യേശുവിന്റെ ദൈവത്വം ക്രൈസ്തവ സഭാചരിത്രങ്ങളിലൂടെ

//യേശുവിന്റെ ദൈവത്വം ക്രൈസ്തവ സഭാചരിത്രങ്ങളിലൂടെ
//യേശുവിന്റെ ദൈവത്വം ക്രൈസ്തവ സഭാചരിത്രങ്ങളിലൂടെ
മതതാരതമ്യ പഠനം

യേശുവിന്റെ ദൈവത്വം ക്രൈസ്തവ സഭാചരിത്രങ്ങളിലൂടെ

Print Now
ആദ്യകാല ക്രൈസ്തവ സഭയെ സംബന്ധിച്ച് ഒരു ഏകദേശ രൂപം കിട്ടുന്നത് പുതിയനിയമത്തിലെ അപ്പോസ്തല പ്രവര്‍ത്തനങ്ങൾ എന്ന പുസ്തകത്തില്‍നിന്നുമാണ്. അത് പൗലോസുമായി ബന്ധപ്പെട്ടുകിടക്കുന്നു. ‘സഭ’ എന്നത് ഗ്രീക്ക് ഭാഷയിലെ ἐκκλησίαϛ (എക്ക്‌ലേസിയാസ്) എന്ന പദത്തിന്റെ പരിഭാഷയാണ്. ഇംഗ്ലീഷില്‍ ‘Church’ എന്നാണ് അര്‍ത്ഥം. പുതിയനിയമത്തില്‍ ഏകദേശം 117 പ്രാവശ്യം ‘സഭ’ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. ഈ പദം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് പൗലോസാണ്. ‘സഭ’ എന്നതിനെ സംബന്ധിച്ച് ബൈബിള്‍ വിജ്ഞാനകോശം പറയുന്നത്, ‘പ്രത്യേകം വിവക്ഷയില്ലാതെ ജനക്കൂട്ടത്തിന് പൊതുവായി ഉപയോഗിക്കുന്ന പദം’(2) എന്നാണ്. അഥവാ ‘കൂട്ടം’, ‘സമൂഹം’ എന്നാണ് അതിന്റെ വിവക്ഷ.

നാല് സുവിശേഷങ്ങളില്‍ മത്തായിയില്‍ മാത്രമാണ് ‘സഭ’ എന്ന പ്രയോഗം കാണുന്നത്. 16:18 വചനത്തിൽ ഒരു പ്രാവശ്യവും 18:17 വചനത്തില്‍ രണ്ടു പ്രാവശ്യവുമാണ് അതുള്ളത്. ക്രൈസ്തവസഭ എന്ന നിലക്കല്ല അത് പ്രയോഗിച്ചിട്ടുള്ളത്.(3) കാരണം, അന്ന് ‘ക്രിസ്ത്യാനി’ എന്ന പദം അപരിചിതമായിരുന്നു.

പൗലോസാണ് ആദ്യമായി ക്രൈസ്തവസഭ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തെ മതമായി സ്വീകരിച്ച വിജാതിയരായിരുന്നു ആ സഭയിലെ അംഗങ്ങള്‍ അഥവാ വിശ്വാസികള്‍. അദ്ദേഹം  റോമന്‍ പ്രവിശ്യകളുടെ പല പ്രദേശങ്ങളും ചുറ്റിസഞ്ചരിച്ച് സഭകള്‍ സ്ഥാപിച്ചുപോന്നു. പൗലോസിന് ശേഷം സഭാനേതൃത്വം ഏറ്റെടുത്തവരെ പൊതുവെ സഭാപിതാക്കന്മാര്‍ (Church Fathers) എന്ന് പറഞ്ഞുവരുന്നു. ജസ്റ്റിന്‍ മാര്‍ട്ടർ, ഐറേനിയസ്, അലക്‌സാണ്ടറിയായിലെ ക്ലമന്റ്, തെര്‍ത്തുല്യൻ, ഹിപ്പോലൈററസ്, ഒറിജന്‍ തുടങ്ങിയ സഭാപിതാക്കന്മാര്‍ നാലാം നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്നവരാണ്. അവര്‍ യേശുവിനെ സൃഷ്ടിയായും ദൈവത്തെ സ്രഷ്ടാവായും വിശ്വസിച്ചവരായിരുന്നു. യേശുവിനെയും ദൈവത്തെയും സംബന്ധിച്ചുള്ള അവരുടെ മൊഴികള്‍ കാണുക.(4)

ജസ്റ്റിന്‍ മാര്‍ട്ടർ (ക്രി.165): യേശുവിനെ ‘സകലവും സൃഷ്ടിച്ച ദൈവത്തില്‍ നിന്ന് വേറിട്ടു സൃഷ്ടിക്കപ്പെട്ട ഒരു ദൂതന്‍ എന്നു വിളിച്ചു. യേശു ദൈവത്തെക്കാള്‍ താണവനായിരുന്നുവെന്നും അവന്‍ ചെയ്യണമെന്നും പറയണമെന്നും സ്രഷ്ടാവ് ഇഛിച്ചതല്ലാതെ യാതൊന്നും അവന്‍ ഒരിക്കലും ചെയ്തിരുന്നില്ല’ എന്നും അദ്ദേഹം പറഞ്ഞു.

ഐറേനിയസ് (ക്രി.200): ‘എല്ലാവര്‍ക്കും മീതെ പരമോന്നതനും തനിക്ക് പുറമേ മറ്റാരുമില്ലാത്തവനുമായ സത്യേകദൈവത്തോട് യേശു സമനല്ലെന്ന്’ അേദ്ദഹം പ്രകടമാക്കി.

അലക്‌സാണ്ടറിയായിലെ ക്ലമന്റ് (ക്രി.215): യേശുവിനെ ‘ഒരു സൃഷ്ടി’ എന്നു വിളിച്ചു. എന്നാല്‍ ദൈവത്തെ ‘സൃഷ്ടിക്കപ്പെടാത്തവനും നാശമില്ലാത്തവനും ഏകസത്യ ദൈവം എന്നും വിളിച്ചു. പുത്രന്‍ സര്‍വ്വ ശക്തനായ ഏക പിതാവിന്റെ അടുത്ത ആളാണെന്നും എന്നാല്‍ അവനോട് സമനല്ല’ എന്നും അദ്ദേഹം പറഞ്ഞു.

തെര്‍ത്തുല്യൻ (ക്രി.230): ‘പിതാവ് വലിപ്പമേറിയവനാകയാല്‍ പുത്രനില്‍ നിന്ന് വ്യത്യസ്തനാണ്; ജനിപ്പിക്കുന്നവന്‍ ജനിപ്പിക്കപ്പെടുന്നവനില്‍ നിന്ന് വ്യത്യസ്തനായിരിക്കുന്നതുപോലേയും. പുത്രന്‍ ഇല്ലാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു……സകലത്തിനും മുമ്പ് ദൈവം തനിച്ചായിരുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

ഒറിജന്‍ (ക്രി.250): ‘പിതാവും പുത്രനും രണ്ട് തത്വങ്ങളാണ്….. സാരാംശത്തില്‍ രണ്ട് അസ്തിത്വങ്ങൾ തന്നെ. പിതാവിനോടു താരതമ്യപ്പെടുത്തുമ്പോള്‍ (പുത്രന്‍) വളരെ ചെറിയ ഒരു വെളിച്ചമാണ്’ എന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ക്രി.നാലാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ചില സഭാദ്ധ്യക്ഷന്മാര്‍ യേശുവിന് ദിവ്യത്വം നല്‍കികൊണ്ട് വിത്തുകള്‍ പാകിത്തുടങ്ങി. അതിന് മുഖ്യമായും നേതൃത്വംകൊടുത്തത് അലക്‌സാണ്ടറിയായിലെ ബിഷപ്പായിരുന്ന ‘അത്തനാഷ്യസ്’ ആയിരുന്നു. അദ്ദേഹത്തെ, മിത്രമത ദൈവസങ്കല്‍പം വളരെയേറെ സ്വാധീനിച്ചിരുന്നു. ബഹുദൈവവിശ്വാസികളും വിഗ്രഹാരാധകരുമായ മിത്രമതക്കാര്‍ ത്രിത്വദൈവ വിശ്വാസികളായിരുന്നു. ‘ഹോറോമാസ്ദസ്, മിത്രാസ്, അഹിര്‍മാൻ’ എന്നീ മുക്കൂട്ടു ദൈവങ്ങളെയാണ് അവര്‍ ആരാധിച്ചിരുന്നത്. മിത്രമതക്കാര്‍ ഈ ത്രിമൂര്‍ത്തികളിൽ രണ്ടാമത്തെ ഭാഗമായ, ക്രൈസ്തവ ഭാഷയില്‍, രണ്ടാമത്തെ ആളത്വമായ മിത്രനെ മനുഷ്യരുടെ പാപങ്ങള്‍ക്കുവേണ്ടി ക്രൂരമായി വധിക്കപ്പെട്ട് മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ രക്ഷകനും ദൈവവുമായും കണ്ടിരുന്നു. ക്രൈസ്തവര്‍ യേശുക്രിസ്തുവിനെ കാണും പോലെ! ഈ ത്രിത്വദൈവ സങ്കല്‍പത്തെ സാധൂകരിച്ചുകൊണ്ട് ‘പിതാവ്, പുത്രന്‍, പരിശുദ്ധാന്മാവ്’ എന്ന ത്രിത്വദൈവ സങ്കല്‍പത്തിന് അത്തനാഷ്യസ് അടിത്തറപാകി. അതിലൂടെ രണ്ടാമത്തെ ആളത്വമായ പുത്രനായ യേശു ദൈവമാണന്ന് ശക്തിയായി വാദിക്കുകയും ചെയ്തു.

പ്രമാണവിരുദ്ധമായ അത്തനാഷ്യസിന്റെ ഈ ദൈവസങ്കല്പത്തെ അതിശക്തിയായി എതിര്‍ത്ത്‌കൊണ്ട് ലിബിയാസ്വദേശിയും അലക്‌സാണ്ടറിയാസഭയിലെ മൂപ്പനുമായിരുന്ന ‘അരിയൂസ്’ രംഗത്തുവന്നു. നാലാം നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്ന സഭാപിതാക്കന്മാരുടെ അതേ ദൈവസങ്കല്പമാണ് അദ്ദേഹം പ്രചരിപ്പിച്ചത്. ദൈവം ഏകനാണെന്നും അവനാല്‍ സൃഷ്ടിക്കപ്പെട്ട യേശു ദൈവത്തോട് സമനല്ലെന്നും യേശു ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാല്‍ ദൈവം എന്നെന്നും ഉള്ളവനാണെന്നും വാദിച്ചുകൊണ്ട് യേശുവിന്റെ ദൈവത്വത്തെ അദ്ദേഹം നിഷേധിച്ചു.

ഏകത്വവാദികളുടേയും ത്രിത്വവാദികളുടേയും ചേരിതിരിഞ്ഞു കൊണ്ടുള്ള വാദപ്രതിവാദ സംഘര്‍ഷ കാലത്താണ് ഡയക്ലീഷ്യസ് ചക്രവര്‍ത്തിക്ക് ശേഷം കോണ്‍സ്റ്റാന്റൈൻ രക്തത്തിലൂടെ നീന്തി റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി സ്ഥാനാരോഹണം ചെയ്യുന്നത്. സൂര്യഭഗവാന്റെ അവതാരമായ മിത്രദേവന്റെ പുരോഹിതന്മാരുടെ പുരോഹിതനും (Pontifex Maximus), ബഹുദൈവ വിശ്വാസിയുമായ ചക്രവര്‍ത്തി ക്രി. 313 ലെ മിലാന്‍ വിളംബരത്തിലൂടെ മിത്രമതം എന്നപോലെ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി അംഗീകരിച്ചു. അതുവഴി ക്രിസ്ത്യാനികള്‍ക്ക് മതസ്വാതന്ത്ര്യം നൽകി. എങ്കിലും ചക്രവര്‍ത്തി  ക്രിസ്തുമതം സ്വീകരിച്ചിരുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്. മാത്രമല്ല ബഹുദൈവവിശ്വാസിയായ ചക്രവര്‍ത്തി ക്രിസ്തുസഭയെ നിയന്ത്രിച്ചുപോന്നു എന്നുള്ളത് വളരെ ആശ്ചര്യകരവുമാണ്.

ചരിത്രകാരനായ ഗിബ്ബന്‍ പറയുന്നു: ‘ക്രിസ്തുമതത്തില്‍ ചേരുന്ന അടിമകള്‍ക്കെല്ലാം സ്വാതന്ത്ര്യം നല്‍കുന്നതാണെന്ന് ചക്രവര്‍ത്തി വിളമ്പരം പുറപ്പെടുവിച്ചു. അടിമത്വത്തില്‍നിന്നും മോചനം നേടുന്നതിനുവേണ്ടി അനേകായിരം ആളുകള്‍ ക്രിസ്തുമതത്തിൽ ചേര്‍ന്നു. സ്വതന്ത്രരായ ആളുകള്‍ കിസ്തുമതത്തില്‍ ചേര്‍ന്നാൽ ഇരുപത് സ്വര്‍ണനാണയങ്ങളും ഒരു വെള്ളക്കുപ്പായവും കൊടുക്കുന്നതാണന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതിന്റെ ഫലമായി പന്തീരായിരം പുരുഷന്മാരും അവരുടെ സ്ത്രീകളും കുട്ടികളും ഒരു ദിവസം  തന്നെ സ്ഥാനമേറ്റു’.(5)

മിലാന്‍ വിളംബരത്തിന് ശേഷം ഏകത്വവാദികളുടേയും ത്രിത്വവാദികളുടേയും ചേരിതിരിവ് സഭക്ക് പുറത്ത് വ്യാപിക്കുകയും ജനകീയമാകുകയും ചെയ്തു. മാത്രമല്ല, ക്രിസ്തുമതത്തെ ആര് നയിക്കും എന്നതും ചര്‍ച്ചാവിഷയമായി. ചക്രവര്‍ത്തിയുടെ കല്പനമൂലം കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേക്കേറിയവരെല്ലാം ആ മതം ഉള്‍ക്കൊണ്ട്‌വന്നവരല്ലായിരുന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവരേക്കാള്‍ പ്രാകൃത മതവിശ്വാസികളായ ഒരു ജനസമൂഹമായിരുന്നു അന്നത്തെ സഭയില്‍ ഉണ്ടായിരുന്നത്. അവര്‍ മിത്രദേവനേയും മറ്റ് ദേവീദേവന്മാരെയുമെല്ലാം ദൈവങ്ങളായികണ്ടവരും ത്രിത്വവിശ്വാസം ഉള്‍ക്കൊണ്ടവരും ആയിരുന്നു. ആയതിനാല്‍ അത്തനാഷ്യസിന് തന്റേതായ ദൈവവിശ്വാസ പ്രമാണവുമായി മുന്നോട്ട് പോകുവാന്‍ എളുപ്പമായിത്തീര്‍ന്നു. വിശ്വാസ സംബന്ധമായ വാദപ്രതിവാദങ്ങളും സഘര്‍ഷാവസ്ഥയും തന്റെ രാഷ്ട്രീയഭാവിക്ക് വിഘാതം സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ ചക്രവര്‍ത്തി, ബിഥിന്യായിലെ നിഖ്യാ എന്ന സ്ഥലത്ത് ഒരു സുന്നഹദോസ് (കൗണ്‍സിൽ) വിളിച്ചു കൂട്ടുവാന്‍ തീരുമാനിച്ചു. ഇരുപക്ഷത്തേയും പുരോഹിതന്മാരേ  അതിലേക്ക് ക്ഷണിച്ചു. സഭയില്‍ ഉണ്ടായിരുന്ന ഭിന്നതകളും ചേരിതിരിവും അവസാനിപ്പിക്കുക എന്നതായിരുന്നു സുന്നഹദോസിന്റെ ലക്ഷ്യം.

നിഖ്യാസുന്നഹദോസ് (ക്രി. 325)

യേശുവിന്റെ ദൈവത്വത്തെ നിഷേധിച്ച ഏകത്വവാദികളും ത്രിത്വവാദികളും തമ്മില്‍ ഉണ്ടായിരുന്ന ഭിന്നതകളും ചേരിതിരിവും അവസാനിപ്പിക്കുവാന്‍ ചക്രവര്‍ത്തിയുടെ അദ്ധ്യക്ഷതയില്‍ ബിഥിന്യായിലെ പ്രധാന പട്ടണമായ നിഖ്യാ എന്ന സ്ഥലത്ത്‌വെച്ച് ക്രി.325 ല്‍ സുന്നഹദോസ് വിളിച്ചുകൂട്ടി. അരിയൂസ്, അത്തനാഷ്യസ് തുടങ്ങിയ സഭാനേതാക്കളേയും അവരുടെ കീഴിലുള്ള ഭിഷപ്പുമാരേയും ക്ഷണിച്ചു വരുത്തി. അന്നത്തെ പാപ്പയായിരുന്ന സില്‍വെസ്റ്റർ സുന്നഹദോസില്‍ പങ്കെടുത്തില്ല എന്നത് വളരെ ശ്രദ്ധേയമായിരുന്നു.

വാദപ്രതിവാദങ്ങള്‍ക്ക് മൂര്‍ച്ചകൂടി. രണ്ടു മാസമായിട്ടും പ്രസ്തുത തര്‍ക്കവിഷയത്തെ സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങള്‍ അവസാനിക്കുന്ന ലക്ഷണംകണ്ടില്ല. ഇരുകൂട്ടര്‍ക്കും ഒരു തീരുമാനത്തില്‍ എത്തിച്ചേരാൻ കഴിയാത്തതിനാല്‍ ചക്രവര്‍ത്തിക്ക് പ്രശ്‌നത്തിൽ ഇടപെടേണ്ടിവന്നു. കൗണ്‍സിലിൽ പുറപ്പെടുവിച്ച വിശ്വാസപ്രമാണത്തില്‍ പുത്രന്‍  ‘സാരാംശത്തില്‍ പിതാവിനോടുതുല്യന്‍’ (Homo Ousios) എന്ന ദൈവത്തോടുള്ള യേശുവിന്റെ ബന്ധത്തെ പ്രകടമാക്കുന്ന നിര്‍ണായക ഫോര്‍മൂല ചക്രവര്‍ത്തി വ്യക്തിപരമായി നിര്‍ദേശിച്ചു. അപ്രകാരം ചക്രവര്‍ത്തി യേശുവിനെ ദൈവപദവിയിലേക്ക് ഉയര്‍ത്തി. എന്നാല്‍ ചക്രവര്‍ത്തിയെ ഭയന്നിട്ടോ മറ്റോ അത്തനാഷ്യസിന് തന്റെ ദൈവശാത്രമായ ത്രിത്വദൈവ സിദ്ധാന്തം സുന്നഹദോസില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞില്ല. യഥാര്‍ത്ഥത്തിൽ അവിടെ നിര്‍ണയിച്ചത് ‘പിതാവും പുത്രനും ഒന്നാകുന്നു’ എന്ന ‘ദ്വിത്വ’ സിദ്ധാന്തമാണ്. അത് നിര്‍ണയിച്ചതാകട്ടെ, ബഹുദൈവവിശ്വാസിയായ ചക്രവര്‍ത്തിയും! അപ്പോള്‍ രണ്ടു ദൈവമോ? അനേക ദേവീദേവന്മാരെ ആരാധിച്ചിരുന്ന ചക്രവര്‍ത്തിയെ സംബന്ധിച്ചിടത്തോളം അത് ഒരു പ്രശ്‌നമല്ലായിന്നു.

ഈ സുന്നഹദോസില്‍ യേശുവിന്റെ ദൈവത്വം മാത്രമല്ല അംഗീകരിച്ചത്; ചക്രവര്‍ത്തിയെ പ്രീണിപ്പിക്കുവാൻ വേണ്ടി ത്രിത്വവാദികളായ ഭിഷപ്പുമാര്‍ പല നിയമങ്ങളും കൗണ്‍സിലിൽ അംഗീകരിക്കുകയുണ്ടായി. ക്രി.325 വരെ ക്രൈസ്തവര്‍ ‘ശാബത്ത്’ ദിനമായി കൊണ്ടാടിയിരുന്ന ശനിയാഴ്ചയില്‍ നിന്ന് വിരുദ്ധമായി സൂര്യദേവന്റെ(മിത്രദേവന്റെ) പുണ്യദിനമായി റോമാക്കാര്‍ കൊണ്ടാടിയിരുന്ന ഞായറാഴ്ച ശാബത്തായി കൊണ്ടാടാന്‍ തീരുമാനിച്ചു. യേശു ജനിച്ച വര്‍ഷമോ തീയതിയോ ഏതെന്ന് വ്യക്തമായി അറിയില്ലന്നിരിക്കേ, മിത്രദേവന്റെ ജന്മദിനമായി ആഘോഷിക്കപ്പെട്ടിരുന്ന ഡിസംബര്‍ 25-ാം തിയതിയെ ക്രിസ്മസ് ആയി ആഘോഷിക്കാൻ തീരുമാനിച്ചു. മിത്രമതത്തിന്റെ ചിഹ്നവും മിത്രദേവന്റെ പ്രതീകവുമായിരുന്ന ‘കുരിശ്’ ക്രിസ്തുമതത്തിന്റെ ചിഹ്നവും ക്രിസ്തുവിന്റെ പ്രതീകവുമായി അംഗീകരിക്കപ്പെട്ടു. അത്‌ വരെയും ക്രിസ്തുവിന്റെ പ്രതീകമായി കൈസ്തവര്‍ കൊണ്ടുനടന്നത് ‘മീന്‍’ അഥവാ ‘മത്സ്യം’ ആയിരുന്നു. സുന്നഹദോസില്‍ അംഗീകരിച്ച ചില നിയമങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. ക്രൈസ്തവ സഭയുടെ ഒന്നാമത്തെ സാര്‍വ്വത്രിക സുന്നഹദോസ് എന്ന പേരിലാണ് നിഖ്യാസുന്നഹദോസ് അറിയപ്പെടുന്നത്.

നിഖ്യാസുന്നഹദോസിന് ശേഷം ചക്രവര്‍ത്തി, യേശുവിന്റെ ദൈവത്വത്തെ എതിര്‍ത്ത അരിയൂസിനേയും അനുയായികളേയും നാടുകടത്തി. അങ്ങനെ സഭക്കകത്ത് ഒരു താല്‍ക്കാലിക ശാന്തി ലഭിച്ചു. എങ്കിലും അരിയൂസും അദ്ദേഹത്തെ പിന്‍തുടര്‍ന്നവരും നിഖ്യാവിശ്വാസപ്രമാണം സ്വീകരിക്കാതെ എതിര്‍ത്തുനിന്നു. ചക്രവര്‍ത്തിയുടെ സഹോദരി കോണ്‍സ്റ്റാന്റീന അരിയൂസ് പക്ഷക്കാരിയായിരുന്നു. അവള്‍ ചക്രവര്‍ത്തിയെ സ്വാധീനിച്ച് അരിയൂസിനേയു കൂട്ടരേയും തിരിച്ചുവിളിപ്പിച്ചു. കോണ്‍സ്റ്റാന്റൈൻ ചക്രവര്‍ത്തിയും  അരിയൂസും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയില്‍ ചക്രവര്‍ത്തി അരിയൂസിന്റെ വാദം അംഗീകരിക്കുകയും അത്തനാഷ്യസിനെ നാടുകടത്തുകയും ചെയ്തു.(6)

ചക്രവര്‍ത്തിയുടെയും അരിയൂസിന്റെയും അത്തനാഷ്യസിന്റെയും കാലശേഷവും(7) അവരുടെ അനുയായികളായ ഏകത്വവാദികളും ത്രിത്വവാദികളും തമ്മിലുള്ള കിടമല്‍സരം തുടര്‍ന്നുപോന്നു.

ഒന്നാം കോണ്‍സ്റ്റാന്റിനോപ്പിൾ സുന്നഹദോസ് (ക്രി. 381)

അരിയൂസിന്റെയും അത്തനാഷ്യസിന്റെയും അനുയായികള്‍തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്കിടയിൽ, അരിയൂസിന്റെ പ്രധാന വിമര്‍ശകനായി അറിയപ്പെട്ടിരുന്ന ലാവോദിക്യായിലെ ബിഷപ്പ് അപ്പോളിനാരിയൂസ് ഒരു പുതിയ വാദവുമായി രംഗത്ത് വന്നു. ക്രിസ്തുവിന്റെ വ്യക്തിത്വത്തിൽ പരിപൂര്‍ണ്ണ ദൈവത്വവും പരിപൂര്‍ണ്ണ മനുഷ്യത്വവും ഒരുപോലെ ഉള്‍പ്പെടുന്നില്ല. ക്രിസ്തുവിന് പരിപൂര്‍ണ്ണ ദൈവത്വം മാത്രമേയുള്ളു. ക്രിസ്തുവിന് പാപമില്ല. കാരണം ക്രിസ്തുവിന് ആത്മാവില്ലാത്ത ശരീരമാണുള്ളത് എന്നിങ്ങനെ വാദിച്ചു പോന്നു. മാത്രമല്ല, കോണ്‍സ്റ്റാന്റിനോപ്പിളിലെ ബിഷപ്പായിരുന്ന മാസിഡോന്‍ മറ്റൊരു വാദവുമായി രംഗപ്രവേശനം ചെയ്തു. പരിശുദ്ധാത്മാവ് ദൈവത്തിന്റെ ഒരു സൃഷ്ടിമാത്രമാണന്നും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ ദൈവീക പ്രവര്‍ത്തനങ്ങളായി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു. ഇവ സഭക്കകത്ത് ചൂടുപിടിച്ച വാദപ്രതിവാദങ്ങളായിരൂപപ്പെട്ടു.

ഈ തര്‍ക്കങ്ങള്‍ക്ക് ഒരു പരിഹാരം കാണുവാൻ അന്നത്തെ ചക്രവര്‍ത്തിയായിരുന്ന തെയോഡോഷ്യസ് ക്രി.381 ല്‍ തന്റെ തലസ്ഥാനനഗരമായ കോണ്‍സ്റ്റാന്റിനോപ്പിൾ എന്ന സ്ഥലത്തുവെച്ച് ഒരു സുന്നഹദോസ് വിളിച്ചുകൂട്ടി. ക്രൈസ്തവസഭയുടെ രണ്ടാമത്തെ സാര്‍വ്വത്രിക സുന്നഹദോസ് എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. ഈ സുന്നഹദോസില്‍ അരിയൂസ് പക്ഷക്കാര്‍ക്ക് പങ്കെടുക്കാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. ഉഗ്രമായ തര്‍ക്കങ്ങള്‍ക്ക് ശേഷം അപ്പോളിനാരിയൂസിന്റേയും മാസിഡോണിന്റേയും വാദങ്ങളെ അസാധുവാക്കി. പരിശുദ്ധാത്മാവിനെ ദൈവപദവിയിലേക്ക് ഉയര്‍ത്തികൊണ്ട് അത്തനാഷ്യസ് ആവിഷ്‌ക്കരിച്ചതും പുറംജാതി ദൈവസങ്കല്‍പ്പത്തിൽ നിന്നും കടംകൊണ്ടതുമായ ‘പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്’ എന്ന ത്രിത്വസിദ്ധാന്തം ക്രൈസ്തവതയുടെ അടിസ്ഥാന ദൈവവിശ്വാസമായി സഭ അംഗീകരിച്ച് പാസാക്കി. എങ്കിലും പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങൾ തുടര്‍ന്നുപോന്നു.

എഫേസോസ് സുന്നഹദോസ് (ക്രി. 431)

അഞ്ചാം നൂറ്റാണ്ടില്‍ യേശുവിന്റെ ദൈവത്വത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ സഭയില്‍ രൂപംകൊണ്ടു. യേശുവിന്റെ മനുഷ്യത്വത്തെ നിഷേധിച്ചവര്‍; യേശുവിന്റെ മനുഷ്യത്വത്തില്‍ വിശ്വസിച്ചുവെങ്കിലും ദൈവസ്വഭാവം നിമിത്തം കഷ്ടപ്പെടുന്നതിന് തനിക്ക് സാധ്യമല്ലായെന്ന് വാദിച്ചവര്‍; യേശുവിന് ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഒരുപോലെയുണ്ടന്ന് വാദിച്ചവര്‍; മറ്റൊരു വാദം യേശുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മാതാവായ മറിയയുടെ ദിവ്യത്വത്തെ സംബന്ധിച്ചുമുള്ള ഉപദേശം നിര്‍ണയിക്കുന്നതിനുമായിരുന്നു.

മറിയ ദൈവത്തിന്റെ മാതാവാണെന്ന വാദത്തിന് തിരികൊളുത്തിയത് അലക്‌സാണ്ടറിയായിലെ പാത്രീയാര്‍ക്കീസ് (ബിഷപ്പ്) ആയിരുന്ന സിറിള്‍ ആയിരുന്നു. വചനമായ ദൈവം മനുഷ്യസ്വഭാവം ധരിച്ചത് നിമിത്തം മറിയ ‘തെഓട്ടോക്കോസ്’ (ദൈവത്തെ പ്രസവിച്ചവള്‍, ദൈവത്തിന്റെ മാതാവ്) ആണന്ന് പ്രഖ്യാപിച്ചു. ഈ പിഴച്ച വാദത്തെ നഖശികാന്തം എതിര്‍ത്തു കൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രീയാര്‍ക്കീസായിരുന്ന നെസ്‌തോറിയോസ് രംഗത്തുവന്നു. ദൈവം ഒരു സ്ത്രീയില്‍നിന്നു ജനിക്കുകയെന്നത് അസാധ്യമാണ്. മറിയമിനെ ക്രിസ്തുവിന്റെ മാതാവെന്നു മാത്രമല്ലാതെ ദൈവജനനി (തെഓട്ടോക്കോസ്) എന്നു വിളിച്ചുകൂടെന്നും അദ്ദേഹം വാദിച്ചു. അതിന്റെ ഫലമായി നെസ്‌തോറിയോസിനോടുള്ള വൈരാഗ്യം ഉള്ളില്‍വെച്ചിരുന്ന സിറിള്‍ നെസ്‌തോറിയോസിന്റെ അഭാവത്തില്‍ ക്രി. 431 ല്‍ അന്നത്തെ ചക്രവര്‍ത്തിയായിരുന്ന തെഓഡേഷ്യസിനെകൊണ്ട് എഫസോസ് എന്ന സ്ഥലത്തുവെച്ച് സുന്നഹദോസ് വിളിച്ചു കൂട്ടി. ഈ സുന്നഹദോസിൽ നെസ്‌തോറിയോസിന്റെ വാദത്തെ ശപിച്ചുതള്ളി. യേശു ദൈവത്തിന്റെ അവതാരമാണന്നും (മനുഷ്യാവതാരമാണെന്നും) മറിയ ദൈവത്തെ പ്രസവിച്ചവളാണന്നും ദൈവത്തിന്റെ മാതാവാണെന്നും സുന്നഹദോസ് അംഗീകരിച്ചു. കത്തോലിക്കാ സഭാവിഭാഗങ്ങള്‍ ഇന്നും ഈ സുന്നഹദോസിലെ തീരുമാനവുമായി, പ്രത്യേകിച്ചും മറിയ ദൈവത്തെ പ്രസവിച്ചവളാണെന്നും ദൈവത്തിന്റെ മാതാവാണെന്നുമുള്ള വിശ്വാസവുമായി മുന്നോട്ടുപോകുന്നു.

കൽക്കദോന്യ സുന്നഹദോസ് (ക്രി. 451)

മൂന്ന് സുന്നഹദോസുകള്‍ കഴിഞ്ഞിട്ടും യേശുവിന്റെ ദിവ്യത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഗ്രൂപ്പിസ്സങ്ങളും അവസാനിച്ചില്ല. പുതിയ പുതിയ വദങ്ങളുമായി പല പല പുരോഹിതന്മാര്‍  രംഗത്തുവന്നു. ഇത്തവണ പുതിയ വാദത്തിന് തിരികൊളുത്തിയത് കോണ്‍സ്റ്റാന്റിനോപ്പിള്‍സിലെ ഒരു സന്യാസി മഠാധിപനായ യൂത്തിക്കസ് ആയിരുന്നു. ‘നമ്മുടെ കര്‍ത്താവിന്റെ മനുഷ്യാവതാരത്തിനു മുമ്പ് നമ്മുടെ കര്‍ത്താവിന് രണ്ട് സ്വഭാവം ഉണ്ടായിരുന്നുവെങ്കിലും മനുഷ്യാവതാരത്തോടുകൂടി അത് ഒന്നായിത്തീര്‍ന്നു’ എന്ന് അദ്ദേഹം പരസ്യമായി വാദിച്ചു. അത് സഭക്കകത്ത് ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായി. ഈ വാദകോലാഹലങ്ങള്‍ക്ക് തീര്‍പ്പ്കല്പ്പിക്കുവാൻ ക്രി. 449 ല്‍ എഫസോസില്‍ ഒരു പൊതു സുന്നഹദോസ് വളിച്ചുകൂട്ടി. കൂറിലോസിന്റെ പിന്‍ഗാമിയായ ദിയസ്‌കോറോസ് ആണ് അദ്ധ്യക്ഷത വഹിച്ചത്. അദ്ദേഹം യൂത്തിക്കസിന്റെ ഭാഗം പിടിച്ചുവാദിച്ചു. ചക്രവര്‍ത്തിയുടെ പ്രധിനിധികളും യൂത്തിക്കസിന്റെ പാര്‍ശ്വവര്‍ത്തികളായിരുന്നു. പ്രസ്തുത കൗണ്‍സിലിൽ ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം യൂത്തിക്കസിന്റെ വാദം അഗീകരിച്ചു. തുടര്‍ന്ന്, കോണ്‍സ്റ്റാന്റിനോപ്പിള്‍സിലെ ബിഷപ്പായ ഫ്‌ളാവിയൻ എഴുന്നേറ്റ് യൂത്തിക്കസിനെതിരെ തിരിഞ്ഞപ്പോള്‍ അദ്ധ്യക്ഷന്റെ ആജ്ഞയനുസരിച്ച് ഫ്‌ളാവിയനെ മര്‍ദ്ദിക്കുകയും അതിന്റെ ഫലമായി അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഈ സുന്നഹദോസിനെ പിന്നീട് അറിയപ്പെട്ടത് ‘കൊള്ളക്കാരുടെ സുന്നഹദോസ്’ എന്നാണ്.

തര്‍ക്കങ്ങളും ഗ്രൂപ്പിസ്സങ്ങളും അതുകൊണ്ടൊന്നും അവസാനിച്ചില്ല. ചക്രവര്‍ത്തിയുടെ മരണശേഷം യൂത്തിക്കസ് പക്ഷത്തിന്റെ ശക്തിക്ഷയിച്ചു. റോമിലെ ബിഷപ്പായ ലിയോ ഒന്നാമന്റെ താല്പര്യപ്രകാരം    മഴ്‌സിയോൻ ചക്രവര്‍ത്തി ക്രി. 451 ല്‍ കല്ക്കദോന്യ എന്ന സ്ഥലത്തുവെച്ച് സുന്നഹദോസ് വിളിച്ചുകൂട്ടി. ആ സുന്നഹദോസില്‍വെച്ച് യൂത്തിക്കസ് കക്ഷികളുടെ വാദം അഥവാ കൊള്ളക്കാരുടെ സുന്നഹദോസിലെ തീരുമാനങ്ങള്‍ റദ്ദ് ചെയ്തു. നാലാമത്തെ ഈ സുന്നഹദോസില്‍ കര്‍ത്താവായ യേശു ‘ഭേദം കൂടാതെ മനുഷ്യനായി’ അതായത് കര്‍ത്താവ് തന്റെ മനുഷ്യാവതാരത്തിന് ശേഷം ‘പൂര്‍ണ്ണദൈവവും പൂര്‍ണ്ണമനുഷ്യനുമായി’ എന്ന തീരുമാനം അംഗീകരിച്ചു.

രണ്ടാം കോണ്‍സ്റ്റാന്റിനോപ്പിൾ സുന്നഹദോസ് (ക്രി. 553)

സഭക്കകത്തും പുറത്തുമുള്ള വാദപ്രതിവാദങ്ങള്‍ കല്ക്കദോന്യ സുന്നഹദോസ്‌കൊണ്ടും അവസാനിച്ചില്ല. മഴ്‌സിയോന്‍ ചക്രവര്‍ത്തിക്ക്  ശേഷം ജസ്റ്റീനിയന്‍ ചക്രവര്‍ത്തി അധികാരത്തില്‍വന്നു. കല്ക്കദോന്യ സുന്നഹദോസില്‍ പരാജയം ഏറ്റുവാങ്ങിയ യൂത്തിക്കസ്‌കക്ഷികള്‍ ചക്രവര്‍ത്തിയെ സ്വാധീനിച്ച് അദ്ദേഹ ത്തെകൊണ്ട് ക്രി. 553 ല്‍ കോണ്‍ സ്റ്റാന്റിനോപ്പിളില്‍ ഒരു സുന്നഹദോസ് വിളിച്ചുകൂട്ടി. ഈ സുന്നഹദോസില്‍വെച്ച് യൂത്തിക്കസ് പക്ഷവാദികളുടെ വാദം വീണ്ടും അംഗീകരിച്ചു. ചക്രവര്‍ത്തിയുടെ നടപടിയില്‍ പാശ്ചാത്യ സഭാബിഷപ്പുമാർ പ്രതിഷേധം പ്രകടിപ്പിച്ചു. മാത്രമല്ല, രണ്ടാം കോണ്‍സ്റ്റാന്റിനോപ്പിൾ സുന്നഹദോസിനെ പാശ്ചാത്യ സഭ അംഗീകരിച്ചുമില്ല. അവര്‍ കല്ക്കദോന്യ സുന്നഹദോസിലെ തീരുമാനങ്ങളുമായി മുന്നോട്ടുപോയി. എന്നാല്‍ പൗരസ്ത്യസഭാ വിഭാഗങ്ങളില്‍ ഈജിപ്റ്റിലെ കോപ്റ്റിക്‌സഭ, അബിസീനിയായിലെ സഭ, സിറിയായിലെ യാക്കോബ്യര്‍, അര്‍മീനിയൻ സഭ, ലബനോനിലെ മാറോനായക്കാര്‍ തുടങ്ങിയവയെല്ലാം യൂത്തിക്കസ് പക്ഷവാദികളുടെ വാദങ്ങളുമായി ഇന്നും മുന്നോട്ടു പോകുന്നു.

ടോളഡൊ സുന്നഹദോസ് (ക്രി. 589)

ക്രി. 381 ല്‍ കോണ്‍സ്റ്റാന്റിനോപ്പിൾ സുന്നഹദോസില്‍വെച്ചാണ് ശക്തമായ വാദപ്രതിവാദങ്ങളിലൂടെ പിതാവിനോടും പുത്രനോടും കൂടെ പരിശുദ്ധാത്മാവിനെ വിളക്കിച്ചേര്‍ത്തുകൊണ്ട് ത്രിത്വം ക്രൈസ്തവതയുടെ അടിസ്ഥാന ദൈവസങ്കല്‍പമായി അഗീകരിക്കുന്നത് എന്ന് പറഞ്ഞുവല്ലൊ. എങ്കിലും ത്രിത്വത്തിലെ മൂന്നാമത്തെ ആളത്വമായ പരിശുദ്ധാത്മാവിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങൾ തുടര്‍ന്നുപോന്നു. പരിശുദ്ധാത്മാവ് ആരില്‍നിന്നും പുറപ്പെടുന്നു? പിതാവില്‍നിന്നോ? അതോ പുത്രനില്‍നിന്നോ? അതായിരുന്നു തര്‍ക്കം. ഒരേ ആദര്‍ശം വെച്ചുപുലര്‍ത്തിയിരുന്ന പാശ്ചാത്യസഭകളും പൗരസ്ത്യസഭകളും തമ്മിലായിരുന്നു  ആ തര്‍ക്കം.

പൗരസ്ത്യസഭയുടെ അറിവോ അനുവാദമോ കൂടാതെ പാശ്ചാത്യസഭ ക്രി. 589-ല്‍ സ്‌പെയിനിലെ ടോളഡൊ എന്ന സ്ഥലത്ത്‌വെച്ച് ഒരു സുന്നഹദോസ് വിളിച്ചുകൂട്ടി. ആ സുന്നഹദോസില്‍വെച്ച് പരിശുദ്ധാത്മവ് ‘പുത്രനില്‍നിന്നും’ പുറപ്പെടുന്നവന്‍ എന്ന അര്‍ത്ഥം വരുന്ന ‘ഫീലിയോക്വേ’ എന്ന ലാറ്റിന്‍ പദം കൂട്ടിച്ചേര്‍ത്തു. അതുവരേയും പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുറപ്പെടുന്നു എന്നായിരുന്നു വിശ്വാസം. ഈ കൂട്ടിച്ചേര്‍ക്കൽ ഗൗരവമായ വിവാദങ്ങള്‍ക്ക് കാരണമായി. ഇതേ ചൊല്ലി ദീര്‍ഘവര്‍ഷം തര്‍ക്കങ്ങൾ നിലനില്‍ക്കുകയും നിരവധി പ്രശ്‌നങ്ങൾ സഭാരംഗത്ത് അരങ്ങേറുകയും ചെയ്തു. പാശ്ചാത്യസഭയുടെ മേധാവിയായിരുന്ന മാര്‍പാപ്പയും പൗരസ്ത്യസഭയുടെ മേധാവിയായിരുന്ന പാത്രീയാര്‍ക്കീസും തമ്മില്‍ കടുത്ത ശത്രുതയും വൈരാഗ്യവും നിലനിന്നു. രണ്ടു കൂട്ടരും പരസ്പരം അംഗീകരിച്ചില്ല. പരസ്പരം ശപിച്ചു സ്ഥാനഭ്രഷ്ടരാക്കി. ഈ സംഭവങ്ങളെല്ലാം സഭയുടെ പിളര്‍പ്പിന് വഴിയൊരുക്കുകയായിരുന്നു. പിന്നീട് പരിശുദ്ധാത്മാവിന്റെ പേരില്‍ ‘പാശ്ചാത്യസഭ’, ‘പൗരസ്ത്യസഭ’ എന്നിങ്ങനെ സഭ രണ്ടായിപിളര്‍ന്നു.

യേശുവിന്റെ ദൈവത്വത്തെ സംബന്ധിച്ച് വിവിധ സുന്നഹദോസുകളില്‍വെച്ച് നടന്ന വാദകോലാഹലങ്ങളാണ് മുകളില്‍ വിശദീകരിച്ചത്. ദൈവം സ്‌നേഹമാണെന്ന് ക്രൈസ്തവത പഠിപ്പിക്കുന്നു. മിഷണറിമാര്‍ അത് ഉറക്കെ വിളിച്ചുപറയുകയും ചെയ്യുന്നു. എന്നാല്‍ ക്രൈസ്തവ പുരോഹിതന്മാര്‍ക്കിടയിലെ (ബിഷപ്പുമാര്‍ക്കിടയിലെ) തര്‍ക്കവിതര്‍ക്കങ്ങളിലൂടേയും ഗ്രൂപ്പുകളികളിലൂടേയും രക്തച്ചൊരിച്ചിലൂടേയും കൊലവിളിയിലൂടേയും നീന്തിത്തുടിച്ച് പരസ്പരം ശപിച്ചുമാണ് സൃഷ്ടിയായ യേശുവിനെയും പരിശുദ്ധാന്മാവിനെയും ദൈവപദവിയിലേക്ക് ഉയര്‍ത്തിയതെന്നോര്‍ക്കുക.

ദൈവം ആരാകണമെന്നും ആ ദൈവം ത്രിത്വത്തിലെ ഒരാളത്വമാകണോയെന്നും ആ ദൈവത്തിന്റെ ഗുണവിശേഷണങ്ങള്‍ എന്തെക്കെയായിരിക്കണമെന്നും ആ ദൈവത്തിന് മാതാവ്‌ വേണമോ വേണ്ടെയോ? പരിശുദ്ധാന്മാവ് ആരില്‍ നിന്നും പുറപ്പെടണം? പിതാവിൽ നിന്നോ?  അതോ പുത്രനില്‍ നിന്നോ? തുടങ്ങിയ കാര്യങ്ങള്‍ അനുകൂലപക്ഷവും പ്രതികൂലപക്ഷവും തമ്മില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കുശേഷം ‘വോട്ടെടുപ്പിലൂടെ’ ഭൂരിപക്ഷം തെളിയിച്ച് ഒരു മതത്തിന്റെ ദൈവസങ്കൽപം തീരുമാനിക്കുക എന്നത്, ലോക മതചരിത്രത്തില്‍ ക്രൈസ്തവതയിലല്ലാതെ മറ്റൊരുമതത്തിലും കാണുകയില്ല.

കലങ്ങിമറിയുന്ന ഒരു ദൈവസങ്കൽപത്തെയാണ് ക്രൈസ്തവര്‍ പരിചയപ്പെടുത്തുന്നതെന്നാണ് മുകളില്‍ വിവരിച്ച വസ്തുതകളില്‍നിന്നും  മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ ബൈബിള്‍ പറയുന്നു: ”ദൈവം കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമത്രെ” (1 കൊരിന്ത്യർ 14:33).

റവറന്റ്. ഡോ. സി.വി. എബ്രഹാം പറയുന്നു: ‘ക്രിസതുവിന്റെ ആളത്വത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും പല കാലങ്ങളിലും ഉണ്ടായിട്ടുള്ള വാദപ്രതിവാദങ്ങള്‍ക്കുമേൽ കാണിച്ചിരിക്കുന്ന തീരുമാനങ്ങളാണ് സഭ ചെയ്തിട്ടുള്ളത്. ക്രിസ്തുവിന്റെ ദൈവത്വം ആധുനികകാലത്തും പലരേയും വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ്.’(8)

ഡോ. സി.വി. എബ്രഹാം പറയുന്നത് വളരെ ശരിയാണ്. കാരണം,  ക്രിസ്തുവിന്റെ ദൈവത്വത്തെ സംബന്ധിച്ച് മിഷണറിമാരോടും മറ്റ് സുവിശേഷകരോടും സംസാരിക്കുമ്പോള്‍ അവര്‍ ഇരുട്ടില്‍ത്തപ്പുന്ന അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. അവരെ സംബന്ധിച്ചിടത്തോളം വിഷമിപ്പിക്കുന്നതും സങ്കീര്‍ണവുമായ പ്രശ്‌നമാണത്.

കുറിപ്പ്

1. ക്രിസ്തുവിന്റെ ഉപദേശം, ബൈബിള്‍ സ്റ്റുടന്‍സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യാ പ്രസിദ്ധീകരണം. പുറം 6.

2. ബൈബിള്‍ വിജ്ഞാനകോശം. ഏകവാല്യ വേദപുസ്തക നിഘണ്ഡു. പുറം 1002.

3. ”നീ പത്രോസാണ്: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും” (മത്തായി 16:18). യേശു ഒരു ക്രൈസ്തവസഭ സ്ഥാപിച്ചതായി ബൈബിളില്‍ എവിടേയുമില്ലായെന്നത് ഒരു വസ്തുതയാണ്. മത്തായി 16:18 വചനത്തെ സംബന്ധിച്ച് Joseph Macabe അദ്ദേഹത്തിന്റെ ‘The Popes and their Church’ എന്ന പുസ്തകത്തിൽ പറയുന്നു: ‘പത്രോസും പൗലോസും തമ്മിലുണ്ടായിരുന്ന സൗന്ദര്യപിണക്കം ബൈബിള്‍ പരിചയമുള്ള ഏവര്‍ക്കും അറിവുള്ളതാണല്ലോ. രണ്ടുപേരുടേയും അനുയായികളുടെ ഇടയില്‍ ശത്രുത തന്നെയും നിലനിന്നിരുന്നു എന്നുള്ളത് ചരിത്രസത്യമാണ്. മത്സരത്തിന്റേയും വൈരത്തിന്റേതുമായ നാളുകളില്‍ ഏതോ പത്രോസ് കക്ഷിക്കാരന്‍ എഴുതിച്ചേര്‍ത്തതാവാം പ്രസക്ത ഭാഗം. മത്തായിയുടെ സുവിശേഷം മുഴുവനും അത്തരത്തിലുള്ള ഒരുവനാല്‍ വിരചിതമാണെന്നും വരാം.’ പ്രൊഫ. കെ.എം. എബ്രഹാമിന്റെ ‘ഇത് ദൈവസ്ഥാപിതമോ?’ എന്ന പുസ്തകം, പുറം 19 കാണുക.

മത്തായി സുവിശേഷം 18:17 വചനം: ”അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കിൽ, സഭയോടു പറയുക. സഭയേപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലേയും ചുങ്കക്കാരനെപ്പോലേയും ആയിരിക്കട്ടെ”. ഇത് യേശുവിന്റെവാക്കുകളായിക്കൊണ്ടാണ് മത്തായി എഴുതിയിട്ടുള്ളത്. അതില്‍ രണ്ടു വശങ്ങളുണ്ട്.

ഒന്ന്; യേശു പറയുന്നു: അനുസരണക്കേടു കാണിക്കുന്നവന്‍ വിജാതീയനെപ്പോലെയാണ്. അഥവാ പൗലോസിനെപ്പോലേയും അദ്ദേഹത്തിന്റെ അനുയായികളെപ്പോലേയുമാണ്. കാരണം, പൗലോസ് വിജാതീയരുടെ അപ്പോസ്തലനാണെന്ന് പറഞ്ഞ് സ്വയം ചമഞ്ഞ് വന്ന ആളാണല്ലൊ. അത്‌കൊണ്ട്  ഈ വചനം പൗലോസിന്റെ ദൈവശാസ്ത്രത്തിന് എതിരാണ്.

രണ്ട്; ഈ വചനത്തില്‍ പറഞ്ഞിരിക്കുന്ന സഭ എന്നത്, യഹൂദരുടെ മതപരമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സമിതിയാണ്. അതിനെ ‘സന്നിദ്രീം’ സംഘം (sanhedrin) എന്നാണ് പറഞ്ഞിരുന്നത്. അതിന് ഇന്നു കാണുന്ന ക്രൈസ്തവ സഭകളുമായി യാതൊരു ബന്ധവുമില്ല

4.നിങ്ങള്‍ ത്രിത്വത്തില്‍ വിശ്വസിക്കണമോ? മാഗസിന്‍, Watch Tower Bible and Tract Society പ്രസിദ്ധീകരണം. പുറം 7

5.Gibbon Edward, The History of the Decline and Fall of Roman Empire. Vol3,P444.

6. ജെ.സി.ദേവിന്റെ ‘ക്രൈസ്തവസഭ ഇരുപതു നൂറ്റാണ്ടുകളിലൂടെ’, റവ. ഡോ.സി. ഇ. ഏബ്രഹാമിന്റെ ‘സഭാചരിത്ര സംഗ്രഹം’, ഐ. ജെ. ഏബ്രഹാമിന്റെ ‘ക്രൈസ്തവസഭയിലെ ദുരാചാരങ്ങളും സഭാചരിത്ര സംഗ്രഹവും’ എന്നീ പുസ്തകങ്ങളെ അവലംബിച്ചാണ് സുന്നഹദോസുകളെ സംബന്ധിച്ച് എഴുതിയിട്ടുള്ളത്.

7. ക്രി. 337 ല്‍ കോണ്‍സ്റ്റാന്റൈൻ ചക്രവര്‍ത്തി മരണക്കിടക്കയിലായിരിക്കുമ്പോഴാണ് മാമ്മൂദീസാ സ്വീകരിക്കുന്നത്. അത് സ്വീകരിച്ചത് അരിയൂസ് പക്ഷക്കാരനായ യൂസേബിയസ് എന്ന മെത്രാനില്‍നിന്നാണന്നാണ് സഭാചരിത്രം പറയുന്നത്. പൗരസ്ത്യസഭ ചക്രവര്‍ത്തിയെ വിശേഷിപ്പിക്കുന്നത് ‘പതിമൂന്നാമത്തെ അപ്പോസ്തലന്‍’ എന്നാണ്. അവര്‍ അദ്ദേഹത്തെ ‘വിശുദ്ധ’നായി ആദരിക്കുകയും ചെയ്യുന്നു.

8. ‘സഭാചരിത്ര സംഗ്രഹം’. റവ. ഡോ. സി.ഇ. ഏബ്ര ഹാം. പുറം 62.

No comments yet.

Leave a comment

Your email address will not be published.