ലിബറലിസം, പോണോഗ്രഫി, അരാജകത്വം

//ലിബറലിസം, പോണോഗ്രഫി, അരാജകത്വം
//ലിബറലിസം, പോണോഗ്രഫി, അരാജകത്വം
ആനുകാലികം

ലിബറലിസം, പോണോഗ്രഫി, അരാജകത്വം

രംഗം ഒന്ന് ലൈഗർ മൂവിയുടെ പ്രൊമോഷൻ പ്രോഗ്രാം, വേദിയിലെത്തിയ നടി അനന്യ പാണ്ഡേ നിൽക്കാനും ഇരിക്കാനുമെല്ലാം വളരെ ബുദ്ധിമുട്ടുന്നു. ചുറ്റും ശരീരത്തിലേക്ക് തുറന്ന് വെച്ചിരിക്കുന്ന കാമറ കണ്ണുകൾക്ക് മുന്നിൽ അർദ്ധ നഗ്നമായ വസ്ത്രവും ഇട്ടു നിൽക്കുന്നതിൽ ഉള്ള എല്ലാ നാണവും ചമ്മലും ഡിസ്കംഫർട്ടും അവരിൽ പ്രകടമാണ്. തൻ്റെ വിരലുകളും കൈകളും കൊണ്ട് കഴിയാവുന്നത്ര നാണം മറക്കാൻ അവർ പാടു പെടുന്നു. ആ ചമ്മൽ മനസ്സിലാക്കുന്ന വിജയ് ദേവർകൊണ്ട അവരെ സഹായിക്കാൻ ശ്രമിക്കുന്നു.

തൊലി ഉരിയുന്ന ഈ കോലത്തിൽ പബ്ലിക്കിൽ പ്രത്യക്ഷപ്പെടാൻ അവരെ നിർബന്ധിച്ചത് എന്താണ്? സിനിമാ പ്രൊമോഷൻ്റെ ഭാഗമായി നായകനും നായകിയും എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് സിനിമയുടെ ഡയറക്ടേഴ്സും പ്രൊഡ്യൂസേഴ്സും മാർക്കറ്റിംഗ് ടീമും ഒക്കെ ആയിരിക്കും. പുരുഷന് ശരീരം മുഴുവൻ മറയുന്ന, അവനു കംഫർട്ട് ആയ വസ്ത്രം തിരഞ്ഞെടുക്കാൻ ഇവർ സൗകര്യം നൽകുമ്പോൾ ഒന്ന് ശരിക്ക് നിൽക്കാനോ ഇരിക്കാനോ ഉള്ള സൗകര്യം പോലും നൽകാത്ത വസ്ത്രമാണ് നായികമാർക്ക് നൽകാർ. രേശ്മിക മന്ദാനവും, രശ്മി ദേശായിയും, ഹൻസികയും തുടങ്ങി നിരവധി നായികമാർ ഈ സെക്ഷ്വൽ ഒബ്ജക്ടിഫിക്കേഷന് ഇളിഭ്യരായി നിന്ന് കൊടുക്കുന്ന അനവധി സമാന സംഭവങ്ങൾ കാണാം. ഇത് സിനിമയിൽ നിന്ന് മാത്രം ഉണ്ടാകുന്ന പ്രഷർ ആയിരിക്കണമെന്നില്ല, കാണികൾ എന്ത് ആഗ്രഹിക്കുന്നു അത് നൽകലാണ് സിനിമാ എന്നതുകൊണ്ട് തന്നെ visual audience നേ തൃപ്തിപെടുത്തുക ശരീര പ്രദർശനങ്ങൾ ഇല്ലാതെ കൊമേർഷ്യൽ സിനിമകൾക്കിടയിലെ മത്സര രംഗത്ത് പിടിച്ച് നിൽക്കാൻ കഴിയില്ല.

തെലുങ്ക് സിനിമാ താരമായ ചിരഞ്ജീവിയുടെ കൂടെ ഒരു സിനിമയുടെ നൃത്തരംഗത്തിൽ അഭിനയിച്ച അനുഭവം കമൽ ഹാസൻ്റെ മകൾ കൂടിയായ ശ്രുതി ഹസൻ പിന്നീട് ഒരു അഭിമുഖത്തിൽ പങ്ക് വെക്കുന്നുണ്ട്. യൂറോപ്പിലെ മഞ്ഞ് പെയ്യുന്ന ചുറ്റുപാടിൽ നായകനും ഒത്ത് നൃത്തം ചെയ്യുന്ന നായിക മിക്ക ഗാന രംഗങ്ങളിലും കാണാം. നായകനായ ചിരഞ്ജീവിയും ഒത്ത് അത്തരം ഒരു നൃത്ത രംഗം ഷൂട്ട് ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു വസ്ത്രത്തിന് മേൽ മറ്റൊരു കോട്ട് എന്നതായിരുന്നു വേഷം. എന്നാൽ മഞ്ഞ് പെയ്യുന്ന ആ തണുപ്പിലും ശരീരം പാതി കാണാവുന്ന തരത്തിൽ ഉള്ളതും നേർത്തതും ആയ വസ്ത്രമാണ് നായിക ശ്രുതിക്ക് നൽകിയിട്ടുള്ളത്. തീർത്തും discomfort ആയിരുന്നു ആ രംഗം തനിക്ക് എന്നായിരുന്നു അവർ അതിനെ സംബന്ധിച്ച് പിന്നീട് പറഞ്ഞത്. അഥവാ പുരുഷൻ്റെ ശരീര പ്രദർശനത്തിന് വിലയില്ലെന്ന് മനസ്സിലാക്കി അവനു വേണ്ടതിൽ അധികം വസ്ത്രം നൽകുമ്പോൾ സ്ത്രീക്ക് കൊടും തണുപ്പിലും വസ്ത്രം അനുവദിക്കാത്തത് കൃത്യമായും സ്ത്രീ ശരീരം മാർക്കറ്റ് ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ തന്നെയാണ്.

ഇത് കേവലം തെന്നിന്ത്യൻ സിനിമയുടെ മാത്രം കാര്യമല്ല, അന്താരാഷ്ട്ര സിനിമകളുടെ സ്ത്രീ അവസ്ഥകൾ കൂടുതൽ പരിതാപകരം ആണെന്ന് മാത്രം. ലോക സീരീസ് ചരിത്രത്തിൽ തന്നെ ശ്രദ്ധ നേടിയ ഒന്നാണ് hbo സംപ്രേഷണം ചെയ്ത game of thrones. വയലൻസിൻ്റെയും നഗ്നതയുടെയും സെക്ഷ്വാലിറ്റിയുടെയും അതി പ്രസരമാണ് mainstream സിനിമാ പ്രേമികൾ പുകഴ്ത്തുന്ന ഈ സീരീസ് മുഴുവൻ. നിരൂപകരുടെ അഭിപ്രായത്തിൽ എപ്പോഴൊക്കെ കഥ ഇഴയുന്നതായി തോന്നുന്നുവോ അപ്പോഴൊക്കെ ലൈംഗികതയും സെക്ഷ്വൽ വയലൻസും അനാവശ്യമായി ചിത്രീകരിച്ച് കാണികളെ പിടിച്ചിരുത്താൻ സീരീസ് ശ്രമിച്ചിട്ടുണ്ട്. ഇതിലെ പ്രധാന നായികയായ Emilia Clarke തൻ്റെ സീരീസിനായുള്ള അഭിനയ ദുരനുഭവങ്ങൾ പിന്നീട് തുറന്നു പറയുകയുണ്ടായി. വസ്ത്രമില്ലാതെ പരസ്യമായി ശരീരം പ്രദർശിപ്പിക്കാൻ താൻ നിർബന്ധിത ആവുകയായിരുന്നു എന്നും ഇതറിയാതെ ആണ് താൻ ഇതിലേക്ക് വന്ന് പെട്ടത് എന്നും അവർ പിന്നീട് പറയുന്നുണ്ട്. ചില അശ്ലീല ദൃശ്യങ്ങളിൽ അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ അത് ആരാധകർ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് അവരെ പ്രഷർ ചെയ്യുകയായിരുന്നു, പല ദൃശ്യങ്ങളും ഷൂട്ട് ചെയ്യും മുൻപ് ഒറ്റക്ക് ബാത്ത്റൂമിൽ പോയി കരഞ്ഞാണ് താൻ അഭിനയിക്കാൻ തയ്യാറായി വന്നത് എന്നും അവർ വെളിപ്പെടുത്തുന്നുണ്ട്.

സ്ത്രീയിൽ പ്രദർശിപ്പിക്കാൻ അവളുടെ ശരീരം മാത്രമേ ഉള്ളൂ എന്നും കേവല ലൈംഗിക വസ്തുവായി പ്രദർശന വസ്തുവായി നിന്ന് കൊടുക്കൽ മാത്രമാണ് സിനിമയിൽ അവളുടെ ധർമ്മം എന്നും mainstream സിനിമാ ലോകം തന്നെ ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുന്നു. അവിടെ സ്ത്രീക്ക് privacy ഇല്ല, നാണം മറയ്ക്കാനുള്ള ചോയ്സ് ഇല്ല, വസ്ത്ര സ്വാതന്ത്ര്യമില്ല, ഇതിലൊന്നും ലിബറൽ സദാചാര വാദികൾക്കോ പുരോഗമന മാധ്യമങ്ങൾക്കോ യാതൊരു പ്രശ്നവുമില്ല. കാരണം സ്ത്രീ സമത്വമല്ല മുതലാളിത്ത ലിബറൽ അരാജകത്വ താൽപര്യങ്ങൾ മാത്രമാണ് ഇതിൽ മുന്നിൽ നിൽക്കുന്ന പലർക്കും. അഥവാ സ്ത്രീ ഭോഗ വസ്തുമാത്രമാണ് എന്ന് കരുതുന്ന അവരെ കുട്ടി ഉടുപ്പ് അണിയിച്ച് തുള്ളിച്ച് വിൽപന വസ്തു മാത്രമാക്കി ആഘോഷിക്കുന്ന നമ്മുടെ മുൻനിര ലിബറൽ സംസ്കാരം അങ്ങേയറ്റം സ്ത്രീ വിരുദ്ധവും, പ്രാകൃതവുമാണ്.

അരാജകത്വത്തിൻ്റെ ന്യൂറോസയൻസ്

സമൂഹത്തിൽ normalise ചെയ്യപ്പെടുന്ന മറ്റൊരു ദുരന്തമാണ് പോണോഗ്രഫി. ട്രോളുകൾ മുതൽ തമാശയായി സംസാരങ്ങളിൽ വരെ ഇതുപയോഗിക്കുന്നത് അവയുടെ ഉപയോഗം സാധാരണമാണ് എന്ന് കാണിക്കാൻ കൂടിയാണ്. പോൺ താരങ്ങളുടെ ചിത്രങ്ങൾ കാണിക്കുമ്പോൾ അവരെ അറിയില്ല എന്ന് പറയുന്നത് മോശമായി തോന്നുന്ന പുതുതലമുറ വളർന്നു വരുന്നത് ഓൺലൈൻ മീഡിയകൾ കാണിച്ച് തരുന്നുണ്ട്. വാസ്തവത്തിൽ ലിബറൽ ധാർമിക വീക്ഷണത്തിൻ്റെ ഒരു പരിമിതി ആണത്. അഥവാ നേരിട്ട് മനുഷ്യനെ HARM ചെയ്യാത്ത എന്തും അവൻ്റെ സ്വാതന്ത്രത്തിൻ്റെ ഭാഗമാണ് എന്ന നിലപാട് ആണ് ലിബറലുകൾക്ക്. കഞ്ചാവ് നിയമ വിധേയമാക്കാത്ത ഇന്ത്യൻ ഭരണ വ്യവസ്ഥ പ്രാകൃതമാണ് എന്ന് ഈ അടുത്ത് പ്രധാന ലിബറൽ പുരോഗമന വാദിയായ മേത്രേയൻ പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു. കഞ്ചാവ് നശിപ്പിക്കുന്നു എങ്കിൽ അത് ആ മനുഷ്യനെ തന്നെയാണ്, സ്വയം നശിക്കാനുള്ള തീരുമാനം മനുഷ്യൻ്റെ വ്യക്തി സ്വാതന്ത്രത്തിൻ്റെ ഭാഗമാണ് എന്നതാണ് ഈ നിലപാടിൻ്റെ അടിസ്ഥാനം. ഈ സ്വഭാവത്തിൽ സമൂഹത്തെയും കുടുംബത്തെയും വ്യക്തികളെയും നശിപ്പിക്കുന്ന എന്തും ധാർമികമായി അനുവദിക്കുന്നു എന്നതാണ് ലിബറൽ മൂല്യങ്ങളുടെ അടിസ്ഥാന പരിമിതി.

പരസ്യമാകുന്ന പോണോഗ്രഫിയും, നഗ്നതയും സമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് ലിബറൽ സദാചാര യുക്തിക്ക് മനസ്സിലാകാത്തതും ഈ പരിമിതി കൊണ്ടാണ്. സ്വാഭാവികമായും സ്ത്രീ ശരീരത്തോട് കാഴ്ചയിൽ തന്നെ ആകർഷിക്കപ്പെടുകയെന്ന സ്വഭാവത്തിലാണ് പുരുഷ ലൈംഗികത പ്രവർത്തിക്കുന്നത്. ഈ visual stimulation നുള്ള പ്രധാന കാരണം പുരുഷ മസ്തിഷ്കത്തിലെ amygdala എന്ന ഭാഗത്തിൻ്റെ വികാസമാണ്. സ്ത്രീയിലെ അൽപ വസ്ത്രധാരണം മുതൽ പോണോഗ്രഫി വരെ പുരുഷന് നയന സുഖം നൽകുന്നു എന്നതുകൊണ്ട് മാത്രമാണ് അത് വിൽപന ചരക്ക് ആകുന്നതും. ഈ കാഴ്ച പുരുഷ മസ്തിഷ്കത്തിൽ dopamine പ്രവാഹം സൃഷ്ടിക്കുന്നു. ഡോപമിൻ അമിത നിർവൃതി തലച്ചോറിലെ റിവാർഡ് സെൻ്ററിൽ സൃഷ്ടിക്കുന്നു. അത് പുരുഷനിൽ ഒരു തരം സുഖാനുഭൂതി നിർമ്മിക്കുകയും ആ കാഴ്ചയിലേക്ക് വീണ്ടും നോക്കാൻ പ്രേരണ നൽകുകയും ചെയ്യുന്നു. എന്നാൽ ഈ കാഴ്ച സ്ഥിരമായി കഴിഞ്ഞാലോ?

ഈ അടുത്ത് മാതൃഭൂമിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വായിച്ച ഒരു ലേഖനത്തിൻ്റെ അവകാശവാദം ഇങ്ങനെ ആയിരുന്നു, “സ്ത്രീ നഗ്നതയോട് പുരുഷന് താൽപര്യം തോന്നുന്നത് അത് സാധാരണ ഗതിയിൽ മൂടി വെക്കുന്നത് കൊണ്ടാണ്. സ്ത്രീ നഗ്നത സർവ്വ സാധാരണമായി കഴിഞ്ഞാൽ പിന്നെ ആർക്കും അതിനോട് ലൈംഗിക ആകർഷണീയത തോന്നില്ല”. ഈ പറഞ്ഞത് ഒരളവ് വരെ ശരിയാണ് പക്ഷേ പുരുഷന് ലൈംഗിക ആകർഷണം തോന്നാതിരിക്കാൻ സകല സ്ത്രീകളും വസ്ത്രം ഉപേക്ഷിക്കണം എന്ന് പറയുന്നത് വരെയേ അതെത്തൂ. പുരോഗമനം തെളിയിക്കാൻ ലേഖനം എഴുതും മുൻപ് അത് പ്രവർത്തിക്കുന്ന ന്യൂറോളജി എന്താണ് എന്ന് കൂടി മനസ്സിലാക്കണം, അപ്പോഴേ ഇത്തരം വീക്ഷണങ്ങളിലെ അബദ്ധങ്ങൾ മനസ്സിലാകൂ.

മാതൃഭൂമി ലേഖകൻ ഉദ്ദേശിക്കുന്നത് പുരുഷ മസ്തിഷ്കത്തിന് സ്ത്രീ നഗ്നതയോട് sensitivity നഷ്ടമാകുന്ന അവസ്ഥ ഉണ്ടായാൽ പിന്നെ സ്ത്രീകൾക്ക് താല്പര്യമുള്ള ഏത് വസ്ത്രവും ധരിക്കാം, ചൂഴ്ന്നു നോട്ടങ്ങൾ ഉണ്ടാകില്ല എന്നാണ്. ഈ സെൻസിറ്റിവിറ്റി നഷ്ടമാകാൻ കാരണം ആകുന്ന പ്രതിഭാസം എന്തെന്ന് നോക്കാം. സ്ത്രീ നഗ്നത ദൃശ്യം ആകുമ്പോൾ മസ്തിഷ്കത്തിലേക്ക് dopamine inflation സംഭവിക്കുന്നു എന്ന് മുകളിൽ പറഞ്ഞല്ലോ. എന്നാൽ എല്ലായ്‌പ്പോഴും ഇത് കണ്ട് കൊണ്ടിരുന്നാൽ അത് മസ്തിഷ്കത്തിനു നോർമലായി തോന്നുകയും ഡോപാമിൻ inflation സംഭവിക്കാതെ ഇരിക്കുകയും ചെയ്യുന്നു. എന്നാൽ അതിനർത്ഥം പുരുഷൻ്റെ ലൈംഗികത മരിച്ചു എന്നാകുന്നില്ല. പിന്നീട് dopamine inflation സംഭവിക്കാൻ കൂടിയ അളവിലുള്ള നഗ്നത കാണേണ്ടി വരുന്നു എന്നതിലേക്ക് ആണത് കൊണ്ട് പോകുന്നത്. അഥവാ എത്ര നഗ്നത normalized ചെയ്താലും അവിടെ സാധാരണം അല്ലാത്ത ലൈംഗിക താൽപര്യത്തിലേക്ക് നീങ്ങാൻ പുരുഷൻ നിർബന്ധിക്കപ്പെടുന്നു പോണോഗ്രഫിയുടെ കാര്യത്തിൽ സംഭവിക്കുന്ന ഈ മസ്തിഷ്ക വ്യതിയാനം കൃത്യമായും പഠന വിധേയമായതാണ്.

അശ്ലീല ചിത്രങ്ങൾ കാണുന്നവരിൽ ഈ dopamine inflation ക്രമേണ കുറഞ് വരുന്നതായും മസ്തിഷ്ക ഘടനയെ തന്നെ അത് ബാധിക്കുന്നതായും പഠനങ്ങൾ പറയുന്നു.ഇങ്ങനെ desensitized ആയ ആളുകൾ പിന്നീട് കാണുന്ന പോണോഗ്രഫി ചിത്രങ്ങളുടെ തീവ്രത അധികരിപ്പിക്കുമ്പോൾ മാത്രമാണ് അവർക്ക് അനുഭൂതി ലഭിക്കുന്നുള്ളൂ. അഥവാ സാധാരണ ലൈംഗിക ദൃശ്യങ്ങൾ അവർക്ക് മതിയാകാതെ വരികയും ബലാത്സംഗം മുതൽ, ശിശുരതിയുടെ വരെ ദൃശ്യങ്ങൾ കാണുന്നതിലേക്ക് തീവ്രത അധികരിപ്പിക്കേണ്ടി വരുന്നു എന്നും പഠനങ്ങൾ പറയുന്നു. (“Neural Correlates of Sexual Cue Reactivity in Individuals with and without Compulsive Sexual Behaviours” by Voon et al. (2014) and “Pornography Consumption and Delay Discounting” by Laier et al. (2013).)
അഥവാ സ്വാഭാവിക ലൈംഗികത മരവിപ്പിക്കുന്ന പുരോഗമനം മനുഷ്യനെ മൃഗമാക്കുകയാണ് ചെയ്യുന്നത്.

അപ്പോൾ അൽപ വസ്ത്ര ധാരണത്തെ normalise ചെയ്താൽ ചൂഴ്ന്നു നോട്ടങ്ങൾ നിലക്കും എന്ന് പറയുന്ന ലേഖകൻ്റെ പുരോഗമന വീക്ഷണം വെറും വിവരം ഇല്ലായ്മയാണ്. കാണുന്ന നഗ്നതയുടെ തീവ്രത വർദ്ധിപ്പിക്കാൻ പുരുഷൻ നിർബന്ധിതനാവുക മാത്രമാണ് അവിടെ സംഭവിക്കുന്നത്. ഒടുക്കം സകല സ്ത്രീകളും നഗ്നതാ പ്രദർശനം നടത്തിയാൽ പോലും പുരുഷനിൽ കൂടുതൽ തീവ്രമായ ലൈംഗിക അരാജകത്വ താൽപര്യങ്ങളെ ജനിപ്പിക്കാനെ അത് കാരണമാകുന്നുള്ളൂ. ബലാത്സംഗം മുതൽ മൃഗരതി വരെയുള്ള ലൈംഗിക അരാജത്വങ്ങളിലേക്ക് മനുഷ്യനെ വഴി തിരിച്ച് വിടാവുന്ന തീരുമാനങ്ങളെ പുരോഗമനം എന്ന പേരിൽ അവതരിപ്പിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന ദ്രോഹമാണ്.

മാത്രമല്ല സ്വാഭാവിക ലൈംഗിക ആകർഷണം മരവിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യനെ എത്തിക്കുക എന്ന് പറഞാൽ അതിനർത്ഥം ആരോഗ്യമുള്ള പ്രണയ ബന്ധങ്ങളോ ലൈംഗികതയൊ അവശേഷിക്കാത്ത സ്ഥിതി സംജാതമാവുക എന്നാണ്. പരസ്പര ആകർഷണീയത മരിക്കുന്ന അത്തരം സാഹചര്യത്തിൽ നല്ല കുടുംബ ബന്ധങ്ങളോ സാമൂഹ്യ ബന്ധങ്ങളോ അവശേഷിക്കാത്ത അവസ്ഥയാണ് സ്വാഭാവികമായും ഉണ്ടാവുക. മനുഷ്യനെ മനുഷ്യനാക്കുന്ന അടിസ്ഥാന വികാരങ്ങളെ പോലും നശിപ്പിച്ച് വ്യക്തിയെയും സമൂഹത്തെയും തകർക്കുന്ന ഒന്നിനെ എത്ര ലളിതമായാണ് ഇക്കൂട്ടർ പുരോഗമനമെന്ന പേരിൽ അവതരിപ്പിക്കുന്നത്!

കണ്ണുകളെ താഴ്ത്തുന്ന പുരുഷന്മാരെയും ശരീരം മറക്കുന്ന സ്ത്രീകളെയും സൃഷ്ടിക്കുക വഴി മനുഷ്യനെ മനുഷ്യനാക്കുന്ന മസ്തിഷ്ക ഘടനയെ കൂടിയാണ് ഖുർആൻ സംരക്ഷിച്ചത്.
“നീ സത്യവിശ്വാസികളോട് പറയുക: അവരുടെ കണ്ണുകള്‍ നിയന്ത്രിക്കട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട,അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്. നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം. തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്;(ഖുർആൻ: അന്നൂർ)

print

5 Comments

 • Good 👍

  Basith 29.04.2023
 • Good.
  MaSha Allah..

  Silshij 30.04.2023
 • الحمد لله.. جزاك الله خير

  arshad 04.05.2023
 • Very good effort, but my humble opinion to avoid the name and detailing of the actress and series may result negative

  Abdul 07.05.2023
 • good article

  MT Manaf 01.06.2023

Leave a comment

Your email address will not be published.