റമദാൻ തീരം -1

//റമദാൻ തീരം -1
//റമദാൻ തീരം -1
ആനുകാലികം

റമദാൻ തീരം -1

യയ്‌നത്ത് ബ്നു ഹിസ്വിൻ അൽഫിസാരി (عيينة بن حسن الفزاري – رض) ഫിസാർ ഗോത്രത്തിന്റെ നേതാവായിരുന്നു. മക്കാവിജയകാലത്ത് അദ്ദേഹം മുസ്ലിമായി. ഫിസാർ ഗോത്രത്തിൽ നിന്ന് ഖലീഫ ഉമർ (റ) വിൻറെ സദസ്സിലും കാര്യാലോചനകളിലും അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഹുർറുബ്ന് ഖൈസ് എന്ന സ്വഹാബിയായിരുന്നു. ഗോത്ര നേതാവായ ഉയയ്‌ന ഒരിക്കൽ ഹുർറുബിനു ഖൈസിനോട് ഖലീഫ ഉമറിന്റെ ഒരു സമയം വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. ഖലീഫയോട് തനിക്ക് ചില കാര്യങ്ങൾ പങ്കുവെക്കാനാണ് എന്ന് പറഞ്ഞുകൊണ്ടാണ് കൂടിക്കാഴ്ചക്ക് സമയം ചോദിച്ചത്. ഉമർ (റ)മായുള്ള കൂടിക്കാഴ്ചയിൽ ഉയയ്‌ന അദ്ദേഹത്തോട് പറഞ്ഞു.

“ഖത്വാബിൻറെ മകനെ, അല്ലാഹുവിനെ തന്നെയാണ് സത്യം.. താങ്കൾ ഞങ്ങൾക്ക് അധികമൊന്നും തരാറില്ല, ഞങ്ങളിൽ നീതി അനുസരിച്ച് വിധിക്കാറുമില്ല”

നീതിമാനായ ഉമർ (റ) വിന് ഈ ആരോപണം കേട്ടപ്പോൾ അതിയായ കോപം വന്നു. ഉയയ്നയെ അദ്ദേഹം ശിക്ഷിച്ചേക്കുമെന്ന് ജനം കരുതി. ഈ സമയത്ത് ഹുർറു ബ്നു ഖൈസ് ഉമർ (റ) വിന് പരിശുദ്ധ ഖുർആനിൽ നിന്ന് ഒരു വചനം ഓതി കേൾപ്പിച്ചു. സൂറത്ത് അഅ്റാഫിലെ 199 മത്തെ വചനം.

“(നബിയെ) താങ്കൾ മാപ്പ് (അഥവാ വിട്ടുവീഴ്ച എന്ന തത്വം) സ്വീകരിക്കുക; സദാചാരം കൊണ്ട് ഉപദേശിക്കുകയും ചെയ്യുക; വിവരമില്ലാത്തവരിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്യുക.”

അമീറുൽ മുഅ്മിനീൻ! അല്ലാഹു നബി(സ)യോട് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ഇയാൾ (ഉയയ്ന) വിഡ്ഢികളിൽ പെട്ടവനുമാകുന്നു.

ഇബ്നു അബ്ബാസ് (റ) പറയുകയാണ്. അല്ലാഹുവാണ്! ഈ വചനം ഓതി കേട്ടപ്പോൾ പിന്നെ ഉമർ ഒന്നും ചെയ്തില്ല. അദ്ദേഹം ഖുർആൻ കേട്ടാൽ നിൽക്കുന്ന ആളായിരുന്നു.

എത്ര പ്രകോപനങ്ങൾ ഉണ്ടാകുമ്പോഴും ചാഞ്ചല്യങ്ങളില്ലാതെ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാൻ കരുത്തു നൽകുന്ന ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. ആത്മ നിയന്ത്രണങ്ങളുടെ പരിശീലന കാലമായ പരിശുദ്ധ റമദാനിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഖുർആനിനോടുള്ള അടുപ്പത്തിൽ നിന്നാണ് നമുക്ക് ജീവിതത്തിൽ അടക്കമുണ്ടാവുന്നത്. ഖുർആനിനോടുള്ള ബന്ധത്തെ പഠനം കൊണ്ടും പാരായണം കൊണ്ടും ശക്തിപ്പെടുത്താനുള്ള ദിനരാത്രങ്ങളായി മാറട്ടെ നമുക്ക് ഈ വർഷത്തെ പരിശുദ്ധ റമദാൻ….
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ….

print

3 Comments

  • Allahu edoru swalihaya Amal aakkatte ameen

    Shamsudeen 24.03.2023
  • Very nice

    Shamsudeen 26.03.2023
  • You said it

    Shamsudeen 06.04.2023

Leave a comment

Your email address will not be published.