മുഹമ്മദ് നബിയും ക്വാറന്റൈൻ നിർദേശങ്ങളും -ക്രെയ്ഗ് കോൺസിഡിൻ

//മുഹമ്മദ് നബിയും ക്വാറന്റൈൻ നിർദേശങ്ങളും -ക്രെയ്ഗ് കോൺസിഡിൻ
//മുഹമ്മദ് നബിയും ക്വാറന്റൈൻ നിർദേശങ്ങളും -ക്രെയ്ഗ് കോൺസിഡിൻ
ആനുകാലികം

മുഹമ്മദ് നബിയും ക്വാറന്റൈൻ നിർദേശങ്ങളും -ക്രെയ്ഗ് കോൺസിഡിൻ

ക്വാറന്റൈനുമായി ബന്ധപ്പെട്ട് ‘ന്യൂസ് വീക്ക്’ എന്ന പ്രശസ്ത അമേരിക്കൻ മാഗസിൻ 2020 മാർച്ച് 17-ന് “Can the Power of Prayer Alone Stop a Pandemic like the Coronavirus? Even the Prophet Muhammad Thought Otherwise” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തെക്കുറിച്ച് രണ്ട് ദിവസങ്ങൾക്ക് മുമ്പ് സ്നേഹസംവാദം വെബ്‌സിനിൽ പരാമർശിച്ചിരുന്നു. അമേരിക്കയിലെ റൈസ് യൂനിവേഴ്സിറ്റിയിൽ സോഷ്യോളജി ഡിപ്പാർട്ട്മെന്റിലെ ഗവേഷകനും പ്രൊഫസറുമായ ക്രെയ്ഗ് കോൺസിഡിൻ ആണ് ലേഖകൻ. പ്രസ്തുത ലേഖനത്തിന്റെ പരിഭാഷയാണിത്:

പരിഭാഷകൻ: സിൽഷിജ് ആമയൂർ


കൊറോണവൈറസിനെപ്പോലെയുള്ള ആഗോളപകർച്ചവ്യാധികളെ പ്രാർത്ഥനയുടെ ശക്തികൊണ്ട് മാത്രം തടയാനാകുമോ? പ്രവാചകൻ മുഹമ്മദ് പോലും ചിന്തിച്ചത് അങ്ങനെയല്ല.

ക്രെയ്ഗ് കോൺസിഡിൻ


കോവിഡ് 19 എന്ന ആഗോളപകർച്ചവ്യാധി ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാരുകളും വാർത്താ ഏജൻസികളുമെല്ലാം ഏറ്റവും ശരിയായതും ഉപകാരപ്രദവുമായ ഉപദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കുവാൻ നിർബന്ധിതരായിരിക്കുകയാണ്. ആരോഗ്യസംരക്ഷണ വിദഗ്ദ്ധരുടെയും പകർച്ചവ്യാധികളുടെ വ്യാപനത്തെയും സ്വാധീനത്തെയും പഠനവിധേയമാക്കുന്ന ശാസ്ത്രജ്ഞരുടെയുമെല്ലാം സേവനങ്ങൾ ഈ സന്ദർഭത്തിൽ അത്യാവശ്യമായിത്തീർന്നിരിക്കുന്നു. വ്യക്തിശുചിത്വം, ക്വാറന്റൈൻ, ഐസൊലേഷൻ എന്നിവ പ്രാവർത്തികമാക്കുകയാണ് കോവിഡ് 19 എന്ന മഹാമാരിയെ കീഴ്‌പ്പെടുത്താനുള്ള ഏറ്റവും ഉചിതമായ മാർഗങ്ങൾ എന്നാണ് ഡോക്ടർ ആന്റണി ഫ്യൂചിയെപ്പോലുള്ള രോഗപ്രതിരോധശാസ്ത്ര വിദഗ്ദ്ധരും ഡോക്ടർ സഞ്ജയ് ഗുപ്തയെപ്പോലുള്ള മെഡിക്കൽ റിപ്പോട്ടർമാരും അഭിപ്രായപ്പെടുന്നത്.

ആഗോളപകർച്ചവ്യാധിയുണ്ടാകുന്ന സന്ദർഭത്തിൽ അതിനെ പ്രതിരോധിക്കുവാൻ ‘ശുചിത്വം’, ‘ക്വാറന്റൈൻ’ എന്നിവ നിർദേശിച്ച മറ്റൊരാൾ ആരാണെന്നറിയുമോ?

മുഹമ്മദ്…ഇസ്‌ലാമിന്റെ പ്രവാചകൻ. 1300 വർഷങ്ങൾക്ക് മുമ്പ്..

മാരക രോഗങ്ങളെക്കുറിച്ച കാര്യങ്ങളിൽ വൈദഗ്ദ്ധ്യമുള്ള വ്യക്തിയല്ലാതിരുന്നിട്ടുകൂടി കോവിഡ് 19 പോലുള്ള മഹാമാരിക്കെതിരെ പ്രതിരോധമാർഗങ്ങൾ നിർമ്മിച്ചെടുക്കുന്നതിനാവശ്യമായ കൃത്യമായ ഉപദേശങ്ങൾ നൽകുവാൻ മുഹമ്മദിന് സാധിച്ചു.

മുഹമ്മദ് പറഞ്ഞു: “ഏതെങ്കിലും നാട്ടിൽ പ്ലേഗ് ഉള്ളതായി അറിഞ്ഞാൽ ആ നാട്ടിലേക്ക് നിങ്ങൾ പോകരുത്; നിങ്ങളുള്ള പ്രദേശത്ത് പ്ലേഗ് വന്നാൽ അവിടെനിന്ന് മറ്റു പ്രദേശങ്ങളിലേക്ക് നിങ്ങൾ പോവുകയും ചെയ്യരുത്.”

അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “പകച്ചവ്യാധി ബാധിച്ചവരെ അതില്ലാത്തവരിൽനിന്ന് അകറ്റി നിർത്തേണ്ടതാണ്.”

രോഗബാധയിൽനിന്ന് സുരക്ഷിതത്വം കൈവരിക്കുന്നതിനാവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി പാലിക്കുന്നതിനും മുഹമ്മദ് നിറഞ്ഞ പ്രോത്സാഹനങ്ങൾ നൽകി.

മുഹമ്മദിന്റെ വചനങ്ങൾ (ഹദീഥുകൾ) കാണുക:

“ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാകുന്നു.”

“ഉണർന്നാൽ നീ നിന്റെ കൈകൾ കഴുകുക. കാരണം ഉറക്കത്തിൽ നിന്റെ കരങ്ങൾ എവിടെയായിരുന്നുവെന്ന് നിനക്കറിയില്ല.”

“ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ച ശേഷവും കൈകൾ കഴുകുന്നതിലാണ് ആഹരിക്കുന്നതിലെ ധന്യത.”

ആരെങ്കിലും രോഗബാധിതരാവുകയാണെങ്കിലോ? രോഗികൾക്ക് എന്ത് ഉപദേശമാണ് മുഹമ്മദ് നൽകാറുണ്ടായിരുന്നത്? ചികിത്സ തേടുന്നതിനും മരുന്ന് ഉപയോഗിക്കുന്നതിനും പ്രവാചകൻ ജനങ്ങളെ വളരെയേറെ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കാണുക: “നിങ്ങൾ ചികിത്സ തേടുക. ശമനൗഷധമില്ലാത്ത രോഗങ്ങളൊന്നും ദൈവം സൃഷ്ടിച്ചിട്ടില്ല; വാർദ്ധക്യം എന്ന രോഗമല്ലാതെ.”

വിശ്വാസവും കാര്യകാരണ ബന്ധവും തമ്മിൽ സമീകരിക്കേണ്ട സന്ദർഭത്തെക്കുറിച്ച് പ്രവാചകന് അറിയുമായിരുന്നു എന്ന കാര്യം നാം സുപ്രധാനമായി മനസിലാക്കേണ്ടതുണ്ട്. കൊറോണാ വൈറസിനെ പ്രതിരോധിക്കുന്നതിന് ക്വാറന്റൈൻ നിയമങ്ങൾ പാലിക്കുന്നതിനേക്കാൾ നല്ലത് പ്രാർത്ഥനയാണെന്ന് ഇക്കാലത്ത് ചിലർ വാദിക്കുന്നുണ്ട്. പ്രാർത്ഥനയാണ് സുപ്രധാനമായ പരിഹാരമെന്നോ പ്രാർത്ഥന മാത്രമാണ് പ്രതിവിധിയെന്നോ ഉള്ള ആശയത്തോട് മുഹമ്മദ് നബിﷺയുടെ പ്രതികരണമെന്തായിരിക്കും? ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ പണ്ഡിതൻ അൽ തിർമിദി ഉദ്ധരിച്ച ഈ സംഭവം ശ്രദ്ധിക്കുക: ഒരു ദിവസം നാടോടിയായ ഒരു അറബി തന്റെ ഒട്ടകത്തെ കെട്ടാതെ വിട്ടിരിക്കുന്നതായി മുഹമ്മദ് കണ്ടു. അയാളോട് അദ്ദേഹം ചോദിച്ചു, “നീ എന്തുകൊണ്ടാണ് നിന്റെ ഒട്ടകത്തെ കെട്ടാത്തത്?” അയാൾ പറഞ്ഞു, “ഞാൻ ദൈവത്തിൽ ഭരമേൽപിച്ചിരിക്കുകയാണ്.” അപ്പോൾ പ്രവാചകൻ പറഞ്ഞു, “ആദ്യം നിന്റെ ഒട്ടകത്തെ കെട്ടുക. എന്നിട്ട് ദൈവത്തിൽ ഭരമേൽപിക്കുക.”

മുഹമ്മദ് തന്റെ ജനതയ്ക്ക് അവരുടെ മതത്തിൽനിന്ന് മാർഗദർശനം സ്വീകരിക്കുന്നതിന് പ്രോത്സാഹനം നൽകി. അതോടൊപ്പം ജനങ്ങൾ അവരുടെ സ്ഥൈര്യത്തിനും സുരക്ഷിതത്വത്തിനും സർവ്വകാര്യങ്ങളിലുമുള്ള ക്ഷേമത്തിനും ആവശ്യമായ മുൻകരുതലുകളെടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു.

മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജനങ്ങൾ അവരുടെ സാമാന്യബുദ്ധി ഉപയോഗിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആഗ്രഹിച്ചു.

print

2 Comments

  • Masha Allah

    Naseeb 25.03.2020
  • Masha allah barakallah

    Dr Muhamed gasel 29.03.2020

Leave a comment

Your email address will not be published.