റമദാൻ ഖൽബിലേക്കു പടരട്ടെ!

//റമദാൻ ഖൽബിലേക്കു പടരട്ടെ!
//റമദാൻ ഖൽബിലേക്കു പടരട്ടെ!
ആനുകാലികം

റമദാൻ ഖൽബിലേക്കു പടരട്ടെ!

Print Now
‘മരണത്തിന്റെ മലക്ക്‌ തലയണയ്‌ക്കരികിൽ തന്നെ നിൽക്കുമ്പോഴും ഉറക്കിൽ ആനന്ദം കണ്ടെത്താൻ നമുക്ക്‌ കഴിയുന്നത്‌ ആശ്ചര്യകരം തന്നെ’ എന്ന് ഒരു തത്ത്വജ്ഞാനി പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നുണ്ട്‌. ആലോചിച്ചാൽ ‌സത്യമല്ലേ? ദിനേന മണിക്കൂറുകൾ ഉറങ്ങാനാഗ്രഹിക്കുന്നവരാണ്‌ മിക്കവരും. ഉറക്കിനിടയിൽ മരണം വന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും ആകുലതകളൊന്നുമില്ലാതെ മനുഷ്യൻ ബോധമില്ലാതെയുള്ള ആ വിശ്രമത്തിലേക്ക്‌ പിന്നെയും പിന്നെയും ചെന്നുകയറുന്നു. ഉറക്കം തന്നെ ചെറിയൊരു മരണം ആണെന്ന, ആത്മാവിനെ‌ അല്ലാഹു അൽപനേരത്തേക്ക്‌ പിടിക്കുകയാണ്‌ അപ്പോൾ സംഭവിക്കുന്നതെന്ന സത്യം പോലും വലിയ ആലോചനകൾക്ക്‌ മിക്കവരിലും നിമിത്തമാകുന്നില്ല. ഉറക്കിന്റെ മാത്രമല്ല, മൊത്തം ജീവിതത്തിന്റെ തന്നെ അവസ്ഥയാണിത്‌. എപ്പോൾ വേണമെങ്കിലും മരിക്കാമെന്നറിഞ്ഞിട്ടും അതിനെക്കുറിച്ച വലിയ ഓർമ്മയൊന്നും ഇല്ലാതെയാണല്ലോ ജനങ്ങൾ ദുൻയാവിന്റെ സന്തോഷങ്ങളിൽ ആറാടുന്നത്‌.

അനുനിമിഷം മരണത്തെക്കുറിച്ച്‌ മാത്രം ആലോചിച്ചിരിക്കാൻ മനുഷ്യന്‌ കഴിയില്ല. ദുൻയാവിൽ സമാധാനത്തോടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന പ്രകൃതം ആണ്‌ മാനവജീവിതത്തിന്റെ പുരോഗതിയെ ഒരളവുവരെ സാധ്യമാക്കുന്നത്‌. മരണചിന്തയിലേക്ക്‌ മാത്രമായി ആവാഹിക്കപ്പെട്ട്‌ ദുൻയാവുമായുള്ള ബന്ധങ്ങൾ അറുത്തുമാറ്റാനല്ല, പരലോകത്തെക്കുറിച്ചുള്ള ഓർമയുടെ സ്വാധീനം ഉടനീളമുള്ള ഒരു ജീവിതം ദുൻയാവിൽ നയിക്കാനാണ്‌ ഇസ്‌ലാം ആവശ്യപ്പെടുന്നത്‌. മരണം എന്ന മഹാ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഓർമകൾ നേർത്തുപോകുന്നത്‌ ദുൻയാവ്‌ അത്രയും ശക്തവും സമൃദ്ധവും ആയതുകൊണ്ടാണ്‌. ആസ്വാദനത്തിന്റെ വർത്തമാന നിമിഷത്തിൽ അലിഞ്ഞുചേർന്ന് ഭാവിയെപ്പറ്റിയുള്ള ചിന്തകളെ വിസ്മരിക്കാൻ മനുഷ്യനെ അത്‌ പ്രേരിപ്പിക്കുന്നു. ഇഹലോകത്തെ വിഭവങ്ങൾ മനുഷ്യനെ വഞ്ചിക്കുമെന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്‌ (3: 185). ശാശ്വതമായ ജീവിതം ഇതല്ലെന്ന് മനുഷ്യനെ പേർത്തും പേർത്തും ഓർമിപ്പിക്കുകയാണ്‌‌ പ്രവാചകൻമാരും വേദഗ്രന്ഥങ്ങളും ചെയ്തത്‌. മരണത്തെ ബോധപൂർവം ഓർത്തും ചിന്തിച്ചും വേണം ദുൻയാവിന്റെ ലഹരിയെ ചെറുക്കാൻ. ‘സുഖാനുഭവങ്ങളെ മുറിച്ചുകളയുന്ന മരണത്തെ അനുസ്മരിക്കുന്നത്‌ വർധിപ്പിക്കുക’ എന്ന് ഹദീഥിൽ ഉണ്ട് (ഇബ്നു മാജ)‌. ‘വൈകുന്നേരമായാൽ നേരം പുലരുന്നത്‌ പ്രതീക്ഷിക്കരുത്‌, നേരം പുലർന്നാൽ വൈകുന്നേരമാകുന്നത്‌ പ്രതീക്ഷിക്കരുത്‌’ എന്ന് സഹാബിവര്യനായ ഇബ്നു ഉമർ പറയാറുണ്ടായിരുന്നു (ബുഖാരി).

‌വാസ്തവത്തിൽ, മരണത്തെക്കുറിച്ചുള്ള ഇസ്‌ലാമിക ബോധം ഒരാളിൽ ഗാഢമായിത്തീരുന്നത്‌ അയാളുടെ ദുൻയാവിലെ സന്തോഷങ്ങളെ കെടുത്തിക്കളയുകയല്ല, മറിച്ച്‌ അവയ്ക്ക്‌ ജ്ഞാനത്തിന്റെ കരുത്ത്‌ പകരുകയാണ്‌ ചെയ്യുന്നത്‌. അല്ലാഹുവിന്റെ സമ്മാനമാണ്‌ ഈ ദുൻയാവ്‌. അതിത്രമേൽ ആകർഷകമാകുന്നത്‌ അല്ലാഹുവിന്റെ ഉജ്ജ്വലമായ നിർമാണവും സംവിധാനവും കൊണ്ടാണ്‌. പക്ഷേ ചെറിയ ഒരായുസ്സിനുവേണ്ടി അല്ലാഹു തന്ന താൽകാലികമായ ഒരു മണ്ഡലമാണിതെന്നും മരണം വഴി അവന്റെ സന്നിധിയിൽ മടങ്ങിയെത്തുമ്പോഴാണ്‌ അവന്റെ അനുഗ്രഹങ്ങളുടെ പൂർണമായ പ്രകാശനം നടക്കുന്ന ശാശ്വതലോകങ്ങൾ ‌തുറക്കപ്പെടുകയെന്നും വിശ്വാസി മനസ്സിലാക്കുന്നു. ദുൻയാവിനെ അറിഞ്ഞാസ്വദിക്കുകയും അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ആസ്വാദനം മരണത്തോടുകൂടി അവസാനിക്കാതിരിക്കാനുള്ള കരുതൽ സ്വീകരിക്കുകയുമാണ്‌ അയാൾ ചെയ്യുന്നത്‌. ഈ ദുൻയാവിൽ നമ്മൾ യാദൃഛികമായി വന്ന് ചാടിയതല്ലെന്നും അല്ലാഹുവിന്റെ വലിയൊരു പദ്ധതിയുടെ ചെറിയൊരു ഘട്ടം മാത്രമാണ്‌‌ കണ്ണഞ്ചിപ്പിക്കുന്ന ഈ ചുറ്റുപാടുകളെന്നും മറ്റൊരിടത്തേക്ക്‌ യാത്ര തുടരാനുള്ളതാണെന്നുമുള്ള ഇട മുറിയാത്ത ഓർമ-അതാണ്‌ ദീൻ അനുശാസിക്കുന്ന ഐഹിക വിരക്തി. മരണാനന്തര ജീവിതത്തെക്കുറിച്ച്‌ അറിവുള്ളവരാണ്‌ വിശ്വാസികളെല്ലാം. എന്നാലും ഇന്ദ്രിയാനുഭൂതികൾ മടക്കയാത്രയെക്കുറിച്ചുള്ള വിചാരങ്ങളെ ദുർബലമാക്കും. പടിവാതിൽക്കൽ വന്നുനിൽക്കുന്ന, നിഴൽ പോലെ എപ്പോഴും കൂടെയുള്ള മരണത്തിൽ നിന്ന് ശ്രദ്ധ കവരുന്ന തിരക്കാണ്‌ നമുക്കൊക്കെ ദുൻയാവിൽ. ആത്മവിചാരങ്ങൾക്ക്‌ സ്വസ്ഥത നൽകാത്ത വർണശബളിമക്കും ആരവങ്ങൾക്കും നടുവിൽ മരിക്കാനുള്ളതാണ്‌ എന്ന ഓർമ നേർത്തുനേർത്ത്‌ വരുന്നു.

എവിടെ നിന്ന് വന്നുവെന്നും എങ്ങോട്ട്‌ പോകുന്നുവെന്നുമുള്ള ഓർമയെ ഇടയ്ക്കിടെ നട്ടുനനച്ച്‌ വീണ്ടെടുത്തിട്ടില്ലെങ്കിൽ ജീവിതവിജയം കൈവിട്ടുപോകും. അതിനാവശ്യം സ്വയം പുതുക്കിപ്പണിയാനാകുംവിധം ‌ആത്മീയമായ ഏകാഗ്രത തീവ്രമാകുന്ന സമയങ്ങളും സന്ദർഭങ്ങളുമാണ്‌. റമദാനിലൂടെ അല്ലാഹു സ്നേഹപൂർവം നമുക്ക്‌ വർഷാവർഷം നൽകുന്നത്‌ അത്തരം ഒരവസരമാണ്‌. നോക്കൂ, തിന്നുകയോ കുടിക്കുകയോ ലൈംഗികബന്ധത്തിലേർപെടുകയോ ചെയ്യരുതെന്ന് പറയുമ്പോൾ സംഭവിക്കുന്നതെന്താണ്‌? തൃഷ്ണകളെ ശമിപ്പിക്കാൻ നിർബാധം നമ്മളുപയോഗിച്ചിരുന്ന സംവിധാനങ്ങൾ ഒരു മാസം പകൽ സമയം പാടില്ലെന്ന് നിയമം വരികയാണ്‌. ഇതൊന്നും നമ്മുടേതായിരുന്നില്ലെന്ന ഓർമയാണ്‌ അത്‌ വീണ്ടെടുത്ത്‌ നൽകുന്നത്‌. പാടില്ലെന്ന് മുകളിൽ നിന്നൊരാൾ പറയുന്നതിനർത്ഥം എല്ലാത്തിന്റെയും ഉടമസ്ഥവകാശം അവിടെയാണെന്നാണല്ലോ. നമ്മളും നമുക്കു ചുറ്റുമുള്ളതെല്ലാം അവന്റേതാണ്‌; അവന്റെ ദയാപൂർണ്ണമായ ഔദാര്യങ്ങൾ. അവന്റെ അടിമയാണെന്ന ബോധ്യം സദാ ഉണ്ടാവുകയാണ്‌ തഖ്‌വയുടെ താൽപര്യം. അതിൽ നിന്നാണ്‌ അവനിലേക്ക്‌ മടങ്ങാനുള്ളതാണെന്ന ഓർമ നിർഗളിക്കുന്നത്‌‌. തിന്നും കുടിച്ചും രമിച്ചും ദിവസങ്ങൾ മുന്നോട്ടുപോകുമ്പോൾ ഉടമയുടെ അനുഗ്രഹങ്ങളാണെല്ലാം എന്ന സത്യം മനസ്സിന്റെ അപ്രധാനമായ കോണുകളിലേക്ക്‌ പിൻവാങ്ങും, കാരണം ഉടയവനായ അല്ലാഹു നമ്മുടെയാരുടെയും മുന്നിൽ അവന്റെ സത്തയോടെ വന്നുനിൽക്കുന്നില്ല. കുറച്ചു ദിവസം ഇനി വിശപ്പടക്കേണ്ട, ദാഹം തീർക്കേണ്ട, കാമം സഫലമാക്കേണ്ട എന്ന് പറയുമ്പോൾ അടിമയാണെന്ന തിരിച്ചറിവിന്റെ സജീവതയിലേക്ക്‌ നമ്മൾ വീണ്ടെടുക്കപ്പെടുകയാണ്‌. നോമ്പ്‌ നിർബന്ധമാക്കിയത്‌ മനുഷ്യർ തഖ്‌വയുള്ളവരാകാൻ ആണെന്ന് ഖുർആൻ (2: 183). ഉടമയുടെ ശബ്ദത്തിന്‌ നാം കാതോർക്കുകയാണ്‌, അവൻ വെച്ച അതിരുകളിൽ നിർത്തി അനുസരണം പരിശീലിക്കുകയാണ്‌, അവന്റെ തൃപ്തിക്കും സ്നേഹത്തിനും വേണ്ടി ദുൻയാവിന്റെ പ്രലോഭനങ്ങളോട്‌ മുഖം തിരിക്കുകയാണ്‌, ഇവിടെ സ്ഥിരതാമസക്കാരല്ല എന്ന അറിവിനെ അനുഭവങ്ങളിലേക്ക്‌ അഗാധമാക്കുകയാണ്‌. യാന്ത്രികമായി നോമ്പ്‌ നോറ്റാൽ ഇതൊന്നും സംഭവിക്കില്ല. ശരീരം രുചിയോടും വികാരങ്ങളോടും വിരക്തമാകുന്നതു വഴി ഖൽബ്‌ ദുൻയാവിനോടുള്ള അടിമത്തത്തിൽ നിന്ന്‌ വിരക്തമാകണം, ഉടമയുടെ സ്നേഹസന്നിധിയിലേക്ക്‌ അതിന്റെ ആസക്തി തിരിയണം. നോമ്പിന്റെ ഏറ്റവും ഉന്നതമായ അവസ്ഥ പ്രാപിക്കുന്നത് നോമ്പിന്റെ നിയമങ്ങൾ‌ ഖൽബിന്‌ ബാധകമാക്കുന്നവരാണെന്ന് ഇബ്നുൽ ജൗസി പറയുന്നത്‌ ഈ അർത്ഥത്തിലാണ്‌‌ (മിൻഹാജുൽ ഖാസിദീൻ). റമദാൻ ഖൽബിലേക്ക്‌ പടർത്തിയാൽ, ഹൃദയം കൊണ്ട്‌ നോമ്പുനോറ്റാൽ ഒരു മാസം കൊണ്ട്‌ ആത്മീയമായ വളർച്ചയുടെ അനേകം പടവുകൾ കയറാം.

ദുൻയാവിൽ കുറേയേറെ കുരുങ്ങിപ്പോയ ഹൃദയത്തിന്റെ വിമലീകരണവും പുനർജനിയുമാണ്‌ റമദാൻ ഓരോരുത്തർക്കും വെച്ചുനീട്ടുന്നത്‌. ബനൂ ഇസ്‌റാഈല്യരിൽ ചിലർ പശുവാരാധന എന്ന മഹാപാപത്തിലേക്ക്‌ തെന്നിയതിനെക്കുറിച്ച്‌ വിശദീകരിക്കവെ ഖുർആൻ അവർ ആ പശുവിനെ ഹൃദയത്തിലേക്ക്‌ ആഗിരണം ചെയ്തു എന്ന് പറയുന്നത്‌ കാണാം (2: 93). ‘ഹൃദയത്തിൽ പണമാണ്‌ പരമം എന്ന് കരുതാത്ത ഒരാളുടെ കയ്യിൽ എത്ര പണമുണ്ടായാലും കുഴപ്പമില്ല, എന്നാൽ ഹൃദയവികാരം അങ്ങനെയായ ഒരാളുടെ കയ്യിൽ ഒരു പണവുമില്ലെങ്കിലും അയാൾ കുഴപ്പത്തിൽ അകപ്പെട്ടിരിക്കുന്നു’ എന്നൊരു ചൊല്ലുണ്ട്‌. ദുൻയാവ്‌ അനുഭവിക്കുന്നതല്ല, ഹൃദയം ദുൻയാവിൽ ആയിത്തീരുന്നതാണ്‌ അപകടം. ദുൻയാവ്‌ വാരിക്കൂട്ടാനും പിടിച്ചുവെക്കാനുമുള്ള ഓട്ടത്തിൽ മരിക്കാനുള്ള ഒരുക്കങ്ങൾ പിന്തള്ളപ്പെടുമ്പോൾ ഹൃദയത്തിലെ പ്രകാശം മങ്ങിത്തുടങ്ങുന്നു. കൗതുകക്കാഴ്ചകൾ അനേകമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അവയിലേക്കൊന്നും കണ്ണ്‌ പാളാതെ പ്രണയത്തിൽ മുഖം താഴ്ത്തിയിരിക്കാൻ കമിതാക്കൾക്ക്‌ കഴിയുന്നതെന്തുകൊണ്ടാണ്‌? ഏറ്റവും പ്രിയമുള്ള ഒന്നിന്റെ സാമീപ്യം നൽകുന്ന സന്തോഷത്തേക്കാൾ വലുതായി കണ്ണിന്റെയും കാതിന്റെയും രുചിയുടെയുമൊന്നും മറ്റൊരു ഇമ്പവും മനുഷ്യന്‌ അനുഭവപ്പെടില്ല. ഇന്ദ്രിയങ്ങൾക്കുമുകളിൽ ഹൃദയത്തിന്റെ ശക്തിയാണത്‌. നമുക്കേറ്റം പ്രിയം അല്ലാഹുവാണോ എന്നത്‌ മാത്രമാണ്‌ ചോദ്യം. അവനോടുള്ള ഇഷ്ടത്താൽ ഹൃദയം നിറഞ്ഞാൽ ദുൻയാവിനെ സമചിത്തതയോടുകൂടി മാത്രമേ നോക്കൂ. ദുൻയാവൊരുക്കിയവനെ മറന്ന് ദുൻയാവിനെ സ്നേഹിക്കുന്ന വിഭ്രാന്തിയിൽ നിന്ന് അപ്പോൾ മോചനം കിട്ടും. അല്ലാഹുവിന്റെ തൃപ്തി തേടിയുള്ള കുതിപ്പായി ജീവിതം തണുക്കുക അങ്ങനെയാണ്‌. റമദാൻ അല്ലാഹുവിനെ സ്നേഹിക്കാനാണ്‌ അനുശീലിപ്പിക്കുന്നത്‌. അല്ലാഹുവിനോടുള്ള സ്നേഹം കൊണ്ട്‌ ആത്മാവ്‌ ഊട്ടപ്പെടുമ്പോൾ ശരീരത്തിന്റെ ആവശ്യങ്ങൾ കുറയും. അതുകൊണ്ടാണ്‌ നോമ്പ്‌ ആർക്കും പ്രയാസകരമായി അനുഭവപ്പെടാത്തത്‌. ഇബ്നു ഖയ്യിം അൽ ജൗസിയ്യ ഇത്‌ മനോഹരമായി വിശദീകരിക്കുന്നുണ്ട്‌ (സാദുൽ മആദ്‌). റമദാനിനുശേഷവും ഖൽബിന്റെ നോമ്പ്‌ തുടർന്നാൽ ദുൻയാവിന്റെ പകിട്ടിൽ പെടുത്താനുള്ള പിശാചിന്റെ കുതന്ത്രത്തോട്‌ കരുത്തോടെ പൊരുതാം. ‘നോമ്പ്‌ പരിചയാണ്‌’ എന്നാണ്‌ നബി പറഞ്ഞത് (മുസ്‌ലിം, നസാഇ)‌. അതെ, റമദാൻ ഹൃദയത്തിന്റെ പരിചയാകട്ടെ, ദുൻയാവിനോടുള്ള വിധേയത്വത്തെ അകത്തു കടത്താത്ത പരിച!

1 Comment

  • Masha Allah… jazakallah khair

    jaishal hamza 12.04.2022

Leave a comment

Your email address will not be published.