മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -4

//മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -4
//മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -4
ശാസ്ത്രം / തത്ത്വശാസ്ത്രം

മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -4

സ്വർണം പൂശിയ അടിമച്ചങ്ങലകൾ

ഇനി രണ്ടാമത്തെ വാദഗതി എടുക്കാം; മുതലാളിത്ത സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാവൽമാലാഖയാണ് ഫെമിനിസം. സ്ത്രീ പുരോഗമനവും ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയോട് കടപ്പെട്ടിരിക്കുന്നു എന്ന വാദം. മുതലാളിത്തത്തെ സ്ത്രീവിമോചന വ്യവസ്ഥയായി അവതരിപ്പിക്കുന്നതിലെ മൗഢ്യം അമേരിക്കൻ സ്ത്രീത്വത്തിന്റെ ദാരുണമായ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

നവംബർ 1993 ൽ പ്രസിദ്ധീകൃതമായ വാൾസ്ട്രീറ്റ് ജേണലിന്റെ (Wall Street Journal) ആദ്യപേജിൽ ജോസഫ് ചാന ജൂനിയർ ഇടം പിടിക്കുകയുണ്ടായി. കേവലം 13 വയസ്സ് മാത്രം പ്രായമുള്ള ജോസഫിനെ സായുധ കൊള്ളയുമായി ബന്ധപ്പെട്ട് മയാമി പോലീസ് അറസ്റ്റ് ചെയ്തു. മുതിർന്നവരെ പോലെ 13കാരനായ ജോസഫിനെയും വിചാരണക്ക് വിധേയമാക്കണം എന്നായിരുന്നു ജൂറി അഭിപ്രായപ്പെട്ടത്. 1990-കളിൽ മയാമി മറ്റു പല അമേരിക്കൻ നഗരങ്ങളെ പോലെ തന്നെ ഹിംസാത്മകമായ കുറ്റകൃത്യങ്ങളെ കഠിന ശിക്ഷാർഹമായവ ആയാണ് കണ്ടിരുന്നത്. കോടതി ജഡ്‌ജിന്റെ അഭിപ്രായത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ തങ്ങളുടെ നഗരത്തിലെ സ്വസ്ഥത ജീവിതത്തെ തീർത്തും നിന്ദ്യമാക്കുന്നു. ജോസഫിനെ പോലെയുള്ള കുട്ടിക്കുറ്റവാളികളുടെ ആവർത്തിത കുറ്റകൃത്യങ്ങൾ കൊണ്ട് രാജ്യമെമ്പാടുമുള്ള നിയമ സംവിധാനങ്ങളുടെയും ജഡ്‌ജിമാരുടെയും ക്ഷമ കെട്ടു കഴിഞ്ഞിരുന്നു. ആറു വയസ്സ് തികയും മുമ്പ് 16 തവണ അറസ്റ്റ് ചെയ്യപ്പെട്ട പുള്ളിയാണ് ജോസഫ്. (Eleena de Lisser, “For inner-city Youth, a Hard Life May Lead to a Hard Sentence”, Wall Street Journal, November, 30, 1993)

ജോസഫിൻറെ അമ്മ വോന്നി ജാക്സൺ അവിവാഹിതയായ ഒരു 36 കാരിയാണ്. മൂന്ന് വ്യത്യസ്ത പുരുഷന്മാരിൽ നിന്നും മൂന്നു മക്കളെ പ്രസവിച്ചു! മൂന്നു മക്കൾക്കും തങ്ങളുടെ പിതാക്കന്മാരെ പറ്റി ഒന്നുമറിയില്ല. മകൻ ‘മാരിയോ‘യുടെ പിതാവ് ഇപ്പോൾ ജയിലിലാണ് ‘ജോവോന്റെ‘ അച്ഛൻ എയ്ഡ്സ് ബാധിച്ച് മരണപ്പെട്ടു. ജോസഫിന്റെ പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ജീവിക്കുന്നു. ഈ മൂന്നു മക്കളും നിരന്തരം പലതവണ കുറ്റകൃത്യങ്ങളിൽ കണ്ണിയാവുകയും ആവർത്തിച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു! വോന്നീ ജാക്സൺ എന്ന സ്ത്രീ സന്തുഷ്ടയും സ്വതന്ത്രയുമാണോ? അതോ ഒരു കിരാതമായ സാമൂഹിക വ്യവസ്ഥയുടെ ഇരയോ? അവിവാഹിതരായ അമ്മമാരുടെ കീഴിൽ കഷ്ടതകൾ മാത്രം അനുഭവിച്ച് വളർന്ന മക്കളെ കുറ്റവാളികളാക്കി രൂപപ്പെടുത്തി എടുത്തതിന് ഈ വ്യവസ്ഥക്കെതിരെ ആരെങ്കിലും കേസ് വാദിക്കുമോ? മുതലാളിത്ത സ്ത്രീ ചൂഷണം ലോകത്തെവിടെയെങ്കിലുമുള്ള നീതിപീഠത്തിനുമുന്നിൽ കുറ്റം ചുമത്തി ശിക്ഷിക്കപ്പെടുന്നുണ്ടോ?

സിയാറ്റിലിൽ ഒരു അവിവാഹിതയായ അമ്മ മേഗൻ ലൂക്കസ് പുതുതായി പ്രസവിച്ച കുഞ്ഞിനെ പതിനേഴുകാരിയായ മകളുടെ കയ്യിൽ ഏൽപ്പിച്ച നാടുവിടുന്നു. ഇവരിൽ ആരാണ് കുറ്റക്കാരി? ആരാണ് ഇര? ആരാണ് സ്വാതന്ത്ര്യവും പുരോഗതിയും പ്രാപിച്ചത് എന്ന് ഒന്ന് വിശദീകരിക്കാമോ?

അമേരിക്കയിലെ അവിവാഹിതരായ മാതാക്കളുടെ എണ്ണം സൂചിപ്പിക്കുന്ന ഒരു പട്ടിക കാണുക:

(US Bureau of the census, current population reports, series p.23, no. 180, Washington DC, Government Printing Office, 1992)

മാതാക്കൾ മാത്രമുള്ള കുടുംബങ്ങൾ

1960 – 7.7

1970 – 11.8

1980 – 18

1990 – 21.6

അവിവാഹിതരായ മാതാക്കൾ

1960 – 3.9

1970 – 9.3

1980 – 15.5

1990 – 31.5

വിവാഹ മോചിതരായ മാതാക്കൾ

1960 – 24.7

1970 – 29.7

1980 – 41.6

1990 – 36.9

ഭർത്താവ് വേർപിരിഞ്ഞ മാതാക്കൾ

1960 – 46.8

1970 – 39.8

1980 – 31.6

1990 – 24.6

വിധവകളായ മാതാക്കൾ

1960 – 24.7

1970 – 21.2

1980 – 11.3

1990 – 7.0

പിതാക്കൾ മാത്രം നോക്കി നടത്തുന്ന കുടുംബങ്ങൾ

1960 – 1.0

1970 – 1.8

1980 – 1.7

1990 – 3.1

മാതാവും പിതാവുമുള്ള കുടുംബങ്ങൾ

1960 – 80.6

1970 – 75.1

1980 – 62.3

1990 – 57.7

പട്ടികയിലെ ആദ്യ അഞ്ചുതരം വിഭാഗത്തിലെയും സ്ത്രീകൾ വ്യത്യസ്ത കാരണങ്ങളാൽ തനിച്ച് കുടുംബം പോറ്റുകയാണ്. ആ കുടുംബങ്ങളിലെ മാതാവും പിതാവും അമ്മ തന്നെ! ഈ ഏകാകികളായ അമ്മമാരുടെ നിരക്ക് ഓരോ പതിറ്റാണ്ടിലും അധികരിച്ചു വരുന്നതാണ് നാം കാണുന്നത്. എന്നാൽ പുരുഷൻ തനിച്ചു പോറ്റുന്ന കുടുംബത്തിൻറെ തോതൊന്ന് ശ്രദ്ധിക്കൂ! നന്നേ ചുരുക്കം. ഇങ്ങനെയൊരു സമൂഹത്തെ സ്ത്രീവിമോചനത്തിന്റെ മാതൃകയായി അവതരിപ്പിക്കുന്നത് സ്വയം പരിഹാസ്യരാവലാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോ 2016ൽ പുറത്തുവിട്ട കണക്കിലും സ്ത്രീകളുടെ ഈ ദുരവസ്ഥയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. സ്ത്രീ മാത്രം പുലർത്തുന്നതാണ് അമേരിക്കയിലെ 23% കുടുംബവും. അതായത് 17.2 ദശലക്ഷം കുട്ടികൾ ഏകാകിയായ അമ്മമാരുടെ കീഴിൽ ജീവിതം തള്ളിനീക്കുന്നു. (Census.gov/newsroom/press-releases/2016/cb16-192.html)

15 ദശലക്ഷം തുണയില്ലാത്ത മാതാക്കൾ 2019 ലെ കണക്ക് പ്രകാരം മക്കളെ വളർത്തുന്നു. ‘മില്ലേനിയലു‘കളായ (1980 നും 2000 നും ഇടയിൽ ജനിച്ചവർ – Cambridge Dictionary) മാതാക്കളിൽ 64% പേരും ഒരുതവണയെങ്കിലും അവിവാഹിതകളായി പ്രസവിച്ചിട്ടുണ്ട്. 2.1 ദശലക്ഷം കോളേജ് വിദ്യാർഥിനികൾ 2012-ലെ റിപ്പോർട്ട് പ്രകാരം ഭർത്താവില്ലാത്ത അമ്മമാരായിട്ടുണ്ട്. (Emma Johnson: Single mom statistics and data for 2020, wealthysinglemommy.com)

ഇത്തരം ഏകാകികളായ മാതാക്കൾ വളർത്തുന്ന കുട്ടികൾ മാതാവും പിതാവും ചേർന്ന് വളർത്തുന്ന കുട്ടികളെക്കാൾ അതിദാരുണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു. പിതൃരാഹിത്യവും ശൈശവ ദാരിദ്ര്യവും തമ്മിലുള്ള ബന്ധം അമേരിക്കയിൽ പ്രകടമാണ്. 1922 ലെ കണക്കെടുപ്പ് പ്രകാരം വിവാഹിതരായ ദമ്പതികളുടെ കുടുംബ വരുമാനം 41000 ഡോളർ ആയിരുന്നെങ്കിൽ ഏക മാതാവിനാൽ പുലർത്തപ്പെടുന്ന കുടുംബങ്ങളുടെ വരുമാനം 9,000 ഡോളർ മാത്രമാണ്. (US Bureau of census. “Money Income of house holds, families and persons in the United States: 1992”, current population reports, series p-60, no. 184)

1992 ൽ, വിവാഹിതരായ ദമ്പതികളുടെ കുടുംബത്തിൽ ആറ് ശതമാനത്തോളമാണ് ദാരിദ്ര്യം നിലനിൽക്കുന്നത് എങ്കിൽ സ്ത്രീ മാത്രം പുലർത്തുന്ന കുടുംബങ്ങളിലെ ദാരിദ്ര്യനിരക്ക് 35 ശതമാനമാണ്. അതായത് ആറിരട്ടി ദാരിദ്ര്യം! (US Bureau of Census “Poverty in the United States: 1992″Current Population Reports, series p-60, no. 185 (Washington D C : US Government Printing Office, September 1993) കറുത്തവർഗ്ഗക്കാരിൽ ഏകാകിയായ മാതാക്കളുടെ കീഴിലുള്ള സന്തതികൾ വിവാഹിത ദമ്പതികളുടെ കീഴിലുള്ള കുടുംബങ്ങളെക്കാൾ നാലിരട്ടി അഥവാ 57% ദാരിദ്ര്യത്തിലാണ്. ഇർവിൻ ഗാർഫിൻകെലും സാറാ എസ് മക്‌ലാനഹനും കൂടി രചിച്ച “Single Mothers and their children”എന്ന പഠനത്തിന്റെ ചുരുക്കം ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: “സ്ത്രീകൾ മാത്രം മക്കളെ വളർത്തുന്ന കുടുംബങ്ങളിൽ മറ്റു എല്ലാ ജനസംഖ്യാ സമൂഹങ്ങളിലുള്ളതിനേക്കാൾ തീക്ഷണമായി ദാരിദ്ര്യം നിലനിൽക്കുന്നു; ദാരിദ്ര്യം അളക്കാൻ ഏതു മാനദണ്ഡങ്ങൾ ഉപയോഗിച്ചാലും ശരി.“ (“Single Mothers and their children: An American Dillemma”, washington D C, Urban Institute, 1986)
വില്യം ജൂലിയസ് വിൽസണും കാതറിൻ എം നെക്കർമാനും ഇതേ അഭിപ്രായക്കാരാണ്. “ലൈംഗികതയും വൈവാഹിക നിലയും ഒരു കുടുംബത്തിൻറെ ദാരിദ്ര നിലയെ നിർണയിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ്.“ (“Poverty and family structure”in sheldon h danziger and daniel h weinberg, eds, fighting poverty: What works and what doesn’t? (Cambridge Mass: Harward Universtity Press, 1986) Page: 240)

1986 ൽ ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങളിൽ ഭൂരിഭാഗവും പിതൃരഹിത ‘കുടുംബങ്ങൾ‘ ആയിരുന്നുവെന്ന് മറ്റൊരു കണക്ക്. (US Bureau of the census, “Poverty in the United States: 1992”) ഈ കണക്കുകളും പഠനങ്ങൾക്കും മുമ്പിൽ കണ്ണടച്ച് എത്രകാലം ‘സ്ത്രീവിമോചന‘മെന്ന മനപ്പായസം വിളമ്പും? ഈ വ്യവസ്ഥിതിയിൽ സ്ത്രീ വിമോചിതയാണോ അതോ ബന്ധിതയോ? ഈ സാമൂഹിക ഘടനയിൽ സ്ത്രീ ജീവിതം സന്തുഷ്ടമാണോ? അല്ലേയല്ല. തീക്കനലിലൂടെയാണ് സ്ത്രീകൾ നടന്നു നീങ്ങുന്നതെങ്കിലും കനൽക്കട്ടകളുടെ തിളക്കവും ഭംഗിയും അവളെ അതിൽ നിന്നും ഓടി രക്ഷപ്പെടുന്നതിൽനിന്നും തടയുന്നു. മുതലാളിത്ത ചൂഷക വ്യവസ്ഥയിൽ സ്ത്രീ പലതരം സുഖങ്ങളും അനുഭവിക്കുന്നുണ്ടാവാം; പക്ഷേ അവൾ സന്തുഷ്ടയല്ല. മുതലാളിത്തത്തിന് സുഖവും സന്തോഷവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയാത്തതിൽ അത്ഭുതമൊന്നുമില്ല. അവർക്ക് സുഖങ്ങളാണ് സന്തോഷം. ഉപഭോഗ സംസ്കാരത്തിലെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ലാഭങ്ങൾ എല്ലാം കൈപ്പറ്റുന്നവർ പുരുഷന്മാരും നഷ്ടങ്ങളെല്ലാം വഹിക്കേണ്ടവർ സ്ത്രീകളുമാകുന്നു. അതുകൊണ്ടുതന്നെ അത് സ്ത്രീവിരുദ്ധവും പുരുഷ നിർമ്മിതവുമാണെന്ന് മനസ്സിലാക്കാം.

മാതാക്കളുടെ മാത്രം കീഴിൽ വളരുന്ന കുട്ടികളിൽ ഹിംസാത്മക കുറ്റകൃത്യങ്ങൾക്കുള്ള പ്രവണത ശക്തമാണെന്ന് പ്രോഗ്രസീവ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് 1990ൽ നടത്തിയ പഠനം തെളിയിക്കുന്നു.

പിതാവിൻറെ അഭാവം കുട്ടികളിൽ പ്രത്യേകിച്ചും ആൺകുട്ടികളിൽ സൃഷ്ടിക്കുന്ന കുറ്റകൃത്യ പ്രവണത, സഹജീവികളോടുള്ള പൊരുത്തക്കേട്, വൈകാരികവും സ്വഭാവപരവുമായ പ്രശ്നങ്ങൾ, പഠനം ഉപേക്ഷിക്കൽ, ഒളിച്ചോട്ടം തുടങ്ങിയവയ്ക്ക് മുഖ്യ കാരണമായി വർത്തിക്കുന്നുവെന്ന് സർവേകളും ഗവേഷണങ്ങളും ആവർത്തിച്ച് സൂചിപ്പിക്കുന്നു. (Deborah A Dawson, “Family structure and children’s health and well being: Data from the 1988 National Health Interview survey on child health”, journal of marriage and the family, no 53 (August 1991): 573 – 84)

മാതാക്കളുടെ മാത്രം സംരക്ഷണത്തിൽ വളരുന്ന കുട്ടികളാണ് അധികവും ബാലപീഡനങ്ങൾക്കും ലൈംഗിക പീഡനങ്ങൾക്കും ഇരയാവുന്നത് എന്നതും നാം സൂചിപ്പിച്ചു. ഇവരിലധികവും മാതാവിൻറെ അവിവാഹിത തോഴന്മാരാൽ ആണ് ലൈംഗിക പീഡനങ്ങൾക്ക് ഇരയാകാറ്. (Flynn Mc Robons and John Gorman”Child abuse often points to Boyfriends”(Chicago Tribune, March 11, 1993)

കൂക്ക് കൺട്രിയിൽ പതിനൊന്നു വർഷം ബാല പീഡന കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകനായ ഡെയ്ൽ വെയ്ഗന്റ് “95 ശതമാനവും കുറ്റവാളി മാതാവിന്റെ ലൈംഗിക പങ്കാളികളോ ബോയ്ഫ്രണ്ടുകളോ ആയിരിക്കും“ എന്ന് കട്ടായം പറയുന്നു. (Chicago Tribune, March 11, 1993)

ഇവിടെയെല്ലാം ഇരകൾ സ്ത്രീകളും, സ്ത്രീകൾ ഇരകളുമാണ്. വേട്ടക്കാർ പുരുഷന്മാരും, പുരുഷന്മാർ വേട്ടക്കാരും ആണ്. തിരിച്ചുംമറിച്ചും ഒരായിരം തവണ ഉരുവിട്ടാലും മുതലാളിത്തം സൃഷ്ടിച്ചെടുത്ത അവിവാഹിത ലൈംഗികത സംസ്കാരം സ്ത്രീവിരുദ്ധം തന്നെ.

വിവാഹത്തിലൂടെ സ്ത്രീയെ ഗാർഹികമായി പുരുഷൻ പീഡിപ്പിക്കുന്നുവെന്ന് വാദിച്ചാലും അവിവാഹിത ബന്ധങ്ങൾക്ക് ന്യായീകരണമാകുന്നില്ല. കാരണം അവിവാഹിത ബന്ധങ്ങളിൽ സ്ത്രീ അനുഭവിക്കുന്ന പുരുഷ പീഡനങ്ങൾ ഭർത്താവിന്റെ ഗാർഹിക പീഡനങ്ങളെക്കാളും എത്രയോ ഇരട്ടിയാണെന്നാണ് അമേരിക്കയിലെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്.
1979 മുതൽ 1987 കാലയളവിലെ കണക്കുപ്രകാരം ഭർത്താവിനാൽ ഭാര്യമാർക്ക് ഏൽക്കേണ്ടിവന്ന അക്രമാസക്തമായ കുറ്റകൃത്യങ്ങൾ 9 ശതമാനം ആണെങ്കിൽ ഭർത്താക്കന്മാർ അല്ലാത്ത ലൈംഗിക പങ്കാളികളിൽ നിന്നും മറ്റു പുരുഷന്മാരിൽ നിന്നും സ്ത്രീകൾ അനുഭവിക്കേണ്ടിവന്ന അക്രമങ്ങൾ 65% ആയിരുന്നു. (Cardyn Wolf Harlow, ‘Female Victims of violent Crime’, Washington D C, US Department of Justice, 1991, page:1-2)

അഥവാ, കുടുംബത്തിൽ നിന്നും ദാമ്പത്യത്തിൽ നിന്നും സ്ത്രീ അനുഭവിക്കുന്ന പീഢനങ്ങളെ പ്രശ്നവൽക്കരിച്ച്, ഫെമിനിസ്റ്റുകളും മുതലാളിത്ത സ്ത്രീ “വിമോചന” അപ്പോസ്തലരും ‘സ്വതന്ത്ര്യ ലൈംഗികത’യും ‘കുടുംബരാഹിത്യവും’ ഒരു ബദലായി അവതരിപ്പിക്കുന്നത് ശുദ്ധ അസംബന്ധം മാത്രമാണെന്നാണ് സാമൂഹിക യാഥാർത്ഥ്യങ്ങൾ തെളിയിക്കുന്നത്. കാരണം, മുകളിലെ കണക്കുകളുടെ ജീവസാക്ഷികളായ സ്ത്രീകൾ സ്വമനസാ ലൈംഗിക ബന്ധത്തിലേർപ്പെടുകയും വിവാഹം വേണ്ടെന്നു തീരുമാനിക്കുകയും ചെയ്തവരാണ്. ഇത് സ്ത്രീ ചൂഷണത്തിന്റെ ‘സർഗ്ഗ‘ ചാതുര്യത്തിന്റെയും തന്ത്രവൈദഗ്ധ്യത്തിന്റെയും ഉദാഹരണമാണ്. സ്ത്രീയെ അടിമത്തത്തിലേക്ക് മുടിക്കെട്ട് പിടിച്ച് വലിച്ചിഴക്കുന്നതിന് പകരം അവൾ സ്വമേധയാ അടിമ കൂട്ടിലേക്ക് വന്നുചേരുന്ന സാമൂഹിക വ്യവസ്ഥ അതിനിപുണമായി ‘മുതലാളിത്ത സ്ത്രീ ചൂഷകർ‘ കണ്ടെത്തിക്കഴിഞ്ഞു. മുതലാളിത്തത്തിന്റെ പരീക്ഷണ ലാബിലെ ഏറ്റവും വിജയകരവും വിചിത്രവുമായ കണ്ടുപിടുത്തം ഇതാണ്. ഹെമലിൻ പട്ടണത്തിലെ പൈഡ് പൈപ്പർ കുഴലൂതി വിളിക്കുമ്പോൾ പിന്നിൽ അണിനിരയായി പിൻതുടരുന്ന ഇരകളെ പോലെ ‘പരിഷ്കൃത സമൂഹത്തിലെ‘ സ്ത്രീകൾ അടിമത്തത്തിലേക്ക് ആവേശത്തോടെ അണിനിരക്കുന്നു. മുതലാളിത്ത പുരുഷാരാധകരുടെ ലാബുകളിൽ കണ്ടെത്തിയ ‘പൈഡ് പൈപ്പറുടെ മാജിക് പൈപ്പ്‘ ആകുന്നു സ്വാതന്ത്ര്യ ലൈംഗികത. അഥവാ ‘അവിവാഹിത ലൈംഗികതാ സംസ്കാരം‘ സ്ത്രീവിരുദ്ധമല്ല, പ്രത്യുത സ്ത്രീ പുരോഗമനമായി സ്ത്രീകൾ മനസ്സിലാക്കുന്ന ദൈന്യത. ഇത്തരം ‘പുരോഗമന സംസ്കാരം‘ യഥാർത്ഥത്തിൽ സ്വർണ്ണ ചങ്ങലയാണ്. ആധുനിക പുരോഗമനവാദക്കാരും ഫെമിനിസ്റ്റുകളുമെല്ലാം യഥാർത്ഥത്തിൽ ഈ വെട്ടിത്തിളങ്ങുന്ന സ്വർണ്ണ ചങ്ങല അണിയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് മുറവിളി കൂട്ടുന്നത്. അമേരിക്കയിൽ ഇന്ന് നാടുവാഴുന്ന ‘മുതലാളിത്ത സ്ത്രീ ചൂഷണത്തി‘ന്റെ ആമുഖങ്ങളാണ് നമ്മുടെ നാട്ടിലെ ചുംബന സമരങ്ങൾ.

ചുംബന സമര നായിക രശ്മി നായരും ഭർത്താവ് രാഹുൽ പശുപാലനും ചേർന്നു നടത്തിയ ഓൺലൈൻ പെൺവാണിഭ സംഘത്തിലെ 13 പേരെയടക്കം അറസ്റ്റ് ചെയ്ത വാർത്ത പിന്നീട് നാം കേട്ടല്ലോ. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലൈംഗിക ആകർഷണീയ ചിത്രങ്ങൾ ‘കൊച്ചുസുന്ദരികൾ‘ എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുകയും അതുവഴി ധാരാളം ലൈംഗിക കച്ചവടം പൊടിപൊടിക്കുകയും ചെയ്തുകൊണ്ടിരിക്കെയാണ് തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ ക്രൈം 34/2015 നമ്പറായി സൈബർ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ‘ഓപ്പറേഷൻ ബിഗ് ഡാഡി‘യിലൂടെ ഇവരെ പിടികൂടിയത്. 16ഉം 17ഉം വയസ്സുള്ള മൈനർ പെൺകുട്ടികളെ നൽകാൻ ഇവർ ഒന്നരലക്ഷം രൂപ വീതമാണ് ഈടാക്കുന്നത്. ചുംബന സമര നായിക രശ്മിക്ക് വില എൺപതിനായിരം! (mathrubhumi.com/mobile/news/kerala/news-1694560)

സദാചാരവും സംസ്കാരവുമുപേക്ഷിച്ച് പുരോഗമന – ‘മതംവിട്ട പെണ്ണ്’ രണ്ടാഴ്ച്ച തികയുമ്പോഴേക്കും ‘പുരോഗമനവാദികളായ ആങ്ങള’മാരിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന ലൈംഗിക ചൂഷണത്തെ പറ്റി നിലവിളിച്ചും മൂക്കു പിഴിഞ്ഞും വീഡിയോ പോസ്റ്റുന്നു.
(https://youtu.be/sSKpxdVxzxg)

പുരുഷാസക്തിയുടെ പ്രാകൃതരൂപമാണ് ഇന്ന് ‘സ്ത്രീ സ്വാതന്ത്ര്യത്തി‘ന്റെ മൂടുപടമണിഞ്ഞു നാടുവാഴുന്നതെന്നർത്ഥം. സൗജന്യ ലൈംഗികതയും ബാധ്യതകളില്ലാത്ത രതിയും ലഭ്യമാക്കാൻ ഇതിലും നല്ല കുതന്ത്രം മെനയാനുണ്ടോ? സാംസ്കാരിക പുരുഷാധിപത്യത്തിനായി ഫെമിനിസ്റ്റുകൾ തന്നെ സമരങ്ങൾ സംഘടിപ്പിക്കുമ്പോൾ മുതലാളിത്ത സ്ത്രീ ചൂഷകർ കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്ന ഈ സുവർണ്ണ ചങ്ങലക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ അയാൾ പിന്തിരിപ്പനും സ്ത്രീവിരുദ്ധനുമായി മുദ്രണം ചെയ്യപ്പെടുന്നു.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.