
പരസ്പരം ശാന്തി നുകരുവാനായി അല്ലാഹു മനുഷ്യര്‍ക്ക് ഒരുക്കിവെച്ചതാണ് ദാമ്പത്യം. വിവാഹവിരക്തിയെ പുണ്യമായും ദാമ്പത്യ ജീവിതത്തെ ആത്മീയ ഔന്നിത്യത്തിന് ചേരാത്തതായും വീക്ഷിക്കുന്ന മതങ്ങളില്‍ നിന്നും ഇസ്‌ലാം തീര്‍ത്തും ഭിന്നമാണ്. ഇസ്‌ലാമിക വീക്ഷണപ്രകാരം ദാമ്പത്യം പുണ്യകരമായ ജീവിതസംഗമമാണ്. അബൂസഈദില്‍ ക്വുദ്‌രി(റ)യില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഒരു പുരുഷന്‍ ഭാര്യയെയും അവള്‍ അവനെയും പരസ്പരം നോക്കിയാല്‍ അവരിരുവരെയും കാരുണ്യപൂര്‍വം അല്ലാഹു കടാക്ഷിക്കും. ഇനി അയാള്‍ തന്റെ ഭാര്യയെ ഹസ്തദാനം ചെയ്താല്‍ അവര്‍ ചെയ്ത പാപങ്ങള്‍ അവരുടെ കൈവിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നുവീഴും.” (ഇമാം സുയൂത്വി, ജാമുസ്വഗീര്‍, ഹഥീദ്: 1977)
ദാമ്പത്യത്തിലൂടെ മതപരമായ ഔന്നിത്യമാണ് വിശ്വാസിക്കു ലഭിക്കുന്നതെന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. നിരവധി നബിവചനങ്ങള്‍ അതു പഠിപ്പിക്കുന്നുണ്ട്. ”അനസ് (റ) നിവേദനം: നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ ദാസന്‍ വിവാഹം ചെയ്താല്‍, അവന്‍തന്റെ മതത്തിന്റെ പകുതി പൂര്‍ത്തിയാക്കി. ബാക്കി പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ.” (ത്വബ്‌റാനി അല്‍ ഔസതിൽ ഉദ്ദരിച്ചത്). മറ്റൊരു നിവേദനത്തില്‍ പ്രവാചകന്‍ (സ) പറഞ്ഞതിങ്ങനെയാണ്. ”ഒരാള്‍ വിവാഹം ചെയ്താല്‍ അവന്‍ തന്റെ ഈമാനിന്റെ (വിശ്വാസം) പകുതി പൂര്‍ത്തീകരിച്ചു. ബാക്കി പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ. (ത്വബ്‌റാനി അല്‍ഔസതിൽ).
ദാമ്പത്യജീവിതത്തെ ശക്തമായി പ്രോത്സാഹിപ്പിച്ചും അതിനായി പ്രേരിപ്പിച്ചും പ്രവാചകനില്‍ നിന്നും ധാരാളം വചനങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
”ഇഹലോകം വിഭവ സമൃദ്ധമാണ്. അതിലെ ഏറ്റവും നല്ല വിഭവം ധര്‍മബോധമുള്ള ഒരു ഭാര്യയാണ്.” (മുസ്‌ലിം, അഹ്മദ്, നസാഈ).
”നിങ്ങള്‍ വിവാഹം കഴിക്കുക. മറ്റു സമുദായത്തേക്കാള്‍ സംഖ്യാബലത്തില്‍ നിങ്ങള്‍ മുന്തി നില്‍ക്കുന്നതിൽ ഞാന്‍ സന്തുഷ്ടനായിരിക്കും. ക്രൈസ്തവരെപ്പോലെ നിങ്ങള്‍ ഏകാന്തവാസം ആചരിക്കരുത്.” (ബൈഹക്വി)
”അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് എന്ത് ചെലവഴിച്ചാലും അതിനു പ്രതിഫലം ലഭിക്കാതിരിക്കില്ല; തന്റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഒരു ഉരുളക്കുപോലും.” (മുത്തഫക്വുൻ അലൈഹി)
”അനസില്‍ (റ) നിന്ന് നിവേദനം: നബി (സ) ഞങ്ങളോട് വിവാഹം കഴിക്കാന്‍ കല്‍പിക്കുകയും ബ്രഹ്മചര്യമനുഷ്ഠിക്കുന്നത് ശക്തിയായി വിരോധിക്കുകയും ചെയ്തിരിക്കുന്നു.” (അഹ്മദ്)
”യുവസമൂഹമേ, നിങ്ങളില്‍വിവാഹം കഴിക്കാന്‍ കഴിവുള്ളവര്‍ അങ്ങനെ ചെയ്യേണ്ടതാണ്. തീര്‍ച്ചയായും അത് കണ്ണിനെ നിയന്ത്രിക്കുകയും ലൈംഗിക വിശുദ്ധി നിലനിര്‍ത്തുകയും ചെയ്യും. വിവാഹം കഴിക്കാത്തവര്‍ വ്രതമനുഷ്ഠിക്കട്ടെ. അതവരുടെ ലൈംഗികാസക്തിയെ നിയന്ത്രിക്കും.” (മുത്തഫഖുന്‍അലൈഹി)
”വിവാഹം എന്റെ ചര്യയില്‍പെട്ടതാണ്. അതിനാല്‍ ആരെങ്കിലും എന്റെ ചര്യയെ നിരാകരിക്കുന്നുവെങ്കില്‍ അവന്‍ നമ്മില്‍പെട്ടവനല്ല.” (മുത്തഫക്വുന്‍അലൈഹി)
”അല്ലാഹുവോട് നന്ദിയുള്ള ഒരു ഹൃദയം, (അല്ലാഹുവിന്) സ്തുതികീര്‍ത്തനങ്ങൾ നടത്തുന്ന ഒരു നാവ്, നിങ്ങളുടെ ജീവിത വ്യവഹാരങ്ങളിലും മതകാര്യങ്ങളിലും നിങ്ങളെ സഹായിക്കുന്ന സച്ചരിതയായ ഒരു ഭാര്യ- ഇവയാണ് ജനങ്ങള്‍ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും ഉത്തമമായ അമൂല്യവസ്തുക്കള്‍.” (ബൈഹക്വി ശുഅ്ബുല്‍ ഈമാനില്‍ ഉദ്ദരിച്ചത്)
”മൂന്നു കൂട്ടരെ സഹായിക്കുന്നത് അല്ലാഹുവിന്റെ ബാധ്യതകളില്‍ പെട്ടതാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിൽ സമരം ചെയ്യുന്നവനും (മോചനമൂല്യം) കൊടുത്തു തീര്‍ക്കാനുദ്ദേശിച്ചുകൊണ്ട് സ്വതന്ത്ര്യകച്ചീട്ടെഴുതുന്ന അടിമയും ചാരിത്ര്യശുദ്ധിയെ ഉദ്ദേശിച്ചു വിവാഹം കഴിക്കുന്നവനും” (അഹ്മദ്, തിര്‍മിദി, നസാഈ)
ദാമ്പത്യത്തിന്റെ മഹത്വവും പരിശുദ്ധിയും പ്രഖ്യാപിക്കുക മാത്രമല്ല ഇസ്‌ലാം ചെയ്തത്. മറിച്ച് സുന്ദരവും സംതൃപ്തിദായകവുമായ ഒരു ദാമ്പത്യജീവിതത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ഗൗരവപ്പെട്ട നിര്‍ദേശങ്ങൾ ഇണകള്‍ക്കു സമ്മാനിക്കുക കൂടി ചെയ്യുന്നുണ്ട് ഇസ്‌ലാമിക ദര്‍ശനം. ആണും പെണ്ണും അനുവര്‍ത്തിക്കേണ്ട ബാധ്യതകളും നിലപാടുകളും വര്‍ത്തനങ്ങളും എത്ര സുന്ദരമായാണ് ഇസ്‌ലാം പഠിപ്പിച്ചത്. ബാധ്യതകളും അവകാശങ്ങളും ഇഴചേര്‍ത്ത് സ്ത്രീപുരുഷ സംഗമത്തെ മനോഹരമാക്കിയത്. ദാമ്പത്യരംഗത്തെ ഇസ്‌ലാമിക നിയമനിര്‍ദേശങ്ങളുടെ ഏറ്റവും വലിയ സൗന്ദര്യവും അതാണ്. സ്ത്രീക്കു പുരുഷനുമേലും പുരുഷന് സ്ത്രീക്കുമേലുമുള്ള ബാധ്യതകളും അവകാശ ങ്ങളും കൃത്യമായി അടിവരയിടുന്നുണ്ട് ഇസ്‌ലാം. പരസ്പരം അവകാശങ്ങളും ബാധ്യതകളും പങ്കിടുന്ന മധുരദായകമായ അനുഭൂതിയി ലേക്കാണ് ഇസ്‌ലാം സ്ത്രീയെയും പുരുഷനെയും ക്ഷണിക്കുന്നത്. പ്രസ്തുത രംഗത്തെ പ്രവാചക നിര്‍ദേശങ്ങൾ സമൃദ്ധമാണ്. അതില്‍നിന്ന് അല്‍പമെങ്കിലും ആസ്വദിക്കുമ്പോള്‍നമുക്ക് മനസ്സിലാകും എത്ര സുന്ദരവും പരിപാവനവും ദൃഢവുമായ ഒരു ജീവിതസംഗമമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്ന്.
”നിങ്ങള്‍സ്ത്രീകളോട് ഏറ്റവും മര്യാദയോടെ വര്‍ത്തിക്കുക.” (ഖുര്‍ആൻ 4:19)
”അവര്‍ക്ക് ബാധ്യതകളുള്ളതുപോലെ തന്നെ പുരുഷന്‍മാരില്‍ നിന്ന് ലഭിക്കേണ്ട ന്യായമായ ചില അവകാശങ്ങളുമുണ്ട്.” (ഖുര്‍ആൻ 2:228)
”അവരെ ന്യായമായ നിലയില്‍നിലനിര്‍ത്തുകയോ നല്ല നിലയില്‍ പിരിച്ചയക്കുകയോ ചെയ്യുക. ദ്രോഹിക്കാൻ മാത്രമായി നിങ്ങളവരെ പിടിച്ചുവെക്കരുത്. എങ്കില്‍നിങ്ങള്‍ അതിക്രമകാരികളായിത്തീരും. അങ്ങനെ വല്ലവനും ചെയ്താല്‍ തന്നോടു തന്നെയാണ് അതിക്രമം കാണിക്കുന്നത്.” (ഖുര്‍ആൻ 2:231)
നബി(സ)പറഞ്ഞു: ”നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്; ഞാന്‍എന്റെ ഭാര്യമാരോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനത്രെ” (തിര്‍മിദി)
അനസ് (റ) പറയുന്നു: ”ജനങ്ങളില്‍ ഭാര്യമാരോട് ഏറ്റവുമധികം തമാശ പറയുന്ന ആളായിരുന്നു നബി (സ)” (ബസ്സാര്‍)
പ്രവാചകന്‍ (സ) പറഞ്ഞു: ”മാന്യനല്ലാതെ അവരെ (സ്ത്രീകളെ) മാനിക്കുകയില്ല. നീചനല്ലാതെ അവരെ നിന്ദിക്കുകയില്ല.” (ഇബ്‌നുമാജ)
”സത്യവിശ്വാസി, സത്യവിശ്വാസിനി(യായ ഭാര്യ)യുമായി പിണങ്ങുവാന്‍ പാടില്ല. അവളില്‍ നിന്നുള്ള വല്ല സ്വഭാവത്തെയും നിങ്ങള്‍ വെറുക്കുന്നുവെങ്കില്‍ മറ്റു കുറേ സ്വഭാവങ്ങള്‍ നിങ്ങളെ തൃപ്തിപ്പെടുത്തും.” (മുസ്‌ലിം)
ആഇശ (റ) പറയുന്നു: ”നബി(സ)ക്ക് എന്തെങ്കിലും കുടിക്കുവാന്‍ കൊണ്ടുവന്നാല്‍ ഞാന്‍ അതില്‍ നിന്നും കുടിക്കും; ആര്‍ത്തവകാരിയായിരിക്കുമ്പോഴും. പിന്നീട് പ്രവാചകന്‍ (സ) ഞാന്‍ വായവെച്ച അതേ സ്ഥലത്തു തന്നെ വായ വെച്ച് കുടിക്കുകയും ചെയ്യും. അതുപോലെ ഞാന്‍ മാംസം ഭക്ഷിച്ചാല്‍ ആ മാംസത്തിന്റെ ബാക്കി ഭാഗം എന്റെ വായവെച്ച സ്ഥലത്തുതന്നെ പ്രവാചകന്‍ തിരുമേനി തന്റെ വായ വെച്ചു ഭക്ഷിക്കുമായിരുന്നു.” (മുസ്‌ലിം, അഹ്മദ്)
മുആവിയ(റ)നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ, ഞങ്ങള്‍ക്ക് ഭാര്യമാരോടുള്ള ബാധ്യതകള്‍ എന്തെല്ലാമാണ്? തിരുമേനി (സ) പറഞ്ഞു: നീ ഭക്ഷിക്കുന്നുവെങ്കില്‍ അവളെയും ഭക്ഷിപ്പിക്കുക. നീ വസ്ത്രം ധരിക്കുന്നുവെങ്കില്‍ അവളെയും ധരിപ്പിക്കുക. അവളുടെ മുഖത്ത് അടിക്കാതിരിക്കുക, അവളെ വഷളാക്കാതിരിക്കുക, കിടപ്പറയിലല്ലാതെ അവളെ വെടിയാതിരിക്കുക.” (അബൂദാവൂദ്)
നബി (സ) പറഞ്ഞു: ”നിങ്ങളിൽ ഉത്തമന്‍ നിങ്ങളുടെ ഭാര്യമാര്‍ക്ക് ഉത്തമനായവനാണ്.” (തിര്‍മിദി)
നബി (സ) പറഞ്ഞു: ”നിങ്ങളിലൊരാള്‍ തന്റെ ഭാര്യയെ അടിമയെപ്പോലെ അടിക്കുകയും അന്നുതന്നെ രാത്രി അവളുമായി കിടപ്പറ പങ്കിടുകയും ചെയ്യുകയോ; എന്തൊരു വൈരുധ്യമാണത്?” (ബുഖാരി, മുസ്‌ലിം, അഹ്മദ്)
നബി (സ) പറഞ്ഞു: ”നിങ്ങള്‍ അല്ലാഹുവിന്റെ ദാസിമാരെ അടിക്കരുത്.” (തിര്‍മിദി)
ആഇശ (റ) നിവേദനം: അവര്‍പറഞ്ഞു: അല്ലാഹുവാണെ, ഞാന്‍അനുഭവിച്ച കാര്യമാണീ പറയുന്നത്. അബ്‌സീനിയക്കാർ പള്ളിയില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ നബി (സ) എന്റെ മുറിയുടെ വാതില്‍ക്കൽ നിന്ന് അവിടുത്തെ തട്ടം കൊണ്ട് എനിക്ക് മറയിട്ടുതരികയുണ്ടായി. അവിടുത്തെ ചുമലിനും ചെവിക്കുമിടയിലൂടെയാണ് ഞാന്‍ അവരുടെ കളി കണ്ടുകൊണ്ടിരുന്നത്. എനിക്ക് കളി കണ്ടു മതിയാകുമ്പോള്‍ ഞാന്‍ കാണല്‍ നിര്‍ത്തിക്കൊള്ളട്ടെ എന്ന ഭാവത്തില്‍ അവിടുന്ന് എനിക്കു വേണ്ടി അങ്ങനെ നിന്നുതന്നു. ആകയാല്‍, വിനോദത്തില്‍ താല്‍പര്യമുള്ള ചെറുപ്പക്കാരി പെണ്‍കുട്ടികളുടെ മനഃസ്ഥിതി നിങ്ങള്‍ കണക്കിലെടുക്കുക.” (ബുഖാരി, മുസ്‌ലിം)
ആഇശ (റ) തന്നെ പറയുന്നു: ”ഒരിക്കല്‍ ഞാനും നബിയും ഒരു യാത്രയിലായിരുന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒരു ഓട്ട മത്സരം നടത്തി. ഞാന്‍ കാലു കൊണ്ടു തന്നെ (വാഹനത്തിലല്ല) ഓടി നബി(സ)യെ തോല്‍പിച്ചു. എന്നാല്‍ എനിക്ക് തടി കൂടിയപ്പോള്‍ മറ്റൊരിക്കല്‍ ഞാനും നബിയും മത്സരിച്ചോടിയതില്‍ നബി (സ) എന്നെ തോല്‍പിക്കുകയാണുണ്ടായത്. (അന്നേരം) അവിടുന്ന് ഇപ്രകാരം പറഞ്ഞു: ഇത് അന്ന് എന്നെ തോല്‍പിച്ചതിനു പകരമാണ്.” (അബൂദാവൂദ്)
ആഇശ (റ) വീണ്ടും പറയുന്നു: ”എനിക്ക് ചില കളിത്തോഴിമാര്‍ ഉണ്ടായിരുന്നു. നബി (സ) കടന്നുവരുമ്പോള്‍ അവര്‍എഴുന്നേറ്റു പോയാല്‍ അവിടുന്ന് അവരെ എന്റെയടുത്തേക്കു തന്നെ തിരികെ വരുത്തുകയും അങ്ങനെ ഞങ്ങള്‍കളി തുടരുകയും ചെയ്യും.” (ബുഖാരി, മുസ്‌ലിം)
ഉമര്‍ (റ) പറഞ്ഞു: ”പുരുഷന്‍ തന്റെ ഭാര്യാസന്താനങ്ങളുടെ അടുക്കലെത്തിയാല്‍ ഒരു ശിശുവിനെപ്പോലെ പെരുമാറട്ടെ. എന്നാല്‍ അവന്റെ പക്കലുള്ള പൗരുഷം എന്താണെന്ന് അവര്‍തേടുമ്പോള്‍ അവന്‍ ഒരു പുരുഷനായിത്തന്നെ നിലകൊള്ളുകയും ചെയ്യട്ടെ.” (ഇഹ്‌യാ ഉലൂമിദ്ദീന്‍, വാല്യം 2, പേജ് 44)
ദാമ്പത്യരംഗത്ത് പുരുഷന് സ്ത്രീയോടുള്ള ബാധ്യതകളെ സൂചിപ്പിക്കുന്ന ഏതാനും വചനങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. അതുപോലെ തന്നെ സ്ത്രീക്കും പുരുഷനോട് ശക്തമായ ചില ബാധ്യതകള്‍ പ്രസ്തുത രംഗത്ത് ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അതുകൂടി നാം മനസ്സിലാക്കുമ്പോഴാണ് ബാധ്യതകളും അവകാശങ്ങളും തമ്മില്‍നൂലിഴചേര്‍ത്ത് ദാമ്പത്യജീവിതത്തെ എത്ര സുന്ദരമായാണ് ഇസ്‌ലാം നെയ്‌തെടുക്കുന്നതെന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ.
നബി (സ) പറഞ്ഞു: ആരോടെങ്കിലും മറ്റൊരാള്‍ക്ക് സാഷ്ടാംഗം ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നുവെങ്കിൽ ഭാര്യയോട് ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ കല്‍പിക്കുമായിരുന്നു.” (തിര്‍മിദി)
”എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ട് സത്യം! ഒരാള്‍ തന്റെ ഭാര്യയെ മെത്തയിലേക്ക് ക്ഷണിച്ചിട്ട് അവള്‍ വരാന്‍ വിസമ്മതിച്ചാല്‍, അയാള്‍ അവളെപ്പറ്റി സംതൃപ്തനായിത്തീരുന്നതു വരെ ഉപരിലോകത്തുള്ളവൻ അവളോട് കോപിഷ്ഠനായി വര്‍ത്തിക്കുന്നതാണ്.” (മുത്തഫക്വുന്‍അലൈഹി)
നബി (സ) പറഞ്ഞു: ”ഭര്‍ത്താവിന്റെ സംതൃപ്തി സമ്പാദിച്ച് മരിക്കുന്ന സ്ത്രീ സ്വര്‍ഗാവകാശിയായിരിക്കും” (തിര്‍മിദി)
”അഞ്ചു നേരത്തെ നമസ്‌കാരം നിര്‍വഹിക്കുകയും റമദാനില്‍ നോമ്പെടുക്കുകയും തന്റെ പാതിവ്രത്യം സംരക്ഷിക്കുന്നതോടൊപ്പം ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്ത സ്ത്രീയോട് അന്ത്യനാളില്‍ ഇപ്രകാരം പറയപ്പെടും; നീ ഇഷ്ടമുള്ള കവാടത്തിലൂടെ സ്വര്‍ഗത്തിൽ പ്രവേശിച്ചുകൊള്ളുക.” (അഹ്മദ്)
”സ്വര്‍ഗവാസികളായ നിങ്ങളുടെ സ്ത്രീകള്‍ ഇവരാണ്; കൂടുതല്‍ സ്‌നേഹിക്കുന്നവരും ഭര്‍ത്താവിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരുമാണ്.” (തമ്മാമുറാസി, ഇബ്‌നു അസാകിര്‍)
”ഏറ്റവും ഉത്തമയായ സ്ത്രീ, അവന്‍ നോക്കിയാല്‍ സന്തോഷിപ്പിക്കുകയും അവന്‍ കല്‍പിച്ചാൽ അനുസരിക്കുകയും ചെയ്യുന്നവളാണ്. അവന്‍ വെറുക്കുന്ന മാര്‍ഗത്തിൽ അവള്‍ ധനം ചെലവഴിക്കുകയോ സ്വയം വിധേയമാവുകയോ ചെയ്യുകയില്ല.” (അഹ്മദ്, നസാഈ, ഹാക്വിം)
ദാമ്പത്യജീവിതത്തിലുടനീളം ദമ്പതികള്‍ കൈമോശം വരാതെ കാത്തുസൂക്ഷിക്കേണ്ട മര്യാദകളും നിലപാടുകളും വര്‍ത്തനങ്ങളും എല്ലാം വിലയിരുത്തുമ്പോള്‍ ഒരു കാര്യം പ്രത്യേകം സ്മരണീയമാണ്. ആണിന്റെയും പെണ്ണിന്റെയും പ്രകൃതി പ്രത്യേകം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ കാര്യങ്ങളാണ് ഇസ്‌ലാം അവരോട് പരസ്പരം കൈമാറ്റം ചെയ്യാനാവശ്യപ്പെടുന്നത്. സ്ത്രീ പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നതത്രയും ഇസ്‌ലാം പുരുഷനുമേല്‍ തന്റെ ഇണയോടുള്ള ബാധ്യതയായി പഠിപ്പിച്ചിരിക്കുന്നു. സ്‌നേഹം, കരുണ, ആര്‍ദ്രത, വിട്ടുവീഴ്ച, പരിഗണന, ആദരവ്, ആശ്രയത്വം, ശൃംഗാരം, സല്ലാപം, വിനോദം തുടങ്ങി എന്തെല്ലാമാണോ സ്ത്രീ പ്രകൃതി പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും അതെല്ലാം അല്ലാഹു പുരുഷനുമേല്‍ നിര്‍ബന്ധ ബാധ്യതകളായി നിശ്ചയിച്ചിരിക്കുന്നു. തിരിച്ച് സ്ത്രീയില്‍നിന്നും പുരുഷന്‍ എന്താണോ ആഗ്രഹിക്കുന്നത് അത് അല്ലാഹു സ്ത്രീക്കുമേലും ബാധ്യതകളായി നിശ്ചയിച്ചിരിക്കുന്നു. അനുസരണം, പാതിവ്രത്യം, ബഹുമാനം, സ്‌നേഹം, വിശ്വസ്തത, സുശീലത തുടങ്ങിയവ ഉദാഹരണം. എത്ര മനോഹരമായാണ് ദാമ്പത്യത്തിന്റെ മധുരദായകമായ നൂലിഴകളില്‍ഇസ്‌ലാം ആണിനെയും പെണ്ണിനെയും കോര്‍ത്തു നെയ്തിരിക്കുന്നത്.
ലൈംഗികതയും ആത്മീയതയും:-
ലൈംഗികതയെ പൊതുവെ നിഷിദ്ധമായോ അനഭിലഷണീയമായോ കാണുന്ന പാരമ്പര്യമാണ് പല ആത്മീയ ദര്‍ശനങ്ങള്‍ക്കുമുള്ളത്. എന്നാല്‍ ഇസ്‌ലാം അവിടെ വ്യതിരിക്തമാണ്. മനുഷ്യന്റെ അടിസ്ഥാനപരമായ ജന്മവാസനകളില്‍ പ്രബലവും ശക്തവുമായ ലൈംഗി കതയോട് പ്രകൃതിപരമായ സമീപനമാണ് ഇസ്‌ലാം കൈക്കൊള്ളുന്നത്. കേവലം വംശവര്‍ധനവിനുള്ള ഒരുപാധിയായല്ല ഇസ്‌ലാം ലൈംഗികതയെ കാണുന്നത്. മറിച്ച് ദാമ്പത്യ വ്യവഹാരങ്ങളുടെ ആധാരശിലയായി വര്‍ത്തിക്കുന്ന, വൈയക്തിക-കുടുംബ-സാമൂഹിക തലങ്ങളെ അഗാധമായി സ്പര്‍ശിക്കുന്ന പ്രകൃതിപരമായ ഒരു ജൈവപ്രേരണയായാണ് ഇസ്‌ലാം ലൈംഗികതയെ നോക്കിക്കാണുന്നത്. വിവാഹവിരക്തിയെ പുണ്യമായും ലൈംഗികതയെ പാപമായും കാണുന്ന ആത്മീയ ദര്‍ശനങ്ങളില്‍നിന്നും വ്യത്യസ്തമായി ഇസ്‌ലാം ദാമ്പത്യത്തെയും ദാമ്പത്യത്തിനകത്തുള്ള ലൈംഗികതയെയും പുണ്യമായാണ് പഠിപ്പിക്കുന്നത്. ‘നിങ്ങളുടെ ഇണ ചേരലിലും പുണ്യമുണ്ട്’ എന്നു പഠിപ്പിക്കുന്ന പ്രവാചകനോട് (സ) അനുചരന്‍മാർ ആശ്ചര്യപൂര്‍വം ചോദിച്ചത് ‘ഒരാള്‍തന്റെ ലൈംഗിക വികാരം ശമിപ്പിച്ചതിന് ദൈവത്തിന്റെ പ്രതിഫലമോ?’ എന്നാണ്. ദൈവവഴിയിൽ ലൈംഗികതയെ അപ്രസക്തമായ ഇടപാടായി കരുതുന്ന ആത്മീയ വീക്ഷണത്തെ തിരുത്തിക്കൊണ്ട് പ്രവാചകന്‍ (സ) അനുചരന്‍മാരുടെ ആശ്ചര്യത്തിന് മറുപടി നല്‍കിയത് ഇപ്രകാരമാണ്. ‘അതെ; നിഷിദ്ധമാര്‍ഗേണയാണ് നിങ്ങളത് ചെയ്തതെങ്കില്‍ നിങ്ങള്‍ക്ക് ശിക്ഷയുണ്ടാകില്ലേ?’ അവര്‍പറഞ്ഞു: ‘അതെ’. നബി (സ) തുടര്‍ന്നു: ‘അപ്രകാരം അത് അനുവദ നീയമായ മാര്‍ഗത്തിലായാൽ പ്രതിഫലവും ലഭിക്കുന്നതാണ്.’ (മുസ്‌ലിം, നസാഈ, അഹ്മദ്)
ദാമ്പത്യരംഗത്തെ ലൈംഗികാസ്വാദനത്തെ പുണ്യമായി പഠിപ്പിക്കു മാത്രമല്ല ഇസ്‌ലാം ചെയ്തത്. അതിനെ കൂടുതല്‍ ആസ്വാദനപ്രദവും മധുരാനുഭൂതിയുമാക്കുവാനുള്ള നിര്‍ദേശങ്ങൾ കൂടി സമര്‍പ്പിക്കുന്നുണ്ട് ഇസ്‌ലാം. ലൈംഗികരംഗത്ത് പരസ്പരാസ്വാദനത്തിന്റെ ഒരു രീതിയും ഇസ്‌ലാം വിലക്കുന്നില്ല. വിശുദ്ധ ഖുര്‍ആൻ പറഞ്ഞു: ”നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്.” (2:223). വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം അവതരിപ്പിക്കപ്പെട്ടതിന് ഒരു അവതരണകാരണമുണ്ട്. ഇമാം മുസ്‌ലിം നിവേദനം ചെയ്തപ്രകാരം അതിന്റെ അവതരണ പശ്ചാത്തലം ഇപ്രകാരമാണ്. ‘ജാബിര്‍ (റ) പറയുന്നു: ജൂതന്‍മാർ പറയാറുണ്ടായിരുന്നു: ആരെങ്കിലും തന്റെ ഭാര്യയെ പിറകുവശത്തുനിന്ന് (യോനിയിലൂടെ) സംയോഗം ചെയ്യുകയാണെങ്കില്‍ അതില്‍ഉണ്ടാകുന്ന കുട്ടികള്‍കോങ്കണ്ണുള്ളവരായിരിക്കുമെന്ന്. അപ്പോഴാണ് ഈ ആയത്തിറങ്ങിയത്; ‘നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്.’ നബി (സ) പറഞ്ഞു: യോനിയിലൂടെയാണെങ്കില്‍ മുന്നിട്ടും പിന്നിട്ടും ആകാവുന്നതാണ്.” (മുസ്‌ലിം).
ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് അബൂദാവൂദ്, ഹാക്വിം, ബൈഹക്വി, വാഇദി, നസാഈ തുടങ്ങിയവര്‍ നിവേദനം ചെയ്ത റിപ്പോര്‍ട്ടിൽ ഇങ്ങനെയാണ് വന്നിരിക്കുന്നത്. ”മദീനയിലുള്ള ജൂതന്‍മർ തങ്ങളുടെ ഭാര്യമാരെ മുന്നിലൂടെ മാത്രമേ സംയോഗം ചെയ്തിരുന്നുള്ളൂ. ഈ പ്രദേശത്ത് താമസിക്കുന്ന അന്‍സാരികളും ഇതേ രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. (എന്നാല്‍) മക്കയിലുള്ള ഖുറൈശികള്‍ (മുഹാജിറുകള്‍) തങ്ങളുടെ സ്ത്രീകളുമായി വൈവിധ്യമാര്‍ന്ന രൂപത്തില്‍ സംയോഗം ചെയ്യാറുണ്ടായിരുന്നു. കുനിഞ്ഞും മുന്നിട്ടുകൊണ്ടും പിന്നിട്ടുകൊണ്ടുമെല്ലാം തങ്ങളുടെ ഭാര്യമാരുമായി സംയോഗസുഖം ആസ്വദിക്കാറുണ്ടായിരുന്നു. മക്കയില്‍ നിന്ന് ഹിജ്‌റ വന്ന മുഹാജിറുകളില്‍ ഒരാള്‍ അന്‍സാരി സ്ത്രീയെ വിവാഹം ചെയ്യുകയും, താന്‍ പതിവാക്കിയ രൂപങ്ങളില്‍ തന്റെ ഭാര്യയെ സമീപിക്കുകയും ചെയ്തപ്പോള്‍ അവള്‍ അപ്രകാരം ചെയ്യുന്നതില്‍ വെറുപ്പ് പ്രകടിപ്പിച്ചു. ഞങ്ങള്‍ ഒരു രൂപത്തില്‍ മാത്രമേ സംയോഗം ചെയ്യാറുള്ളൂവെന്നും, അങ്ങനെ ചെയ്യണമെന്നും ഇല്ലെങ്കില്‍ വിട്ടുനില്‍ക്കണമെന്നും അവൾ പറഞ്ഞു. പ്രശ്‌നം പ്രവാചകന്റെ അടുത്തെത്തി. അപ്പോഴാണ് ഈ ആയത്തിറങ്ങിയത്. ”നിങ്ങളുടെ ഭാര്യമാര്‍നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്.” അതായത് യോനിയിലേക്ക് മുന്നിട്ടോ പിന്നിട്ടോ പ്രവേശിക്കാവുന്നതാണ്. അതിനു യാതൊരു കുറ്റവുമില്ല.
ലൈംഗികാസ്വാദനത്തിന്റെ വ്യത്യസ്ത രൂപങ്ങളെ ഇസ്‌ലാം വിരോധിക്കുകയല്ല അംഗീകരിക്കുകയാണ് ചെയ്തതത്. ലൈംഗിക മരവിപ്പിന് ആധുനിക കാലഘട്ടത്തില്‍ ലൈംഗിക ശാസ്ത്രജ്ഞന്‍മാർ നിര്‍ദേശിക്കുന്ന പരിഹാരങ്ങളിലൊന്നാണ് വ്യത്യസ്ത പൊസിഷനുകളിലുള്ള ലൈംഗിക ബന്ധം. ഇസ്‌ലാം പതിനാലു നൂറ്റാണ്ടിനുമുമ്പുതന്നെ അതിനെ ലൈംഗികാസ്വാദനത്തിന്റെ ഭാഗമായി അംഗീകരിക്കുകയാണുണ്ടായത്. എന്നാല്‍ ഇസ്‌ലാം ലൈംഗികാസ്വാദനത്തിന്റെ ഭാഗമായി ലൈംഗിക വൈകൃതങ്ങളെ സ്വീകരിക്കുന്ന രീതിയെ ശക്തമായി വിലക്കുകയും ചെയ്തു. ”ഇബ്‌നു അബ്ബാസ് (റ) നിവേദനം: ഉമര്‍ബ്‌നുൽ ഖത്വാബ് (റ) പ്രവാചകനോട് പറയുകയുണ്ടായി: ‘അല്ലയോ പ്രവാചകരേ, ‘ഞാന്‍ നശിച്ചു.’ പ്രവാചകന്‍ (സ) ചോദിച്ചു: ‘എന്താണ് നിന്നെ നശിപ്പിച്ചത്?’ അദ്ദേഹം (തന്റെ ഭാര്യയുമായി യോനിയിലൂടെ പിന്നില്‍ നിന്ന് സംയോഗം ചെയ്തതിനെ സൂചിപ്പിച്ചുകൊണ്ട്) പറഞ്ഞു: ‘ഇന്നലെ രാത്രി ഞാനെന്റെ വാഹനത്തെ മറിച്ചിട്ടു.’ പ്രവാചകന്‍ (സ) ആദ്യം ഒന്നും മറുപടി നല്‍കിയില്ല. പിന്നീട് ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു: ‘നിങ്ങളുടെ ഭാര്യമാര്‍നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്.’ എന്നിട്ട് നബി (സ) പറഞ്ഞു: ‘നീ മുന്നിടുകയും പിന്നിടുകയും ചെയ്യുക. എന്നാല്‍ ആര്‍ത്തവമുള്ളപ്പോഴും ഗുദത്തിലൂടെയും നീ സംയോഗം ചെയ്യരുത്.” (നസാഈ, തിര്‍മിദി, ഇബ്‌നു അബീആത്വിം, ത്വബ്‌റാനി, അല്‍വാഹിദി)
ഗുദമൈഥുനം ഇസ്‌ലാം വിലക്കിയ ലൈംഗികവൃത്തിയാണ്. ലൈംഗിക വൈകൃതമായാണ് ഇസ്‌ലാമിക പണ്ഡിതന്മാര്‍അതിനെ എണ്ണിയിട്ടുള്ളത്. നിരവധി ഹദീഥുകളില്‍ ഗുദമൈഥുനം വിരോധിക്കുന്നതു കാണാം. നസാഈ, തിര്‍മിദി, ത്വബ്‌റാനി, അബൂദാവൂദ്, ബൈഹക്വി, ദാരിമി, ഇബ്‌നു ഹിബ്ബാൻ, ഇബ്‌നു മാജ, അഹ്മദ്, ഇബ്‌നു അബീ ആത്വിം തുടങ്ങിയ അനവധി ഹദീഥ് പണ്ഡിതന്‍മാർ ഗുദമൈഥുനം നിരുപാധികം നിരോധിക്കുന്ന ഹദീഥുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഗുദമൈഥുനത്തെ യഥാര്‍ത്ഥത്തിൽ പരസ്പരമുള്ള ഒരു ലൈംഗികാസ്വാദനമായി വിലയിരുത്താനാവില്ല. മറിച്ച് പുരുഷനുമാത്രം ചിലപ്പോള്‍ രസം പകരുന്നതും സ്ത്രീക്ക് പലപ്പോഴും പ്രയാസം സൃഷ്ടിക്കുന്നതുമായ ഒരു രതിലീലയാണത്. നിരന്തരമായി ഗുദമൈഥുനത്തിനു വിധേയമാകുന്ന വ്യക്തിയുടെ ഗുദം അയയാനും അതുവഴി നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകാനും അതു കാരണമായേക്കാം. അതോടൊപ്പം സ്വവര്‍ഗകാമത്തിലേക്ക് വഴിതിരിച്ചു വിടാനും നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കാനും അതു നിമിത്തമാവുകയും ചെയ്യാം. അതുകൊണ്ടൊക്കെ ആയിരിക്കാം ലൈംഗികരംഗത്ത് അതിവിശാലമായ സമീപനം സ്വീകരിക്കുന്ന ഇസ്‌ലാം ഗുദമൈഥുനത്തെ നിരോധിച്ചതിനുപിന്നിലെ യുക്തി (അല്ലാഹു അഅ്‌ലം).
ഗുദമൈഥുനത്തെ ശക്തമായി വിലക്കുന്ന ഇസ്‌ലാം പക്ഷേ വദനസുരതയോട് (Oral Sex) ആ നിലപാട് സ്വീകരിച്ചതായി കാണാന്‍കഴിയില്ല. ഇണകള്‍ക്കിടയിൽ വദനസുരതയെ വിരോധിക്കുന്ന ഖണ്ഡിതമായ ഒരു തെളിവും ഇസ്‌ലാമിക പ്രമാണങ്ങളില്‍ കാണാന്‍കഴിയില്ല. ഇസ്‌ലാമിക പണ്ഡിതന്‍മാർ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകൾ ചെയ്തിട്ടുണ്ടെന്നതു നേരാണ്. എന്നാല്‍സലഫുകളുടെ പ്രതിപാദനങ്ങളിൽ അതിനെ നിഷിദ്ധമോ അനഭിലഷണീയമോ ആയി കാണുന്ന പരാമര്‍ശങ്ങളൊന്നും തന്നെ കാണാന്‍സാധ്യമല്ല. ‘ആദ്യകാല രതിക്രീഡകളില്‍ വദനസുരത അറിയപ്പെടാത്ത ഏര്‍പ്പാടായിരുന്നെന്നും ആധുനിക കാലഘട്ടത്തിലെ അശ്ലീല സാഹിത്യങ്ങളുടെയും വൃത്തി കേടുകളുടെയും വ്യാപനത്തോടെയാണ് അത് പരക്കെ അറിയപ്പെട്ടു തുടങ്ങിയത്. അതിനാലാണ് പൂര്‍വികർ അതേപ്പറ്റി ഒന്നും പരാമര്‍ശി ക്കാതിരുന്നത്’ എന്ന വീക്ഷണം ശരിയല്ല. വദനസുരത പൗരാണിക കാലംതൊട്ടേ അറിയപ്പെട്ടിരുന്ന ഒരു രതിക്രീഡ തന്നെയാണെന്ന് നിരവധി തെളിവുകളുണ്ട്. അറിയപ്പെട്ട ലൈംഗിക വിജ്ഞാന കോശങ്ങളിലെല്ലാം തന്നെ പൗരാണിക കാലം മുതല്‍ നിലനിന്നിരുന്ന ഒരു രതിക്രീഡയായിട്ടു തന്നെയാണ് വദനസുരതയെ പരാമര്‍ശിച്ചിട്ടുള്ളത്. ഒരു കാര്യം നിഷിദ്ധമാണെന്നു തെളിയിക്കപ്പെടാത്ത കാലത്തോളം അത് അനുവദനീയമാണെന്നതാണ് ഇസ്‌ലാമികമായ കാഴ്ചപ്പാട്. ആ ഗണത്തിലാണ് വദനസുരത ഉള്‍പ്പെടുന്നത്. ഖുര്‍ആനിലോ സുന്നത്തിലോ അതിനെ വിരോധിക്കുന്ന യാതൊരു തെളിവും കണ്ടെത്താനാവില്ല. പണ്ഡിതന്‍മാരിൽ ചിലര്‍അതിനെ വെറുത്തിരുന്നു എന്നതുകൊണ്ട് അതൊരിക്കലും നിഷിദ്ധമാണെന്നു പറയാന്‍സാധ്യമല്ല.
ആരോഗ്യപ്രദവും ആനന്ദദായകവുമായ ലൈംഗികതക്കുവേണ്ടി ഇണകള്‍ പങ്കാളിക്കു വേണ്ടി ഒരുങ്ങണമെന്നത് ഇസ്‌ലാം പഠിപ്പിക്കുന്ന ലൈംഗിക മര്യാദകളില്‍ പെട്ടതാണ്. പങ്കാളിയെ തൃപ്തിപ്പെടുത്തുന്ന വസ്ത്രം ധരിക്കുക, സുഗന്ധം ഉപയോഗിക്കുക, ദന്തശുദ്ധി വരുത്തുക, ശരീരവും ഗുഹ്യാവയവങ്ങളും വൃത്തിയാക്കുക തുടങ്ങിയവ അതില്‍ പെട്ട മര്യാദകളാണ്. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: ”എനിക്കു വേണ്ടി എന്റെ ഭാര്യ ഏതു വിധത്തില്‍ അണിഞ്ഞൊരുങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ, ആ വിധത്തില്‍ ഞാന്‍ അവള്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങണം.” (ഇബ്‌നു ജരീര്‍അത്ത്വബ്‌രി, ഖുര്‍ആന്‍:228ന്റെ വ്യാഖ്യാനത്തില്‍രേഖപ്പെടുത്തിയത്).
”നിങ്ങൾ വസ്ത്രം കഴുകി വൃത്തിയാക്കി, മുടി മുറിച്ച്, വായശുദ്ധി വരുത്തി എപ്പോഴും സൗന്ദര്യവും ശുചിത്വവും കാത്തുസൂക്ഷിക്കണം. ഇസ്‌റാഈൽ സന്തതികള്‍ ഇങ്ങനെയൊന്നും ചെയ്യാത്തതിനാലാണ് അവരുടെ സ്ത്രീകള്‍ വ്യഭിചാരിണികളായത്” എന്ന പ്രവാചക വച നവും സ്ത്രീപുരുഷന്‍മാർ പങ്കാളിക്കു വേണ്ടി ശുദ്ധിയും വൃത്തിയും ദുര്‍ഗന്ധവിമുക്തവുമായ രീതിയില്‍ പ്രത്യേകം അണിഞ്ഞൊരുങ്ങേ ണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ലൈംഗികബന്ധം ആസ്വാദ്യകരവും ആനന്ദപ്രദവും തൃപ്തിദായകവുമാകുന്നതിന് ഇസ്‌ലാം പഠിപ്പിക്കുന്ന ഈ ലൈംഗിക മര്യാദകള്‍ഏറെ ഗുണം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.
എല്ലാ ഘട്ടങ്ങളിലും ലൈംഗികതയെ ആസ്വാദനപ്രദമാക്കുവാനുള്ള നിര്‍ദേശങ്ങൾ ഇസ്‌ലാം മുന്നോട്ടവെക്കുന്നുണ്ട്. ലിംഗയോനീ സംഭോഗം, സംഭോഗപൂര്‍വ ലീലകള്‍, സംഭോഗാനന്തര ലീലകള്‍ എന്നിവയാണല്ലോ ലൈംഗികബന്ധത്തിലെ പ്രധാനപ്പെട്ട മൂന്നു ഘട്ടങ്ങള്‍. ‘നിങ്ങളി ലാരെങ്കിലും തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കിൽ പക്ഷികളെപ്പോലെയാകരുത്. സാവകാശം കാണിക്കു കയും ക്ഷമ പാലിക്കുകയും ചെയ്യുക’ എന്ന ഹദീഥിന്റെ മത്‌ന് (Text) സെക്‌സിനോടുള്ള ഇസ്‌ലാമിക സങ്കല്‍പവുമായി ഏറെ പൊരുത്ത പ്പെട്ടു നില്‍ക്കുന്നതാണ്. നബി (സ) പറഞ്ഞു: ‘നിങ്ങള്‍ മൃഗങ്ങളെപ്പോലെ പെട്ടെന്ന് ചാടിക്കയറി സംഭോഗം നടത്തരുത്. ആദ്യം ഒരു ദൂതന്‍ ഇടയില്‍ പ്രവര്‍ത്തിക്കണം.’ അനുചരന്‍മാരിലൊരാൾ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ആരാണാ ദൂതന്‍?’ നബി (സ) പറഞ്ഞു: ‘ചുംബനവും പ്രേമസല്ലാപവും.’
ലൈംഗിക ബന്ധത്തില്‍ രതിപൂര്‍വലീലകൾ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ലൈംഗികമായി ഇണയെ തൃപ്തിപ്പെടുത്താനും സ്വയം ആസ്വദിക്കാനും സംഭോഗപൂര്‍വലീലകളായ ചുംബനം, പ്രണയസല്ലാപം, തലോടല്‍ തുടങ്ങിയവയെല്ലാം വളരെ പ്രധാന ഘടകങ്ങളാണ്. പ്രത്യേ കിച്ചും സ്ത്രീയെ സംതൃപ്തയാക്കാന്‍ അത് അനിവാര്യമാണ്. ശരീരശാസ്ത്രപരമായും വൈകാരികമായും സ്ത്രീപുരുഷ ലൈംഗികചോദനകള്‍ വ്യത്യസ്തമാണ്. സ്ത്രീയിലെ ലൈംഗികാസക്തി പതുക്കെ ചൂടാവുകയും പതുക്കെ തണുക്കുകയും ചെയ്യുന്ന പ്രകൃതത്തിലാണ്. പുരുഷന്റെതാകട്ടെ പെട്ടെന്ന് ചൂടാവുകയും പെട്ടെന്ന് തണുക്കുകയും ചെയ്യുന്ന രീതിയിലുമാണ്. സ്പര്‍ശനത്തിലൂടെയും തലോടലിലൂ ടെയും പ്രണയസല്ലാപങ്ങളിലൂടെയും ചുംബനങ്ങളിലൂടെയും സ്ത്രീയെ സമീപിക്കുമ്പോഴാണ് അവള്‍ക്ക് ലൈംഗികോത്തേജനം ഉണ്ടാകു ന്നതും സംതൃപ്തമായ ലൈംഗികാനുഭൂതി അനുഭവവേദ്യമാകുന്നതും. അതുകൊണ്ട് തന്നെയാണ് രതിപൂര്‍വലീലകളെ സ്ത്രീയോടു പുരു ഷന്‍ പുലര്‍ത്തേണ്ട ലൈംഗിക മര്യാദയായി ഇസ്‌ലാം പഠിപ്പിച്ചതും.
ഇബ്‌നു ഖുദാമ (റ) പറഞ്ഞു: ”ഒരു പുരുഷന്‍ലൈംഗിക വേഴ്ചക്ക് മുമ്പായി തന്റെ ഭാര്യയെ ഉത്തേജിപ്പിക്കുന്നിനുവേണ്ടി തഴുകിത്തലോടുന്നത് പ്രോത്സാഹനീയമായ ഒരു കാര്യമാണ്. അതുവഴി ലൈംഗിക വേഴ്ചയിലൂടെ അവനു ലഭിക്കുന്ന അതേ അനുഭൂതി അവള്‍ക്കും ലഭിക്കും.” (അല്‍മുഗ്‌നി 8:136)
നബി (സ) പറഞ്ഞു: ”മൂന്നു കാര്യങ്ങള്‍മനുഷ്യന്റെ ദൗര്‍ബല്യങ്ങളാണ്. ഒന്ന്, പരിചയപ്പെടാന്‍ആഗ്രഹിച്ചിരുന്ന ആളെ കണ്ടുമുട്ടിയതിനുശേഷം അയാളുടെ പേരും കുടുംബവും ചോദിക്കാതെ അയാളെ പിരിയുക. രണ്ട്, തന്നെ ബഹുമാനിച്ച ആളുടെ ബഹുമാനം തിരസ്‌കരിക്കുക. മൂന്ന്, സംഭോഗം ചെയ്യുന്നവന്‍ ഇണയെ ഉത്സാഹിപ്പിക്കുകയും വൈകാരികമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിനുമുമ്പ് സ്വന്തം കാര്യം നോക്കുക. അതായത് സംഭോഗം കഴിയുമ്പോള്‍ അവന് അവളെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞിരിക്കും. അവള്‍ക്ക് അവനെക്കൊ ണ്ടുള്ള ആവശ്യം കഴിഞ്ഞിരിക്കുകയുമില്ല.” (ദയ്‌ലമി)
രതിപൂര്‍വ ലീലകളെപ്പോലെ തന്നെ പ്രധാനമാണ് സംഭോഗാനന്തര ലീലകളും. സ്ത്രീക്ക് രതിമൂര്‍ച്ഛ പ്രാപിക്കുവോളം പുരുഷന്‍സംഭോഗാന ന്തര ലീലകളില്‍ ഏര്‍പ്പെടുക എന്നത് ലൈംഗിക മനഃശാസ്ത്രപരമായും ശരീരശാസ്ത്രപരമായും വളരെ പ്രധാനപ്പെട്ട കാര്യമാണ്. സ്‌ത്രൈ ണവികാരം പെട്ടെന്ന് ഉത്തേജിതമാകാത്ത പോലെത്തന്നെ പെട്ടെന്ന് തന്നെ ശമിക്കുന്നുമില്ല. രതിമൂര്‍ച്ഛ പ്രാപിക്കുവാന്‍ പുരുഷനേക്കാള്‍ സ്ത്രീ സമയമെടുത്തേക്കും. അതിനാല്‍ തന്റെ ഉദ്ദിഷ്ടകാര്യം നേടി പെട്ടെന്നു പിന്‍വാങ്ങാതെ ഇണയുടെ സുഖാസ്വാദനത്തിനായി പുരുഷൻ കാത്തിരിക്കേണ്ടതുണ്ട്. നബി (സ) പറഞ്ഞതായി അനസ് ബ്‌നു മാലിക് (റ) നിവേദനം: ”നിങ്ങളിലൊരാള്‍സ്ത്രീയുമായി ശയിക്കുമ്പോള്‍ അവള്‍ക്കു കുറേ ദാനമായി നല്‍കണം. തന്റെ ആവശ്യം ആദ്യം പൂര്‍ത്തിയായാൽ പിന്നീട് ധൃതി കാണിക്കരുത്. അവളുടെ ആവശ്യം അവള്‍ക്കും പൂര്‍ത്തിയാകട്ടെ.”
ഇബ്‌നു ഖുദാമ (റ) പറഞ്ഞതായി ‘മുഗ്‌നി’യില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ”അവളെക്കാള്‍ മുമ്പായി അവന്‍ രതിമൂര്‍ച്ച അനുഭവിക്കുകയാണെങ്കില്‍, അവളും രതിമൂര്‍ച്ഛ അനുഭവിക്കുന്നത് വരെ അവന്‍ പിന്‍വാങ്ങരുത്… അതല്ലെങ്കില്‍ അവള്‍ക്ക് അത് ഉപദ്രവമുണ്ടാക്കുകയും വികാരപൂര്‍ത്തീകരണത്തിൽ നിന്നും അവള്‍ തടയപ്പെടുകയും ചെയ്യും.” (8/136)
പുരുഷന് ലൈംഗിക സംതൃപ്തി ലഭിച്ചാല്‍സ്ത്രീക്കുവേണ്ടിയും സ്ത്രീക്കു സംതൃപ്തി ലഭിച്ചാല്‍ പുരുഷനു വേണ്ടിയും കാത്തിരിക്കുകയും പ്രേമലീലകളിലേര്‍പ്പെടുകയും വേണമെന്നത് ഇസ്‌ലാം പഠിപ്പിച്ച ലൈംഗിക മര്യാദകളില്‍ പെട്ടതാണ്. ലൈംഗിക രംഗത്തെ ശാസ്ത്രീയവും പ്രകൃതിപരവുമായ മികച്ച ഒരു സമീപനം കൂടിയാണത്.
ലൈംഗികതയോട് തുറന്നതും പ്രകൃതിപരവുമായ സമീപനം സ്വീകരിക്കുന്ന ഇസ്‌ലാം ലൈംഗികതക്ക് നിയന്ത്രണവും ഏകോപനവും അനിവാര്യമാണെന്നും പഠിപ്പിക്കുന്നുണ്ട്. അനിയന്ത്രിതമായ അമിത ലൈംഗികതയും ഏകോപനമില്ലാത്ത അതിലൈംഗികതയും അപകടകരവും ശാരീരിക മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന ആധുനിക ലൈംഗിക മനഃശാസ്ത്രത്തിന്റെ വീക്ഷണത്തെ ഇസ്‌ലാം ഉള്‍ക്കൊള്ളുന്നതായി കാണാം. ‘സഹജമായ ലൈംഗിക വികാരത്തെ കയറൂരിവിടാതെ ആത്മീയമായ കരുത്തു കൊണ്ട് അതിനെ ആവശ്യവേളകളില്‍കടിഞ്ഞാണിടണമെന്ന ഇസ്‌ലാമിക വീക്ഷണം ശ്രദ്ധേയമാണ്. ഇത്തരം നിയന്ത്രണങ്ങള്‍മൂലം ലൈംഗിക അടിപ്പെടല്‍(Sex dependence) പോലുള്ള ലൈംഗിക മനോവ്യഥകളെ മാറ്റാന്‍ സാധിക്കുമെന്ന് ലൈംഗിക ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. തന്റെ ഇണയുമായി ആര്‍ത്തവ ഘട്ടത്തിലും വ്രതത്തിന്റെ പകല്‍വേളകളിലും പ്രസവാനന്തര നാളുകളിലുമുള്ള താത്കാലികമായ രതിനിയന്ത്രണം മാനസികമായി ഉള്‍ക്കരുത്തിനും ലൈംഗികമായി ഉല്‍ക്കര്‍ഷണത്തിനും കാരണമാകുന്നു. അനിയന്ത്രിതമായ ലൈംഗിക ഊര്‍ജത്തെ ഉദാത്തമായ വഴികളിലൂടെ തിരിച്ചുവിടുന്ന ഈ പ്രക്രിയയാണ് ഉദാത്തീകരണം.’ (ഇസ്‌ലാം ധര്‍മവും സംസ്‌കാരവും, പേജ് 463, യുവത).
ചുരുക്കത്തില്‍ ഇസ്‌ലാം ലൈംഗികതയെ ദാമ്പത്യജീവിതത്തിനകത്തുനിന്നുകൊണ്ട് പ്രകൃതിപരമായി ആസ്വദിക്കുന്നതിനെ അംഗീകരിക്കുകയും അതിനുവേണ്ട ശാസ്ത്രീയമായ നിര്‍ദേശങ്ങളും മര്യാദകളും പഠിപ്പിക്കുകയും അനിയന്ത്രിതമായ ലൈംഗികത വരുത്തിവെക്കുന്ന ലൈംഗിക മനോവ്യഥകളെ തടയുന്നതിനാവാശ്യമായ പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ആരോഗ്യപ്രദവും ആനന്ദദായകവുമായ ലൈംഗിക ബന്ധത്തിലൂടെ സംതൃപ്തവും വിശുദ്ധവുമായ ജീവിതത്തിലേക്കാണ് ഇസ്‌ലാം ഇണകളെ ക്ഷണിക്കുന്നത്.
Gud message
Very good message
ഉപകാരപ്രദമായ സന്ദേശം
ഒരു സംശയം ഇട്ടാൽ മറുപടി തരുമോ?
ഗുദ മൈഥുനം ഹറാമാണോ എന്ന വിഷയത്തിൽ പണ്ട് മുതലേ അഭിപ്രായ വിത്യാസം ഉണ്ട്. ഈ വിഷയത്തിൽ വന്ന ഹദീതുകൾ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല . മാലികി മദ്ഹബിൽ ഇത് അനുവദനീയം ആണ്. pls Refer Fathulbari
mm