റമദാൻ തീരം -24

//റമദാൻ തീരം -24
//റമദാൻ തീരം -24
ആനുകാലികം

റമദാൻ തീരം -24

ഹിജ്റ ഒമ്പതാം വർഷത്തിൽ നജ്റാനിൽ നിന്നുള്ള 60 പേരടങ്ങുന്ന ഒരു ക്രൈസ്തവ നിവേദകസംഘം നബി(സ)യെ സന്ദർശിക്കുകയുണ്ടായി. അവരിലെ പ്രസിദ്ധ പണ്ഡിതന്മാരും നേതാക്കളും ഉൾപ്പെടെ 14 പേരാണ് ആ സംഘത്തെ നയിച്ചിരുന്നത്. ഈ നിവേദക സംഘത്തിനാണ് മദീന പള്ളിക്കകത്ത് പ്രാർത്ഥനക്ക് നബി(സ) സൗകര്യം ചെയ്തു കൊടുത്തു എന്ന് ചരിത്രം പറയുന്നത്. ഇവരിലെ മൂന്ന് പ്രതിനിധികളാണ് നബി(സ)യോട് ചർച്ചക്ക് നേതൃത്വം നൽകിയത്. ക്രിസ്തീയ ത്രിത്വ വിശ്വാസമുൾപ്പെടെയുള്ള കാര്യങ്ങൾ ആ ചർച്ചയിൽ വരികയുണ്ടായി. ഈസാ നബി(അ)യുടെ മുഅ്ജിസത്തുകൾ അദ്ദേഹത്തിൻറെ ദിവ്യത്വത്തിന് തെളിവായും, പിതാവില്ലാതെ ജനിച്ചത് ദൈവപുത്രനാണ് എന്നതിന്റെ അടയാളമായും, വേദഗ്രന്ഥങ്ങളിൽ – നാം സൃഷ്ടിച്ചു – നാം കൽപ്പിച്ചു – തുടങ്ങിയ ബഹുവചന പ്രയോഗങ്ങൾ ദൈവം ഒന്നിലധികമുണ്ട് എന്നതിന്റെ തെളിവാണെന്നുമൊക്കെ ചർച്ചയിൽ ക്രൈസ്തവ പണ്ഡിതന്മാർ അവതരിപ്പിക്കുകയുണ്ടായി. ഖുർആൻ വചനങ്ങൾ ഉദ്ധരിച്ചു കൊണ്ടുള്ള പ്രവാചക ഖണ്ഡനങ്ങളിൽ ക്രൈസ്തവ പണ്ഡിതന്മാർ ഉത്തരം മുട്ടുകയുണ്ടായി. നബി (സ) തന്നെ കുറിച്ച് ഈസാ നബി(അ)യുടെ തുടർച്ചയായി വന്ന പ്രവാചകനാണെന്നും വിശ്വസിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ നേരത്തേ മുസ്ലീങ്ങളാണ് എന്നവർ വാദിച്ചു. അല്ലാഹുവിന് സന്താനമുണ്ടെന്ന് വാദിക്കുകയും, പന്നിമാംസം കഴിക്കുകയും, കുരിശാരാധന നിർവഹിക്കുകയും ചെയ്യുന്ന സ്ഥിതിക്ക് നിങ്ങൾ ഇസ്ലാം സ്വീകരിച്ചവരാണ് എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല എന്ന് നബി (സ) മറുപടി പറഞ്ഞു. സത്യം മനസ്സിലായിട്ടും അതിലേക്ക് മടങ്ങാൻ അവർ സന്നദ്ധരാകാതിരുന്നത് കൊണ്ട് മുബാഹലക്ക് (പരസ്പരമുള്ള ശാപ പ്രാർത്ഥന) തയ്യാറാകാൻ നബി (സ) അവരോട് ആവശ്യപ്പെട്ടു.
ഖുർആൻ പറയുന്നു; _”ഇനി നിനക്ക്‌ അറിവ്‌ വന്നുകിട്ടിയതിനു ശേഷം അവന്‍റെ (ഈസായുടെ) കാര്യത്തില്‍ നിന്നോട്‌ ആരെങ്കിലും തര്‍ക്കിക്കുകയാണെങ്കില്‍ നീ പറയുക: നിങ്ങള്‍ വരൂ. ഞങ്ങളുടെ മക്കളെയും, നിങ്ങളുടെ മക്കളെയും, ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക്‌ വിളിച്ചുകൂട്ടാം. ഞങ്ങളും നിങ്ങളും (കൂടുകയും ചെയ്യാം.) എന്നിട്ട്‌ കള്ളം പറയുന്ന കക്ഷിയുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടായിരിക്കാന്‍ നമുക്ക്‌ ഉള്ളഴിഞ്ഞ്‌ പ്രാര്‍ത്ഥിക്കാം._ (ഖുർആൻ 3: 61)

ഈ വചനത്തിന്റെ അടിസ്ഥാനത്തിലാണ് നബി (സ) അവരെ മുബാഹലക്ക് ക്ഷണിച്ചത്. ആദ്യം അവർ അതിന് സമ്മതിക്കുകയുണ്ടായി. അലി (റ), ഫാത്തിമ (റ), ഹസൻ (റ), ഹുസൈൻ (റ) എന്നിവരെ കൂട്ടി നബി നിശ്ചിത സമയത്തും സ്ഥലത്തും തയ്യാറായി വന്നു. എന്നാൽ ക്രൈസ്തവ സംഘം ചില ഒഴിവുകഴിവുകൾ പറഞ്ഞു പിന്മാറുകയാണ് ചെയ്തത്. നബി(സ)യുമായി ചില സന്ധികളിൽ തീർപ്പു വെച്ച് അവർ മടങ്ങിപ്പോയി. ക്രൈസ്തവ സംഘത്തിൽ നിന്ന് ചില ആളുകൾ മുബാഹലക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോൾ “ഒരു പ്രവാചകനുമായി ശാപ പ്രാർഥന നടത്തുന്ന ജനത നാമാവശേഷമാവാതിരിക്കുകയില്ല” എന്നു പറഞ്ഞു കൊണ്ടാണ് മുബാഹലയിൽ നിന്ന് ക്രൈസ്തവ സംഘം തന്ത്രപൂർവ്വം ഒഴിഞ്ഞുമാറിയത്.

പ്രവാചക കാലം മുതൽ ഇന്നുവരെയും പരിശുദ്ധ ഖുർആൻ അതുയർത്തിപ്പിടിക്കുന്ന സത്യസന്ദേശങ്ങളെ വെല്ലുവിളികളോടു കൂടെയാണ് ലോകത്തിനു മുമ്പിൽ സമർപ്പിക്കുന്നത്. ആർക്കും പരിശോധിക്കാവുന്നതും ഏത് അളവുകോൽ വച്ചു കൊണ്ടും അളന്നു നോക്കാവുന്നതുമാണ് ഖുർആനിന്റെ സത്യത. ഖുർആൻ വിഷയത്തിൽ ഏത് കാലത്തും നടന്നിട്ടുള്ള വൈജ്ഞാനികമായ സംവാദങ്ങൾ പരിശുദ്ധ ഖുർആനിൻറെ വിജയത്തിലാണ് കലാശിച്ചിട്ടുള്ളത്. ആ ഖുർആനിനെയാണ് നാം പ്രതിനിധാനം ചെയ്യുന്നത്. കൂടുതലായി അറിയുകയും വായിക്കുകയും പഠിക്കുകയും പ്രചരിപ്പിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ…

print

1 Comment

  • جزاك الله الحير

    AbdulJaleel 16.04.2023

Leave a comment

Your email address will not be published.