ലിംഗത്വരാഷ്‌ട്രീയത്തിന്റെ ജനിതകം

//ലിംഗത്വരാഷ്‌ട്രീയത്തിന്റെ ജനിതകം
//ലിംഗത്വരാഷ്‌ട്രീയത്തിന്റെ ജനിതകം
ആനുകാലികം

ലിംഗത്വരാഷ്‌ട്രീയത്തിന്റെ ജനിതകം

Print Now
ജെൻഡർ ന്യൂട്രാലിറ്റി: അപകടകരമായ സമൂഹനിർമ്മാണത്തിന് -5

മനുഷ്യശരീരശാസ്ത്രത്തിന്റെയോ, നാഡീശാസ്ത്രത്തിന്റെയോ, അന്തഃസ്രാവശാസ്ത്രത്തിന്റെയോ മനഃശാസ്ത്രത്തിന്റെയോ പിൻബലമൊന്നുമില്ലാത്ത ഊഹങ്ങളാൽ നിറയ്ക്കപ്പെട്ട സിദ്ധാന്തങ്ങളുടെ വെളിച്ചത്തിലാണ് സമൂഹത്തിൽ നിലനിൽക്കുന്ന ഹെറ്റെറോനോർമേറ്റിവിറ്റിയെ തകർക്കാനായുള്ള കരുക്കൾ നീക്കുന്നതെന്നും അതിന്നായാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബന്ധിക്കുന്നത് പോലെയുള്ള നടപടികളിലേക്ക് നീങ്ങുന്നത് എന്നും പറയുമ്പോൾ ജെൻഡർ പൊളിറ്റിക്സിന്റെ സിദ്ധാന്തങ്ങളെ ശാസ്ത്രവൽക്കരിക്കാനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നോ നടക്കുന്നില്ലെന്നോ അതിന്നർത്ഥമില്ല. ജീവജാലങ്ങളിൽ വ്യത്യസ്ത രീതിയിലുള്ള ലൈംഗീകാഭിനിവേശങ്ങളുണ്ടെന്നും അവയ്ക്കനുസൃതമായ ജീനുകളെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടെന്നും വാദിച്ചുകൊണ്ട് ക്വിയർ തിയറിയും ജെൻഡർ തിയറിയുമെല്ലാം ശാസ്ത്രീയമാണെന്ന് സമർത്ഥിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്വവർഗാനുരാഗം പ്രകൃതിപരവും ജനിതകവുമാണെന്ന് സമർത്ഥിക്കാനായുള്ള എൽജിബിറ്റി ആക്ടിവിസത്തിന്റെ പരിശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ലെന്നു സത്യം മറച്ചുവെച്ചുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ നടത്താറുള്ളത്. ശാസ്ത്രജ്ഞരും നിയമജ്ഞരും രാഷ്ട്രതന്ത്രജ്ഞരുമെല്ലാം സത്യലേശമില്ലാത്ത ഈ പ്രചാരണങ്ങളിൽ വഞ്ചിതരാകാറുണ്ട് എന്നതാണ് സത്യം.

സ്വവർഗരതിയെ കുറ്റകൃത്യമായിക്കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമം 377 ആം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന 2018 സെപ്റ്റംബർ ആറാം തിയതിയിലെ സുപ്രീം കോടതിവിധിയിലെ ‘ലൈംഗികാഭിനിവേശം ജീവശാസ്ത്രപരവും നൈസർഗ്ഗികവുമാണ്; തങ്ങൾ ആകർഷിക്കപ്പെടുന്നത് എന്തിലേക്കാണെന്ന വിഷയത്തിൽ അവനോ അവൾക്കോ യാതൊരു നിയന്ത്രണവുമില്ല; അത് എതെങ്കിലും രൂപത്തിൽ അടിച്ചമർത്തപ്പെടുന്നത് സ്വാതന്ത്രാവിഷ്കാരത്തെ നിഷേധിക്കലാണ്” എന്ന പരാമർശം സ്വവർഗ്ഗാനുരാഗം ജനിതകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന തെറ്റിദ്ധാരണ എത്രത്തോളം ആഴത്തിലാണ് വേരൂന്നിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്നുണ്ട്.

പ്രകൃതിദത്തമാണെന്ന കള്ളം

‘അമേരിക്കന്‍ സൈക്യാട്രിസ്റ്റ്‌സ് അസോസിയേഷന്റെ’ ‘ഡയഗനോസ്റ്റിക് ആന്റ് സ്റ്റാസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്‌സി’ലുണ്ടായിരുന്ന സ്വവര്‍ഗാനുരാഗം മനോവ്യതിയാനമാണെന്ന പരാമര്‍ശം നീക്കം ചെയ്യുന്നതില്‍ വിജയിച്ച ശേഷം അമേരിക്കന്‍ സ്വവര്‍ഗാനുരാഗികളുടെ കൂട്ടായ്മ പ്രധാനമായും പരിശ്രമിച്ചത് സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമല്ലെന്ന് സ്ഥാപിക്കുന്നതിനു വേണ്ടിയാണ്. അതിനുവേണ്ടി മാത്രമായി നിരവധി ജീവശാസ്ത്രപഠനങ്ങളും ജനിതകാപഗ്രഥനങ്ങളും സര്‍വ്വേകളും വ്യാപകമായി നടന്നിട്ടുണ്ട്. ഇന്നും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഹെറ്റെറോനോർമേറ്റിവിറ്റിയിൽ നിന്ന് സമൂഹത്തെ രക്ഷിക്കുവാനായി പ്രതിജ്ഞയെടുത്തിട്ടുള്ള അമേരിക്കയിലും യൂറോപ്പിലും മറ്റു പാശ്ചാത്യന്‍ നാടുകളിലുമുള്ള സ്വവര്‍ഗാനുരാഗീസംഘങ്ങളും അവരോടൊപ്പം നില്‍ക്കുന്നവരും ഈ പഠനങ്ങളിലും സര്‍വ്വേകളിലും പങ്കുകൊള്ളുകയും അനുകൂലമായ ഫലങ്ങളുണ്ടാക്കുവാന്‍ ഒറ്റക്കെട്ടായി മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ശാസ്ത്രജ്ഞരേയും ശാസ്ത്രപ്രസിദ്ധീകരണങ്ങളേയും സ്വാധീനിക്കുകയും തങ്ങള്‍ നല്‍കുന്ന പഠനങ്ങള്‍ ആധികാരികമാണെന്ന് വരുത്തുന്നതിനു വേണ്ടിയുള്ള കരുനീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു.

സ്വവര്‍ഗാനുരാഗം പ്രകൃതിദത്തമാണെന്നു വരുത്തുന്നതിനുവേണ്ടിയുള്ള നാലു പതിറ്റാണ്ടു നീണ്ടുനിന്ന ഭഗീരഥപരിശ്രമങ്ങളുടെ ഫലമായി അമേരിക്കൻ ശാസ്ത്രമേഖലയിൽ ജെൻഡർ പൊളിറ്റിക്സ് വെന്നിക്കൊടി നാട്ടിക്കഴിഞ്ഞിട്ടുണ്ട്. തങ്ങൾ നേടിയെടുത്ത അമേരിക്കന്‍ ശാസ്ത്രാംഗീകാരത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യയില്‍ പോലും അവർ നിയമയുദ്ധം നടത്തി വിജയിച്ചത്. അതേ പിൻബലത്തിൽ തന്നെയാണ് ഒന്നാം ലോകത്തിന്റെ സാമ്പത്തികവായ്പകൾക്ക് വേണ്ടി സ്വന്തം സംസ്കാരത്തെയും ധാർമ്മികതയെയും വിൽക്കാൻ തയ്യാറുള്ള മൂന്നാം ലോകരാഷ്ട്രങ്ങളുടെ രാഷ്ട്രീയനേതൃത്വത്തെയും അവർ കയ്യിലെടുക്കാൻ ശ്രമിക്കുന്നത്. സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്ന സാമ്പ്രദായിക വീക്ഷണം ശാസ്ത്രീയമല്ലെന്ന കാഴ്ചപ്പാട് എത്രമാത്രം വസ്തുനിഷ്ഠമാണെന്ന് അന്വേഷിക്കുവാനോ പഠിക്കുവാനോ തയ്യാറാകാതെയാണ് രാഷ്ട്രീയനേതൃത്വത്തിലുള്ളവർ ജെൻഡർ ന്യൂട്രൽ യൂണിഫോമിനെപ്പോലെയുള്ള പരിഷ്കരണങ്ങളിലൂടെ തങ്ങൾക്ക് കടം നൽകുന്നവരെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത്. സ്വവര്‍ഗാനുരാഗീസംഘങ്ങളുടെ ശാസ്ത്രം മാത്രം പരിഗണിച്ചുകൊണ്ടുള്ള പരിഷ്കരണങ്ങൾ വഴി നമ്മുടെ ഭാവി തലമുറയാണ് നശിക്കാൻ പോകുന്നതെന്ന സത്യം അവർ മനസ്സിലാക്കുന്നില്ല.

നാഡീശാസ്ത്രമുപയോഗിച്ച് തുടക്കം

1990 കള്‍ മുതല്‍ ശാസ്ത്രീയപഠനങ്ങള്‍ ഉപയോഗിച്ച് സ്വവര്‍ഗാനുരാഗത്തെ പ്രകൃതിപരമാക്കുന്നതിനു വേണ്ടിയുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. അമേരിക്കന്‍ ന്യൂറോ സയന്റിസ്റ്റായ സിമോണ്‍ ലിവെയുടെ ‘സ്വവര്‍ഗരതിക്കാരുടേയും സാധാരണക്കാരുടേയും ഹൈപ്പോതലാമസ് ഘടനയിലുള്ള വ്യത്യാസം’ എന്ന സയന്‍സ് മാഗസിന്‍ ലേഖനമായിരുന്നു ഈ ഗണത്തിലുള്ള ആദ്യപഠനം. (Simon LeVay: “A difference in hypothalamic structure between heterosexual and homosexual men” Science, 30. 08.1991). മനുഷ്യമസ്തിഷ്കത്തിലെ ഹൈപ്പോതലാമസിലുള്ള ലൈംഗികതയെ സ്വാധീനിക്കുന്ന നാല് കോശഗണങ്ങളായ ഐഎൻഎഎച്ച് 1,2,3,4 [interstitial nuclei of the anterior hypothalamus – INAH1,2,3,4] എന്നിവയിൽ പുരുഷന്മാരുടെ ഐഎൻഎഎച്ച് 3 ന് സ്ത്രീകളുടേതിന്റെതിനേക്കാൾ രണ്ടിരട്ടിയിലധികം വലിപ്പമുണ്ടായിരിക്കുമെന്ന 1989ൽ നടന്ന ഒരു പഠനഫലത്തെ (Laura S. Allen, Melissa Hines, James E. Shryne and Roger A. Gorski “Two Sexually Dimorphic Cell Groups in the Human Brain”, The Journal of Neuroscience, February 1989) ആധാരമാക്കിയുള്ളതായിരുന്നു സിമോണ്‍ ലിവെയുടെ നിരീക്ഷണങ്ങൾ.

സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരുടെ ഐഎൻഎഎച്ച് 3 ന് സ്ത്രീകളുടേതിന്റെ വലിപ്പമേയുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. സ്ത്രീകൾ പുരുഷന്മാരിലേക്ക് ആകൃഷ്ടരാകുന്നത് ഐഎൻഎഎച്ച് 3 ന്റെ പകുതി വലിപ്പം കൊണ്ടാണെന്നും സ്ത്രീകളുടെയത്ര മാത്രം വലിപ്പമുള്ള സ്വവർഗ്ഗാനുരാഗികളും പുരുഷന്മാരിലേക്ക് ആകൃഷ്ടരാകുന്നതിന് കാരണം ഐഎൻഎഎച്ച് 3ന്റെ വലിപ്പക്കുറവുകൊണ്ടാണെന്നുമായിരുന്നു വാദം.

വേണ്ടത്ര സ്ഥിതിവിവരക്കണക്കുകളോ തെളിവുകളോ ഇല്ലാതെയാണ് സ്വയം തന്നെ ഒരു സ്വവർഗ്ഗാനുരാഗിയായ സിമോണ്‍ ലിവെ തന്റെ ലൈംഗികാഭിമുഖ്യത്തെ ശാസ്ത്രീയമാക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നിഗമനകളിലെത്തിയിരിക്കുന്നതെന്ന വിമർശനം ശാസ്ത്രലോകത്തുനിന്ന് തന്നെ ഉയർന്നു. ലിവെയുടെ പഠനം പ്രസിദ്ധീകരിക്കപ്പെട്ട് മൂന്ന് വർഷങ്ങൾക്കകം തന്നെ ‘സൈക്കോളജിക്കൽ മെഡിസിൻ’ ജേർണലിൽ അത് നിഷേധിച്ചുകൊണ്ടുള്ള പഠനവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. (P. J Harrison, I.P Everall, J. Catalan: “Is homosexual behavior hard wired? Sexual orientation and brain structure”. Psychological Medicine, 1994 vol.24 Issue 4).

എതിർവർഗ്ഗാനുരാഗികളും സ്വവർഗ്ഗാനുരാഗികളുമായ പുരുഷന്മാരുടെ ഐഎൻഎഎച്ച് 3 ലുള്ള ന്യൂറോണുകളുടെ എണ്ണവും തുല്യമാണെന്നും എന്നാൽ സ്ത്രീകളുടെത് എണ്ണം കുറവാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ലിവെയുടെ തീർപ്പുകളെല്ലാം അടിസ്ഥാനരാഹിതമാണെന്ന പഠനവും ‘ഹോർമോൺസ് ആന്റ് ബിഹേവിയർ’ ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. (W Byne , S Tobet, L A Mattiace, M S Lasco, E Kemether, M A Edgar, S Morgello, M S Buchsbaum, L B Jones: “ The Interstitial Nuclei of the Human Anterior Hypothalamus: An Investigation of Variation with Sex, Sexual Orientation, and HIV Status”, Hormones and Behavior, 2001 September) സ്വവർഗ്ഗാനുരാഗികളുടെ ഹൈപ്പോതലാമസ് വ്യത്യാസമെന്ന സിമോണ്‍ ലിവെയുടെ സങ്കല്പം തികച്ചും അടിസ്ഥാനരഹിതമാണെന്ന് സ്ഥാപിക്കുന്ന പഠനം കറന്റ് സയൻസ് ജേർണലിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. (Karori Mbugua, “Sexual orientation and brain structures: A critical review of recent research” Current Science, January 2003) അങ്ങനെയെല്ലാം ആണെങ്കിലും ഇപ്പോഴും സിമോണ്‍ ലിവെയുടെ പഠനത്തെ ഉദ്ധരിച്ചുകൊണ്ട് സ്വവർഗാനുരാഗികളുടെ മസ്തിഷ്‌കം വ്യത്യസ്തമാണെന്ന് വാദിക്കുകയും അതിനാൽ സ്വവർഗ്ഗരതി ജന്മാവകാശമാണെന്ന് സമർത്ഥിക്കുകയും ചെയ്യുന്നവരുണ്ട്.

സ്വവർഗ്ഗാനുരാഗത്തിന് ജീവശാസ്ത്രപരമായ അടിത്തറ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടുള്ള പഠനങ്ങളെയെല്ലാം വിപരീതഫലങ്ങളാണ് നൽകിയതെന്ന സത്യം അംഗീകരിക്കാൻ ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ തയ്യാറാകാറില്ല. ഇതുവരെ നടന്ന പഠനങ്ങൾക്കൊന്നും തന്നെ സ്വവർഗ്ഗാനുരാഗത്തിന് ജൈവികമായ എന്തെങ്കിലും കാരണങ്ങളുണ്ടെന്ന് സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ലെങ്കിലും അങ്ങനെ തെളിയിക്കപ്പെട്ടുവെന്ന രീതിയിലാണ് അവർ സംസാരിക്കാറുള്ളത്. ‘ഞങ്ങൾക്ക് അങ്ങനെ തോന്നുന്നു; അതിനാൽ ഞങ്ങൾ അങ്ങനെയാണ്’ എന്ന മർക്കടമുഷ്ടിയല്ലാതെ യാതൊരു ശാസ്ത്രവും അവരുടെ വാദങ്ങൾക്ക് ഉപോൽബലകമായി ഉന്നയിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. സ്വവർഗ്ഗാനുരാഗികളുടെയും അവരെ പിന്താങ്ങുന്നവരുടെയും നേതൃത്വത്തിൽ ഏറെ സമ്പത്തും സമയവും ചെലവഴിച്ച് നിരവധി പഠനങ്ങൾ നടന്നുവെങ്കിലും സ്വവർഗ്ഗാനുരാഗത്തിന് ജീവശാസ്ത്രപരമായ കാരണങ്ങൾ കണ്ടെത്തുന്നതിൽ അവയെല്ലാം അമ്പേ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

ഫലങ്ങൾ നൽകാത്ത ഗവേഷണങ്ങൾ

നെതര്‍ലാന്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സിലെ മസ്തിഷ്‌കഗവേഷകനായ പ്രൊഫ: ഡോ: ഡി.എഫ് സ്‌വാബും അതേ സ്ഥാപനത്തില്‍ തന്നെയുള്ള ന്യൂറോ അനാട്ടമി ഗവേഷകന്‍ ഡോ: എം.എ ഹോഫ്മാനും രണ്ടു സഹപ്രവര്‍ത്തകരും കൂടിയെഴുതിയ ‘മനുഷ്യമസ്തിഷ്‌കത്തിലെ ഒരു ലിംഗവ്യത്യാസവും അപരലിംഗവ്യക്തിത്വവുമായി അതിനുള്ള ബന്ധവും’ (M A Hofman, J N Zhou, L J Gooren, D F SwaabAffili: A sex difference in the human brain and its relation to transsexuality, Nature 02.11.1995) എന്ന ലേഖനമായിരുന്നു അടുത്ത ആയുധം. ലേഖനമെഴുതിയ ശാസ്ത്രജ്ഞർ സ്വവര്‍ഗാനുരാഗികളുടേയും അപരലിംഗത്വമുള്ളവരുടേയും സാധാരണക്കാരുടേയും മസ്തിഷ്‌കങ്ങള്‍ തമ്മില്‍ ചെറിയ ചില വ്യതിരിക്തതകളുണ്ടെന്ന് സമർത്ഥിച്ചപ്പോൾ അത് തങ്ങളുടെ വാദത്തിനുള്ള തെളിവായി എൽജിബിറ്റി ആക്ടിവിസ്റ്റുകൾ പ്രഘോഷിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് സൈക്കോളജി വിഭാഗത്തിലെ ഡോ: ഡെന്നിസ് മെക് ഫദ്ദാനും എഡ്‌വേര്‍ഡ് ജി പ്രസാനനും കൂടിയെഴുതിയ ‘എതിർവർഗ്ഗാനുരാഗികളിലെയും സ്വവര്‍ഗരതിക്കാരിലേയും കര്‍ണവ്യവസ്ഥയുടെ താരതമ്യം’ (D McFadden, E G Pasanen: Comparison of the auditory systems of heterosexuals and homosexuals) എന്ന പ്രബന്ധത്തില്‍ (Proceedings of the National Academy of Sciences of the United States of America, 1998 March) രണ്ടുകൂട്ടരുടേയും കേള്‍വിയും അനുബന്ധസംവിധാനങ്ങളും തമ്മില്‍ സാരമായ വ്യതിരിക്തതകളുണ്ട് എന്ന് പറഞ്ഞത് ഉയര്‍ത്തിക്കാണിച്ച് സ്വവര്‍ഗരതിക്കാരുടെ അവയവങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നത് അവരുടെ ലൈംഗികാഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സ്ഥാപിക്കാൻ അവർ ശ്രമിച്ചു. കാലിഫോർണിയ യൂണിവേഴ്സിറ്റി, അനാട്ടമി ആന്റ് സെൽ ബയോളജി വിഭാഗത്തിലെ ലോറ. എസ്. അല്ലെനും റോജർ എ ഗോർസ്കിയും കൂടി എഴുതിയ ‘ലൈംഗികാഭിനിവേശവും മനുഷ്യമസ്തിഷ്കത്തിലെ ആന്റീരിയർ കമ്മീഷറിന്റെ വലിപ്പവും, (Laura S. Allen Roger A.: Sexual orientation and the size of the anterior commissure in the human brain, Proceedings of the National Academy of Science, USA, Neurobiology, August 1992, Volume 89) എന്ന പഠനപ്രബന്ധത്തിന്റെ അടിസ്ഥാനത്തിൽ സ്വവർഗ്ഗാനുരാഗികളുടെ ആന്റീരിയർ കമ്മീഷറിന് എതിർവർഗ്ഗാനുരാഗികളുടേതിനേക്കാൾ വലിപ്പക്കൂടുതലുണ്ടെന്നും അതിനാൽ സ്വവർഗ്ഗാനുരാഗം ജന്മനാ തീരുമാനിക്കപ്പെടുന്നതാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കൊളംബിയ സർവ്വകലാശാല മനഃശാസ്ത്രവിഭാഗത്തിലെ ഹീനോ എഫ്.എൽ, മേയർ ബാൽബർഗ് എന്നിവരുടെ ലൈംഗികാഭിനിവേശത്തെക്കുറിച്ച മനോഅന്തഃസ്രാവഗവേഷണങ്ങൾ: ഇപ്പോഴെത്തെ സ്ഥിതിയും ഭാവി തെരെഞ്ഞെടുപ്പുകളും (Heino F.L, Meyer-Bahlburg: Psychoendocrine Research on Sexual Orientation. Current Status and Future Options, Progress in Brain Research, Volume 61, 1984) എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ അമ്മയുടെ ഗർഭാശയത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ കുഞ്ഞിന്റെ ലൈംഗികാഭിമുഖ്യത്തെ സ്വാധീനിക്കുമെന്നതിനാൽ ഗർഭാശയത്തിനകത്തുവെച്ചാണ് സ്വവർഗ്ഗാനുഗാഗികൾ ഉണ്ടാകുന്നതെന്ന് മനസ്സിലാക്കണമെന്നും അങ്ങനെ ജനിക്കുന്നവരെ മാറ്റാനാവില്ലെന്നും സമർത്ഥിക്കപ്പെട്ടു. അങ്ങനെ എത്രയോ പഠനങ്ങൾ! പൂജ്യം ഫലം മാത്രം നൽകിയ ഗവേഷണങ്ങൾ !!

അവസാനം ഇത്തരം പഠനങ്ങള്‍ക്കെല്ലാം പച്ചക്കൊടി കാണിച്ച് പ്രോല്‍സാഹിപ്പിച്ചിരുന്നവർക്ക് തന്നെ സ്വവർഗ്ഗാനുരാഗത്തിന് ജീവശാസ്ത്രപരമായ കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് തുറന്ന് സമ്മതിക്കേണ്ടി വന്നു. 1995 മെയ് ആറിന് ഫ്ലോറിഡയിലെ മിയാമിയിൽ വെച്ച് നടന്ന അമേരിക്കൻ സൈക്ക്യാട്രിക്ക് അസോസിയേഷന്റെ വാർഷികസമ്മേളനത്തിൽ ഈ വിഷയത്തിൽ ഒരു സംവാദം തന്നെ നടന്നു. ‘സ്വവർഗാനുരാഗം ജീവശാത്രപരമായി തീരുമാനിക്കപ്പെട്ടതാണെന്ന് തീർച്ചപ്പെടുത്തിയോ?’ (Resolved: Homosexuality is Biologically Determined) എന്ന വിഷയത്തിൽ അനുകൂലിച്ചുകൊണ്ട് റിച്ചാർഡ് എ ഇസായ്, ഡീൻ ഹാമർ എന്നിവരും പ്രതികൂലിച്ചുകൊണ്ട് വില്യം എം ബെയ്ൻ, ടെറി എസ് സ്റ്റീൻ എന്നിവരും പരസ്പരം സംവദിച്ചു. ഇതിൽ സ്വവർഗ്ഗാനുരാഗം ജീവശാസ്ത്രപരമായി തീരുമാനിക്കപ്പെട്ടതല്ലെന്ന് സ്ഥാപിച്ചുകൊണ്ടുള്ള വില്യം ബെയ്നിന്റെയും ടെറി സ്റ്റീനിന്റെയും പ്രബന്ധങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. അവ ‘ലൈംഗികാഭിമുഖ്യം പ്രാഥമികമായി ഒരു ജീവശാസ്ത്രപ്രതിഭാസമാണെന്ന് തീർപ്പിലെത്താൻ നമുക്കെന്തുകൊണ്ട് കഴിയില്ല’ (William Byne MD, PhD: Why We Cannot Conclude That Sexual Orientation Is Primarily a Biological Phenomenon). ‘ലൈംഗികാഭിമുഖ്യത്തിന്റെ അപനിർമ്മാണം: ലൈംഗികാഭിനിവേശം എന്ന പ്രതിഭാസത്തെ മനസ്സിലാക്കുക’ (Terry S. Stein MD : Deconstructing Sexual Orientation: Understanding the Phenomena of Sexual Orientation) എന്നീ തലക്കെട്ടുകളിൽ ജേർണൽ ഓഫ് ഹോമോസെക്ഷ്വാലിറ്റിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. (Journal of Homosexuality 1997 – Volume 34, Issue 1).

ഇതേപോലെയുള്ള സംവാദങ്ങൾ നിരവധി നടന്നുവെങ്കിലും സ്വവർഗ്ഗാനുരാഗം ജീവശാത്രപരമായി അടിച്ചേല്പിക്കപ്പെട്ടതാണെന്ന് ന്യായീകരിക്കാൻ ആർക്കും കഴിഞ്ഞില്ല. അവസാനം അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന് സ്വവര്‍ഗാനുരാഗത്തിന് ജീവശാസ്ത്ര അടിത്തറ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ഇതഃപര്യന്തം പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്ന് തുറന്നു സമ്മതിക്കേണ്ടി വന്നു. 2000 മെയ് മാസത്തിൽ എ പി എ പുറത്തിറക്കിയ ‘ഗേ, ലെസ്ബിയന്‍ ബൈസെക്ഷ്വല്‍ ഇഷ്യൂസ്’ എന്ന ഫാക്ട് ഷീറ്റില്‍ ഇങ്ങനെ വായിക്കാം ”സ്വവര്‍ഗലൈംഗികതക്ക് ജീവശാസ്ത്രപരമായ കാരണങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് ഈയിടെയായി താല്‍പര്യം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരേയും സ്വവര്‍ഗലൈംഗികതക്കുള്ള ജീവശാസ്ത്രകാരണങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടിയുള്ള ശാസ്ത്രീയപഠനങ്ങളൊന്നും തന്നെ ഫലം കണ്ടിട്ടില്ല.”(Quoted by Robert Knight in his article “Born or Bred? Science Does Not Support the Claim That Homosexuality Is Genetic” https://concernedwomen.org)

ജനിതകാടിത്തറ കണ്ടെത്തുന്നതിനായി

സ്വവര്‍ഗലൈംഗികതക്ക് ജനിതകാടിത്തറ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളുടെ സ്ഥിതിയും ഇതേപോലെതന്നെ. 1990കളുടെ തുടക്കം മുതല്‍ തന്നെ അത്തരം പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. 1993 ജൂലൈ 16ന് പുറത്തിറക്കിയ ‘സയന്‍സ് മാഗസിന്‍’ പ്രസിദ്ധീകരിച്ച ‘എക്‌സ് ക്രോമോസോമുകളിലെ ഡി.എന്‍.എ രേഖീയങ്ങളും പുരുഷലൈംഗികാഭിമുഖ്യവും തമ്മിലുള്ള ഒരു ബാന്ധവം’ എന്ന പ്രബന്ധമായിരുന്നു ഇതില്‍ ഒന്നാമത്തേത്. (D H Hamer, S Hu, V L Magnuson, N Hu, A M : “A linkage between DNA markers on the X chromosome and male sexual Orientation” Science, 16. 07. 1993) സ്വവര്‍ഗാനുരാഗിയായ ഡോ: ഡീന്‍ എച്ച് ഹാമറും നാല് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രസ്തുത പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഇറ്റലിയിലെ 114 സ്വവര്‍ഗപ്രണയികളുടെ കുടുംബങ്ങളെ പഠനവിധേയമാക്കിക്കൊണ്ട് സ്വവര്‍ഗ ലൈംഗികതക്ക് ജനിതകാടിത്തറയുണ്ടെന്ന് സ്ഥാപിക്കുന്നതാണ് പ്രസ്തുത പ്രബന്ധം. അതില്‍ നാല്‍പത് കുടുംബങ്ങളിലേയും സദൃശഇരട്ടകള്‍ സ്വവര്‍ഗ പ്രണയികളായിരുന്നു എന്ന കണ്ടത്തെലില്‍ നിന്നാണ് അദ്ദേഹം അതിന് ജനിതകാടിത്തറ നിര്‍ധരിച്ചെടുക്കുന്നത്. സ്വവര്‍ഗപ്രണയികളുടെ മാതൃദായകലിംഗ ക്രോമോസോമായ X ക്രോമോസോമിന് Xq28 എന്ന ഒരു ജനിതക രേഖീയ(genetic marker)മുണ്ടെന്നും അതിനാലാണ് അവര്‍ സ്വവര്‍ഗപ്രണയികളായിത്തീരുന്നത് എന്നുമായിരുന്നു വാദം.

ഹാമറുടെ പ്രബന്ധം പുറത്തുവന്നതോടെ ഗേ ജീനിനെ കണ്ടെത്തിയെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ ശക്തമായി. ജനിതകാടിത്തറയില്‍ നിന്ന് നിര്‍ധാരണം ചെയ്യപ്പെടുന്നതാണ് സ്വവര്‍ഗപ്രണയമെന്ന മട്ടിലാണ് ഇന്നും പല ശാസ്ത്രപ്രസിദ്ധീകരണളും വിഷയത്തെ കൈകാര്യം ചെയ്യുന്നത്.
എന്നാല്‍ ഡോ: ഡീന്‍ ഹാമറും സഹപ്രവര്‍ത്തകരും മുന്നോട്ടുവെച്ച പഠന റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമല്ലെന്ന് സ്ഥാപിച്ചുകൊണ്ട് ‘സയന്‍സ്‘ മാഗസിനില്‍ തന്നെ അതിശക്തമായ ഒരു പ്രബന്ധം ആറു വര്‍ഷങ്ങള്‍ക്കു ശേഷം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 1993 ഏപ്രില്‍ 23ന്റെ സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘പുരുഷ സ്വവര്‍ഗലൈംഗികത: Xq28ല്‍ സൂക്ഷ്‌മോപഗ്രഹ രേഖീയങ്ങള്‍ തമ്മിലുള്ള ബാന്ധവത്തിന്റെ അസാന്നിധ്യം’ (G Rice, C Anderson, N Risch, G Ebers: “Male Homosexuality: Absence of Linkage to Microsatellite Markers at Xq28”, Science, 23.04.1999) എന്ന പഠനമായിരുന്നു അത്. വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വ്വകലാശാലയിലെ ജോര്‍ജ് റൈസും മൂന്ന് സഹപ്രവര്‍ത്തകരും കൂടി തയ്യാറാക്കിയ പ്രസ്തുത പഠനത്തിന്റെ റിപ്പോര്‍ട്ട് അന്നേ ദിവസം തന്നെയുള്ള ബി.ബി.സി പ്രക്ഷേപണം ചെയ്തിരുന്നു. (“Doubt cast on ‘gay gene”, http://news.bbc.co.uk) ശാസ്ത്രീയമായി അബദ്ധമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞശേഷവും ഡീന്‍ ഹാമറിന്റെ പഠനങ്ങളില്‍ അള്ളിപ്പിടിച്ചുകൊണ്ട് സ്വവര്‍ഗപ്രണയം ജനിതകമാണെന്ന വാദവുമായി നീങ്ങുകയാണ് ഇന്നും എൽജിബിറ്റി ആക്ടിവിസ്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നത് !

സ്വവർഗ്ഗാനുരാഗികൾക്കനുകൂലമായി ശാസ്ത്രരംഗത്തുള്ള ചിലർ വാദിക്കുന്നുണ്ടെന്നത് ശരിയാണ്. അവർ പല പഠനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ പ്രസ്തുത പഠനങ്ങളെ ശാസ്ത്രരംഗത്തുള്ളവർ തന്നെ വെല്ലുവിളിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്. സ്വവർഗാനുരാഗം ജനിതകമാണെന്ന വാദത്തിന്റെ കടയ്ക്ക് കത്തിവെച്ചുകൊണ്ടുള്ള അത്തരം പഠനങ്ങൾ പക്ഷെ ശാസ്ത്രപ്രസിദ്ധീകരണങ്ങളിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. ജനപ്രിയമീഡിയകൾ അവ ശ്രദ്ധിക്കാറുപോലുമില്ല. എൽജിബിറ്റി ആക്ടിവിസത്തിന്റെ മാധ്യമസ്വാധീനം എത്രത്തോളം ശക്തമാണെന്ന് ഇത് വ്യക്തമാക്കുന്നു. സ്വാന്തമായുണ്ടാക്കിയ ശാസ്ത്രീയപഠനങ്ങളും അവയെ സ്ഥാപിക്കാനുതകുന്ന സ്ഥിതിവിവരക്കണക്കുകളുമായി സ്വർഗാനുരാഗം ജനിതകമാണെന്ന് സ്ഥാപിക്കുവാൻ ലോകത്തെങ്ങുമുള്ള എൻ.ജി.ഒകളിലൂടെയും മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സ്വവർഗാനുരാഗികൾ. അവരുടെ ശാസ്ത്രം മാത്രമേ വിഷയം പഠിക്കാൻ ശ്രമിക്കുന്നവുടെ മുന്നിലെത്തുന്നുള്ളൂ എന്ന സ്ഥിതിയാണുള്ളത്. യൂറോപ്പിലോ പാശ്ചാത്യൻ നാടുകളിലോ മാത്രമുള്ളതല്ല ഈ അവസ്ഥ. മലയാള മാധ്യമങ്ങൾ പോലും സ്വവർഗ്ഗാനുരാഗത്തെ ശാസ്ത്രീയമായി ഖണ്ഡിക്കുന്ന പഠനങ്ങൾ പ്രസിദ്ധീകരിക്കാൻ സന്നദ്ധമല്ലെന്ന സ്ഥിതിയാണ് ഇന്നുള്ളത്.

എന്താണ് പെരുമാറ്റജനിതകം?

സ്വവര്‍ഗാനുരാഗം ജനിതകമാണെന്ന വാദത്തിന്റേയും അത് ജന്മനാ ലഭിക്കുന്ന സ്വഭാവമാണെന്ന വീക്ഷണത്തിന്റേയും സത്യാസത്യങ്ങള്‍ പരിശോധിക്കുവാന്‍ പെരുമാറ്റ ജനിതക (behavioural genetics) ത്തിന്റെ ചില അടിസ്ഥാന സങ്കേതങ്ങള്‍ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. മനുഷ്യന്റെ പെരുമാറ്റങ്ങളിലുള്ള ജീനുകളുടെ സ്വാധീനത്തെ കുറിച്ച പഠനമാണ് പെരുമാറ്റ ജനിതകം. ബോധപൂര്‍വ്വമല്ലാതെയോ സ്വാഭാവികമായോ ബോധോദയത്താലോ ഉണ്ടാവുന്ന നിരീക്ഷണ യോഗ്യമായ പ്രവൃത്തികളോ വികാരങ്ങളോ താല്‍പര്യങ്ങളോ ആണ് ‘പെരുമാറ്റം’ (behaviour) കൊണ്ടുള്ള വിവക്ഷ. ജീനുകള്‍ എങ്ങനെയാണ് സാഹചര്യങ്ങള്‍ക്കകത്ത് പ്രവര്‍ത്തിച്ചുകൊണ്ട് പെരുമാറ്റത്തെ സ്വാധീനിക്കുന്നതെന്ന പഠനമാണ് പെരുമാറ്റജനിതകം. പെരുമാറ്റത്തെ സ്വാധീനിക്കുന്ന ജനിതകഘടകങ്ങളേയും സാഹചര്യങ്ങളേയും ഒരേപോലെ പരിഗണിക്കുന്ന ശാസ്ത്രശാഖയാണിത്. ജീനുകളോ സാഹചര്യങ്ങളോ ഏതെങ്കിലൊന്ന് സര്‍വ്വശക്തമാണെന്നോ അതു മാത്രമാണ് പെരുമാറ്റത്തെ സ്വാധീനിക്കുന്നത് എന്നോ ഉള്ള ധാരണയല്ല പെരുമാറ്റ ജനിതകശാസ്ത്രജ്ഞര്‍ക്കുള്ളത്; ഓരോന്നോ രണ്ടും കൂടിയോ പെരുമാറ്റത്തെ സ്വാധീനിക്കാവുന്നതാണ് എന്നാണ്‌ പെരുമാറ്റജനിതകം പറയുന്നത്‌.

ജീനുകള്‍ കൂടാതെ പെരുമാറ്റത്തെ സാഹചര്യങ്ങള്‍ കൂടി സ്വാധീനിക്കുന്നുവെന്ന് പറയുമ്പോള്‍ എന്താണ് സാഹചര്യം കൊണ്ട് വിവക്ഷിക്കുന്നതെന്ന ചോദ്യമുയരാവുന്നതാണ്. ജനിതകമല്ലാത്ത എല്ലാ സ്വാധീനങ്ങളെയും സാഹചര്യം (environment) എന്നാണ് വിളിക്കുന്നത്. അത് ബാക്ടീരിയ, വൈറസ്, മരുന്നുകള്‍, പോഷകങ്ങള്‍ തുടങ്ങിയ ആന്തരികമായി പ്രവര്‍ത്തിക്കുന്ന വസ്തുക്കളാവാം; അതല്ലെങ്കില്‍ രക്ഷാകര്‍ത്തൃത്വം, കുടുംബജീവിതം, സമപ്രായക്കാര്‍, മാധ്യമങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, കാലാവസ്ഥാമാറ്റങ്ങള്‍, രോഗം, യുദ്ധം എന്നീ ബാഹ്യമായി സ്വാധീനിക്കുന്ന കാര്യങ്ങളുമാകാം. മൊത്തത്തില്‍ മനുഷ്യപെരുമാറ്റങ്ങളെ എങ്ങനെ ജീനുകളും എല്ലാതരം ബാഹ്യവും ആന്തരികവുമായ സാഹചര്യങ്ങളും കൂടി സ്വാധീനിക്കുന്നുവെന്ന് പഠിക്കുകയാണ് പെരുമാറ്റജനിതകം ചെയ്യുന്നതെന്ന് പറയാം.

പെരുമാറ്റജനിതകത്തെ കുറിച്ച് പഠിക്കുമ്പോള്‍ എന്താണ് ജീന്‍ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. കോശന്യൂക്ലിയസ്സിലുള്ള പാരമ്പര്യവാഹിയായ ഡി.എന്‍.എയുടെ ഒരു കഷ്ണമാണ് ജീന്‍. നൂറുകണക്കിനോ ചിലപ്പോള്‍ ആയിരക്കണക്കിനോ ന്യൂക്ലിയോടൈഡുകള്‍ താളാത്മകമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതായി പ്രത്യക്ഷപ്പെടുന്ന ഡി.എന്‍.എ ഭാഗമാണത്. പ്രോട്ടീനുകള്‍ നിര്‍മിക്കുകയോ മറ്റുജീനുകളെ പ്രവര്‍ത്തനക്ഷമമാക്കുകയോ നിര്‍വീര്യമാക്കുകയോ ചെയ്യുകയെന്ന രണ്ടു തരത്തിലുള്ള ധര്‍മങ്ങളാണ് ജീനുകള്‍ നിര്‍വ്വഹിക്കുന്നത്.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീനുകളാല്‍ മാത്രം നിശ്ചയിക്കപ്പെടുന്ന ചില അടിസ്ഥാനസ്വഭാവങ്ങളുണ്ട്. കണ്ണിന്റെ നിറം ഉദാഹരണം. എന്നാല്‍ പെരുമാറ്റങ്ങളില്‍ മിക്കതും ജീനുകളാല്‍ സ്ഥാപിക്കപ്പെട്ടതും സാഹചര്യങ്ങളാല്‍ തീരുമാനിക്കപ്പെടുന്നതുമാണ്. നല്ല പേശീബലവും ഉയര്‍ന്ന ശ്വാസകോശക്ഷമതയുമുള്ള ഒരാള്‍ നല്ല കായികതാരമായിത്തീരുന്നതിന് അടിസ്ഥാന കാരണം അയാളുടെ ജീനുകളാണെന്ന് പറയാവുന്നതാണ്. എന്നാല്‍ അയാള്‍ ഒരു ഓട്ടക്കാരനോ, നീന്തല്‍ക്കാരനോ കളിക്കാരനോ ആവുന്നതില്‍ പ്രധാനമായും സാഹചര്യങ്ങളുടെ സ്വാധീനമാണുണ്ടാവുക. അയാളുടെ മാതാപിതാക്കള്‍ ദരിദ്രരും കുട്ടികളെ സ്‌കൂളിലയക്കാന്‍ കഴിവില്ലാത്തവരുമാണെങ്കില്‍ അയാള്‍ക്ക് ആവശ്യമായ പരിശീലനം കിട്ടാതെ പോവുകയും അതുവഴി ഒരു കിലോമീറ്റര്‍പോലും ഓടാന്‍ കഴിയാത്തവനായി അയാള്‍ മാറുകയും ചെയ്‌തേക്കാനും സാധ്യതയുണ്ട്. പ്രകൃതിയും പരിസ്ഥിതിയും കൂടിച്ചേര്‍ന്ന് (nature and nurture) വ്യക്തിയുടെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും നിര്‍ണയിക്കുന്നതെന്നാണ് പെരുമാറ്റജനിതകം പൊതുവായി പഠിപ്പിക്കുന്നത്.

പരമ്പരാഗതത്വം എന്നാൽ…

ഒരാളുടെ നിരീക്ഷിക്കുവാന്‍ കഴിയുന്ന സ്വഭാവങ്ങളോ (charecteristic) സവിശേഷതയോ (traits) ആണ് ഫീനോടൈപ്പ് (phenotype) എന്നറിയപ്പെടുന്നത്. ഓരോ ഫീനോടൈപ്പിനും ഉപോൽബലകമായ ജീൻ വിന്യാസത്തെ ജീനോടൈപ്പ്‌ (genotype) എന്നും വിളിക്കുന്നു. ജീനുകള്‍ സാഹചര്യവുമായി പ്രതിപ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരാളിലെ ഫീനോടൈപ്പ് രൂപപ്പെടുന്നത്. ഒരു ആള്‍ക്കൂട്ടത്തിലെ ഫീനോടൈപ്പിന്റെ വ്യതിയാനങ്ങളെ (phenotypic variations) എത്രത്തോളം ജീനോടൈപ്പികവ്യതിയാനങ്ങളി(genotypic variations)ലേക്ക് ആരോപിക്കാനാവുമെന്നതിന്റെ അനുപാതമാണ് പരമ്പരാഗതത്വം (heritability). ആള്‍ക്കൂട്ടത്തിലുള്ള വ്യക്തികളുടെ മൊത്തത്തിലുള്ള ജനിതകവ്യതിരിക്തതകള്‍ എത്രത്തോളമാണ് ഫീനോടൈപ്പികവ്യത്യാസമുണ്ടാക്കുകയെന്ന് വ്യക്തമാക്കുകയാണ് പരമ്പരാഗതത്വം ചെയ്യുന്നത്.

0 മുതല്‍ 1 വരെയുള്ള സംഖ്യകളിലാണ് പരമ്പരാഗതത്വം കണക്കാക്കുന്നത്. വ്യക്തികളുടെ ഫീനോടൈപ്പികവ്യതിരിക്തതകളില്‍ ജീനുകള്‍ക്ക് യാതൊരു സംഭാവനയുമില്ലെങ്കില്‍ പരമ്പരാഗതത്വം പൂജ്യമാവും. ജീനുകളുടെ മാത്രം അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെടുന്ന ഫീനോടൈപ്പികവ്യതിരിക്തതയുടെ പരമ്പരാഗതത്വം ഒന്നായിരിക്കും. സാധാരണയായി കാണപ്പെടുന്ന സ്വഭാവ സവിശേഷതകളുടെയെല്ലാം പരമ്പരാഗതത്വം പൂജ്യത്തിനും ഒന്നിനുമിടയിലായിരിക്കും. ഉദാഹരണത്തിന് അമേരിക്കയിലെ ബൗദ്ധികനിലവാരത്തിന്റെ (IQ) പരമ്പരാഗതത്വം 0.4നും 0.8നുമിടയിലാണെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 0.4 പരമ്പരാഗതത്വമുള്ള ഒരു പ്രത്യേക അമേരിക്കന്‍ സമൂഹത്തിലെ അംഗങ്ങളുടെ 40 ശതമാനം ബൗദ്ധികനിലവാരത്തിന് കാരണം ജീനുകളും 60 ശതമാനത്തിന് കാരണം സാഹചര്യങ്ങളുമാണ് എന്നാണ് ഇതിന്നര്‍ഥം. ആ സമൂഹത്തിലെ ഓരോരുത്തരുടേയും ബൗദ്ധികനിലവാരത്തിന് കാരണം 40 ശതമാനം ജീനുകളും 60 ശതമാനം സാഹചര്യങ്ങളുമാണെന്നല്ല ഇത് അര്‍ഥമാക്കുന്നതെന്ന വസ്തുത പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. ആ സമൂഹത്തിന്റെ മൊത്തത്തിലുള്ള ജനിതകപൂളില്‍ ബൗദ്ധികനിലവാരത്തിന് ഉപോല്‍ബലകമായ നാല്‍പതു ശതമാനം സാധ്യതയുണ്ടെന്ന് മാത്രമാണ് പരമ്പരാഗതത്വസംഖ്യ സൂചിപ്പിക്കുന്നത്.

ഇരട്ടകളുടെ സ്വഭാവങ്ങളെ കുറിച്ച താരതമ്യപഠനവും (twin studies) ദത്തുപുത്രന്മാരെ കുറിച്ച പഠനങ്ങളുമാണ് (adoption studies) ഒരു പ്രത്യേക സമൂഹത്തില്‍ ഏതെങ്കിലും ഒരു പെരുമാറ്റത്തിന് പരമ്പരാഗതത്വം എത്രത്തോളമുണ്ടെന്ന് തീരുമാനിക്കുവാന്‍ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. പിതാവിന്റെ ബീജവും മാതാവിന്റെ അണ്ഡവും സംയോജിച്ചുണ്ടാവുന്ന സിക്താണ്ഡം ആദ്യം തന്നെ രണ്ടായി വിഭജിക്കുകയും ഓരോന്നും സ്വതന്ത്രമായി വളര്‍ന്ന് ഇരട്ടകളായിത്തീരുകയും ചെയ്യുന്ന സദൃശ ഇരട്ടകളിലെ (Identical twins or monozygotic twins) ജീനുകളെല്ലാം സമാനമായിരിക്കും. എന്നാല്‍ മാതാവിന്റെ ഒരൊറ്റ അണ്‌ഡോല്‍സോര്‍ജനത്തില്‍ തന്നെ രണ്ട് അണ്ഡങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുകയും പിതാവിന്റെ രണ്ടുബീജങ്ങളുമായി അവ ഓരോന്നും സ്വതന്ത്രമായി സംയോജിച്ചുണ്ടാവുകയും ചെയ്യുന്ന സിക്താണ്ഡങ്ങള്‍ വളര്‍ന്നുണ്ടാവുന്ന അസദൃശ ഇരട്ടകളിലെ (fraternal twins or dizygotic twins) ജീനുകളില്‍ പകുതിമാത്രമേ തന്റെ സഹോദരന്റെ ജീനുകളുമായി സാദൃശ്യമുണ്ടാവുകയുള്ളൂ. ഇരട്ടകളല്ലാത്ത സഹോദരന്മാര്‍ക്കിടയിലും 50 ശതമാനം ജനിതക സാദൃശ്യമുണ്ടാവും. സദൃശ ഇരട്ടകളുടേയും അതല്ലാത്ത സഹോദരങ്ങളുടേയും സ്വഭാവസവിശേഷതകളെ താരതമ്യം ചെയ്താണ് പരമ്പരാഗതത്വം കണക്കാക്കുന്നത്.

ജനിതകാടിത്തറ തീരുമാനിക്കുന്നത്

ഒരു പ്രത്യേക സമൂഹത്തില്‍ കാണപ്പെടുന്ന ഒരു പ്രത്യേക സവിശേഷത എത്രത്തോളം ജനിതകാടിത്തറയുള്ളതാണെന്ന് പരിശോധിക്കുവാന്‍ സരളമായ ചില ഗണിത ക്രിയകള്‍ ഉപയോഗിച്ചാല്‍ മതിയാവും. പെരുമാറ്റ സവിശേഷതകള്‍ (behavioural traits-A) നിര്‍ണയിക്കുന്നത് സംയോജിതജനിതകവും (additive genetics-E) പൊതുസാഹചര്യവും (common environment-C) സവിശേഷസാഹചര്യവും (unique environment) കൂടിയാണെന്ന പെരുമാറ്റജനിതകത്തിന്റെ ACE മോഡലിന്റെ വെളിച്ചത്തിലാണ് ഈ ഗണിതക്രിയകള്‍ നിര്‍ധാരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെയാണ് ഇരട്ടകളെ കുറിച്ച പഠനം കടന്നുവരുന്നത്. സദൃശ ഇരട്ടകളുടെ ജീനുകള്‍ സമാനമായിരിക്കുന്നതുപോലെത്തന്നെ അവര്‍ വളര്‍ന്നുവന്ന പൊതുസാഹചര്യവും സമാനമായിരിക്കുമല്ലോ. അവരുടെ പെരുമാറ്റ സവിശേഷതകള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അതിന്നു കാരണം എന്തെങ്കിലും തരത്തിലുള്ള സവിശേഷ സാഹചര്യമായിരിക്കും.

ഒരു പ്രത്യേകസമൂഹത്തിലെ സദൃശഇരട്ടകളുടെ പെരുമാറ്റസവിശേഷതകള്‍ നിരീക്ഷിച്ചാല്‍ ആ സവിശേഷതയ്ക്ക് നിദാനമായ സംയോജിതജനിതകത്തിന്റെയും പൊതുസാഹചര്യത്തിന്റേയും ആകെത്തുക ലഭിക്കും. ഒരു പ്രത്യേക പെരുമാറ്റസവിശേഷതയുടെ നിരക്ക് r ആണെങ്കില്‍ സദൃശഇരട്ടകളുടെ rmz ലഭിക്കണമെങ്കില്‍ സംയോജിതജനിതകത്തിന്റെയും (A) പൊതുസാഹചര്യത്തിന്റെയും (C) സങ്കലനം മതിയാവും. rmz=A+C എന്നര്‍ഥം. എന്നാല്‍ സദൃശരല്ലാത്ത ഇരട്ടകളുടെ (dz) സംയോജിതജനിതകം 50 ശതമാനം മാത്രമാണ്; പൊതുസാഹചര്യമാകട്ടെ 100 ശതമാനവും. അതിനാല്‍ rdz=1/2 A+Cയായിരിക്കുമല്ലോ. ഇതില്‍ നിന്ന് A,C,E തുടങ്ങിയവയെ നിര്‍ധാരണം ചെയ്‌തെടുക്കക എളുപ്പമാണ്.
rmz=A+C
rdz=1/2 A+C
A= 2(rmz-rdz)
C= rmz-A= (2rdz-rmz)
E= 1-rmz

പെരുമാറ്റജനിതകം പറയുന്നത് …

പെരുമാറ്റജനിതകത്തിലെ ചില കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ സ്വവർഗ്ഗസ്‌നേഹം ജനിതകമാണെന്നും അതുകൊണ്ടുതന്നെ അങ്ങിനെ ജനിച്ചവരെ അതുമാറ്റാന്‍ പ്രേരിപ്പിക്കുന്നത് പാതകമാണെന്നും പറയുന്നതിന്റെ അസാംഗത്യം മനസ്സിലാക്കണമെങ്കില്‍ ഇക്കാര്യത്തെപ്പറ്റി നടന്ന ഗവേഷണങ്ങള്‍ പരിശോധിക്കണം. ഈ രംഗത്ത് നടന്ന ആദ്യകാല ഗവേഷണങ്ങളിലൊന്ന് ജെ.എം.ബെയ്‌ലിയും ആര്‍.സി.പില്ലാര്‍ഡും കൂടി 1991ല്‍ ‘ആര്‍ക്കീവ്‌സ് ഓഫ് ജനറല്‍ സൈക്യാട്രി’യില്‍ എഴുതിയ ‘പുരുഷ ലൈംഗികാഭിനിവേശത്തെക്കുറിച്ച ഒരു ജനിതകപഠനം’ (J M Bailey, R C Pillard: “A Genetic study of Male sexual Orientation”, Archives Of General Psychiatry, December 1991) എന്ന പ്രബന്ധമായിരുന്നു. എൽജിബിറ്റി ആക്ടിവിസ്റ്റുകളാൽ ഏറെ ഉദ്ധരിക്കപ്പെടാറുള്ളതാണ് ഈ പഠനം. എന്നാൽ ഈ പഠനത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും അതിലെ തീർപ്പുകൾ തെറ്റാണെന്ന് സമർത്ഥിക്കുകയും ചെയ്തുകൊണ്ടുള്ള മറ്റൊരു പഠനം രണ്ട് വർഷങ്ങൾക്കകം ഇതേ മാഗസിനിൽ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുവെന്ന സത്യം അവർ മറച്ചുവെക്കുകയാണ് ചെയ്യാറുള്ളത്. അമേരിക്കൻ മനഃശാസ്ത്രവിദഗ്ധനായ തിയോഡോർ ലിഡ്‌സിന്റെ ‘പുരുഷ ലൈംഗികാഭിനിവേശത്തെക്കുറിച്ച ഒരു ജനിതകപഠനത്തിന് മറുപടി’ (Theodore Lidz: “Reply to ‘A Genetic Study of Male Sexual Orientation”, Archives Of General Psychiatry, March 1993) എന്ന പ്രബന്ധം ബെയ്‌ലിയുടെയും പില്ലാര്‍ഡിന്റെയും പ്രബന്ധത്തിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സ്വവര്‍ഗപ്രണയികളുടെയും പ്രണയിനികളുടെയും പ്രസിദ്ധീകരണങ്ങളില്‍ പരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലെത്തിയ ഇരട്ട സാംപിളുകളെ ഉപയോഗിച്ചു കൊണ്ടുള്ളതാണ് ബെയ്‌ലിയുടെയും പില്ലാര്‍ഡിന്റെയും പഠനം എന്നതുകൊണ്ടു തന്നെ ഇതിന്റെ അധികാരികതയില്‍ സ്വവര്‍ഗാനുരാഗികളെ പിന്‍തുണക്കുന്ന ഗവേഷകന്‍മാര്‍ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ‘ഇത്തരം ഒരു പ്രസിദ്ധീകരണത്തിലെ പരസ്യത്തോട് പ്രതികരിക്കുവാന്‍ സ്വന്തം സഹോദരങ്ങള്‍ സ്വവര്‍ഗാനുരാഗികളല്ലാത്ത സ്വവര്‍ഗാനുരാഗികളില്‍ പലരും സന്നദ്ധമാവുകയില്ല എന്ന വസ്തുത സ്വവര്‍ഗലൈംഗിക സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന മിക്കായീല്‍ ബെയ്‌ലി പോലും സമ്മതിക്കുന്നതായി സി. പാറ്റേഴ്‌സണ്‍ എഴുതുന്നുണ്ട്. (C. Patterson& D Augelli: Lesbian, Gay and Bisexual Identities in Families (2003) Page 3-21) ഇത്തരത്തിലുള്ള പഠനത്തിന്റെ വെളിച്ചത്തിലാണ് സദൃശ ഇരട്ടകളിലൊരാള്‍ സ്വവര്‍ഗാനുരാഗിയാണെങ്കില്‍ മറ്റേയാള്‍ അങ്ങനെയാവാനുള്ള സാധ്യത 40-50 ശതമാനം ആണെന്നും സദൃശ്യമല്ലാത്ത ഇരട്ടകള്‍ക്ക് ഇത് 25 ശതമാനവും ദത്തുസഹോദരനില്‍ ഇത് 3-5 ശതമാനം ആണെന്നുമുള്ള കണ്ടെത്തലുകള്‍ നടത്തിയത്. A= 2(rmz-rdz) എന്ന സമവാക്യത്തിന്റെ വെളിച്ചത്തില്‍ മുപ്പതു മുതല്‍ അമ്പത് ശതമാനം ആളുകള്‍ ജനിതകകാരണങ്ങളിലാണ് സ്വവര്‍ഗരതിക്കാരാവുന്നത് എന്നായിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ വാദിക്കപ്പെട്ടത്.

ഈ പഠനത്തിന് നിരവധി ബലഹീനതകളുണ്ട്. ഒന്നാമതായി എടുത്ത സാംപിളുകള്‍ ശേഖരിച്ചത് സ്വവര്‍ഗാനുരാഗികളോ അത് ശരിയാണെന്ന് അംഗീകരിക്കുന്നവരോ ആയവരില്‍ നിന്നാണ്. രണ്ടാമതായി സാംപിളുകളുടെ എണ്ണം തുലോം പരിമിതമാണ്. ജനിച്ച് ഏറെ നാളുകള്‍ കഴിയുന്നതിനുമുമ്പ് വേര്‍പ്പെടുത്തപ്പെടുകയും വ്യത്യസ്ത സാഹചര്യങ്ങളില്‍ വളരുകയും ചെയ്ത സഹോദരങ്ങളുടെ താരതമ്യം പരമ്പരാഗതത്വത്തെക്കുറിച്ച പഠനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരത്തിലുള്ള പത്തില്‍ താഴെ ആളുകള്‍ മാത്രമേ സ്വവർഗ്ഗരതിക്ക് ജനിതകാടിത്തറ കണ്ടെത്താനുള്ള പഠനത്തിന് അപഗ്രഥിക്കപ്പെട്ടിട്ടുള്ളൂ. ഇങ്ങനെ വേര്‍പെടുത്തപ്പെട്ട സഹോദരങ്ങള്‍ എന്തുകൊണ്ട് വേര്‍പ്പെടുത്തപ്പെട്ടുവെന്നോ അതിനു ശേഷം ആരാണ് ഇവരെ വളര്‍ത്തിയതെന്നോ ഉള്ള വിവരങ്ങളൊന്നും ഗവേഷകന്മാര്‍ നല്‍കുന്നില്ല. വേര്‍പ്പെടുത്തപ്പെട്ടെങ്കിലും ഒരേ സാഹചര്യത്തില്‍ ജീവിക്കാന്‍ കഴിഞ്ഞവരുണ്ടാകാം; ബന്ധുക്കള്‍ വളര്‍ത്തിയവരുമാകാം; മുത്തച്ഛന്‍മാരുടേയൊ മുത്തശ്ശിമാരുടേയൊ കൂടെ കഴിഞ്ഞവരുണ്ടാവാം. പലപ്പോഴും ഇവര്‍ സമാന സാഹചര്യങ്ങളില്‍ വളരുന്നവരായിരിക്കും. അതൊന്നും തന്നെ ഗവേഷകരുടെ അന്വേഷണത്തിന് വിധേയമായിട്ടില്ല.

ഒരേ വീട്ടില്‍ ജീവിക്കുന്ന സദൃശ ഇരട്ടകളുടേയും അതല്ലാത്ത ഇരട്ടകളുടേയും സാഹചര്യങ്ങള്‍ പൂര്‍ണമായും സമാനമായിരിക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഗവേഷണം. ഈ അനുമാനത്തിലും പിശകുണ്ട്. ഒരേ വീട്ടില്‍ ജീവിക്കുന്നവരാണെങ്കിലും സദൃശ ഇരട്ടകളുടെയത്രയും സമാനസാഹചര്യമുള്ളവരായിരിക്കില്ല അതല്ലാത്ത ഇരട്ടകള്‍. സദൃശ ഇരട്ടകള്‍ വീട്ടിലും സ്‌കൂളിലും സമൂഹത്തിലും പരിഗണിക്കപ്പെടുക പൂര്‍ണമായും ഒരേ രൂപത്തിലാണ്. ഒരേ വസ്ത്രം; ഒരേ ഭക്ഷണം; ഒരേ സ്ഥലത്തെ അന്തിയുറക്കം; ഒരേ പോലുള്ള പരിചരണം; ഒരേ വാഹനത്തിലുള്ള യാത്ര-എല്ലാം ഒരേ രൂപത്തിലുള്ളവരായിരിക്കും. സഹോദരങ്ങളുടെ സമാനസാഹചര്യവും സദൃശഇരട്ടകളുടെ സമാനസാഹചര്യവും തമ്മില്‍ വ്യത്യാസമുണ്ടെന്ന വസ്തുതയും പരിഗണിക്കപ്പെട്ടിട്ടില്ല. കുടുംബത്തിന്റെ സംസ്‌കാരമോ സാഹചര്യമോ മാതാപിതാക്കളുടെ ധാര്‍മിക കാഴ്ചപ്പാടുകളോ കുടുംബത്തിലെ ബന്ധുക്കളിലോ ഉള്ള മാനസികക്രമക്കേടുകളോ ഒന്നും തന്നെ ഈ പഠനത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ലെന്നാണ് അതിന്റെ മറ്റൊരു പരിമിതി. ഇങ്ങനെ നിരവധി പരിമിതികളും പ്രശ്‌നങ്ങളുമുള്ളതായിരുന്നു തങ്ങളുടെ പഠനങ്ങള്‍ എന്ന് അതിന്റെ വക്താക്കള്‍ തന്നെ പില്‍ക്കാലത്ത് തുറന്നു പറഞ്ഞിട്ടുണ്ട്. (Richard C Pillard, J Michael Bailey: “Human Sexual Orientation Has a Heritable Component”, Human Biology, April 1998).

സ്വവര്‍ഗാനുരാഗം ജനിതകമായി തീരുമാനിക്കപ്പെടുന്നതാണെന്ന് ആണയിടുന്ന എൽജിബിറ്റി ആക്ടിവിസ്റ്റുകളോ അവർക്ക് ഓശാന പറ്റുന്ന ശാസ്ത്രജ്ഞരോ അവരെ താങ്ങുന്ന മാധ്യമങ്ങളോ ഒന്നും തന്നെ ഈ ഏറ്റുപറച്ചിലുകളൊന്നും കണ്ടതായി നടിക്കുന്നേയില്ല.

ജനിതകമായി തീരുമാനിക്കപ്പെടുന്നതല്ല

ബെയ്‌ലിയുടെയും പില്ലാര്‍ഡിന്റെയും പഠനത്തിലെ പരിമിതികളെ കവച്ചുവെക്കുന്നത് എന്നവകാശപ്പെടുന്നതാണ് 1999ല്‍ ആസ്‌ത്രേലിയയില്‍ നടന്ന പഠനം. ജെ.എം ബെയ്‌ലിയും എം.പി ഡ്യൂണും എന്‍.ജി മാര്‍ട്ടിനും ചേര്‍ന്നാണ് പ്രസ്തുത പഠനം നടത്തിയത്.( J. Michael Bailey, , Michael P Dunne, Nicholas G Martin: “Genetic and environmental influences on sexual orientation and its correlates in an Australian twin sample” Journal of Personality and Social Psychology, No: 78(3), 2000) ക്യൂന്‍സ്‌ലാന്റ് സര്‍വ്വകലാശാലയുടെ കീഴില്‍ നടന്ന പ്രസ്തുത പഠനത്തില്‍ പതിനായിരത്തിലധികം ഇരട്ടകളുടെ ജീവിതം സൂക്ഷ്മമായി അപഗ്രഥിക്കപ്പെട്ടു. ഒരാള്‍ സ്വവര്‍ഗപ്രണയിയാണെങ്കില്‍ അയാളുടെ സദൃശ ഇരട്ട സ്വവര്‍ഗപ്രണയിയാവാനുള്ള സാധ്യത 38 ശതമാനം മാത്രമാണെന്നാണ് പ്രസ്തുത പഠനം വ്യക്തമാക്കിയത്. സ്വവര്‍ഗപ്രണയിനികള്‍ക്കാവട്ടെ ഇത് 30 ശതമാനമാണ്. ഈ സാധ്യതകള്‍ സ്വവര്‍ഗരതിക്ക് ജനിതകാടിത്തറയുണ്ടെന്ന വാദത്തെ പിന്താങ്ങുന്നില്ല. സ്വവര്‍ഗാനുരാഗം ജനിതകമായി നിശ്ചയിക്കപ്പെടുന്നുവെങ്കില്‍ ഒരേ തരം ജീനുകളെ വഹിക്കുന്ന സദൃശ ഇരട്ടകളില്‍ ഒരാള്‍ സ്വവര്‍ഗാനുരാഗിയാണെങ്കില്‍ മറ്റേയാളും നിര്‍ബന്ധമായും അതേ അവസ്ഥയിലുള്ളയാള്‍ ആകേണ്ടതാണ്. ഒരേ സാഹചര്യത്തില്‍ ജീവിക്കുകയും ഒരേ തരത്തില്‍ പരിഗണിക്കപ്പെടുകയും ഒരേ സാമൂഹ്യസമ്മര്‍ദങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന രണ്ടു പേരും ഒരേ രൂപത്തിലു ള്ള ലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കുവാന്‍ സാധ്യതയുണ്ടാകുമെന്നു മാത്രമേ ഈ 38 ശതമാനം അര്‍ഥമാക്കുന്നുള്ളൂ. സാഹചര്യങ്ങളാണ് ജീനുകളല്ല ഒരാളെ സ്വവര്‍ഗാനുരാഗിയാക്കി മാറ്റുന്നത് എന്ന യാഥാര്‍ഥ്യമാണ് ഇരട്ടകളെ ഉപയോഗിച്ചുള്ള പഠനം വ്യക്തമാക്കുന്നത് എന്നര്‍ഥം.

ഒരാളെ സ്വവര്‍ഗാനുരാഗിയാക്കുന്നതില്‍ ജീനുകള്‍ക്ക് പങ്കുണ്ടെന്നു തന്നെ വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും അതിന് സാമൂഹിക അംഗീകാരം നല്‍കാന്‍ അത് ന്യായീകരണമാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഒരു സ്വഭാവത്തിലുള്ള ജീനുകള്‍ക്ക് പങ്ക് എന്നു പറഞ്ഞാല്‍ എന്താണ് അര്‍ഥമെന്ന് മനസ്സിലാക്കുമ്പോഴേ ജീനുകളാണ് മനുഷ്യരെ സ്വവര്‍ഗാനുരാഗിയാക്കിത്തീര്‍ക്കുന്നത് എന്ന ന്യായീകരണം എത്രത്തോളം അര്‍ഥമുള്ളതാണെന്ന് മനസ്സിലാവൂ. ജീനുകള്‍ ഒരു സ്വഭാവത്തെയും നേര്‍ക്കുനേരെ നിര്‍ണയിക്കുന്നില്ല. പ്രോട്ടീനുകള്‍ നിര്‍മ്മിക്കുക, മറ്റു ജീനുകളുടെ പ്രവര്‍ത്തനത്തെ അനുകൂലമോ പ്രതികൂലമോ ആയി സ്വാധീനിക്കുക എന്നീ രണ്ടു ധര്‍മങ്ങളാണ് ജീനുകള്‍ക്കു ള്ളത്. ഈ പ്രോട്ടീനുകളെ ഒരാള്‍ എങ്ങിനെ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു അയാളുടെ സ്വഭാവരൂപീകരണം.

പേശീബലത്തിനനുസൃതമായ ജീന്‍ പ്രവര്‍ത്തിക്കുന്നയാള്‍ കളിക്കാരനാകണമോ കാഴ്ചക്കാരനാകണമോയെന്ന് തീരുമാനിക്കുന്നത് സാഹചര്യങ്ങളാണെന്ന് നടേ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു സ്വഭാവത്തിന് ജീനുകളെ പഴിചാരുന്നതിന് യാതൊരു വിധ ന്യായീകരണവുമില്ല. പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഇ. സ്റ്റീന്‍ എഴുതുന്നു ”ഏതെങ്കിലും ഒരു പെരുമാറ്റമോ മാനസിക പ്രതിഭാസമോ എങ്ങിനെയാകണമെന്ന് ജീനുകള്‍ നേര്‍ക്കുനേരെ തീരുമാനിക്കുന്നില്ല. മറിച്ച് ഒരു പ്രത്യേകമായ ആര്‍.എന്‍.എ സംശ്ലേഷണ മാതൃകയെ അത് നിര്‍മ്മിക്കുകയും അതുമൂലം മാനസികവ്യവസ്ഥയേയും പെരുമാറ്റപ്രകടനങ്ങളെയും സ്വാധീനിക്കുകയുമാണ് ജീനുകള്‍ ചെയ്യുന്നത്. ഒരു ജീനും ഒരു മാനസികാവസ്ഥയും തമ്മിലോ അതല്ലെങ്കില്‍ പെരുമാറ്റവും തമ്മിലോ ഇടപെടുന്ന നിരവധി വഴിത്താരകളുണ്ട്. പിന്നെയും പെരുമാറ്റങ്ങളുമുള്‍ക്കൊള്ളുന്ന മാതൃകയും ജീനും തമ്മിലുള്ള ഇടപെടലുകളില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്… ജീനുകളും ലൈംഗികാഭിമുഖ്യവും തമ്മില്‍ നേര്‍ക്കുനേരെ ബന്ധപ്പെടുത്താനാകുന്ന യാതൊരു തെളിവുകളും ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ല”(E. Stein: The Mismeasure of Desine: The Science, Theory and Ethics of Sexual Orientation (1999) page 58)

പ്രസിദ്ധ പെരുമാറ്റ മനഃശാസ്ത്രജ്ഞനായ കാതറീൻ ബേക്കര്‍ എഴുതുന്നത് കാണുക: ‘ഉയരം, തൂക്കം, രക്തസമ്മര്‍ദ്ദം, ദഹനശേഷി തുടങ്ങിയ ഒരു വിധം ഭൗതിക സവിശേഷതകളും അവസ്ഥകളുമെല്ലാം ജീനുകളില്‍ നിന്ന് ഉല്‍ഭവിക്കുകയും സാഹചര്യങ്ങളുടെ പശ്ചാത്തലങ്ങള്‍ക്കനുസരിച്ച് പ്രവൃത്തിപഥത്തില്‍ വ്യതിരിക്തത പുലര്‍ത്തുകയും ചെയ്യുന്നവയാണ്. ഇത് തന്നെയാണ് എല്ലാ സങ്കീര്‍ണമായ മാനസിക-സാമൂഹികപെരുമാറ്റങ്ങളുടേയും അവസ്ഥ. വ്യത്യസ്ത ജീനുകള്‍ വ്യത്യസ്ത സാഹചര്യങ്ങളുടെ സ്വാധീനവുമായി കൂട്ടിമുട്ടുമ്പോഴാണ് ഒരോ പെരുമാറ്റങ്ങളും പുറത്തുവരുന്നത്… നിര്‍ഭാഗ്യവശാല്‍ പലരും ഇതില്‍ നിന്ന് വ്യത്യസ്തമായ ധാരണയുമായി കഴിയുന്നവരാണ്. ഒരോ സ്വഭാവസവിശേഷതകളേയും ഒരോ ജീനുകള്‍ നിയന്ത്രിക്കുന്നുവെന്നാണ് അവരുടെ ധാരണ. ഒരു ജീവിയുടെ വളര്‍ച്ചയെ പൂര്‍ണമായും നിശ്ചയിക്കുന്നത് ജീനുകളാണെന്ന ഈ വിശ്വാസത്തിനാണ് ജനിതകനിര്‍ണയവാദം (genetic determinism) എന്നുപറയുന്നത്. ജനിതക നിര്‍ണയവാദം തെറ്റായ ഒരു ധാരണയാണ്. ശാസ്ത്രീയ ഗവേഷണങ്ങളെ ശരിയായി മനസ്സിലാക്കാത്തതില്‍ നിന്നാണ് ഈ ധാരണയുണ്ടാവുന്നത്… ഏതെങ്കിലുമൊരു ജീനിനേയും സങ്കീര്‍ണമായ ഏതെങ്കിലുമൊരു മനുഷ്യസ്വഭാവത്തേയും തമ്മില്‍ നേര്‍ക്കുനേരെ ബന്ധിപ്പിക്കാന്‍ കഴിയുന്ന യാതൊരു വിധശാസ്ത്രീയ ഗവേഷണഫലവും ഇതേവരെ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. നിരവധി ജീനുകള്‍ നിരവധി സാഹചര്യങ്ങളുടെ സ്വാധീനത്തിനു നടുവില്‍ പ്രവര്‍ത്തനനിരതമാവുമ്പോഴാണ് ഏതെങ്കിലുമൊരു പെരുമാറ്റമുണ്ടാവുന്നത്.”(Catherine Baker: Behavioral Genetics: An Introduction to How Genes and Environments Interact Through Development to Shape Differences in Mood, Personality, and Intelligence, American Association for the Advancement of Science, 2004, Page 17,18)

ജനിതകാടിത്തറ ഉണ്ടെന്ന് പറഞ്ഞാൽ

പരിണാത്മക നരവംശശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന സാറാ ബ്വാഫര്‍ ഹിര്‍ഡി സൂചിപ്പിക്കുന്നത് നോക്കുക. ”മനുഷ്യഭാവനയിലധിഷ്ഠിതമായ പലതും ലോകത്തെ ദ്വിതീയവല്‍ക്കരിച്ച് കാണുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും പ്രകൃതിയും സാഹചര്യങ്ങളും തമ്മില്‍ വേലികെട്ടി വേര്‍തിരിക്കാനാവില്ലെന്നത് ഒരു യാഥാര്‍ഥ്യമാണ്… താലോലിച്ചു വളര്‍ത്തുന്നതുപോലെയുള്ള സങ്കീര്‍ണമായ പെരുമാറ്റങ്ങളോ അതീവസങ്കീര്‍ണമായ സ്‌നേഹത്തെപോലെയുള്ള വൈകാരികാവസ്ഥയോ ഒന്നും തന്നെ ജനിതകമായി തീരുമാനിക്കപ്പെടുന്നതോ സാഹചര്യങ്ങളില്‍ നിന്ന് മാത്രമായി ഉരുത്തിരിയുന്നതോ അല്ല.”(Sarah Blaffer Hrdy: Mother Nature: Maternal Instincts and How They Shape the Human Species, New York, 2000, Page 246)

ഏതെങ്കിലും ഒരു മനുഷ്യപെരുമാറ്റം ജനിതകാടിത്തറയുള്ളതാണെന്ന് പറഞ്ഞാല്‍ അത് അയാള്‍ക്കുവേണ്ടി പ്രകൃതി തന്നെ നിശ്ചയിച്ചൊരുക്കിയതാണെന്നല്ല അര്‍ഥമെന്ന വസ്തുതയാണ് പെരുമാറ്റജനിതകം വ്യക്തമാക്കുന്നത്. കൊക്കൈന്‍ ലഹരിക്ക് അടിമയായ ഒരു ബ്രിട്ടീഷ് സ്ത്രീ സമൂഹത്തില്‍ നടത്തിയ പഠനപ്രകാരം അതിന് അടിമയാകാനുള്ള ജനിതകസാധ്യത 79 ശതമാനമാണ്. (Brittish Journel of Psychiatry Vol: 173 (1998) സാഹചര്യങ്ങളും അവസരങ്ങളുമുണ്ടാവുകയാണെങ്കില്‍ പ്രസ്തുത സമൂഹത്തിലെ 79 ശതമാനംപേരും കൊക്കൈന്‍ ലഹരിക്ക് അടിമപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഇതിനര്‍ഥം; അതല്ലാതെ അവിടെയുള്ള 79 ശതമാനം പേരുടേയും തലവിധി കൊക്കൈന്‍ അടിമയായിത്തീരാനാണ് എന്നല്ല. സ്വവര്‍ഗാനുരാഗികളില്‍ നടന്ന പഠനത്തില്‍ നിന്നു മനസ്സിലാവുന്നതും മറ്റൊന്നല്ല. സ്വവര്‍ഗാനുരാഗം അനുവദിക്കപ്പെടുന്ന സമൂഹത്തില്‍ സാഹചര്യവും സന്ദര്‍ഭവും ഒത്തുവരികയാണെങ്കില്‍ ഒരാള്‍ സ്വവര്‍ഗലൈംഗിതയിലെത്തിപ്പെടാനുള്ള സാധ്യത മാത്രമാണ് പ്രസ്തുത പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ‘ഗേ ജീനി’നെ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍ ഡിന്‍ ഹാമര്‍ പോലും ഇക്കാര്യം സമ്മതിച്ചിട്ടുള്ളതാണ്. ‘ജീനുകള്‍ ഹാര്‍ഡുവെയറാണ്… സ്വത്വത്തിനു വേണ്ടിയുള്ള സര്‍ക്യൂട്ടുകളിലൂടെ ലൈംഗിക സോഫ്റ്റുവെയര്‍ പ്രൊസസ്സ് ചെയ്യപ്പെടുന്നതു വഴിയാണ് ജീവിതാനുഭവങ്ങളുടെ ഡാറ്റയുണ്ടാകുന്നത്. ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിക്കപ്പെട്ടതും ഉപയോഗിക്കുന്നയാള്‍ കൂട്ടിച്ചേര്‍ക്കുന്നതുമായ കാര്യങ്ങള്‍ ഒരുമിച്ചു ചേരുമ്പോഴാണ് ഒരു കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാവുന്നത് എന്നതുപോലെ ലൈംഗിക സോഫ്റ്റ്‌വെയറും ജീനുകളുടെയും സാഹചര്യങ്ങളുടേയും മിശ്രിതത്തില്‍ നിന്നാണ് രൂപപ്പെടുന്നത് എന്നാണ് ഞാന്‍ കരുതുന്നത് (Dean Hamer, Peter Copeland: The Science Of Desire: The Search For The Gay Gene And The Biology Of Behavior,NewYork, 1994, Page 64)

മനുഷ്യരുടെ ലൈംഗികാഭിനിവേശം ജീനുകളാല്‍ നിര്‍ണയിക്കപ്പെടുന്നതാണെന്ന വാദത്തില്‍ കഴമ്പില്ലെന്ന വസ്തുത ഹ്യൂമണ്‍ ജീനോം പ്രൊജക്ട് തലവന്‍ ഡോ: ഫ്രാന്‍സിസ് എസ് കോളിന്‍സും വ്യക്തമാക്കിയിട്ടുണ്ട്. ‘മനുഷ്യരുടെ പല സ്വഭാവസവിശേഷതകള്‍ക്കും പിന്നില്‍ പരമ്പരാഗതത്വത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു അംശമുണ്ട്. വൈയക്തിക സവിശേഷതകളിലുള്ള പരമ്പരാഗതത്വത്തെ കുറിച്ചുള്ള പഠനങ്ങളില്‍ നിന്ന് പൊതുവായ ബൗദ്ധികനിലവാരത്തിന് 50 ഉം ബഹിര്‍മുഖത്വത്തിന് 54ഉം അനുരൂപ്യത്തിന് 42ഉം തുറന്നസമീപനത്തിന് 57ഉം പ്രകോപനത്തിന് 38ഉം പാരമ്പര്യാഭിമുഖത്വത്തിന് 54ഉം ശതമാനം പരമ്പരാഗതത്വമുണ്ടെന്ന് മനസ്സിലാക്കിയിട്ടുണ്ട്… സ്വവര്‍ഗലൈംഗികതയുടെ ജനിതകാടിത്തറ പൊതുജനങ്ങള്‍ക്ക് നല്ല താല്‍പര്യമുള്ളൊരു വിഷയമാണ്. ആണുങ്ങളുടെ സ്വവര്‍ഗലൈംഗികതയില്‍ പരമ്പരാഗതത്വത്തിന്റെ ഘടകങ്ങള്‍ക്ക് ചില സ്വാധീനങ്ങളുണ്ട് എന്ന് ഇരട്ടകളെ കുറിച്ച പഠനങ്ങള്‍ ചില സൂചനകള്‍ നല്‍കിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ജനസംഖ്യയുടെ രണ്ടു മുതല്‍ നാലു ശതമാനം വരെ മാത്രമുള്ള സ്വവര്‍ഗപ്രണയികളില്‍ ഇരുപത് ശതമാനത്തിന് മാത്രമേ പ്രസ്തുത സ്വഭാവമുള്ള സദൃശസഹോദരനുള്ളൂവെന്ന വസ്തുത ലൈംഗികാഭിനിവേശം ജനിതകമായി സ്വാധീനിക്കപ്പെടാമെന്നല്ലാതെ അത് ഡി.എന്‍.എയില്‍ രേഖപ്പെട്ടുകിടക്കുന്നതല്ലെന്നാണ് വ്യക്തമാക്കുന്നത്. സഹജാഭിമുഖ്യത്തെയാണ് അതല്ലാതെ മുന്‍നിശ്ചയത്തെയല്ല ജീനുകള്‍ പ്രതിനിധാനം ചെയ്യുന്നത്.” (Dr. Francis S Collins: Language of God: A Scientist Presents Evidence for Belief, NewYork, 2006, Page 98)

പെരുമാറ്റജനിതകത്തിലെ സങ്കേതങ്ങളുപയോഗിച്ച് സ്വവർഗ്ഗാനുരാഗത്തെ ജനിതകമായാക്കിയാൽ അതേ സാകേതങ്ങളുപയോഗിച്ച് എല്ലാ കുറ്റകൃത്യങ്ങളെയും ജനിതകമാക്കേണ്ടി വരുമെന്നതാണ് വാസ്തവം. എല്ലാ കുറ്റകൃത്യങ്ങൾക്കും പിന്നിൽ ചില ജനിതകകാരണങ്ങളുണ്ടാവുമെന്ന വസ്തുത അവയെ കുറ്റമല്ലാതാക്കുന്നില്ലെന്ന് പെരുമാറ്റശാസ്ത്രജ്ഞർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ഇവിടെയും ബാധകമാണ്. കുറ്റകൃത്യങ്ങൾക്ക് ഉള്ളതായി പറയുന്ന ജനിതകകാരണങ്ങൾ യഥാർത്ഥത്തിൽ കുറ്റങ്ങളായി പരിണമിക്കുന്നത് അവയ്ക്കനുസൃതമായ സാഹചര്യങ്ങളുണ്ടാവുകയും ആ സാഹചര്യങ്ങൾക്ക് വിധേയമായി വ്യക്തി പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണെന്ന കുറ്റാന്വേഷണശാസ്ത്രജ്ഞരുടെ നിരീക്ഷണം ശ്രദ്ധേയമാണ്. (Bryanna Fox: “It’s nature and nurture: Integrating biology and genetics into the social learning theory of criminal behavior” Journal of Criminal Justice, March–April 2017, Pages 22-31).

സ്വവർഗ്ഗാനുരാഗം ജനിതകമാണെന്ന വാദം ആവർത്തിച്ചാവർത്തിച്ച് സത്യമാണെന്ന് വരുത്തിത്തീർത്ത മിഥ്യയാണെന്ന യാഥാർഥ്യമാണ് ഇവിടെയെല്ലാം മറനീക്കുന്നത്. സ്വവർഗാനുരാഗം ജനിതകമാണെന്ന് വാദിക്കുന്നതിനുപയോഗിക്കുന്ന സങ്കേതങ്ങളുപയോഗിച്ചാൽ ബാലപീഢനം മുതൽ ബലാൽസംഗം വരെയും മയക്കുമരുന്നുപയോഗം മുതൽ തീവെട്ടിക്കൊള്ള വരെയുമുള്ള എല്ലാ കുറ്റകൃത്യങ്ങളും ജനിതകമാണെന്ന് സമ്മതിക്കേണ്ടി വരും. ക്വിയർ നോർമേറ്റിവിറ്റിക്ക് വേണ്ടി വാദിക്കുന്നവർക്ക് അവയെല്ലാം ജനിതകമാണെന്ന് സമ്മതിക്കുന്നതിന് വിരോധമൊന്നുമുണ്ടാവുകയില്ല. വിപണിയെ സ്‌നിഗ്‌ധമാക്കുമെങ്കിൽ തിന്മകളെന്ന് തലമുറകളായി മനസ്സിലാക്കിയ എന്തിനെയും നന്മയായി മനസ്സിലാക്കാൻ സന്നദ്ധരാവുന്നവരാണ് അവർ നിർമ്മിക്കാനാഗ്രഹിക്കുന്ന സമൂഹത്തിലുണ്ടാവുക. അത്തരമൊരു സമൂഹസൃഷ്ടിക്ക് വേണ്ടി നമ്മുടെയെല്ലാം മക്കളുടെ ധാർമ്മികഭാവിയെ കുരുതി കൊടുക്കേണ്ടതുണ്ടോ എന്നാണ് ഓരോ രക്ഷിതാവും ചിന്തിക്കേണ്ടത്.

ഹെറ്ററോനോർമേറ്റിവിറ്റി തകരുകയും ക്വിയർ നോർമേറ്റിവിറ്റി വാഴുകയും ചെയ്യുന്ന സമൂഹത്തിലേക്കുള്ള ചുവടുവെപ്പാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിക്കൊണ്ട് സർക്കാർ ചെയ്യുന്നതെന്ന് പറഞ്ഞാൽ ബാലപീഢനം മുതൽ മയക്കുമരുന്നുപയോഗം വരെ ജനിതകമാണെന്ന് മനസ്സിലാക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് പച്ചക്കൊടി കാണിക്കുകയാണ് നമ്മെ ഭരിക്കുന്നവർ എന്നാണർത്ഥം. അത്തരമൊരു സമൂഹത്തിലേക്കാണോ ഭാവിതലമുറയെ വഴിനടത്തേണ്ടതെന്ന് ചിന്തിക്കുവാനുള്ള വിവേകമൊന്നും കടം തരുന്നവർക്കനുസരിച്ച് സാമൂഹ്യധർമ്മങ്ങൾ മാറ്റിയെഴുതാൻ സന്നദ്ധമാവുന്നവർക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. സമൂഹനന്മയാഗ്രഹിക്കുന്ന ഉത്തരവാദിത്തമുള്ള പൗരന്മാർക്കും മക്കളുടെ നല്ല ഭാവിയെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്യുന്ന രക്ഷിതാക്കൾക്കും പക്ഷെ, അങ്ങനെ ആകാൻ കഴിയുകയില്ലല്ലോ.

No comments yet.

Leave a comment

Your email address will not be published.