മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -3

//മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -3
//മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -3
ശാസ്ത്രം / തത്ത്വശാസ്ത്രം

മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -3

Print Now
പരിഷ്‌കൃതരൊ മുടി വെട്ടി മിനുക്കിയ പ്രാകൃതരൊ ?!

ഈ പറഞ്ഞ എല്ലാ അർത്ഥത്തിലും അഭിനവ മുതലാളിത്തത്തിന്റെ വളർച്ചക്കും ത്വരിതവൃദ്ധിക്കും അത്യന്താപേക്ഷികവും അടിസ്ഥാനപരവുമായ ഒന്നായി കഴിഞ്ഞു അവിവാഹിത ലൈംഗികത. അപ്പോൾ മാർക്സിസ്റ്റ് ബുദ്ധിജീവികളുടെ താത്ത്വിക വിടുവായത്തങ്ങൾക്ക് എന്തു പ്രസക്തി?

ഉപഭോഗ സംസ്കാരത്തിന്റെ അനിവാര്യ ഘടകമായ വിവാഹ രഹിത ലൈംഗികത പ്രചരിപ്പിക്കാൻ സർവ്വ മാധ്യമങ്ങളും മുതലാളിത്തം ഉപയോഗപ്പെടുത്തിയെന്ന് നാം സൂചിപ്പിച്ചു. ഇതിന് എണ്ണമറ്റ തെളിവുകൾ നിരത്താൻ സാധിക്കും ഡേവിഡ് ബ്ലാങ്കൻഹോൺ എഴുതുന്നു: “ജനപ്രിയ സംസ്കാരത്തിൽ നിന്നും ബാധ്യതകളും ഉത്തരവാദിത്വങ്ങളുമില്ലാത്ത ലൈംഗികതയാകുന്ന പരമ്പരാഗത പുരുഷാധിപത്യ സങ്കൽപത്തിന് ആധുനിക സമൂഹത്തിൽ കൂടുതൽ സ്വീകാര്യത ലഭിച്ചു. പ്ലേബോയ് മാഗസിനുകളും ജെയിംസ് ബോണ്ട് സിനിമകളും ട്രാവിസ് മക്‌ഗീ നോവലുകളും ആഘോഷിക്കുന്ന പുരുഷ മാതൃകകൾക്ക് സമൂഹത്തിൽ കൂടുതൽ പ്രചാരം സിദ്ധിച്ചു. പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞനായ ‘എലിജ ആൻഡഴ്സൺ‘ അഭിപ്രായപ്പെടുന്നത്, പിതൃത്വത്തിൽ നിന്ന് പൂർണ്ണമായും മോചിതമായ, താൽക്കാലികമായ ലൈംഗികത, രാജ്യത്തെ ആന്തരിക നഗരങ്ങളിലെ ‘ലൈംഗിക സംഹിത‘യായി മാറിയിരിക്കുന്നു എന്നുള്ളതാണ്.“ (Fatherless America, ca: 27) ‘ഹോളിവുഡ്‘ (Hollywood) സിനിമകളും സീരിയലുകളുമാണ് ഈ സാംസ്കാരിക പ്രചാരണത്തിന്റെ മുഖ്യ മാധ്യമം. നാമിവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് അമേരിക്കയിലെ ബി-ഗ്രേഡ് സിനിമകളെയോ നീലചിത്രങ്ങളെയോ പറ്റിയല്ല; മുഖ്യധാരാ സിനിമ സീരിയലുകളിലെ വൈകൃതങ്ങളെ സംബന്ധിച്ചാണ്.

അമേരിക്കയിലെ പ്രമുഖ ചാനലായ ABC യിൽ എല്ലാ ഞായറാഴ്ചകളിലും സംപ്രേക്ഷണം ചെയ്യപ്പെടുകയും അസൂയാവഹമായ സ്വീകാര്യത നേടുകയും ചെയ്ത, 16 സീസണുകൾ (വർഷം) കഴിഞ്ഞ് പതിനേഴാമത്തെ സീസണിലേക്ക് കടക്കുന്ന ‘ഗ്രേയ്‌സ് അനാട്ടമി‘ (Grey‘s Anatomy) എന്ന സീരിയൽ (അമേരിക്കൻ പ്രയോഗത്തിൽ സീരീസ്) ഉദാഹരണമായി എടുക്കാം. സിയാറ്റിൽ ഗ്രേയ്‌സ് ഹോസ്പിറ്റലിൽ ‘ഇന്റേണുകൾ‘ (പരിശീലന കാലത്തെ പുതു ഡോക്ടർമാർ) ആയി വന്നുചേർന്ന ഒരുപറ്റം യുവ ഡോക്ടർമാരുടെ പരിശീലന കാലഘട്ടമാണ് സീരിയലിന്റെ ഇതിവൃത്തം. സീരിയലിന്റെ ഏതാനും സീസണുകളുടെ ഹ്രസ്വ വിവരണം വായിക്കുക: പ്രശസ്ത ഡോക്ടറായ എല്ലിസ് ഗ്രെയുടെ മകൾ മെരഡിത്ത് ഗ്രേയ് സിയാറ്റിൽ ഹോസ്പിറ്റലിൽ ഇന്റേൺ ആയി എത്തുന്നു. കൂടെ സഹ ഇന്റേണുകൾ ആയി എത്തിയ ക്രിസ്റ്റീന യാങ്ങ്, ഇസബൽ സ്റ്റീവൻസ്, ജോർജ് ഓ മാലി, അലക്സ് കാറേവ് എന്നിവരുമായി മെരഡിത്ത് അടുത്ത സുഹൃത്താവുന്നു. ഹോസ്പിറ്റലിലെ ന്യൂറോ സർജനും പ്രശസ്തനുമായ ഡെറിക് ശഫേർഡുമായി മെരഡിത്ത് പ്രണയത്തിലാവുന്നു. പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. അവർ തമ്മിലെ പ്രേമബന്ധം ഗാഢമായി പരിണമിക്കുമ്പോഴാണ് ഡോക്ടർ ഡെറിക്കിന്റെ ഭാര്യ ഡോക്ടർ ആഡിസൺ മോണ്ട്ഗോമറി ഹോസ്പിറ്റലിൽ ഡോക്ടറായി ചേരുന്നത്. തന്റെ ഭർത്താവിന്റെ ഉറ്റസുഹൃത്തായ ഡോക്ടർ മാർക്ക് സ്ലോനുമായി പത്തുവർഷത്തോളം രഹസ്യ ബന്ധം പുലർത്തിയത് കൊണ്ടായിരുന്നു ഡോക്ടർ ഡെറിക് ഭാര്യയെ ഉപേക്ഷിച്ച് സിയാറ്റിൽ ഹോസ്പിറ്റലിൽ ചേർന്നത്. ഭർത്താവിനെ തിരിച്ചു പിടിക്കാനാണ് ഡോക്ടർ ആഡിസൺ വന്നത്. ഭാര്യക്ക് ക്ഷമ നൽകി സ്വീകരിക്കണോ മെരഡിത്തുമായി ബന്ധം തുടരണോ എന്ന് ഡോക്ടർ ഡെറിക് ആശയക്കുഴപ്പത്തിൽ ആവുന്നു. അപ്പോഴേക്ക് മെരഡിത്ത് മറ്റൊരാളുമായി പ്രണയത്തിലാവുന്നു. തൻറെ കാമുകിയായ ഡോക്ടർ ആഡിസണെ തിരിച്ചുപിടിക്കാൻ വിദേശത്ത്‌ നിന്നും ഡോ. മാർക്ക് സ്ലോനും എത്തുന്നു. പലതവണ പലരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുള്ള ഡോക്ടർ മാർക്കിനോട് തന്നെ തിരിച്ചു കിട്ടണമെങ്കിൽ 40 ദിവസം ഒരു സ്ത്രീയുമായും ബന്ധത്തിലേർപ്പെടരുത് എന്ന് ഡോക്ടർ ആഡിസൺ പറയുന്നു. അതേസമയം ഡോക്ടർ മെരഡിത്ത് ഡോക്ടർ ഡെറിക്കിനെയാണോ മറ്റേ കാമുകനെയാണോ സ്വീകരിക്കേണ്ടത് എന്ന് ആശയക്കുഴപ്പത്തിലാവുന്നുവെങ്കിലും രണ്ടുപേരുമായി ലൈംഗിക ബന്ധം തുടരുന്നു… ഇന്റേണായ ജോർജ് ഹോസ്പിറ്റലിലെ ഒരു ഡോക്ടറായ കാല്ലിയുമായി പ്രണയത്തിലാവുന്നു. പക്ഷേ അവളറിയാതെ സുഹൃത്തും ഇന്റേണുമായ ഇസബെല്ലുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു. പിന്നീട് കാല്ലിയെ വിവാഹം കഴിക്കുന്നു എങ്കിലും ഇസബെല്ലിനെ പ്രേമിക്കുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ഈ രഹസ്യ ബന്ധം കണ്ടെത്തുന്ന കാല്ലി ഡോക്ടർ ജോർജുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്നു. മറ്റൊരു ഇന്റേണായ ക്രിസ്റ്റിന പരിശീലകനും മുതിർന്ന ഡോക്ടറുമായ ബർക്കുമായി നിരന്തര ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു. പിന്നീട് ഗർഭിണിയാകുന്നുവെങ്കിലും ഇരുവരുടെയും ഉദ്യോഗനന്മയെ പരിഗണിച്ച് ഗർഭം മറച്ചുവെക്കുന്നു. വിദേശത്തുനിന്നും ക്രിസ്റ്റിനയുടെ മുൻ പരിശീലകനായിരുന്ന ഒരു ഡോക്ടർ സിയാറ്റിൽ ഹോസ്പിറ്റലിൽ വരുന്നു. ഡോക്ടർക്ക് ക്രിസ്റ്റീനയുമായി ഉണ്ടായിരുന്ന പ്രണയബന്ധം വീണ്ടും സ്ഥാപിക്കാൻ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു. ഇന്റേണായ ഇസബല്ലക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടെങ്കിലും ഇസബല്ലയുടെ ജോലിത്തിരക്ക് കാരണം വേർപിരിയുന്നു. പിന്നീട് സഹ ഇന്റേണായ ഡോക്ടർ അലക്സുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നു. ബന്ധം പെട്ടെന്ന് തന്നെ അവസാനിക്കുന്നു. ഡോക്ടർ അലക്സ് ഹോസ്പിറ്റലിലെ ഒരു നഴ്സുമായി പ്രണയത്തിലാകുന്നു. ഇസബല്ല വിവാഹിതനും സഹ ഇന്റേണുമായ ഡോക്ടർ ജോർജുമായി അൽപകാലം ലൈംഗികബന്ധത്തിലേർപ്പെടുന്നു… (greysanatomy.fandom.com)

ഇത്രയും വിശദമായി ഈ സീരിയലിനെപറ്റി വിവരിക്കാൻ പല കാരണങ്ങളുമുണ്ട്. അമേരിക്കയിലെ പൊതുജനങ്ങൾക്ക് നിരന്തരം നൽകപ്പെട്ടു കൊണ്ടിരിക്കുന്ന മിനി-സ്ക്രീൻ സന്ദേശം പച്ചയായ അവിവാഹിത ലൈംഗിക സംസ്കാരമാണ്. പൊതുധാരയിലെ ജനപ്രിയ സീരിയലാണ് ഗ്രേയ്‌സ് അനാട്ടമി. മറ്റു സീരിയലുകൾ ആറും ഏഴും സീരീസുകളിൽ അവസാനിക്കുമ്പോഴും ഇത്തരം സീരിയലുകൾ പതിറ്റാണ്ടുകൾ നീളുന്നത് അവയുടെ ജനപ്രീതിയെ സൂചിപ്പിക്കുന്നു. മറ്റൊരു ശ്രദ്ധേയമായ പോയിൻറ്, ഇതിവൃത്തം ഒരു ഹോസ്പിറ്റലും ഡോക്ടർമാരും ആണെന്നതാണ്. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഒരു സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള ഡോക്ടർമാർക്കിടയിലെ ബന്ധങ്ങളുടെ കഥ ഇത്ര ജീർണമാണെങ്കിൽ സാധാരണക്കാരുടെ കാര്യം ഓർക്കുക.

ഹോളിവുഡ് സിനിമകളും സീരിയലുകളും ‘പിതാവിനെ‘ സ്ത്രീ ജീവിതത്തിലെ ഒരു ‘അനാവശ്യ‘ ഘടകമോ ‘അധിക പറ്റോ‘ ആയി ആവർത്തിച്ചാവർത്തിച്ച് ചിത്രീകരിക്കുന്ന പ്രവണത ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നു.
സ്റ്റാൻലി ആർ ഗ്രഹാം പറയുന്നു: “കഴിഞ്ഞ 20 വർഷത്തെ ടെലിവിഷൻ ഷോകൾ മിക്കപ്പോഴും പിതാവിനെ ഒരു വിഡ്ഢി ആയാണ് ചിത്രീകരിക്കുന്നത്.“ (“What does a man want?”American Psychologist 47, no. 7, July 1992)

ചില ഉദാഹരണങ്ങൾ കുറിക്കാം:

* 1989 ൽ മിനി സ്ക്രീനിലെത്തിയ ‘The Women of Brewster Place’ എന്ന സീരിയലിൽ ലജ്ജാവതിയായ യുവതി പറയുന്നു: “എനിക്ക് ഭർത്താവില്ല.“ മുതിർന്ന ബുദ്ധിമതിയായ സ്ത്രീ പ്രതികരിക്കുന്നു: “മ്…, എന്നാലേ, എനിക്ക് അഞ്ചെണ്ണം ഉണ്ടായിരുന്നു. അതുകൊണ്ടെനിക്കറിയാം… നിനക്ക് ഭർത്താവില്ലാത്തതിനാൽ ജീവിതത്തിൽ പ്രത്യേകിച്ചൊന്നും നഷ്ടമായിട്ടില്ല….“

1993 ലെ ‘Homicide: Life on the Street’ എന്ന സീരിയലിൽ പോലീസുകാരൻ യുവതിയായ അമ്മയോട്: “നിങ്ങളുടെ ആ കുഞ്ഞിന് അച്ഛനുണ്ടോ?“ അമ്മ: “എല്ലാ കുഞ്ഞിനും അച്ഛനുണ്ടാവുമല്ലോ. എൻറെ കുഞ്ഞ് അവൻറെ അച്ഛനെ അന്വേഷിക്കാതിരുന്നാൽ മതിയായിരുന്നു എന്നാണ് എന്റെ ആഗ്രഹം…“

* 1985 ലെ പ്രമുഖ സിനിമയായ ‘St. Elmo‘s Fire‘ ൽ ന്യൂയോർക്കിൽ തൻറെ സംഗീത കരിയർ പിന്തുടരാനായി ഭാര്യ മെലഡിയേയും മകളെയും ഉപേക്ഷിച്ച് നാടുവിടുന്ന സംഗീതജ്ഞനും യുവാവുമായ ബില്ലി തന്റെ കാമുകിയോട് ഇങ്ങനെ പറയുന്നു : “ഇടയ്ക്കൊക്കെ ഭാര്യയേയും കുട്ടിയേയും സന്ദർശിച്ചാലോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ അത്തരം വിരളമായ സന്ദർശനമല്ല (ഭാര്യ) മെലഡിക്ക് വേണ്ടത്. അത് ഞങ്ങളുടെ ബന്ധത്തിൽ ആശയക്കുഴപ്പങ്ങളേ സൃഷ്ടിക്കൂ…“

ഹോളിവുഡ് സിനിമകൾ അവിവാഹിത ലൈംഗിക സംസ്കാരത്തിന്റെ പ്രചാരണ മാധ്യമമാണെന്ന വസ്തുത അൽപം ചർച്ച ചെയ്യാം:

* എഫ്.സ്കോട്ട് ഫിറ്റ്‌സ്‌ജെറാൾഡ് എഴുതിയ നോവലിന്റെ സിനിമ ആവിഷ്കാരമാണ് ‘ദ ഗ്രേറ്റ് ഗാറ്റ്‌സ്‌ബി‘ എന്ന സിനിമ. നോവലിലെ കഥാപാത്രമായ ‘നിക്ക്‘ ആണ് ഗാറ്റ്‌സ്‌ബിയുടെ കഥപറയുന്നത്. നിക്കിന്റെ പിതൃ സഹോദരൻറെ മകളായ ഡെയ്സി പണക്കാരനായ ഭർത്താവ് ടോമുമായി ജീവിക്കുന്നു. ടോമിന് വിവാഹിതയായ മറ്റൊരു സ്ത്രീയുമായി (മർട്ടിൽ വിൽസൺ) പ്രണയബന്ധമുണ്ട്. അതേസമയം നാട്ടിൽ പുതുതായി വന്ന ഗാറ്റ്‌സ്‌ബി എന്ന ധനികൻ (യഥാർത്ഥത്തിൽ ധനികൻ അല്ല) ടോമിന്റെ ഭാര്യ ഡെയ്സിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ടോം ഈ ശ്രമം പരാജയപ്പെടുത്താനും ശ്രമിക്കുന്നു. തന്റെ ഭാര്യയുമായി അവിഹിതബന്ധത്തിലേർപ്പെടുകയും കൊലപ്പെടുത്തുകയും ചെയ്തത് ഗാറ്റ്‌സ്‌ബി ആണെന്ന് തെറ്റിദ്ധരിച്ച് മർട്ടിൽ വിൽസന്റെ ഭർത്താവ് ജോർജ്ജ് വിൽസൺ ഗാറ്റ്‌സ്‌ബിയെ വെടിവെച്ചു കൊല്ലുന്നു എന്നതാണ് ‘ദ ഗ്രേറ്റ്‘(!?) ഗാറ്റ്‌സ്‌ബിയുടെ കഥയുടെ ചുരുക്കം. (www.britannica.com)

* ‘വാട്ട് ഈസ് യുവർ നമ്പർ‘ (What‘s your number) 2011ൽ ഇറങ്ങിയ സിനിമ മുപ്പതുകാരിയായ ‘ആല്ലി ടാർലിങ്ങി‘നെ പറ്റിയാണ്. പത്തൊമ്പതോളം പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുള്ള ആല്ലി ഒരു മാഗസിനിൽ അവിചാരിതമായി ഒരു ലേഖനം വായിക്കുന്നു. ഇരുപത് പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ വിവാഹിതരാകാനുള്ള സാധ്യത വളരെ വിരളമാണ് എന്ന വിവരം ആല്ലിയെ വ്യാകുലയാക്കുന്നു. തന്റെ ഇരുപതാമത്തെ ലൈംഗിക പങ്കാളി ഭർത്താവാകാൻ കൊള്ളുന്ന ഒരാളായിരിക്കാൻ ആല്ലി ആശിക്കുന്നു. (m.imdb.com)

* ‘ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ‘ (Fifty shades of Grey) 2011ൽ ബ്രിട്ടീഷ് നോവലിസ്റ്റ് E.L ജെയിംസ് എഴുതിയ നോവൽ പരമ്പരയാണ്. 2015ൽ അവ സിനിമകളാക്കി ഹോളിവുഡ് അഭ്രപാളിയിലെത്തിച്ചു. അനസ്തീസിയ സ്റ്റീൽ എന്ന യുവതി യുവ ബിസിനസുകാരനായ ക്രിസ്റ്റൻ ഗ്രേയുമായി ‘സാഡോമാസോചിസ്റ്റിക്‘ (Sadomasochistic) ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതാണ് ഇതിവൃത്തം. വേദനിപ്പിക്കുന്നതോ അപമാന്യനാക്കുന്നതോ ആയ രതിക്രീഡകൾ ചെയ്യുന്നതിലോ ഏൽക്കുന്നതിലോ ലൈംഗിക ആനന്ദം ലഭിക്കുന്ന രതിവൈകൃതമാണ് ‘സാഡോമാസോചിസ്റ്റിക്‘ (psychologytoday.com). ഈ ലൈംഗിക വൈകൃതത്തെപോലും ഹോളിവുഡ് ഗ്ലാമർ വൽക്കരിക്കുകയും സാധാരണവൽക്കരിക്കുകയും ചെയ്യുന്നുവെന്നത് നമ്മെ മൂക്കിൻ തുമ്പത്ത് വിരലുവെപ്പിക്കുന്നു.

* ‘ആഫ്റ്റർ‘ (After) ‘അന്ന ടോഡി‘ന്റെ ബെസ്റ്റ് സെല്ലർ നോവലിനെ അവലംബിച്ച് 2019ൽ സിനിമയാക്കപ്പെട്ടു. ടെസ്സ യംഗ് എന്ന കൗമാരക്കാരി സമർഥയായ വിദ്യാർത്ഥിയും വിശ്വസ്തയായ മകളുമാണ്. സ്കൂൾ ജീവിതത്തിനിടയിൽ ഒരു സഹപാഠിയുമായി ആത്മാർത്ഥമായ പ്രണയത്തിലുമാണ്. എന്നാൽ കോളേജ് ജീവിതത്തിലെ ആദ്യ സെമസ്റ്റർ കാലഘട്ടത്തിൽ ടെസ്സ, ഹാർഡിൻ സ്കോട്ട് എന്ന നിഗൂഢനും വിമതനുമായ കൗമാരക്കാരനുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നു. അവൾ ഇത്രനാളും വെച്ചുപുലർത്തിയിരുന്ന സങ്കല്പങ്ങളെയും മൂല്യങ്ങളെയും അഭിലാഷങ്ങളെയും സ്വയം ചോദ്യം ചെയ്യുന്നതിലേക്ക് അവൻ അവളെ എത്തിക്കുന്നു. അവളുടെ ജീവിതത്തെ ‘മാറ്റിമറിക്കുന്നു‘. (rottentomatoes.com)

* ‘ക്രേസി, സ്റ്റുപ്പിഡ്, ലവ്‘ (Crazy, Stupid, Love) 2011ൽ ഇറങ്ങിയ സിനിമയിലെ മുഖ്യകഥാപാത്രം കാൾ വീവർ ഒരു മധ്യവയസ്കനാണ്. ഭാര്യ എമിലി സഹപ്രവർത്തകനായ ഡേവിഡ് ലിന്റഗണുമായി അവിഹിത ലൈംഗിക ബന്ധത്തിലേർപ്പെടുന്നു. വിവരമറിഞ്ഞ് ദുഃഖിതനും കോപിഷ്ഠനുമാവുന്ന കാൾ പ്രതികാരമെന്നോണം പല സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഈ പ്രതികാരത്തിൽ ജേക്കബ് പാൽമർ എന്ന യുവാവ് കാളിന് സഹായസഹകരണങ്ങൾ ചെയ്തു കൊടുക്കുന്നു. ഓരോ രാത്രിയും ബാറിൽ നിന്നും രാത്രികാല പാർട്ടികളിൽ നിന്നും പെൺകുട്ടികളെ വശീകരിച്ച് തന്റെ വീട്ടിൽ കൊണ്ടുപോയി അവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ശീലമാക്കിയ ഒരു യുവാവാണ് ജേക്കബ്. അവസാനം ‘കാളി‘ന്റെ മകൾ ഹന്നയുമായി പ്രണയത്തിലാവുന്നു. കാളിന്റെ മകനെ ജോലിസമയത്തു നോക്കാൻ ഏൽപ്പിച്ച പതിനേഴുകാരിയായ ജെസിക്കയുമായി സ്കൂൾ വിദ്യാർഥിയായ മകൻ പ്രേമത്തിലാവുന്നു. പക്ഷേ ജെസ്സിക്കക്കാകട്ടെ മധ്യവയസ്കനായ കാളിനോട് ആണ് പ്രേമം. അയാൾക്ക് തന്റെ നഗ്ന ചിത്രങ്ങൾ അയച്ചു കൊടുക്കാനായി ജെസിക്ക തുനിയുന്നു.

* അമേരിക്കയിലെ ചില ‘റിയാലിറ്റി ഷോ’കളെ ഇക്കൂട്ടത്തിൽ പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. ദ മൗറി ഷോ, പെറ്റേണിറ്റി കോർട്ട് തുടങ്ങിയവ ഉദാഹരണം. ഭർത്താവും ഭാര്യയും കാമുകനും ഷോയിൽ സന്നിഹിതരാകുന്നു. ഭാര്യക്ക് രണ്ട് വയസ്സുള്ള ഒരു കുഞ്ഞുണ്ട്. കുഞ്ഞിനെ റിയാലിറ്റി ഷോ അവതാരകൻ സ്ക്രീനിൽ പരിചയപ്പെടുത്തുന്നു. ഭർത്താവിന്റേയും ഭാര്യയുടേയും കാമുകന്റേയും വാദങ്ങൾ കേൾക്കുന്നു. കുഞ്ഞ് ഭർത്താവിന്റേതാണെന്ന് ഭാര്യ വാദിക്കുന്നു. തന്റേതല്ലെന്ന് ഭർത്താവും കാമുകനും വാദിക്കുന്നു. ശേഷം കുഞ്ഞിന്റെ ഡി.എൻ.എ ടെസ്റ്റ് റിസൾറ്റ് അവതാരകൻ തൽസമയം വെളിപ്പെടുത്തുന്നത് മൂന്നുപേരും കാണികളും ഉദ്വേഗപൂർവം കാതോർക്കുന്നു. കുഞ്ഞിന്റെ ഡി.എൻ.എ ടെസ്റ്റ് റിസൾറ്റ് പിതാവ് ഭർത്താവല്ലെന്നും കാമുകനാണെന്നും തെളിയിക്കുന്നു. ഭർത്താവ് ആഹ്ളാദോന്മാദത്താൽ സ്റ്റേജിൽ തുള്ളിച്ചാടി കൈകൾ വീശുന്നു. ഭാര്യയും കാമുകനും തോൽവിയും അപമാനവും സഹിക്കാനാകാതെ തല കുനിച്ചിരിക്കുന്നു. കാണികൾ ആവേശ ലഹരിയിൽ ആർത്തലച്ച് കരഘോഷം മുഴക്കുന്നു. ഇത് സിനിമയോ സിരിയലോ അല്ലെന്നത് പ്രത്യേകം ഓർക്കുക.

ഇതെല്ലാം അവിവാഹിത ലൈംഗിക സംസ്കാരത്തിന്റെ പ്രചാരണ മാമാങ്കത്തിന്റെ ഏതാനും ചില ഭാഗങ്ങൾ മാത്രം. ചെറുപ്രായം തൊട്ടേ അവിവാഹിത ലൈംഗികതയുടെ ത്രസിപ്പിക്കുന്ന വർണ്ണക്കാഴ്ചകൾ അഭ്രപാളിയിലൂടെ കണ്ടുവളരുമ്പോൾ സ്വാഭാവികമായും അത്തരം ഒരു സംസ്കാരത്തിൽ ചെറുപ്പക്കാർ അലിഞ്ഞുചേരുന്നു. തുടർന്ന് അവയെ പ്രാവർത്തിക തലത്തിലേക്ക് കൊണ്ടുവരാൻ ഉതകുമാറ് ആചാരങ്ങളും ചടങ്ങുകളും സാമൂഹിക ശീലങ്ങളും സമൂഹത്തിൽ സജീവമായി നിലനിർത്തുകയും ചെയ്യുകകൂടി ആവുമ്പോൾ ഈ സംസ്കാരം യാഥാർഥ്യമാകുന്നു… പരസ്പരം ആകർഷിതരാവുന്ന സ്ത്രീപുരുഷന്മാർ ‘ഡേറ്റിംഗിൽ‘ (Dating) ഏർപ്പെടുന്നു. പരസ്പരബന്ധം അടുത്ത ഘട്ടത്തിലേക്ക് നയിക്കുംമുമ്പ് അന്യോന്യം കൃത്യമായി അറിയാൻ ഒരുമിച്ച് സമയം ചെലവഴിക്കലാണ് ഡേറ്റിംഗ്. വിവാഹത്തിന് മുമ്പ് കമിതാക്കൾ തുടർച്ചയായി ഡേറ്റിങ്ങിൽ ഏർപ്പെട്ടുവെന്നു വരാം. (കാംബ്രിഡ്ജ് ഡിഷ്ണറി; dictionary.cambridge.org) മിക്കവാറും ഡേറ്റുകൾ പ്രമുഖ ഹോട്ടലിൽ ഒരുമിച്ച് രാത്രി ഭക്ഷണം കഴിക്കലാവാം, ചിലപ്പോൾ ഒരുമിച്ച് തിയേറ്ററിൽ നിന്നും സിനിമ കാണലാകാം. ഇത്തരം രാത്രികളെ ‘ഡേറ്റ് നൈറ്റ്‘ എന്ന് വിളിക്കുന്നു. ചിലപ്പോൾ ഒന്നിച്ചു ചെലവഴിക്കുന്ന സമയം വളരെ വൈകിയെന്ന് വരാം. പലപ്പോഴും ഇത്തരം ഡേറ്റ് നൈറ്റുകൾ ‘വൺ നൈറ്റ് സ്റ്റാൻഡുകൾ‘ (One-night stand) ആയി പരിണമിച്ചുവെന്നും വരാം. ഒരു രാത്രി മുഴുവൻ ഒരുമിച്ച് ചെലവഴിക്കുക, ലൈംഗികബന്ധത്തിലേർപ്പെടുക, ശേഷം പ്രസ്തുത ബന്ധത്തിൽ തുടരാതിരിക്കുക. അതാണ് ‘വൺ നൈറ്റ് സ്റ്റാൻഡ്‘ (Merriam Webster dictionary).

ചിലപ്പോൾ ഈ രാത്രി കളുടെ എണ്ണം കൂടിയേക്കാം. ഇത്തരം ലൈംഗികബന്ധത്തിലൂടെ ഇണയുടെ ലൈംഗിക ക്ഷമതയും അഭിരുചിയും മനസ്സിലാക്കാൻ സാധിക്കുന്നു. തൃപ്തികരമല്ലെന്ന് രണ്ടിൽ ഏതു കക്ഷിക്ക് തോന്നിയാലും ബന്ധം ഒഴിവാക്കാം. ഇത്തരം ‘വൺ നൈറ്റ് സ്റ്റാൻഡുകളി‘ൽ ഗർഭിണികൾ ആവുകയും പിതൃരഹിത പ്രസവങ്ങൾക്കിരയാവുകയും ചെയ്യുന്ന യുവതികളുടെയും കൗമാരക്കാരുടെ കണക്കുകൾ പിന്നീട് വിവരിക്കാം. മറ്റൊരു പ്രധാനപ്പെട്ട പദമാണ് പ്രോം, അല്ലെങ്കിൽ പ്രോംനൈറ്റുകൾ. ഒരു അധ്യയനവർഷത്തിനൊടുവിൽ സ്‌കൂളിൽ നിന്നോ കോളേജിൽ നിന്നോ പഠനം പൂർത്തിയാക്കുന്ന ഫൈനൽ വർഷക്കാർക്ക് വേണ്ടി സ്കൂളിൽ സംഘടിപ്പിക്കുന്ന നൃത്ത വിരുന്നാണ് പ്രോമുകൾ. (Lexico.com, Macmillandictionary.com) രാത്രിയിലാണ് ഈ നൃത്ത കച്ചേരി സംഘടിപ്പിക്കപ്പെടുന്നത് എന്നതിനാൽ പ്രോംനൈറ്റുകൾ എന്നും വിളിക്കപ്പെടുന്നു. ഫൈനൽ ബാച്ചിലെ വിദ്യാർഥികൾ ഓരോ ആൺകുട്ടിക്ക് ഒരു പെൺകുട്ടി എന്ന രീതിയിൽ ഇണകളായാണ് വരേണ്ടത്. മാതാപിതാക്കൾ മക്കളെ അണിയിച്ചൊരുക്കി അഭിമാനത്തോടെ ഇണയോടൊപ്പം (സഹപാഠിയായ ആൺകുട്ടി/പെൺകുട്ടി) ആൺകുട്ടി ഒരുക്കിയ വാഹനത്തിൽ യാത്ര അയക്കുന്നു. ഇത്തരം പ്രോംനൈറ്റുകൾ നേരം വൈകിയേക്കാം. കൂട്ടത്തിൽ കൂടുതൽ ചേർച്ചയും ജനപ്രീതിയും നേടിയെടുക്കുന്ന ഇണകളെ പ്രോം രാജാവും പ്രോം രാജ്ഞിയുമായി കിരീടമണിയിക്കുന്നു (Prom king & queen). നമ്മുടെ നാട്ടിൽ കോളേജുകളിൽ നടക്കുന്ന ‘സെന്റോഫുകൾ‘ പോലെ ഇടതടവില്ലാതെ പാശ്ചാത്യരാജ്യങ്ങളിലെ എല്ലാ സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന ചടങ്ങാണ് പ്രോമുകൾ. ഇത്തരം പ്രോമുകളിലാണ് ആദ്യകാല ലൈംഗിക ബന്ധങ്ങൾ പലതും നടക്കാറുള്ളത് എന്നത് ഈ സമ്പ്രദായത്തിന് യാതൊരു കോട്ടവും വരുത്തിയിട്ടില്ല. കൗമാരക്കാരികളും യുവതികളുമായ കുട്ടികൾ അവിവാഹിത ഗർഭിണികളായി മാറുന്നു. അമേരിക്കയിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസിന് കീഴിലുള്ള നാഷണൽ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് സിസ്റ്റത്തിന്റെ (NCHS) റിപ്പോർട്ടിലെ കണക്കുകൾ ശ്രദ്ധിക്കുക. റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രസവ നിരക്കുകൾ മാത്രം പരിഗണിച്ചാൽ 2018 ൽ പത്തും പതിനാലും വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളുടെ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രസവനിരക്ക് ആയിരത്തിൽ 0.2 എന്ന നിരക്കിലാണ്. പതിനഞ്ചും പതിനെട്ടും വയസ്സിനിടയിലുള്ള പെൺകുട്ടികളുടെ പ്രസവ നിരക്ക് ഓരോ ആയിരത്തിലും 17.4 എന്നതാണ്. അതായത് 1,79,607 പ്രസവങ്ങൾ. 2007 ൽ 4,44899 കൗമാര പ്രസവങ്ങളാണ് നടന്നത്.

ഇനി, ലൈംഗിക കച്ചവടത്തിലേക്ക് വരാം. 1990 ൽ പ്രസിദ്ധീകൃതമായ ഒരു പഠനം പറയുന്നത് അമേരിക്കയിലെ ജനസംഖ്യയിൽ ഓരോ ലക്ഷത്തിനും 23 പേർ മുഴുവൻ സമയ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവരാണ് എന്നാണ്. (Proceedings of National Academy of Sciences of the United States of America. 97(22): 12385-12388) ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് അടിമപ്പെട്ടവരിൽ 41.4% സ്ത്രീകളും 11.2% പുരുഷന്മാരും വേശ്യാവൃത്തിയിൽ ഏർപ്പെട്ട്
ലഹരിക്കുള്ള മാർഗം കണ്ടെത്തുന്നുവെന്നാണ് 2008ലെ ഒരു പഠനം സൂചിപ്പിക്കുന്നത്. (ML Burnette, Lucas, Milgen, Susan M. Fragne, “Prevalence and Health Correlates of prostitution among patients entering treatments for substance use disorders”, in, Archives of General psychiatry, Vol. 65, no. 3, page: 337-344) അമേരിക്കൻ ഐക്യനാടുകളിലെ വേശ്യാവൃത്തി വ്യാപാരം പ്രതിവർഷം 14,000 കോടി ഡോളർ വരുമാനം ഉണ്ടാക്കുന്നുവെന്നാണ് ഒരു കണക്ക്. (“Prostitution statistics – facts about prostitution and latest news, havocscope.com) ഫോണ്ടേഷൻ സ്കെല്ലസിന്റെ 2012ലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് അമേരിക്കയിൽ ഒരു ദശലക്ഷം വേശ്യകളുണ്ടെന്നാണ്. (Gus Lubin, January 17, 2012, Business Insider) യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റേറ്റ് (D.O.S) പുറത്തുവിട്ട കണക്കുപ്രകാരം പതിനയ്യായിരം തുടങ്ങി അമ്പതിനായിരത്തോളം സ്ത്രീകളും പെൺകുട്ടികളും പ്രതിവർഷം അമേരിക്കയിലേക്ക് ലൈംഗിക ഉപയോഗത്തിനായി മനുഷ്യക്കടത്തിന് വിധേയരാവുന്നു. സ്ട്രിപ്പ് ക്ലബ്ബുകൾ (നഗ്ന നൃത്തങ്ങൾക്ക് വേണ്ടി മാത്രമുള്ള ക്ലബ്ബുകൾ), സെക്സ് ഷോപ്പുകൾ, അഡൾട്ട് മൂവി തീയറ്ററുകൾ (ലൈംഗിക സിനിമ പ്രദർശനശാലകൾ) അഡൽട്ട് വീഡിയോ ആർക്കേഡ്‌സ്, പീപ്പ് ഷോപ്‌സ്, സെക്സ് ഷോവ്സ്, സെക്സ് ക്ലബ്ബുകൾ എന്നിവകൊണ്ടു യുഎസ് തെരുവുകൾ ശബ്ദമുഖരിതമാണ്.

ഇതിനുപുറമേ എസ്കോർട്ട്-ഔട്ട് കോൾ വേശ്യാവൃത്തിയും സജീവമാണ്; ഒരു ഫോൺ കോൾ കൊണ്ട് മാത്രം ‘ഉയർന്ന ശ്രേണി‘യിലുള്ള വേശ്യകളെ ലഭിക്കുന്ന സിസ്റ്റമാണിത്. വാഷിംഗ്ടൺ ഡി.സി.യിൽ ഒരു പുരുഷവേശ്യക്ക് മണിക്കൂറിന് 150 ഡോളറാണ് നിരക്ക്, ട്രാൻസ്ജെൻഡർ വേശ്യക്ക് മണിക്കൂറിന് 250 ഡോളറും. ന്യൂയോർക്ക് സിറ്റിയിൽ അങ്ങേയറ്റം ആകർഷണീയരും വെള്ളക്കാരികളുമായ അമേരിക്കൻ വേശ്യകൾക്ക് മണിക്കൂറിന് 1000 തുടങ്ങി 2000 ഡോളർ വരെ ഈടാക്കുന്നു. അതിൽ നാൽപ്പത് മുതൽ അമ്പത് ശതമാനംവരെ ഏജൻസി സ്വന്തമാക്കുന്നു. (Mike Celizic, “Former call girl opens up about the industry”, today.com). ക്രെഡിറ്റ് കാർഡ് സേവനങ്ങളും മിക്ക എസ്കോർട്ട് ഏജൻസികളും ലഭ്യമാകുന്നു. വേശ്യാലയങ്ങൾ നിരോധിക്കപ്പെട്ട സംസ്ഥാനങ്ങളിൽ സ്പാകളും പാർലറുകളുമൊക്കെയായി വേശ്യാസേവനങ്ങൾ നിലനിൽക്കുന്നു. പലതും ‘ശുഭകരമായ അന്ത്യങ്ങൾ‘ നൽകുന്ന മസാജ് പാർലറുകളായി (Massage Parlours with ‘Happy Endings‘) അറിയപ്പെടുന്നു. ചൈനീസ് കുടിയേറ്റക്കാരാണ് ഇതിൽ മിക്കവയിലേയും സ്റ്റാഫുകൾ. ഇത്തരം പാർലറുകളുടെ എണ്ണം 2011 ൽ 4197 ആയിരുന്നെങ്കിൽ 2013ൽ 4790 ആയി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. (in-depth report details economics of sex trade: the new york times, nytimes.com)

ബാലവേശ്യാവൃത്തി നിയമവിധേയമല്ലെങ്കിലും സജീവമാണ്. പ്രതിവർഷം ഒരു ലക്ഷത്തിലേറെ ബാല്യങ്ങൾ അമേരിക്കയിൽ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലൈംഗിക കച്ചവടത്തെ അഭിവൃദ്ധിപ്പെടുത്തുക എന്നത് മുതലാളിത്തത്തിന്റെ അനിവാര്യതയാണ്. അതിനായി രാജ്യത്തെ/സമൂഹത്തെ സർവ്വ സജ്ജമാക്കുകയും പരസ്യങ്ങളിലൂടെയും മീഡിയകളിലൂടെയും അതിനെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു:

“സ്വതന്ത്ര വിപണി പുറത്തുനിന്നുള്ള നിയന്ത്രണങ്ങളോ നിയമങ്ങളോ അംഗീകരിക്കുന്നില്ല. ലാഭമുണ്ടാക്കുന്നതെല്ലാം അതിന് ‘ചരക്കാ‘ണ്; ‘ഗുണപരമായ വേർതിരിവുകളില്ലാതെ വിപണിയിൽ വിതരണം ചെയ്യപ്പെടുന്നതും ആവശ്യക്കാർ ഉള്ളതുമായ സാധനമാണ് ചരക്ക്‘ (Commodity) എന്നാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ നിർവചനം. മദ്യവും മയക്കുമരുന്നുകളും രതിയും എല്ലാം ഈ നിർവ്വചനപ്രകാരം ചരക്കുകളാണ്. ഇവയ്ക്ക് നിലനിൽക്കുവാൻ അവകാശമുണ്ട്; മാന്യമായ അവകാശം! അതുകൊണ്ടാണ് അഭിസാരിക (Prostitute) എന്ന് വിളിക്കുന്നതിനു പകരം ലൈംഗിക തൊഴിലാളി (Sex worker) എന്നു തന്നെ വിളിക്കണമെന്ന് സ്വതന്ത്ര വിപണിയുടെ വക്താക്കൾ ശാഠ്യം പിടിക്കുന്നത്. ലൈംഗികത വിൽക്കുകയും വാങ്ങുകയും പുനർ വിൽപന നടത്തുകയുമെല്ലാം ചെയ്യേണ്ട ഒരു വ്യവസായം ആണെന്നാണ് അവരുടെ കാഴ്ചപ്പാട്. പ്രസ്തുത വ്യവസായം വഴി കോടികളുടെ വിനിമയങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലൈംഗിക വ്യവസായത്തിലെ (Sex industry) തൊഴിലാളികളാണ് സ്വതന്ത്ര വിപണിയുടെ വീക്ഷണത്തിൽ ലൈംഗികതൊഴിലാളികൾ. രതി വിൽക്കുന്നവരും കൂടെ നടന്ന് രതിസുഖം നൽകുന്നവരും (escorts) പരപീഢേച്ഛയിൽ അധിഷ്ഠിതമായ ലൈംഗിക സംതൃപ്തിയ്ക്ക് ഉപയോഗിക്കുന്നവരും (dominatrices) കാഴ്ചയിലൂടെ ലൈംഗികാഭിനിവേശമുണ്ടാക്കുന്നതിനു വേണ്ടിയുള്ള ചിത്രമെടുക്കാനും അഭിനയിക്കുവാനും സന്നദ്ധരാകുന്നവരും (Pornography) എല്ലാം ലൈംഗികതൊഴിലാളികളാണ്. കോടിക്കണക്കിന് ഡോളറുകളാണ് ഈ വ്യവസായം വഴി ക്രയവിക്രയം ചെയ്യപ്പെടുന്നത്. അമേരിക്കയിലെ നെവാഡ സ്റ്റേറ്റിലെ ലാസ് വെഗാസ് നഗരത്തിലേക്ക് കയറുമ്പോൾ തന്നെ ‘പാപ നഗരത്തിലേക്ക് സ്വാഗതം‘ (Welcome to Sincity) എന്ന കൂറ്റൻ നിയോൺ ബോർഡാണ് ഒരാളെ സ്വാഗതം ചെയ്യുന്നത്. എല്ലാ തിന്മകളും അതിന്റെ പൂർണവും നഗ്നവുമായ രീതിയിൽ നടമാടുന്ന പാപ നഗരം!
പൂർണ നഗ്നനൃത്തം നടക്കുന്ന 31 ക്ലബ്ബുകൾ! നഗ്നതാ വിനോദങ്ങളിലൂടെ മാത്രം എണ്ണൂറുകോടി ഡോളർ വരുമാനം! രണ്ടു ഡസനിലധികം ചൂതാട്ടകേന്ദ്രങ്ങൾ! അവിടെ നടക്കുന്നത് കോടിക്കണക്കിന് ഡോളറിന്റെ ചൂതാട്ടം. രതിയെയും ചൂതാട്ടത്തെയും ചൂടുപിടിപ്പിക്കുവാൻ മദ്യത്തിന് പകുതി വിലമാത്രം! പാപനഗരത്തിൽ ഒരു വർഷമെത്തുന്ന സന്ദർശകർ നാലുകോടി! പാപങ്ങൾക്ക് വേണ്ടിമാത്രം ഒരു നഗരമുണ്ടാക്കുവാൻ മുതലാളിത്ത സ്വതന്ത്രവിപണിക്കു മാത്രമേ കഴിയൂ.

എങ്ങനെയും പണമുണ്ടാക്കുകയെന്ന സംസ്കാരത്തിൽ ലൈംഗിക സുഖം കച്ചവടചരക്കാകുമ്പോൾ സുഖം പണം കൊടുത്ത് വാങ്ങുവാൻ മനഃശാസ്ത്രപരമായി അസാധ്യമായ സ്ത്രീ അവമതിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുകയാണെന്ന വസ്തുത ലോകത്തെവിടെയുമുള്ള സ്ത്രീപ്രശ്നങ്ങളെ വിറ്റ് പണമുണ്ടാക്കുന്ന മീഡിയ മറച്ചു വെക്കുന്നു. മറ്റു നാടുകളെയും തങ്ങളുടെ രതിസുഖത്തിന് പറ്റിയ രീതിയിൽ പരിവർത്തിപ്പിക്കുവാനായി സെക്സ് ടൂറിസത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് സ്വതന്ത്രവിപണിയുടെ വക്താക്കൾ വാചാലരാകുന്നു. അവരുടെ ത്രസിപ്പിക്കുന്ന കണക്കുകൾ മൂന്നാം ലോകത്തിലേക്ക് മീഡിയ കയറ്റുമതി ചെയ്യുമ്പോൾ അതു കണ്ട് അവിടെയുള്ള ഭരണാധികാരികളുടെ കണ്ണു തള്ളുന്നു. അവിടുത്തെ ജനങ്ങളെ സെക്സ് ടൂറിസത്തിന് പറ്റിയരീതിയിൽ മസ്തിഷ്കപ്രക്ഷാളനം ചെയ്യാൻ “യുനെസ്കോ“ വഴി ലൈംഗിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നു.

എല്ലായിടത്തുനിന്നും യഥേഷ്ടം സുഖം ആസ്വദിക്കുവാൻ ഇതുവഴി മുതലാളിമാർക്ക് വഴിതുറക്കുന്നു. 1993ലെ കണക്കുകൾ പ്രകാരം ഇന്തോനേഷ്യയിൽ രണ്ടര ലക്ഷത്തോളം ലൈംഗികത്തൊഴിലാളികളുണ്ട്. മലേഷ്യയിൽ ഇത് ഒന്നര ലക്ഷത്തോളവും ഫിലിപ്പീൻസിൽ ആറു ലക്ഷത്തോളവുമാണ്. തായ്‌ലാന്റിൽ ഇവരുടെ എണ്ണം മൂന്ന് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. 1993-95 ൽ മാത്രം തായ്‌ലാന്റിന് 2700 കോടി ഡോളറാണത്രെ ലൈംഗികവ്യവസായം വഴി ലഭിച്ചത്!

ജീൻ കിൽ ബോൺ എഴുതുന്നു: “വസ്തുവൽക്കരണത്തിന്റെ അനന്തരഫലങ്ങളിലൊന്നാണ് ലൈംഗികതയിലും അഭിനിവേശത്തിലും അത് ചെലുത്തുന്ന സ്വാധീനം എന്ന കാര്യത്തിൽ സംശയമില്ല. പരസ്യങ്ങളിലെ ലൈംഗികത ധാർമ്മികമായ പരിപ്രേക്ഷ്യത്തിൽ പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്. അതെ! ലജ്ജയില്ലാത്തതും കുട്ടികളെ തെറ്റുകളിലേക്ക് നയിക്കുന്നതുമായ നിരവധി സംഗതികൾ പരസ്യങ്ങളിലുണ്ട്. എന്നാൽ പരസ്യങ്ങളിലെ ലൈംഗികത ഇതിനേക്കാൾ അപകടകരമായ ഒരു ഫലം കൂടിയുണ്ടാക്കുന്നു. ഉന്നതമായ ലൈംഗികതയെ നിസ്സാരവൽക്കരിക്കുകയും ബന്ധങ്ങളിൽ അധിഷ്ഠിതമാക്കുന്നതിനു പകരം വാങ്ങിപ്പിക്കുകയും ചെയ്തുകൊണ്ട് യഥാർത്ഥ രതിക്ക് പകരം ആത്മാരാധനയാണ് അത് ഉൽപാദിപ്പിക്കുന്നത്. അത് തിന്മകളെ ഉൽപാദിപ്പിക്കുന്നു എന്നതിനേക്കാൾ അപകടകരമാണ് ലൈംഗികതയെ കൃത്രിമമാക്കുകയും സ്വയം അത് അനുഭവിക്കാൻ കഴിയുന്നില്ലല്ലോയെന്ന ബോധമുണ്ടാക്കുകയും
ചെയ്യുന്നുവെന്നത്.“

പെണ്ണിനെ ഒരു കച്ചവടവസ്തുവും അവളുടെ സൗന്ദര്യത്തെ കേവലം ഒരു ‘ചരക്കും’ മാത്രമാക്കിത്തീർക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് പെൺപക്ഷവാദികൾക്കോ പെണ്ണെഴുത്തുകാർക്കോ യാതൊന്നും പറയാനില്ലെന്നതാണ് ഏറെ വിചിത്രകരം. സ്ത്രീകൾക്കുനേരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്നതു മാത്രമല്ല പരസ്യവിപണി പെണ്ണുങ്ങളോടു ചെയ്യുന്ന അക്രമം; അവളുടെ വ്യക്തിത്വം തീരുമാനിക്കുന്നത് അവളുടെ ചർമ്മമാണെന്ന ധാരണയുണ്ടാക്കുകയും ചർമ്മസൗന്ദര്യത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പെണ്ണിനെ അളക്കുന്ന അവസ്ഥയുണ്ടാക്കിത്തീർക്കുകയും ചെയ്യുന്നുവെന്നതാണ് അത് പെണ്ണിനോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം. മാതൃത്വത്തെ പാപമായികാണുന്ന സംസ്കാരത്തിന്റെ ഉറവിടം അവളിലെ ലൈംഗികത മാത്രം കാണുന്ന രീതിയുടെ ഉപോൽപന്നമാണ്. മാതൃത്വവും വാർധക്യവുമെല്ലാം അവളുടെ തൊലിയഴകിനെ ബാധിക്കുമെന്നതിനാൽ അവയെല്ലാം ഉൽപാദനപരമല്ലാത്തതായിത്തീർന്നു, മുതലാളിത്തത്തിന്റെ നിഘണ്ടുവിൽ. ഒപ്പംതന്നെ അവൾക്ക് ലൈംഗികത ആസ്വദിക്കാനാവാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു പരസ്യവിപണി. വസ്ത്രപ്രധാനമായ ലൈംഗികതയല്ല, വികാരസാന്ദ്രമായ ലൈംഗികതയാണ് പെൺമനസ്സിനും ശരീരത്തിനും ആവശ്യമെന്നതിനാൽ തന്നെ രതിയെ വസ്തുവൽകരിക്കപ്പെടുന്ന സാമൂഹ്യ സംവിധാനത്തിൽ സ്ത്രീക്ക് യഥാരൂപത്തിൽ അത് ആസ്വദിക്കാനാവില്ല. പരസ്യവിപണി പെൺവിരുദ്ധമാണെന്ന് ജീൻകിൽ ബോണിനെപോലുള്ളവർ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. (സാമ്പത്തിക പ്രതിസന്ധി: പ്രശ്നം അപഗ്രഥനം പരിഹാരം: എം. എം. അക്‌ബർ: പേജ്: 108, 109, 127, 128)

(തുടരും)

1 Comment

  • വസ്തുതകളെ തുറന്നു കാട്ടിയെങ്കിലും ഇത്തരം വൈകൃതങ്ങൾ ഇങ്ങനെ പച്ചക്കു വിശദീകരിക്കണ്ട ആവശ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. പരോക്ഷമായ പരാമർശങ്ങൾ ആയിരുന്നു നല്ലത്. അല്ലാഹു അനുഗ്രഹിക്കട്ടെ

    AHMED SAIF 16.06.2021

Leave a comment

Your email address will not be published.