
യോഹന്നാന്‍ സുവിശേഷം 10-ാം അധ്യായം 30-ാം വാക്യമാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നത്. ഈ വചനത്തിലെ ‘ഒന്നാകുന്നു’ എന്ന പദത്തിന് മിഷണറിമാര്‍ ഊന്നല്‍ നല്‍കികൊണ്ട് യേശുവും പിതാവും അല്ലെങ്കില്‍ യേശുവും ദൈവവും സത്തയില്‍ ഒന്നാകുന്നു എന്ന് സമര്‍ത്ഥിച്ചു നോക്കാറുണ്ട്. കത്തോലിക്കരുടെ ബൈബിളിലെ 73 പുസ്തകങ്ങളും പ്രൊട്ടസ്റ്റന്റുകാരുടെ 66 പുസ്തകങ്ങളും അടിമുടി പരിശോധിക്കുക. അവിടെവിടേയും ‘ഞാന്‍ ദൈവമാണ്’ എന്നോ ‘എന്നെ ആരാധിക്കുക’ എന്നോ യേശു പറഞ്ഞതായി തെളിയിക്കുന്ന ഒരു വചനം പോലുമില്ല. ഇത് പറയുമ്പോള്‍ മിഷണറിമാര്‍ തിരിച്ച് ഒരു മറു ചോദ്യം ചോദിക്കാറുണ്ട്. എങ്കില്‍, ‘താന്‍ ദൈവമല്ലായെന്ന് യേശു പറഞ്ഞതായി ബൈബിളില്‍ നിന്നും ഒരു വചനമെങ്കിലും നിങ്ങള്‍ക്ക് കാണിക്കാന്‍ കഴിയുമോ?’ എന്ന്.
തീര്‍ച്ചയായും ബൈബിളില്‍ നിന്നും വചനങ്ങള്‍ കാണിക്കാന്‍ കഴിയും! ബൈബിള്‍ പരിശോധിച്ചാല്‍ സത്യദൈവത്തെ പല നാമങ്ങളിലും മഹത്വവല്‍ക്കരിച്ചുകൊണ്ട് വിളിക്കുന്നതായി കാണാം. പരിശുദ്ധന്‍, സര്‍വ്വശക്തന്‍, അത്യുന്നതന്‍, കരുണയുള്ളവന്‍, വലിയവന്‍, നല്ലവന്‍ എന്നിങ്ങനെ പോകുന്നു ആ നാമങ്ങള്‍. ‘നല്ലവന്‍’ എന്നത് ദൈവത്തിന്റെ മറുപേരുകളിലൊന്നാണ്. അത്‌കൊണ്ട് യേശുവിനെ ആ പേരില്‍ അല്ലെങ്കില്‍, ‘നല്ലവന്‍’ എന്ന് വിളിക്കുന്നത് അദ്ദേഹത്തിന് തീരെ ഇഷ്ടമല്ലായിരുന്നു. ബൈബിള്‍ പറയട്ടെ!
“യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം? യേശു അവനോടു ചോദിച്ചു: എന്ത്‌കൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല”.
മര്‍ക്കോസ് സുവിശേഷം 10:17-18 വചനങ്ങളാണ് മേല്‍ ഉദ്ധരിച്ചത്. ഈ വചനത്തില്‍ ‘നല്ലവന്‍’ എന്നത് ദൈവത്തിന്റെ പേരാണ്. അതില്‍ യേശു, തന്നെ ‘നല്ലവന്‍’ എന്ന് വിളിക്കരുതെന്ന് എത്ര സ്പഷ്ടമായിട്ടാണ് പറയുന്നത്. ആയതിനാല്‍ ദൈവവും യേശുവും ഒരാളാണെന്ന് ഒരു സന്ദര്‍ഭത്തിലും അദ്ദേഹം പറഞ്ഞിട്ടില്ല. ബൈബിളില്‍ നിന്നും അത്തരം വചനങ്ങള്‍ കണ്ടെത്താന്‍ കഴിയുകയുമില്ല. എങ്കിലും 10:30 വചനത്തിലൂടെ ക്രൈസ്തവര്‍ യേശുവിന്റെ ദൈവത്വം കണ്ടെത്താന്‍ ശ്രമിക്കുന്നു.
‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാണോ എന്ന് വിലയിരുത്തുവാന്‍ നാല് കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണിവിടെ.
1. യോഹന്നാന്‍ സുവിശേഷത്തിന്റെ ആധികാരികത പരിശോധിക്കണം. 2. ക്രൈസ്തവരുടെ ഈ വാദത്തിന് ബൈബിളിലെ മറ്റു വചനങ്ങളുടെ പിന്‍ബലമുണ്ടോ എന്ന് പരിശോധിക്കണം. 3. ഏത് സന്ദര്‍ഭത്തിലാണ് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് യേശു പറഞ്ഞത് എന്ന് പരിശോധിക്കണം. 4. ‘ഒന്നാകുന്നു’ എന്ന പ്രയോഗം യേശുവിന് പുറമെ മറ്റാര്‍ക്കെങ്കിലും പിതാവിനോട് ചേര്‍ത്തുപയോഗിച്ചിട്ടുണ്ടോ അഥവാ യോഹന്നാന്‍ 10:30 ന് സമാനമായ മറ്റ് വാക്യങ്ങളുണ്ടൊ എന്ന് പരിശോധിക്കണം.
ആരംഭത്തില്‍ യോഹന്നാന്‍ സുവിശേഷത്തിന്റെ ആധികാരികത പരിശോധിച്ചപ്പോള്‍ ബൈബിള്‍ വിദ്വാന്മാര്‍ തന്നെ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തതായി നാം കണ്ടു. എങ്കില്‍ യോഹന്നാന്‍ 10:30 വചനത്തിന് എന്ത് പ്രസക്തിയാണുള്ളത്?
യോഹന്നാന്‍ സുവിശേഷത്തിന്റെ ആധികാരികത വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ തന്നെ, ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാകുമോ? കാരണം, ക്രൈസ്തവ മിഷണറിമാര്‍ ‘ഒന്നാകുന്നു’ എന്ന അക്ഷരങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ദൈവവും യേശുവും സത്തയില്‍ അല്ലെങ്കില്‍ സാരാംശത്തില്‍ ഒന്നാകുന്നുവെന്ന് വാദിക്കുന്നു. എങ്കില്‍ സത്യദൈവത്തിന്റെ സര്‍വ്വഗുണങ്ങളും യേശുവിലും കാണേണ്ടതല്ലെ? ആ ദൈവീക ഗുണങ്ങള്‍ യേശുവില്‍ ഉണ്ടോയെന്ന് ബൈബിളിന്റെ ഭൂമികയില്‍നിന്നുകൊണ്ട് പരിശോധിക്കാം.
ദൈവം സ്രഷ്ടാവ്: ദൈവം പറയുന്നു: ”എന്റെ കരങ്ങള്‍ ഭൂമിക്ക് അടിസ്ഥാനമിട്ടു. എന്റെ വലതുകൈ ആകാശത്തെ വിരിച്ചു. ഞാന്‍ വിളിക്കുമ്പോള്‍ അവ മുമ്പില്‍ ഒന്നിച്ച് അണിനിരക്കുന്നു” (യെശയ്യ 48:13). ”ഞാന്‍ ഭൂമി ഉണ്ടാക്കി. അതില്‍ മനുഷ്യനെ സൃഷ്ടിച്ചു. എന്റെ കരങ്ങളാണ് ആകാശത്തെ വിരിച്ചത്”(യശയ്യ 45:12). ”ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അവയിലുള്ള സര്‍വ്വവും നിന്റെ ദൈവമായ യഹോവയുടെതാണ്” (ആവര്‍ത്തനം 10:14). ”കര്‍ത്താവ് അരുളിചെയ്യുന്നു: ആകാശങ്ങള്‍ എന്റെ സിംഹാസനം. ഭൂമി എന്റെ പാദപീഠവും. എന്തു ഭവനമാണ് നിങ്ങള്‍ എനിക്ക് നിര്‍മ്മിക്കുക? ഏതാണ് എന്റെ വിശ്രമസ്ഥലം? കര്‍ത്താവ് അരുളിചെയ്യുന്നു: ഇവയെല്ലാം എന്റെ കരവേലയാണ്. ഇവയെല്ലാം എന്റേ തുതന്നെ” (യശയ്യ 66:1-2).
യേശു സൃഷ്ടി: ”ദൂതന്മാരേക്കാള്‍ അല്‍പ്പം താഴ്ന്നവനായി അങ്ങ്(ദൈവം) അവനെ (യേശുവിനെ) സൃഷ്ടിച്ചു” (എബ്രായര്‍ 2:7). ”യോസേഫ്…ബേത്‌ലഹേമിലേയ്ക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവസമയം അടുത്തുഅവള്‍ തന്റെ കടിഞ്ഞൂല്‍ പുത്രനെ (യേശുവിനെ) പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍തൊട്ടിയില്‍ കിടത്തി” (ലൂക്ക് 2:6-7).
ദൈവം ഏകന്‍: ദൈവം പറയുന്നു: ”ഇതാ ഞാനാണ്, ഞാന്‍മാത്രമാണ് ദൈവം. ഞാനല്ലാതെ വേറെ ദൈവമില്ല” (ആവര്‍ത്തനം 32:39). “എനിക്കുമുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല. എനിക്കു ശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന്‍, ഞാന്‍ തന്നെ യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല” (യശയ്യ 43:10-11). ”മുകളില്‍ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഗ്രഹിച്ച് അത് ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍”(ആവര്‍ത്തനം 4:39).
യേശു പറയുന്നു: ”ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവന്‍” (യോഹ 17:3). ”യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായകര്‍ത്താവ് ഏക കര്‍ത്താവ്” (മര്‍ക്ക് 12:29). ആ ഏകസത്യദൈവമായ കര്‍ത്താവിനോടാണ് യേശു പ്രാര്‍ത്ഥിച്ചത്. ”ആ ദിവസത്തില്‍ അവന്‍ (യേശു) പ്രാര്‍ത്ഥിക്കേണ്ടതിന് ഒരു മലയില്‍ ചെന്ന് ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ രാത്രി കഴിച്ചു” (ലൂക്ക് 6:12).
ദൈവം നിരാശ്രയന്‍: യഹോവയായ ദൈവം പറയുന്നു. ”ഗര്‍ഭത്തില്‍ നിനക്ക് രൂപം നല്‍കിയ നിന്റെ രക്ഷകനായ യഹോവ അരുളി ചെയ്യുന്നു. എല്ലാം സൃഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്ത യഹോവ ഞാനാണ്. ആരുണ്ടായിരുന്നു അപ്പോള്‍ എന്നോടൊന്നിച്ച്?”(യശയ്യ 44:24).
യേശു പരാശ്രയന്‍: ”യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നു” (ലൂക്ക് 2:52).
ദൈവം ജനിച്ചവനല്ല, അവന്‍ ആരുടെയും പുത്രനുമല്ല: ”അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍” (1 തിമോത്തി 6:16). ”വ്യാചം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല” (സംഖ്യ 23:19).
യേശു ജനിച്ചവനും മറിയായുടെ പുത്രനും: ”കര്‍ത്താവിന്റെ ദൂതന്‍ കല്‍പ്പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല. അവന്‍ ശിശുവിന് യേശു എന്നു പേരിട്ടു” (മത്തായി 1:24-25). ”ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലെ?” (മര്‍ക്കോസ് 6:3).
ദൈവത്തിന് തുല്യനായി ആരുമില്ല: ദൈവം ചോദിക്കുന്നു. ”ആരോട് നീ എന്നെ സാദൃശ്യപ്പെടുത്തും? ആരാണ് എനിയ്ക്ക് തുല്ല്യന്‍? ആരോട് നീ എന്നെ തുലനം ചെയ്യും? എനിയ്ക്ക് സമനായി ആരുണ്ട്?” (യശയ്യ 46:5,6). ”ഞാനാണ് ദൈവം; ഞാനല്ലാതെ മറ്റൊരുവനില്ല. ഞാന്‍ തന്നെ ദൈവം. എന്നെപ്പോലെ മറ്റാരുമില്ല” (യശയ്യ 46:9).
യേശു ദൈവദാസന്‍: യേശുവിനെ സംബന്ധിച്ച് പത്രോസ് പറയുന്നു: ”അബ്രഹാമിന്റെയും ഇസ്ഹാഖിന്റെയും യാക്കോബിന്റെയും ദൈവം നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു” (അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍ 3:13).
ദൈവത്തിന് ഉറക്കമോ, മയക്കമോയില്ല: ”നിന്നെ കാക്കുന്നവന്‍മയങ്ങുകയില്ല. ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല” (സങ്കീര്‍ത്തനം 121:4, 5).
യേശുവിന് ഉറക്കവും മയക്കവും ഉണ്ടായിരുന്നു: ”യേശു തോണിയില്‍ കയറിയപ്പോള്‍ ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു. കടലില്‍ ഉഗ്രമായ കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലയും ഉയര്‍ന്നു. അവന്‍(യേശു)ഉറങ്ങുകയായിരുന്നു. ശിഷ്യന്‍മാര്‍ അടുത്ത് ചെന്ന് അവനെ ഉണര്‍ത്തി” (മത്തായി 8:23, 24).
ദൈവം എന്നേക്കും ജീവിക്കുന്നവന്‍: ദൈവം പറയുന്നു: ”ഞാനാണ് എന്നേക്കും ജീവിക്കുന്നവന്‍” (ആവര്‍ത്തനം 32:40). ”നീ അനാദിയായും, ശാശ്വതമായും ദൈവം ആകുന്നു” (സങ്കീര്‍ത്തനം 90:2).
യേശു നശ്വരന്‍: ”യേശു അത്യുച്ചത്തില്‍ പിതാവേ ഞാന്‍ എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. ഇത് പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു” (ലൂക്ക് 23: 46).
ദൈവം സര്‍വ്വശക്തന്‍: ദൈവം പറയുന്നു: ”ഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകുന്നു” (ഉല്‍പത്തി 17:1).
യേശു അശക്തന്‍: യേശു പറയുന്നു: ”പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും നീക്കേണമേ…..അപ്പോള്‍ അവനെ (യേശുവിനെ) ശക്തിപ്പെടുത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു” (ലൂക്ക് 22:42, 43). ഇവിടെ യേശുവിനേക്കാള്‍ ശക്തനാണ് ദൂതന്‍.
ദൈവം സര്‍വ്വജ്ഞാനി: ദൈവം പറയുന്നു: ”ആരംഭത്തില്‍ തന്നെ അവസാനവും പൂര്‍വ്വകാലത്ത് തന്നെ മേലാല്‍ സംഭവിക്കാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു. എന്റെ ആലോചന നിവൃത്തിയാകും, ഞാന്‍ എന്റെ താല്‍പര്യമൊക്കയും അനുഷ്ടിക്കും” (യശയ്യ 46:10).
യേശു സര്‍വ്വജ്ഞാനിയല്ല: യേശു പറയുന്നു: ”എന്നാല്‍ ആ ദിവസത്തെക്കുറിച്ചോ, ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ” (മാര്‍ക്ക് 13:32). ”അടുത്ത ദിവസം അവന്‍ ബഥാനിയായില്‍ നിന്നു വരുമ്പോള്‍ അവന് (യേശുവിന്) വിശക്കുന്നുണ്ടായിരുന്നു. അകലെ തളിരിട്ടുനില്‍ക്കുന്ന ഒരു അത്തിമരം കണ്ട് അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്ന് വിചാരിച്ചു അടുത്തു ചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നുംകണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു”(മാര്‍ക്ക് 11:12,13). അത്തിപ്പഴത്തിന്റെ കാലം ഏതാണെന്നുപോലും അറിയിയാത്ത യേശു എങ്ങനെയാണ് സര്‍വ്വജ്ഞാനിയാവുക?
ദൈവം അദൃശ്യന്‍: ദൈവം പറയുന്നു. ”നീ എന്റെ മുഖം കണ്ടുകൂടാ. എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല” (പുറപ്പാട് 33:20). യേശു പറയുന്നു: ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” (യോഹന്നാന്‍ 1:18). ”അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്” (യശയ്യ 45:15). ”അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍. അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല” (1 തിമോത്തി 6:15-16).
യേശു ദൃശ്യന്‍: യേശു ദൃശ്യനായിരുന്നു. അദ്ദേഹത്തെ കണ്ടവരും കേട്ടവരുമുണ്ടായിരുന്നുവെന്ന് സുവിശേഷങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.
ദൈവം ഏറ്റവും വലിയവന്‍: യേശു പറയുന്നു: ”ദൈവം എല്ലാവരിലും വലിയവനാണ്”(യോഹന്നാന്‍ 10:29).
യേശു ദൈവത്തേക്കാള്‍ താഴ്ന്നവന്‍: യേശു തന്നെ പറയുന്നു: ”പിതാവ് എന്നേക്കാള്‍ വലിയവനാകുന്നു” (യോഹ 14:28).
ദൈവം മനുഷ്യനല്ല: ”വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കുവാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല”(സംഖ്യ 23:19). ”ഇസ്രായേലിന്റെ മഹത്വമായവന്‍ കള്ളം പറയുകയോ അനുതപിക്കുകയോ ഇല്ല; അനുതപിക്കുവാന്‍ അവിടുന്ന് മനുഷ്യനല്ലല്ലോ” (1 സാമുവേല്‍ 15:29).
യേശു മനുഷ്യന്‍: ”ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനേയുള്ളു. മനുഷ്യനായ യേശുക്രിസ്തു” (1തിമോത്തി 2:5 ). യേശു പറയുന്നു: ”സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതും ദൈവദുതന്‍മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രനുമേല്‍ ഇറങ്ങി വരുന്നതും നിങ്ങള്‍ കാണും’ (യോഹന്നാന്‍ 1:49).
ദൈവത്തെ പരീക്ഷിക്കാന്‍ സാധ്യമല്ല: ”ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു” (യാക്കോബ് 1:13),
യേശു സാത്താനാല്‍ പരീക്ഷിക്കപ്പെട്ടു: ”പിശാച് അവനെ (യേശുവിനെ) നാല്‍പ്പത് ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു” (ലൂക്ക് 4:1).
മേല്‍ പറഞ്ഞ വാക്യങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്ത് നോക്കുക; ദൈവവും യേശുവും സത്തയില്‍ ഒന്നാണെന്ന് പറയുന്ന മിഷണറിമാരുടെ വാദത്തിന് യാതൊരു കഴമ്പുമില്ല. അതവരുടെ വായകൊണ്ടുള്ള ജല്‍പ്പനം മാത്രമാണ്. അതുപോലെ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാണെന്ന അവരുടെ വാദത്തിനും ബൈബിളിന്റെ യാതൊരു പിന്‍ബലമില്ലായെന്ന് മേല്‍സൂചിപ്പിച്ച വചനങ്ങളില്‍ നിന്നും മനസ്സിലാക്കാം.
യഥാര്‍ത്ഥത്തില്‍ ‘ഒന്നാകുന്നു’ എന്ന പദംകൊണ്ട് യേശുവും ദൈവവും സത്തയില്‍ അല്ലെങ്കില്‍ സാരാംശത്തില്‍ ഒന്നാകുന്നുവെന്നല്ല, ആദര്‍ശത്തില്‍ ഒന്നാകുന്നുവെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. യേശു പറഞ്ഞു. ”എന്റെ പ്രബോധനം എന്റെ സ്വന്തമല്ല. എന്നെ അയച്ചവന്റെതത്രെ. അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍, ഈ പ്രബോധനം ദൈവത്തില്‍ നിന്നുള്ളതോ അതോ ഞാന്‍ സ്വയം പ്രസ്താവിക്കുന്നതോ എന്ന് മനസ്സിലാകും. സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്വം അന്വേഷിക്കുന്നു; എന്നാല്‍ തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാനാണ്” (യോഹന്നാന്‍ 7:16-18).
യേശു തന്റെ ജീവിതകാലത്ത് ഒരിക്കല്‍ പോലും സ്വന്തം അധികാരത്തില്‍ നിന്നുകൊണ്ട് ഒന്നും സംസാരിച്ചിട്ടില്ല. ദൈവത്തില്‍ നിന്നുള്ള വെളിപാടിലൂടെ (വഹിയിലൂടെ) മാത്രാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളതും പ്രവര്‍ത്തിച്ചിട്ടുള്ളതും. അദ്ദേഹം പറയുന്നു: ”സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വ്വവുമാണ്. കാരണം എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്” (യോഹന്നാന്‍ 5:30). ”ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു” (യോഹന്നാന്‍ 3:34). യോഹന്നാന്‍ 15:10 വചനത്തില്‍ യേശു പറയുന്നു: ”ഞാന്‍ എന്റെ പിതാവിന്റെ കല്പനകള്‍ പാലിച്ച് അവന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ നിങ്ങള്‍ എന്റെ കല്പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്ക്കും”.
ദൈവവും യേശുവും സത്തയില്‍ ഒന്നാണെന്ന് പറയുന്ന മിഷണറിമാരുടെ വാദത്തിന് യാതൊരു കഴമ്പുമില്ലായെന്ന് സ്പഷ്ടമായി തെളിയുകയാണ്. അതുപോലെ ‘ഞാനും പിതാവും ഒന്നാകുന്നു’എന്ന വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാണെന്ന അവരുടെ വാദത്തിനും ബൈബിളിന്റെ യാതൊരു പിന്‍ബലമില്ലായെന്ന് മേല്‍ സൂചിപ്പിച്ച വചനങ്ങളിലും മനസ്സിലാക്കാം.
യേശു തന്റെ മനുഷ്യത്വം അല്ലെങ്കില്‍ പ്രവാചകത്വം പകല്‍പോലെ വ്യക്തമാക്കിയിട്ടും മിഷണറിമാര്‍ യോഹന്നാന്‍ 10:30 വചനം കൊണ്ട് ഇരുട്ടില്‍ തപ്പുകയാണ്. 10:30 വചനമെഴുതിയ അതേ യോഹന്നാന്‍ തന്നെയാണ് മേല്‍ സൂചിപ്പിച്ച 7:16-18, 5:30 ,3:34, 15:10 വചനങ്ങളും എഴുതിയതെന്നോര്‍ക്കുക. തന്നെ അയച്ചവന്റെ (ദൈവത്തിന്റെ) മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാനാണ് എന്നാണ് യേശു പറഞ്ഞത്. എന്നാല്‍ മിഷണറിമാരും മറ്റ് സുവിശേഷകരും ദൈവത്തിന്റെ മഹത്വം അന്വേഷിക്കാതെ അവന്റെ സൃഷ്ടിയായ യേശുവിന്റെ ദൈവത്വത്തെ അന്വേഷിച്ചുകൊണ്ട് അസത്യവാന്മാരായിത്തീരുകയാണെന്ന വസ്തുത അവര്‍ മനസ്സിലാക്കുന്നില്ല.
(തുടരും)
എത്ര വ്യക്തമായാണ് ബൈബിൾ കൊണ്ടു തന്നെ യേശുവിനെ ദൈവപദവിയിൽ നിന്നും പ്രവാചകനും മനുഷ്യനുമായി മനസ്സിലാക്കി തന്നത്..ക്രൈസ്തവ സഹോദരങ്ങൾ മുൻധാരണയില്ലാതെ വായിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു..ഈ ലേഖനങ്ങൾ പരമാവധി അവർക്ക് എത്തിക്കാൻ എല്ലാ വായനക്കാരും തയ്യാറാവണമെന്ന് അപേക്ഷിക്കുന്നു…ലേഖകന് അള്ളാഹു അർഹമായ പ്രതിഫലം നൽകുകയും ഇനിയും പഠിക്കാനും എഴുതാനും തൗഫീഖ് നൽകുകയും ചെയ്യുമാറാകട്ടെ…
Your writings are making me follow Jesus Christ closer every day.