റമദാൻ സമാഗതമായി

//റമദാൻ സമാഗതമായി
//റമദാൻ സമാഗതമായി
ആനുകാലികം

റമദാൻ സമാഗതമായി

Print Now
“ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌). നിങ്ങള്‍ക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. (ഈ രീതി നിര്‍ദേശിച്ചുതന്നത്) നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നതിന്റെപേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ.” (ഖുർആൻ 2: 185)

ഹിജ്റവർഷ കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാൻ. മാനവരാശിക്കാകമാനം വഴികാട്ടിയായി വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട ശ്രേഷ്‌ഠമായ മാസം. ഏകനായ സ്രഷ്ടാവ് നമുക്ക് ചെയ്തുതന്ന അമൂല്യമായ ഒരനുഗ്രഹമാണ് ഖുർആനിന്റെ അവതരണം. നന്മയും തിന്മയും തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകപ്പെട്ട സൃഷ്ടിയായ മനുഷ്യന് കൃത്യമായ വഴികാട്ടിയായാണ് വിശുദ്ധ ഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചത്. ഈ അനുഗ്രത്തിന് അല്ലാഹുവിനോടുള്ള കൃതജ്ഞതാപ്രകടനംകൂടിയാണ് റമദാനിലെ വ്രതാനുഷ്ഠാനം. ഖുർആനിക സന്ദേശങ്ങൾ ജീവിതത്തിൽ പ്രയോഗവൽക്കരിക്കുന്നതിനുള്ള പരിശീലനംകൂടി വ്രതാനുഷ്ഠാനത്തിലൂടെ സാധ്യമാകുന്നു. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായാണ് റമദാൻ വ്രതത്തെ മുഹമ്മദ് നബി ﷺ എണ്ണിയത്. സഹനത്തിലൂടെയും അല്ലാഹുവിനുള്ള സ്തുതികീർത്തനങ്ങളിലൂടെയും ജീവിതവിശുദ്ധി കൈവരിക്കുവാൻ ഏറ്റവും പര്യാപ്തമായ ദിനരാത്രങ്ങളാണ് റമദാൻ വിശ്വാസികൾക്ക് സമ്മാനിക്കുന്നത്. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമെന്ന് ഖുർആൻ വിശേഷിപ്പിച്ച ലൈലത്തുൽ ഖദ്ര്‍ (നിര്‍ണയത്തിന്റെ രാവ്) എന്ന രാത്രിയും ഈ പുണ്യമാസത്തിലാണ്. ലൈലത്തുൽ ഖദ്റിലാണ് ഖുർആനിന്റെ അവതരണം നടന്നതെന്ന് ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു: “തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ? നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമാകുന്നു. മാലാഖമാരും ആത്മാവും (ജിബ്‌രീൽ എന്ന മാലാഖ) അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ.” (ഖുർആൻ 97:1-5). വിശുദ്ധ റമദാനിനെക്കുറിച്ച് നബി ﷺ പറയുന്നത് കാണുക: “റമദാൻ സമാഗതമായാൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ അടക്കപ്പെടുകയും പിശാചുക്കൾ ബന്ധിക്കപ്പെടുകയും ചെയ്യുന്നതാണ്.” (ബുഖാരി, മുസ്‌ലിം). സൽക്കർമ്മങ്ങളനുഷ്ഠിക്കുന്നവർക്കായി സ്വർഗീയാരാമങ്ങൾ തുറക്കപ്പെടുന്ന സവിശേഷമായ സന്ദർഭമാണ് റമദാൻ എന്നർത്ഥം.

ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയും അവനോടു മാത്രം പ്രാർത്ഥിക്കുകയും ചെയ്യണമെന്ന തത്ത്വമാണ് ഇസ്‌ലാം പ്രാഥമികമായി പഠിപ്പിക്കുന്നത്. നമ്മെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും നമ്മുടെ ഹൃദയത്തിനകത്തുള്ളത് കൃത്യമായി അറിയുകയും ചെയ്യുന്ന ആ ഏകാസ്തിത്വത്തിനു മുന്നിൽ മാത്രമാണ് പ്രാർത്ഥനാ വഴിപാടുകളഖിലവും അർപ്പിക്കേണ്ടതെന്ന് നമ്മുടെ സാമാന്യ ബുദ്ധി തന്നെ പറയുന്നു. ഈ സാമാന്യ ബുദ്ധിയുടെ വിധി തന്നെയാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വമായ ഏകദൈവവിശ്വാസം. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവർ അല്ലാഹുവിന്റെ തൃപ്‌തി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കണം സൽക്കർമ്മങ്ങളനുഷ്ഠിക്കേണ്ടതെന്നും ഇസ്‌ലാം ഊന്നിപ്പറയുന്നുണ്ട്. നോമ്പിലൂടെയും പ്രാർത്ഥനയിലൂടെയും ദാനധർമങ്ങളുൾപ്പെടെയുള്ള സൽക്കർമ്മങ്ങളിലൂടെയും റമദാനിനെ സജീവമാക്കേണ്ടവരാണ് വിശ്വാസികൾ. പാവപ്പെട്ടവരെ നാം സഹായിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള പ്രശസ്തിയോ സഹായിക്കപ്പെടുന്നവരിൽനിന്നുള്ള പ്രത്യുപകാരമോ ഒന്നും പ്രതീക്ഷിച്ചുകൊണ്ടായിരിക്കരുതെന്നും പരലോകത്ത് അല്ലാഹു നൽകുന്ന പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണമെന്നുമാണ് ഖുർആൻ അനുശാസിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇസ്‌ലാം വളരെയേറെ പ്രാധാന്യം കൽപിക്കുന്നുണ്ട്. സഹായിക്കപ്പെടുന്നവർ ഏതു മതവിഭാഗത്തിൽ പെട്ടവരാണെന്ന് നോക്കി അവരെ പരിഗണിക്കാനല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും കാരുണ്യം ചൊരിയണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. മുഹമ്മദ് നബി ﷺ പറയുന്നത് കാണുക: “ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക. ആകാശത്തുള്ളവൻ (അല്ലാഹു) നിങ്ങളോട് കരുണ കാണിക്കും.” (ത്വബ്റാനി). അയൽവാസിയെ പരിഗണിക്കുന്നതിനെക്കുറിച്ച് ധാരാളം നബിവചനങ്ങളുണ്ട്. “അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയെ ഭക്ഷിക്കുന്നവൻ സത്യവിശ്വാസിയല്ല” എന്നാണ് നബി ﷺ പറഞ്ഞത് (സ്വഹീഹ്-അൽബാനി). അയൽവാസിയുടെ മതം നോക്കി അവനെ സഹായിക്കാനല്ല പ്രവാചകൻ ﷺ പഠിപ്പിച്ചത്. മനുഷ്യർ ഒരു സമൂഹമാണെന്നും അല്ലാഹുവാണ് അവരുടെ രക്ഷിതാവെന്നും പഠിപ്പിക്കുന്ന ഖുർആൻ ജാതീയതയുടെയും വംശീയതയുടേയുമെല്ലാം ചങ്ങലക്കെട്ടുകളെ തകർക്കുന്നു. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും മതമുള്ളവനും മതമില്ലാത്തവനുമെല്ലാം ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്നും ഒരേ ആദിമാതാപിതാക്കളിൽ നിന്നുള്ളവരാണെന്നും മനസ്സിലാക്കുന്ന ഒരു മുസ്‌ലിമിൽ വിഭാഗീയതകളുടെ ചങ്ങലക്കെട്ടുകൾക്ക് യാതൊരു സ്ഥാനവുമുണ്ടാവില്ല. മനുഷ്യരെല്ലാം ഒരേ ആദിമാതാപിതാക്കളുടെ അഥവാ ആദമിന്റെയും ഹവ്വയുടെയും സന്തതികളാണെന്നും അതിനാൽ ലോകത്തുള്ള മുഴുവൻ മനുഷ്യരും അടിസ്ഥാനപരമായി സഹോദരങ്ങളാണെന്നും പഠിപ്പിക്കുന്ന ദർശനമാണ് ഇസ്‌ലാം. ‘ഒരേയൊരു ദൈവം, ഒരൊറ്റ ജനത’ എന്ന ഏകമാനവികതയുടെ സന്ദേശമാണ് വിശുദ്ധ ഖുർആൻ മുന്നോട്ടുവയ്ക്കുന്നത്. “ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (ഖുർആൻ 49:13). മുഹമ്മദ് നബിﷺയുടെ പ്രഖ്യാപനം കാണുക: “ജനങ്ങളേ, അറിഞ്ഞുകൊള്ളുക: നിശ്ചയം, നിങ്ങളുടെ നാഥന്‍ ഏകനാകുന്നു. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ വെളുത്തവന്ന് കറുത്തവനെക്കാളോ കറുത്തവന്ന് വെളുത്തവനെക്കാളോ ഒരു ശ്രേഷ്ഠതയുമില്ല-ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവിങ്കൽ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും സൂക്ഷ്മതയുള്ളവനത്രെ.” (ബൈഹഖി ഉദ്ധരിച്ച ഹദീഥ്)

മനുഷ്യേതര ജീവജാലങ്ങളോടും കാരുണ്യം കാണിക്കണമെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി ﷺ അരുളി. “ഒരിക്കൽ ഒരാൾ നടന്ന് പോകവെ കഠിനമായി ദാഹിച്ചു. അയാൾ വഴിയിലുള്ള ഒരു കിണറ്റിലിറങ്ങി വെള്ളം കുടിച്ചു. കിണറ്റിൽ നിന്നും കരയിൽ കയറിയപ്പോൾ ഒരു നായ കിതച്ച് നാവ് നീട്ടിനിൽക്കുന്നു. ദാഹം സഹിക്കാനാവാതെ അത് മണ്ണ് നക്കുകയാണ്. ഇത് കണ്ട് ആ മനുഷ്യൻ പറഞ്ഞു: ഞാനനുഭവിച്ച വിഷമം ഈ നായക്കും ബാധിച്ചിരിക്കുന്നു. എന്നിട്ടയാൾ കിണറ്റിലിറങ്ങി തന്റെ പാദരക്ഷയിൽ വെള്ളം നിറച്ച് വായകൊണ്ട് കടിച്ച് പിടിച്ച് കരയ്ക്ക് വന്നു. നായയെ കുടിപ്പിച്ചു. അയാളുടെ ഈ നല്ല പ്രവർത്തനത്തിന് അല്ലാഹു അയാൾക്ക് പ്രതിഫലം നൽകുകയും അയാളുടെ പാപങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്തു.” ഇതു കേട്ടപ്പോൾ അനുചരന്മാർ നബിﷺയോടു ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, നാൽക്കാലികൾക്ക് വല്ല ഉപകാരവും ചെയ്താൽ ഞങ്ങൾക്ക് പ്രതിഫലം ലഭിക്കുമോ?’ നബി ﷺ പറഞ്ഞു: “പച്ചക്കരളുള്ള ഏത് ജീവിക്ക് ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കും.” (ബുഖാരി, മുസ്‌ലിം)

ഖുർആനിന്റെ മാസമാണ് റമദാൻ. ഖുർആൻ പാരായണത്തിനും പഠനത്തിനുമെല്ലാം ഏറെ പ്രാധാന്യമുള്ള നാളുകൾ. ഖുർആൻ അവതീർണമായ മാസംപോലും ഏറെ ശ്രേഷ്ഠമെങ്കിൽ ഖുർആനിന്റെ മഹത്വം എത്രയായിരിക്കും! ദൈവികമെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഏക ഗ്രന്ഥം. അവതരിപ്പിക്കപ്പെട്ട രൂപത്തിൽ ഇന്ന് നിലനിൽക്കുന്ന ഏകവേദഗ്രന്ഥവും ഖുർആൻ തന്നെ. ‘ഖുർആൻ’ എന്ന പദത്തിന് ‘വായന’ എന്നും ‘വായിക്കപ്പെടുന്നത്’ എന്നുമാണ് അർത്ഥങ്ങൾ. ‘ഇഖ്‌റഅ്’ അഥവാ ‘വായിക്കുക’ എന്ന ആഹ്വാനത്തോടെയാണ് ഖുർആനിന്റെ അവതരണം ആരംഭിച്ചതും. അത്ഭുതങ്ങളുടെ കലവറയാണീ ഗ്രന്ഥം! അറിവിന്റെ ഏതു മാനദണ്ഡമുപയോഗിച്ച് പരിശോധിച്ചാലും പതിനാലു നൂറ്റാണ്ടുകൾക്കുമുമ്പ്-ശാസ്‌ത്രസാങ്കേതിക രംഗത്ത് ലോകം ഒന്നുമല്ലാതിരുന്ന കാലത്ത്-അവതരിപ്പിക്കപ്പെട്ട ആ ഗ്രന്ഥത്തിൽ അതിസൂക്ഷ്മമായ ഒരബദ്ധംപോലുമുള്ളതായി വസ്തുനിഷ്ഠമായി തെളിയിക്കാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല എന്നത് ഏറെ വിസ്മയകരമാണ്. ഖുർആനിലെ ശാസ്ത്രപരാമർശങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയ മോറിസ് ബുക്കായിയെയും കീത്ത് മൂറിനെയും പോലെയുള്ള അമുസ്‌ലിംകളായ ശാസ്ത്രകാരന്മാർക്ക് വരെ ഇക്കാര്യം തുറന്നു പ്രഖ്യാപിക്കേണ്ടി വന്നതിന് ലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. പ്രപഞ്ചസ്രഷ്ടാവിന്റെ വചനങ്ങളാണ് ഖുർആൻ എന്നതിനാലാണ് അത് അബദ്ധമുക്തമായത്. ഏറ്റവും ശരിയായ ദിശയിലേക്ക് ഖുർആൻ മാനവ സമൂഹത്തെ നയിക്കുന്നു: “തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക്‌ വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക്‌ വലിയ പ്രതിഫലമുണ്ട്‌ എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.” (ഖുർആൻ 17: 9)

No comments yet.

Leave a comment

Your email address will not be published.