിവെക്കുന്നു. കൂടാതെ ലിബറൽ എത്തിക്സിന്റെ മഹാ ബുദ്ധിജീവിയായി അറിയപ്പെടുന്ന പീറ്റർ സിംഗർ(peter singer) തന്നെ തന്റെ ഹെവി പെറ്റിങ് (heavy petting) എന്ന ലേഖനത്തിലൂടെ ബെസ്റ്റ്യാലിറ്റിയിലും ശരികേടൊന്നും ഇല്ലെന്ന് സമർത്ഥിക്കുന്നു.[12] ലിബറലിസത്തിൻറെ ഏറ്റവും ആധുനിക ചിന്തകൊണ്ടു പോലും ധാർമികമായ ശരിതെറ്റുകളെ വിലയിരുത്താൻ കഴിയുന്നില്ലാ എന്നത് തന്നെയാണ് ആധുനിക ലിബറൽ സമൂഹത്തിൻറെ മൂല്യത്തകർച്ചക്കും കാരണം. ധാർമികതയെ നിർണയിക്കുന്നിടത്ത് മാത്രമല്ല അതിന് റീസൺ നൽകുന്നിടത്തും ലിബറലിസത്തിന്റെ മൊറാലിറ്റി പരാജയം ആകുന്നു. മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് കൊണ്ട് മാത്രമാണ് ഒരു കാര്യം തെറ്റാകുന്നത് എന്ന ലിബറൽ ഡെഫിനിഷനെ അംഗീകരിച്ചാൽ തന്നെ ആ തെറ്റ് എന്തുകൊണ്ട് ചെയ്തുകൂടാ എന്ന ചോദ്യം അതുണ്ടാക്കുന്നുണ്ട്.

ഉദാഹരണത്തിന് മോഷണം ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നെങ്കിൽ തന്നെ അത് മറ്റൊരാൾക്കാണ്. അതേസമയം മോഷ്ടിക്കുന്ന വ്യക്തിക്ക് ഉണ്ടാകുന്നത് സാമ്പത്തിക ലാഭമാണ്. എങ്കിൽ അന്യന്റെ ബുദ്ധിമുട്ടിനെ കരുതി മാത്രം എന്തിന് സ്വന്തം സുഖവും ലാഭവും ഉപേക്ഷിക്കണം? കൊള്ളയും, കൊലയും, തട്ടിപ്പും, ബലാത്സംഗവും, ഒക്കെ വ്യക്തികൾ ചെയ്യുന്നത് സ്വന്തം ലാഭത്തിനോ, സുഖത്തിനോ വേണ്ടിയാണ്. എങ്കിൽ അങ്ങനെ സ്വന്തം ലാഭത്തിനായി അന്യരെ ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് പറയാൻ ലിബറലിസത്തിന്റെയോ, കമ്മ്യൂണിസത്തിന്റെയോ അടിസ്ഥാനത്തിൽ എന്ത് റീസൺ ആണ് പറയാൻ കഴിയുക?

പ്രത്യേകിച്ച് പരിണാമപരമായി മനുഷ്യമസ്തിഷ്കം സ്വാർത്ഥമായതുകൊണ്ടുതന്നെ അന്യന്റെ ബുദ്ധിമുട്ടിനെ ആലോചിച്ചു മാത്രം മനുഷ്യൻ നന്നാകുമെന്ന് കരുതുന്നതിൽ എന്തർത്ഥമാണുള്ളത്? ജീവശാസ്ത്രപരമായി തന്നെ സ്വാർത്ഥനായ മനുഷ്യൻ സ്വന്തം സുഖത്തെയും, അതിജീവനത്തെയുമാണ് പ്രാഥമിക ലക്ഷ്യമായി കാണുക.

ഇനി അന്യനുണ്ടാകുന്ന ബുദ്ധിമുട്ടിനെ മാത്രം ശരിതെറ്റുകളുടെ മാനദണ്ഡമാക്കിയാലും അതിന്റെ പരിധി എത്രത്തോളമാകാമെന്നതും ഒരു പ്രശ്നമാണ്. ഉദാഹരണത്തിന് ആധുനിക ലിബറൽ സമൂഹം ഭ്രൂണഹത്യയെയും, ഫ്രീ സെക്സിനെയും, മത വിമർശനങ്ങളെയും, സ്വാതന്ത്ര്യത്തിന്റെ ഭാഗമാക്കി കാണുന്നു. ഗർഭസ്ഥ ശിശുവിനെ കൊല്ലുമ്പോൾ തീർച്ചയായും അതിനു വേദന ഉണ്ടാകുന്നതായി ആധുനികശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എങ്കിൽ ഒരു കുഞ്ഞിന് മരണവേദന ഉണ്ടാക്കുകയും, നശിപ്പിക്കുകയും ചെയ്യുന്ന നടപടിയെ എന്തുകൊണ്ട് ലിബറൽ സമൂഹങ്ങൾ എതിർത്തു കാണുന്നില്ല?.[13] തന്റെ ഇണ കബളിപ്പിക്കുന്നു എന്നറിയുമ്പോൾ മാനസികമായ വേദന ഉണ്ടാകുന്നത് സാമൂഹിക നിർമിതിയുടെ ഭാഗം മാത്രമാണ് എന്നാണ് മുമ്പ് കരുതിയിരുന്നതെങ്കിൽ ഇന്നത് ജീവശാസ്ത്രപരമായ പ്രതിഭാസം തന്നെയാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. സെക്ഷ്വൽ ജെലസി എന്നറിയപ്പെടുന്ന ഈ പ്രതിഭാസം രൂപപ്പെട്ട്‌ വന്നതിന് നിരവധി കാരണങ്ങൾ പരിണാമ മനശാസ്ത്രജ്ഞർ(evolutionary psychologists) വിശദീകരിച്ചിട്ടുണ്ട്.[14] എങ്കിൽ വ്യക്തികളെ മാനസികമായി വേദനിപ്പിക്കുകയും, തളർത്തുകയും ചെയ്യുന്ന ഒന്നിനെ സ്വാതന്ത്രത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുന്നത് എന്തർത്ഥത്തിലാണ്?

ആധുനിക ലിബറൽ രാഷ്ട്രമായ ഫ്രാൻസ് ഇസ്‌ലാമിനെ അവഹേളിക്കുന്നതും, ആക്രമിക്കുന്നതും സ്വാതന്ത്ര്യത്തിന്റെ ഭാഗമായി പറഞ്ഞിരുന്നു.[15] എന്നാൽ ഒരു വ്യക്തിയുടെ ഏതുതരത്തിലുള്ള ഐഡന്റിറ്റിയെ അവഹേളിക്കുന്നതും മനുഷ്യനിൽ മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെ അവഹേളിക്കുന്നതും അതിനെ പിൻപറ്റുന്നവരിൽ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെല്ലാം തെറ്റാണെന്ന് കരുതുന്നവർക്ക് അവഹേളനത്തിലൂടെ അന്യരെ വേദനിപ്പിക്കുന്നത് മാത്രം ശരിയാകുന്നത് എങ്ങനെയാണ്? സ്വയം ലിബറൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെന്ന് അവകാശപ്പെടുന്ന രാഷ്ട്രങ്ങൾ തന്നെ അധിനിവേശത്തിലൂടെയും, യുദ്ധങ്ങളിലൂടെയും ലക്ഷങ്ങളെ കൊലക്ക് കൊടുത്തതിന്റെ ചരിത്രമുണ്ട്.

സ്വയം പോലും പ്രാവർത്തികമാക്കാൻ പറ്റാത്ത കേവല ഫിലോസഫി മാത്രമാണ് ലിബറലിസം മുന്നോട്ടുവെക്കുന്നത് എന്നാണ് ഇതെല്ലാം വഴി ആധുനിക ലിബറൽ രാഷ്ട്രങ്ങൾ പോലും തെളിയിക്കുന്നതെന്ന് ചുരുക്കം. റീസണബ്ൾ ആയി ധാർമികതയെ നിർണ്ണയിക്കാൻ കഴിയാത്തതിന്റെ തന്നെ പ്രതിഫലമാണിത്.

ലിബറൽ ലോകത്തെ സമൂഹം

ലിബറലിസം അടിസ്ഥാനപരമായി ഒരു വ്യക്തി കേന്ദ്രീകൃത ചിന്തയാണ്. അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പരമമായ ശരികളായി കണക്കാക്കുകയും സമൂഹത്തിനോ, മതങ്ങൾക്കോ അതിൽ ഇടപെടാനുള്ള യാതൊരു അവകാശവുമില്ലെന്നും വിശ്വസിക്കുന്നു. സമൂഹത്തേക്കാൾ വ്യക്തിക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടുതന്നെ സമൂഹത്തിന്റെ ധാർമികതയോ, അധഃപതനമോ ലിബറൽ ലോക ക്രമത്തിൽ വിഷയമാകുന്നില്ല. അതിരുകളില്ലാത്ത സ്വാതന്ത്ര്യം ആസ്വദിക്കാനുള്ളതാണ് ജീവിതമെന്ന ചിന്ത സമൂഹത്തെ അവഗണിക്കലാണ് താനും. സാമൂഹ്യ ശാസ്ത്രപരമായ സോഷ്യൽ ഓർഡർ എന്ന അവസ്ഥയെ തകർക്കലാണിത്. ലിബറലിസത്തിന്റെ തന്നെ സോഷ്യൽ ഫിലോസഫി അനുസരിച്ച് സ്വാഭാവികമായ ക്രമരാഹിത്യത്തിൽ തുടരുന്ന സമൂഹത്തെ ക്രമപ്പെടുത്തലാണ് ഭരണകൂടത്തിന്റെ ധർമ്മം. വ്യക്തികൾ പരസ്പരം അത്തരമൊരു സ്ഥാപനത്തിന് കീഴടങ്ങുമെന്ന പരസ്പരധാരണ സോഷ്യൽ കോൺട്രാക്ട് എന്നും അറിയപ്പെടുന്നു. അപ്പോൾ സാമൂഹ്യമായ ക്രമരാഹിത്യം ആണ് അതിൻറെ പ്രാഥമികാവസ്ഥയെന്ന് ഈ ലിബറൽ തത്ത്വചിന്ത തന്നെ സമ്മതിക്കുന്നുണ്ട്. മനുഷ്യൻ നൈസർഗ്ഗികമായി തന്നെ അതിജീവനത്തിനായും, വിഭവങ്ങൾക്കായും മത്സരിക്കുന്നവനായതുകൊണ്ട് തന്നെ പരസ്പരമുള്ള കലഹമാണ് സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവമായി ഉണ്ടാവുക. ഇതിനെയാണ് സാമൂഹ്യമായ ക്രമരാഹിത്യം എന്നു വിളിക്കുന്നത്. എന്നിട്ടും നിങ്ങളുടെ അയൽവാസി പണത്തിനോ മറ്റെന്തിനെങ്കിലുമോ വേണ്ടി നിങ്ങളെ അപായപ്പെടുത്താത്തത് എന്തുകൊണ്ടായിരിക്കും? ക്രമരാഹിത്യത്തിനുപകരം ക്രമാവസ്ഥ സമൂഹത്തിൽ സ്ഥാപിക്കപ്പെട്ടതിന്റെ ഫലമാണ് സോഷ്യൽ ഓർഡർ എന്നറിയപ്പെടുന്ന ഈ അവസ്ഥ. ഈ ക്രമാവസ്ഥയെ സമൂഹത്തിൽ നിലനിർത്തുന്ന പ്രധാന ഘടകങ്ങൾ ഇതൊക്കെയാണ്.

* കുടുംബ ബന്ധം
* വൈവാഹിക ബന്ധം
* കൾച്ചർ
* മതം
ഇതിൽ കുടുംബ/ വൈവാഹിക ബന്ധങ്ങളെ ആശ്രയിച്ചാണ് അടിസ്ഥാനപരമായി സോഷ്യൽ ഓർഡർ നിലനിൽക്കുന്നത്. കുടുംബ ബന്ധം വ്യക്തികളിൽ ഉത്തരവാദിത്വബോധം നിർമ്മിക്കുകയും, താൻ സമൂഹത്തിന്റെ ഭാഗമാണെന്ന ചിന്ത വളർത്തുകയും ചെയ്യുന്നു.[16] പരസ്പരം പങ്കുവയ്ക്കുന്ന ഒരേ ഐഡന്റിറ്റി ഒരേ കൂട്ടരെന്ന(in-group) ബോധമുണ്ടാക്കുന്നു. മനുഷ്യൻ സ്വത്വപരമായി തന്റെ ആളുകളെന്ന് കരുതുന്നവരെ ഉപദ്രവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മനഃശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.[17]

ഈ രീതിക്ക് സോഷ്യൽ ഓർഡറിനെ നിർമിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്ന സാമൂഹ്യ ഘടകമാണ് വിവാഹം. എന്നാൽ സെക്ഷ്വൽ റെവല്യൂഷൻ എന്ന പേരിൽ ഫ്രീ സെക്സിനെയും, ഹോമോ സെക്ഷ്വാലിറ്റിയെയും, ട്രാൻസ്ജെൻഡറിസത്തെയും പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യ അന്തരീക്ഷമാണ് ലിബറൽ സമൂഹങ്ങളിൽ ഉള്ളത്. ഇത് സോഷ്യൽ ഓർഡറിനെ നിലനിർത്തുന്ന കുടുംബ വ്യവസ്ഥിതിയെ തകർക്കുകയും, സാമൂഹിക ക്രമത്തെ അപനിർമ്മിക്കുകയും ചെയ്യുന്നു. പൊതുവിലുള്ള സാമൂഹ്യശാസ്ത്ര പഠനങ്ങളെല്ലാം സ്ഥിരതയില്ലാത്ത കുടുംബങ്ങൾ കുട്ടികളിൽ നെഗറ്റീവായ പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നതായി വിലയിരുത്തിയിട്ടുണ്ട്. കുട്ടികളിലെ കുറ്റവാസനക്കും, ബൗദ്ധിക ശേഷിക്കുറവിനും കെട്ടുറപ്പില്ലാത്ത കുടുംബബന്ധങ്ങൾ കാരണമാകുന്നുണ്ടെന്ന് വ്യത്യസ്ത പഠനങ്ങൾ നിരീക്ഷിക്കുന്നു. വ്യക്തി കേന്ദ്രീകൃതമായ കേവല ഇച്ഛകളെ പരമമായ അവകാശങ്ങളായി കാണുകയും, എന്നാൽ സമൂഹത്തിന് അതുകൊണ്ട് ഉണ്ടാകാവുന്ന ദോഷങ്ങളെ കാണാതിരിക്കുകയും ചെയ്യുന്നത് ലിബറൽ ഫിലോസഫിയുടെ ഒരു പ്രധാന പരിമിതിയായി കാണുന്നു. സമൂഹത്തെ കാണാത്തതു കൊണ്ട് തന്നെ സമൂഹത്തിന്റെ മൂല്യച്യുതിയോ, ധാർമിക അധപതനമോ ലിബറൽ ലോകത്ത് ഒരു വിഷയം തന്നെ ആകുന്നില്ല.

കുറിപ്പുകൾ

[1] “liberalism In general, the belief that it is the aim of politics to preserve individual rights and to maximize freedom of choice.” Concise Oxford Dictionary of Politics, Iain McLean and Alistair McMillan, Third edition 2009, ISBN 978-0-19-920516-5.
[2] Jefferson, Thomas (2018), The Papers of Thomas Jefferson, Volume 1: 1760 to 1776, Princeton University Press, p. 315, ISBN 978-0-691-18466-1
[3] 10 facts about atheists- pew forum.https://www.pewresearch.org/fact-tank/2019/12/06/10-facts-about-atheists/
[4] Hirschmann, Nancy J. (2009). Gender, Class, and Freedom in Modern Political Theory. Princeton: Princeton University Press. p. 79.
[5] Baird, Forrest E.; Walter Kaufmann (2008). From Plato to Derrida. Upper Saddle River, NJ: Pearson Prentice Hall. pp. 527–29. ISBN 978-0-13-158591-1.
[6] https://ndpr.nd.edu/reviews/john-lockes-political-philosophy-and-the-hebrew-bible/
[7] Spektorowski, Alberto; Ireni-Saban, Liza (2013). Politics of Eugenics: Productionism, Population, and National Welfare. London: Routledge. p. 24. ISBN 978-0-203-74023-1. Retrieved 16 January 2017. As an applied science, thus, the practice of eugenics referred to everything from prenatal care for mothers to forced sterilization and euthanasia. Galton divided the practice of eugenics into two types—positive and negative—both aimed at improving the human race through selective breeding.
[8] https://plato.stanford.edu/entries/utilitarianism-history/
[9] https://ethics.org.au/ethics-explainer-the-harm-principle/
[10] awrence krause vs hamza tzortsiz debate.https://youtu.be/uSwJuOPG4FI
[11] https://youtu.be/7UcoGj8n6qk
[12] https://www.prospectmagazine.co.uk/magazine/heavypetting
[13] https://jamanetwork.com/journals/jama/fullarticle/201429
[14] Harris, Christine R. (2003-05-01). “A Review of Sex Differences in Sexual Jealousy, Including Self-Report Data, Psychophysiological Responses, Interpersonal Violence, and Morbid Jealousy”. Personality and Social Psychology Review. 7 (2): 102–128. doi:10.1207/S15327957PSPR0702_102-128. ISSN 1088-8683. PMID 12676643. S2CID 7357390.
[15] https://www.middleeastmonitor.com/20201102-macron-uses-freedom-of-speech-as-an-excuse-to-insult-islam-and-muslims-but-its-not-the-reason/
[16] https://socialsci.libretexts.org/Bookshelves/Sociology/Introduction_to_Sociology/
Book%3A_Sociology_(Barkan)/11%3A_The_Family/11.03%3A_Sociological_Perspectives_on_the_Family
[17] https://www.simplypsychology.org/social-identity-theory.html

1 Comment

  • Great article 👍

    Shafi 06.12.2021

Leave a comment

Your email address will not be published.