മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -1

//മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -1
//മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -1
ശാസ്ത്രം / തത്ത്വശാസ്ത്രം

മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -1

Print Now
പിതൃത്വം പ്രഹേളികയാവുന്ന പാശ്ചാത്യൻ സമൂഹം

“മിഷിഗൻ ഹൈസ്‌കൂളിലെ ഒരു വിദ്യാർത്ഥിനിയായ കാരാ ഹ്യൂവസ് ക്യാമറകളും പത്രപ്രവർത്തകരും കൊണ്ട് നിബിഢമായ ഒരു പത്രസമ്മേളനത്തിലേക്ക് കടന്നുവരുന്നു. 73 വയസ്സായ തന്റെ പിതാവിനോട് ഒരു പരസ്യമായ അപേക്ഷ സമർപ്പിക്കുകയാണ് അവളുടെ ഉദ്ദേശം. തന്റെ പിതൃത്വം അംഗീകരിക്കണം എന്നതാണ് അവളുടെ അപേക്ഷ. “എനിക്ക് അദ്ദേഹത്തെ ഒരു പിതാവായി സ്നേഹിക്കണം, അദ്ദേഹത്തെ ഒരു പിതാവായി ലഭിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. അദ്ദേഹവുമായി ഒരു ബന്ധം സ്ഥാപിക്കണമെന്നും വളർത്തണമെന്നും ഞാൻ ആഗ്രഹിക്കുന്നു.” ഒരു അവലംബനീയമായ രക്തപരിശോധനയിലൂടെ അവളുടെ ജൈവശാസ്ത്രപരമായ പിതാവ് ബ്രൂസ് സന്റ്‌ലന്‍ ആണെന്ന് തിരിച്ചറിയപ്പെടുകയുണ്ടായി. ബ്രൂസ് രണ്ടാം ലോകമഹായുദ്ധത്തിലെ അമേരിക്കയുടെ വായുസേന മേധാവിയായിരുന്നു, ഹാർവാഡിൽ നിന്നും നിയമത്തിൽ ബിരുദം കരസ്ഥമാക്കി, റോഡ് ഐലന്റിൽ രണ്ടാം തവണയും ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമാണ്. ജൂൺ 1993 ൽ നടന്ന ഈ പത്രസമ്മേളനത്തിന് ശേഷം കാരാ ഹ്യൂവസ്സിന്റെ ആഗ്രഹം സഫലീകരിക്കപ്പെട്ടു.

ബ്രൂസ് തന്റെ പിതൃത്വം അംഗീകരിക്കുകയും കാരായുടെ കോളേജ് പഠന ചെലവുകൾ വഹിക്കാമെന്ന് അംഗീകരിക്കുകയും ചെയ്യുന്നു. തന്റെ പിതൃത്വവുമായി ബന്ധപ്പെട്ട കേസ് കാരാ പിൻവലിക്കുന്നു. ഗവർണറുടെ ഔദ്യോഗിക വസതിയിൽ പിതാവും പുത്രിയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. ബ്രൂസ് തന്റെ മകളെ മറ്റു മക്കളെ സന്ദർശിക്കുവാൻ വേണ്ടി ന്യൂപോർട്ട് എസ്റ്റേറ്റിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ഗവർണറുടെ രാഷ്ട്രീയ കരിയറിന് ഈ സംഭവം യാതൊരുവിധ പോറലും ഏൽപ്പിക്കില്ല എന്ന് ഗവർണറുടെ അനുകൂലികൾ ആത്മവിശ്വാസത്തിലാണ്. ഇത് വളരെ സങ്കീർണമായ ഒരു കേസ് ആണ് എന്നാണ് അവരുടെ അഭിപ്രായം. മൂന്ന് ഭാര്യമാരെ ഡിവോഴ്സ് ചെയ്ത ഗവർണർ വിവാഹിതൻ അല്ലാത്ത സമയത്താണ് കാരയുടെ മാതാവുമായി വിവാഹേതര ബന്ധം സ്ഥാപിക്കുന്നത്. കാരയുടേ മാതാവ് നൽകിയ കേസ് മുപ്പതിനായിരം ഡോളർ നൽകി ആദ്യമേ ഗവർണർ ഒത്തുതീർപ്പ് ആക്കിയിട്ടുണ്ട്. കാരായെ പിന്നീട് രണ്ടാനച്ഛനാണ് വളർത്തിയത്. അനുകൂലികൾ പറയുന്നത് ഗവർണർ തന്റെ വ്യക്തിജീവിതത്തിൽ വളരെ സുതാര്യത പാലിക്കുന്ന ഒരു വ്യക്തിയാണ് എന്നാണ്. ജനങ്ങളുമായുള്ള അദ്ദേഹത്തിൻറെ സുതാര്യത ബഹുമാനം അർഹിക്കുന്ന ഒന്നാണ് എന്ന് ബ്രൂസ് സന്റലന്റെ സുഹൃത്തും റോഡ് ഐലൻഡിലെ മുൻ അറ്റോർണി ജനറലും ആയ ജൂലിയസ് മൈക്കിൾ അഭിപ്രായപ്പെടുന്നു. ഭൂതകാലത്തിലേക്ക് നോക്കുകയല്ല അദ്ദേഹത്തിൻറെ ഭാവിയിലേക്ക് ശ്രദ്ധിക്കുകയാണ് വേണ്ടത് എന്നാണ് ഗവർണറുടെ അഭിപ്രായം.

“ഞാനും എൻറെ പുത്രിയും ഒരു ബന്ധം സൃഷ്ടിച്ചെടുക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത്. ഭൂതകാലത്തേക്ക് തിരിഞ്ഞു ചിന്തിക്കാൻ അല്ല ഞങ്ങൾ ശ്രമിക്കുന്നത്. ഒരു മാന്ത്രിക വടിയെടുത്ത് വീശിക്കൊണ്ട് കഥാപുസ്തകങ്ങളിൽ വായിക്കപ്പെടുന്ന ഒരു അന്യൂനമായ ജീവിതം സൃഷ്ടിച്ചെടുക്കാൻ നമ്മളെക്കൊണ്ട് ആകില്ലല്ലോ” എന്നും മകളുമായുള്ള പത്രസമ്മേളനത്തിൽ ഗവർണർ അഭിപ്രായപ്പെട്ടു.

ബ്രൂസ് സന്റലൻ എന്ന് പറയുന്ന ഈ ഗവർണറുടെ കഥാപുസ്തക കഥയല്ലാത്ത കഥ, സർവ്വസാധാരണമായ ഒരു സംഭവമായി അമേരിക്കയിൽ മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത കോടതികളിൽ ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്ന എണ്ണമറ്റ കേസുകൾ ഇതേ കഥ തന്നെയാണ് പറയുന്നത്. ഗവർണറെ പോലെ ഒരുപാട് പുരുഷന്മാർ വിവാഹത്തിലൂടെ അല്ലാത്ത കുട്ടികൾക്ക് പിതൃത്വം ഏകുന്നു എന്നുള്ളതാണ് കേസുകളെല്ലാം സൂചിപ്പിക്കുന്ന പൊതുവായ കഥ. തങ്ങളുടെ മക്കളുടെ പിതൃത്വം ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന അല്ലെങ്കിൽ പരാജയപ്പെടുന്ന ഒരുപാട് പുരുഷന്മാരുടെയും പിതാക്കന്മാരുടെയും കഥ. മക്കളുടെ ജീവിതത്തിൽ നിന്നും കൂടുതൽ കൂടുതൽ പിതാക്കന്മാർ ഇല്ലാതായി പോകുന്ന കഥകൾ. കാരായുടെ കഥ ഇപ്പോൾ സർവ്വ സാധാരണമായിരിക്കുന്നു. അമേരിക്കയിലെ മക്കൾക്ക് പിതാക്കന്മാർ ഇല്ലാത്ത അവസ്ഥയും, പിതാക്കന്മാരും ആയുള്ള ബന്ധങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയും വർധിച്ചുവരികയാണ്. കോടതികളും സ്‌കൂൾ അധികൃതരും റിപ്പോർട്ട് ചെയ്യുന്നത്, പിതാവിൻറെ പേര് പൂരിപ്പിക്കേണ്ട അഡ്മിഷൻ അപേക്ഷയിലെ ഭാഗത്ത് എന്ത് എഴുതണം എന്ന് അറിയാത്ത കുട്ടികൾ അധികരിച്ചു വരുന്നു എന്നാണ്. അവരിൽ അധികപേരും പിതാവിൻറെ പേര് എന്ന ഭാഗം ഒഴിച്ച് ഇടുകയാണ് സാധാരണഗതിയിൽ ചെയ്യുന്നത്.

ഇനി പിതാവ് ഉള്ള കുട്ടികൾക്ക് തന്നെയും പിതാക്കന്മാരുമായി വളരെ നേർന്ന ബന്ധവും പരിചയവും മാത്രമേ നിലനിൽക്കുന്നുള്ളൂ. 1991 ഇൽ അമേരിക്കയിലെ (യുണൈറ്റഡ് സ്റ്റേറ്റ്സിലെ) കുട്ടികളുമായി ബന്ധപ്പെട്ട് നടന്ന സർവ്വേയിൽ നാഷണൽ കമ്മീഷൻ ഓൺ ചിൽഡ്രൻ (കുട്ടികളുമായി ബന്ധപ്പെട്ട ദേശീയ കമ്മീഷൻ) വിശദീകരിക്കുന്നത് പിതാക്കളുമായുള്ള മക്കളുടെ ബന്ധങ്ങൾ വളരെ ത്വരിതഗതിയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ്. നിയമപരമായും ഭൗതികമായും പിതാക്കന്മാർ ഇല്ലാതെയാകുന്ന അതിഗുരുതരമായ അവസ്ഥ. രാജ്യത്ത് ഇന്നു നടക്കുന്ന ശിശു ജനനങ്ങളിൽ മൂന്നിലൊന്നും വിവാഹേതരബന്ധങ്ങളിലൂടേയാണ് നടക്കുന്നത്. ഇത്തരം ജനനങ്ങളുമായി ബന്ധപ്പെട്ട ജനനസർട്ടിഫിക്കറ്റുകളിൽ പിതാക്കന്മാരുടെ നാമം മിക്കവാറും പൂരിപ്പിക്കാതെ വിടുകയാണ് ചെയ്യുന്നത്. ഇത്തരം കേസുകളിൽ ചുരുങ്ങിയത് മൂന്നിൽ രണ്ടും പിതാക്കന്മാർ നിയമപരമായി വിധിക്കപ്പെടാത്ത അല്ലെങ്കിൽ അംഗീകരിക്കപ്പെടാത്ത അവസ്ഥയാണുള്ളത്.”
(Fatherless America: confronting our most Urgent social problem: David blankenhorn. പിതാവില്ലാത്ത അമേരിക്ക: നമ്മുടെ ഏറ്റവും അടിയന്തിര സാമൂഹിക പ്രശ്നത്തെ സംബന്ധിച്ച അവലോകനം: 9,10)

ഡേവിഡ് ബ്ലാങ്കൻ ഹോൺ 1994 ൽ എഴുതിയ ‘Fatherless America’ എന്ന പുസ്തകത്തിൻറെ ആരംഭമാണ് നാം വായിച്ചത്. പച്ച മലയാളത്തിൽ ‘തന്തയില്ലാത്ത അമേരിക്ക’ എന്നാണ് പുസ്തകത്തിൻറെ പേര്. ലോകത്തിൻറെ നെറുകയിൽ മാതൃകാ വ്യവസ്ഥയായി സ്വയം അവരോധിക്കുന്ന അമേരിക്കയെ ഉള്ളിൽനിന്നും കാർന്നുതിന്നുന്ന ഏറ്റവും അടിയന്തരമായ പ്രതിസന്ധിയെയാണ് ബ്ലാങ്കൻ ഹോൺ പുസ്തകത്തിൽ ചർച്ച ചെയ്യുന്നത്. പിതാക്കൾ ഇല്ലാത്ത മക്കളെ കൊണ്ട് അമേരിക്ക വീർപ്പ് മുട്ടുകയാണത്രേ!

കാലങ്ങളായി ഹോളിവുഡ് സിനിമകളിലൂടെയും സോഷ്യൽ മീഡിയ സെലിബ്രേഷനുകളിലൂടെയും ഫാഷൻ പ്രോപഗണ്ടകളിലൂടെയും ഉദ്ഘോഷിച്ചു കൊണ്ടിരുന്ന പാശ്ചാത്യ ജീവിതശൈലിയും സംസ്കാരവും തിരിഞ്ഞു കൊത്താൻ തുടങ്ങിയിട്ട് കാലം ഒരുപാടായിയെന്നാണ് 1994 ൽ എഴുതിയ ഈ പുസ്തകം തെളിയിക്കുന്നതെങ്കിൽ ഇന്നത്തെ അമേരിക്കയുടെ അവസ്ഥ നമുക്ക് സ്വയം സങ്കൽപ്പിക്കാമല്ലോ.

‘തോന്നിയവാസങ്ങളെ‘ ‘സ്വാതന്ത്ര്യം‘ എന്ന് പേരിട്ടു ധർമ്മങ്ങളെയും മനുഷ്യ മൂല്യങ്ങളെയും പുച്ഛിച്ചു തള്ളിയതിന്റെ തിക്തഫലം അനുഭവഭേദ്യമായി തുടങ്ങിയിട്ട് നാളേറെയായി. നാഗരീകതകളുടെ വളര്‍‌ച്ചയില്‍ കണ്ണ് മഞ്ഞളിക്കുമ്പോള്‍‌തന്നെ അവയുടെ എല്ലാ ഭാവങ്ങളും അനു‌കരണീയമല്ലെന്ന തിരിച്ചറിവ് ഈ ദുരവസ്ഥ വികസ്വര സമൂഹങ്ങള്‍ക്ക് നല്‍കുന്നുണ്ട്, അല്ലെങ്കില്‍ നല്‍‌കേണ്ടതുണ്ട്. വികസിതവും വിജൃംഭിതവുമായ സമൂഹങ്ങളെല്ലാം ഒരു‌കാലത്ത് പതനത്തെ നേരിട്ടിട്ടുമുണ്ട്. ഈ പതനങ്ങളിലേക്ക് സമൂഹത്തെ എത്തിച്ച പ്രവണതകള്‍ക്കൂടി അനുകരണീയമെന്ന് തെറ്റിദ്ധരിക്കാന്‍ മാത്രം ആ സമൂഹത്തോടുള്ള അനുരാഗാത്മകഭ്രമം നമ്മെ തടയുന്നു. ഒരു‌വേള, വികസിത സമൂഹത്തെ കാര്‍‌ന്നുതിന്നുന്ന ഇത്തരം അര്‍‌ബുദങ്ങള്‍ ആഭ്യന്തരവും നിശബ്ദവുമായിരിക്കാം. മറ്റൊരുവേള, ഈ കാരണങ്ങള്‍ സൗന്ദര്യത്തിന്റെ വര്‍ണ്ണക്കടലാസുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നവയുമാകാം. ഏതു സ്വഭാവത്തിലും പ്രകൃതിയിലുമായിരുന്നാലും ഇത്തരം അപകടകരമായ കാരണങ്ങള്‍ നില‌നില്‍‌ക്കുന്നുവെന്നത് വസ്തുതയാണ്. നാഗരീകതകളുടെ ചരിത്രം അതിന് സാക്ഷിയാണ്. അമേരിക്കയുടെ കാര്യത്തില്‍ ഇത് വര്‍‌ണ്ണ ശബളമായ കടലാസു‌പൊതിയില്‍ അവര്‍ ലോകത്തിന് മുമ്പില്‍ നീട്ടിയ ലൈംഗികസംസ്‌കാരമാണ് എന്ന് അമേരിക്കയിലെ അധികാരികള്‍‌മുതല്‍ സെ‌ലി‌ബ്രി‌റ്റികള്‍, കുറ്റവാളികള്‍, തുടങ്ങി സധാരണക്കാരായ ഓരോരുത്തരുടെയും ജീവിതം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഗവര്‍‌ണർ സന്റ്ലന്റെ ജീവിത പശ്ചാതലത്തില്‍‌നിന്നും തീര്‍‌ത്തും വ്യത്യസ്തമായ ഒന്നില്‍ നിന്നും വളര്‍‌ന്നുവന്ന ഒരു ചെറുപ്പക്കാരന്റെ കഥ‌കൂടി ഡേവിഡ് ബ്ലാന്‍‌ഗന്‍‌ഹോണ്‍ ഉദ്ധരിക്കുന്നുണ്ട്. കൂടെ കുറെ ചോദ്യങ്ങളും തൊടുത്തു‌വിടുന്നു:

“സിന്‍സിനാറ്റിയിലെ റ്റാഫ്‌റ്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ റോനല്‍ വില്യം‌സിന്റെ കഥ ഇങ്ങനെ: വില്യംസ് കഴിവുറ്റ ഒരു ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനാണ്. തന്റെ ഹൈസ്‌കൂള്‍ ടീമിന്‌വേണ്ടി ഓരോ കളിയിലും 29 പോയിന്റ് വീതം ഈ മിടുക്കന്‍ നേടിക്കൊടുത്തു‌കൊണ്ടിരുന്നു. വില്യംസ് സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥി കൂടിയാണ്. ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസാവുമെന്ന് അദ്ധ്യാപകര്‍ പ്രതീക്ഷിക്കുന്ന പത്ത് ശതമാനത്തില്‍ ഒരാള്‍. ഒരുപാട് ദുരിതങ്ങള്‍ക്കിടയില്‍ ജനിച്ചു‌വളര്‍‌ന്ന കുട്ടിയായിരുന്നു അവനെന്നതും അവന്റെ നേട്ടങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. മൂന്നാം വയസ്സില്‍ പിതാവ് മാതാവിന്റെ കാമുകനാല്‍ കൊലചെയ്യപ്പെട്ടു. മാതാവ് മയക്കുമരുന്നിന് അടിമപ്പെട്ടു. ചെറുപ്രായത്തിലേ വില്യംസ് ഒരുപാട് തവണ വീട്ടില്‍‌നിന്നും ഒളിച്ചോടി പോയിരുന്നു. പലതവണ മോഷണ‌ക്കേസുകളില്‍ പിടിക്കപ്പെട്ടു. സദ്‌ഗുണ പാഠശാലകളില്‍ പലതവണ ചേര്‍‌ക്കപ്പെട്ടു. ഇത്ര‌യൊക്കെ ആയിട്ടും തന്റെ ബാസ്‌കറ്റ്ബോള്‍ കോച്ചിന്റെ മാര്‍ഗ‌ദര്‍‌ശനത്തിലൂടെ വില്യംസ് തന്റെ ജീവിതത്തിന് ദിശാബോധം വീണ്ടെടുത്തു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആയപ്പോഴേക്കും വില്യംസ് ഒരു മാതൃകാ വിദ്യാര്‍ത്ഥിയും സ്‌കൂള്‍ ലീഡറും ബാസ്‌കറ്റ്‌ബോള്‍ താരവുമായി‌മാറി. കോച്ചുമാര്‍ അവനെ തങ്ങളുടെ ടീമില്‍ കിട്ടാനായി അശ്രാന്തം പരിശ്രമിക്കാന്‍ തുടങ്ങി.

വില്യംസിന്റെ കഥ ഇവിടെ അവസാനിക്കണമായിരുന്നു. പക്ഷേ, നിര്‍‌ഭാഗ്യകരമെന്ന് പറയട്ടെ അത് തുടരുന്നു. സ്‌കൂള്‍ പഠനം പൂര്‍‌ത്തിയാക്കുന്നതിന് മുമ്പ്‌തന്നെ കഞ്ചാവ്‌ വില്‍പ്പനയുമായി ബന്ധപ്പെട്ട് വില്യംസ് അറസ്റ്റ് ചെയ്യപ്പെട്ടു. കോടതിയിൽ, ജഡ്‌ജുമാരുടെ മുമ്പിൽ വില്യംസ് തന്റെ അപരാധം തുറന്ന് സമ്മതിക്കുകയും, തന്റെ ഗർഭിണികളായ രണ്ട് “ഗേൾഫ്രണ്ടുകൾക്ക്“ “അബോർഷന്“ വേണ്ടി പണം അത്യാവശ്യം വന്നപ്പോൾ നിർബന്ധിതാവസ്ഥയിൽ ചെയ്തുപോയതാണെന്ന് ഒഴികഴിവ് സമർപ്പിക്കുകയും ചെയ്തു. “ഒരു പിതാവാകാൻ താൻ നന്നേ ചെറുപ്പമാണെന്ന് ഞാൻ ചിന്തിച്ചുപോയി“ എന്ന് വില്യംസ് കൂട്ടിച്ചേർത്തു.

ന്യൂയോർക്ക് ടൈംസിലെ കായിക പത്രാധിപൻ ഇറാ ബെർകോവ്, വില്യംസിന്റെ ഈ കഥയ്ക്ക് ശുഭകരമായ ഒരു വിരാമ കുറിപ്പ് കുറിച്ചിട്ടു. യുവതാരത്തിന് ശിക്ഷയിൽ ഇളവ് ലഭിക്കുകയും, അമേരിക്കൻ സർവ്വകലാശാലയിൽനിന്ന് 25,000 ഡോളറിന്റെ സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു. ബെർകോവിന്റെ ലേഖനത്തിന്റെ ശുഭാന്ത്യം ഇങ്ങനെയാണ്: “വെയിൽ കാഞ്ഞ്, തെരുവിലൂടെ നീണ്ട കാലുകൾക്കിടയിലൂടെ തന്റെ ബാസ്കറ്റ്ബോൾ തട്ടിക്കളിച്ച് വില്യംസ് നടന്നു നീങ്ങുന്നു“ (Ira Berkows, “The Call of a lifetime“, Newyork Times, June 27, 1993, Sports Section)

ന്യൂയോർക്ക് ടൈംസ് വായനക്കാരെല്ലാം ഒരേ രുചിയോടെയല്ല ഈ ലേഖനം വായിച്ചത്. “കുറ്റവാളികളായി പിടിക്കപ്പെടാത്ത, നിരവധി യുവതികളെ ഗർഭിണികളാക്കിയിട്ടില്ലാത്ത എത്രയോ യുവാക്കളായ വിദ്യാർത്ഥികളുണ്ട്, അവർക്ക് സ്കോളർഷിപ്പ് നൽകുന്നത് എന്ത് കൊണ്ട് പരിഗണിക്കുന്നില്ല“ എന്ന് വായനക്കാരുടെ കോളത്തിൽ റവറന്റ് ‘വയലന്റ ബ്രൗൺ‘ രോഷം പ്രകടിപ്പിച്ചു. മറ്റൊരു വായനക്കാരൻ ഇങ്ങനെ ചോദിച്ചു: “വില്യംസ് ഗർഭിണികളാക്കിയ ആ രണ്ട് പെൺകുട്ടികളുടെ കഥയെന്താണ്? കോച്ചുകൾ, അധികാരികൾ തുടങ്ങി അവലംബങ്ങളായി ആരുമില്ലാത്ത ആ പെൺകുട്ടികളുടെ കാര്യം കഷ്ടമായിരിക്കുമെന്ന് ഞാൻ നിഗമിക്കുന്നു.“

ഇത്തരം കഥകൾ ഒരു സമൂഹമെന്ന നിലക്ക് നമ്മെ ഉത്തരം മുട്ടിക്കുന്ന പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. ഇന്ന് അമേരിക്കയിൽ ഒരു പിതാവാകുക എന്നതിന്റെ അർത്ഥമെന്താണ്? പിതാക്കന്മാരിൽ നിന്നും നമ്മുടെ സമൂഹം പ്രതീക്ഷിക്കുന്നതെന്താണ്? വിവാഹേതര പിതൃത്വത്തെ നാം എങ്ങനെ കാണുന്നു? മക്കളെ അവഹേളിക്കുന്ന പിതാക്കന്മാരെ നാം ജയിലിലടക്കണോ? അതോ അവർക്ക് വേണ്ടി വല്ല ഉദ്യോഗ പ്രോഗ്രാമുകൾ ആവിഷ്‌കരിക്കണോ? ഒരു കുഞ്ഞിന്റെ പരിപാലനത്തിന് എത്രകാലം പിതാവ് സാമ്പത്തികമായി ഉത്തരവാദിയാണ്? സന്താനത്തിന് ആവശ്യമായ കാലമത്രയുമാണോ ഈ കാലയളവ്? കോടതി വിധിച്ച കാലയളവ് അവസാനിക്കുന്നതുവരെയാണോ ഈ ‘പിതൃത്വഭാരം’ വഹിക്കേണ്ടത്? ഒരു സന്താനം പത്രസമ്മേളനം നടത്തുന്നതുവരേയോ, അതു തുടങ്ങിയോ ആണോ പിതൃത്വ ഭാരം ചുമക്കേണ്ടത്?“ (Fatherless America, Page: 11-12)

ആധുനിക അധിനിവേശ മുതലാളിത്ത രാജ്യങ്ങൾ നട്ടു വളർത്തിയെടുത്ത വൈകൃത സംസ്കാരത്തിൻറെ വേരറക്കുന്ന ചോദ്യങ്ങളാണിവ. അവർ തന്നെ അവർക്കെതിരെ തൊടുത്തുവിട്ട ബൂമറാങ്ങുകളായി ഈ ചോദ്യങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ വൈയക്തികവും സാമൂഹികവുമായ സ്വാസ്തിയുടെ ആണിക്കല്ലായ കുടുംബവ്യവസ്ഥയെ സ്വാർത്ഥവും പുരുഷാധിപത്യപരവുമായ താൽപര്യങ്ങൾക്കായി ബലി കഴിച്ചപ്പോൾ സംഭവിച്ച തിരിച്ചടി. സ്വാർത്ഥമായ പുരുഷാധിപത്യത്തിലും അത്യാഗ്രഹത്തിലും അധിഷ്ഠിതമായ മുതലാളിത്തം തങ്ങളുടെ വികൃതമായ അന്തരാളങ്ങളിലെ ലൈംഗിക അഭിലാഷങ്ങളെ യാഥാർത്ഥ്യമാക്കിയതിന്റെ വിന. ജീർണതകൾക്കെതിരെ എത്ര മുന്തിയ സുഗന്ധം പൂശിയാലും അതിന്റെ സ്വതസിദ്ധമായ ദുർഗന്ധം പൂർവാധികം തീക്ഷ്ണതയോടെ മടങ്ങിവരുമെന്ന വസ്തുതയാണ് ഇവിടെ തെളിയിക്കപ്പെടുന്നത്.

ഫലമോ?

“ഇന്ന് രാത്രി ഏകദേശം നാൽപ്പത് ശതമാനത്തോളം വരുന്ന അമേരിക്കയിലെ കുട്ടികൾ ഉറങ്ങാൻ പോവുക തങ്ങളുടെ പിതാക്കന്മാരില്ലാത്ത വീട്ടിലാണ്, അവർ 18 വയസ്സ് എത്തുന്നതിനു മുമ്പ് രാജ്യത്തെ പകുതിയിലേറെ മക്കൾ തങ്ങളുടെ ബാല്യകാലത്തിന്റെ ഭൂരിഭാഗവും ചെലവിടുക അച്ഛനില്ലാതെയാണ്… അച്ഛനില്ലായ്മ ആണ് ഇന്ന് ഈ തലമുറ അനുഭവിക്കുന്ന ഏറ്റവും ഉപദ്രവകരവും ജനസംഖ്യാപരവുമായ പ്രവണത. നമ്മുടെ കുഞ്ഞുങ്ങളുടെ സാമൂഹിക സ്വാസ്ഥ്യത്തെ നശിപ്പിക്കുന്ന ഏറ്റവും വലിയ കാരണമായി ഇതു മാറിയിരിക്കുന്നു. നമ്മുടെ സമൂഹത്തിലെ ഏറ്റവും അടിയന്തര സാമൂഹിക പ്രശ്നങ്ങളെ ചലിപ്പിക്കുന്ന എഞ്ചിൻ ആയി ഈ സമസ്യ പരിണമിച്ചിരിക്കുന്നു… കുറ്റകൃത്യങ്ങൾ, കൗമാര ഗർഭധാരണം, ബാല ലൈംഗിക പീഡനങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങൾ തുടങ്ങി എല്ലാ പ്രശ്നങ്ങളിലേക്കും ഇത് കാരണമായി മാറുന്നു… ഈ പ്രവണത തുടർന്നു കഴിഞ്ഞാൽ പിതൃരാഹിത്യം നമ്മുടെ സമൂഹത്തിന്റെ ഘടനയെ തന്നെ മാറ്റുന്നതാണ്. രണ്ടായിരമാണ്ടോട് കൂടി 1970 നു ശേഷം ജനിച്ച ജനങ്ങൾ നമ്മുടെ രാജ്യത്തിന്റെ തൊഴിലാളിവർഗ്ഗത്തിന്റെ ഒരു വലിയ വിഭാഗമായി മാറും, അപ്പോൾ വ്യത്യസ്തവും സമത്വമില്ലാത്തതുമായ രണ്ടു വിഭാഗമായി അമേരിക്ക വിഭജിക്കപ്പെടും. ഈ രണ്ടു വർഗ്ഗവും ഒരേ സാമ്പത്തിക വ്യവസ്ഥയിൽ സമാന ഭാഷയും ചരിത്രവും ഉൾക്കൊണ്ടു കൊണ്ടു തന്നെ തൊഴിലെടുക്കും എന്നാൽ ഈ രണ്ടു വർഗ്ഗവും അടിസ്ഥാനപരമായി വിഭിന്നമായ രണ്ടു ജീവിതങ്ങളായിരിക്കും ജീവിക്കുക. ഒരു വർഗ്ഗത്തിനു മനശ്ശാസ്ത്രപരവും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ധാർമികവുമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ മറ്റേ വർഗ്ഗത്തിനു ഇതെല്ലാം നിഷേധിക്കപ്പെടും. ഈ ഇരു വർഗ്ഗത്തെയും വിഭജിക്കുന്ന പ്രാഥമികഘടകം അവരുടെ മതമോ ഗണമോ, വിദ്യാഭ്യാസമോ, ലിംഗമോ ആയിരിക്കില്ല. മറിച്ച് അത് പൈതൃകത്തമായിരിക്കും. തങ്ങളുടെ പിതാക്കന്മാരുടെ സാന്നിധ്യവും മാർഗദർശനവും നിത്യജീവിതത്തിൽ അനുഭവിച്ചു വളർന്നവരായിരിക്കും ഒരു വിഭാഗം, ഇവ നിഷേധിക്കപ്പെട്ടവരായിരിക്കും മറ്റൊരു വിഭാഗം.” (Fatherless America; David Blankenhorn, page 1-2)

എല്ലാ പഠനങ്ങൾ ഈ ഇരുളടഞ്ഞ സാമൂഹിക അവസ്ഥാന്തരത്തിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്.
ലാറി എൽ ബംപസ് (Larry L Bumpass) ഉം, ജെയിംസ് എ സ്വീറ്റ് (Jaims A Sweet)ഉം നടത്തിയ ഗവേഷണത്തിന്റെ കണ്ടെത്തലുകളിൽ മുഖ്യമായവ ഇതാണ്: “1970 നും 1984 നും ഇടയിൽ ജനിച്ച കുട്ടികളിൽ പകുതിയും മാതാവ് മാത്രമുള്ള കുടുംബത്തിലാണ് തങ്ങളുടെ ജീവിതം ചെലവഴിക്കുന്നത്.” (“children’s experience in single parent families: implications of cohabitation and marrital transitions”: family planning prospectives 21, No.6 (November/december 1989): page 256-60)

1984 മുതൽ വിവാഹത്തിലൂടെയല്ലാത്ത പ്രസവങ്ങൾ അനിയന്ത്രിതമായി അധികരിച്ചതിനാൽ അവിവാഹിതകളായ അമ്മമാരുടെ എണ്ണം 82% അധികരിക്കുകയുണ്ടായി എന്ന് നാഷണൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് സൂചിപ്പിക്കുന്നു. ഫ്രാങ്ക് ഫസ്റ്റെൻബർഗ് (Frank Furstenberg)ഉം ആൻഡ്രൂ ഷെർലിൻ (Andrew Cherlin)ഉം 1991 ൽ മുമ്പത്തെ കണക്കു കൂട്ടലുകളെയെല്ലാം തിരുത്തിക്കൊണ്ട് ഇപ്രകാരംbഎഴുതുകയുണ്ടായി: “വിവാഹമോചനത്തിന്റെയും അവിവാഹിത പ്രസവങ്ങളുടെയും പ്രവണത ഇത്തരത്തിൽ തുടർന്നുകൊണ്ടിരുന്നാൽ പിതാക്കന്മാരില്ലാത്ത കുട്ടികളുടെ എണ്ണം രാജ്യത്തിന്റെ 60 ശതമാനത്തോളം എത്തുന്നതാണ്” (Divided Families; What happens to children when parents parts: Harvard university press, Page 11)

CDC അഥവാ സെന്റർസ് ഫോർ ഡിസീഡ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ എന്ന അമേരിക്കയിലെ പ്രമുഖ ദേശീയ പൊതുജനാരോഗ്യ സ്ഥാപനം പുറത്തു വിട്ട കണക്കു പ്രകാരം 2012ൽ 699202 അബോർഷനുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേ വർഷം US സെൻസസ് ബ്യൂറോ പുറത്തു വിട്ട കണക്ക് പ്രകാരം 68% സന്താനങ്ങൾ മാത്രമാണ് പിതാവും മാതാവുമുള്ള കുടുംബത്തിൽ തങ്ങളുടെ ബാല്യകാലം ചെലവഴിക്കുന്നത്. അഥവാ വളർന്നു വന്ന അബോർഷൻ നിരക്ക് ഒഴിവാക്കി, വിവാഹമോചനത്തിലൂടെ പിതൃ രാഹിത്യം അനുഭവിക്കുന്ന സന്താനങ്ങളെയും ഒഴിവാക്കി 42% കുട്ടികൾ പിതൃരഹിതരാണ്. (http://www.census.gov/population/socdemo/hh-fam/ch5.xls).

അവിവാഹിത ഗർഭത്തിലൂടെ ജനിച്ച ശിശുക്കളുടെ എണ്ണം US സെൻസസ് ബ്യൂറോയുടെ 2010 ലെ കണക്ക് പ്രകാരം 24.7 മില്ല്യൺ (2 കോടി 47 ലക്ഷം) ആകുന്നു. (U.S. Census Bureau, Current Population Survey,”Living Arrangements of Children under 18 Years/1 and Marital Status of Parents by Age, Sex, Race, and Hispanic Origin/2 and Selected Characteristics of the Child for all Children 2010.”Table C3. Internet Release Date November, 2010.)

നാഷണൽ സെന്റർ ഫോർ ഫാതറിങ് നടത്തിയ കണക്ക് പ്രകാരം അമേരിക്കൻ ജനസംഖ്യയുടെ 72.2% പേരും പിതൃരാഹിത്യത്തെ അമേരിക്ക നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട കുടുംബ-സാമൂഹിക പ്രശ്നമായി അംഗീകരിച്ചു കഴിഞ്ഞു. (National Center for Fathering, Fathering in America Poll, January, 1999.).

അഥവാ ഇനിയും ഈ പ്രശ്നത്തിന് നേരെ കണ്ണടക്കാൻ സാധിക്കാത്ത വിധം ഗുരുതരാവസ്ഥയിലേക്ക് സാമൂഹിക വ്യവസ്ഥ എത്തിക്കഴിഞ്ഞു. അവിവാഹിത ബന്ധങ്ങളിലൂടെയും ഉപഭോഗ സംസ്കാരത്തിന്റെ പ്രതീകമായ അധികരിച്ച വിവാഹമോചനങ്ങളിലൂടെയും വളർന്നു വന്നു കൊണ്ടിരിക്കുന്ന പിതൃരാഹിത്യം അമേരിക്കൻ സമൂഹത്തിന്റെ കഴുത്തു ഞെരിച്ചു കൊണ്ടിരിക്കുകയാണ്. രക്ഷിതാക്കളുടെ അഭാവം അർബുദം പോലെ പടർന്നു പിടിക്കുകയും സമൂഹത്തെ മൃതപ്രായത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയാണ് എന്ന് സാമൂഹ്യനിരീക്ഷകർ കണ്ടെത്തികഴിഞ്ഞു.

ഡേവിഡ് ഗട്ട്മന്റെ (David Gutmann) അഭിപ്രായത്തിൽ പിതൃത്വം ഏറ്റെടുക്കാതിരിക്കുന്ന സംസ്കാരം നാർസിസ്സിസത്തിൻറെ (Narcissism – ആത്മാനുരാഗം) പ്രവണതകളിൽപെട്ടതാണ്. ‘ഞാൻ ആദ്യം എന്ന’ ഈഗോട്ടിസത്തിൻറെ (egotism) പ്രകടമായ അടയാളം, മനുഷ്യന്റെ സാമൂഹിക ലക്ഷ്യങ്ങൾക്ക് മാത്രമല്ല ഈ സ്വഭാവ വൈകൃതം ദോഷമായി ഭവിക്കുക, മറിച്ച് വ്യക്തിപരമായ സന്തുഷ്ടതയേയും ഇത് തകർക്കുന്നു. (Reclaimed powers towards a new Psychology of men and woman in later life, New York Basic Books page 235-53) പിതൃത്വനിഷേധത്തിന്റെ പ്രാഥമിക ദൂഷ്യങ്ങളിൽ കുട്ടികളുടെ സാമൂഹിക ക്ഷേമം നശിപ്പിക്കപ്പെടുക എന്നതിന് പുറമേ പുരുഷ വർഗ്ഗത്തിലെ ഹിംസാ പ്രവണതകളുടെ വളർച്ച, വ്യക്തിഗത ദ്രുവീകരണം പൊതുബോധ തകർച്ച എന്നിവകൂടി പെടുമെന്ന് ഗട്ട്മാൻ നിരീക്ഷിക്കുന്നു.

യു. എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് സെൻസസ് പ്രകാരം യുവ ആത്മഹത്യകളിലെ 63 ശതമാനവും പിതാവില്ലാത്ത വീടുകളിലാണ് സംഭവിക്കുന്നത്. തെരുവിൽ ജീവിക്കുന്നവരും ഒളിച്ചോടുന്നവരുമായ 90 ശതമാനവും കുട്ടികൾ പിതൃരഹിത വീടുകളിൽ നിന്നാണ്. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത് ഗുരുതരമായ സ്വഭാവ വൈകല്യങ്ങൾ പ്രദർശിപ്പിക്കുന്ന കുട്ടികളിൽ 85 ശതമാനവും പിതൃരഹിതരാണ്. ഉഗ്ര കോപികളായ ബലാൽസംഗ പ്രതികളിൽ 80 ശതമാനവും ഇതേ കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്നവരാണ് (Justice and behaviour, വാല്യം 14 പേജ് 403 -426).

ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്ന വിദ്യാർഥികളിൽ 71 ശതമാനവും ഇവരാണ് (National Principals Association Report).

കൊളംബിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് പിതാക്കളുമായി അകന്ന ബന്ധം നിലനിർത്തുന്ന സന്താനങ്ങളിൽ പുകവലി, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവ ഉടലെടുക്കാൻ 68% സാധ്യതയുണ്ടെന്നാണ്. അവിവാഹിതകളായ അമ്മമാരോടൊപ്പം ജീവിക്കുന്ന കുട്ടികളിൽ ഈ പ്രവണതയ്ക്കുള്ള സാധ്യത 30% ആണ്. ജയിൽ തടവുകാരായ യുവാക്കളിൽ 85 ശതമാനവും ഇവർ തന്നെ. (Fulton Co. Georgia, Texas Dept. of Correction)

കുറ്റകൃത്യങ്ങളിൽ പിതൃരാഹിത്യം വഹിക്കുന്ന പങ്കിനെ പറ്റി ഒരുപാട് പഠനങ്ങൾ ലഭ്യമാണ്. ജുവനൈലിൽ (18 വയസ്സിൽ താഴെയുള്ള കുറ്റവാളികളെ അധിവസിപ്പിക്കുന്ന സ്ഥാപനം) 109 തടവുകാരെ വെച്ചു നടത്തിയ ഒരു പഠനത്തിൽ ഏക രക്ഷാകർതൃ കുടുംബങ്ങളിലെ സന്താന പരിപാലനത്തിലെ അപാകതകളാണ് സൂചിപ്പിക്കപ്പെട്ടത്. 130986 സ്ത്രീ തടവുകാരെ കേന്ദ്രീകരിച്ചു നടത്തിയ മറ്റൊരു പഠനം അവരിൽ ഭൂരിഭാഗവും പിതാവില്ലാതെ വളർന്നവരാണെന്ന് സൂചിപ്പിക്കുന്നു. കൗമാരക്കാരിലെ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന ‘ആർസെനിസ്റ്റു’കളിൽ (തീ വെച്ചു കൊണ്ടുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ) 90 ശതമാനവും തങ്ങളുടെ മാതാക്കളുമായി മാത്രം ജീവിക്കുന്നവരാണ്. (Wray Herbert,”Dousing the Kindlers,”Psychology Today, January, 1985, p. 28).

ബാലപീഢനങ്ങളിലെ പിതൃരാഹിത്യ ഘടകവും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഏക രക്ഷാകർതൃ കുടുംബങ്ങളിൽ ജീവിക്കുന്ന കുട്ടികൾ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായി അവഗണിക്കപ്പെടുന്ന അവസ്ഥ ഇത്തരം കുടുംബങ്ങളിൽ ഇരട്ടിയാണ്. 10273 കുട്ടികൾ ഇതിനു വിധേയരാണ്. രണ്ടു തരത്തിലുള്ള പീഢനങ്ങൾക്ക് ഇവർ വിധേയരാകുന്നു. ഒന്ന്: രണ്ടാനച്ഛന്മാരിൽ (മാതാവ് രണ്ടാമത് വിവാഹം ചെയ്തവരോ മാതാവിന്റെ ബോയ്ഫ്രണ്ടുകൾ ആയവരോ) നിന്നുമുള്ള പീഡനങ്ങൾ. രണ്ട്: അവിവാഹിതയായ മാതാക്കളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവും പരിപാലനപരവും, വിദ്യാഭ്യാസപരവുമായ അവഗണന. വിവാഹപ്രായമെത്താത്ത ഗർഭിണികളിൽ 71 ശതമാനവും പിതാവില്ലാത്തവരാണ്. (U.S. Department of Health and Human Services press release, Friday, March 26, 1999)

മൊത്തത്തിൽ അമേരിക്കയിലെ 50 ശതമാനം ബാല്യങ്ങളും പിതാക്കന്മാരുടെ വീടുകളിൽ കാലു കുത്തുക പോലും ചെയ്യാത്തവരും അതിനാൽ വൈയക്തിക സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവരും ആണ്. (http:www.rochesterareafatherhoodnetwork.org/statistics)
ഇന്ന് പിതൃരഹിത ബാല്യങ്ങൾക്കും കൗമാരങ്ങൾക്കും തണലേകാനായി ഒരുപാട് കമ്മ്യൂണിറ്റികളും സംഘടനകളും ഗവർണ്മെന്റ് വ്യവസ്ഥിതികളും അമേരിക്കയിൽ പ്രവർത്തിക്കുന്നുണ്ട്. അതിലൊന്നായ നാഷണൽ ഫാദർഹുഡ് ഇനിഷ്യറ്റിവ് (NFI) ഉയർത്തുന്ന മുദ്രാവാക്യം “Creating a world in which Every Child Has a 24/7 Dad” (ഓരോ കുട്ടിക്കും ആഴ്ച്ചയിൽ 7 ദിവസവും ദിവസത്തിൽ 24 മണിക്കൂറും പിതൃത്വം ഏൽക്കുന്ന അച്ഛന്മാരുള്ള ഒരു ലോകം സൃഷ്ടിക്കുന്നു) എന്നതാണ്.!! NFI യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്രകാരം രേഖപെടുത്തുന്നു:
“2017 യു എസ് സെൻസസ് ബ്യൂറോ പുറത്തു വിട്ട Data represent children living without a biological, step or adoptive father റിപ്പോർട്ട് പ്രകാരം ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഒരു കുട്ടി പിതാവില്ലാത്ത ഭവനത്തിൽ വളർത്തപ്പെടുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ അവൾക്കോ അവനോ ബാധിക്കാനുള്ള സാധ്യത വളരെ അധികമാണ്:

1- നാല് ഇരട്ടി ദാരിദ്ര്യ സാധ്യത.

2- ഗുരുതര സ്വഭാവ വൈകല്യങ്ങൾക്കുള്ള അധികരിച്ച സാധ്യത.

3- രണ്ടിരട്ടി ശിശുമരണ സാധ്യത.

4- ജയിൽപ്പുള്ളികളായി മാറാനുള്ള സാധ്യത.

5- കൂടുതൽ കുറ്റകൃത്യങ്ങളിലേക്കുള്ള ചായ്‌വ്, ഔത്സുക്യം.

6- കൗമാര ഗർഭധാരണത്തിനുള്ള സാധ്യത ഏഴ് ഇരട്ടി കൂടുതൽ.

7- ബാലപീഢനം, അവഗണന, എന്നിവ അഭിമുഖീകരിക്കാനുള്ള അധികരിച്ച സാധ്യത.

8- മയക്കുമരുന്നും മദ്യവും ഉപയോഗിക്കാനുള്ള അധികരിച്ച സാധ്യത.

9- അനിയന്ത്രിതമായ ജീവിത ശൈലികൾക്കും അമിത വണ്ണത്തിനുമുള്ള സാധ്യത.

10- ഹൈസ്‌കൂളിൽ നിന്നും പഠനം ഉപേക്ഷിക്കാനുള്ള കൂടിയ സാധ്യത.

(https://www.fatherhood.org/)

(തുടരും)

2 Comments

 • Good article. Thank you for exposing the flaws of modernity.
  Keep good effort.
  Jazakallah khair

  Muhammed Shakir 11.06.2021
 • Good Article ;Worth reading
  Jazaakumullah khair

  Abdul Azeez 15.06.2021

Leave a comment

Your email address will not be published.